വർത്തമാനകാലം…
Story written by Ammu Santhosh
==========
“കോഫീ?” അമൻ ചോദിച്ചു
“നോ ടീ ” പ്രിയ മറുപടി പറഞ്ഞു.
“ഒരു കോഫീ ഒരു ടീ ” അയാൾ വെയ്റ്ററോടു പറഞ്ഞു
“കഴിക്കാൻ എന്താ?”
“മസാലദോശ ” അവൾക്ക് സംശയം ഉണ്ടായിരുന്നില്ല.
“ഒരു മസാലദോശ ഒരു സെറ്റ് പൂരി മസാല “
അവൻ വീണ്ടും പറഞ്ഞു
ഓർഡർ എടുത്തു അയാൾ പോയി കഴിഞ്ഞു അമൻ അവളുടെ മുഖത്ത് നോക്കി
“പറയു എന്താ വിശേഷങ്ങൾ?”
“സുഖം…എക്സാം ആണ് നെക്സ്റ്റ് മന്ത്…അതിന്റെ ഒരു preparation..”
“ഞാൻ ഡൽഹിക്ക് പോകുന്നു. ഒരു ട്രെയിനിങ്..ഒരു മൂന്ന് മാസം ഉണ്ടാവും അത്.. “
“ഒറ്റയ്ക്ക്?”
“Yes.. “
“ഫുഡ് ഒക്കെ?”
“എനിക്ക് കുക്കിംഗ് അറിയാം..ഡൽഹിയിൽ എനിക്ക് ഫ്ലാറ്റ് ഉണ്ട്..ഞാൻ ജനിച്ചു വളർന്ന സ്ഥലമാണ്. പേരെന്റ്സ് റിട്ടയർ ചെയ്തപ്പോഴല്ലേ ഇവിടെ സെറ്റിൽ ആയത് “
അവൾ തലയാട്ടി
അവനിതു വരെ അവളോട് വളരെ വ്യക്തി പരമായ ഒന്നും ചോദിച്ചിട്ടില്ലല്ലോ എന്നവൾ ഓർക്കാറുണ്ട്. വീട്ടുകാർ നിശ്ചയിച്ച ഒരു ബന്ധമായിരുന്നു അത്. ഇങ്ങനെ കൂടിക്കാഴ്ചകൾ ഇടക്ക് ഉണ്ടാവാറുണ്ട്. ഒരു വർഷം കഴിഞ്ഞാണ് കല്യാണം. അവൻ സാധാരണ ചെക്കന്മാരെ പോലെ ഡെയിലി വിളിക്കാറില്ല, മെസ്സേജ് അയയ്ക്കാറില്ല.
“അമൻ…?”
“Yes..”
“അമന് ഇടയ്ക്ക് എന്നെ കാണാൻ തോന്നാറില്ലേ? അല്ല..എന്റെ ഫ്രണ്ട്സിന്റെയൊക്കെ ചെക്കന്മാർ വന്നു കാണുന്നതും വീഡിയോ കാളുകൾ വിളിക്കുന്നതും ഒക്കെ കാണാറുണ്ട്. അവരൊക്കെ അവരോടെല്ലാം തുറന്നു പറയും പണ്ട് എങ്ങനെ ആയിരുന്നു, ആരെയൊക്കെ സ്നേഹിച്ചിട്ടുണ്ട്, ഏറ്റവും ഇഷ്ടം ഉള്ള ഭക്ഷണം, നിറം, ഇഷ്ടങ്ങൾ അമൻ അങ്ങനെ ഒന്നും എന്നോട് ചോദിച്ചിട്ടില്ല. എന്നെ ദിവസവും വിളിക്കാറ് പോലുമില്ല. ശരിക്കും എന്നെ ഇഷ്ടമാണോ അമന്?”
അമൻ മെല്ലെ ഒന്ന് പുഞ്ചിരിച്ചു
“ഐ ലവ് യൂ…”
അവൻ സാന്ദ്രമായ സ്വരത്തിൽ പറഞ്ഞു
പ്രിയയുടെ മുഖം ഒറ്റ നിമിഷം കൊണ്ട് കടും ചുവപ്പായി. അവൾ മുഖം താഴ്ത്തി കളഞ്ഞു..ഹൃദയത്തിൽ ഒരു കടൽ ഇളകുന്നത് പോലെ..
“പക്ഷെ എപ്പോഴും വിളിക്കാനും മെസ്സേജ് അയക്കാനുമൊന്നും എനിക്ക് പറ്റില്ല. ഒന്നാമത് ഞാൻ സെൽ ഫോൺ അഡിക്ടല്ല..രണ്ടാമത് നല്ല തിരക്കുള്ള ജോലിയാണ്. പ്രിയയ്ക്ക് എന്നെ ഇഷ്ടമാണെന്നും താൻ എന്റെയാണെന്നും എനിക്ക് അറിയാം. പിന്നെ…പാസ്ററ് എനിക്ക് അറിയണ്ട. പ്രിയയ്ക്ക് ഒരു അഫയർ ഉണ്ടായിരുന്നു എന്ന് അറിഞ്ഞിട്ട് എനിക്ക് എന്താ ഗുണം? പ്രിയ ഇപ്പൊ ആരാണ് എന്ന് അറിഞ്ഞാ പോരെ? അത് പോലെ ഞാൻ വല്ല പെൺകുട്ടികളെയും സ്നേഹിച്ചിരുന്നോ എന്ന് അറിഞ്ഞിട്ട് പ്രിയയ്ക്കും വലിയ ഗുണമൊന്നുമില്ല..”
“ശരിക്കും ആരെങ്കിലും ഉണ്ടായിരുന്നോ?”
പ്രിയ പെട്ടെന്ന് ചോദിച്ചു
അമൻ പൊട്ടിച്ചിരിച്ച് പോയി
അമന്റെ ഭംഗി ആ ചിരിയിൽ ഇരട്ടിച്ചു..അവന്റെ മൂക്കിൻ തുമ്പു ചുവക്കുന്നത് അവൾ കൗതുകത്തോടെ നോക്കിയിരുന്നു.
ഇത്രയും സുന്ദരനായ ഒരാളെ ആരും പ്രേമിച്ചില്ല എന്ന് ഞാൻ വിശ്വസിക്കില്ല “
അവൾ മെല്ലെ പറഞ്ഞു
“എന്നെ പ്രണയിച്ചിട്ടുണ്ടാവും…എനിക്ക് ഇല്ലായിരുന്നു. എക്സ്പീരിയൻസ് കുറവാണ് മോളെ. അതാണ് ഇയാൾ ഇപ്പൊ കംപ്ലയിന്റ് പറയുന്നത് വിളിക്കുന്നില്ല വീഡിയോ കാൾ ചെയ്യുന്നില്ല ഫോട്ടോ ചോദിക്കുന്നില്ല… Etc “
അവളും ചിരിച്ചു പോയി
“പക്ഷെ ഞാൻ…” അവൻ പെട്ടെന്ന് കൈ ഉയർത്തി അവളെ തടഞ്ഞു
“പ്രണയിച്ചിട്ടുണ്ടാകും പിരിഞ്ഞിട്ടുണ്ടാവും..അതൊന്നും എന്നോട് പറയണ്ട..എനിക്ക് പാസ്ററ് അറിയണ്ട. അല്ലെങ്കിലും പാസ്റ്റിൽ ജീവിക്കുന്നത് മനുഷ്യൻ മാത്രം ആണ്. നോക്കു ഏതെങ്കിലും ജീവജാലങ്ങൾ പാസ്റ്റിൽ ജീവിക്കുന്നുണ്ടോ?പ്രസന്റിൽ ജീവിക്കണം..That is fare “
“അതല്ല അമൻ എനിക്ക് അത് പറയണം അല്ലെങ്കിൽ ശ്വാസം മുട്ടിപ്പോകും..എനിക്കൊരാളെ ഇഷ്ടമായിരുന്നു. പ്രവീൺ എന്നാ പേര്..കോളേജിൽ എന്റെ സീനിയർ ആയിരുന്നു…ഒരിക്കൽ ഞാൻ ചെയ്യാത്ത ഒരു കുറ്റം ആരോപിച്ച് അയാൾ എന്റെ മുഖത്തടിച്ചു..അതും എല്ലാരും കാണെ. ടോക്സിക്കായ ഒരു ബന്ധം ആയിരുന്നു അത്..അങ്ങനെ അവസാനിക്കുകയും ചെയ്തു. ഇന്ന് ഞാൻ അയാളുടെ ശത്രു ആണ്..എന്നെങ്കിലും അയാൾ അമന്റെ മുന്നിൽ വരും..അപ്പൊ അറിയുന്നതിലും നല്ലതല്ലേ ഞാൻ പറയുന്നത്?”
“നല്ലതാണോ എന്ന് ചോദിച്ചാൽ..ഇത് ഇപ്പൊ പ്രിയ പറഞ്ഞില്ലെങ്കിലും ഒന്നുമില്ല. ഞാൻ അങ്ങനെ ഒരാളെ മറ്റൊരാൾ പറയുന്നത് കേട്ട് മാത്രം വിലയിരുത്തുന്ന ഒരാളല്ല ഞാൻ..എന്നോടൊരാൾ വന്നു പറയുന്നു ഞാൻ പ്രിയയുടെ കാമുകനാണ് ഞങ്ങൾ കുറെ നാൾ ഒന്നിച്ചായിരുന്നു കൂടെ തെളിവ് കുറെ ഫോട്ടോകൾ, വീഡിയോസ്…പോയി പണി നോക്കാൻ പറയും ഞാൻ..സത്യം…നമ്മുടെ പെണ്ണ് വേറെയൊരാളുടേതാകുന്നെങ്കിൽ പകുതി കാരണം നമ്മൾ തന്നെ ആണ്…”
അവൻ അവളുടെ കയ്യിൽ മെല്ലെ തൊട്ടു
“ഐ ട്രസ്റ്റ് യൂ “
അവളുടെ കണ്ണ് നിറഞ്ഞു
“പക്ഷെ ഞാൻ ഒരു നല്ല കാമുകനല്ല പകരം മികച്ച ഒരു ഭർത്താവ് ആയിരിക്കും…വാക്ക് “
അവൾ മെല്ലെ തലയാട്ടി
തിരിച്ചു പോകുമ്പോൾ പഠിക്കാനിരിക്കുമ്പോൾ ഒക്കെ ഉള്ളിൽ അമൻ മാത്രം..ഈശ്വര എന്ത് കഷ്ടാണ്..അമനെ ഒന്ന് വിളിച്ചാലോ…അല്ലെങ്കിൽ വേണ്ട എന്താ വിചാരിക്കുക..ഒടുവിൽ അവൾ വിളിച്ചു
“എത്തിയോ അമൻ?”
“Yes… എയർപോർട്ടിൽ നിന്ന് ദേ ഫ്ലാറ്റിലേക്ക് വന്നു കയറി..ഇനി ഫ്രഷ് ആകും then കുക്കിംഗ്…ഞാൻ നല്ല ഒരു ഫുഡിയാണ്..”
“എന്താ ഏറ്റവും ഇഷ്ടം?”
“മഷ്റൂം ഫ്രൈ..ബട്ടർ നാൻ “
“എനിക്ക് ചോറും മീനും ” അവൾ പറഞ്ഞു
അവൻ ഒന്ന് നിശബ്ദനായി
“ഞാൻ എപ്പോഴും വിചാരിക്കും ഞാനും അമനും ഓപ്പോസിറ്റ് ആണല്ലോന്ന്. എനിക്ക് മഷ്റൂം ഇഷ്ടമല്ല “
“Opposite poles attracts “
അവൻ മെല്ലെ പറഞ്ഞു . അവളാണ് അപ്പൊ സൈലന്റ് ആയത്..
“വെയ്ക്കട്ടെ ഗുഡ്നൈറ്റ് “
അവൻ ചോദിച്ചു
അന്ന് പ്രിയ പറഞ്ഞതൊക്കെ അവന്റെ ഓർമയിലേക്ക് വന്നു
കുറച്ചു നാൾ മുൻപുള്ള ഒരു സന്ധ്യയും..
ഒരാൾ കാണാൻ വന്നിട്ടുണ്ട് എന്ന് സഹായി അരവിന്ദൻ ചേട്ടൻ വന്നു പറഞ്ഞപ്പോൾ അത് ഇങ്ങനെ ഒരാളാണെന്ന് പ്രതീക്ഷിച്ചില്ല. നന്നായി മ ദ്യപിച്ച ഒരാൾ.
“എന്റെ പേര് പ്രവീൺ..ഞാനും പ്രിയയും തമ്മിൽ…”
അത് താൻ ഊഹിച്ചു പറഞ്ഞു തുടങ്ങിയപ്പോൾ തന്നെ…
അയാൾ കാണിച്ച ഫോട്ടോസ് ഒക്കെ കണ്ടു. പ്രത്യേകിച്ച് ഒന്നും തോന്നിയില്ല എന്നതാണ് സത്യം. കാരണം ഏത് പെൺകുട്ടിയും ഉപേക്ഷിച്ചു പോയേക്കാവുന്ന മൃഗയത അയാളുടെ കണ്ണിലും വാക്കിലും ഉണ്ടായിരുന്നു..
“അതേയ് പ്രവീൺ..ഇതൊക്കെ ഭയങ്കര ചീപ് അല്ലെ. കാമുകിയായിരുന്നവളെ കല്യാണം കഴിക്കാൻ പോകുന്നവന്റെ മുന്നിൽ ഇങ്ങനെ പ്രേസേന്റ് ചെയുന്നത്? നമ്മളെ വേണ്ടെങ്കിൽ നമുക്കും വേണ്ടെടോ..ഞാനെന്തായാലും പ്രിയയെ കെട്ടും. താൻ പോയി പണി നോക്ക് “
അരവിന്ദൻ ചേട്ടനോട് അയാളെ പിടിച്ചു പുറത്താക്കാൻ പറയേണ്ടി വന്നു…
പ്രിയ ഇത് പറഞ്ഞില്ലായിരുന്നെങ്കിലും തനിക്ക് ഒന്നും തോന്നില്ല
ഇന്നലെകളെ തനിക്ക് വേണ്ട..അവളുടെ ഇന്നിനെ മതി…അവളെ മതി…