അങ്ങനെ തിരഞ്ഞു തിരഞ്ഞു ഒരെണ്ണത്തിനെ അങ്ങ് സെറ്റാക്കി. പക്ഷേ പെണ്ണിന്റ അച്ഛന് ഒരേ നിർബന്ധം പയ്യന്റെ…

എഴുത്ത്: മഹാ ദേവൻ

=============

നാട്ടിലേക്ക് പോവാണ്. ഗൾഫിൽ വന്നിട്ട് വർഷം മൂന്നായി.

കടം കേറിയപ്പോൾ, കടത്തിണ്ണയിൽ അമ്മയെയും പെങ്ങളെയും കിടത്തേണ്ടി വരുമെന്ന അവസ്ഥയിൽ ഇച്ചിരികൂടി കടംവാങ്ങി വിസയുമൊപ്പിച്ചു മണലാരണ്യത്തിൽ മടിത്തട്ടിലേക്ക് മനസ്സും ശരീരവും പറിച്ചുനട്ടിട്ടിപ്പോൾ വർഷം ഏഴായി.

പിന്നെ  അതിനിടയ്ക്ക് പെങ്ങളുടെ കല്യാണം,  കടം തന്നവർക്കുള്ള കത്തിപ്പലിശ, അതിന്റെ കൂടെ കല്യാണമല്ലേ, അതുകൊണ്ട് വീട് ഒന്ന് മോഡിഫൈ ചെയ്യൽ….

ന്തായാലും ഒന്ന് കഴിയുമ്പോൾ ഒന്നായി കടം കൂട്ടുകാരനെപ്പോലെ കൂടെ തന്നെ ഉണ്ട്. അതുകൊണ്ട് തന്നെ ഗൾഫ് ആണിപ്പോൾ കടം തന്നവർക്കുള്ള ഗ്യാരണ്ടിയും.

ലാസ്റ്റ് പോയി വന്നിട്ടിപ്പോൾ മൂന്ന് വർഷം ആയി. അതിനിടയ്ക്ക് പെങ്ങളുടെ പ്രസവവും….

സ്വർണ്ണക്കടയിൽ നൈറ്റ്‌വച്ച്മാന് ആയ അളിയൻ ന്തായാലും മൂന്നാമത്തെ കുട്ടിയുടെ അച്ഛനാവാനുള്ള തയ്യാറെടുപ്പിൽ ആണിപ്പോൾ.

മാമനല്ലേ, പറയാനാണേൽ ഗള്ഫുകാരനും. സ്വർണ്ണം വെറുതെ കണ്ടാൽ പോരാ, നല്ല കാഴ്ചയ്ക്കുള്ളത് തന്നെ വേണംന്ന് പെങ്ങള് വിളിക്കുമ്പോൾ പറയാതെ പറയുന്നത് മ്മക്ക് മനസ്സിലാക്കാലോ. അന്റെ ഒറ്റപെങ്ങളല്ലേ ഞാൻ എന്ന് കൊഞ്ചിപറയുമ്പോൾ ഓരു ചിന്തിക്കുന്നില്ലല്ലോ ഓൾടെ ഒറ്റ ആങ്ങളയാണ് ഞാൻ എന്ന്. ഈ ഒരാളുടെ വരുമാനമാണ് എല്ലാം എന്ന്…അങ്ങനെ ഒക്കെ ആര് ചിന്തിക്കാൻ അല്ലേ.

വീടിനും വീട്ടുകാർക്കും വേണ്ടി കഷ്ട്ടപ്പെട്ടത് കൊണ്ട് കാര്യമായിട്ടൊന്നും കയ്യിലില്ലെങ്കിലും പോകുമ്പോൾ ഒരു സമാധാനം ഉണ്ടായിരുന്നത് വലിയ ബാധ്യതകൾ ഒക്കെ കൊടുത്തുതീർക്കാൻ കഴിഞ്ഞു എന്നതായിരുന്നു. ചെല്ലുമ്പോഴേക്കും വീട്കേറി വന്നു കാശ് വാങ്ങാൻ മാത്രമുള്ള വലിയസംഖ്യ ഒന്നും ഇപ്പോൾ ആർക്കും കൊടുക്കാനില്ല. അതായിരുന്നു ഏക സമാധാനം. പിന്നെ ഈ പോക്കിലെങ്കിലും ഒരു പെണ്ണ് കെട്ടണം. വയസ്സ്  34 ആയെ…

ഇനിയെപ്പഴാടാ, മൂക്കിൽ പല്ല് വന്നിട്ടോ എന്ന് കൂട്ടുകാരൊക്കെ കളിയാക്കി ചോദിക്കും. അവിടേം ഇവിടേംഒക്കെ നര വീണ് തുടങ്ങി. 

ഗൾഫുകാരന്റെ സ്ഥിരം എൻട്രിപോലെ കുറെ സാധനങ്ങളുമായി നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുമ്പോൾ അളിയനുണ്ട് അവിടെ. മുഖത്തെ ചിരി കണ്ടാൽ അറിയാം ഇന്ന് മുതൽ ഊറ്റൽ ആണെന്ന്. അങ്ങനെ നേരെ വീട്ടിൽ.

വന്നു കേറുമ്പോൾ  അമ്മയും പെങ്ങളും ഉണ്ട് ഉമ്മറത്ത്. അവരുടെ സന്തോഷം കണ്ടപ്പോൾ ന്റെ കണ്ണൊക്കെ നിറഞ്ഞൂട്ടാ…കുറെ ആയില്ലേ കണ്ടിട്ട്,  സ്നേഹം കൊണ്ടല്ലേ…ഞാൻ കണ്ണൊക്കെ തുടച്ചു ഹാളിലേക്ക് കേറുമ്പോൾ പെങ്ങള് പെട്ടി പിടിക്കാൻ  വന്നിരുന്നു. സ്നേഹം കൊണ്ടല്ലാട്ടോ. ഊഹിക്കാലോ…

അന്ന് കുളിയും കഴിഞ്ഞ് നന്നായിട്ടൊന്ന് ഉറങ്ങി.

ഉറക്കം കഴിഞ്ഞു കണ്ണ് തുറക്കുമ്പോൾ കട്ടിലിന്റ അറ്റത് തന്നെ ഇരുന്ന് ഉറക്കം തൂങ്ങുന്നു പെങ്ങൾ.  

“നീ എന്താടി ഇവിടെ ഇരുന്ന് ഉറങ്ങുന്നേ…”

അവളെ തട്ടിവിളിച്ചു ചോദിക്കുമ്പോൾ ഓള് ചിരിച്ചോണ്ട് പറയാ “അന്റെ അടുതിങ്ങനെ ഇരിക്കുമ്പോൾ ഒരു പ്രത്യേക സുഖടാ…”

ആഹാ..ആ അസുഖകാരണം മനസ്സിലായത് പെട്ടിപൊട്ടിക്കുമ്പോൾ ആയിരുന്നു.

പെട്ടിയിൽ ഇച്ചിരി പെർഫ്യൂമും മിട്ടായിയും പിന്നെ കുറെ ഡ്രെസ്സും അല്ലാതെ ഒന്നും കാണാതായപ്പോൾ ഓടെ മുഖം ഒന്ന് കറുത്തു.

“ഒന്നും കൊണ്ടൊന്നില്ലേ നീ. അല്ലേലും നിനക്കിപ്പോ പെങ്ങളോ കുട്ടികളോ ഒന്നും വേണ്ടല്ലോ. ഇങ്ങനെ സമ്പാദിച്ചുകൂട്ടിക്കോ. ഇവിടെ പുതിയ ഒരാള് വരാൻ പോവാ..ആ കുഞ്ഞിനുള്ള ഒരു തരി പൊന്ന് പോലും ഇതിലില്ല. അതൊക്കെ പോട്ടെ, ഒറ്റ പെങ്ങളല്ലേ ഞാൻ, ഇത്‌ നിനക്കാടി എന്നും പറഞ്ഞ് എന്തേലും ഏഹേ…”

അവൾ കെറുവിച്ചു പോകുന്നത് കണ്ടപ്പോൾ  അന്തംവിട്ടിരുന്നു. അപ്പൊ ഇത്രേം ചെയ്തതൊക്കെ അവൾക്ക്കൂടി അല്ലായിരുന്നോ ! കല്യാണം, അവൾക്കുള്ള പൊന്ന്, രണ്ട് കുട്ടികളുമുള്ള എല്ലാം…ഇതൊന്നും കൂടാതെ ഓരോ കാരണം പറഞ്ഞിട്ട് അളിയന് വേണ്ടി വാങ്ങുന്ന കാശ് വേറെ. കടമായി മതി, ഉടനെ തരാം എന്നൊക്കെ ആണ് പറച്ചിൽ. പക്ഷേ, ആ “ഉടനെ..” ഉടനെയൊന്നും ആകില്ലെന്ന് മ്മക്ക് അറിയാലോ. പിന്നെ അളിയനും പെങ്ങളും അല്ലേ, ചോദിക്കാൻ പറ്റോ.

ന്നിട്ട് ഇപ്പോൾ പറയുവാ  ഓൾക്ക് ഒന്നും കൊടുത്തില്ലെന്ന്. 

“എടി നീ ഇങ്ങനെ പിണങ്ങിപ്പൂവല്ലേ, കുഞ്ഞിനുള്ള തളയല്ലേ. അതിപ്പോ ഗൾഫിൽ നിന്ന് വാങ്ങിയാലും ഇവിടെ നിന്ന് വാങ്ങിയാലും ഒരുപോലെ അല്ലേ. മ്മക്ക് വാങാന്നെ.”

എന്ത് കാര്യം, മുഖമങ്ങോട്ട് തെളിയുന്നില്ല.  

ഇപ്പുറത്തു നോക്കിയപ്പോൾ അളിയന്റെ മുഖത്തും ഒരു മ്ലാനത. ഇനിപ്പോ സ്വർണ്ണം വാങ്ങാത്തതിന് ആണോ,  അതോ കടമായി കൊടുത്ത കാശ് തിരികെ ചോദിക്കുമെന്ന് പേടിച്ചാണോ എന്തോ എന്ന് കരുതി എന്ത് പറ്റി എന്ന് ചോദിച്ചപ്പോൾ ആള്  രൂക്ഷമായി ഒന്ന് നോക്കി,

“എന്റെ അളിയാ..നിങ്ങള് ഒന്നല്ലെങ്കിൽ ഒരു ഗൾഫുകാരൻ അല്ലേ. വെറും കൂറയാവരുത്. നല്ല സ്കോട്ച്ചും പ്രതീക്ഷിച്ചിരുന്ന എന്നോട് തന്നെ ഇത്‌ വേണമായിരുന്നോ. വെറുതെ ഒരീസം ലീവ് എടുത്തു.”

അപ്പൊ അതാണ്‌ കാര്യം. കുപ്പി കൊണ്ടുവന്നിട്ടില്ല.     വേഗം ബാഗിൽ നിന്ന് ഒരു ബദാമിന്റെ കവറെടുത്തു കയ്യിൽ കൊടുത്തു.

“അളിയൻ ഇപ്പോൾ ഈ ടീച്ചിങ്‌സ്  പിടി, കുപ്പി പിന്നല്ലേ” എന്നും പറഞ്ഞ് ഞാൻ മൂടും തട്ടി എണീക്കുമ്പോൾ പിന്നിൽ അമ്മ നിൽപ്പുണ്ടായിരുന്നു ഒരു പരാതിയും ഇല്ലാതെ കുറെ കാലത്തിനു ശേഷം കാണുന്ന മകനെ കൺകുളിർക്കെ നോക്കിക്കൊണ്ട്.

പിന്നെ പെണ്ണ് കാണാൻ പോകലായിരുന്നു. അളിയന്റെ മുഖത്തു വലിയ താല്പര്യം ഒന്നും കണ്ടില്ല, പക്ഷേ, പെങ്ങടെ മുഖത്തൊരു സന്തോഷം ഒക്കെ ഉണ്ട്…ഗൾഫിൽ ആണെന്ന് പറയുമ്പോഴേ ഓരോ പെണ്ണും ആമ തല വലിക്കുംപ്പോലെ ഉള്ളിലേക്ക് വലിയുന്നത് കാണുമ്പോൾ ഒരു വിഷമം. കുടുംബം പോറ്റുന്ന പ്രവാസിക്ക് പെണ്ണില്ല. ക-ഞ്ചാവടിച്ചുനടക്കുന്നവൻമാർക്ക് പിന്നിൽ പെണ്ണുങ്ങൾ Q ആണ്. അവസ്ഥ..പിന്നെ 34 വയസ്സ് എന്നത് വല്യ ഒരു പ്രശ്നം ആണ്. അവരോട് പറയാൻ പറ്റില്ലല്ലോ പ്രാരാബ്ദത്തിനിടയ്ക്ക് ഇപ്പഴാണ് സമയം കിട്ടിയതെന്ന്. അതുകൊണ്ട് പലയിടത്തുനിന്നും തല താഴ്ത്തി ഇറങ്ങി. അതിനിടയിക്കൂടെ അളിയന്റെ പാരവെപ്പും….

അങ്ങനെ തിരഞ്ഞു തിരഞ്ഞു ഒരെണ്ണത്തിനെ അങ്ങ് സെറ്റാക്കി. പക്ഷേ പെണ്ണിന്റ അച്ഛന് ഒരേ നിർബന്ധം പയ്യന്റെ പേരിൽ സ്വന്തമായി ഒരു വീട് വേണംന്ന്. പെണ്ണ് കെട്ടിക്കഴിഞ്ഞു അവസാനം വാടകവീട്ടിലേക്ക് പോകേണ്ട അവസ്ഥ ഒന്നും എന്റെ മോൾക്ക് വരരുത് എന്ന ഒറ്റ നിർബന്ധം. അവർ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നിയപ്പോൾ വാക്കാൽ ഉറപ്പിച്ചിട്ടാണ് അവിടെ നിന്ന് പോന്നത്.

അമ്മയോട് പറഞ്ഞ് തറവാട് എന്റെ പേരിലാക്കിയാൽ പ്രശ്നം തീർന്നല്ലോ. ന്തായാലും വീട്ടിലെ കാര്യങ്ങൾ എല്ലാം നോക്കണം. ആ വീട് ഇങ്ങനെ ആക്കാനും കുറെ കഷ്ട്ടപ്പെട്ടതല്ലേ.  പിന്നെ പേരിലാക്കിയാൽ കല്യാണം നടക്കുകയും ചെയ്യും….

ആ പ്രതീക്ഷയോടെ അവിടെ നിന്ന് ഇറങ്ങുമ്പോൾ പിന്നിൽ വന്ന അളിയന്റെ മുഖം മുറുകുന്നത് ഞാൻ കണ്ടില്ല.

വീട്ടിൽ എത്തി കാര്യങ്ങൾ എല്ലാം വിശദമാക്കുമ്പോൾ അമ്മയ്ക്ക് സമ്മതമായിരുന്നു.

“മോന് അവളോടും മരുമോനോടും കൂടി ഒന്ന് ചോദിക്ക്, അവൾക്ക് എതിർപ്പൊന്നും ഉണ്ടാകില്ല, ന്നാലും അവൾക്ക് കൂടി അവകാശപ്പെട്ട്ടതല്ലേ എന്ന് അമ്മ പറഞ്ഞപ്പോൾ അതാണ്‌ ശരിയെന്നു തോന്നി. പിന്നെ തറവാട്ടുമുതൽ ആയത് കൊണ്ട് അവളുടെ ഒപ്പ് കൂടി വേണമല്ലോ.

അതെ സമയം പെങ്ങളുടെ മുറിയിൽ വലിയ ചർച്ച നടക്കുകയായിരുന്നു.

“എടി, നീ അവനോട് കരഞ്ഞുപറഞ്ഞിട്ട് ആണേലും നിന്റ പേരിൽ ആക്കണം. നിനക്ക് അറിയാലോ എന്റെ വീട് അനിയനെ അച്ഛൻ കൊടുക്കൂ, ഇപ്പോൾ ഇവിടെ ആയത് കൊണ്ട് ഒന്നും അറിയുന്നില്ല. നാളെ ഇവിടെ ഒരു പെണ്ണ് കൂടി വന്നുകേറിയാൽ നമ്മൾ വാടകയ്ക്ക് പോകേണ്ടി വരും. അതുകൊണ്ട് എന്ത് വന്നാലും ഇത്‌ അവന് എഴുതികൊടുക്കണ്ട. നിന്റ പേരിൽ ആക്കിയെടുത്താൽ പിന്നെ പതിയെ അവൻ ഒഴിഞ്ഞ് പൊക്കോളും. “

ആദ്യമൊക്കെ നിരസിച്ചെങ്കിലും കെട്യോൻ പറയുന്നതിലും കാര്യമുണ്ടെന്ന് തോന്നിയ പെങ്ങൾ റൂമിന് പുറത്തേക്ക് വരുമ്പോൾ ഞാൻ അവളെ വിളിച്ചു കാര്യം പറഞ്ഞു. അത് കേട്ട പാടെ അവളൊരു കരച്ചിൽ ആയിരുന്നു.

“നിനക്ക് അറിയാലോ ന്റെ കാര്യം. അതിയാനു പറയാൻ ഒന്നുമില്ല. നാളെ ഈ മൂന്ന് പറക്കമുറ്റാത്ത മക്കളേം പിടിച്ച് വാടകവീട്ടിൽ ഒക്കെ താമസിക്കുന്നത് നീയൊന്ന് ചിന്തിച്ചു നോക്ക്. നിന്റ ആകെയുള്ള പെങ്ങൾ വാടകവീട്ടിൽ താമസിക്കുന്നത് നിനക്ക് സഹിക്കോ? ഇല്ലെന്ന് എനിക്ക് അറിയാം. പിന്നെ ഞാനല്ലേ ഇളയത്. അപ്പൊ എനിക്ക് ഈ വീട് വേണം. നീ ഗൾഫുകാരൻ അല്ലേ. ഇതിനേക്കാൾ വലിയ ഒരു വീട് വെക്കാലോ…”

ഞാൻ വെറുതെ ചിരിച്ചു.  ഗൾഫുകാരൻ എന്ന് ഇടയ്ക്കിടെ എടുത്തുപറയുബോൾ പണം കായ്ക്കണ മരംപോലെ ആണ്.

ആ പിടി അവൾ വിട്ടില്ല. എത്ര പറഞ്ഞിട്ടും, ഞാൻ പുതിയ വീട് വെക്കുമ്പോൾ നിനക്ക് ഇത്‌ എഴുതിതരാം, ഇപ്പോൾ കല്യാണം നടക്കണ്ടേ എന്ന് പറഞ്ഞിട്ട്പോലും അവൾ സമ്മതിച്ചില്ല. ഇത്രേം ചെയ്ത ആങ്ങള പറഞ്ഞപോലെ ചെയ്തില്ലെങ്കിലോ എന്ന സംശയം.

ഒടുക്കം അമ്മയും പറഞ്ഞ് ന്നാ പിന്നെ അവളുടെ അങ്ങ് തീരട്ടെ മോനെ. അത് അവളെടുത്തോടെ എന്ന്.

ശരിക്കും അപ്പോഴാണ് ഞാൻ ആവർത്തിച്ചു ചിരിച്ചത്. ഞാൻ തലയാട്ടി, ചിരിച്ചുകൊണ്ട് തന്നെ. തൊട്ടപ്പുറത്തൊരു നാല് സെന്റ് സ്ഥലം വാങ്ങി വീടും പണിതു.

പെട്ടന്നൊരു വീടും പണിത് അങ്ങോട്ട് മാറുന്ന അന്ന് അളിയൻ വന്നൊരു കെട്ടിപ്പിടുത്തം.

“സന്തോഷമായി അളിയാ..നിങ്ങളെ പോലെ ഒരു അളിയനെ കിട്ടിയ ഞാൻ ഭാഗ്യവാൻ ആണ് ” എന്നൊക്കെ പറഞ്ഞ്.

അത് കേട്ടപ്പോൾ ഞാൻ ഒന്നുകൂടി ചിരിച്ചു. പിന്നെ അളിയനെ മുറുക്കെ ചേർത്തുപിടിച്ചു ചെവിയിൽ പതിയെ പറഞ്ഞു

“അളിയാ…വീട് ഇനി മുതൽ നിങ്ങടെ ആണ്..കൂടെ ഒരു ആറു ലക്ഷം കൂടി അതിന്റ ലോണും ഉണ്ട്.  അത് അടച്ചുതീർത്താലേ വീട് സ്വന്തം ആകൂ..ഈ വീട് വെച്ച കാശ് കൊണ്ട് ആ ലോൺ ക്ലോസ് ചെയ്ത് ബാധ്യത തീർക്കാം എന്നൊക്കെ കരുതിയതാ. പക്ഷേ, നിങ്ങളൊക്കെ കൂടെ എന്നെ സപ്പോർട്ട് ചെയ്തു ചെയ്ത് പുതിയ വീട് കെട്ടിച്ചില്ലേ. അതുകൊണ്ട് ഇനി മുതൽ ആത്മാർത്ഥമായി പണിയെടുക്കൂ. എത്ര വേഗം കടം തീരുന്നോ അത്രേം പെട്ടന്ന് വീട് സ്വന്തമാകും. പറഞ്ഞത് കേട്ടപ്പോൾ….ആറു ലക്ഷം…മിനിമം പലിശ എങ്കിലും അടക്കണേ..മൂന്ന് മക്കൾ…വാടകവീട്…നാണക്കേട്….ഓർമ്മയിൽ വേണം…അപ്പോൾ ഇപ്പോൾ മുതൽ തുടങ്ങിക്കോ വിയർക്കുന്ന വല്ല പണിയും ചെയ്യാൻ..അടുത്ത മാസം ബാങ്ക്അടവ് ഉള്ളതാ…ഇനി അളിയന്റെ സ്വന്തം വീടല്ലേ അത്”

അതും പറഞ്ഞു പുറത്ത് തട്ടിക്കൊണ്ടു ഞാൻ ചിരിക്കുമ്പോൾ പിറകിൽ വന്ന പെങ്ങൾ  ചോദിക്കുന്നുണ്ടായിരുന്നു “എന്താ അളിയനും അളിയനും കൂടി ഒരു സ്വകാര്യം” എന്ന്.

“അതോ…ആരോഗ്യത്തോടെ  എന്നും ഇരിക്കാൻ  വിയർക്കുന്നത് നല്ലതാണെന്നു പറഞ്ഞുകൊടുത്തതാ..അല്ലേലും ഇനിമുതൽ അളിയൻ വിയർക്കും…അല്ലേ അളിയാ…”

അയാളിപ്പോൾ മനസ്സിൽ വിളിക്കുന്നുണ്ടാകും

“അളിയാ…….”

✍️ദേവൻ