ഡിവോഴ്സ്….
Story written by Aswathy Joy Arakkal
===========
ഡിവോഴ്സ് അനുവദിച്ചു എന്ന വിധി വന്ന ആശ്വാസത്തിൽ പതുക്കെ കുടുംബ കോടതിയുടെ പടികൾ ഇറങ്ങുമ്പോഴാണ് അൽപ്പം മാറി ഒരു തൂണിൽ ചാരി നിസ്സംഗമായ മുഖത്തോടെ നിൽക്കുന്ന ദേവേട്ടന്റെ മുഖം എന്റെ കണ്ണിൽ ഉടക്കിയത്..
എന്തൊക്കെയോ നഷ്ട്ടപ്പെട്ട സങ്കടം പേറിയുള്ള നിൽപ്പ് കണ്ടപ്പോൾ സത്യത്തിൽ കുറ്റബോധം തോന്നിയെനിക്ക്.. പാവം മനുഷ്യൻ.. ഇത്ര ചെറിയ പ്രായത്തിൽ ജീവിതം ഒന്നു ആസ്വദിക്കുക പോലും ചെയ്യാതെ, അതിന്റെതായ യാതൊരു സന്തോഷങ്ങളുമറിയാതെ ഞാൻ കാരണം അദ്ദേഹമൊരു രണ്ടാം കെട്ടുകാരനായി മാറിയിരിക്കുന്നു.. ആത്മനിന്ദ തോന്നിപോയി എനിക്ക്.
ഇല്ല കുറ്റബോധത്തിന്റെ ആവശ്യമില്ല, അൽപ്പം വൈകിയാണെങ്കിലും ഞാൻ അദ്ദേഹത്തെ എന്നിൽ നിന്നു രക്ഷപ്പെടുത്തുകയായിരുന്നില്ലേ.. വെറുതെ ആണെങ്കിലും സ്വയം ആശ്വസിക്കാനൊരു വിഫലശ്രമം ഞാൻ നടത്തി..
ഓരോന്ന് ആലോചിച്ചും, സംശയിച്ചു നിന്ന എന്റെ അടുത്തേക്ക് ദേവേട്ടൻ വന്നു..
സന്തോഷമായില്ലേ സംഗീത.. തന്റെ ആഗ്രഹ പോലെ ഡിവോഴ്സ് ലഭിച്ചില്ലേ…ഇടറുന്ന ശബ്ദത്തോടെ ദേവേട്ടൻ വിദൂരതയിലേക്ക് നോക്കി അത്രയും പറഞ്ഞു നിർത്തി..
ദേവേട്ടാ.. എങ്ങനെ മാപ്പ് പറയണം എന്നെനിക്കറിയില്ല.. ദേവേട്ടന്റെ ജീവിതം കൂടെ നശിപ്പിച്ചു എന്ന കുറ്റബോധം ഈ ജന്മം എന്നെ വിട്ടു പോകില്ല… എന്നാലും… ” മാപ്പ് “…ആ ഒരു വാക്കേ എനിക്ക് പറയാനുള്ളു. കൈ കൂപ്പി ഞാൻ അത്രയും പറഞ്ഞൊപ്പിച്ചു…
സാരല്ലടോ… എല്ലാം എനിക്ക് അറിയാവുന്നതല്ലേ.. താൻ ഇനിയെങ്കിലും ആരോടും വൈരാഗ്യം വെച്ചു പുലർത്താതെ വീട്ടിലേക്കു പോകണം.. പിന്നെ ഡിവോഴ്സ് ആയെന്നു കരുതി എന്നെ വെറുമൊരു അന്യനായി കരുതരുത്.. എന്തിനും ഒരു നല്ല സുഹൃത്തായി ഞാനൊപ്പമുണ്ടാകും.. ചെറിയൊരു പുഞ്ചിരി കൂടി സമ്മാനിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു…
ദേവേട്ടനോട് ഒരിക്കൽ കൂടി മാപ്പും പറഞ്ഞു കാർ സ്റ്റാർട്ട് ചെയ്തു പോകുമ്പോൾ ഈശ്വരാ ഈ പുണ്യത്തെ ആണല്ലോ ഞാൻ വേണ്ടെന്നു വെച്ചത് എന്നാ ഹൃദയഭാരം ആയിരുന്നു…ഓരോന്നോർത്തു കണ്ണുകൾ നിറഞ്ഞൊഴുകി കൊണ്ടിരുന്നു…
കൈ എത്തുന്നിടത്തു മനസ്സെത്താതായപ്പോൾ ബീച്ചിനു ഓരത്തേക്കു വണ്ടി ഒതുക്കി… കാർ ലോക്ക് ചെയ്തു തിരമാലകളെ ലക്ഷ്യമാക്കി നടന്നു, മണലിന് മുകളിൽ തിരമാലകൾക്ക് അഭിമുഖമായി ഇരിക്കുമ്പോൾ തിരകളേക്കാൾ വേഗത്തിൽ മനസ്സിൽ ഓർമ്മകൾ അലയടിക്കുകയായിരുന്നു..
അഡ്വക്കേറ്റ് മാധവൻ നമ്പ്യാരുടെയും, അധ്യാപികയായ ശ്രീദേവി നമ്പ്യാരുടെയും രണ്ടു പെൺമക്കളിൽ മൂത്തവളായ സംഗീത നമ്പ്യാർ. M. Tech ബിരുദധാരിണി… പ്രശസ്തമായൊരു എഞ്ചിനീയറിംഗ് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ… ജോലി ആകുന്നതിനു മുൻപേ വിവാഹാലോചനകളുടെ തിരക്കായിരുന്നു..അങ്ങനെ ജോലി കിട്ടി ആറു മാസമായപ്പോഴേക്കും അച്ഛനുമമ്മയും നിശ്ചയിച്ച.. എഞ്ചിനീയർ തന്നെ ആയ ദേവേഷ് നമ്പ്യാരുടെ താലിക്കു മുന്നിൽ തല കുനിക്കേണ്ടി വന്നു തനിക്കു, അതും അമ്മയുടെ ഭീഷണി പേടിച്ചു ഉള്ളിൽ ഒരു തീക്കനൽ ഒളിപ്പിച്ചു കൊണ്ട്..
നല്ലവനായിരുന്നു ദേവേട്ടൻ… ആദ്യരാത്രിയിൽ തന്നെ തലവേദന അഭിനയിച്ചു ഞാൻ മാറി കിടന്നപ്പോൾ, പിന്നീടുള്ള രാത്രികളിൽ പലതും പറഞ്ഞൊഴിവാക്കി എന്നിൽ നിന്നു അകറ്റി നിർത്തിയപ്പോൾ എല്ലാം വളരെ മാന്യമായാണ് അദ്ദേഹം ഇടപെട്ടത്… ഒന്നിനും നിർബന്ധിച്ചിട്ടില്ല അദ്ദേഹം..
കല്യാണം കഴിഞ്ഞു മാസങ്ങൾ കഴിഞ്ഞിട്ടും ഞാൻ അദ്ദേഹത്തോട് മനസ്സുകൊണ്ട് പോലും അടുക്കാൻ തയ്യാറാകാതിരുന്നപ്പോൾ സ്വാഭാവികമായും ചോദ്യങ്ങളുമായി ദേവേട്ടനെത്തി..
സാധാരണ എന്നെ കോളേജിൽ ഡ്രോപ്പ് ചെയ്തിട്ടാണ് ദേവേട്ടൻ ഓഫീസിലേക്ക് പോകാറ്.. അങ്ങനെ ഒരു യാത്രയിൽ പ്രതീക്ഷിച്ചിരുന്ന പോലെ ദേവേട്ടന്റെ ചോദ്യങ്ങളെത്തി..
സംഗീതാ തനിക്കു ഇഷ്ടമില്ലാതെയാണോ ഈ വിവാഹം നടന്നതു…
ചോദ്യഭാവത്തിൽ ഞാൻ അദ്ദേഹത്തെ നോക്കി..
എന്താ തന്റെ പ്രശ്നം.. എന്നെ ഇഷ്ടപെട്ടില്ലേ.. അല്ലെങ്കിൽ വിവാഹത്തിന് താല്പര്യമില്ലാതെയാണോ താൻ സമ്മതിച്ചത്.. അല്ലെങ്കിൽ ആരെങ്കിലുമായി തനിക്കു..
ദേവേട്ടാ.. പ്ലീസ്..മുഴുവനാക്കും മുൻപേ ഞാൻ ഇടയിൽ കയറി..
ഇത്ര നാളായിട്ടും… തനിക്കെന്നോടുള്ള അപരിചിതത്വം കൂടുന്നതല്ലാതെ കുറയുന്നില്ല.. കാര്യമറിഞ്ഞാലല്ലേ ഒരു പരിഹാരം കാണാനെനിക്ക് പറ്റു…
ഒരു ചോദ്യത്തിനും മറുപടി നൽകാതെ ഞാൻ മുഖം കുനിച്ചിരുന്നു..
ദേവേട്ടാ.. എനിക്ക് ഡിവോഴ്സ് വേണം.. അദ്ദേഹത്തിന്റെ ചോദ്യങ്ങൾക്കെല്ലാം കൂടിയുള്ള എന്റെ ഉത്തരം അതായിരുന്നു..
സംഗീതാ.. വിശ്വാസം വരാതെ അദ്ദേഹമെന്നെ വിളിച്ചു.
ഉറച്ചതായിരുന്നു എന്റെ തീരുമാനം
എന്തുപറഞ്ഞിട്ടും ഞാൻ എന്റെ തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണെന്നു കണ്ടപ്പോൾ അദ്ദേഹം കാര്യങ്ങൾ രണ്ടു വീടുകളിലും അവതരിപ്പിച്ചു..
കുടുംബ മഹിമ, അച്ഛനമ്മമാരുടെ സ്റ്റാറ്റസ് അങ്ങനെ കാരണങ്ങൾ പലതും നിരത്തി രണ്ടു വീട്ടുകാരും ഉപദേശങ്ങളുമായെത്തി.. ഉപദേശം, ശാസന, ഭീഷണി, ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് ഒന്നിനും വഴങ്ങാതെ ഒരു കുലുക്കവുമില്ലാതെ എന്റെ തീരുമാനത്തിൽ ഉറച്ചു ഞാൻ നിന്നു.. എല്ലാം കണ്ട് ഒന്നിനും പ്രതികരിക്കാനാകാതെ നിസ്സഹായായി എന്റെ അമ്മയും .. അമ്മയുടെ ആ നിൽപ്പ് സത്യത്തിൽ എനിക്ക് ആനന്ദമായിരുന്നു. അതു എന്നിലും അമ്മയിലും ഒതുങ്ങിയ രഹസ്യം…
ഡിവോഴ്സ് ആപ്ലിക്കേഷനും കൊടുത്തു ഞാൻ കോളേജ് ഹോസ്റ്റലിലേക്ക് താമസം മാറി. പക്ഷെ ഞാൻ വിചാരിച്ചത്ര എളുപ്പത്തിൽ കിട്ടുന്നതായിരുന്നില്ല ഡിവോഴ്സ്… കോടതി കൗൺസിലിങ്ങിന് വിട്ടു… ആദ്യത്തെ കൗൺസിലിങ്ങിന് ഇരുന്നപ്പോൾ തന്നെ മനസ്സിലായി വ്യക്തമായ കാരണമില്ലാതെ ഡിവോഴ്സ് കിട്ടില്ല എന്നു.. അതും കല്യാണമായി ഒരുവർഷം പോലും തികയുന്നതിനു മുന്നേ.. എന്നിട്ടും ആരോടും, ദേവേട്ടൻ പലവട്ടം ചോദിച്ചിട്ടും എന്റെ മനസ്സു തുറക്കാൻ ഞാൻ തയ്യാറായില്ല..
രണ്ടാമത്തെ കൗൺസിലിങ് ആയപ്പോൾ ദേവേട്ടനെ പുറത്തു നിർത്തി മാഡം എന്നോട് മാത്രമായി സംസാരിച്ചു. വാദ പ്രതിവാദങ്ങൾക്കൊടുവിൽ മനസ്സു തുറക്കാതെ നിവർത്തി ഇല്ലെന്ന ഘട്ടമെത്തി…
അച്ഛനമ്മമാരുടെ പ്രതാപത്തിനും, സ്റ്റാറ്റസിനും ഇടയിൽ ഇല്ലാതായിപോയ എന്റെ ജീവിതം എന്ന പുസ്തകം ഒളിമറകൾ ഇല്ലാതെ തുറക്കുകയായിരുന്നു ഞാനവിടെ…അദ്ധ്യാപിക ആയ അമ്മക്ക് സ്നേഹത്തേക്കാൾ അച്ചടക്കമായിരുന്നു പ്രധാനം.. അമ്മ സ്നേഹത്തോടെയൊന്നു തലോടിയതു എന്റെ ഓർമയിലില്ല…അച്ഛനാണെങ്കിലും എന്നും ഒരു അകലമിട്ടെ പെരുമാറിയിട്ടുള്ളു.
ചെറുപ്പം തൊട്ടു പഠിച്ചത് അമ്മ പഠിപ്പിക്കുന്ന സ്കൂളിൽ.. ഒന്നു അനങ്ങിയാൽ അതു അമ്മയുടെ ചെവിയിലെത്തും.. അതു കൊണ്ട് നല്ല ഒരു സുഹൃത്തോ, സന്തോഷമോ, കളിചിരികളോ ആ കാലഘട്ടത്തിൽ എനിക്ക് കിട്ടിയിട്ടില്ല.. എന്നും ക്ലാസ്സിൽ ഫസ്റ്റ് ആക്കണം.. അതുമാത്രമായിരുന്നു അമ്മക്ക് പ്രധാനം.. അല്ലെങ്കിൽ മറ്റു ടീച്ചേഴ്സിന്റെ മുന്നിൽ അമ്മയുടെ അന്തസ്സ്. അതു മാത്രമായിരുന്നു അമ്മക്ക്… ഒന്നും സ്നേഹിക്കാനോ കരുതാനോ അമ്മ തയ്യാറായിട്ടില്ല.. ഞാൻ നിശബ്ദയായി..
കൂടുതൽ കൊഞ്ചിക്കുകയും, ലാളിക്കുകയും ചെയ്യുന്ന അമ്മമാരൊക്കെ ഫിലിമിലെ ഉള്ളു മോളെ. റിയൽ ലൈഫ് അങ്ങനെയല്ല… അവരെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
ഞൻ പറഞ്ഞു തുടങ്ങിയിട്ടേ ഉള്ളു മാഡം..
എന്റെ മനസ്സു പേടിയോടെ വീണ്ടും ഭൂതകാലത്തേക്കു ഊളിയിട്ടു…
അന്ന് ഞാൻ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരു വെക്കേഷന് അമ്മക്ക് ടീച്ചേർസ് ട്രെയിനിങ് ഉള്ളത് കൊണ്ട് എന്നെ അമ്മയുടെ വീട്ടിലും, അനിയത്തിയെ വല്യച്ഛന്റെ വീട്ടിലുമാക്കി മൂന്ന് ദിവസത്തേക്ക് അമ്മ തിരുവനന്തപുരത്തേക്കു പോയി..
അമ്മയുടെ വീട്ടിൽ അമ്മമ്മയും, അമ്മയുടെ ഇളയ അനിയത്തിയും ഭർത്താവുമാണ് ഉള്ളത്.. അമ്മമ്മക്ക് സുഖല്ലാത്തതാണ്… മിക്കപ്പോഴും കിടപ്പായിരിക്കും… ഭദ്രച്ചിറ്റയും ടീച്ചറാണ്.. അവരുടെ ഭർത്താവ് ഒരു പൊതു പ്രവർത്തകനാണ്.. കാഴ്ചയിൽ മാന്യൻ..
എന്നോട് വല്യ സ്നേഹമായിരുന്നു ഗോപി ചിറ്റപ്പൻ എന്നു ഞാൻ വിളിച്ചിരുന്ന ആ മനുഷ്യന്.. പക്ഷെ ആ സ്നേഹം വാക്കുകൾ മുഴുവനാക്കാതെ ഞാൻ നിർത്തി..
ടേബിളിൽ ഇരുന്ന വെള്ളം എടുത്തു കുടിച്ചു കൊണ്ട് ഞാൻ തുടർന്നു…
ആ സ്നേഹം എന്റെ ശരീരത്തൊട് ആയി മാറിയത് എപ്പോഴാണെന്ന് എനിക്കറിയില്ല.. ഒത്തുകിട്ടിയ ഒരവസരത്തിൽ.. നെല്ലും, പതിരും തിരിച്ചറിയാത്ത ആ പ്രായത്തിൽ അയാളെന്റെ ശരീരം കവർന്നെടുത്തു.. വേദനിച്ച ശരീരവും, മനസുമായി നിന്ന എന്നെ ക്രൂ-രമായി ഭീഷണിപ്പെടുത്തി.. പുറത്തു പറഞ്ഞാൽ കൊന്നു കളയുമെന്ന് പറഞ്ഞു..
വല്ലാതെ പേടിച്ചു പോയിരുന്നു ഞാൻ… പക്ഷെ അതൊന്നും വകവെക്കാതെ വീട്ടിലെത്തിയപ്പോൾ ധൈര്യം സംഭരിച്ചു അമ്മയോട് ഞാൻ എല്ലാം പറഞ്ഞു… ഒട്ടും പ്രതീക്ഷിക്കാത്തതായിരുന്നു അമ്മയുടെ പ്രതികരണം..
കുടുംബത്തിന്റെ മാനം കളയാൻ ജനിച്ചവൾ ആയി അമ്മ എന്നെ കണ്ടു… ഇത് പുറത്താരെങ്കിലും അറിഞ്ഞാൽ എന്നേയും കൊന്നു എല്ലാവരും കൂടെ വിഷം വാങ്ങി തിന്നു എല്ലാം അവസാനിപ്പിക്കുമെന്ന് പറഞ്ഞു..
അയാളോടൊന്നു ചോദിക്കാനോ, പ്രതികരിക്കാനോ പോകാതെ.. അതൊക്കെ മാനക്കേടാണല്ലോ, കുടുംബത്തിന്റെ അന്തസ്സിനെ ബാധിക്കുമല്ലോ….. എല്ലാത്തിനും എന്നെ തെറ്റുകാരിയാക്കി…
ഒന്നും മനസ്സിലാകാതെ ആ പ്രായത്തിൽ ഞാൻ…
സത്യത്തിൽ അയാളുടെ ഉപദ്രവത്തെക്കാൾ എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നത്, ഇന്നും വേദനിപ്പിക്കുന്നത് അമ്മയുടെ ആ പ്രതികരണമാണ്..
അന്നുമുതൽ സത്യത്തിൽ അമ്മക്ക് ഞാൻ ശത്രുവായി… തരം കിട്ടുമ്പോഴൊക്കെ കുത്തുവാക്കുകൾ.. തെറ്റ് ചെയ്തവൻ ഒന്നു ചോദ്യം ചെയ്യപ്പെടുക പോലും ചെയ്യാതെ സസുഖം വാഴുമ്പോൾ ഞാൻ മാത്രം വെന്തു നീറി.. തെറ്റ് ചെയ്യാതെ തെറ്റുകാരിയായി..
അന്നു മുതൽ തെറ്റുകാരിയാണ്, പാപിയാണ്, നശിച്ചവളാണ് ഞാനെന്ന ബോധം മനസ്സിൽ പതിക്കുകയായിരുന്നു. വിവാഹത്തിനു സമ്മതം മൂളിയതും അമ്മയുടെ ഭീഷണിക്കു വഴങ്ങിയാണ്.. പക്ഷെ എല്ലാം മറന്നു അദ്ദേഹവുമായൊരു ജീവിതം എനിക്ക് സാധിച്ചില്ല..
ഒരുപക്ഷെ അന്ന് അമ്മ എനിക്കൊപ്പം ഒരാശ്വാസമായി നിന്നിരുന്നെങ്കിൽ, എനിക്കുവേണ്ടി ഒരു വാക്ക് സംസാരിച്ചിരുന്നെങ്കിൽ ഇങ്ങനൊരു ദുരന്തം ആകുമായിരുന്നില്ല എന്റെ ജീവിതം.. അമ്മ ചെയ്തത് എന്നെ കുറെ കുറ്റപ്പെടുത്തി, തല്ലി പഠിപ്പിച്ചൊരു എഞ്ചിനീയർ ആക്കി.. സ്റ്റാറ്റസ് നേടി.. പക്ഷേ.. ഞാൻ, എന്റെ മനസ്സു… വിങ്ങി പോയി ഞാൻ…
എനിക്ക് നഷ്ട്ടപെട്ട ആത്മവിശ്വാസം തിരിച്ചു തരാൻ ഞാൻ നേടിയ ഒരു ഡിഗ്രിക്കും ഇതുവരെ സാധിച്ചില്ല എന്നതാണ് സത്യം.
ഇനി മാഡം തന്നെ പറയു….. എങ്ങനെ ദേവേട്ടനുമായൊരു ജീവിതം എനിക്ക് പറ്റും..
ആശ്വസിപ്പിക്കാനും, കൗൺസിലിങ് തന്നു എന്റെ മനസ്സിൽ നിന്നു എല്ലാം മായ്ച്ചു കളയാനും അവരൊരുപാട് ശ്രമിച്ചു. എല്ലാം അറിഞ്ഞിട്ടും എന്നെ സ്വീകരിക്കാനും, ചേർത്തു നിർത്താനും ദേവേട്ടനും ഒരുക്കമായിരുന്നു..
പക്ഷെ പാപിയാണെന്നു കരുതി വളർന്നു വന്ന എനിക്ക് ഒന്നിനും സാധിക്കുമായിരുന്നില്ല…ഒടുവിൽ എന്റെ നിർബന്ധത്തിനു വഴങ്ങി ദേവേട്ടൻ ഡിവോഴ്സിന് തയ്യാറായി. അതാണ് കുറച്ചു മുന്നേ കുടുബ കോടതിയിൽ അവസാനിച്ചത്..
അന്ന് അമ്മയെന്നെ കേട്ടിരുന്നെങ്കിൽ ഒരുവാക്ക് എങ്കിലും അയാളോട് ചോദിച്ചിരുന്നെങ്കിൽ… ഒരുപക്ഷെ… തെറ്റ് ചെയ്ത അയാൾ സസുഖം വാഴുമ്പോൾ.. ആക്രമിക്കപ്പെട്ട ഞാൻ ഒരു പാവം മനുഷ്യന്റെ കൂടെ ജീവിതവും നശിപ്പിച്ചു…
ദുരഭിമാനവും പേറി, ഇതുപോലുള്ള തെറ്റുകൾ ചോദ്യം ചെയ്യപ്പെടാതിരിക്കുന്നിടത്തോളം ഇനിയും സംഗീതമാർ പുനർജനിക്കും…സ്നേഹിക്കാൻ എത്ര ദേവേട്ടൻമാരുണ്ടായാലും… ഞാൻ സ്വയം പറഞ്ഞു കൊണ്ടിരുന്നു..
എല്ലാം മറന്നു ജീവിക്കാൻ പറയുന്നവർക്കറിയില്ലല്ലോ എന്റെ മനസ്സിനേറ്റ മുറിവിന്റെ ആഴം.. അയാൾ ഏൽപ്പിച്ചത് ഭ്രാന്തു പിടിച്ചൊരു മൃഗത്തിന്റെ ആക്രമണത്തിൽ കവിഞ്ഞൊന്നുമില്ലെന്നു എനിക്കറിയാം പക്ഷെ… എന്റെ മനസ്സു നോവിച്ചതു.. എന്നെ തെറ്റുകാരിയാക്കി ചിത്രീകരിച്ചത് അയാളല്ലല്ലോ….
~ Aswathy Joy Arakkal