അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയത് കണ്ണുനീരായിരുന്നില്ല. പക്ഷെ ആരുമത് തിരിച്ചറിഞ്ഞതുമില്ല…

മോഷണം…

Story written by Jisha Raheesh

==========

“സാറേ ഞാൻ എടുത്തിട്ടില്ല്യ..കണ്ടിട്ടില്ല്യത്..”

അവൾ പറയുന്നതൊന്നും ശ്രദ്ധിക്കാതെ വർദ്ധിച്ചു വരുന്ന കലിയോടെ അയാളാ ഒട്ടിയ കവിൾത്തടങ്ങളിൽ കുത്തിപ്പിടിച്ചു..ആഞ്ഞുതള്ളിയപ്പോൾ അവളുടെ തല കോലായിലെ തൂണിലാണ് തട്ടിയത്..നിറഞ്ഞ കണ്ണുകൾ കനിവ് തേടി ചുറ്റും പരതി നടന്നു..

വർഷങ്ങളായവൾ വെച്ച് വിളമ്പികൊടുത്തവരാരും ആ കണ്ണുകളിലെ ദൈന്യത കണ്ടില്ല…ശമ്പളം കൊടുത്തിട്ടുണ്ടല്ലോ…

“പപ്പായിയോട് ഇച്ഛമ്മനെ തല്ലണ്ടാന്ന് പറ മമ്മാ..”

അയാളുടെ കൊച്ചുമകൾ പറഞ്ഞത് കേട്ടെങ്കിലും അയാളെ ആരും എതിർത്തില്ല…

“കൊച്ചിന് അല്ലേലും കൂറ് വേലക്കാരി പെണ്ണിനോടാണ്..മൂന്ന് പവന്റെ മാലയാ കാണാണ്ടായേ…”

അയാളുടെ ഭാര്യ മരുമകളെ നോക്കി..അവളും പിറുപിറുത്തു..

“ഞാനാശിച്ചു മോഹിച്ചു വാങ്ങിയ മാലയാ മമ്മി..ഇന്നലെ ഞാനതാ ഡ്രസ്സിങ് ടേബിളിന്റെ മോളിലാ അഴിച്ചു വെച്ചേ..എനിക്കുറപ്പാ..ഇന്നലെയിവർ മുറിയൊക്കെ അടിച്ചു തുടച്ചതാ..ഇവര് തന്നെയാവും അതെടുത്തെ..”

അവർ അവൾക്ക് നേരെ ചീറിയടുത്തു..

“എടി ഒരുമ്പെ ട്ടോളെ, സത്യം പറഞ്ഞോ നീയത് കൊണ്ടോയി വിറ്റു തൊലച്ചോ…?”

“ഞാൻ..ഞാനെടുത്തിട്ടില്ല്യ കൊച്ചമ്മാ..ന്റെ മക്കളാണെ..”

അവളുടെ കണ്ണുകളിൽ നിന്നും ഒഴുകിയത് കണ്ണുനീരായിരുന്നില്ല. പക്ഷെ ആരുമത് തിരിച്ചറിഞ്ഞതുമില്ല…

“ഇന്നലെ നീയല്ലാണ്ട് പുറത്തൂന്നാരും ഈ വീട്ടിൽ കേറീട്ടില്ല…എന്റടുത്തു വിളച്ചിലെടുക്കാൻ നിക്കണ്ടാ..”

അയാൾ അലറി..അവൾ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടിരുന്നു..ചത്ത മനസ്സിൽ നിന്നുമുയർന്ന വാക്കുകൾ തൊണ്ടയിൽ കുടുങ്ങിക്കിടന്നു…

“ഇങ്ങനെയൊക്കെ ചോദിച്ചാലൊന്നും ഇവര് പറയേല പപ്പാ..പഠിച്ച ക ള്ളിയാ..”

അവളുടെ കൈയിലെ പ്ലാസ്റ്റിക്ക് കവർ തട്ടിപ്പറിച്ചു വലിച്ചെറിഞ്ഞുകൊണ്ടു പറഞ്ഞതയാളുടെ മകളായിരുന്നു..

പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ,രാവിലത്തെ ബാക്കി വന്ന,ദോശയും ചട്നിയും മുറ്റത്തു ചിതറിക്കിടന്നു..സിബ്ബ് പൊട്ടിയ പേഴ്സിൽ നിന്നും ചിതറിത്തെറിച്ച ഏതാനും നാണയത്തുട്ടുകളും..ഒരു മുഷിഞ്ഞ അഞ്ചു രൂപാ നോട്ടും…

രാവിലെ താൻ കഴിക്കുന്നതിനിടെയവർക്ക്കൊടുത്ത ചോക്ലേറ്റ് കഷ്ണവും കുഞ്ഞിമോൾ അതിൽ കണ്ടു…

“നീയ്യ് രക്ഷപ്പെട്ടൂന്ന് കരുതണ്ടാ..വീട്ടിൽ പോയി, എടുത്തു കൊണ്ടോയ സാധനം അതേപടി തിരികെ കൊണ്ടുവന്നില്ലേൽ..”

പറഞ്ഞതും അയാൾ അവളെ മുറ്റത്തേക്ക് തള്ളി..

“അങ്ങനെ വിട്ടാലെങ്ങനെയാ പപ്പാ..?”

അയാളുടെ മരുമകൾ ചോദിച്ചു…

“എടുത്ത മൊതല് അവള് തന്നെ കൊണ്ടുവന്നു തരുമെടി…ഇല്ലേൽ എനിക്കറിയാം എന്ത് വേണമെന്ന്..ഇവളേം ആ പീറ പിള്ളേരേം ഞാൻ സ്റ്റേഷനിലേക്ക് വരുത്തിക്കും..”

അവളുടെ കണ്ണുകൾ എല്ലാം കണ്ടുകൊണ്ടു നിന്നിരുന്ന മുത്തശ്ശിയിൽ എത്തിയതും, തല താഴ്ത്തി അവർ വാക്കിങ് സ്റ്റിക്കിൽ മുറുകെ പിടിച്ചു തിരിഞ്ഞു നടന്നു..പ്രായാധിക്യം അവരുടെ ശരീരത്തിന്റെ ശക്തി മാത്രമല്ല വാക്കുകളുടെ വിലയും കുറച്ചിരുന്നല്ലോ..

തനിക്ക് മുൻപിൽ ആ പൂമുഖവാതിൽ ശബ്ദത്തോടെ അടഞ്ഞതും ഒന്ന് രണ്ടു നിമിഷങ്ങൾ കൂടെ അവളങ്ങനെ നിന്നു..പിന്നെയാ ചില്ലറത്തുട്ടുകളും നോട്ടും പെറുക്കിയെടുത്തവൾ കീറിയ പേഴ്സിലേക്ക് തിരുകി വെച്ചു..കുഴിയിലാണ്ട കണ്ണുകൾ മണ്ണ് പുരണ്ട ദോശകളിലൊന്ന് തങ്ങി നിന്നു..പിന്നെയവൾ പതിയെ പിന്തിരിഞ്ഞു നടന്നു..

ആ കൂറ്റൻ മതിൽക്കെട്ടിനു പുറത്തേക്ക് നടക്കുമ്പോൾ അവളുടെയുള്ളിൽ തന്നെക്കാത്ത് പ്രതീക്ഷയോടെയിരിക്കുന്ന രണ്ടു കുഞ്ഞ് മുഖങ്ങളായിരുന്നു..

കൈയിലുള്ളത് കൊടുത്തു ഒരു പാക്കറ്റ് ബണ്ണ് വാങ്ങി കടയിൽ നിന്നും റോഡിലേയ്ക്ക് ഇറങ്ങുമ്പോൾ, സാറിന്റെ ആ വലിയ കാർ തന്നെ കടന്നു സ്പീഡിൽ പോകുന്നതവൾ ഉൾക്കിടിലത്തോടെയവൾ നോക്കി നിന്നു…

ഒതുക്കുകല്ലുകൾ കയറി വീടിന്റെ മുറ്റത്തെത്തിയപ്പോഴേ ടോമി കുരച്ചു കൊണ്ടു ഓടിയെത്തി..അവനും വേണ്ടത് കയ്യിലെ പൊതിയിലെ ഒരു പങ്കാണ്..

“ചേട്ടായി അമ്മ വന്നൂ…”

മോളാണ് ആദ്യം കണ്ടത്..അവനും പുറകെയെത്തി..കയ്യിലേയ്ക്കായിരുന്നു രണ്ടാളുടെയും നോട്ടം..ബണ്ണിന്റെ കവർ കണ്ടതും രണ്ടാളുടെയും മുഖം മങ്ങി..പക്ഷെ അമ്മയുടെ ദൈന്യ ഭാവം കണ്ടാവണം ഒന്നും ചോദിച്ചില്ല…

കുഞ്ഞുങ്ങൾ കാണാതെ നെറ്റിയിലെ ചെറിയ മുറിവിലെ ചോര സാരിത്തലപ്പ് കൊണ്ടൊപ്പി..അടുപ്പ് കത്തിച്ചു ചായയ്ക്ക് വെള്ളം വെക്കുമ്പോഴും അവളുടെ ചിന്ത നേരത്തേ കേട്ട ഭീഷണികളിലായിരുന്നു..

ഇന്നലെ സന്ധ്യയ്ക്ക് അവളുടെ കൈയിൽ ആകെയുണ്ടായിരുന്ന ഇരുന്നൂറു രൂപ തട്ടിപ്പറിച്ചെടുത്തു പോയവനെയവൾ ഓർത്തതേയില്ല..

ടിന്നിൽ ആകെയുണ്ടായിരുന്ന പഞ്ചാര തൂത്തെടുത്തു മക്കളുടെ ചായയിൽ ഇട്ടിളക്കുമ്പോൾ അവളുടെ മോനാണ് ചോദിച്ചത്…

“അച്ഛൻ..അച്ഛൻ ഇതുവരെയും വന്നില്ലല്ലോമ്മേ..”

ഇനിയൊരിക്കലും വരാതിരുന്നെങ്കിൽ എന്നൊരാഗ്രഹം എല്ലാത്തവണത്തെയും പോലെ അന്നുമാ ചോദ്യത്തിന് പിന്നിലുണ്ടെന്ന് അവൾക്കറിയാമായിരുന്നു…

ചായയിൽ മുക്കി കഴിക്കുന്നതിനിടെ, മുറിച്ചെടുത്ത ചെറിയ ബണ്ണിന്റെ കഷ്ണങ്ങൾ ടോമിയുടെ മുന്നിലേക്ക് ഇട്ട് കൊടുക്കുന്ന മക്കളെ നോക്കിയവൾ വെറുതെയിരുന്നു…

അയാൾ കോൺഫറൻസ് കഴിഞ്ഞു ഇറങ്ങുമ്പോഴാണ് ഭാര്യയുടെ ഫോൺ വന്നത്..എന്തൊക്കെയൊ സംസാരിച്ച് കാൾ കട്ട് ചെയ്യുന്നതിന്റെ തൊട്ട് മുൻപേയാണ് അവർ പറഞ്ഞത്..

“ആ പിന്നെ..ഞാൻ പറയാൻ മറന്നൂട്ടോ..ആ മാല കിട്ടി..അവളത് ആ ബാത്‌റൂമിലെങ്ങാണ്ട് അഴിച്ചു വെച്ചതാരുന്നെന്നേ…താഴെ വീണു കിടപ്പുണ്ടാരുന്നു..”

അയാളൊന്ന് മൂളി..

“നിങ്ങടെ അമ്മാമ്മ ഇവിടെക്കെടന്ന് കയറു പൊട്ടിക്കുന്നുണ്ട്..ആ പെണ്ണിനെ വിളിച്ചോണ്ട് വരാൻ..എനിക്കെങ്ങും വയ്യ..”

“അവരങ്ങനെയൊക്കെ പറയും..നീ പോവാനൊന്നും നിക്കണ്ടാ. സംഭവിച്ചതൊന്നും ആരോടും പറയാനും നിക്കണ്ടാ. കാലം വല്ലാത്തതാ..ആ ദാരിദ്രവാസി പെണ്ണിനേയും സപ്പോർട്ട് ചെയ്യാൻ ആളുണ്ടാകും…ങാ നീ വെച്ചോ ഞാൻ ഉച്ചയ്ക്ക് മുൻപേ അങ്ങെത്തും ..”

പറഞ്ഞത് പോലെ ഉച്ചയ്ക്ക് മുൻപേയയാൾ നാട്ടിലെത്തിയിരുന്നു..വീട്ടിലേയ്ക്കുള്ള റോഡിലേക്ക് കയറിയപ്പോഴാണ് ആ ജോലിക്കാരി പെണ്ണിന്റെ വീട്ടിലേക്ക് അലസമായയാൾ നോട്ടമയച്ചത്..

മുറ്റത്തെ വലിച്ചു കെട്ടിയ ഷീറ്റ് കണ്ട് അയാളൊന്ന് നെറ്റി ചുളിച്ചു..പിന്നെ പതിയെ വണ്ടി സൈഡാക്കി..ഗ്ലാസ്സ് താഴ്ത്തി പുറത്തേക്ക് നോക്കിയപ്പോഴാണ് കാറിനടുത്തു കൂടെ പോയയാൾ അയാളെ കണ്ടത്..

“ഹാ സാറ് വര്ന്ന വഴിയാ…?അറിഞ്ഞില്ല്യേ ആ പെണ്ണും പിള്ളേരും ച ത്തു..വെഷം കഴിച്ചതാത്രേ..എത്രകാലാന്ന് വെച്ചാ സഹിക്ക്യ സാറേ..ആ കാലമാ ടൻ കുടിച്ചേച്ചും വന്നു അടിയും വഴക്കുമാ എന്നും..അതുങ്ങക്ക് ചോയ്ക്കാനും പറയാനുമൊന്നും ആരൂല്ല്യല്ലോ..”

രോഷത്തോടെ പറഞ്ഞു കൊണ്ടാ വഴിപോക്കൻ കടന്ന് പോയപ്പോൾ അയാൾ വീണ്ടും ആ വീട്ടിലേക്ക് നോക്കി…

അഴിഞ്ഞുലഞ്ഞ വസ്ത്രങ്ങളോടെ ഇറയത്ത് കമിഴ്ന്നു കിടന്നിരുന്നയാളെയും തെക്കെയതിരിൽ പുതുതായുയർന്ന മൺകൂനകളെയും അയാൾക്ക് കാണാമായിരുന്നു..

“ഭാഗ്യം…അവളാരോടുമൊന്നും പറഞ്ഞിട്ടില്ല..”

ഡ്രൈവ് ചെയ്യുന്നതിനിടെ, ആശ്വാസത്തോടെ പറഞ്ഞു കൊണ്ടയാൾ കാറിലെ സ്റ്റീരിയോ ഓൺ ചെയ്തു..

അയാളുടെ കാർ അകന്നു പോവുമ്പോഴും ടോമിയുടെ ദയനീയമായ കരച്ചിൽ ആ മൺകൂനകൾക്കരികിൽ നിന്നും കേൾക്കാമായിരുന്നു…

~സൂര്യകാന്തി (ജിഷ രഹീഷ് )?