ഒന്നാം ലോക മഹായുദ്ധം…
Story written by Arun Nair
============
പ്ലസ് ടുവിന് പഠിക്കുമ്പോൾ എന്റെ ചങ്ക് രായപ്പൻ ആണ് ആ സത്യം എന്നോട് പറഞ്ഞത്….
“”അളിയാ,,,അങ്ങോട്ടും ഇങ്ങോട്ടും തെക്കോട്ടും വടക്കോട്ടും എല്ലാം പോകുമ്പോൾ ശാരി നിന്നേ തന്നെയാണ് നോക്കുന്നത്….. “” എല്ലാവരുടെയും ജീവിതത്തിൽ ഐസ് ക്രീം വായിലൂടെ ഒഴുക്കി വരുത്തുന്ന മധുരമുള്ള വാക്കുകൾ….
ശാരി അതീവ സുന്ദരി ആണെങ്കിലും എന്റെ ചങ്കിന്റെ ഡയലോഗ് ആയതുകൊണ്ട് ഞാൻ അത്രക്കും അങ്ങു വിശ്വസിച്ചില്ല….ഇതിനു മുൻപ് അവൻ പറഞ്ഞതും വിശ്വസിച്ചു ഒരു പെണ്ണിന്റെ പുറകെ പോയതാണ് അടുത്തു ചെന്നപ്പോൾ പെണ്ണിനു കോങ്കണ്ണ്…..പിന്നെ അവിടുന്ന് ചങ്ക് രായപ്പനെയും തെറി വിളിച്ചുകൊണ്ടുള്ള ഓട്ടം ആയിരുന്നു….രായപ്പൻ എന്നു ഞങ്ങൾ വിളിക്കും എങ്കിലും ടീച്ചർമാരും അവന്റെ സ്വന്തം അച്ഛനും അമ്മയ്ക്കും അവൻ രാജേഷ് രാജപ്പനാണ്….
എന്തായാലും അവന്റെ ആ ഡയലോഗ് എന്റെ മനസ്സിന്റെ താളം തന്നെ തെറ്റിച്ചു…പിന്നെ പിന്നെ ശാരി എങ്ങോട്ട് പോയാലും എന്റെ കണ്ണുകൾ പതുക്കെ പതുക്കെ അവളുടെ പുറകെ ചെല്ലും…അങ്ങനെ അവസാനം ഞാനും ആ സത്യം തിരിച്ചറിഞ്ഞു,,,,അവൾ എന്നെ ഒളികണ്ണോടെ നോക്കുന്നുണ്ട്…പക്ഷെ ഞാനപ്പോൾ സന്തോഷിച്ചു എങ്കിലും അതുക്കും മേലെയുള്ള ഒരു പ്രശ്നം ഉണ്ടാകാൻ പോകുന്നത് ഞാൻ അറിഞ്ഞിരുന്നില്ല. എന്റെ സ്വപ്ന ലോകത്തെ ഒന്നാം മഹായുദ്ധം ഉണ്ടാക്കാൻ ഉള്ള നോട്ടം ആയിരുന്നു അതെന്ന വേദനിപ്പിക്കുന്ന സത്യം….
പ്ലസ് ടു പഠിച്ചപ്പോൾ തന്നെ അങ്ങനെ ശാരിയുമായി ഇഷ്ടത്തിലായി,,,,അതുകൊണ്ട് തന്നെ അതിനു ശേഷം അവളെ കല്യാണം കഴിക്കണമെന്ന ആഗ്രഹം കൊണ്ടു ഡിഗ്രി എടുത്തു ജോലി ഒക്കെ സമ്പാദിച്ച ശേഷം ഞാൻ എന്റെ മനസ്സിലെ മോഹങ്ങളുമായി ചെന്നുപെട്ടത് ആങ്ങളയുടെ മകളെ കൊണ്ടു കല്യാണം കഴിപ്പിക്കണം എന്നു ചിന്തിച്ചിരിക്കുന്ന അമ്മയുടെ മുൻപിൽ….
അവളുടെ ഫോട്ടോ ഉണ്ടോ കയ്യിൽ എന്നു അമ്മ ദേഷ്യം കലർത്തി ചോദിച്ചപ്പോൾ ഞാനൊന്നു പകച്ചു….ഈ ഊര് തെണ്ടിയുടെ കയ്യിൽ ഒരു സിനിമ എടുക്കാനുള്ള ഫോട്ടോ ഉണ്ടെന്നും പറഞ്ഞു ഞാനവളുടെ ഫോട്ടോസ് ഓരോന്നായി കാണിച്ചപ്പോൾ അമ്മ അവളുടെ ഫോട്ടോയൊന്നു ഉഴിഞ്ഞു നോക്കി…ഞാൻ വിചാരിച്ചു അമ്മ അവളുടെ സൗന്ദര്യം ആസ്വദിച്ചിട്ടു എന്നെ ഇപ്പോൾ പുകഴ്ത്തുമെന്നു…പക്ഷെ സംഭവിച്ചത് എന്റെ മൊബൈൽ എടുത്തു വെള്ളത്തിലും ഇട്ടു എന്നിട്ടു ഒരുമാതിരി ഡയലോഗ്……
“”നിനക്ക് അമ്മാവന്റെ കയ്യിലുള്ള സ്വത്തിന്റെ അളവ് അറിയുമോ അതും അല്ല ഞാൻ എന്റെ പൊന്നാങ്ങളക്കു വാക്ക് കൊടുത്തതും ആണ്…….”” എന്റെ ആഗ്രഹം നടക്കില്ല നടക്കില്ല എന്നു അമ്മ ഒന്നും രണ്ടും മൂന്നും അല്ല ഒരു മൂപ്പത്തു വട്ടം എന്നെകൊണ്ട് തന്നെ പറയിച്ചു….
അവസാനം പങ്കജകസ്തൂരി പരസ്യത്തിൽ ഭ്രാ ന്തു പിടിച്ച ഏതോ ഡാൻസ് മാസ്റ്റർ തറയിൽ കിടന്നു ഡാൻസ് കളിക്കുന്നത് പോലെ അങ്ങോട്ടും ഇങ്ങോട്ടും ഡാൻസ് കളിച്ചു ഞാൻ അമ്മയെ കൊണ്ട് ശാരിയുമായുള്ള വിവാഹത്തിന് സമ്മതിച്ചു…സമ്മതിച്ചു എന്നേയുള്ളു അമ്മയുടെ മനസ്സിൽ അമ്മാവന്റെ മകളും സ്വത്തും പോയ ദുഃഖം ആയിരുന്നു അന്നേരവും..
എനിക്കു ഓപ്പോസിറ് നിന്ന അനിയനെ കണ്ണുകൾ കൊണ്ട് ഞാൻ അമ്മക്ക് കാണിച്ചു കൊടുത്തു…എന്റെയും അമ്മയുടെയും മനസ്സുകൾ അപ്പോൾ പറഞ്ഞു ഇവനെ നമുക്ക് അമ്മാവന്റെ മകൾക്കു കുരുതി കൊടുക്കാം..അങ്ങനെ ഒന്നാം ലോക മഹായുദ്ധം എന്റെ വീട്ടിൽ ഉണ്ടാക്കാനുള്ള ഉടമ്പടി എന്റെ വീട്ടുകാരും ശാരിയുടെ വീട്ടുകാരും തമ്മിൽ ഒപ്പ് വച്ചു…….
എന്റെ ശാരിയുടെയും കല്യാണം നാടറിഞ്ഞു നടത്തണമെന്ന് എനിക്കു ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും അമ്മ വളരെ ലളിതമായി നടത്തിയാൽ മതിയെന്ന് പറഞ്ഞു..അതു തന്നെയല്ല പെണ്ണിന്റെ വീട്ടുകാർ അല്ല സദ്യ ഒക്കെ നൽകേണ്ടത് ഒരുപാട് ആൾക്കാർ ഉണ്ടെങ്കിൽ നാണക്കേട് ആകും അതുകൊണ്ട് ഒരു ആയിരത്തി അഞ്ഞൂറ് പേരിൽ കൂടുതൽ ഞങ്ങളുടെ ഭാഗത്തു നിന്നും ഉണ്ടാവില്ല എന്നു അമ്മ അവളുടെ അച്ഛനു ഉറപ്പു കൊടുത്തു…ആൾക്കാരുടെ എണ്ണം കേട്ടിട്ടോണോ എന്തോ ശാരിയുടെ അച്ഛന്റെ തിളങ്ങുന്ന കഷണ്ടി തലയിൽ വിയർപ്പിന്റെ അംശം കൂടുന്നതായും മുഖത്ത് ചോ രയുടെ അംശം കുറയുന്നതായും എനിക്കു തോന്നി…….
കല്യാണത്തിന് ശേഷം പന്തലുകാർക്കു ഒക്കെ പൈസയും കൊടുത്തു ഞാൻ ആഹാരവും കഴിച്ചു എന്റെ ജീവിതത്തിലെ ആദ്യമായുള്ള ആദ്യ രാത്രി ആകുന്നതും പ്രതീക്ഷിച്ചു ഇരുന്നു…കട്ടിലിലെ മുല്ല പൂവിന്റെ ഗന്ധവും ജനലിൽ കൂടി നോക്കിയാൽ ഞങ്ങളുടെ ഗോമതി പശു ചാണകം ഇടുന്നതും കണ്ടപ്പോൾ മത്തു പിടിപ്പിക്കുണ്ടായിരുന്നു…ചാണകവും മുല്ലപ്പൂവും കൂടെ ഗോമൂത്രവും നല്ല ബെസ്റ്റ് ഫസ്റ്റ് നൈറ്റ് കോമ്പിനേഷൻ…..
പെട്ടെന്നാണ് അടുക്കളയിൽ ഒരു ശബ്ദം കേട്ടത്….ഗ്ലാസ് വീഴുന്ന ശബ്ദം അല്ലേ ആ കേട്ടത്……അതെ, ഞാൻ കട്ടിലിൽ നിന്നും എഴുന്നേറ്റു ഓടി അടുക്കളയിലേക്കു ചെന്നു…എവിടെയോ എന്തോ തകരാറു പോലെ…ഗ്ലാസ് താഴെ പൊട്ടി ചിതറി കിടക്കുന്നുണ്ട്…അമ്മ അയ്യോ ഈ നാശം പിടിച്ചവൾ വന്നു കയറും മുൻപ് വീട് ഇടിച്ചു ഇടുന്നേ എന്നൊക്കെ വിളിച്ചു കൂവുന്നുണ്ടായിരുന്നു…അച്ഛന്റെയും എന്റെയും നോട്ടം അമ്മയിലേക്കു ആകുമ്പോൾ അമ്മയുടെ ശബ്ദം കൂടുന്നത് തിരിച്ചറിഞ്ഞു ഞങ്ങൾ അധികം ശ്രദ്ധ അമ്മക്ക് കൊടുത്തില്ല പിന്നെ….ശാരി ആണെങ്കിൽ ഞാനൊന്നും അറിഞ്ഞില്ലേ രാമ നാരായണ എന്നുള്ള മുഖ ഭാവവുമായി നിൽക്കുന്നു……
“”എന്ത് പറ്റി ശാരി….ഗ്ലാസ് എങ്ങനെ താഴെ വീണു….സൂക്ഷിച്ചു എടുക്കണ്ടേ അതും പൊട്ടുന്ന പാത്രങ്ങൾ…. “” ഞാൻ ശാരിയോട് മയത്തിൽ ചോദിച്ചു….പക്ഷെ മറുപടി തന്നത് എന്റെ അമ്മയാണ്….
“”ടാ കാലമാടാ നിനക്കു എവിടുന്നു കിട്ടിയെടാ ഇവളെ…നിനക്ക് ഒരു സ്പൂണിൽ കൂടുതൽ പഞ്ചസാര ഇടരുതെന്നു,,,കൂടുതൽ ഇട്ടപ്പോൾ ഞാൻ പറഞ്ഞു അതിനു ഇവൾ താഴെ ഇട്ടു പൊട്ടിച്ചതാണ്…നിന്നേ ഷുഗർ അസുഖം വരുത്താൻ നോക്കിയത് തടഞ്ഞതിന്….. “”
എന്നും എന്റെ ഇഷ്ടത്തിന് നാലു സ്പൂൺ പഞ്ചസാരയിൽ എനിക്കു ചായ തരുന്ന അമ്മയതു പറഞ്ഞപ്പോൾ എനിക്കു അമ്മയുടെ വാക്കുകളിലെ എന്നോടുള്ള ഇഷ്ടം മനസ്സിലായി…..
പെട്ടന്ന് അച്ഛൻ പറഞ്ഞു “”പാൽ ഇല്ലന്ന് കരുതി ആദ്യ രാത്രി മുടക്കേണ്ട രണ്ടാളും കൂടി റൂമിലേക്ക് പൊക്കോ…. “‘
അമ്മയോട് മിണ്ടാതെ പോയി കിടന്നു ഉറങ്ങാൻ അച്ഛൻ പറയുന്നത് കൂടി കേട്ടപ്പോൾ ആണ് എനിക്കു സമാധാനമായത്…….
റൂമിലേക്ക് പോകും വഴി ഞാനോർത്തു റഷ്യയും അമേരിക്കയും പോലെ സ്നേഹത്തിൽ ആണല്ലോ ഇവിടുത്തെ കാര്യങ്ങൾ….എങ്കിലും ഞാൻ ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നും ശാരിയോട് പറയാതെ ഞങ്ങളുടെ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചു….നല്ല നല്ല സ്വപ്നങ്ങളും കണ്ടു ഉറങ്ങി…..
അടുത്ത ദിവസം രാവിലെ ശാരിയുടെ കയ്യിൽ നിന്നും ആദ്യമായി ചായ മേടിച്ചു കുടിക്കുന്നതും അതു കഴിഞ്ഞു അവളെ ഒരിക്കൽ കൂടി കട്ടിലിലേക്ക് പിടിച്ചിട്ടു ഉമ്മ വെക്കുന്നതും സ്വപ്നം കണ്ടു ഞാൻ ഉണർന്നു…….ഉണർന്നപ്പോൾ മുൻപിൽ തന്നെ ശാരി നിൽക്കുന്നു…..എനിക്കു സന്തോഷമായി…….പാതി കണ്ണുകൾ തുറന്നുകൊണ്ട് തന്നെ ഞാൻ അവളോട് പറഞ്ഞു….
””എനിക്കു എന്നും ഇങ്ങനെ നിന്നെയും കണ്ടു ഉണരണം ചക്കരെ..ആ കയ്യിൽ ഇരിക്കുന്ന ചായ അങ്ങോട്ട് വച്ചിട്ട് എന്റെ ശാരികുട്ടി ഇങ്ങോട്ട് ഇരുന്നേ…. “”
ഞാനതു പറഞ്ഞു തീർന്നില്ല എന്തോ വൃത്തികെട്ട സാധനം കൊണ്ട് എന്റെ ച ന്തിക്കിട്ട് ഒരു നാലെണ്ണം തന്നു അവൾ….അന്നേരണമാണ് ഞാൻ കാണുന്നത്…ചായക്ക് പകരം ചൂലാണ് ശാരിയുടെ കയ്യിൽ….ഞെട്ടി തെറിച്ചു ഒരുമാതിരി ബാലചന്ദ്ര മേനോനെ പോലെ ഞാൻ ചോദിച്ചു…..
“”പുത്തൻ അച്ചി പുരപ്പുറം അല്ലേടി തൂക്കേണ്ടത് അല്ലാതെ ഭർത്താവിന്റെ ച ന്തി അല്ലല്ലോ….നീ ഇത് എന്ത് ഭാവിച്ചു ആണ് ശാരി…എങ്കിലും നീ എന്റെ ചക്കര കുട്ടൻ തന്നെ…. “” അതും പറഞ്ഞു ഞാൻ അവളുടെ മുഖത്ത് ഒന്നു തൊട്ടു….
“”ചക്കരയും അടയും പഞ്ചസാരയും ഒന്നും വേണ്ട….എനിക്കു വയ്യ ഇങ്ങനെ ഓരോന്നും സഹിക്കാൻ…നിങ്ങൾ എന്നെ മനസ്സിലാക്കുന്നില്ലല്ലോ എന്നാലും….”” ശാരി രാവിലെ തന്നെ മോങ്ങിക്കൊണ്ട് പറഞ്ഞു….
ഞാൻ എന്റെ നടുവിരൽ കൊണ്ട് എന്റെ താടിയിൽ ചൊറിഞ്ഞു കൊണ്ട് പറഞ്ഞു
“”നീ എന്നെ മനസ്സിലാക്കി ഇല്ലങ്കിലും ഞാൻ നിന്നേ മനസ്സിലാക്കുന്നില്ല എന്നു പറയരുത് കള്ള കുട്ടാ…ഇപ്പോൾ എന്താണ് പുതിയ പ്രശ്നം…… “”
“”ഞാൻ രാവിലെ അടുക്കളയിൽ കയറി ജോലി ചെയ്തേക്കാം വച്ചു ചെന്നപ്പോൾ നിങ്ങളുടെ അമ്മ പറഞ്ഞു മോൾ പോയി മുറ്റം അടിക്കാൻ…ഞാൻ മുറ്റത്തു ചെന്നു നോക്കിയപ്പോൾ ആ തള്ള അപ്പുറത്തെ വീട്ടിലെ കരിയില കൂടി എടുത്തു രാവിലെ തന്നെ നമ്മുടെ മുറ്റത്തു ഇട്ടേക്കുന്നു…. “”
ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ലല്ലോ….അച്ഛനോടു പറയണം അമ്മയോട് പഴയ സ്നേഹമയി ആയ അമ്മ ആകാൻ,,,അതു തന്നെയല്ല അച്ഛനെ മാത്രമേ അമ്മക്ക് പേടിയുമുള്ളൂ…അതും തീരുമാനിച്ചു ഞാൻ വെളിയിലേക്കു ഇറങ്ങി…..
വെളിയിൽ ഇറങ്ങിയപ്പോൾ റോമാ സാമ്രാജ്യം കത്തി അമർന്നപ്പോൾ ആരോ എവിടെയോ ഇരുന്നു വീണ വായിച്ചത് പോലെ വീട്ടിൽ ഇത്രയും പ്രശ്നങ്ങൾ നടക്കുമ്പോളും അച്ഛൻ ആ ദേഷ്യം കൊണ്ട് ആണെന്ന് തോന്നുന്നു അടുക്കളയിൽ ഇരുന്നു തേങ്ങ നന്നായി ചിരകി കൊടുക്കുന്നു…..
അടുക്കളയിലേക്കു ചെന്നപ്പോൾ അമ്മ ചായ തന്നതോടെ എന്റെ ദേഷ്യം മാറിയതോടെ അതു അവിടെ തീർന്നു എങ്കിലും ബാക്കി എല്ലാ ദിവസവും എന്റെ വീട്ടിൽ ഇടതു മാറി വലതു മാറി ഒഴിഞ്ഞു മാറി എറിഞ്ഞു തൂറ്റി ഓരോ യുദ്ധങ്ങൾ പതിവായിരുന്നു…..അമ്മ ഓതിരം കടകം പറയുമ്പോൾ ശാരി മറുകടകം പറഞ്ഞു ഒഴിഞ്ഞു മാറും……
ജോലിക്ക് പോയിട്ട് വരുമ്പോൾ കാര്യങ്ങളുടെ സത്യം അറിയാൻ അച്ഛനോട് ചോദിച്ചാൽ അച്ഛൻ പറയും ഇച്ചേയി പറയുന്നതാണ് വാസ്തവം പക്ഷെ കൊച്ചച്ചൻ പറയുന്നത് ശരി എന്നുള്ള പഴംചൊല്ല് പോലെയുള്ള ഉത്തരവും കിട്ടും….
ഒരു ദിവസം ജോലി കഴിഞ്ഞു ഞാൻ വരുമ്പോൾ പതിവില്ലാതെ അമ്മയും ശാരിയും സ്നേഹം..എനിക്കു എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല…ഞെട്ടി തെറിച്ചു പണ്ടാരമടങ്ങി വീട് മാറി പോയോ എന്ന സംശയും ആയി ചെന്ന എന്നോടു അമ്മ പറയുവാ……
“”അതെ എന്റെ മോൻ ഒരു അച്ഛൻ ആകാൻ പോകുന്നു…എന്റെ ശാരി മോൾ അമ്മയും ഞാൻ അമ്മൂമ്മയും..ഇനി എന്റെ മോളുടെ കാര്യം എല്ലാം ഞാൻ നോക്കിക്കോളാം….'” ശാരിയെ നോക്കി ഒന്നു കണ്ണ് ഇറുക്കി അമ്മ അവിടെ ഉണ്ടായിരുന്നിട്ടു കൂടി കെട്ടിപിടിച്ചപോൾ അമ്മ തുടർന്നു…….
“”മതി മതി, ഇനി സ്നേഹം ഒന്നും കുറച്ചു കാലത്തേക്ക് വേണ്ട..അമ്മ കൊടുത്തോളം അവൾക്കു കടലോളം സ്നേഹം…. “”
അമ്മയുടെ ആ വാക്കുകൾ എന്റെ ഉള്ളിൽ സന്തോഷത്തിന്റെ അമിട്ട് പൊട്ടിക്കുമ്പോൾ ഞാൻ അറിയുക ആയിരുന്നു ഒന്നാം ലോക മഹായുദ്ധം അവസാനിച്ചതായി സോവിയറ്റ് യൂണിയൻ പ്രഖ്യാപിച്ചെന്നു….എല്ലാം കണ്ടു കണ്ണുകൾ നിറഞ്ഞു പുതിയൊരു ലോകവും സ്വപ്നം കണ്ടു ഞാൻ ഇരുന്നപ്പോൾ അനിയൻ എന്നെ മുറിക്കു പുറത്തേക്കു വിളിച്ചു……
ദൈവമേ ഇവിടെ എല്ലാം ഒക്കെ ആയപ്പോൾ ഇനി ശാരി പ്രഗ്നന്റ് ആയി അറിഞ്ഞു ഫുൾ മേടിപ്പിച്ചു അടുത്ത വഴക്ക് ഉണ്ടാക്കിക്കാൻ ഉള്ള പരിപാടി ആണോ ഇനി….ഇല്ലെടാ അനിയാ, എന്നെ കൊന്നാലും ഞാൻ മേടിച്ചു തരില്ലെടാ എന്നു മനസ്സിൽ ഉറപ്പിച്ചു പറഞ്ഞു ഞാൻ വെളിയിലേക്കു ചെന്നു…ഞാൻ ചെന്നതും അവൻ എന്റെ ചെവിയിൽ പറഞ്ഞു…….
“”അതെ ചേട്ടാ,,,ഞാനൊരു പെൺകുട്ടിയുമായി ഇഷ്ടത്തിൽ ആണ്…ചേട്ടൻ തന്നെ മുൻപിൽ നിന്നു എല്ലാം ചെയ്തു തരണം…. “”
“”ടാ അപ്പോൾ നമ്മുടെ അമ്മാവന്റെ മോളോ അവളെ ആർക്കു എങ്കിലും കെട്ടിച്ചു കൊടുക്കണ്ടേ…..””
“”അതൊന്നുമോർത്തു ചേട്ടൻ പേടിക്കണ്ട…അവളെയും പ്രേമിക്കാൻ ഞാൻ ആളെ സെറ്റ് ആക്കിയിട്ടുണ്ട്…സമാധാനത്തോടെ എനിക്കു കല്യാണം കഴിക്കണം ചേട്ടാ…. “”
“”എങ്കിൽ അവളുടെ കല്യാണം കഴിഞ്ഞു നമുക്ക് ഇത് അവതരിപ്പിക്കാമെടാ..അതാകുമ്പോൾ സേഫ് ആണ്……””
“”അതൊന്നും പറ്റില്ല ചേട്ടാ ഒരു പ്രത്യേക സാഹചര്യത്തിൽ ഞാൻ എന്റെ കാമുകിയെ കൂടെ കൂട്ടി…വെളിയിൽ നിൽപ്പുണ്ട്…ചേട്ടൻ വേണം എല്ലാവരെയും സമ്മതിപ്പിക്കാൻ….. “”
“”ഇതിലും ഭേദം നീ എന്നോട് റോക്കറ്റ് കയ്യിൽ വച്ചു വിടാമോ ചോദിക്കുന്നത് ആയിരുന്നു….””
അപ്പോൾ ഒരു കാര്യം ഉറപ്പായി ഒന്നാം ലോക മഹായുദ്ധം അവസാനിച്ചു എങ്കിലും രണ്ടാം ലോക മഹായുദ്ധത്തിനുള്ള വെടി മരുന്നുകൾ അന്ന് തന്നെ വീട്ടിൽ മുളച്ചിരുന്നു….
അതു ഇനി എന്ത് ആകുമോ എന്തോ എന്നോർത്ത് ഞാൻ എന്ത് ചെയ്യണമെന്ന് അറിയാതെ മുറിയിലിരിക്കുന്ന അമ്മയുടെ മുഖത്ത് നോക്കുമ്പോൾ രണ്ടാം ലോക മഹായുദ്ധം ആരംഭിക്കാൻ വേണ്ടി അനിയന്റെ പെണ്ണ് വീട്ടിൽ കാലു വച്ചു കഴിഞ്ഞിരുന്നു……
************
അഭിപ്രായം പറയണേ….നർമ്മം ആണ് ഉദേശിച്ചത് എന്തായി അറിയില്ല….