കാമുകിയുടെ വിവാഹ സമ്മാനം
Story written by Shaan Kabeer
===========
“എന്റെ പൊന്നൂസേ, എന്റെ ജീവിതത്തില്‍ ഒരു പെണ്ണുണ്ടെങ്കിൽ അത് നീ മാത്രമാണ്”
വിനോദ് പാറുവിനെ തന്നിലേക്കടുപ്പിച്ച് അവളുടെ കവിളില്‍ ഉമ്മവെച്ചു
“എന്റെ വിനോദിനെ എനിക്കറിയാലോ, ഞാനെന്നുവെച്ചാൽ ജീവനല്ലേ എന്റെ കുറുമ്പന്”
“പൊന്നൂ, ജീവിക്കുകയാണെങ്കിൽ അത് നമ്മള് ഒന്നിച്ച്, അതല്ല മരിക്കാനാണ് യോഗമെങ്കിൽ അതും നമ്മള് ഒരുമിച്ചായിരിക്കും”
അയൽവാസികളായ വിനോദും, പാർവതിയും വർഷങ്ങളായി തീവ്ര പ്രണയത്തിലാണ്. വിനോദിന് മുന്നില്‍ അവള് എല്ലാം സമര്‍പ്പിച്ചിരുന്നു, അവളുടെ മനസ്സും ശരീരവും എല്ലാം. അത്രക്ക് വിശ്വാസമായിരുന്നു അവള്‍ക്ക് വിനോദിനെ.
വിനോദ് ആവശ്യപ്പെടുമ്പോഴല്ലാം അവള് അവന് മുന്നില്‍ മടിക്കുത്ത് അഴിച്ചു കൊടുക്കുമായിരുന്നു. അതിലെ ശരിയും തെറ്റും ഒരിക്കലും പോലും അവള് ചിന്തിച്ചിരുന്നില്ല. അവനോടുള്ള പ്രണയവും, വിശ്വാസവുമായിരുന്നു അവളെകൊണ്ട് അതെല്ലാം ചെയ്യിപ്പിച്ചത്.
പാറുവിന് ഓരോ ദിവസം കഴിയുംതോറും വിനോദിനോടുള്ള പ്രണയം ഇരട്ടിച്ചുകൊണ്ടേയിരുന്നു. പക്ഷെ വിനോദിന് നേരെ മറിച്ചായിരുന്നു. ഓരോ ദിവസം കഴിയുംതോറും അവന് അവളോടുള്ള താല്‍പ്പര്യം കുറഞ്ഞു വന്നു. കിട്ടേണ്ടതെല്ലാം അവളിൽ നിന്നും കിട്ടിയപ്പോള്‍ അവളിലെ പുതുമ അവന് നഷ്ടപ്പെട്ടു. താന്‍ കാണാത്തതും, ആസ്വദിക്കാത്തതുമായ ഒന്നും ഇനി അവളുടെ ശരീരത്തിലില്ലല്ലോ എന്ന ചിന്ത അവനെ അവളിൽ നിന്നും അകറ്റാൻ തുടങ്ങി. വിനോദ് തന്നിൽ നിന്നും ഒരു അകൽച്ച കാണിക്കുന്നത് തിരിച്ചറിഞ്ഞ പാറു അവനോട് അതിന്റെ കാരണം തിരക്കി
“എന്റെ പാറൂ, ഞാന്‍ ആകെ സങ്കടത്തിലാണ്. വീട്ടില്‍ എനിക്ക് ഓരോ കല്യാണാലോചകൾ നോക്കുന്നുണ്ട്. അതില്‍ ഒന്ന് ഏതാണ്ട് ഉറപ്പിച്ചമട്ടാ”
വിനോദിന്റെ സംസാരം കേട്ട് തല കറങ്ങുന്ന പോലെ തോന്നി പാറുവിന്. അവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അവന്റെ കണ്ണിലേക്ക് തന്നെ നോക്കി നിന്നു അവള്
“എന്റെ വിനോദ് തന്നെയാണോ ഈ പറയുന്നത്..? എന്നെ ജീവനു തുല്യം സ്നേഹിച്ച, എന്റെ കൂടെ ജീവിക്കാന്‍ സാധിച്ചില്ലെങ്കിൽ ഒന്നിച്ച് മരിക്കാം എന്ന് പറഞ്ഞ വിനോദ് തന്നെയാണോ ഇത്…?”
അവളുടെ സംസാരം കേട്ടതും വിനോദ് പൊട്ടിച്ചിരിച്ചു
” ഹ ഹ ഹ, എടീ മണ്ടൂസേ കാമുകി കാമുകൻമാർ അങ്ങനെ എന്തെല്ലാം പറയും, അതൊക്കെ പ്രണയത്തിന്റെ ഒരു ഭാഗമല്ലേ. നീ ഇങ്ങനെ പൈങ്കിളി ആവരുത് കെട്ടോ”
വിനോദിന്റെ സംസാരം അത്ഭുതത്തോടെ അവള് കേട്ടുനിന്നു. അവള് പൊട്ടിക്കരഞ്ഞു
“എന്റെ മനസ്സും ശരീരവും ഞാന്‍ നിനക്ക് തന്നത് നിന്നെ എനിക്ക് അത്രമാത്രം ഇഷ്ടവും വിശ്വാസവും ഉള്ളത് കൊണ്ടാണ്. പക്ഷെ നീ എന്നെ ചതിക്കായിരുന്നു അല്ലേ..?”
“എന്റെ പൊന്നു പാറൂ, ഒന്ന് തേച്ചു കുളിച്ചാൽ തീരാവുന്ന അശുദ്ധിയെ ഞാന്‍ നിന്റെ ശരീരത്തില്‍ വരുത്തിയിട്ടൊള്ളൂ. അതല്ല ഇനി നിനക്ക് ഗർഭം വല്ലതും ഉണ്ടോ..? ഉണ്ടെങ്കില്‍ പറയണം, അതിനും വഴിയുണ്ട്”
പാറു അവനെ പുച്ഛത്തോടെ നോക്കി. അവന് യാത്ര പറഞ്ഞ് പോവാന്‍ നേരം അവളെ പ്രത്യേകം ഓര്‍മ്മിപ്പിച്ചു.
“കല്യാണത്തിന്റെ തിയ്യതി ഞാന്‍ അറിയിക്കാം, നീ വരണം, വന്നേ പറ്റൂ. നീ വേണം സജീവമായി കല്യാണ പന്തലിൽ. കാരണം നീ എന്റെ നല്ലൊരു കൂട്ടുകാരിയല്ലേ..? നിന്നില്‍ നിന്നുമല്ലേ ഞാന്‍ എല്ലാം പഠിക്കുന്നത്”
ഇത്രയും പറഞ്ഞ് വിനോദ് നടന്നു നീങ്ങി. നിറകണ്ണുകളോടെ അവള് അവനെ നോക്കി നിന്നു.
ദിവസങ്ങള്‍ വേഗത്തില്‍ കടന്നുപോയി. വിനോദിന്റെ കല്യാണ ദിവസം വന്നെത്തി. വിനോദിനെ ഞെട്ടിച്ചു കൊണ്ട് അവള് അവന്റെ കല്യാണത്തിന് സജീവമായി പങ്കെടുത്തു. അവന നോക്കുന്നിടത്തെല്ലാം അവളെ കണ്ടു. പെണ്ണിനെ അണിയിച്ചൊരുക്കാനും അവളായിരുന്നു മുന്നില്‍ നിന്നിരുന്നത്.
കല്യാണം ഭംഗിയായി കഴിഞ്ഞു. പെണ്ണും ചെറുക്കനും മണിയറയിലേക്ക് കയറുന്നതിന് തൊട്ടു മുമ്പ് അയൽവാസികൾ പെണ്ണിനെ നല്ലോണം ഒന്ന് കാണാന്‍ ചെന്നു. ആ കൂട്ടത്തില്‍ പാറുവും ഉണ്ടായിരുന്നു. പെണ്ണിനെ കണ്ട് കഴിഞ്ഞ് പോകാന്‍ നേരം പാറു അവളുടെ കയ്യില്‍ ഒരു ചെറിയ പൊതി ഏല്‍പ്പിച്ചു, എന്നിട്ട് അവളുടെ കണ്ണിലേക്ക് നോക്കി ഒന്ന് പുഞ്ചിരിച്ചു. പാറുവിന്റെ വിവാഹ സമ്മാനമായിരുന്നു അത്.
മണിയറിയിൽ കയറിയ പുതുപ്പെണ്ണ് വേഗം പാറു സമ്മാനിച്ച ആ പൊതി തുറന്നു നോക്കി. ആ സമ്മാനം കണ്ടതും ഞെട്ടി തരിച്ച് ഇരുന്നു പോയി പുതുപ്പെണ്ണ്. ആ സമയത്താണ് വിനോദ് മണിയറയിലേക്ക് ചാടി കയറി വരുന്നത്
“പൊന്നൂസേ, ഞാന്‍ ഒന്ന് കുളിക്കട്ടെ. എന്നിട്ട് ഞാന്‍ ശരിയാക്കി തരാട്ടാ”
അവന് കണ്ണിറുക്കി പറഞ്ഞു. അവനു നേരെ തന്റെ കയ്യിലിരിക്കുന്ന പൊതിയിൽ നിന്നും ഒരു ലക്സ് സോപ്പും, ചന്ദനത്തിന്റെ മണമുള്ള അത്തറും അവള് നീട്ടി. അവന് ശൃംഗാരത്തോടെ അവളിൽ നിന്നും അത് വാങ്ങി. സോപ്പിന്റെ കൂടെയുള്ള എഴുത്ത് കണ്ടപ്പോള്‍ അവന്റെ മുഖം ചുവന്ന് വിറച്ചു. ആ എഴുത്തിലേക്ക് അവന്റെ കണ്ണുകള്‍ വീണ്ടും പോയി
“എന്റെ ശരീരത്തിലെ വിയർപ്പിന്റെ മണം ഇപ്പോഴും വിനോദിന്റെ ശരീരത്തില്‍ കെട്ടികിടപ്പുണ്ട്. അവനെ നന്നായി തേച്ചു കുളിപ്പിച്ചതിന് ശേഷം മാത്രമേ കൂടെ കിടത്താവൂ…അല്ലെങ്കില്‍ നാറും”
~ഷാൻ കബീർ