അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട് ഊർമ്മിള ഞെട്ടലോടെ അതിലേക്ക്….

രണ്ടാം ഭാര്യ

Story written by Saji Thaiparambu

============

മോളേ ചാരു…അമ്മേടെ ഫോണെന്തേടാ…?

ഹാളിലിരുന്ന് ടിവി കാണുന്ന മകളോട് ഊർമ്മിള ചോദിച്ചു.

അതുമെടുത്തോണ്ടാണ്, രാവിലെ അച്ഛൻ പുറത്തോട്ട് പോയത്…

ങ് ഹേ, അപ്പോൾ അച്ഛൻ്റെ ഫോണെന്ത്യേ?

അതില് ചാർജ്ജ് തീർന്ന് പോയെന്ന് പറഞ്ഞ് മുറിയിൽ കുത്തിയിട്ടിരിക്കുവാ

ഓഹ് നിൻ്റെ അച്ഛൻ്റെയൊരു കാര്യം? എനിക്കെൻ്റെ അമ്മയെ ഒന്ന് വിളിക്കണമായിരുന്നല്ലോ?

അതാണോ കാര്യം?അമ്മമ്മയെ വിളിക്കണമെങ്കിൽ, അച്ഛൻ്റെ ഫോണിൽ നിന്ന് വിളിച്ചാൽ പോരെ?

അത് നേരാണല്ലോ ?ഞാനെന്ത് മണ്ടിയാണ് ?

അതിപ്പഴാണോ അമ്മയ്ക്ക് മനസ്സിലായത്?

ഡീ ഡീ, നീയങ്ങനെയെന്നെ കൊച്ചാക്കണ്ട കെട്ടാ ? ഞാൻ മണ്ടിയാണെങ്കിലേ, നീ വെറും കഴുതയാ…മരക്കഴുത..

മകളോട് പരിഭവിച്ചിട്ട്, ഊർമിള നേരെ ബെഡ് റൂമിലേക്ക് പോയി.

അവിടെ ചാർജ് ചെയ്തിട്ടിരുന്ന ഭർത്താവിൻ്റെ ഫോണെടുത്തിട്ട് കോണ്ടാക്ട്സ് ഓപ്പൺ ചെയ്തപ്പോൾ, കാൾ രജിസ്റ്ററാണ് ആദ്യം കണ്ടത്

അതിൽ ഏറ്റവും മുകളിൽ, ഇൻകമിങ്ങ് കോളായി വന്നിരിക്കുന്ന പേര് കണ്ട്, ഊർമ്മിള, ഞെട്ടലോടെ അതിലേക്ക് സൂക്ഷിച്ച് നോക്കി.

സെക്കൻ്റ് വൈഫ്…

വിശ്വാസം വരാതെ, വീണ്ടും വീണ്ടും ഇംഗ്ളീഷ് അക്ഷരങ്ങൾ അവൾ കൂട്ടി വായിച്ചു.

അതെ, സെക്കൻ്റ് വൈഫ് എന്ന് തന്നെയാണ് എഴുതിയിരിക്കുന്നത്,

ഈശ്വരാ…തൻ്റെ ഭർത്താവിന് താനറിയാതെ ഒരു രണ്ടാം ഭാര്യയോ?

അവൾക്ക് തല കറങ്ങുന്നത് പോലെ തോന്നി വീണ് പോകാതിരിക്കാൻ, കട്ടിലിൻ്റെ ക്രാസിയിൽ, വിറയ്ക്കുന്ന കൈകൾ കൊണ്ടവൾ മുറുകെ പിടിച്ചു.

എന്നാലും ജീവന് തുല്യം സ്നേഹിച്ച തന്നെ ചതിക്കാൻ തൻ്റെ രമേശേട്ടന് എങ്ങനെ തോന്നി?

മ്ഹും രമേശേട്ടൻ, ഇനി മുതൽ തനിക്കങ്ങനെ വിളിക്കാൻ കഴിയില്ല , ദുഷ്ടനാണയാൾ

ഫോൺ കൈയ്യിൽ പിടിച്ച് കൊണ്ട്, എന്ത് ചെയ്യണമെന്നറിയാതെ, അവൾ ബെഡ്ഡിലേക്ക് തളർന്നിരുന്നു.

തൻ്റെ ഭർത്താവിനെ തട്ടിയെടുത്ത ആ എരണം കെട്ടവളെ, വിളിച്ച് രണ്ട് വർത്തമാനം പറയണമെന്ന് ഊർമിളയ്ക്ക് തോന്നി.

അവൾ, സെക്കൻ്റ് വൈഫൈന്നെഴുതിയ, ആ  നമ്പർ ഡയൽ ചെയ്തു.

പക്ഷേ, അത് എൻഗേജ്ഡായിരുന്നു

ഛെ…!

അസ്വസ്ഥതയോടെ അവൾ തല കുടഞ്ഞു.

അടുത്ത നിമിഷം ഊർമ്മിളയുടെ കൈയ്യിലിരുന്ന ഫോൺ റിങ്ങ് ചെയ്തു.

സെക്കൻ്റ് വൈഫ് കോളിങ്ങ് എന്ന് ഡിസ്പ്ളേയിൽ കണ്ടപ്പോൾ, അരിശത്തോടെ അവൾ കോൾ അറ്റൻറ് ചെയ്തു.

സത്യം പറയെടീ…ആരാടീ നീ..? നിനക്ക് സ്വന്തമാക്കാൻ എൻ്റെ ഭർത്താവിനെ മാത്രമേ കിട്ടിയുള്ളോ?

എടീ..ഊർമ്മിളേ..നിനക്കെന്താ ഭ്രാന്തായോ ? എടീ ഇത് ഞാനാണ് , നിൻ്റെ ഭർത്താവ് രമേശൻ

ങ്ഹേ, അപ്പോൾ നിങ്ങൾ അവളുടെയടുത്തേക്കാണല്ലേ? രാവിലെ കാപ്പി പോലും കുടിക്കാൻ നില്ക്കാതെ ഓടിപ്പോയത് ?

നീയാരുടെ കാര്യമാണീ പറയുന്നത് ?

ഓഹ്, ഒന്നുമറിയാത്ത പോലെ? നിങ്ങളിപ്പോഴുള്ളത് സെക്കൻ്റ് വൈഫിൻ്റെ കൂടെയല്ലേ? നിങ്ങളിപ്പോൾ വിളിക്കുന്നത് അവളുടെ ഫോണിൽ നിന്നല്ലേ?

ഓഹ് അപ്പോൾ അതാണ് കാര്യം? എടീ കഴുതേ…ഞാൻ വിളിക്കുന്നത് നിൻ്റെ ഫോണിൽ നിന്ന് തന്നെയാണ് , നീയാ നമ്പരൊന്ന് നോക്കിക്കേ ? ഇന്നലെ നീ പുതിയൊരു സിം കൂടി അതിനകത്തിട്ടില്ലേ? നിൻ്റെ പഴയ നമ്പര് വൈഫ് എന്നാണ് എൻ്റെ ഫോണിൽ സേവ് ചെയ്തിരിക്കുന്നതെന്ന് നിനക്കറിയാമല്ലോ ?അപ്പോൾ നിൻ്റെ രണ്ടാമത്തെ നമ്പരാണിതെന്ന് തിരിച്ചറിയാനാണ് , ഞാൻ സെക്കൻ്റ് വൈഫ് എന്നെഴുതി സേവ് ചെയ്തത് , അതിന് നീയിത്ര വലിയ ഭൂകമ്പമുണ്ടാക്കണോ?

അത് ശരി , എൻ്റെ മനുഷ്യാ…വൈഫിൻ്റെ രണ്ടാമത്തെ ഫോൺ നമ്പര് സേവ് ചെയ്യുമ്പോൾ, വൈഫ് സെക്കൻ്റെന്നല്ലേ എഴുതേണ്ടത്, അതിന് പകരം സെക്കൻ്റ് വൈഫെന്നെഴുതിയ നിങ്ങളല്ലേ യഥാർത്ഥ കഴുത

ഓഹ് അത് ശരിയാണല്ലോ ? വൈഫ് സെക്കൻ്റ് എന്നത് തിരിച്ചെഴുതിയപ്പോൾ, അതിൻ്റെയർത്ഥം ഇത്രയും വ്യത്യാസം വരുമെന്ന് ഞാൻ ചിന്തിച്ചില്ല , സോറി എൻ്റെ ഫസ്റ്റ് വൈഫേ…അല്ല വെറും വൈഫേ..

അതും പറഞ്ഞയാൾ ചിരിച്ചപ്പോൾ, ഊർമിളയ്ക്കും ചിരി അടക്കാനായില്ല

~ സജി തൈപ്പറമ്പ്.