എനിക്കൊന്ന് ഭാര്യയെ വിളിക്കണമെന്ന് പറഞ്ഞതിന് കിട്ടിയ മറുപടി പരിഹാസത്തിലുള്ള മറുചോദ്യമായിരുന്നു…

വസന്തകാലത്തിലെ ഉടമ്പടികൾ (3)

Story written by Lis Lona

==============

കയ്യിലുണ്ടായിരുന്ന ഫോണുകൾ സ്വിച്ച് ഓഫാക്കി അവർ വാങ്ങി വെക്കുമ്പോൾ എനിക്കൊന്ന് ഭാര്യയെ വിളിക്കണമെന്ന് പറഞ്ഞതിന് കിട്ടിയ മറുപടി പരിഹാസത്തിലുള്ള മറുചോദ്യമായിരുന്നു.

“ആഹാ അപ്പൊൾ ഇതല്ലെ തന്റെ ഭാര്യ??…ഈ മുറി വരെ താൻ ഭാര്യയുടെ പേരിൽ എടുത്ത് ഭാര്യയുടെ കൂട്ടുകാരിയേം കൊണ്ട് അന്താരാഷ്ട്രചർച്ചക്ക് വന്ന മിടുക്കൻ ഭർത്താവ് സമ്മതിക്കണം തന്നെയൊക്കെ..”

പരസ്പരം വഷളച്ചിരിയോടെ നോക്കിയുള്ള ആ ചോദ്യത്തിന് മറുപടി പറയാനാകാതെ ഞാൻ മുഖം താഴ്ത്തി.

ഇതിനിടയിൽ ഹോട്ടൽ മാനേജർ വന്ന് എസ് ഐയോട് സ്വകാര്യം പറയുന്നതും എസ് ഐ എന്നെ തിരിഞ്ഞു നോക്കുന്നതും കണ്ടു….മാനേജർ പോയിക്കഴിഞ്ഞ് അയാളെന്റെ അരികിലെത്തി..

“ഒരു കാര്യത്തിൽ താൻ രക്ഷപെട്ടെടോ..ഈ ഹോട്ടൽ, മന്ത്രിയുടെ ബന്ധുവിന്റെ ആയതു കൊണ്ട് ഇതുവരേം മീഡിയ അറിയാതെ ഞങ്ങൾ സൂക്ഷിച്ചു. പക്ഷേ ഇപ്പോൾ സ്വന്തം പാർട്ടിക്കാരുടെ സ്നേഹക്കൂടുതൽ കൊണ്ട് ന്യൂസ് ചോർന്ന് മുഴുവൻ മീഡിയക്കാരും പുറത്തു തമ്പടിച്ചിട്ടുണ്ട്. ഇനി കുറച്ചു ദിവസത്തേക്ക് അവരുടെ അന്നം താനാ..ചുരുക്കത്തിൽ താൻ ഫേമസ് ആയെന്ന് സാരം…തന്റെ ശുക്രൻ തെളിഞ്ഞു..”

എന്റെ ഭാവിലോകത്തിലേക്കുള്ള പരസ്യമായ വെളിച്ചം ഒന്നുകൂടി തെളിഞ്ഞതും ഞാൻ കണ്ണുകൾ ഇറുക്കിയടച്ചു…

പിന്നെയെല്ലാം യാന്ത്രികമായിട്ടായിരുന്നു എല്ലാം കഴിഞ്ഞു പോലീസുകാർക്കൊപ്പം പുറത്തേക്കിറങ്ങുമ്പോഴേക്കും ക്യാമെറാഫ്‌ളാഷുകൾ കണ്ണിലേക്കടിക്കാൻ തുടങ്ങി…

എനിക്കൊപ്പം നടന്ന് ലൈവ് ടെലികാസ്റ്റ് പോകാൻ ശ്രമിക്കുന്നവരുടെ ഉന്തും തള്ളും.

മുഖം താഴ്ത്തി ജീപ്പിൽ ചെന്ന് കയറുമ്പോഴും ചുറ്റുമുള്ളവർ ബലം പ്രയോഗിച്ചു മുഖമുയർത്തിക്കാൻ ശ്രമിക്കുന്നുണ്ട് …

പിന്നിൽ നിന്നിരുന്ന ആരൊക്കെയോ എന്നെ പിടിച്ചു തള്ളുന്നു..അവനാ പെണ്ണിനെ കൊ ന്നുകളഞ്ഞില്ലേയെന്ന് മുറുമുറുക്കുന്നു.

ഒന്നും വേണ്ടായിരുന്നു…

എത്ര മനോഹരമായ ജീവിതമായിരുന്നു…

എപ്പോഴാണ് ശ്രീ പോരായെന്ന് മനസ്സിലേക്ക് കയറിയത് അപ്പോൾ മുതലെന്റെ നാശവും തുടങ്ങിയിരുന്നു…

ജീവിതത്തിലാദ്യമായി ചെയ്ത തെറ്റ്…

തെറ്റിന് ആദ്യത്തേതെന്നോ അവസാനത്തേതെന്നോ കണക്കില്ല എങ്കിലും ഇതുവരെയും ഞാനൊരു മാന്ത്രികലോകത്തു തന്നെയായിരുന്നു…

എല്ലാം മറന്നുള്ള ഒരു ലോകം…ഒരു പക്ഷേ അവൾ മരിച്ചില്ലായിരുന്നെങ്കിൽ മടുക്കുംവരെ തുടരുമായിരുന്ന തെറ്റ്…

ദിവസമെന്താണെന്നോ സമയമെത്രയായെന്നോ ഒരു വെളിവുമില്ലാതെ കണ്ണുകളും പൂട്ടി ഞാനത്രെ നേരമായി ലോക്കപ്പിനുള്ളിൽ ഇരിക്കുന്നു..

അഴികളിൽ ലാത്തി വച്ചടിച്ചുള്ള ശബ്ദത്തിൽ ആരോയെന്റെ പേര് വിളിച്ചതും ഞെട്ടിയുണർന്ന ഞാൻ എവിടെയാണെന്ന് മനസിലാവാതെ കണ്ണു തുറിച്ചു ശബ്ദമുണ്ടാക്കിയ പോലീസുകാരനെ നോക്കി…

“ഋഷികേശ് വാ…നിന്നെ കാണാൻ ആരോ വന്നിട്ടുണ്ട് …”

തുറന്ന വാതിലിലേക്ക് നടക്കുമ്പോൾ വേച്ചുപോകുന്ന കാലുകൾ നിലത്തു ഉറപ്പിച്ചുവക്കാനൊരു ശ്രമം ഞാൻ നടത്തി..ഇല്ലാ മനസ്സും ശരീരവും ആകെ തളർന്നിരിക്കുന്നു വിറയ്ക്കുന്ന കൈകൾ കൊണ്ട് ഞാൻ പതിയെ ചുമരിൽ പിടിച്ചു…

ശ്രീയും കൂട്ടുകാരി രമ്യയും എനിക്കുള്ള ജാമ്യവും തയ്യാറാക്കിയായിരുന്നു വന്നത്..

വിശാഖയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണം സഡൻ കാർഡിയാക് അറസ്റ്റ് (SCA) എന്നോമനപേരിട്ട ഹൃദയസ്തംഭനം…

മരണകാരണവുമായി പ്രഥമദൃഷ്ട്യാ എനിക്ക് ബന്ധമില്ലാത്തതിനാൽ തന്നെ ഹൈക്കോടതിയെനിക്ക് ജാമ്യം അനുവദിച്ചു…

സ്ത്രീകളിൽ വളരെ അപൂർവമായി മാത്രം ഉണ്ടാകുന്ന ഒരു മരണം വിശാഖയെ തേടി വന്നത് ഞാനുമൊത്തുള്ള ര തിമൂർച്ഛയിലാണെന്നും ഇതിന് മുൻപും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നുമെല്ലാം നിസ്സംഗനായി കേട്ടു നിന്നു….

രമ്യ വിശദമായി എല്ലാ വിവരങ്ങളും എന്നെ അറിയിക്കുമ്പോഴും എനിക്ക് പറയാനുള്ളത് അവരെ കേൾപ്പിക്കുമ്പോഴും ശ്രീയറിയാതെ എന്റെ മിഴികൾ അവളിലായിരുന്നു..

കടന്നുപോയ ദിവസങ്ങളും നിമിഷങ്ങളും നൽകിയ സമ്മർദ്ദത്തെക്കാളും കളവ് കയ്യോടെ പിടിക്കപ്പെട്ട മോഷ്ടാവിന്റെ മാനസികാവസ്ഥ അനുഭവിച്ചറിയുക ആയിരുന്നു.

ഭാര്യയുടെ മുൻപിൽ വച്ച് കാമുകിയുമായുള്ള ര തിയെക്കുറിച്ച് മറ്റൊരാളോട് സംസാരിക്കേണ്ടിവരിക..

അപമാനഭാരത്താൽ മുഖമുയർത്താൻ പോലും എനിക്ക് കഴിയുന്നില്ല.

കരഞ്ഞു ചീർത്ത മുഖവും കറുപ്പ് രാശി പടർന്ന കൺതടങ്ങളും ഒടിഞ്ഞുതൂങ്ങിയുള്ള നിൽപ്പും വിളിച്ചു പറയുന്നുണ്ട് ഞാൻ ശ്രീക്ക് കൊടുത്ത നോവിന്റെ അടയാളങ്ങൾ..

വീട്ടിൽ തിരിച്ചെത്തിയെങ്കിലും വീടിനു പുറത്തേക്കിറങ്ങാനോ ജോലിക്ക് പോകാനോ കഴിയാത്ത വിധമെന്റെ ലോകം ചുരുങ്ങിപോയിരുന്നു അല്ലെങ്കിൽ മാധ്യമങ്ങളെന്റെ ലോകം ജനത്തിന് മുൻപിൽ വിളിച്ചു പറഞ്ഞിരുന്നു…

രാത്രികളിൽ വിശാഖയുടെ തണുത്തുറഞ്ഞ ന ഗ്നമേനിയും ജീവനറ്റ കണ്ണുകളും നിരന്തരമെന്റെ ഉറക്കം കെടുത്തുന്നുണ്ടായിരുന്നു

ദിവസങ്ങളോളം ചാനലുകൾ ആഘോഷിച്ച അ വിഹിതകഥയും കൊ ലപാതകവും എന്റെ മുഖം കണ്ടാൽ സ്വന്തക്കാർ പോലും വഴിമാറി പോകുന്ന അവസ്ഥ…

കഥകൾ വ്യക്തമായി മനസിലായില്ലെങ്കിലും എല്ലാവരും കാണിക്കുന്ന അകൽച്ച മക്കൾക്കും മനസിലായിരിക്കാം.

മാസങ്ങളോളം കേസ് തീരുന്നത് വരെ വീടോ നാടോ വിട്ടു നില്ക്കാൻ പറ്റാത്തതുകൊണ്ട് മുറിക്ക് പുറത്തേക്കുള്ള യാത്ര കോടതിയിലേക്കോ പോലീസ് സ്റ്റേഷനിലേക്കോ മാത്രം…

ശ്രീയുമായുള്ള സംസാരമില്ലാതെ മക്കളുടെ മുഖത്തേക്കൊന്ന് നോക്കാൻ പോലും കഴിയാതെ അന്യനെപ്പോലെ ഒരേ വീട്ടിൽ മാസങ്ങളോളം..

ഞാൻ ഒഴിഞ്ഞുമാറുന്നതുകൊണ്ടാകും കേസിന്റെ വിശധാംശങ്ങൾ ചോദിച്ചറിയാൻ പോലും അവൾ വന്നില്ല.

കുറെ നാളത്തെ അലച്ചിലും കോടതി വരാന്തകളിലെ ഇരുപ്പും പാഴായില്ല കോടതിയെന്നെ കുറ്റവിമുക്തനാക്കി…

പ്രായപൂർത്തിയായവർ ഉഭയസമ്മതത്തോടെ വിവാഹേതര ബന്ധങ്ങളിലേർപ്പെടുന്നത് തെറ്റല്ലാത്തതുകൊണ്ടും ഭാര്യക്ക് പരാതിയില്ലാത്തതിനാലും ഞാൻ വിശാഖയെയും കൊണ്ട് ഹോട്ടലിൽ മുറിയെടുത്തതും അവളുമൊത്തു ര മിച്ചതും കുറ്റകരമല്ലെന്നായിരുന്നു കോടതിയുടെ കണ്ടെത്തൽ…

വിശാഖയുടെ പ്രേ തവിചാരണഫലവും (പോ സ്റ്റുമോർട്ടം) എനിക്കനുകൂലമായത് കൊണ്ട് കാര്യങ്ങൾ എളുപ്പമായി…

പക്ഷേ എനിക്കറിയാമായിരുന്നു കോടതിയെന്നെ നിരപരാധിയായി പ്രഖ്യാപിച്ചാലും താലി കെട്ടിയ പെണ്ണിനോടും ജീവനായ മക്കളോടും ഞാൻ ചെയ്ത ക്രൂ രത ഒരിക്കലും മാപ്പർഹിക്കുന്നതല്ലെന്ന്…

ചാനലുകാർക്കും പത്രക്കാർക്കും സംഭവം നടന്നപ്പോഴുള്ള ഉദ്വേഗജനകമായ വാർത്തക്കുള്ള പ്രാധാന്യം ഞാൻ നിരപരാധിയാണെന്ന വാർത്തക്കുണ്ടായിരുന്നില്ല നിരപരാധിയാണെന്നത് പ്രാധാന്യമുള്ളതായിരുന്നില്ല.. TRP യും കൂടില്ല….

ഋതുഭേദങ്ങൾ മാറിമറിഞ്ഞ് അഞ്ചു വർഷങ്ങൾക്കിപ്പുറം  നൊടിയിടയിൽ ഓർമകൾ പുതുക്കി മുൻപിലെത്തി നിൽക്കുന്ന ശ്രീയോട് മിണ്ടാനുള്ള ധൈര്യമാർജിക്കാൻ ഞാൻ വ്യഥാ ശ്രമിച്ചുകൊണ്ടിരുന്നു.

ആശ്രമമുറ്റത്തെ അരയാൽത്തറയിൽ നിശ്ശബ്ദയായ അവൾക്കൊപ്പമിരിക്കുമ്പോൾ ഭൂതകാലത്തിലെ കയ്‌പേറിയ ഓർമകളിൽ നിന്നും വിടുതൽ കിട്ടാനുള്ള ശ്രമത്തിലാകും ശ്രീയെന്ന് എനിക്ക് തോന്നി…

ആരോടും പറയാതെ അന്നാ കോടതിവരാന്തയിൽ നിന്നിറങ്ങി ലക്ഷ്യമില്ലാത്ത യാത്ര അവസാനിച്ചത് ഗുജറാത്തിലെ കച്ചിൽ…സ്വയം ശിക്ഷിക്കുകയായിരുന്നു…

വേണ്ടപ്പെട്ടവർ ആരുമില്ലാതെ ഒരു ജീവിതം…

കൂടെ ജോലി ചെയ്യുന്ന ഒരു കൂട്ടുകാരൻ വഴി അപ്രതീക്ഷിതമായി എത്തിച്ചേർന്നതാണ് ഈ ആശ്രമത്തിൽ..

അനാഥകുട്ടികളും ആലംബഹീനരുമായ കുറച്ചു വൃദ്ധജനങ്ങളുമുള്ള ഒരു ചെറിയ ആശ്രമം…

എല്ലാവരുടെയും കണ്ണിൽ നിന്നും മറഞ്ഞ് ആരുമില്ലാതെ ജീവിച്ച കാലത്ത്‌ ജീവിക്കാനുള്ള പ്രചോദനം ഇവിടുള്ളവരായിരുന്നു.

മുൻപിലെത്തി ഇതുവരെയും ഒരക്ഷരം ഞങ്ങൾ ഉരിയാടിയിട്ടില്ല..എന്നെയന്വേഷിച്ച് ഇവിടം വരെയെത്തിയ അവളെയിനി തനിച്ചാക്കാൻ വയ്യ..

എന്റെ തെറ്റുകൾ ക്ഷമിച്ച് തിരഞ്ഞുപിടിച്ച് ഇവിടം വരെയെത്തിയ അവളെ ചേർത്തുപിടിക്കട്ടെ ഞാൻ..മനസ്സ് തുള്ളിച്ചാടുന്നു..

പരസ്പരമൊന്നും മിണ്ടാനാകാതെ എന്റെ കൈകൾക്കുള്ളിലൂടെ നെഞ്ചിലേക്ക് ചാരി ശ്രീ നിന്നു

“ചെയ്ത തെറ്റിനുള്ള ശിക്ഷ ഒരുപാട് അനുഭവിച്ചില്ലേ ഇനി വേണ്ടാ…എല്ലാം മറന്നു പുതിയൊരദ്ധ്യായം നമുക്കിവിടെ തുടങ്ങാം…തെറ്റുകൾ തിരുത്തി മുന്നോട്ട് കൊണ്ടുപോകാനല്ലേ ഭാര്യക്ക് ഭർത്താവിനെയും ഭർത്താവിനു ഭാര്യയെയും നൽകി ദൈവം കൂട്ടിയിണക്കിയിരിക്കുന്നത് അപ്പോഴല്ലേ കുടുംബമുണ്ടാകു…ഇനിയൊരിക്കലുമെന്റെ ഭർത്താവ് എന്നെ ചതിക്കില്ല എന്നൊരു വിശ്വാസത്തോടെ ഞാൻ ജീവിച്ചോട്ടെ..”

ഒന്നും മിണ്ടാതെ ഞാനവളെ എന്നിലേക്ക് ചേർത്ത് പിടിക്കുമ്പോൾ ആശ്രമമുറ്റത്തെ അരയാലും ദൂരെ മരങ്ങൾക്കിടയിൽ മറയാൻ പോകുന്ന അസ്തമയസൂര്യനും സാക്ഷി നിൽക്കുന്നുണ്ട്..

“എന്താണ് ആലോചിക്കുന്നത് കുറച്ചുനേരമായി നമ്മൾ രണ്ടുപേരും ഒന്നും മിണ്ടാതെ മുഖാമുഖം നിൽക്കുന്നു…”

ശ്രീയുടെ സ്വരം..ദൂരെ നിന്നെന്ന പോലെ അലയടിച്ചതും കണ്ടതൊരു ദിവാസ്വപ്നമായിരുന്നെന്ന് ഞാനറിഞ്ഞു..

“ശ്രീയെന്നോട് ക്ഷമിക്കണം നിന്നെയും മക്കളെയും ദൂരെ തനിച്ചാക്കി ഞാൻ ജീവിതത്തിൽ നിന്നും ഒളിച്ചോടിയെന്നത് സത്യമാണ്. പക്ഷേ ഇവിടെ ജീവിച്ച ഓരോ നിമിഷവും നിങ്ങളെ ഓർക്കാത്ത ഒരു ദിവസം പോലും എനിക്കില്ലായിരുന്നു..എങ്കിലും ഇത്രയും വർഷം ജീവിച്ച ഈ ആശ്രമവും ഇവരെയും വിട്ട് എങ്ങും വരാനെനിക്ക് കഴിയുമെന്ന് തോന്നുന്നില്ല..”

കേട്ടത് വിശ്വസിക്കാൻ കഴിയാതെയാകും അമ്പരപ്പോടെ ശ്രീയെന്നെയും നോക്കിനിൽപ്പുണ്ട്…

എന്റെ കൂടെ നിനക്കും മക്കൾക്കും ഇവിടെ നിന്നുകൂടെ എന്ന ചോദ്യത്തിനുള്ള അർഹതയും അവകാശവും ഇല്ലെങ്കിലും ഒന്ന് ചോദിച്ചു നോക്കാനുള്ള അവസരം നഷ്ടപ്പെടുത്തി പെട്ടെന്ന് അവൾ പിൻ തിരിഞ്ഞു രണ്ടടി നടന്നു പിന്നെ വീണ്ടും എനിക്ക് നേരെ തിരിഞ്ഞു വന്നു..

“ഞാനിറങ്ങുകയാണ്…നിങ്ങളാണോ എന്നൊരു സൂചന മാത്രമേ എനിക്കിവിടെയുള്ള ഒരു കൂട്ടുകാരി തന്നിരുന്നുള്ളു പക്ഷേ നിങ്ങൾ തന്നെയാണെന്ന ഉറപ്പിലാണ് ഞാനെത്തിയത്. ഇനി എനിക്കും മക്കൾക്കും നിങ്ങളെ വേണ്ടെന്ന് മുഖത്തുനോക്കി പറയാനുള്ള ആഗ്രഹവും അവസരവും നിഷേധിച്ചാണ് അന്ന് നിങ്ങൾ ഞങ്ങൾ ആരുമറിയാതെ ഇറങ്ങിപ്പോയത്. മുടങ്ങാതെ മാസാമാസം അക്കൗണ്ടിലേക്ക് വരുന്ന അക്കങ്ങളെനിക്ക് ആശ്വാസം തന്നത് മക്കൾക്ക് അർഹതപെട്ട ജീവനാംശമെന്ന വിചാരത്തേക്കാൾ ഒരിക്കലെങ്കിലും എന്റെ മനസ്സ് തുറന്ന് പറയാൻ നിങ്ങളെവിടെയോ ജീവിച്ചിരിക്കുന്നുണ്ടല്ലോ എന്നത് മാത്രമായിരുന്നു…

എല്ലാം തികഞ്ഞവളല്ല ഞാനെങ്കിലും എന്റെ ഭർത്താവിനെ തൃപ്തിപ്പെടുത്താൻ അന്നെനിക്ക് സാധിച്ചിരുന്നു എന്ന് ഉത്തമബോധ്യമുണ്ടായിരുന്നു എന്നിട്ടും എനിക്ക് പകരം നിങ്ങളവളെയും കൊണ്ട് ആസ്വദിച്ച ഓരോ നിമിഷവും ഇപ്പോഴുമെന്റെയുള്ളിൽ കനൽ പോലെ ജ്വലിക്കുന്ന ഓർമകളാണ്..ഇനിയൊരിക്കലും നിങ്ങൾ എന്റെയും മക്കളുടെയും ജീവിതത്തിലേക്ക് വരരുത് അതിനി പണമായിട്ടായാലും ഓർമകളായിട്ടായാലും..ഈ അദ്ധ്യായം എനിക്കിവിടെ അവസാനിപ്പിക്കണം..”

കനലെരിയുന്ന കണ്ണുകൾ നിറഞ്ഞു തൂവുന്നുണ്ടെങ്കിലും തുടക്കാതെ കാരിരുമ്പിനെ തോല്പിച്ചുള്ള ആ നിൽപ്പ്..ഒരിക്കലും പ്രതീക്ഷിക്കാത്ത അവളിലുള്ള മാറ്റം എന്നെ ഞെട്ടിച്ചുകളഞ്ഞു..

“ഇത്രയും വർഷം ഞാൻ കാത്തിരുന്നതും പ്രാർത്ഥിച്ചതും ഈ ഒരു കൂടിക്കാഴ്ചക്ക് വേണ്ടിയാണ് ഇനിയെനിക്കൊന്ന് സമാധാനമായി ഉറങ്ങണം..ഭർത്താക്കന്മാരുടെ ഇങ്ങനെയുള്ള തെറ്റുകൾ ക്ഷമിച്ച് വീണ്ടും അവന്റെ നെഞ്ചിൽ ചേർന്ന് സർവം മറന്നു നിൽക്കുന്ന സ്ത്രീകളുണ്ടാകും പക്ഷേ അഭിമാനം പണയം വെക്കാത്തവരും ഉണ്ടെന്ന് നിങ്ങളറിയണം..ഞാൻ ചെയ്യുന്നതിലെ ശരിതെറ്റുകൾ ചികയാൻ ഒരുപാട് പേരുണ്ടാകും പക്ഷേ എന്റെ ശരി ഇതാണ്..ഇത് മാത്രമാണ്.

നാളെയെന്റെ മകൻ അച്ഛന്റെ വഴിയേ പോകരുത്…അല്ലെങ്കിൽ സഹിച്ച അപമാനം അത്ര പെട്ടെന്ന് അമ്മ മറന്നോയെന്നെന്റെ മകൾ ചോദിക്കരുത്..എന്നെ കുറ്റം പറയുന്നവർ ഈ കഥ മറിച്ചൊന്ന് ചിന്തിക്കട്ടെ എന്നിട്ടതിനുള്ള ന്യായവും കണ്ടെത്തട്ടെ…

മനുഷ്യനല്ലേ ക്ഷമിക്കാൻ കഴിയൂ എന്ന ന്യായം പിന്നെയും തോന്നിയെങ്കിൽ അവർക്കുള്ള മറുപടി ഏതൊരുപെണ്ണും ഭർത്താവിന്റെ എന്ത് തെറ്റ് ക്ഷമിക്കും പക്ഷേ താലിയുടെ അവകാശിയെ പങ്കു വെക്കാൻ തയ്യാറല്ല എന്ന് തന്നെയാണ്..

വിശ്വാസവഞ്ചന കാണിക്കുന്നത് പ്രാണനെപോലെ കരുതിയവനാണ് ഈ ജന്മം ക്ഷമിക്കാൻ എന്നെപ്പോലൊരുവൾക്ക് കഴിയില്ല..കഴിയുന്നവർ ഉണ്ടാകും പക്ഷേ അവരുടെ ഉള്ളൂകീറി നൂലിഴ പരിശോധിക്കുമ്പോൾ കാണാം ഓരോ നൂലിലും പറ്റിപ്പിടിച്ച ഹൃദയരക്തത്തിന്റെ വർണങ്ങൾ..

അന്ന് ഞാൻ നിങ്ങൾക്ക് കൂടെനിന്നത് അത്രയും കാലം കൂടെ ജീവിച്ച ഒരുവന്, മക്കളുടെ അച്ഛന്….ഒരാപത്ത് , നെഞ്ച് തകർന്നിരിന്നാലും പൊരുതുന്ന പെണ്ണിന്റെ വിപദിധൈര്യം അത് മാത്രമാണ് കൂടെ നിൽക്കാൻ മനസ്സനുവദിച്ചത്..”

കിതച്ചുകൊണ്ട് ഇത്രയും പറഞ്ഞുനിർത്തുമ്പോൾ എന്തെന്നില്ലാത്ത ശാന്തത ശ്രീയുടെ മുഖത്തു തിളങ്ങി..

വർഷങ്ങളായുള്ള ആത്മസംഘർഷം അപ്പൂപ്പൻ താടി പോലെ പറന്നില്ലാതാകുന്നത് അവളറിയുന്നതിന്റെ ആത്മഹർഷമെനിക്ക് കാണാം

ഇപ്പോഴുള്ള അവളുടെ പുഞ്ചിരിയുടെ നിറം സ്വാഭിമാനത്തിന്റെയാണ്..

എന്നെങ്കിലുമൊരിക്കൽ അവളെയും മക്കളെയും തിരികെ കിട്ടുമെന്ന സ്വപ്നം തകർന്നടിഞ്ഞിരിക്കുന്നു മനസ്സ് കൊണ്ട് ആയിരം വട്ടം ഞാനവളുടെ കാൽക്കൽ അശ്രുകണങ്ങളൊഴുക്കി മാപ്പ് ചോദിച്ചു…

തെറ്റുകൾ ക്ഷമിക്കാനും പൊറുക്കാനുമുള്ളതെങ്കിലും മരിച്ചു മണ്ണടിഞ്ഞിട്ടും വിശാഖയെന്ന തെറ്റ് ജീവിതത്തിലേക്ക് വന്നതും പ്രണയവും മരണവുമെല്ലാം ഒരു കടംകഥ പോലെ മനസ്സിന്റെ ഉള്ളറകളിൽ താഴിട്ട് പൂട്ടി പുതിയൊരു ജീവിതമെന്ന കനവ് മുളയിലേ ശ്രീ നുള്ളിക്കളഞ്ഞിരിക്കുന്നു..

ഇനിയീ ജന്മത്തിൽ വസന്തവും ഗ്രീഷ്മവും ശിശിരവുമെല്ലാം മാറിമാറി വന്നാലും ഒരിക്കലും മായാത്ത ഉടമ്പടിപ്രണയം നീയെന്ന സത്യവുമായി മാത്രമേയുള്ളൂ അതിനി നീയെന്റെ സ്വന്തമല്ലെങ്കിലും അടുത്തില്ലെങ്കിലുമെന്ന് ഒന്ന് തിരിഞ്ഞുപോലും നോക്കാതെ നടന്നകലുന്ന ശ്രീയെ നോക്കി ഞാൻ മനസിലുരുവിട്ടു..

നിന്റെയോർമകൾക്കെന്നിൽ അസ്തമയമില്ലെന്നോർത്ത് ഭീമൻ അരയാലിന്റെ കൈകളിൽ പിടിച്ച് തളർന്നു വീഴാതെ, മറഞ്ഞകലുന്ന അവളെയും നോക്കി ഋഷികേശ് നിൽക്കുമ്പോൾ ദൂരെ മരങ്ങൾക്കിടയിലൂടെ ഒരു തരി വെളിച്ചം പോലും അവന് ബാക്കി നൽകാതെ അസ്തമയസൂര്യനും അവനെ തനിച്ചാക്കി പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

അവസാനിച്ചു. 

~ലിസ് ലോന