പ്രതീക്ഷകൾ…
Story written by Lis Lona
==============
“ഹോ എന്തൊരു തണുപ്പാണ്…ഒന്ന് പതുക്കെ ഓടിക്ക് ശ്രീ….” ഒന്ന് മുന്നോട്ടാഞ്ഞു ഞാനവനോട് ചേർന്ന് മുട്ടിയിരുന്നു…
അവന്റെ വയറിലേക്ക് കൈകൾ ചുറ്റി ചേർന്നിരിക്കുമ്പോൾ തണുപ്പിന് നല്ല ആശ്വാസമുണ്ട്…
കാറ്റിൽ അവനിൽ നിന്നുമുയരുന്ന പതിവ് ഇറ്റേണിറ്റി പെർഫ്യൂമിന്റെയും വിയർപ്പിന്റെയും സമ്മിശ്രഗന്ധം എന്നെ ചുറ്റി പരന്നതും വല്ലാത്തൊരിഷ്ടത്തോടെ ഞാൻ ശ്രീധറിന്റെ തോളിൽ ചുംബിച്ചു.
രാത്രിയിലെ ബൈക്ക് യാത്രകളിൽ പതിവുള്ള വേഗത ശ്രീധർ അല്പമൊന്നു കുറച് ഒരു കൈകൊണ്ട് ഹെല്മെറ്റൂരി…അവന്റെ തോളിലേക്ക് തല ചേർത്ത് വച്ച എന്റെ മൂക്കിൻത്തുമ്പിലേക്ക് അവനൊന്ന് മുഖം ചെരിച്ചു കവിൾ ചേർത്തു…
“തണുക്കുന്നുണ്ടോ ന്റെ ആമിപെണ്ണിന്….ഇന്ന് നല്ല തണുപ്പുണ്ട്….ഇത്തിരി കൂടി മുൻപോട്ട് പോയാൽ നമുക്കൊരു ചായ കുടിക്കാം…”
അവനത് പറഞ്ഞു തീർന്ന് എന്റെ മുഖത്തേക്ക് മുഖമുരസി..അവന്റെ കവിളിലേക്കമർന്ന അധരങ്ങൾ മറയ്ക്കാനെന്നോണം കള്ളകാറ്റെന്റെ മുടിയിഴകൾ പറത്തികളഞ്ഞു അന്നേരം…
കഴിയുന്നതും മാസത്തിലൊരിക്കലെങ്കിലും ശ്രീധറും ആമിയും മംഗലാപുരത്തു നിന്നും നാട്ടിലെത്തും അമ്മയെക്കാണാൻ…അതും ശ്രീധറിന്റെ ഭ്രാന്തുകളിലൊന്നായ ബൈക്കിലുള്ള രാത്രിയാത്രയെ കൂട്ട് പിടിച്ചു കൊണ്ട് തന്നെ…
ബാംഗളൂരിൽ ഒരേ ഐ ടി കമ്പനിയിൽ ജോലി ചെയ്യുമ്പോൾ തളിരിട്ട പ്രണയം…മൂന്ന് വർഷത്തോളമായപ്പോൾ ശ്രീധറിന്റെ വീട്ടുകാർ തന്നെ നിർബന്ധം പിടിച്ചു…’മംഗല്ല്യം തന്തു നാ നേ ന ‘ ചൊല്ലാനായി വർഷമൊന്നു കഴിഞ്ഞു ഇപ്പോൾ കല്യാണം കഴിഞ്ഞിട്ട്..
ശ്രീധറിനു ഭ്രാന്തമായ ഒരിഷ്ടമാണ് ആമിയോടെന്നു സഹപ്രവർത്തകർ പറയുമ്പോഴൊക്കെ ഞാൻ ഇടംകണ്ണിട്ട് അടുത്ത ക്യാബിനിലേക്ക് നോക്കും..അവനു മാത്രമല്ല എനിക്കുമവനെ പ്രാണനാണെന്ന് പറയാതെ പറയാൻ…
ഭംഗിയിൽ ഓലമേഞ്ഞ ഒരു ചായക്കടക്ക് മുൻപിലായി ബൈക്ക് നിർത്തിയപ്പോൾ ചിന്തകൾ ഇടമുറിഞ്ഞു…
കടക്കു മുൻപിൽ നിരയായി നിർത്തിയിട്ടിരിക്കുന്ന ലോറികളിലേക്ക് കണ്ണോടിച്ചു പതിയെ കടക്കുള്ളിലേക്ക് കയറുമ്പോൾ കണ്ടു ഞങ്ങളുടെ നേരെ നീളുന്ന പല കണ്ണുകൾ.
പതിവുള്ള കാഴ്ചയായതു കൊണ്ട് അത് ശ്രദ്ധിക്കാതെ അകത്തെ ബെഞ്ചിലേക്കിരുന്നു…കഴിക്കാൻ ആകെയുള്ളത് ആവി പറക്കുന്ന ദോശയും ഓംലെറ്റും , അതും കഴിച്ചു ചായ കുടിച്ചിറങ്ങുമ്പോഴേക്കും മുക്കാൽമണിക്കൂർ കഴിഞ്ഞിരുന്നു.
“ഇപ്പൊ ഉഷാറായില്ലേ മോളെ…പിടിച്ചിരുന്നോ ഇനി വീട്ടിലെത്തിയെ നിർത്തൂ…”
നിർത്തിയിട്ടിരുന്ന ബൈക്കിന് മുകളിലേക്ക് കൊഴിഞ്ഞുവീണ , രക്തവർണമാർന്ന വാകപ്പൂക്കൾ പെറുക്കിയെടുക്കുന്ന എന്നോടായി പറഞ് അവൻ പോക്കറ്റിൽ നിർത്താതെയടിക്കുന്ന ഫോൺ എടുത്തുനോക്കി..
“അമ്മയാ…ഇതാ ഞാൻ പറഞ്ഞേ , വിളിച്ചു പറയണ്ട വരുന്ന കാര്യംന്ന്..കേട്ടില്ലല്ലോ….വയ്യെങ്കിലും ഉറക്കമൊഴിച്ചു കാത്തിരിക്കും അവിടെ…”
വേഗം ശ്രീധറിന്റെ കയ്യിലെ ഫോൺ തട്ടിപറിച്ചെടുത്തു ഞാനവന്റെ കയ്യിലൊരു നുള്ളും കൊടുത്തു കൃതിമദേഷ്യത്തോടെയൊന്ന് നോക്കി
“സുമതികുട്ട്യാമ്മേ…അവിടേക്കല്ലേ ഞങ്ങൾ വരണത്..ദേ മോനിപ്പോ ഇയ്ക് നല്ല ചൂട് ദോശേം ചായേം വാങ്ങിത്തന്നു..ഇനീപ്പോ ദാ ന്ന് പറയുമ്പളേക്കും എത്തില്ലേ ഞങ്ങള്…സുഖായി ഉറങ്ങിക്കോളൂ ന്റെ അമ്മക്കുട്ടി….”
ചിരിച്ചു കൊണ്ട് ഫോണിൽ വായിട്ടലക്കുന്ന എന്നെ തിരിഞ്ഞു നോക്കി മതി മറന്ന് നിൽക്കുന്ന ശ്രീധറിനോട് ഹെൽമെറ്റ് വച്ചോളാൻ ഞാൻ ആംഗ്യം കാണിച്ചു …..
തെളിനീരിലെ കുഞ്ഞുചുഴികൾ പോലെ ചിരിക്കുമ്പോൾ പതിയെ തെളിയുന്ന എന്റെ നുണക്കുഴികൾ എന്നുമവന്റെ ല ഹരിയായിരുന്നു…അവന്റെ പ്രണയം എന്നിലേക്കെത്തിച്ചതും അത് തന്നെ…
അനാഥാലയത്തിൽ വളർന്ന എന്നോടുള്ള ഇഷ്ടം ശ്രീധർ അവന്റെ വീട്ടിലവതരിപ്പിച്ചപ്പോൾ എതിർപ്പുമായെത്തിയവർക്ക് മുൻപിൽ കൂട്ടുകാരിയെപോലെ ഞങ്ങളുടെ കൂടെ നിന്ന് അമ്മയാണ് ധൈര്യം തന്നത്.
ആരുമില്ലാത്തവർക്ക് സ്നേഹം കൊടുക്കുന്നവരാണ് ദൈവത്തിനു പ്രിയപെട്ടവരെന്ന് പറഞ് എല്ലാവരുടെയും വായടപ്പിച്ചു അമ്മ.
ഇന്നെനിക്ക് അമ്മയും അച്ഛനും അമ്മായിയമ്മയും കൂട്ടുകാരിയും എല്ലാം അവന്റമ്മയാണ്…
“എന്നെക്കാളേറെ എന്റമ്മയെ സ്നേഹിക്കുന്ന അവളെ പ്രാണൻ കൊടുത്തും ഞാൻ സ്നേഹിക്കണ്ടേ… “
പെങ്കോന്തനെന്ന് വിളിച്ച കൂട്ടുകാർക്ക് മറുപടി കൊടുക്കുന്ന അവന്റെ കണ്ണുകളിലെ തിളക്കം വിളിച്ചു പറയുന്നുണ്ടായിരുന്നു അവനെന്നോടുള്ള പ്രണയത്തിന്റെ ആഴം ..
വിശപ്പും തണുപ്പും മാറി പുലർച്ചെ വീട്ടിലെത്തുമ്പോഴും പടിപ്പുരയിലെയും മുറ്റത്തേയും വിളക്കണക്കാതെ അമ്മ കാത്തിരിക്കുന്നുണ്ടായിരുന്നു..
അകത്തേക്ക് കയറാതെ മുറ്റത്തിന്റെ കോണിൽ വിടർന്നു കൂമ്പി നിൽക്കുന്ന നിശാഗന്ധിപൂക്കളെയും നോക്കിനിൽക്കുമ്പോഴേ കണ്ടു…പടിയിറങ്ങി അമ്മ വരുന്നത്…
ഓടിപോയി അമ്മക്ക് കവിളിലൊരുമ്മ കൊടുക്കുമ്പോൾ കഴിഞ്ഞ ഒരുമാസത്തെ കുടിശിക തീർക്കാനെന്ന ഭാവേന അമ്മയും നിന്നു…
കലപില കൂട്ടി രണ്ടാളും കൂടി അകത്തേക്ക് നടക്കാൻനേരം ശ്രീധർ ഉറക്കെ മുരടനക്കി കൈ കൊട്ടി.
“അതേ ഭാര്യേ…നീയെന്റെ അമ്മയെ തട്ടിയെടുത്തോ പക്ഷേ കൂടെ അമ്മയുടെ സ്വന്തം മോനും കൂടി വന്നിട്ടുണ്ടെന്ന് ഒന്നു പറയണേ…”
അത് കേട്ട് ഞാനും അമ്മയും പൊട്ടിച്ചിരിച്ചു…
അവനറിയാം ഇനി മൂന്ന് ദിവസത്തേക്ക് ആ ചിത്രത്തിൽ അവനില്ല….കല്യാണം കഴിഞ്ഞു കുറച്ചു ദിവസങ്ങൾ കൊണ്ട് വിവാഹത്തിന് എതിർപ്പ് കാണിച്ച ഏട്ടത്തിയമ്മേം ഏട്ടനേം വരെ ഞാൻ കയ്യിലെടുത്തു….
കുളി കഴിഞ്ഞു ഞാൻ വരുമ്പോൾ മുഷിഞ്ഞ തുണി പോലും മാറാതെ തലയിണയും കെട്ടിപിടിച്ചു ബോധം കെട്ടുറങ്ങുകയാണ് ശ്രീധർ….
ചിത്രങ്ങൾ മങ്ങിത്തുടങ്ങിയോ…..? തെളിച്ചമില്ലാത്ത ഓർമ്മകൾ വേദനിപ്പിക്കുന്നോ..തോന്നൽ..ഞാൻ മെല്ലെ കണ്ണടച്ചു…
***************
മുഖം വ്യക്തമല്ലാത്ത ഒരാൾ ആയുധവുമായി പിന്തുടരുന്നതും എത്രെ ഓടിയിട്ടും അയാളേക്കാൾ വേഗതയിൽ അവനോടാൻ കഴിയാതെ നിസ്സഹായാവസ്ഥയിൽ വേച്ചു വീഴാൻ പോകുന്നതും വീഴാതിരിക്കാനായി ശ്രീധർ ശരീരം കഷ്ടപ്പെട്ട് നിയന്ത്രിക്കുന്ന നിമിഷം…പെട്ടെന്ന് ചിത്രങ്ങൾ മാറി…
നിറപുഞ്ചിരിയോടെ ആമി മുൻപിൽ…ഒന്നാഞ്ഞു അവളെ പിടിക്കാനവൻ നോക്കിയതും ഉറക്കെ പൊട്ടിച്ചിരിച്ചു കൊണ്ട് ആമി അവന്റെ പുതപ്പ് വലിച്ചെടുക്കാൻ നോക്കുന്നു…
“ആമി കളിക്കാതെ പോ…ഞാനിത്തിരി നേരം കൂടി കിടക്കട്ടെ…എന്നിട്ട് വരാം താഴേക്ക്….”
അവളെന്തോ പറയാൻ വന്നോ…?ഇനിയും പറഞ്ഞുതീരാത്ത കഥകൾ…
പെട്ടെന്നാരോ മുറിയിലെ ജന്നൽപാളികൾ തുറന്ന് വെളിച്ചം മുഖത്തേക്കടിച്ചു…അവന്റെ ഉറക്കം തെളിഞ്ഞു…
“എണീക്ക് മോനേ മതിയുറങ്ങിയത് ഇനീം എണീറ്റില്ലെങ്കിൽ ആമിയെ കുളിപ്പിക്കാൻ വൈകും …” വയ്യാത്ത അമ്മ പടി കയറി മുകളിലേക്ക് വന്നിരിക്കുന്നു
ഒരു നിമിഷം…സ്വപ്നമെല്ലാം തെളിഞ്ഞു ശ്രീധർ തൊട്ടടുത്തു കിടക്കുന്ന ആമിയെ നോക്കി..ഇനിയും പഴയ ഓർമകളിൽ തപ്പി തടഞ്ഞു നിൽക്കുന്ന അവളെ സങ്കടത്തോടെ….
രണ്ടു വർഷം കഴിഞ്ഞിരിക്കുന്നു ഇതേ കിടപ്പ്…അന്നത്തെ അവധിയവസാനിച്ചു രാത്രിയിൽ യാത്രയില്ലെന്ന് പറഞ്ഞു ഇറങ്ങാൻ നേരമറിഞ്ഞില്ല എല്ലാ സന്തോഷങ്ങളും അവസാനിക്കാനുള്ള മടക്കമാണെന്ന്….
അപ്പാർട്മെന്റിലേക്കുള്ള റോഡിലേക്ക് ബൈക്കുമായി കയറിയപ്പോഴേ കണ്ടിരുന്നു ദൂരെ നാലഞ്ചു പേർ കൂട്ടം കൂടി നിൽക്കുന്നത്..
അസമയത്തു കാണുന്ന ആണും പെണ്ണും അനാശ്യാസത്തിനു പോകുന്നവരെന്ന് മുൻവിധിയെഴുതി ശിക്ഷിക്കാൻ നടക്കുന്ന സദാചാരവാദികൾ മംഗലാപുരത്തു തലപൊക്കിതുടങ്ങിയത് ഓർമ്മ വന്നതും ബൈക്കിന്റെ വേഗത കൂട്ടി…
കറങ്ങുന്ന റിമ്മിനിടയിലേക്ക് നീളൻ വടി അവർ നീട്ടുന്നത് കണ്ട് അപകടസൂചന കിട്ടിയപ്പോഴേക്കും ഞാനും ആമിയും ബൈക്കിൽ നിന്ന് തെറിച്ചിരുന്നു.
രക്തം വാർന്നു കിടക്കുന്ന ഞങ്ങളെ കാർക്കിച്ചു തുപ്പി , തലയിലെ തുണിതൊപ്പിയൂരി നെറ്റിയിൽ നിറയെ ചുവന്ന ചന്ദനം വാരിപ്പൂശിയ ചിലർ കടന്നു പോകുന്നത് ബോധം മറയും മുൻപേ കണ്ടിരുന്നു…
മണിക്കൂറുകളാണ് രക്തം വാർന്ന് റോഡിൽ കിടന്നത്…ഒടുവിൽ ആർക്കോ കരുണ തോന്നി ആസ്പത്രിയിലേക്കെത്തിച്ചു…
ആമിയുടെ തലക്കേറ്റ ക്ഷതം ഗുരുതരമായിരുന്നു…മരുന്ന് മണക്കുന്ന ഇടനാഴികളും വെളുത്ത ചുവരുകളും മാത്രമുള്ള ലോകം മാസങ്ങളോളം…
കിലുക്കാംപെട്ടി പോലെ പാറി നടന്നിരുന്ന ആമിയെ വീട്ടിലേക്ക് മടക്കി കൊണ്ട് വന്നത് കളിയും ചിരിയും ഇല്ലാതെ ഒന്നനങ്ങാൻ പോലുമാകാത്ത കോലത്തിൽ…
ഒരു പ്രതീക്ഷയും വേണ്ടെന്നു പറഞ്ഞു ഹോസ്പിറ്റലിൽ നിന്നും വീട്ടിലേക്ക് വരുമ്പോൾ മനസ്സ് നിറയെ ജീവനോടെ കിട്ടിയല്ലോ എനിക്കവളെ എന്നായിരുന്നു…
പാതിവഴിയിൽ പൊലിഞ്ഞു പോവാതെ തിരികെ തന്നില്ലേ എന്റെ പ്രാണനെ ദൈവമേ അത് മതിയെന്ന പ്രാര്ഥനയായിരുന്നു…
നെഞ്ചിലെ നൊമ്പരമെല്ലാം മാറ്റി വച്ചു ആമിയെ ഒരു കുറവും വരുത്താതെ ജീവനായി സ്നേഹിച്ചു കൂടെനിന്നു…
ഒരോ തവണയും ചെല്ലുമ്പോൾ അവളിലുള്ള മാറ്റങ്ങളെ പറ്റി വാ തോരാതെ പറയുന്നയെന്നെ നോക്കി അത്ഭുതത്തോടെയാണെങ്കിലും ഡോക്ടർ ഓർമിപ്പിക്കും…
പ്രതീക്ഷകളൊന്നും ഇല്ലാതെ അവളെ പഴയതിനേക്കാൾ സ്നേഹിച്ചു കൂടെയുണ്ടാകണം…തനിച്ചായെന്ന തോന്നൽ പോലും അവളെ ഒരിക്കലും മടക്കി കൊണ്ട് വരാൻ കഴിയില്ലെന്ന് ….
എപ്പോഴെങ്കിലും ഒരത്ഭുതം നടക്കുമെന്ന് ആരെക്കാളും പ്രതീക്ഷ അമ്മക്കായിരുന്നു…
തിരിച്ചറിവിന്റെ തുടക്കം പോലെ ആമിയുടെ പലപ്പോഴും നിറഞ്ഞു തൂകുന്ന കണ്ണുകൾ എനിക്കു തന്നത് വലിയൊരു പ്രതീക്ഷയാണ്..
പിന്നീടാ പ്രതീക്ഷക്ക് തിളക്കമേകി അവ്യക്തമെങ്കിലും അല്പമുയർന്ന സ്വരങ്ങൾ പിന്നീട് കൂട്ടിചേർത്ത് പറയാൻ തുടങ്ങിയവൾ…
അമ്മ കൊണ്ട് വന്ന ചൂട് വെള്ളം കൊണ്ട് ആമിയുടെ ദേഹം മുഴുവൻ തുടച്ചു വൃത്തിയാക്കി തുണിയെല്ലാം മാറ്റികൊടുത്തു നെറ്റിയിലൊരുമ്മ കൊടുക്കുമ്പോൾ ഞാൻ കണ്ടു എന്റെ പ്രതീക്ഷകൾക്ക് നിറചാർത്തേകി വീണ്ടും അവളുടെ പെയ്തൊഴിയുന്ന നീർമിഴികൾ…
ചുണ്ടുകൾ കൊണ്ട് ഞാനവളുടെ കണ്ണീരൊപ്പുമ്പോൾ വ്യക്തമല്ലാത്തതെങ്കിലും നെഞ്ചിലേക്കാഴ്ന്നിറങ്ങുന്ന സ്വരത്തിൽ അവൾ ചോദിച്ചു…ഞാൻ നടക്കുമോ ശ്രീ……
“പിന്നല്ല…നീ പറക്കുമെന്റെ പെണ്ണേ….നിന്നോടൊത്തു നടന്ന് എനിക്കും മതിയായില്ല..നീ നടന്നു നീങ്ങുന്ന വീഥിയിലെല്ലാം ഞാനുമുണ്ടാകും നിന്റെ നിഴലായി…നിന്നെയും കാത്തെന്റെ ബൈക്കുമുണ്ട്….യാത്ര ചെയ്ത് മതിയാകാതെ….”
നുണക്കുഴികൾ മാഞ്ഞുതുടങ്ങിയ ആമിയുടെ കവിളിൽ അമർത്തി ഉമ്മ വക്കുമ്പോൾ അറിയാതെ അവന്റെ കണ്ണും നിറഞ്ഞിരുന്നു….
ആ നേരം മുറിക്ക് പുറത്തു അവളെ ജീവനുതുല്യം സ്നേഹിക്കുന്ന അമ്മ , പതിയെ കണ്ണടയൂരി സാരിത്തലപ്പുകൊണ്ട് കണ്ണുകളൊപ്പി പുഞ്ചിരിച്ചു…
************
~ലിസ് ലോന