ഇടതുകൈകൊണ്ട് ഒരു പുതപ്പ് ആ ശരീരത്തിലേക്ക് വലിച്ചിട്ട് വിശാഖയുടെ വലതുതള്ളവിരൽ ഫോണിന്റെ…

വസന്തകാലത്തിലെ ഉടമ്പടികൾ (2)

Story written by Lis Lona

===============

വിളിച്ചു വരുത്തിയ പ്രണയമവൾ ആഘോഷിച്ചപ്പോൾ വിളിക്കാതെ വന്ന മരണമവളെ ഒരു യാത്രാമൊഴി പോലും പറയാനിട നൽകാതെ ചേർത്തുപിടിച്ചെന്ന നടുക്കത്തിന്റെ മരവിപ്പിൽ മുന്നോട്ടുള്ള ശൂന്യതയിലേക്ക് നോക്കി ഞാൻ തരിച്ചിരുന്നു.

നടുക്കത്തോടെ എത്ര നേരമാണ് ഞാനാ ഇരുപ്പ് ഇരുന്നതെന്ന് എനിക്ക് പോലും ഓർമയില്ല…

നടന്നതെന്ന് കണ്ടത് സ്വപ്നമാണോ??

ഇനിയിവിടുന്നു മുന്നോട്ട് അകപ്പെട്ടേക്കാവുന്ന ചക്രവ്യൂഹത്തെ കുറിച്ച് ഓർക്കുമ്പോഴേ ആകെ ഒരു മരവിപ്പ്…

ഈ നേരം വരെയും കളിച്ചുചിരിച്ചു ശരീരം പങ്കു വച്ചവളിതാ…നൂ ലിഴബ ന്ധമില്ലാതെ മുൻപിൽ ജീവനറ്റു കിടക്കുന്നു…

തലയിപ്പോൾ പൊട്ടിത്തെറിക്കും വിധം ശരീരമെല്ലാം പെരുത്തു കയറുന്ന പോലെ…

ഏത് ശപിക്കപ്പെട്ട നിമിഷത്തിലാണ് ഹോട്ടലിൽ റൂമെടുക്കാൻ തോന്നിയത്…

എന്നാലും ഇവൾക്കിതെന്ത് സംഭവിച്ചു!! ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ഈശ്വരാ…

ഇതുവരെയുള്ള പ്രണയവും കാ മവുമെല്ലാം എങ്ങോ പോയൊളിച്ചു…ഭയത്തിന്റെ സൂചിമുനകൾ ശരീരമൊട്ടാകെ തറച്ചു കയറുന്നു…

എങ്ങനെയൊക്കെയോ ബെഡിൽ നിന്നിറങ്ങി ധൃതിയിൽ വസ്ത്രം ധരിക്കുമ്പോഴും തലക്കകത്ത് മുന്നോട്ട് രക്ഷപെടാനുള്ള വഴികളെ പറ്റി മാത്രമായിരുന്നു ചിന്ത…

ഡ്രർർർർർ……ഡ്രർർർർർ…..

ഞെട്ടിക്കുന്ന ശബ്ദത്തോടെ മേശപ്പുറത്തിരുന്നയെന്റെ  ഫോൺ വൈബ്രേറ്റ് ചെയ്യാൻ തുടങ്ങി…

ശ്രീ കാളിങ്…..

ഇല്ല ഫോൺ എടുക്കാൻ നിവൃത്തിയില്ല…ഏതോ അന്യഗ്രഹത്തിൽ ചെന്നുപെട്ട അവസ്ഥയിലാണ് ഞാനിപ്പോൾ…ഭയചകിതനായി സ്വരം പോലും മടിച്ചു നിൽക്കുന്നു പുറത്തേക്ക് വരാൻ…

രണ്ടു തവണ ആ ഫോൺ അടിച്ചു പിന്നെയത് നിശബ്ദമായി…

എങ്ങനെ ഇവിടുന്നു ഈ രാത്രി വെളുക്കും മുൻപേ രക്ഷപെടും…അത് മാത്രമാണ് തലയിൽ…  ഇവിടെ വന്നതും നിന്നതുമെല്ലാം സിസി ടീവി ക്യാമെറകണ്ണുകൾ ഒപ്പിയെടുത്തിട്ടുണ്ടാകില്ലേ…

നിശബ്ദതയെ കീറിമുറിച്ചു കൊണ്ട് ഇത്തവണ വിശാഖയുടെ ഫോൺ ഉറക്കെ ശബ്‌ദിച്ചു…എത്തിനോക്കിയപ്പോൾ ഏതോ ഒരു ലാൻഡ്‌ലൈൻ നമ്പറിൽ നിന്നാണ് വിളി വരുന്നത്..

ഫോൺ എങ്ങനെ സൈലെന്റ്റ് ആക്കാമെന്ന ശ്രമത്തിനിടയിലാണ് ആ നമ്പറിലേക്കെന്റെ കണ്ണുകൾ തിരിഞ്ഞത്….മുറിയാകെ തണുപ്പുണ്ടായിട്ട് പോലും ഞാൻ വെട്ടി വിയർക്കാൻ തുടങ്ങി…ആ നമ്പർ!!

അതേ എന്റെ വീട്ടിലെ ഫോണിൽ നിന്നാണ് ആ വിളി വരുന്നത്!!

എന്ത് ചെയ്യണമെന്നോർത്തു നിൽക്കുന്നതിനിടെ കാൾ കട്ടായി…ഒരു ബെഡ്ഷീറ്റ് കൊണ്ട് പോലും മറക്കാതെ മലർന്നു കിടക്കുന്ന അവളുടെ മൃതശ രീരത്തിലേക്ക് ഞാൻ കണ്ണുകൾ പായിച്ചു…

എല്ലാം തകരാൻ പോകുന്നതിന്റെ സൂചനകൾ തലച്ചോറിൽ മുഴങ്ങുന്നു… വിശാഖയുടെ ബാഗ് ഇവിടെവിടെയോ ഉണ്ടല്ലോ…ഇനിയവൾ വല്ല മരുന്നും കഴിക്കുന്നതാണോ..ബാഗിനുളളിലുള്ളതെല്ലാം പുറത്തേക്ക് കുടയുമ്പോഴേക്കും വീണ്ടും ഫോണടിക്കാൻ തുടങ്ങി…

വരുന്നിടത്തു വച്ചു കാണാം എന്തായാലും ഇവിടം വരെയെത്തി കാര്യങ്ങൾ…കാൾ ആൻസർ ചെയ്ത് ഒന്നും മിണ്ടാതെ ഫോണെടുത്തു കാതോട് ചേർത്ത് പിടിച്ചു…

“വിശാഖ…നീയിപ്പോൾ തിരക്കിലായിരിക്കുമെന്നും…അത് എന്ത്‌ തിരക്കാണെന്നും മനസിലാക്കി തന്നെയാണ് ഈ രാത്രിയിൽ വിളിച്ചത്….ഒന്നുമിങ്ങോട്ട് പറയേണ്ട..എനിക്ക് മുൻപിൽ വ്യക്തമായ കാര്യങ്ങൾ ഒരു വാദപ്രതിവാദത്തിന്റെ ആവശ്യം ഒഴിവാക്കാൻ ഞാൻ നിനക്ക് വാട്സ് അപ്പിൽ അയച്ചിട്ടുണ്ട്….ഒന്നും പറയാ…” ശ്രീ പറഞ്ഞു തീരും മുൻപേ ഞാൻ കാൾ കട്ടാക്കി…

പാസ്സ്‌വേർഡ് ഇട്ടു ഭദ്രമാക്കിയ ഫോൺ എങ്ങിനെ തുറക്കുമെന്നോർക്കുന്നതിനിടയിൽ എന്റെ കണ്ണുകൾ വീണ്ടും ആ ശരീരത്തിലേക്ക് തറഞ്ഞു…

ഇടതുകൈകൊണ്ട് ഒരു പുതപ്പ് ആ ശരീരത്തിലേക്ക് വലിച്ചിട്ട് വിശാഖയുടെ വലതുതള്ളവിരൽ ഫോണിന്റെ മുകളിലേക്ക് അമർത്തിപിടിച്ചതും ഫോൺ ലോക്ക് തുറന്ന് വിശാഖയുടെ ചിരിക്കുന്ന സെൽഫി തെളിഞ്ഞു വന്നു…

വാട്സാപ്പിൽ വന്ന മെസേജുകളിൽ ഒരെണ്ണം മാത്രം തുറന്നിട്ടില്ല അതും സേവ് ചെയ്യാത്ത നമ്പർ…ശ്രീയുടെ നമ്പറാണെന്നു അധികം ചിന്തിക്കേണ്ടിവന്നില്ല…മെസേജ് വന്ന സമയം നോക്കിയപ്പോൾ ഞാനും വിശാഖയും ഒന്നായി….ഓ !!! അതൊന്നു കൂടി ഓർക്കാനുള്ള ധൈര്യമില്ല.

വോയിസ് മെസേജ് കേൾക്കാൻ തുടങ്ങിയപ്പോഴേക്കും തലയിൽ കൈവച്ചു ഞാൻ താഴെക്കിരുന്നു…ഇന്നലെ രാത്രിയിൽ , ഇന്നത്തെ ഒത്തുചേരലിന്റെ ആകാംക്ഷയിൽ വിശാഖക്കയച്ച മെസേജുകൾ ഫോണിൽ നിന്നും മായ്ച്ചു കളയാൻ മറന്നു പോയിരുന്നു..

“മോളു..നാളെ ഞാൻ പറഞ്ഞുതന്ന ഹോട്ടലിലേക്ക് ചെല്ലണം ശ്രീയുടെ പേരിൽ ഞാൻ അവിടെ റൂം ബുക്ക് ചെയ്തിട്ടുണ്ട്…ഭർത്താവ് കൂടി വരാനുണ്ടെന്ന് പറയുമ്പോൾ അവർക്ക് സംശയമൊന്നും തോന്നില്ല…ആണൊരുത്തൻ പോയി ആദ്യം മുറിയെടുത്തു പെണ്ണിനെ കൊണ്ടുവന്നാലേ സദാചാരക്കാർ പ്രശ്നമുണ്ടാക്കു താനാദ്യം പോകുമ്പോ ആ പേടി വേണ്ടല്ലോ…പകുതി പൈസ ഞാൻ മുൻകൂറായി ശ്രീയുടെ അകൗണ്ടിൽ നിന്നു തന്നെ അടച്ചിട്ടുണ്ട്..

അധികമാരോടും മിണ്ടാൻ നിൽക്കണ്ട ഞാൻ പെട്ടെന്നു വരാം കേട്ടോ…ലവ് യൂ…”

വാട്സാപ്പിലെ വോയിസ് മെസേജ്..ഞാൻ പറഞ്ഞത് കൂടിയാണെങ്കിലും വീണ്ടും ആ ശബ്ദവും വാക്കുകളും ഉരുക്കിയ ഈയമൊഴിക്കും വിധം ചെവിയെ പൊള്ളലേല്പിക്കുന്നു…

ഇതെല്ലാം കേട്ട ശ്രീയുടെ മുൻപിലേക്ക് എങ്ങനെ ഞാൻ ചെന്നു നിൽക്കും…ആ മുഖം മനസിലേക്ക് വരുമ്പോഴേക്കും ചെയ്ത തെറ്റിന്റെ വ്യാപ്തി കൂടി വരുന്നു…

“എനിക്കൊന്നും ചോദിക്കാനും പറയാനുമില്ല വിശാഖ…കുറച്ചു നാളായുള്ള ഏട്ടന്റെ പരുങ്ങലും ഒരുക്കവും തിരക്കും ഞാൻ ശ്രദ്ധിച്ചതേയില്ല എന്ന് പറയാം അല്ലെങ്കിൽ എന്റെ ഭർത്താവ് എന്നെ ചതിക്കില്ല എന്ന ആത്മവിശ്വാസം ഇങ്ങനൊരു ചിന്ത പോലുമെന്റെ മനസിലേക്ക് വന്നില്ല…

മക്കൾ മുതിർന്നു…അച്ഛന്റെയീ കഥകൾ മക്കളിലെത്താതെ അവരെ എനിക്ക് വളർത്തണം ഒന്നുകിൽ നീയെനിക്ക് എന്റെ ഭർത്താവിനെ…എന്റെ കുട്ടികളുടെ അച്ഛനെ തിരികെ തരണം അല്ലെങ്കിലും എന്റെ ആവശ്യം അതുതന്നെ….രണ്ടു പെണ്ണുങ്ങൾ എന്തായാലും ഏട്ടന് വേണ്ട…”

അടുത്ത വോയ്‌സ് തുറന്ന് ശ്രീയുടെ മെസേജ് കേട്ടുകൊണ്ടിരിക്കുമ്പോഴേക്കും വീണ്ടുമവൾ വിളിച്ചു…ഫോൺ എടുത്തിട്ടും അപ്പുറത്തെ നിശ്ശബ്ദതയിലെനിക്ക് മനസ്സിലായി നോവിൽ കുതിർന്നാണ് അപ്പുറമുള്ള ഇരുപ്പ്…

“ശ്രീ….ഞാനാ…എനിക്ക്…എന്റെ …”

വാക്കുകളൊന്നും പുറത്തേക്ക് വരാതെ എന്നിൽ നിന്നും വഴുതിക്കൊണ്ടിരുന്നു. നെഞ്ഞു പിഞ്ഞികീറിയുള്ള മറുപുറത്തെ തേങ്ങൽ ശബ്‍ദം മെല്ലെയാവുന്നതു വരെ ഫോണും പിടിച്ചു ഒന്നും മിണ്ടാതെ ഞാൻ നിന്നു…

“ചെയ്ത തെറ്റിനുള്ള ശിക്ഷ എനിക്ക് കിട്ടി…നിന്റെയും മക്കളുടെയും മുൻപിൽ വന്നു നില്ക്കാൻ പോലും ഇനിയെനിക്ക് കഴിയില്ല…എന്നും ഞാൻ പതറി പോകുമ്പോൾ നീയാണെനിക്ക് വഴി കാണിച്ചു തരാറുള്ളത്…ഇപ്പോഴും…നീയെനിക്ക് കരുത്തു തന്നേ പറ്റൂ. എന്ത് പറ്റിയെന്നറിയില്ല വിശാഖ മരിച്ചു….”

“എന്ത്‌??? ഏട്ടൻ ഇതെന്താ പറയണത്..എങ്ങനെ??

നിങ്ങൾ തമ്മിൽ വഴക്കിട്ടോ??എപ്പോഴാണ് ??

എനിക്ക് ശരീരം വിറച്ചിട്ട് വയ്യല്ലോ…”

ഒറ്റ നിമിഷത്തിൽ അവളുടെ സംസാരത്തിലെ സങ്കടം മാറി പേടികൊണ്ട് ശ്വാസംമുട്ടുന്ന വലിച്ചിലനുഭവപ്പെട്ടു…

നടന്നതെല്ലാം വള്ളിപുള്ളി വിടാതെ ഞാനവൾക്ക് മുൻപിൽ ഒന്നൊന്നായി പറയുമ്പോൾ കുറ്റബോധവും നാണക്കേടും ഭയവും കൊണ്ട് പലപ്പോഴും ഞാൻ നിശബ്ദനായി…

“ഞാൻ സന്ധ്യ മുതൽ നിങ്ങളുടെ രണ്ടാൾടേം ഫോണിലേക്ക് വിളിക്കാരുന്നു…ഫോൺ ഓഫായിരുന്നു…

ഇത് അവളുടെ ഫോണല്ലെ ഞാൻ ഏട്ടന്റെ ഫോണിലേക്ക് വിളിക്കാം….അതാ നല്ലത്..

ധൃതിയിൽ ശ്രീ ഫോൺ കട്ടാക്കി…അതേ ചാർജ് കഴിഞ്ഞു ഓഫായിപ്പോയതാകാമെന്ന് പറയാൻ പദ്ധതിയിട്ടത് ഒരു ശല്യവുമില്ലാതിരിക്കാനായിരുന്നു…ഒരുപക്ഷേ അപ്പോൾ വിളിച്ചു കിട്ടിയിരുന്നെങ്കിൽ ജീവിതം ഇവിടെത്തി നിൽക്കില്ലായിരുന്നു….

അപ്പുറത്തു നിന്നും ഒരു ശബ്ദവും ഇല്ലാതിരുന്നിട്ട് കൂടി ഫോൺ ചെവിയിൽ വച്ച് ഞാനതേ നിൽപ്പ് തുടർന്നു എന്റെ ഫോണിലേക്ക് വീണ്ടും വിളി വരുന്നത് വരെയും…

“നടന്നതൊക്കെ നടന്നു ഏട്ടാ..എത്ര ന്യായീകരണങ്ങൾ നിരത്തിയാലും നിങ്ങൾ മാത്രമേ മരണസമയത്തു അവളുടെ കൂടെയുള്ളു..ഒഴിഞ്ഞുമാറാനോ ഒളിച്ചു നിൽക്കാനോ കഴിയാത്തവിധം കുരുക്കിലാണ്..ഏട്ടൻ പോലീസിൽ കീഴടങ്ങുന്നത് തന്നെയാണ് എനിക്ക് ശരിയായി തോന്നുന്നത്…ആരെയാ വിളിക്ക്യാ ഈശ്വരാ..എനിക്കൊന്നും മനസിലാകുന്നില്ല”

സംസാരത്തിനിടയിലാണ് എന്റെയൊരു കൂട്ടുകാരിയായ രമ്യയെ ഓർമ്മ വന്നത്..വക്കീലായ അവൾക്ക് ഒരുപക്ഷെ എന്തെങ്കിലും വഴി പറഞ്ഞു തരാൻ സാധിച്ചേക്കും…വേറൊരു വഴിയും മുൻപിലില്ല എന്ന് ഉറപ്പാണ് .

ശ്രീയോട് കാര്യങ്ങൾ പറഞ്ഞു ഞാൻ ഫോൺ കട്ടാക്കി…രണ്ടുമൂന്നു വട്ടം അവളെ വിളിച്ചിട്ടും ഫോൺ എടുക്കാതായപ്പോൾ ഇനിയെന്ത് എന്നുള്ള ചോദ്യം മനസിലുയർന്നു…

ഇനിയും വൈകിയാലും പ്രത്യകിച്ചു മാറ്റമൊന്നും ഉണ്ടാകാൻ പോകുന്നില്ല എന്നുറപ്പായി..

റിസെപ്ഷനിലേക്ക് വിളിച്ചു മെഡിക്കൽ എമർജൻസിക്ക് പറഞ്ഞ് ആരെങ്കിലുമൊന്ന് വരാനായി ഞാൻ കാത്തിരുന്നു.

പിന്നെ പലവട്ടം ശ്രീ വിളിച്ചിട്ടും ഫോൺ എടുക്കാൻ പറ്റാത്ത സാഹചര്യത്തിലേക്ക് കാര്യങ്ങൾ മാറിയിരുന്നു…ആദ്യം വന്ന പയ്യനോട് കാര്യങ്ങൾ വിശദീകരിച്ചതും അവൻ മാനേജറെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു…

കള്ളം പറഞ്ഞു മുറിയെടുത്തതിനും കൊണ്ടുവന്നത് കൊ ല്ലാനായിരുന്നെങ്കിൽ അവിടെത്തന്നെ മുറിയെടുത്തു ഹോട്ടലിന്റെ സൽപ്പേര് കളയാൻ മനപ്പൂർവം ചെയ്തതതാണോ എന്നു ചോദിച്ചതും വന്നതേ അടി പൊട്ടാൻ തുടങ്ങി…

പോലീസുകാർ വരുമ്പോഴേക്കും അടികിട്ടി മുഖമാകെ തിണിർത്തു പൊങ്ങിയിരുന്നു…ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുമ്പോൾ പൊട്ടിയ ചുണ്ടുകളിൽ നിന്നും ഉമിനീരിനൊപ്പം ചോരയിറ്റുവീഴുന്നത് കണ്ട് SI അവരോട് ചൂടായി…

വിവരങ്ങളെല്ലാം സത്യസന്ധമായി പറഞ്ഞിട്ടും പോലീസുകാരുടെ മുഖഭാവത്തിൽ ഞാനവളെ ക്രൂ രമായി പീ ഡിപ്പിച്ചു കൊന്നുകളഞ്ഞു എന്ന് തന്നെയാണെന്ന് തിരിച്ചറിയാൻ അധികസമയം വേണ്ടിവന്നില്ല…

ഇൻക്യസ്റ്റ് തയ്യാറാക്കുന്നതിനിടയിൽ പലപ്പോഴും എന്നെയൊരു വഷളച്ചിരിയോടെ നോക്കുന്ന അവർക്ക് മുൻപിൽ ഞാനെന്ന ജാരന് നാണക്കേട് മറക്കാൻ ഒന്നുമുണ്ടായിരുന്നില്ല എന്നതാണ് സത്യം…

കയ്യിലുണ്ടായിരുന്ന ഫോണുകൾ സ്വിച് ഓഫാക്കി അവർ വാങ്ങി വെക്കുമ്പോൾ എനിക്കൊന്ന് ഭാര്യയെ വിളിക്കണമെന്ന് പറഞ്ഞതിന് കിട്ടിയ മറുപടി പരിഹാസത്തിലുള്ള മറുചോദ്യമായിരുന്നു….

ബാക്കി ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ…