തന്റെ മുന്നിലിരുന്ന് ആർത്തിയോടെ ഭക്ഷണം കഴിക്കുന്ന കുരുന്നുകളെ നൊമ്പരത്തോടെ യശോദ നോക്കി…മാർക്കറ്റിലേക്ക് പോകാനിറങ്ങുകയായിരുന്നു. അപ്പോഴാ അനിയത്തിയുടെ കയ്യും പിടിച്ചു പ്രദീപ് കയറി വന്നത്…
“എന്താ മോനേ ഈ സമയത്ത്? അമ്മ വന്നില്ലേ?” വേവലാതിയോടെ ചോദിച്ചു.
“വിശക്കുന്നു ചിറ്റേ… എന്തെങ്കിലും തര്വോ?” പ്രദീപിന്റെ തളർന്ന ചോദ്യം കേട്ടപ്പോൾ യശോദയുടെ നെഞ്ചു തകർന്നു പോയി…
പെട്ടെന്ന് തന്നെ അടുക്കളയിലേക്കോടി ദോശ ചുട്ടു…സാമ്പാർ ചൂടാക്കി…പൂവമ്പഴം പ്ളേറ്റിൽ ഇട്ടു…എല്ലാം അവരുടെ മുൻപിൽ വച്ചു…..കഴിച്ചു കഴിഞ്ഞ് അവർ മാനസ മോൾക്ക് ടിവി വച്ചു കൊടുത്തു….അതിന് ശേഷം പ്രദീപിനെ ചേർത്തിരുത്തി…
“കണ്ണാ… ചിറ്റയോട് പറ… എന്താ പ്രശ്നം.?”
അവൻ കരഞ്ഞു കൊണ്ട് എല്ലാം പറഞ്ഞു.. കേട്ട് തരിച്ചിരിക്കാനേ യശോദയ്ക്ക് കഴിഞ്ഞുള്ളൂ…. ചേച്ചിയുടെ സ്വഭാവദൂഷ്യ ത്തെ പറ്റി ചില സംസാരം പണ്ട് കേട്ടിട്ടുണ്ട്..പക്ഷെ ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചില്ല…
“അപ്പൊ നിങ്ങളുടെ അച്ഛനോ?”
“അറിയില്ല.. ഇന്നലെ രാത്രി പോയതാ..”
അവൻ കണ്ണീർ തുടച്ചു..
“ചിറ്റ ഒരുപകാരം ചെയ്യോ,?”
“ന്താ മോനേ? “
“വാവയെ ഇവിടെ നിർത്തിക്കോ…എന്നെ ആരുമില്ലാത്ത കുട്ടികൾ താമസിക്കുന്ന സ്ഥലങ്ങളില്ലേ…അവിടെ കൊണ്ടാക്കിയാൽ മതി…ഞാൻ വലുതായിട്ട് അവളെ കൊണ്ടുപോയ്ക്കോളാം…”
അവന്റെ കണ്ണുകൾ തുളുമ്പി..
“എന്താ കണ്ണാ നീ പറയുന്നത്..?”
“അമ്മ ചീത്തയാ… വാവ അത് കണ്ടു വളരരുത്…. ഞങ്ങളെ രണ്ടുപേരെയും നോക്കാൻ ചിറ്റയ്ക്ക് ആവൂല്ല…”
ഒരു പൊട്ടിക്കരച്ചിലോടെ യശോദ അവനെ മാറിൽ ചേർത്തു..അവന്റെ സംസാരം ഒരു കുട്ടിയുടേത് അല്ലായിരുന്നു……
“രണ്ടുപേരെയും ഞാൻ എങ്ങോട്ടും വിടില്ല.. ചിറ്റയുണ്ട് നിങ്ങൾക്ക് പോരേ?”
അതൊരു വെറും വാക്കല്ലായിരുന്നു….യാശോദ ജോലിക്ക് പോകുന്ന കൈത്തറി സൊസൈറ്റിയിലെ യൂണിയൻ സെക്രട്ടറി ലക്ഷ്മണനോട് കാര്യം പറഞ്ഞു…രാഷ്ട്രീയം നോക്കാതെ ആർക്കും എന്തുപകാരവും ചെയ്യുന്ന സഖാവ് ലക്ഷ്മണൻ അവരുടെ വീട്ടിലെത്തി…
“ഈ കുഞ്ഞുങ്ങളെ ഇവിടുള്ള സ്കൂളിൽ ചേർക്കണം… അച്ഛനും അമ്മയും അവകാശം പറഞ്ഞ് വരരുത്..അത്രയല്ലേ വേണ്ടൂ?. അത് ഞാൻ നോക്കിക്കോളാം…”
ലക്ഷ്മണൻ ഉറപ്പു നൽകി…..പ്രദീപും മാനസയും പഠിച്ചിരുന്ന സ്കൂളിൽ നിന്ന് ടിസി വാങ്ങാൻ കുറച്ചു പണിപ്പെട്ടു…അച്ഛനോ അമ്മയോ വരാതെ പറ്റില്ലെന്ന് ഹെഡ്മാസ്റ്റർ ജോസഫ് മാഷ് പറഞ്ഞെങ്കിലും ലക്ഷ്മണൻ കാര്യങ്ങളെല്ലാം അവതരിപ്പിച്ചു…കുട്ടികളുടെ ഭാവിയെ കരുതിയാവണം, മാഷ് അവസാനം സമ്മതിച്ചു.. അതിന് ശേഷം പ്രദീപിന്റെ വീട്ടിലേക്ക് പോയി.. അച്ഛൻ എവിടെക്കാ പോയതെന്ന് ആർക്കും അറിവില്ലായിരുന്നു..
യാശോദയുടെ വീട്ടിൽ കുട്ടികളെ നിർത്താൻ ആദ്യമൊന്നും അവരുടെ അമ്മ സമ്മതിച്ചില്ല.. അമ്മയുടെ സ്വഭാവദൂഷ്യത്തെ കുറിച്ച് കുട്ടികളെ കൊണ്ട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുപ്പിക്കുമെന്ന് ലക്ഷ്മണൻ ഭീഷണിപ്പെടുത്തി…അതോടെ അവർ അടങ്ങി…
“ഭാനുമതിയേ… ഒരു തെറ്റൊക്കെ ഏതു മനുഷ്യനും പറ്റും.. അത് സ്വഭാവികമാ…പക്ഷേ നിന്റെ കാര്യം അങ്ങനല്ല…ഞങ്ങള് തോമസിനെ കണ്ടു സംസാരിച്ചിട്ടാ വരുന്നേ….അവനെല്ലാം സമ്മതിച്ചു.. ഒന്നൊന്നര കൊല്ലമായിട്ട് സ്വന്തം ഭർത്താവിനെ വഞ്ചിക്കുക!!! നിനക്ക് ഒരു പെൺകുട്ടിയല്ലേ വളർന്ന് വരുന്നത് .? അത് ചിന്തിച്ചോ? ആ കുട്ടികൾക്ക് നിന്നോട് വെറുപ്പാണ്…അവര് വളരട്ടെ… അതിന് ശേഷം ക്ഷമിക്കാൻ പറ്റുമെങ്കിൽ നിന്നെ തേടി വരും.. അതുവരെ ബുദ്ധിമുട്ടിക്കരുത്… ഭാവി തകർക്കരുത്..അങ്ങനെ ഉണ്ടായാൽ ഞങ്ങൾ നോക്കി നിൽക്കില്ല..”
ലക്ഷ്മണൻ എഴുന്നേറ്റു മുറ്റത്തേക്കിറങ്ങി…
***************
വല്ലാത്തൊരു കരുതലാണ് പ്രദീപിന് മാനസയോടെന്ന് അത്ഭുതത്തോടെ യാശോദ മനസിലാക്കി.. ഒരുപാട് സഹോദരങ്ങളെ കണ്ടിട്ടുണ്ട്… പക്ഷെ തള്ളക്കോഴി കുഞ്ഞിനെ എന്നപോലെ അവൻ അനിയത്തിയെ ചേർത്തു പിടിക്കുകയാണ്… ഒരാഗ്രഹവും പ്രദീപ് യശോദയോട് പറയാറില്ല… രാവിലെ മാനസയെ സ്കൂളിൽ പോകാൻ ഒരുക്കുന്നതും അവനാണ്… സ്കൂൾ വിട്ടു വന്നയുടൻ വീടിനകവും പുറവും അടിച്ചു വൃത്തിയാക്കും… അഞ്ചര മണിയാകും യശോദ ജോലി കഴിഞ്ഞു വരാൻ … അപ്പോഴേക്കും അവൻ വിറകടുപ്പ് കത്തിച്ചു ചോറിനുള്ള വെള്ളം വച്ചിട്ടുണ്ടാകും…അതൊന്നും ചെയ്യരുതെന്നു സ്നേഹത്തോടെയും ശാസനയോടെയും പറഞ്ഞെങ്കിലും അവൻ കേട്ടില്ല..താനും അനിയത്തിയും ആർക്കും ബാധ്യത ആവരുത് എന്ന ഉറച്ച തീരുമാനമാണ് അതിന് പിന്നിലെന്നു മനസിലായതോടെ യശോദ പിന്നെയൊന്നും പറഞ്ഞില്ല….
ഏഴാം ക്ലാസ്സ് മുതൽ പ്രദീപ് രാവിലെ പത്രമിടാൻ പോയി തുടങ്ങി….. അത് കഴിഞ്ഞ് വന്ന് മാനസയെ വിളിച്ചെഴുന്നേൽപ്പിച്ചു ഉന്തിതള്ളി ബാത്‌റൂമിലേക്ക് അയക്കും.. അവള് തിരിച്ചു വരുമ്പോഴേക്കും യൂണിഫോം ഇസ്തിരിയിട്ട് മേശപ്പുറത്തു വയ്ക്കും. എന്നിട്ട് അവൻ കുളിക്കാൻ കയറും.. രണ്ടുപേരും ഒരുമിച്ച് ഭക്ഷണം കഴിച്ചു സ്കൂളിലേക്ക്.. തിരിച്ചു വന്നാൽ അവളെ ഹോം വർക്കുകൾ ചെയ്യാനിരുത്തി സൈക്കിളുമെടുത്തു നേരെ മാർക്കറ്റിലേക്ക്… മീൻ കച്ചവടക്കാരൻ കരീമിന്റെ സഹായിയായി എട്ടു മണിവരെ.. എന്നിട്ട് തിരിച്ചു വന്ന് കുളിച്ചു പഠിക്കും….ഇതായിരുന്നു അവന്റെ ദിന ചര്യ…പത്രത്തിന്റെ കാശ് കിട്ടുമ്പോൾ അവൻ അതുപോലെ തന്നെ യശോദയുടെ കൈയിൽ കൊടുക്കും…
“എനിക്ക് വേണ്ട കണ്ണാ.. നീ തന്നെ വച്ചോ…” എന്ന് എപ്പോഴും പറയും.. പക്ഷേ അവൻ സമ്മതിക്കില്ല..
മീൻകച്ചവടത്തിന്റെ പൈസയിൽ നിന്നു മാനസയ്ക്ക് ഇടയ്ക്ക് കുപ്പായമൊക്കെ വാങ്ങിക്കൊടുക്കും… അക്കൂട്ടത്തിൽ യശോദയ്ക്കും വാങ്ങും.. അവന് വേണ്ടി ഒന്നും വാങ്ങില്ല…രണ്ടു മാസം സ്കൂൾ വെക്കേഷൻ സമയത്തു അവൻ നിർബന്ധിച്ചു മാനസയെ യശോദയ്ക്കൊപ്പം ജോലി സ്ഥലത്തേക്ക് പറഞ്ഞയച്ചു…
“ഞാൻ രാവിലെ പോയാൽ വൈകിട്ടെ വരൂ ചിറ്റേ… അതുവരെ വാവയെ ഇവിടെ ഒറ്റയ്ക്ക് നിർത്താൻ പറ്റില്ല…അവളവിടെ ഇരുന്നോട്ടെ…”
തള്ളിക്കളയാൻ പറ്റുന്ന അപേക്ഷ അല്ലായിരുന്നു… അവളെയും കൂടെകൂട്ടാൻ യശോദ തീരുമാനിച്ചു…സമപ്രായക്കാരോടൊന്നിച്ചു കളിച്ചു നടക്കേണ്ട പ്രായത്തിൽ ഒരു സങ്കടവുമില്ലാതെ അവൻ കഠിനാധ്വാനം ചെയ്യുകയായിരുന്നു…അമ്മ തോമസിന്റെ കൂടെ എങ്ങോട്ടോ പോയതും അച്ഛനെ കുടകിൽ വച്ചു കണ്ടെന്നു ആരോ പറഞ്ഞതുമൊന്നും അവനെ തെല്ലു പോലും അലട്ടിയില്ല…
****************
“കണ്ണനെവിടെ കരീമേ?”
യശോദ ചോദിച്ചു… ഓണ പരീക്ഷ കഴിഞ്ഞ് സ്കൂൾ ലീവാണ്… പ്രദീപ് ഒൻപതിൽ പഠിക്കുന്നു… രാവിലെ മീൻ കച്ചവടത്തിന് വന്നതാണവൻ…. കമ്പനിയിൽ നിന്നു ഓണത്തിന്റെ ബോണസ് കിട്ടി… രണ്ടു പേർക്കും ഡ്രസ്സ് എടുക്കാൻ വേണ്ടി മാനസയെയും കൂട്ടി വന്നതാണ് യശോദ.. കരീമിന്റെ ഫിഷ് സ്റ്റാളിൽ പ്രദീപില്ല..!
“എന്തോ ആവശ്യമുണ്ട് എന്ന് പറഞ്ഞു കുറച്ചു നേരത്തെ പോയല്ലോ “.. കരീം മറുപടി നൽകി…അവർ തിരിഞ്ഞു നടന്നപ്പോൾ അയാൾ വിളിച്ചു..
“യശോദേ ഒന്ന് നിൽക്ക്.. ഒരു കാര്യം പറയാനുണ്ട് .”..അടുത്തുള്ള സ്റ്റാളിലെ ആളോട് തന്റെ മത്സ്യം ശ്രദ്ധിക്കാൻ പറഞ്ഞിട്ട് കരീം അവരുടെ അടുത്തേക്ക് വന്നു..
“അവനെ ഇങ്ങനെ വിട്ടാൽ പറ്റൂല യശോദേ…”
“എന്തു പറ്റി കരീമേ?” അവർ പരിഭ്രമത്തോടെ ചോദിച്ചു…
“അവനെ കൊണ്ടാവുന്ന പണി നല്ല വെടിപ്പായി ചെയ്യുന്നുണ്ട്.. അതോണ്ട് തന്നെ എല്ലാർക്കും കൊടുക്കുന്നതിലും കുറച്ചധികം പൈസ ഞാൻ കൊടുക്കുന്നുമുണ്ട്….രാവിലേ മുതൽ സന്ധ്യ വരെ ഇവിടെ നിന്നാൽ അവന് ഭക്ഷണം കഴിക്കാൻ കാശു കൊടുക്കും..ഇന്നലെ ചായക്കടയിലെ കുമാരൻ പറഞ്ഞപ്പോഴാ സത്യാവസ്ഥ ഞാനറിയുന്നത്..”
യശോദ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിൽക്കുകയാണ്..
“രാവിലെ ഒരു പൊറോട്ടയും ചൂട് വെള്ളവും.. ഉച്ചയ്ക്കും വൈകിട്ടും അവനാ കടയിലേക്ക് പോകാറേ ഇല്ല പോലും. ഞാൻ ഞെട്ടിപോയി… മൂന്ന് നേരം കഴിക്കാനുള്ള കാശ് ഞാൻ കൊടുക്കാറുണ്ട്…ആ സമയത്ത് അവൻ ഹോട്ടലിലേക്ക് എന്ന് പറഞ്ഞു പോകാറുമുണ്ട്… ഞാനൊന്നും മിണ്ടിയില്ല.. ഇന്ന് ഉച്ചയ്ക്ക് ഊണ് കഴിച്ചിട്ട് വരാന്ന് പറഞ്ഞു കാശു വാങ്ങി അവൻ പോയപ്പോ ഞാനും പോയി നോക്കി.. ആ ബസ്റ്റോപ്പിൽ വെറുതെ ഇരിക്കുകയായിരുന്നു അവൻ…പതിനഞ്ചു മിനിറ്റിനു ശേഷം തിരിച്ചു വന്നു… കഴിച്ചോ എന്ന് ചോദിച്ചപ്പോൾ ആന്ന് പറഞ്ഞു.. എനിക്ക് നല്ല ദേഷ്യം വന്നു ചീത്ത വിളിച്ചു..അപ്പൊ അവൻ പറയുകയാ അവന്റെ വാവയ്ക്ക് എന്തോ വാങ്ങണം.. പൈസ തികയില്ല അതോണ്ടാ ഭക്ഷണം കഴിക്കാതെ പൈസ ചേർത്തു വയ്ക്കുന്നതെന്ന്…”
കരീം മാനസയെ നോക്കി…
“ഇതാണല്ലേ അവന്റെ അനിയത്തിക്കുട്ടി?”
അവൾ തലയാട്ടി…
“മോൾടെ ഏട്ടൻ നല്ലവനാ….ഇന്നത്തെ കാലത്ത് ഇതുപോലുള്ളവരെ കണ്ടു കിട്ടാൻ തന്നെ പ്രയാസമാണ്….എന്നാലും അവനെ ഒന്ന് പറഞ്ഞു മനസിലാക്കിക്കണം… ഭക്ഷണം കഴിക്കാതെ പൈസ ഉണ്ടാക്കിയാൽ അത് ആശുപത്രിയിൽ കൊണ്ടോയി കൊടുക്കാനെ ഉപകാരപ്പെടൂ…”
കരീം തിരിച്ചു കടയിലേക്ക് കയറിപ്പോയി..
******************
രാത്രി എട്ടര മണിയായി പ്രദീപ് വീട്ടിലെത്തുമ്പോൾ ..യശോദ വരാന്തയിൽ കാലും നീട്ടിയിരിപ്പുണ്ട്..മാനസ അവരുടെ മടിയിൽ തലവച്ചു കിടക്കുന്നു..അവനെ കണ്ടതും അവൾ എണീറ്റു നേരെയിരുന്നു..ഒരു പ്ലാസ്റ്റിക് കവർ അവൻ നീട്ടി..
“മസാലദോശയാ വാവേ..ചിറ്റയ്ക്കും കൊടുക്ക്..” അവൻ പുഞ്ചിരിച്ചു..
“നീ എവിടെ പോയതാ? ഞാൻ കരീമിന്റെ കടയിൽ വന്നിരുന്നു.” യശോദ പരുഷ സ്വരത്തിൽ ചോദിച്ചു.. അവന്റെ ചിരി മാഞ്ഞു…
“ചിറ്റയ്ക്കും അനിയത്തിക്കും മസാല ദോശ വാങ്ങാനായിരുന്നോ നീ പട്ടിണി കിടന്നിരുന്നത്? അത്രയ്ക്കൊക്കെ വളർന്നോ കണ്ണാ നീ? ശരിക്കും നിന്റെ പ്രശ്നമെന്താ….”? അവരുടെ കണ്ണു നിറയുന്നത് കണ്ടപ്പോൾ പ്രദീപ് തലകുനിച്ചു.. എന്നിട്ട് പോക്കറ്റിൽ നിന്നും ഒരു ചെറിയ പൊതിയെടുത്തു മാനസയുടെ കയ്യിൽ വച്ചു കൊടുത്തു…എന്നിട്ട് അകത്തേക്ക് കയറി പോയി… അവൾ ആകാംഷയോടെ അത് തുറന്നു..അകത്ത് നേരിയ ഒരു സ്വർണമാല…ഉണ്ണിക്കണ്ണന്റെ ചെറിയ ലോക്കറ്റ്….
“ചിറ്റേ.. നോക്കിക്കേ… മാല…ഇതുപോലൊരെണ്ണം എന്റെ ക്ലാസ്സിലെ നിഷയ്‌ക്ക് ഉണ്ട്…”
അവൾ സന്തോഷം കൊണ്ട് തുള്ളിച്ചാടുമ്പോൾ യശോദ മനസ്സിൽ കരയുകയായിരുന്നു… ഇത് വാങ്ങാനാണ് അവൻ ഇത്രയും നാൾ കഷ്ടപ്പെട്ടത്…. അവർ എഴുന്നേറ്റു അവന്റെ മുറിയിലേക്ക് പോയി…
പ്രദീപ് കുളി കഴിഞ്ഞു വരുമ്പോൾ ചിറ്റ കട്ടിലിലിരിപ്പുണ്ട്….കുറച്ചു നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല..
“പൈസ വേണമെങ്കിൽ എന്നോട് ചോദിച്ചൂടെ കണ്ണാ? ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യമുണ്ടായിരുന്നോ?”
അവൻ അവരുടെ അടുത്തിരുന്നു..
“എന്റെ പൈസക്ക് തന്നെ വാങ്ങണം എന്ന വാശിയുണ്ടായിരുന്നു.. ഒരു ദിവസം ഉച്ചക്ക് വാവ ചോറുണ്ടോ എന്ന് നോക്കാൻ അവളുടെ ക്‌ളാസിലേക്ക് പോയതാ ഞാൻ.. ഏതോ ഒരു പെണ്ണിന്റെ കഴുത്തിലെ സ്വർണമാല ഇവൾ പിടിച്ചു ഭംഗി നോക്കുന്നതും ആ കുട്ടി ഇഷ്ടപ്പെടാതെ ഇവളെ തള്ളി മാറ്റുന്നതും ഞാൻ കണ്ടു…വല്ലാത്ത സങ്കടം വന്നു ചിറ്റേ…അതോണ്ടാ എങ്ങനെയെങ്കിലും വാങ്ങി കൊടുക്കണം എന്ന് ചിന്തിച്ചത്…അവൾക്ക് ഞാനല്ലേ അച്ഛനും അമ്മയുമൊക്കെ…?”
ദൃഡമായ സ്വരം….അവന്റെ മുന്നിൽ തന്റെ പ്രായവും ജീവിതാനുഭവങ്ങളുമൊക്കെ ഒന്നുമല്ലാതാവുന്നത് യശോദ അറിഞ്ഞു…
****************
പത്താം ക്ലാസ് അത്യാവശ്യം നല്ല മാർക്കോടെ തന്നെ പ്രദീപ് പാസായി…അടുത്തത് എന്തെന്ന് ചിന്തിക്കുന്നതിനു മുൻപേ വിധി ജീവിതം വഴി തിരിച്ചു വിട്ടു…. കഠിനമായ നടുവേദന കാരണം യാശോദയ്ക്ക് ജോലിക്ക് പോകാൻ കഴിയാതെയായി…അവർ തടഞ്ഞിട്ടും പ്രദീപ് വീടിന്റെ ഉത്തരവാദിത്തം മുഴുവൻ ഏറ്റെടുത്തു.. അനിയത്തിയെ പഠിപ്പിക്കണം.. ചിറ്റയുടെ ചികിത്സ… വീട്ടു ചിലവുകൾ… ഇതിന്റെയിടയിൽ തന്റെ പഠനം ആവശ്യമില്ലാത്ത ഒന്നാണെന്നു അവന് തോന്നി….
അയൽകാരനാണ് സനീഷ്… ടൗണിൽ ഒരു വർക്ക് ഷോപ്പ് നടത്തുന്നു… പ്രദീപ് തന്നെ നേരിട്ട് സനീഷിനോട് തന്നെ പണി പഠിപ്പിക്കാമോ എന്ന് ചോദിച്ചു…
ആദ്യം നിരുത്സാഹപ്പെടുത്താൻ നോക്കിയെങ്കിലും അവന്റെ ദൃഢനിശ്ചയത്തിനു മുന്നിൽ സനീഷും പരാജയപ്പെട്ടു… അങ്ങനെ അവൻ ആ വർക്ക് ഷോപ്പിലെ ജീവനക്കാരനായി… രാവിലെ പത്രവിതരണം… പിന്നെ വർക്ക് ഷോപ്പിലേക്ക്… ഞായറാഴ്ച്ച മീൻ കച്ചവടം…. തോൽക്കാൻ മനസ്സില്ലാത്തവർക്ക് മുന്നിൽ ജീവിതം അനന്തമായ സാധ്യതകൾ തുറന്നിടും….വർക്ക് ഷോപ്പിലെ ജോലികളൊക്കെ അവൻ പഠിച്ചെടുക്കുന്ന വേഗത കണ്ട് സനീഷ് അന്തം വിട്ടു…..
******************
വർഷങ്ങൾ കടന്ന് പോയി…
രാത്രി ഭക്ഷണവും കഴിഞ്ഞ് അരമണിക്കൂർ പ്രദീപിന്റെ മടിയിൽ തല വച്ചു കിടക്കണം.. അത് മാനസയ്ക്ക് നിർബന്ധമായിരുന്നു…
“കെട്ടിക്കാൻ പ്രായമായി…എന്നിട്ടും ഇപ്പോഴും കുഞ്ഞുവാവ ആണെന്നാ പെണ്ണിന്റ വിചാരം…”
യശോദ ശാസിച്ചു..
“ഞാൻ കെട്ടിയാലും, ഏട്ടന്റെ വാവ തന്നെയാ… അല്ലേ ഏട്ടാ?”
അവൾ പ്രദീപിന്റെ മുഖത്തൂടെ കയ്യോടിച്ചു…
“പിന്നല്ലാതെ….” അവൻ ചിരിച്ചു..
“നീ ചിരിച്ചോടാ…. നീയൊരുത്തനാ ഇവളെയിങ്ങനെ വഷളാക്കുന്നെ…. ഒരു കുപ്പായം ഇസ്തിരിയിടാൻ പറഞ്ഞാൽ ഉറപ്പായും അത് കത്തിക്കും….ഒരു കറി പോലും മര്യാദയ്ക്ക് ഉണ്ടാക്കാൻ അറിയില്ല..ഇന്നലെ ഇവളുണ്ടാക്കിയ മീൻകറി ചട്ടിയോടെ എടുത്ത് ആ പ്ലാവിൻ ചോട്ടിൽ കളഞ്ഞു… ഒരു പൂച്ചപോലും നക്കി നോക്കിയിട്ടില്ല..അത്രയ്ക്ക് കൈപ്പുണ്യമാ…”
“കുറച്ചു ഉപ്പ് കൂടിപ്പോയി…ബാക്കിയെല്ലാം ഓക്കേ ആയിരുന്നു ഏട്ടാ… ചിറ്റ വെറുതെ പറയുന്നതാ “
അവൾ കെറുവിച്ചു…
“സാരമില്ലാട്ടോ… മോള് പഠിക്കുന്നതിൽ മാത്രം ശ്രദ്ധിച്ചാൽ മതി…അടുക്കള പണിയൊക്കെ നിന്നെ കെട്ടുന്നവനെ കൊണ്ട് നമുക്ക് ചെയ്യിപ്പിക്കാം…പോരേ?”
പ്രദീപ് അവളുടെ മുടിയിൽ തലോടി…
“ഇനി വാവ പോയി ഉറങ്ങിക്കോ… നേരം ഒരുപാട് ആയി…..”
അവൾ എഴുന്നേറ്റു ചിറ്റയെ കൊഞ്ഞനം കുത്തി അകത്തേക്ക് നടന്നു… അവൾ പോയ ശേഷം പ്രദീപ് ചിറ്റയുടെ അടുത്ത് ചേർന്നിരുന്നു…
“കണ്ണാ… എത്ര പെട്ടെന്നാ വർഷങ്ങൾ കഴിഞ്ഞു പോയത്…ട്രൗസറുമിട്ട് കുഞ്ഞനിയത്തിയെ ചേർത്തു പിടിച്ചു നീ ഈ മുറ്റത്തു വന്നു കയറിയത് ഇന്നലെ കഴിഞ്ഞപോലെ….”
അവൻ അവരുടെ തോളിൽ തല ചായ്ച്ചു..
“അന്ന് ചിറ്റ ഞങ്ങളെ സ്വീകരിച്ചില്ലായിരുന്നെങ്കിൽ എന്താവും അവസ്ഥ? “
“നിങ്ങൾ ഇവിടെ വന്നതിനു ശേഷം മക്കളില്ല എന്ന സങ്കടം എനിക്ക് വന്നിട്ടില്ല കണ്ണാ… പക്ഷേ ഇപ്പൊ വല്ലാത്തൊരു ഭയം…”
“എന്തിന്?”
“അവളെ മംഗലാ പുരത്തേക്ക് പഠിക്കാൻ വിടുക എന്നൊക്കെ പറഞ്ഞാൽ…. ഇത്രേം ദൂരം… അത് വേണോ കണ്ണാ?”
“വേണം… അവൾക്ക് ഫാം ഡി പഠിക്കണമെന്നാ ആഗ്രഹം.. ശ്രീനിവാസ കോളേജ് നല്ലതാ…സനീഷേട്ടന്റെ മാമന്റെ മോള് അവിടുണ്ട്. വിദേശത്തൊക്കെ നല്ല ജോലി സാധ്യത ഉണ്ടെന്നാ എല്ലാരും പറയുന്നേ….അവള് പറക്കട്ടെ ചിറ്റേ… അല്ലാതെ വല്ലവന്റേം അടുക്കളയിൽ നരകിക്കാൻ എന്റെ വാവയെ ഞാൻ വിടില്ല…”
“ലക്ഷങ്ങൾ വേണ്ടേ മോനേ….അത് മാത്രമല്ല.. നിങ്ങൾക്ക് പിരിഞ്ഞിരിക്കാൻ പറ്റുമോ?”
“ഗൾഫിൽ ഒരു ജോലിക്ക് ശ്രമിക്കുന്നുണ്ട്… കാശ് എങ്ങനെയെങ്കിലും ഉണ്ടാക്കാം…പിന്നെ പിരിഞ്ഞിരിക്കുന്നത്… അത് ബുദ്ധിമുട്ടാണ്.. പക്ഷേ സഹിച്ചല്ലേ പറ്റൂ…”
യശോദ അവന്റെ തലയിൽ ചുണ്ടുകൾ അമർത്തി….
“അവൾക്ക് ദൈവം കൊടുത്ത ഏറ്റവും വലിയ അനുഗ്രഹം നീയാണ് കണ്ണാ…”
അവൻ മിഴികൾ പൂട്ടി….
******************
ശ്രീനിവാസ കോളേജ് ഓഫ് ഫാർമസി…മംഗലാപുരം…
അഡ്മിഷന്റെ കാര്യങ്ങളൊക്കെ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ സനീഷിന്റെ മാമന്റെ മകൾ ശരണ്യ അവിടെ നിൽപുണ്ടായിരുന്നു… അവൾ പ്രദീപിനെയും മാനസയെയും കൂട്ടി ഹോസ്റ്റലിലേക്ക് പോയി… കോളേജിൽ നിന്ന് ഒരു കിലോമീറ്റർ അപ്പുറമാണ് ഹോസ്റ്റൽ….
“ഇവിടുത്തെ താമസമൊക്കെ കുറച്ച് ബുദ്ധിമുട്ടാ… അടുത്ത മാസം ഇവിടടുത്ത് തന്നെ ഒരു വീട് റെന്റിനു എടുത്ത് മാറാൻ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്… ഇവളേം കൂട്ടാം…”
ശരണ്യ പറഞ്ഞു… പ്രദീപിന്റെ മുഖഭാവം കണ്ട് അവൾ ചിരിച്ചു…
“ഏട്ടൻ പേടിക്കാതെ പൊയ്ക്കോ.. ഞങ്ങൾ നോക്കിക്കോളാം ഇവളെ..”
ഹോസ്റ്റലിന്റെ ഗേറ്റിൽ എത്തി അവൻ മാനസയോട് യാത്ര പറഞ്ഞു…
“ഏട്ടൻ ഇടക്ക് വരാം..”
അവൾ തല കുനിച്ചു നിൽപ്പാണ്..
“ഭക്ഷണമൊക്കെ സമയത്ത് കഴിക്കണം… നല്ലോണം പഠിക്കണം..ദിവസവും ഏട്ടനെ ഫോൺ വിളിക്കണം..”
ഒന്നിനും മറുപടി ഇല്ല…
“വാവേ… എന്തെങ്കിലും പറയെടീ..” അവന്റെ ശബ്ദം ഇടറിപ്പോയി…
അവൾ കുനിഞ്ഞു അവന്റെ കാലുകളിൽ തൊട്ടു…ഒരു ഞെട്ടലോടെ പ്രദീപ് അവളെ പിടിച്ചെഴുന്നേൽപ്പിച്ചു..
“എന്താ വാവേ ഇത്?”
“ഏട്ടനില്ലാതെ ഞാനെങ്ങനെ?” അവൾ വിതുമ്പികരഞ്ഞു….. അവൻ അവളെ മാറോടു ചേർത്തു പിടിച്ചു…
“സാരമില്ല.. ഏട്ടൻ മിക്കവാറും അടുത്ത മാസം ഗൾഫിൽ പോകും… അതിന് രണ്ടു ദിവസം മുൻപ് മോളെ കൂട്ടാൻ വരാം…”
അവളെ സമാധാനിപ്പിച്ചു അവൻ നടന്നു.. കുറേ ദൂരം ചെന്നു തിരിഞ്ഞു നോക്കിയപ്പോൾ അവൾ അവിടെ തന്നെ നില്കുന്നു… തന്റെ തോളിൽ തളർന്നു കിടക്കുന്ന രണ്ടാം ക്ലാസ്സുകാരിയുടെ രൂപം മനസ്സിൽ തെളിഞ്ഞതോടെ അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി…. ഇനിയും ഒരുപാട് ചെയ്തു തീർക്കാനുണ്ടെന്നു മനസ്സിൽ ആരോ മന്ത്രിച്ചപ്പോൾ അവൻ കണ്ണുകൾ തുടച്ചു വേഗത്തിൽ നടന്നു നീങ്ങി…..
തുടരും…