മാമ്പൂവ്
Story written by Saji Thaiparambu
===========
മക്കളുടെ മുന്നിൽ നില്ക്കുമ്പോൾ വല്ലാത്ത നാണം തോന്നിയ ദിവസമായിരുന്നു ഇന്ന്.
ഇരുപത്തിയഞ്ചാം വിവാഹ വാർഷികം ആഘോഷിക്കണമെന്ന് മോനായിരുന്നു നിർബന്ധം
കഴിഞ്ഞ വർഷം വരെ ഇങ്ങനെയൊരു ദിവസം കടന്ന് പോയത് അറിഞ്ഞിട്ടേയില്ല.
അതെങ്ങനറിയാനാ ജീവിക്കാൻ തന്നെ മറന്ന് പോയ ദിനങ്ങളായിരുന്നല്ലോ…
എല്ലാ കഷ്ടപ്പാടുകൾക്കും ഒടുവിൽ നാല് വർഷം മുമ്പാണ് മോൻ ഗൾഫിലേക്ക് പോയത്.
മക്കളുടെ ഭാവി സുരക്ഷിതമാക്കാനുള്ള നെട്ടോട്ടത്തിനിടയിൽ ഞാനും അദ്ദേഹവും ജീവിക്കാൻ തന്നെ മറന്നുപോയി എന്നുള്ളതാണ് സത്യം.
ഈ കാലയളവിൽ രണ്ട് പെൺമക്കളെയും തെറ്റില്ലാതെ കെട്ടിച്ചയച്ചു, മോനെ എൻജിനീയറാക്കി വിദേശത്തേക്ക് ജോലിക്കയക്കാൻ കഴിഞ്ഞു.
ഇനി അവൻറെ വിവാഹമാണ് ഞങ്ങളുടെ സ്വപ്നം…
“രണ്ടുപേരും കൂടി ഇനി കേക്ക് മുറിക്കുന്ന ചടങ്ങാണ് “
മോൻ വിളിച്ചുപറഞ്ഞു.
“ഇനി ഒരു കഷണം എടുത്തു അച്ഛൻറെ വായിലേക്ക് വെച്ച് കൊടുക്കമ്മേ “
മകൾ അത് പറയുമ്പോൾ, ഞാൻ വല്ലാതെ ചൂളിപ്പോയി.
“എന്തിനാ ഇങ്ങനെ നാണിക്കുന്നത്, ഇത് ഇരുപത്തിയൊന്നാം നൂറ്റാണ്ടല്ലേ?
മടിച്ചു നിന്ന എന്നോട് മോൻ ആവർത്തിച്ചു പറഞ്ഞു.
ലജ്ജയോടെ, ഒരു കഷണം കേക്ക് എടുത്ത്, ഞാൻ അദ്ദേഹത്തിൻറെ വായിൽ വച്ചു കൊടുത്തു, ഒരു കൂസലുമില്ലാതെ അദ്ദേഹം തിരിച്ച് ഒരു കഷണം എൻറെ വായിലും വച്ച് തന്നു.
പിന്നെ, വിളിച്ചുവരുത്തിയ അടുത്ത ബന്ധുക്കൾക്ക് വിഭവസമൃദ്ധമായ സദ്യയും നൽകിയാണ് ആ ചടങ്ങ് അവസാനിച്ചത്.
“അമ്മേ…ഞാൻ നയനയെ ബസ് കയറ്റി വിട്ടിട്ടു വരാട്ടോ “
മോൻ ക്ഷണിച്ച ഫ്രണ്ട്സിന്റെ കൂട്ടത്തിൽ, ആ പെൺകുട്ടിയും ഉണ്ടായിരുന്നു, ചടങ്ങുകൾ തീരുന്നതുവരെ.
നഗരത്തിലായിരുന്നു അവളുടെ വീട്, വേഷവിധാനങ്ങൾ കണ്ടിട്ട് എന്റെ പെൺമക്കൾക്ക് പോലും അവളെ തീരെ പിടിച്ചിട്ടില്ല, അപ്പോൾ പിന്നെ, എൻറെ കാര്യം പറയണോ?
“അമ്മേ…എന്നാൽ ഞങ്ങളും ഇറങ്ങുവാ, നേരം ഒരുപാടായി, സുകുവേട്ടന് ചെന്നിട്ട് പിരിവിന് പോകേണ്ടതാണ് “
“രാജിയേച്ചീ…ഞങ്ങളും കൂടി വരുന്നു, ഇനിയിപ്പോൾ വിനുവേട്ടൻ ഇങ്ങോട്ട് വരേണ്ടല്ലോ “
ഇളയ മകൾ ജിജിയുടെ ഭർത്താവ് നേരത്തെ തന്നെ വീട്ടിലേക്ക് പോയിരുന്നു.
അവരുടെ വീടിൻറെ പണി നടക്കുന്നത് കൊണ്ട്, ജോലിക്കാർക്ക് കൂലി കൊടുക്കാൻ ആണ് പോയത്.
രാജിയേയും, ജിജിയേയും വിവാഹം കഴിച്ചയച്ചിരിക്കുന്നത് ഏതാണ്ട് അടുത്തടുത്ത വീടുകളിൽ തന്നെയാണ്, പറഞ്ഞുവരുമ്പോൾ രണ്ടുപേരുടെയും ഭർത്താക്കന്മാരും ബന്ധുക്കളായി വരും.
എല്ലാവരും പോയി കഴിഞ്ഞപ്പോൾ രവിയേട്ടൻ എൻറെ അടുത്തു വന്നിരുന്നു.
“ഇതെന്താ ഷർട്ടും മുണ്ടും ഒന്നും അഴിക്കുന്നില്ലേ? ഇത് തന്നെ ഇട്ടു നടക്കാനാണോ പ്ലാൻ “
ചിരിച്ചുകൊണ്ട് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.
“എന്തായാലും ഞാൻ ഇത് നാളെയെ അഴിക്കുന്നുള്ളൂ, എത്ര നാളായി നമ്മൾ രണ്ടാളും നല്ല വസ്ത്രം ധരിച്ചിട്ട് , ഇത് അവൻ ഗൾഫിൽ നിന്ന് കൊണ്ട് വന്നതല്ലേ?”
സന്തോഷത്തോടെയും, അതിലേറെ അഭിമാനത്തോടെയും അദ്ദേഹമത് പറഞ്ഞപ്പോൾ, എന്തിനോ അറിയാതെ എൻറെ കണ്ണുകൾ ഈറനായി.
എൻറെ മനസ്സറിഞ്ഞതുകൊണ്ടാണോ എന്നറിയില്ല, അദ്ദേഹം എന്നെ ചേർത്തുപിടിച്ചു.
വർഷങ്ങൾ ഇത്ര കഴിഞ്ഞിട്ടും മക്കളും ചെറുമക്കളും ഒക്കെ ആയിട്ടും എന്റെ മനസ്സിപ്പോഴും ആ നരച്ച നെഞ്ചിലെ ചൂടിനായി വെമ്പൽ കൊണ്ടു.
മോന്റെ ബുള്ളറ്റിന്റെ ശബ്ദം കേട്ടപ്പോൾ, ഞാൻ എഴുന്നേറ്റു അടുക്കളയിലേക്കു പോയി.
“അമ്മേ…എനിക്കൊരു കാര്യം പറയാനുണ്ടായിരുന്നു “
ബൈക്ക് ഒതുക്കി വെച്ചിട്ട്, മോൻ എന്റെ പിന്നാലെ അടുക്കളയിലേക്ക് വന്നു.
“എന്താ മോനേ?”
“നയനയെ എനിക്കിഷ്ടമാണ്, അവൾക്ക് എന്നെയും, ദുബായിൽ എൻറെ കമ്പനിയിൽ തന്നെയാണ്, അവൾ ജോലി ചെയ്യുന്നത്, ഞങ്ങൾ കുറച്ചുനാളായി ഒന്നിച്ചാണ് താമസിക്കുന്നത്, ഞാൻ ലീവിന് വന്നപ്പോൾ, അവളും എൻറെ കൂടെ വന്നിരിക്കുന്നത് എന്തിനാണെന്ന് അമ്മയ്ക്കറിയാമോ?”
“ഇല്ല, എന്തിനാ മോനേ?
“ഇവിടെ വച്ച് വിവാഹം രജിസ്റ്റർ ചെയ്തിട്ട് പോകാനാ”
“എന്തൊക്കെയാ മോനെ..ഈ പറയുന്നത്, അമ്മയ്ക്ക് ഒന്നും മനസ്സിലാകുന്നില്ല, നിന്റെ വിവാഹത്തെക്കുറിച്ച് ഞങ്ങൾ ആലോചിക്കുന്നുണ്ട് , അല്ലാതെ മോൻ പറയുന്ന പെൺകുട്ടി…അത് നമുക്ക് ചേർന്ന ഒരു ബന്ധം അല്ല മോനേ…നിന്റെ പെങ്ങമ്മാർക്ക് പോലും അവളെ ഇഷ്ടമല്ല “
“പെങ്ങമ്മാർ ആണോ എൻറെ കാര്യം തീരുമാനിക്കുന്നത്, എനിക്ക് അമ്മയുടെയും അച്ഛന്റെയും സമ്മതം അറിഞ്ഞാൽ മതി “
“ഇല്ല അത് ഒരിക്കലും നടക്കില്ല മോനേ..നിനക്ക് ഞങ്ങൾ കണ്ടെത്തും നല്ലൊരു പെൺകുട്ടിയെ, അവളെയാണ് മോൻ വിവാഹം കഴിക്കേണ്ടത് “
രവിയേട്ടൻ അങ്ങോട്ട് വന്നു ഇടയിൽ കയറി പറഞ്ഞു.
“അത് ശരിയാവില്ലച്ഛാ…ഞാൻ നയനക്ക് വാക്ക് കൊടുത്തു പോയി “
“നീയെന്തസംബന്ധമാണ് മോനെ ഈ പറയുന്നത്, നിൻറെ അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ സ്വന്തം ഇഷ്ടത്തിനാണോ നിൻറെ ജീവിതം നീ തിരഞ്ഞെടുക്കുന്നത് “
“ഞാൻ പത്തിരുപത്തിനാല് വയസ്സുള്ള പുരുഷനല്ലേ അച്ഛാ…ഇനി എൻറെ കാര്യം ഞാനല്ലേ നോക്കേണ്ടത്, അല്ലാതെ വീട്ടിൽ ചൊ റിയും കുത്തിയിരിക്കുന്ന അച്ഛനാണോ “
“അച്ഛനോട് തർക്കുത്തരം പറയുന്നോടാ നീ…”
അദ്ദേഹത്തിന്റെ നേരെ അവന്റെ ശബ്ദമുയർന്നപ്പോൾ, അറിയാതെ എൻറെ വലതുകരം അവൻറെ കവിളത്തു വീണു.
“മ്ഹും, എന്റെ ചിലവിൽ കഴിഞ്ഞിട്ട് ,രണ്ടാളും കൂടി എന്നെ ഭരിക്കുന്നോ?”
ചവിട്ടിത്തുള്ളി അവൻ സ്വന്തം മുറിയിലേക്ക് കയറിപ്പോയപ്പോൾ അവനെ തല്ലേണ്ടിയിരുന്നില്ല എന്നെനിക്കപ്പോൾ തോന്നി.
പുറകെ ചെന്ന്, അടഞ്ഞ് കിടന്ന അവന്റെ മുറിവാതിലിൽ ഞാൻ തുടരെ മുട്ടി.
“മോനേ…അമ്മ പെട്ടെന്നുള്ള ദേഷ്യത്തിൽ നിന്നെ തല്ലിപ്പോയതാടാ, നീ ക്ഷമിക്ക് വാതില് തുറക്ക് മോനേ… “
പക്ഷേ അവൻ വാശിയിലായിരുന്നു.
അന്ന് ആരും അത്താഴം കഴിക്കാതെയാണ് കിടന്നുറങ്ങിയത്.
തലേദിവസത്തെ ജോലിക്കൂടുതൽ കൊണ്ട് അന്ന് രാത്രി ബോധം കെട്ടുറങ്ങിപ്പോയി.
പിറ്റേന്ന് വളരെ വൈകിയാണ് എഴുന്നേറ്റത്.
അദ്ദേഹത്തിന് ചായകൊടുത്ത് കഴിഞ്ഞ്, മോന്റെ മുറിയിലേക്ക് ഒരു കപ്പ് ചായയുമായി ചെന്ന ഞാൻ കണ്ടത്, കട്ടിലിൽ എഴുതി വച്ചിരിക്കുന്ന ഒരു കുറിപ്പായിരുന്നു.
ഞാൻ പോകുന്നു, ഇനി ഒരു തിരിച്ച് വരവ് ഉണ്ടാവില്ല, ഞാനുണ്ടാക്കിയ ഈ വീടും ,ഇതിരിക്കുന്ന അഞ്ച് സെൻറ് സ്ഥലവും രാത്രി തന്നെ എന്റെ ഒരു സുഹൃത്തിന് കച്ചവടമാക്കിയിട്ടുണ്ട്, ഏതാനും ദിവസങ്ങൾക്കുള്ളിൽ രജിസ്ട്രേഷൻ കഴിഞ്ഞാലുടൻ, അവനും കുടുംബവും താമസത്തിന് വരുമ്പോൾ, രണ്ടാളും ഇറങ്ങി കൊടുക്കണം, ഇനി എന്റെ ഗൾഫ് നമ്പറിലേക്ക് വിളിക്കാൻ ശ്രമിക്കേണ്ട, എന്നെ കിട്ടില്ല, ശരി.
കത്ത് വായിച്ച് കഴിഞ്ഞ് ഒരു നിലവിളിയോടെ ഞാൻ നിലത്തേക്കിരുന്നു.
“എന്താ..എന്ത് പറ്റി ലതികേ…?”
ശബ്ദം കേട്ട് ഓടി വന്ന അദ്ദേഹത്തിന്റെ കയ്യിലേക്ക് ഞാൻ എഴുത്ത് കൊടുത്തു.
“ഹ ഹ ഹ, ഇതൊക്കെ ഞാൻ പ്രതീക്ഷിച്ചിരുന്നതാടീ… “
പൊട്ടിച്ചിരിച്ച് കൊണ്ട് അദ്ദേഹമത് പറയുമ്പോഴും, ആ കണ്ണിൽ നിന്ന് ചുടുകണങ്ങൾ നിലത്തേക്കിറ്റു വീഴുന്നത് ഞാൻ വേദനയോടെ കണ്ടു.
“പോകാൻ പറയെടീ അവനോട്…അല്ലേലും പഴമക്കാർ പറയാറില്ലേ? മക്കളെ കണ്ടുo, മാമ്പൂ കണ്ടും മോഹിക്കരുതെന്ന്, ഇപ്പോഴും ഞാൻ അദ്ധ്വാനിച്ചുണ്ടാക്കിയ ആ കുടില് അവിടെ തന്നെയില്ലേ? നമുക്ക് അങ്ങോട്ട് തന്നെ പോകാമെടി…നീയിങ്ങോട്ടിറങ്ങി വാ, ഇപ്പോഴും നിന്നെ പട്ടിണി കൂടാതെ പോറ്റാനുള്ള ആരോഗ്യമെനിക്കുണ്ട്, അതിനുള്ള ചങ്കുറപ്പുമുണ്ട് “
അദ്ദേഹത്തിന്റെ ആ ദൃഡതയുള്ള വാക്കുകൾ മതിയായിരുന്നു എനിക്ക്, ആ കൈയ്യും പിടിച്ച് കൂടെ ഇറങ്ങിച്ചെല്ലാൻ…
~സജിമോൻ തൈപറമ്പ്.