വിതുമ്പാൻ മടിച്ച അധരങ്ങൾ…
Story written by Saji Thaiparambu
============
മണ്ഡപത്തിൽ ഇരിക്കുമ്പോഴും മീരയുടെ കണ്ണുകൾ മാധവനെ തിരയുകയായിരുന്നു.
സദ്യ കഴിക്കുന്നവരുടെ ഇടയിലൂടെ ചടുലതയോടെ ചോറ് വിളമ്പി നടക്കുമ്പോഴും, അവന്റെ മുഖത്ത് മ്ളാനത പടർന്നിരിക്കുന്നത് അവൾ ശ്രദ്ധിച്ചു.
തനിക്ക് വിവാഹാലോചന വന്നപ്പോൾ എത്ര ലാഘവത്തോടെയാണ് അവൻ തന്നെ നിരസിച്ചത്.
കുഞ്ഞ് നാള് മുതലെ കാണാൻ തുടങ്ങിയതല്ലെ അവനെ…തന്റെ മുറച്ചെറുക്കനാണവനെന്ന്, അച്ഛനൊഴിച്ച് മറ്റെല്ലാവരും പറഞ്ഞ് പറഞ്ഞ് തന്റെ മനസ്സിലേക്ക് ഒരു രാജകുമാരനായി കുടിയേറ്റിതാണവനെ.
അച്ഛന്റെ മുറപ്പെണ്ണിന്റെ മകനായ മാധവനെ താൻ ജനിക്കുന്നതിന് മുമ്പ്, തറവാട്ടിലേക്ക് കൊണ്ട് വന്നതാണച്ഛൻ.
അച്ഛന്റെയും അമ്മയുടെയും കല്യാണം കഴിഞ്ഞ് ഏറെ വർഷങ്ങളായിട്ടും കുട്ടികളുണ്ടാകാതിരുന്നത് കൊണ്ട്, അപ്പച്ചിയുടെ മൂത്ത മകനായ മാധവനെ അവരുടെ സമ്മതത്തോടെ അച്ഛൻ കൂട്ടികൊണ്ട് വരുകയായിരുന്നു.
സ്വന്തം മകനെ പോലെയാണ് അമ്മയും അച്ഛനും അവനെ വളർത്തിയത്.
പക്ഷേ, കുറച്ച് നാള് കഴിഞ്ഞപ്പോൾ അമ്മ, ഗർഭം ധരിക്കുകയും തന്നെ പ്രസവിക്കുകയുമായിരുന്നു എന്ന് മീര ഓർമ്മിച്ചു.
“ഇനി താലി അണിഞ്ഞോളു “
കർമ്മിയുടെ ശബ്ദം കേട്ട് മീര ചിന്തയിൽ നിന്നുണർന്നു.
പെണ്ണുങ്ങൾ കൊരവയിടുന്നത് കേട്ട്, മാധവൻ മണ്ഡപത്തിലേക്ക് എത്തി നോക്കി.
തന്റെ മുഖത്തേക്ക് നോക്കിയ മാധവൻ പെട്ടെന്ന് കണ്ണുകൾ വെട്ടിച്ചത്, കുറ്റബോധം കൊണ്ടാണെന്ന് മീരയ്ക്ക് മനസ്സിലായി.
താലികെട്ടിയവന്റെ കൈ പിടിച്ച് മണ്ഡപത്തിന് ചുറ്റും നടക്കുമ്പോഴും മീരയുടെ കണ്ണുകൾ മാധവനിൽ തന്നെയായിരുന്നു .
”ദു ഷ്ടൻ, ഇത്ര കഠിനഹൃദയനായിരുന്നോ ഇവൻ “
താനെത്ര മാത്രം സ്നേഹിച്ചതാണവനെ…
ആദ്യ കല്യാണാലോചന വന്നപ്പോഴെ താൻ അച്ഛനോട് പറഞ്ഞിരുന്നു, തനിക്ക് മാധവേട്ടനോടൊപ്പം ജീവിച്ചാൽ മതിയെന്ന്.
“അത് ശരിയാവില്ല മോളെ “
അച്ഛൻ എതിർപ്പ് പ്രകടിപ്പിച്ചു.
“എന്ത് കൊണ്ട് ശരിയാവില്ല, മാധവൻ അന്യനൊന്നുമല്ലല്ലോ? അമ്മയല്ലേ പറഞ്ഞ് പഠിപ്പിച്ചത് മീര, മാധവന്റെ പെണ്ണാണെന്ന്”
സങ്കടത്തോടെ അടുക്കളയിൽ ചെന്ന് അമ്മയോടാണ് അന്ന് പരിഭവിച്ചത്.
“എനിക്കറിയില്ല മോളെ അച്ഛനെന്തിനാ എതിർക്കുന്നതെന്ന് “
ഒടുവിൽ അമ്മയും കൈയ്യൊഴിഞ്ഞപ്പോൾ താൻ മാധവന്റെയരികിലെത്തി.
“നമുക്ക് എങ്ങോട്ടെങ്കിലും പോകാം മാധവാ, നിന്നെയല്ലാതെ മറ്റൊരാളെയും എനിക്കിനി ഭർത്താവായി സങ്കല്പ്പിക്കാൻ കഴിയില്ല “
“ഇല്ല മീരേ..അത് നടക്കില്ല, ഞാൻ അമ്മാവന് വാക്ക് കൊടുത്ത് പോയി, നിന്റെ വിവാഹം കഴിഞ്ഞാൽ ഞാൻ ഈ നാട്ടിൽ നിന്ന് പോകും, വിദേശത്തൊരു ജോലി അമ്മാവൻ ശരിയാക്കിയിട്ടുണ്ട്, സ്വന്തമല്ലാതിരുന്നിട്ടും, എന്നെ മകനെ പോലെ വളർത്തിയ അദ്ദേഹം തന്നെയാണ് എനിക്ക് നിന്നെക്കാൾ വലുത് “
നിർദ്ദയമായി തന്നെ അവഗണിച്ച മാധവനെ, ശപിച്ച് കൊണ്ടാണ് താൻ അച്ഛനോട് കല്യാണത്തിന് സമ്മതം മൂളിയത് .
“നന്നായി വരും മോളേ “
അനുഗ്രഹാശിസ്സുകളോടെ മകളെ യാത്രയാക്കിയിട്ട്, മീരയുടെ അച്ഛൻ തിരിഞ്ഞപ്പോൾ ദൂരെ ഓഡിറ്റോറിയത്തിന്റെ ഒരു തൂണിൽ ചാരി നിറകണ്ണുകളോടെ നില്ക്കുന്ന മാധവനെയാണ് കണ്ടത്.
അയാൾ അടുത്ത് നിന്ന ഭാര്യയെ നോക്കിയിട്ട്, വേഗം നടന്ന് മാധവന്റെയരികിലെത്തി.
“മോനെ ആങ്ങളയുടെ സ്ഥാനത്ത് നിന്ന് നീ എല്ലാം ഭംഗിയായി നിർവ്വഹിച്ചു “
“ഒരച്ഛന് കൊടുക്കാവുന്ന ഏറ്റവും വലിയ സഹായമാണ് മോൻ ചെയ്തത്. എന്റെ രക്തത്തിൽ പിറന്ന മകനെ തന്നെയാണ് എന്റെ അപ്പച്ചിയുടെ മകൾ എനിക്ക് തന്നതെന്ന്, ഇപ്പോൾ മൂന്നാമതൊരാൾ കൂടി അറിഞ്ഞിരിക്കുന്നു, ഇനിയൊരാൾ കൂടി ഈ രഹസ്യം അറിഞ്ഞാൽ തകരുന്നത് രണ്ട് കുടുംബങ്ങളാണ്, അത് കൊണ്ട്, ഒരു കാരണവശാലും മോന്റെ വായിൽ നിന്നും ഈ സത്യം ഇനി പുറത്ത് വരരുത്, ഇതച്ഛന്റെ ഒരപേക്ഷയാണ് “
അയാൾ മാധവന് മുന്നിൽ കൈകൂപ്പി.
“എന്താ അച്ഛാ ഇത് , അത് വേണമെങ്കിൽ എനിക്ക് എപ്പോഴെ ആകാമായിരുന്നു, അച്ഛന്റെ ഈ തുറന്ന് പറച്ചിലിലൂടെ ഒരു വലിയ തെറ്റിൽ നിന്നും ഞാൻ രക്ഷപെട്ടില്ലേ?അല്ലായിരുന്നെങ്കിൽ, സ്വന്തം സഹോദരിയെ ഞാൻ അറിയാതെ ഭാര്യയാക്കേണ്ടി വരില്ലായിരുന്നോ?നന്ദിയുണ്ട് അച്ഛാ..സ്വന്തം മകനാണെന്ന് തിരിച്ചറിഞ്ഞപ്പോൾ മുതൽ എന്നെ കൂടെ നിർത്തിയതിനും, എന്റെ ഭാവിക്കായി മുൻകരുതലെടുത്തതിനുമെല്ലാം “
“ശരിമോനെ…നാളെ പോകാൻ തയ്യാറായിക്കോ, ഇനി മുതൽ മറ്റുള്ളവരുടെ മുന്നിൽ വീണ്ടും നമ്മൾ അമ്മാവനും മരുമകനുമായിരിക്കും “
അപ്പോഴേക്കും തന്റെ ഭാര്യ അടുത്തേക്ക്നടന്ന് വരുന്നത് കണ്ട് അയാൾ തിരിച്ച് നടന്നു.
~സജിമോൻ തൈപറമ്പ്.