വാവയുടെ കാര്യത്തിൽ തനിക്കൊട്ടും ടെൻഷൻ വേണ്ട അവള് ഞങ്ങളോടൊപ്പം സേഫായിരിക്കും….

Story written by Saji Thaiparambu

========

(മുൻവിധിയോട് കൂടി ആരും ഇത് വായിച്ച് തുടങ്ങരുത് പ്ളീസ്)

വേണീ…നിനക്കറിയാമല്ലോ? എൻ്റെ വേവലാതി മുഴുവൻ എൻ്റെ വാവയെകുറിച്ചാണ്. അവൾക്ക് വയസ്സ് ഒൻപതേ ആയിട്ടുള്ളു, എനിക്കെന്തെങ്കിലും സംഭവിച്ചാൽ അവളൊറ്റയ്ക്കാകും, അവൾക്ക് നാല് വയസ്സുള്ളപ്പോഴാണ് അവളുടെ അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ച് പോകുന്നത് , ഇനിയങ്ങേര് തിരിച്ച് വരുമെന്ന് യാതൊരുറപ്പുമില്ല. അനാഥയായ എന്നെ വിവാഹം കഴിച്ചപ്പോൾ മുതൽ ഭർതൃ വീട്ടുകാർ  ശത്രുപക്ഷത്താണെന്ന് നിനക്കറിയാമല്ലോ? അത് കൊണ്ട് എൻ്റെ മോളെ വിശ്വസിച്ചേല്പിക്കാൻ ഈ ലോകത്ത് എനിക്ക് നീ മാത്രമേയുള്ളു , അവളെ നീ ഏറ്റെടുക്കില്ലേ വേണീ..?

അസുഖ ബാധിതയായി കിടക്കുന്ന കൂട്ടുകാരി ലക്ഷ്മിയെ കാണാൻ വന്നതായിരുന്നു വേണിയും ഭർത്താവ് സ്വരാജും

അത് പിന്നെ, ലക്ഷ്മീ ഞാൻ….

പെട്ടെന്നൊരു മറുപടി പറയാൻ വേണിക്കായില്ല, കാരണം സ്വരാജിൻ്റെ വീട്ടുകാർ അതിനെ നഖശിഖാന്തം എതിർക്കുമെന്ന് അവൾക്കുറപ്പുണ്ടായിരുന്നു. അത് മറ്റൊന്നുമല്ല, വിവാഹം കഴിഞ്ഞ് ഏഴ് വർഷമായിട്ടും വേണി പ്രസവിക്കാതെ വന്നപ്പോൾ പ്രതീക്ഷയസ്തമിച്ച സ്വരാജും വേണിയും ചേർന്ന് ഒരു കുഞ്ഞിനെ ദത്തെടുക്കാൻ തീരുമാനിക്കുകയും ആ വിവരം വീട്ടിലവതരിപ്പിക്കുകയും ചെയ്തിരുന്നു.

പക്ഷേ മേലേടത്ത് തവാട്ടിൽ തൻ്റെ മകൻ സ്വരാജിൻ്റെ രക്തത്തിൽ പിറന്ന കുഞ്ഞ് തന്നെ മതിയെന്ന് രാഘവൻ നായരും ശ്രീദേവിയമ്മയും അസന്നിഗ്ധമായി പ്രഖ്യാപിച്ചു. ആ തിരിച്ചറിവാണ് കൂട്ടുകാരിക്കൊരു ഉറപ്പ് കൊടുക്കുന്നതിൽ നിന്നും വേണിയെ വിലക്കിയത്

അതിനെന്താ ലക്ഷ്മി, അവളെ ഞങ്ങൾ പൊന്ന് പോലെ നോക്കി കൊള്ളാം , സർജറി കഴിഞ്ഞ് താൻ ആരോഗ്യത്തോടെ തിരിച്ച് വരുമ്പോൾ, വാവയെ നല്ല മിടുക്കി കുട്ടിയായി തിരിച്ചേല്പ്പിക്കാം, പോരെ?

വേണിയുടെ ധർമ്മസങ്കടം കണ്ട് സ്വരാജാണ് ലക്ഷ്മിക്ക് മറുപടി കൊടുത്തത്,

എനിക്ക് സമാധാനമായി സ്വരാജ്….ഓപറേഷൻ കഴിഞ്ഞാൽ ഞാൻ തിരിച്ച് വരുമെന്ന് ഡോക്ടർമാർക്ക് പോലും ഉറപ്പില്ല, അങ്ങനെയൊരവസരത്തിൽ എനിക്ക് തിരിച്ച് വരാൻ കഴിഞ്ഞില്ലെങ്കിൽ , എൻ്റെ വാവയെ നിങ്ങടെ സ്വന്തം മകളായി വളർത്തുമെന്ന് എനിക്കുറപ്പിക്കാമല്ലോ, അല്ലേ?

നീ അങ്ങനെയൊന്നും ചിന്തിക്കേണ്ട ലക്ഷ്മി , നിൻ്റെ അസുഖങ്ങളെല്ലാം ഭേദമായി നീ ആരോഗ്യത്തോടെ തിരിച്ച് വരും

വേണി തൻ്റെ കൂട്ടുകാരിയെ ആശ്വസിപ്പിച്ചു.

അതെ ലക്ഷ്മി, വാവയുടെ കാര്യത്തിൽ തനിക്കൊട്ടും ടെൻഷൻ വേണ്ട അവള് ഞങ്ങളോടൊപ്പം സേഫായിരിക്കും, എങ്കിൽ വൈകിക്കേണ്ട, വേണീ…നമുക്കിറങ്ങാം, പിന്നെ ലക്ഷ്മീ വാവയെ കൂട്ടികൊണ്ട് പോകാൻ ഞങ്ങൾ നാളെ വരാം, തത്ക്കാലം മോളോട് കൂടുതലൊന്നും പറയണ്ടാ

ശരി സ്വരാജ്…

എന്നാൽ ശരിയെടീ ഞങ്ങളിറങ്ങട്ടെ ?

കുട്ടുകാരിയുടെ നെറുകയിൽ ചുംബനം നല്കിയിട്ട് വേണിയും സ്വരാജും അവിടെ നിന്നിറങ്ങി.

രാജേട്ടാ…നിങ്ങളെന്തിനാണ് ലക്ഷ്മിക്ക് ഉറപ്പ് കൊടുത്തത് ?

അല്ലാതെ പിന്നെ , ലക്ഷ്മിയോട് നമ്മൾ എന്ത് പറയാനാ? നിൻ്റെ ഇൻറ്റിമേറ്റല്ലേ അവൾ, അവളുടെ നിസ്സഹായാവസ്ഥ, കണ്ടില്ലെന്ന് നടിക്കുന്നതെങ്ങനാ ?

പക്ഷേ വീട്ടിൽ അച്ഛനോടും അമ്മയോടും എന്ത് പറയും അവർ സമ്മതിക്കുമെന്ന് തോന്നുന്നുണ്ടോ ?

ലക്ഷ്മിക്ക് ഓപ്പറേഷനുള്ളത് കൊണ്ട് ഒരാഴ്ചത്തേയ്ക്ക് വാവയെ നോക്കാൻ നമ്മളെ ഏല്പിച്ചതാണെന്ന് പറയാം. അത് കഴിയുമ്പോൾ ലക്ഷ്മിയെ ഡിസ്ചാർജ്ജ് ചെയ്താൽ വാവയെ നമുക്ക് തിരിച്ചേല്പിക്കാമല്ലോ?

ലക്ഷ്മി, ജീവനോടെ തിരിച്ച് വന്നില്ലെങ്കിലോ?

ആ ചോദ്യം സ്വരാജിനെ ഞെട്ടിച്ചു.

അങ്ങനെയവൾ തിരിച്ച് വരാതിരിക്കുമോ വേണീ..?

സ്വരാജ് ആശങ്കപ്പെട്ടു.

അറിയില്ല, അവളുടെ കാര്യത്തിൽ , ഡോക്ടേഴ്‌സ് പോലും , പത്ത് ശതമാനത്തിൽ താഴെ മാത്രമാണ്, സാധ്യത പറഞ്ഞിരിക്കുന്നത്, പിന്നെ എന്തെങ്കിലും അത്ഭുതം സംഭവിക്കണം..

എങ്ങനെ ആയാലും, ലക്ഷ്മി തിരിച്ച് വന്നാൽ മതിയായിരുന്നു, അല്ലേ വേണീ…?

ഉം അതിനാണ് ഞാനും പ്രാർത്ഥിക്കുന്നത് , പക്ഷേ ഞാനൊരു കാര്യം ചോദിച്ചോട്ടെ? ഏട്ടന് വാവയെ ഒത്തിരി ഇഷ്ടമല്ലേ? അവളെ മകളായി കിട്ടിയിരുന്നെങ്കിലെന്ന്, ഒരിക്കലെങ്കിലും നിങ്ങളാഗ്രഹിച്ചിട്ടില്ലേ?

അതിന് മറുപടി പറയാതെ സ്വരാജ് മൗനം പാലിച്ചു

എനിക്കറിയാം, ഏട്ടനവളെ ഒരുപാടിഷ്ടമാണെന്ന്, എനിക്കും അവളെ ഇഷ്ടമാണേട്ടാ…അവളെ നമുക്ക് വളർത്താമേട്ടാ..നമ്മുടെ സ്വന്തം മകളായി തന്നെ

പക്ഷേ വേണീ…നമ്മൾ അച്ഛനോടും അമ്മയോടും എന്ത് പറയും?

സത്യം പറഞ്ഞാൽ, അവർ ഒരിക്കലും സമ്മതിക്കില്ല , അത് കൊണ്ട് , അവരോട് നമുക്ക് കല്ല് വച്ചൊരു നുണ പറയാം, കുറച്ച് തറപരിപാടിയിണ്, ഏട്ടൻ കുറച്ച് ത്യാഗമൊക്കെ സഹിക്കേണ്ടി വരും

നീ എന്താ പറഞ്ഞ് വരുന്നത്?

അത് പിന്നെ , വാവ മോള് ഏട്ടൻ്റെ അവിഹിത സന്തതിയാണെന്ന് പറയണം

വേണീ …?

സ്വരാജ്, കാറിൻ്റെ ബ്രേക്കിൽ അമർത്തി ചവിട്ടി, വലിയൊരു ഞെരുക്കത്തോടെ കാറ് റോഡിൻ്റെ വശത്തേയ്ക്ക് ഇറങ്ങി നിന്നു.

എന്താ നീ പറഞ്ഞത് ?

സ്വരാജ് ആശങ്കയോടെ ചോദിച്ചു

ഒരു നല്ല കാര്യത്തിനല്ലേ ചേട്ടാ…അതിന് കുറച്ച് കള്ളത്തരങ്ങൾ പറയുന്നത് കൊണ്ട് തെറ്റൊന്നുമില്ല , അച്ഛനും അമ്മയും വിശ്വസിക്കാൻ വേണ്ടി നമുക്കൊരു ഫ്ളാഷ് ബാക്ക് ക്രിയേറ്റ് ചെയ്യാം, വാവമോള് ലക്ഷ്മിയുടെ മകളാണെന്ന് എന്തായാലും അച്ഛനും അമ്മയ്ക്കും അറിയില്ല , ഏട്ടന് കല്യാണത്തിന് മുമ്പ് ഒരു റിലേഷനുണ്ടായിരുന്നെന്നും ആ ബന്ധത്തിലുണ്ടായ കുട്ടിയാണ് വാവയെന്നും, ഇപ്പോൾ അവളുടെ അമ്മ മരിച്ച് പോയത് കൊണ്ടാണ് വീട്ടിലേക്ക് കൊണ്ട് വന്നതെന്നും പറഞ്ഞാൽ മതി

ഓഹ്, എൻ്റെ വേണി, മതി നിർത്ത് , അതിനെക്കുറിച്ചൊക്കെ ഇപ്പോൾ നമുക്ക് ചിന്തിക്കണോ ? ലക്ഷ്മിക്ക് എന്തെങ്കിലും സംഭവിച്ചാലല്ലേ അങ്ങനൊരു കളവ് പറയേണ്ടി വരു , നാളെ വാവ മോള് വീട്ടിൽ വരുമ്പോൾ എൻ്റെ കൂട്ടുകാരൻ്റെ മകളാണെന്നും അവളുടെ പേരൻ്റ്സ് ക്വാറൻ്റെയ്നിലായത് കൊണ്ട് തത്ക്കാലം നമ്മുടെ വീട്ടിൽ നിർത്താൻ കൊണ്ട് വന്നതാണെന്നും പറഞ്ഞാൽ മതി

അനിഷ്ടത്തോടെ അത് പറഞ്ഞിട്ട് സ്വരാജ് കാറ് മുന്നോട്ടെടുത്തു

പിറ്റേന്ന് , സ്വരാജും വേണിയും, ലക്ഷ്മിയുടെ വീട്ടിലെത്തുമ്പോൾ, വാവമോള് ഒരുങ്ങി നില്ക്കുകയായിരുന്നു.

വേണീ…എൻ്റെ ഹൃദയമാണ് ഞാൻ നിന്നെ ഏല്പിക്കുന്നത് അവളെ നീ പൊന്ന് പോലെ കാത്തോളണേ…

ഇറങ്ങാൻ നേരം തൻ്റെ കൈ പിടിച്ച് ലക്ഷ്മി കണ്ണീരോടെ പറഞ്ഞപ്പോൾ വേണിക്ക് സങ്കടമായി

നീയൊന്ന് സമാധാനമായിരിക്ക് ലക്ഷ്മി നിനക്കൊന്നും വരില്ല

വാവ മോളെയും കൊണ്ട് സ്വരാജും വേണിയും മേലേടത്ത് തറവാട്ടിലെത്തി , അച്ഛനോടും അമ്മയോടും, വാവ തൻ്റെ കൂട്ടുകാരൻ്റെ മകളാണെന്നാണ് സ്വരാജ് പറഞ്ഞത്

വാവ മോള് വന്നതിന് ശേഷം ആ തറവാടിന് ഒരു അനക്കം വച്ചു , കളിയും ചിരിയുമായി കിലുക്കാംപെട്ടി പോലെ ഓടി നടക്കുന്ന വാവ മോളെ ആ വീട്ടിലെല്ലാവർക്കും പെരുത്തിഷ്ടമായി

ലക്ഷ്മിയുടെ സർജറി നടക്കുന്ന ദിവസം വാവ മോളെയും കൊണ്ട് വേണിയും സ്വരാജും ഹോസ്പിറ്റലിലെത്തി

ഓപ്പറേഷൻ തീയറ്ററിന് മുന്നിൽ പ്രത്യാശയോടെ മണിക്കൂറുകൾ നീണ്ട കാത്തിരിപ്പിനൊടുവിൽ ലക്ഷ്മി മരിച്ചു പോയെന്ന വാർത്ത കേട്ട് അവർ നടുങ്ങിപ്പോയി

ലക്ഷ്മിയുടെ അടക്കം കഴിഞ്ഞ് , പിറ്റേ ദിവസമാണ് വേണിയും, സ്വരാജും മേലേടത്തേയ്ക്ക് മടങ്ങിയത് അവരുടെയൊപ്പം വാവ മോളുമുണ്ടായിരുന്നു

ഇതെന്താ ഈ കുട്ടിയെ തിരിച്ച് കൊണ്ട് വന്നത് ?അവളുടെ പേരൻ്റ്സിന് നഗറ്റീവായില്ലേ?

വീട്ടിലെത്തിയപ്പോൾ അച്ഛനും അമ്മയും ഉത്ക്കണ്ഠയോടെ ചോദിച്ചു

ഒന്നും മിണ്ടാതെ, വാവ മോളെയും കൊണ്ട് സ്വരാജ് അകത്തേയ്ക്ക് കയറിപ്പോയപ്പോൾ, വേണിയാണ് അതിന് മറുപടി പറഞ്ഞത്

അച്ഛനും അമ്മയും ഞാൻ പറയുന്ന കാര്യങ്ങൾ സംയമനത്തോടെ  കേൾക്കണം, മാത്രമല്ല എല്ലാം കേട്ട് കഴിഞ്ഞ് ഏട്ടനോടൊന്നും ചോദിക്കുകയും ചെയ്യരുത് , അദ്ദേഹം ആകെ വിഷമിച്ചിരിക്കുന്ന സമയമാണിപ്പോൾ, നമ്മള് വേണം, ഈ സമയത്ത് ഏട്ടനെ സപ്പോർട്ട് ചെയ്യേണ്ടത്

മുഖവുരയോട് കൂടി വീണ,  അവരോട്, നടന്ന സംഭവങ്ങൾ പറഞ്ഞ് കേൾപ്പിച്ചു.

നിനക്കവനോട് ദേഷ്യം തോന്നുന്നില്ലേ മോളേ…? നിന്നെ ചതിച്ചവനല്ലേ അവൻ?

എല്ലാം കേട്ട് കഴിഞ്ഞ് സ്വരാജിൻ്റെ അച്ഛൻ അതിശയത്തോടെ വേണിയോട് ചോദിച്ചു

ഇല്ലച്ഛാ…എന്നെ വിവാഹം  കഴിക്കുന്നതിന് മുമ്പല്ലേ? അദ്ദേഹത്തിന് റിലേഷനുണ്ടായിരുന്നത്, അതിനെങ്ങനെ അദ്ദേഹത്തെ കുറ്റപ്പെടുത്താൻ കഴിയും

മോളേ…നീ വലിയൊരു മനസ്സിനുടമയാണ്, നിന്നെ ഭാര്യയായി കിട്ടിയത് ഞങ്ങളുടെ മകൻ്റെ ഭാഗ്യമാണ്

ഗൗരി മരുമകളെ ചേർത്ത് പിടിച്ചു.

**************

എന്താ ചേട്ടാ…നേരത്തെ കിടന്നത് വയ്യായ്ക വല്ലതുമുണ്ടോ?

രാത്രി മുറിയിലെത്തിയ വേണി, സ്വരാജിൻ്റെ നെറ്റിയിൽ കൈവച്ച് നോക്കി

ഇല്ല വേണീ…മനസ്സിനൊരു സുഖമില്ല വല്ലാത്തൊരു കുറ്റബോധം ?

ങ്ഹേ, അതെന്തിനാ ?അവരോട് കള്ളം പറഞ്ഞത് കൊണ്ടാണോ?

അതേ വേണീ..എന്നെക്കുറിച്ചവർ എന്ത് വിചാരിക്കും

അതിനത് കള്ളമല്ലല്ലോ ഏട്ടാ…?

പിന്നെ…?

അങ്ങനെയൊരു സംഭവം ഏട്ടൻ്റെ ജീവിതത്തിൽ നമ്മുടെ കല്യാണത്തിന് മുമ്പ് നടന്നിട്ടുണ്ട്

എനിക്കൊന്നും മനസ്സിലാകുന്നില്ല വേണീ …

അത് ചേട്ടൻ്റെ കുഴപ്പമല്ല, വിവാഹത്തിന് മുമ്പ്, ഏട്ടന് ഒരു ആക്സിഡൻ്റുണ്ടായ കാര്യം അറിയാമല്ലോ അതിന് മുമ്പുള്ളതൊന്നും ഏട്ടനോർമ്മയില്ലന്ന് ഏട്ടനെപ്പോലെ അമ്മയും അച്ഛനും എന്നോട് പറഞ്ഞിരുന്നു , അത് കൊണ്ടാണ്, ലക്ഷ്മി എന്നോട് ഏട്ടൻ്റെ ആക്സിഡൻറിന് മുമ്പ് നടന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ ഞാൻ ഞെട്ടാതിരുന്നതും , എനിക്ക് ഏട്ടനോട് വെറുപ്പ് തോന്നാതിരുന്നതും

ഒന്ന് തെളിച്ച് പറ വേണീ….എനിക്കൊന്നും മനസ്സിലാകുന്നില്ല

വാവമോളെ നമ്മളെ ഏല്പിക്കുന്നതിന് മുമ്പ് , ലക്ഷ്മി എന്നോട് ചില കാര്യങ്ങൾ പറഞ്ഞിരുന്നു

നമ്മുടെ കല്യാണത്തിന് മുമ്പ് , ബാംഗ്ളൂര് ഐടി കമ്പനിയിൽ വച്ച് നിങ്ങൾ പ്രണയത്തിലായതും, ആ സമയത്ത്, അവിടെ വച്ച് നടന്നൊരു ഡിന്നർ പാർട്ടിയിൽ ഏട്ടൻ മ ദ്യപിച്ചതും , ഡ്രൈവ് ചെയ്ത് സ്വന്തം ഫ്ളാറ്റിലേക്ക് പോകാൻ കഴിയാതിരുന്ന ഏട്ടനെ, ലക്ഷ്മി അന്ന് സ്വന്തം ഫ്ളാറ്റിലേക്ക് കൂട്ടിക്കൊണ്ട് പോയതും, ആ രാത്രിയിൽ അവിടെ വച്ച് നിങ്ങൾ ഒന്നായി തീർന്നതുമെല്ലാം, അവളെന്നോട് തുറന്ന് പറഞ്ഞു. പിറ്റേന്ന് നാട്ടിലേക്ക് മടങ്ങവേ, വഴിയിൽ വച്ച് ഏട്ടന് ആക്സിഡൻ്റുണ്ടാവുകയും, മാസങ്ങളോളം ഗുരുതരാവസ്ഥയിൽ ഹോസ്പിറ്റലിൽ തുടരുകയും ചെയ്ത സമയത്ത്, അവൾ ഏട്ടനെ കാണാൻ വന്നെങ്കിലും, അബോധാവസ്ഥയിലായിരുന്ന ഏട്ടനോടവൾക്ക്, താൻ ഗർഭിണിയായ കാര്യവും, അതിന് ശേഷം അവൾ ഏട്ടൻ്റെ കുഞ്ഞിനെ പ്രസവിച്ച കാര്യവും പറയാൻ കഴിഞ്ഞില്ല , പിന്നീട് വിദഗ്ദ ചികിത്സയ്ക്കായ് ചേട്ടനെ ചെന്നൈയിലേക്ക് കൊണ്ട് പോയത് മാത്രമേ അവൾക്കറിയു, അതിന് ശേഷം ചേട്ടൻ സാധാരണ ജീവിതത്തിലേക്ക് തിരിച്ച് വന്നതും, സ്വന്തം നാട്ടിൽ മടങ്ങിയെത്തിയ ഏട്ടൻ, എന്നെ വിവാഹം കഴിച്ചതൊന്നും അവളറിഞ്ഞിരുന്നില്ല…

ഏട്ടനറിയാമല്ലോ? ഫെയ്സ് ബുക്കിലൂടെയാണ് ഞങ്ങൾ സുഹൃത്തുക്കളായത്, അവളൊരു ഗുരുതര രോഗത്തിൻ്റെ പിടിയിലാണെന്നറിഞ്ഞപ്പോഴാണ് അവളിലേക്ക് ഞാൻ കൂടുതൽ അടുത്തത്. എൻ്റെ സൗഹൃദം അവളുടെ വേദനകൾക്കൊരാശ്വാസമായിരുന്നു , അങ്ങനെയിരിക്കെയാണ്, എന്നെ നേരിൽ കാണണമെന്ന് അവൾ ആവശ്യപ്പെടുകയും, മൂന്ന് മാസങ്ങൾക്ക് മുമ്പ് നമ്മളവിടെ പോകുകയും ചെയ്തത് , അന്ന് ഏട്ടനെ കണ്ട്, അവൾ തകർന്ന് പോയിരുന്നു , പക്ഷെ
അന്നവൾ എന്നോട് ഒന്നും പറഞ്ഞില്ല ,കാരണം അവള് കാരണം എൻ്റെ ജീവിതം തകരരുതെന്ന് അവൾ ആഗ്രഹിച്ചു….അവസാന സമയത്ത് അവളെന്നോടത് പറഞ്ഞത് വാവമോളെ ഓർത്ത് മാത്രമായിരുന്നു , തൻ്റെ മകൾ ഏറ്റവും സുരക്ഷിതയായിരിക്കുന്നത് അവളുടെ അച്ഛൻ്റെ അരികിലായിരിക്കുമെന്ന് അവൾ വിശ്വസിച്ചു, അതെ ഏട്ടാ…,ഇവൾ ഏട്ടൻ്റെ മോള് തന്നെയാണ് , മേലേടത്ത് തറവാട്ടിലെ, സ്വരാജ് തമ്പിയുടെ അതേ രക്തം…

കട്ടിലിൽ ഉറങ്ങിക്കിടക്കുന്ന , വാവ മോളുടെ മുടിയിഴകളിൽ, അരുമയോടെ തഴുകിക്കൊണ്ട്, വേണി പറഞ്ഞ് നിർത്തി.

എല്ലാം കേട്ട് സ്തബ്ധനായിരുന്ന സ്വരാജ് എഴുന്നേറ്റ് , വേണിയുടെ അരികിലിരുന്നിട്ട്, അവളെ നെഞ്ചോട് ചേർത്ത് പിടിച്ചു.

ഈ കിടക്കുന്നത് നമ്മുടെ മോളാണ് വേണി, ലക്ഷ്മിക്ക് എന്നെക്കാളേറെ നിന്നെ വിശ്വാസമുണ്ടായിരുന്നു അത് കൊണ്ടാണ് നിന്നോട് അവളെല്ലാം തുറന്ന് പറഞ്ഞത്…

ഒരു തേങ്ങലോടെ അയാൾ വേണിയെ ഇറുകെ പുണർന്നു.

NB: ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും രണ്ട് വരി മറുപടി പ്രതീക്ഷിക്കുന്നു.

~ സജി തൈപ്പറമ്പ്.