അവൾ അവന്റെ ബൈക്കിന്റെ പിന്നിൽ കേറി പോകുന്നത് ഞാൻ അന്തം വിട്ട് നോക്കി നിന്നു…

അവൻ

Story written by Ammu Santhosh

============

“ദേ ആ കൊച്ചിനെ എനിക്ക് ഇഷ്ടമാണെടാ “

അവൻ ചൂണ്ടി കാണിച്ച പെണ്ണിനെ ഞാൻ നോക്കി. എന്നിട്ട് അവനെയും.

ഇവനിതെന്തു ഭാവിച്ച എന്നായിരുന്നു അപ്പൊ എന്റെ ഭാവം. കാരണം ആ പെൺകുട്ടി അസ്സല് പെൺകുട്ടിയായിരുന്നു. ഇവൻ മോശമാണ് എന്നല്ല. ആ കൊച്ച് ഒത്തിരി നല്ലതാണ് എന്നാണ്. അടിപൊളി ആണ്. ഒരു ദിവസം ജോലിയില്ലെങ്കിൽ കഷ്ടമാണ് ഇവന്റെ കാര്യം. ഇവനെ പോലെയുള്ളവരെ നോക്കുക പോലും ചെയ്യില്ല ഇമ്മാതിരി പെൺകുട്ടികൾ എന്ന എന്റെ അനുഭവം. സ്വത്തും ജോലിയുമൊക്കെ അളവുകോലുകളാണ് ഇന്നത്തെ പ്രണയത്തിന്.

“ആ കൊച്ചു പഠിക്കുകയാണോ?” ഞാൻ ചോദിച്ചു

“റിപ്പോർട്ടർ ആണ് ഏതോ ചാനലിൽ “

അവൻ കണ്ണെടുക്കാതെ പറഞ്ഞു

ബെസ്റ്റ്…

“നീ എന്തിനാ മോനെ വെറുതെ വെള്ളം അടുപ്പത്തു വെയ്ക്കുന്നെ?” ഞാൻ ചോദിച്ചപ്പോൾ അവൻ ചിരിച്ചു

“സ്നേഹിക്കാൻ യോഗ്യത ഒന്നും വേണ്ടെന്നേ. അവൾ അറിയണം എന്ന് പോലും എനിക്കില്ല. പക്ഷെ എനിക്ക് ആദ്യമായി ഇഷ്ടം തോന്നിയ ഒരു പെണ്ണാ. ഞാൻ ഇഷ്ടപ്പെട്ടോട്ടെ ടാ “

ഞാൻ തലയാട്ടി. ആയിക്കോട്ടെ. കോളേജിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. അന്നൊന്നും അവനിമ്മാതിരി വാചകങ്ങൾ എന്നോട് പറഞ്ഞിട്ടില്ല. പഠിക്കുക മാത്രം ആയിരുന്നു ആശാന്റെ ഹോബി. അച്ഛൻ പെട്ടെന്ന് മരിച്ചപ്പോ പഠനം ഒക്കെ നിർത്തി അവൻ ജോലിക്കിറങ്ങി രോഗിയായ അമ്മയ്ക്ക് അവൻ മാത്രമേയുണ്ടായിരുന്നുള്ളു.പിന്നെ വേണേൽ പഠിക്കാം അല്ലെങ്കിൽ പ്രൈവറ്റ് ആയി പഠിക്കാം എന്ന് അപ്പോഴും അവൻ ആത്മവിശ്വാസത്തോടെ ചിരിയോടെ പറഞ്ഞു

ആ പെൺകുട്ടി ബസിന് കാത്ത് നിൽക്കുകയായിരുന്നു എന്ന് തോന്നുന്നു. കുറച്ചു നേരം കഴിഞ്ഞു അവൾ ഞങ്ങൾക്കരികിലേക്ക് വന്നു

“ചേട്ടാ ഇനിയെപ്പോഴാ ഈ വഴി ബസ്?”

“ഇനി ഒരു മണിക്കൂർ കഴിഞ്ഞേ ഉള്ളു “

അവൻ തന്നെ മറുപടി പറഞ്ഞു

“ഈശ്വര!” ചേട്ടാ ഞാൻ ഇവിടെ ഒരു വർക്കിന്റെ കാര്യത്തിന് വന്നതാ. പ്രൈവസി വേണ്ട ഒരു കാര്യമാ. അത് കൊണ്ട് വണ്ടി എടുത്തില്ല. എനിക്ക് ഒരു മണിക്കൂറിനകം ഓഫിസിൽ എത്തണം. വൈകുന്നേരം എയർ പോകേണ്ട ഒരു ന്യൂസ്‌ ആണ് എന്റെ കയ്യിൽ “

“എന്റെ ബൈക്ക് ഒകെ ആണെങ്കിൽ ഞാൻ കൊണ്ട് വിടാം “

അവൻ പെട്ടെന്ന് പറഞ്ഞു

“മതി താങ്ക്സ് ചേട്ടാ “

അവൾ അവന്റെ ബൈക്കിന്റെ പിന്നിൽ കേറി പോകുന്നത് ഞാൻ അന്തം വിട്ട് നോക്കി നിന്നു

എത്ര പെട്ടെന്ന്…അതും ഇങ്ങോട്ട് വന്നു ചോദിച്ച്..നീ ഭാഗ്യവാനാണളിയാ എന്ന് ഞാൻ മനസ്സിൽ പറഞ്ഞു

ചില സമയത്ത് ചിലരുടെ കാര്യങ്ങളിൽ ദൈവം നേരിട്ട് ഇടപെടുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഇവന്റെ കാര്യത്തിൽ അങ്ങനെ ആയിരുന്നു. അല്ലെങ്കിൽ അത്രമേൽ ഇഷ്ടം തോന്നിയ ഒരു പെണ്ണ് ഇങ്ങോട്ട് വന്നു മിണ്ടുമോ?

അവര് നല്ല കൂട്ടുകാരായത് ഞാൻ പിന്നീട് കണ്ടു

“നീ നിന്റെ ഇഷ്ടം പറഞ്ഞോ?”

“ഇല്ല..ധൈര്യം ഇല്ല..” അവൻ ചിരിച്ചു

ഒരു ദിവസം അവനെന്നെ തേടി വന്നു

“ഞാൻ അവളോട് പറയാൻ പോവാ..അവൾക്ക് ട്രാൻസ്ഫർ ആണ്…മുംബൈക്ക്‌ “

“അവൾ ഒകെ പറഞ്ഞില്ലെങ്കിൽ?”

“അത് സാരമില്ല. പക്ഷെ ഞാൻ അവളെ സ്നേഹിച്ചിരുന്നു എന്ന് അവൾ അറിയണം..ഇല്ലെങ്കിൽ പിന്നെ എനിക്ക് ഒരു വിഷമം തോന്നും “

ഞാൻ തലയാട്ടി

പക്ഷെ അവനത് പറയാൻ കഴിഞ്ഞില്ല. അന്ന് രാത്രി അവന്റെ അമ്മ മരിച്ചു.

തകർന്ന് തളർന്ന് അവനെന്റെ മടിയിൽ കിടന്നു

ആരും അന്നേരം അവന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല എന്ന് എനിക്ക് അറിയാമായിരുന്നു

അവൻ പിന്നീട് അവളെ കുറിച്ച് ഒന്നും പറഞ്ഞില്ല ഞാൻ ചോദിച്ചുമില്ല. പക്ഷെ കുറച്ചു നാളുകൾക്കു ശേഷം ഒരു ദിവസം അവൾ അവനെ തേടി എന്റെ വീട്ടിൽ വന്നു. എന്റെ വീട് എങ്ങനെ അറിയാം എന്ന് ചോദിച്ചപ്പോൾ അവൻ കാണിച്ചു തന്നിട്ടുണ്ട് എന്നവൾ പറഞ്ഞു

അവന്റെ അമ്മ മരിച്ചു പോയത് അവളറിഞ്ഞിരുന്നില്ല

അവൻ വേറെ ഒരു പട്ടണത്തിൽ ജോലി അന്വേഷിച്ചു പോയി എന്ന് ഞാൻ അവളോട് പറഞ്ഞു

“എന്റെ ഫോൺ കാളുകൾ ഒന്നും എടുക്കുന്നില്ല. എന്നെ ഒന്ന് വിളിക്കാൻ പറയാമോ ” അവൾ എന്നോട് ചോദിച്ചു

ഞാൻ തലയാട്ടി

അവൻ വന്നപ്പോൾ ഞാൻ അത് അവനോട് പറഞ്ഞു

അവൻ കുറച്ചു നേരം എന്തൊ ചിന്തിച്ചു ഇരുന്നു. പിന്നെ എന്നെ നോക്കി

“ഇപ്പൊ എനിക്ക് എന്റെ ഇഷ്ടം അവൾ അറിയണമെന്നില്ല. അവൾ സന്തോഷമായി ഇരിക്കട്ടെ “

പക്ഷെ ഞാൻ പറഞ്ഞില്ലേ ദൈവം അവന്റെ കാര്യത്തിൽ എപ്പോഴും നേരിട്ട് ഇടപെടൽ നടത്തുന്നത് ഞാൻ കണ്ടിട്ടുണ്ട്

അവനെ തേടി വീണ്ടും അവൾ വന്നു

മുംബൈയിൽ അവനൊരു ജോലി ശരിയാക്കിയിട്ടുണ്ടെന്ന് പറഞ്ഞു

കൂടെ ചെല്ലാമോ എന്നവനോട് ചോദിച്ചു

എന്തിനാണ് ഞാൻ എന്ന് അവൻ ചോദിച്ചപ്പോൾ ഒത്തിരി ഇഷ്ടം കൊണ്ടാണെന്ന് അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു

അത് അവൻ എന്നോട് പറഞ്ഞപ്പോൾ നീ എന്ത് പറഞ്ഞു എന്ന് ഞാൻ തിരിച്ചു ചോദിച്ചു

ഞാൻ ഒന്നും പറഞ്ഞില്ല…പറയണ്ട ആവശ്യമില്ല എന്റെ ഇഷ്ടം അവൾക്ക് മനസിലായിട്ടുണ്ട് എന്ന് അവൻ പറഞ്ഞു

ചില ഇഷ്ടങ്ങൾക്ക് വാക്കുകൾ വേണ്ട എന്ന് അന്നെനിക്ക് മനസിലായി

ഇഷ്ടം തോന്നുന്നവൻ ഏത് അവസ്ഥയിൽ ആണെങ്കിലും ഉപേക്ഷിച്ചു പോകാത്ത പെൺകുട്ടികൾ ഉണ്ടെന്നും എനിക്ക് അന്നാണ് മനസിലായത്..

അവൻ പോയി..

ഇനി അവൻ ഈ നാട്ടിലേക്ക് വരുമോ എന്ന് നിങ്ങൾ ചോദിച്ചേക്കാം

അവൻ വരും

എന്നെ കാണാൻ

ഞാൻ ആണവന്റെ ബെസ്റ്റ് ഫ്രണ്ട്

സ്നേഹം എന്നത് പ്രണയം മാത്രം അല്ലല്ലോ

അവൻ വരും..അല്ല അവർ ഒന്നിച്ചു വരും.

ഞാൻ കാത്തിരിക്കുകയാണ്

~അമ്മു സന്തോഷ്