ഒരു പുതു പ്രണയത്തിന്റെ വഴിത്താരയിൽ വസന്തകാലം തീർക്കാനായി അതുവരെയും ഒതുക്കിവച്ച ഇഷ്ടങ്ങളത്രയും ഞാനവൾക്ക് പകുത്തു നൽകി…

വസന്തകാലത്തിലെ ഉടമ്പടികൾ….

Story written by Lis Lona

===============

“വിശാഖ….തന്നെയെനിക്ക് വേണം പൂർണമായും…നാളെത്തെ ദിവസത്തിനായി മാസമൊന്നായി എന്റെ കാത്തിരിപ്പ്…ഒന്ന് കാണാതെ…ഒന്നുമ്മ വെക്കാതെ ഇങ്ങനെ മാറി നിൽക്കാൻ വയ്യ മോളെ…എനിക്കെന്നെ നിയന്ത്രിക്കാൻ കഴിയില്ല നാളെ…വേനൽമഴക്കായി കാത്തിരിക്കുന്ന വേഴാമ്പലിന്റെ അവസ്ഥയിലാണ് ഞാനിപ്പോൾ…”

അവളുടെ മറുപടിക്കായി കാതോർത്തിരുന്ന എന്റെയോരോ വാക്കുകൾക്കും മറുപുറത്തു നിന്നും കുഞ്ഞിക്കുറുകലുകൾ പോലെ മൂളലായിരുന്നു മറുപടി..

ഫോണിലൂടെ ഋഷിയുടെ പ്രണയാതുരമായ സ്വരം കേൾക്കുന്തോറും വിശാഖയുടെ കണ്ണുകൾ നാണത്താൽ കൂമ്പി…

കാതിനരികിൽ അവന്റെ ചൂടുള്ള ശ്വാസോച്ഛാസം തട്ടിയ പോലെ അവൾ തലയൊന്നു ചെരിച്ചു….

ഇഷ്ടത്താൽ ചുണ്ടൊന്നു വിടർന്നു….

കണ്ണടച്ചിരുന്ന് കാതിലവന്റെ സ്വരം വീഴുമ്പോൾ തൊട്ടുപിന്നിൽ നിന്നവൻ ഇക്കിളിയിടും പോലെ ഉടലൊന്നാകെ വെട്ടി വിറക്കുന്നു..

“എനിക്കും നീയില്ലാതെ പറ്റുന്നില്ല ഋഷി…ഞാൻ വരും നാളെ നിന്റടുത്തു…ഇതുവരെ ആർക്കും കൊടുക്കാതെ തടഞ്ഞു വച്ച സ്നേഹപെരുമഴയായി മുഴുവൻ പെയ്തു തീരണം എനിക്ക് നിന്നിലേക്ക്…ഞാനെത്തും നാളെ…”

മതിവരുവോളം കൊടുത്തിട്ടും ഇനിയും മതിയാകാത്ത പോലെ ചുംബനങ്ങൾ കൈമാറി ഒടുവിൽ ഫോൺ ഓഫാക്കി ഞാൻ സോഫയിലേക്ക് വലിച്ചെറിഞ്ഞു…

കണ്ണുകളടച്ചു പിന്നിലേക്ക് ചാരിയിരിക്കുമ്പോൾ അറിഞ്ഞു…പ്രണയം സിരകളെ ചൂട് പിടിപ്പിക്കാൻ തുടങ്ങിയിരിക്കുന്നു…

ആറു മാസം കഴിഞ്ഞു അവളുമായുള്ള ഇഷ്ടം തുടങ്ങിയിട്ട്…മനസ്സിനെ നിയന്ത്രിക്കാൻ കഴിയാതെ ചരട് പൊട്ടിയ പട്ടം പോലെ ആ ഇഷ്ടമങ്ങനെ പറന്നു നടക്കുകയാണ്…

അർഹതയില്ലാത്തതാണ് ..

അരുതാത്തതുമാണ്…..

പക്ഷേ വയ്യ അവളില്ലാതെ വയ്യാതായിരിക്കുന്നു മുന്നോട്ട്…

സ്വന്തമാക്കാൻ കുരുക്കുകൾ ഏറെയാണ്, എങ്കിലും ഞാനതിനു തയ്യാറാണ്. പക്ഷേ അവൾ !!

ഈ ഇഷ്ടം ഇങ്ങനെയേ മുന്നോട്ട് കൊണ്ട് പോകാൻ കഴിയുകയുള്ളു, എന്നവൾ തന്നെ തീർത്തു പറഞ്ഞു…

അവളെ നെഞ്ചിൽ ചേർത്തുപിടിക്കാൻ കാത്തിരുന്ന് ഒടുവിലെന്നെ വിഡ്ഢിയാക്കി ഒരിക്കലവൾ കൈവിട്ടുപോകരുത്..അതിന് വേണ്ടി മാത്രമാണ് ഈ കടുംകൈക്ക് മുതിരുന്നത്..

കോഫിഷോപ്പിലോ റെസ്റ്റോറന്റിലോ കണ്ടു മടങ്ങുന്നതാണ് പതിവ്….ഇത്തവണ രണ്ടു ദിവസത്തേക്കായി ഹോട്ടലിൽ മുറിയെടുത്തു…അവൾ വരും. എനിക്കറിയാം, അത്രമേൽ അവളെന്നെ സ്നേഹിക്കുന്നുണ്ട് …

അടഞ്ഞ കണ്ണുകൾക്ക് മുൻപിൽ നീണ്ടുകൊലുന്ന വിശാഖയുടെ രൂപം തെളിഞ്ഞതും ഇടനെഞ്ചിലെ താളം വേഗതയിലാകുന്നത് ഞാനറിഞ്ഞു…

എന്റെ പെണ്ണ് ഇങ്ങനെയിരിക്കണം എന്നാഗ്രഹിച്ചതാണ് പക്ഷേ…ജീവിതം ഇന്നെവിടെയോ….ഇതായിരിക്കാം യോഗം..

ഇഷ്ടമില്ലാത്തതെന്തോ മാനസപ്രണയത്തിനു തടസ്സമായി ചിന്തയിൽ വന്നതും ഞാനാകെ അസ്വസ്ഥനായി….ഒപ്പം ആരോ നെറ്റിയിൽ കൈ വച്ചതറിഞ്ഞതും കണ്ണുകൾ തുറന്നു…നോക്കുമ്പോൾ ശ്രീബാല….ഇവൾ വന്നത് അറിഞ്ഞേയില്ലല്ലോ…

“ഏട്ടാ…എന്തു പറ്റി തലവേദനിക്കുന്നോ…ഞാൻ ബാം ഇട്ടു തരട്ടേ…കണ്ണിനിത്തിരി റെസ്റ്റ് കൊടുക്കാൻ പറഞ്ഞാൽ കേൾക്കണ്ടേ…കയ്യിലൊന്നുകിൽ കമ്പ്യൂട്ടർ അല്ലെങ്കിൽ മൊബൈൽ ഇതൊന്ന് ഒഴിവാക്കാൻ പോലും പറ്റാത്ത ജോലിതിരക്കും…ഇനിയീ തലവേദനയും കൊണ്ട് വേണ്ടേ നാളത്തെ യാത്ര…”

അവളെനിക്കരികിലായി സോഫയിൽ വന്നിരുന്നു പതിവ് പോലെ സ്നേഹിക്കാൻ തുടങ്ങി…

മനസ്സിലെ കള്ളങ്ങൾ മറച്ചു പിടിക്കാൻ ഭാര്യയെ കൂടുതൽ സ്നേഹിക്കുന്ന ഭർത്താവായി ആ നിമിഷം ഞാനും അവളുടെ കയ്യെടുത്തു നെറ്റിയിലേക്ക് അമർത്തി പിടിച്ചു…

“വേണ്ട ശ്രീ…നീ അടുത്തിരുന്ന് ഇങ്ങനെ നെറ്റിയിൽ ഉഴിഞ്ഞാൽ മതി…ഒട്ടും ഒഴിവാക്കാൻ കഴിയാത്തതു കൊണ്ടാണ് അല്ലെങ്കിൽ ഞാൻ പോവില്ലായിരുന്നു…”

ഈയിടെയായി കള്ളം പറയാൻ ഒരു ബുദ്ധിമുട്ടുമില്ലെന്ന് ഞാനോർത്തു…ഒരേസമയം രണ്ട് പെണ്ണുങ്ങളെ സ്നേഹിക്കാൻ കഴിയുമോ…ഇല്ല…

അതാണുത്തരം…

എന്റെ കുട്ടികളുടെ അമ്മയാണ് ശ്രീ. ആ ഒരിഷ്ടമേ കുറച്ചു കാലങ്ങളായി അവളോടുളളു..

ഇന്ന് ആത്മാവിലേക്ക് പ്രണയാഗ്നി പകർന്ന് നിറഞ്ഞു നിൽക്കുന്നത് വിശാഖയോടുള്ള സ്നേഹമാണ്…

എല്ലാമറിഞ്ഞാണ് അവളെന്നെ സ്നേഹിക്കുന്നത് അല്ലെങ്കിലും ശ്രീബാലയുടെ കോളേജ് കൂട്ടുകാരിയിൽ നിന്നും എന്ത്‌ മറക്കാൻ.

“നീയെന്റെ ബാഗിൽ എല്ലാമൊന്ന് ഒതുക്കി വക്കണേ രാവിലെ പോകണം…”

ഇല്ലാത്ത തലവേദന കാണിച്ചു വീണ്ടും കണ്ണടക്കുമ്പോൾ അടഞ്ഞ കണ്ണുകൾക്ക് മുൻപിൽ വിശാഖയുടെ നുണക്കുഴികൾ തെളിഞ്ഞു…

കുട്ടികളുടെ ബഹളം കേട്ട് മയക്കം തെളിയുമ്പോൾ ശ്രീ മക്കൾക്ക് ചപ്പാത്തിയുണ്ടാക്കി കൊടുക്കുന്നു…ചൂടോടെ വാങ്ങിത്തിന്നാനായി മോൻ സ്ലാബിനു മുകളിൽ ഇരിപ്പുണ്ട്, മോൾ ഊണുമേശയിലും…

“ഞാനൊന്നു കുളിച്ചു വരാം, എനിക്ക് കൂടി എടുത്തു വച്ചേക്കൂ ശ്രീ…”

മുന്നോട്ട് നടക്കുമ്പോഴാണോർത്തത് മക്കളോടൊന്ന് മിണ്ടിയില്ല…കുറച്ചു നാളുകളായി ശീലമായത് കൊണ്ടാകും അവരുടെ മുൻപിൽ നിന്നിട്ടും അവരെന്നെയോ ഞാനവരെയോ ശ്രദ്ധിക്കാതിരുന്നത് …

അങ്ങനെയെല്ലാം ചിന്തിച്ചിട്ടും പക്ഷേ അവരോട് പോയി മിണ്ടാൻ തോന്നിയില്ല വേഗം പോയി കുളിച്ചിറങ്ങി .

രാത്രിഭക്ഷണം കഴിക്കുന്നതിനിടയിലെപ്പോഴോ മോന്റെ വക അച്ഛയെന്നാ മടങ്ങി വരുകയെന്ന ചോദ്യം ..

നാളെ കഴിഞ്ഞേ മടക്കമുള്ളൂ എന്ന് പറഞ്ഞിട്ടും പ്രേത്യകിച്ചു ഒരു ഭാവഭേദവുമില്ലാതെ അവൻ “ഓക്കേ”

എന്നും പറഞ്ഞു അകത്തേക്ക് കയറിപ്പോയി…

ഉറങ്ങും മുൻപേ ശ്രീയെ കെട്ടിപിടിക്കുമ്പോൾ നാളെ ഈ സമയം എന്റെ നെഞ്ചോട് ചേർന്നു വിശാഖയാകുമല്ലോ എന്ന ചിന്ത പോലും കുളിരു കോരുന്നു…

അകൽച്ച അറിയിക്കാതിരിക്കാൻ പഴയതിനേക്കാൾ കൂടുതൽ ഞാൻ ശ്രീയെ സ്നേഹിക്കുന്നു എന്ന നാടകം തന്നെ വേണം…

രണ്ടു മക്കളെയും വയറു കീറിയെടുത്തതു കൊണ്ട് ചുളിവുകളും തുന്നൽപാടുകളും നിറഞ്ഞ അവളുടെ വയറിൽ ഞാനുമ്മ വച്ചു…

ദിനചര്യ പോലെയുള്ള ര തി തീർന്നതും അവളിൽ നിന്നുമൂർന്നു കിടക്കയിലേക്കമരുമ്പോഴും എന്റെ മനസ്സ്‌ നിറയെ വിശാഖ തന്നെ..

ഞാനെന്ന ഭർത്താവു മാത്രമാണോ, ഇഷ്ടപെടുന്ന പെണ്ണിനെയോർത്തു ഭാര്യയുമായി ബന്ധപെടുന്നത്…

അല്ലെന്ന് കൂട്ടുകാരും ഒരിക്കൽ പറഞ്ഞ സ്ഥിതിക്ക് അതിൽ കുറ്റബോധം തോന്നേണ്ട കാര്യമില്ല..

“രണ്ടു ദിവസം ഏട്ടനെ കാണാതിരിക്കണ്ടേ ഓർക്കുമ്പോൾ തന്നെ സങ്കടമാണ്‌ട്ടോ…ഇപ്പൊ കുറെ ആയില്ലേ എങ്ങും മാറാതെ കൂടെ നിൽക്കുന്നു..”

എന്നെയും ചേർന്നു കെട്ടിപിടിച്ചു കിടക്കുന്ന അവളോട് മറുപടിയൊന്നും പറയാതെ ഞാനവളെ ഉമ്മകൾ കൊണ്ട് മൂടി…നാളെയെന്റെ സ്വപ്നസാക്ഷാത്കാരത്തിന്റെ നിമിഷങ്ങളുമോർത്തു കൊണ്ട്….

“ഏട്ടാ…ഇറങ്ങാനായില്ലേ, ദേ എത്ര തവണയായി മൊബൈൽ അടിക്കണു…

വൈശാകേട്ടൻ ന്നാണ് കാണിക്കണത്…”

ഫോണും കയ്യിൽ പിടിച്ചു അല്പം വെപ്രാളത്തോടെ അവളോടി വന്നു..

കഴിച്ചു കൊണ്ടിരുന്ന ഞാൻ ധിറുതിയിൽ അവളുണ്ടാക്കിയ ദോശയെടുത്തു വായിലേക്ക് തള്ളി…

“ഇറങ്ങിയോന്നറിയാൻ വിളിക്കുന്നതാവും വൈശാഖന്റെ വീട് ബസ്സ്റ്റാൻഡിന് അടുത്താ…മതി ഞാനിറങ്ങാ അവരൊക്കെ അല്ലെങ്കി മുഷിയും…”

മുൻപിലിരുന്ന പകുതി കഴിച്ച പാത്രം മാറ്റിവച്ചു വാഷ് ബേസിനിൽ മുഖം കഴുകുമ്പോൾ വിശാഖ വൈശാഖേട്ടനായി ഫോണിൽ സേവാക്കിയ എന്റെ മുഖത്തൊരു പുഞ്ചിരി തെളിഞ്ഞു…

യാത്ര പറഞ്ഞിറങ്ങുമ്പോൾ ശ്രീയുടെ കണ്ണുകൾ വല്ലാതെ ചുവന്നിരുന്നു…രണ്ടേ രണ്ടു ദിവസത്തേക്കല്ലേ എന്ന് പറഞ്ഞു ആശ്വസിപ്പിച്ചിട്ടും മുഖത്തൊരു തെളിച്ചവുമില്ല…

രാത്രി വന്നു കയറുന്നത് ബുദ്ധിയല്ലെന്നു പറഞ്ഞ വിശാഖക്കു മുൻപിൽ ഉച്ചയ്ക്കെ തന്നെ വന്നു നിൽക്കുമ്പോൾ മനസ്സിലെങ്ങും ശ്രീയോ കുട്ടികളോ ഇല്ലായിരുന്നു….

കണ്ണിലൊരായിരം നക്ഷത്രദീപങ്ങൾ ഒളിപ്പിച്ചു മുന്നിൽ നിൽക്കുന്ന വിശാഖയുടെ പുഞ്ചിരിക്ക് നിറദീപത്തിന്റെ തിളക്കം…

ശ്രീബാലയെന്ന ഭാര്യയുമായുള്ള ഉടമ്പടിക്കൊപ്പം വിശാഖയെന്ന കാമുകിയെ കൂടി ഹൃദയത്തിലേക്ക് ചേർക്കുന്ന ഉടമ്പടിക്കായി ഞാനവൾക്ക് മുന്നിൽ നിന്നു….

അതുവരെയൊതുക്കിവച്ച പ്രണയവും വിരഹവും കൂടുതുറന്നു വിട്ടതും ഞാനവളെ ഗാഢമായി പുണർന്നു..

ശ്വാസമെടുക്കാൻ പോലും കഴിയാത്ത വിധം ചുണ്ടുകൾ തമ്മിൽ ചും ബനങ്ങൾ കൈമാറുമ്പോൾ എന്നെ പുണർന്ന ആ കൈകളെന്റെ പിന്നിൽ ചിത്രങ്ങൾ രചിക്കുന്നുണ്ടായിരുന്നു…

ഒടുവിൽ ശ്വാസമെടുക്കാനായി ഒന്ന് വിട്ടതും അതുവരെയും തള്ളവിരലിൽ ഊന്നി ഉയർന്നു നിന്നിരുന്ന അവൾ തളർന്നു കസേരയിലേക്കിരുന്നു…

” ഋഷി…എനിക്ക് നല്ല പേടിയുണ്ട്…എങ്കിലും നിന്നെയെനിക്ക് നഷ്ടപ്പെടുത്താൻ വയ്യ…ശ്രീ…അവളുടെ മുഖമോർക്കുമ്പോൾ ശരീരം വിറക്കുന്നു…പക്ഷേ അതിന്റെ നൂറുമടങ്ങു നിന്നോടുള്ള പ്രണയം എന്നെ പിടിച്ചുലക്കുന്നു…എന്നാലും നമുക്കിത് വേണ്ടടാ..ഇവിടെ നിർ….”

മുഴുമിക്കാനവളെ സമ്മതിക്കാതെ കൈകളിലേക്കവളെ ഞാൻ കോരിയെടുത്തു നെഞ്ചോടു ചേർത്തതും ഫോൺ അടിച്ചു….

“ആ, ശ്രീ എത്തി…മീറ്റിങ്ങിലാ…ഫ്രീയാവുമ്പോ ഞാൻ വിളിക്കാം..നീ ഭക്ഷണം കഴിച്ചോ?…കുട്ടികളെത്തിയോ സ്കൂളിന്ന് ?..ഓക്കേ ശരി ശരി ഞാൻ വിളിക്കാം കേട്ടോ…എപ്പോഴുമിങ്ങോട്ട് വിളിക്കണ്ട…”

“എന്തൊരു നുണയനാ നീ അല്ലേ…..ഋഷി…മീറ്റിങ്ങും ജോലിയും അവളൊരിക്കലും അറിയാതിരിക്കട്ടെ…അങ്ങനൊരു ദിവസം വന്നാൽ ഞാനെവിടെക്കെങ്കിലും പോകും…”

കുസൃതിചിരിയോടെ അപ്പോഴുമെന്റെ നെഞ്ചിൽ ചേർന്ന് നിന്ന് അവളെന്റെ മൂക്കിൻ തുമ്പിൽ പിടിച്ചു…

പരസ്പരമുള്ള ഇഷ്ടങ്ങളും പഴയ കാര്യങ്ങളും ഇനി മുന്നോട്ടുള്ള യാത്രയെ പറ്റിയൊക്കെ സംസാരിച്ചിരുന്ന് നേരം പോയതറിഞ്ഞില്ല…കാത്തിരുന്ന രാത്രി…

നിബന്ധനകളും ബാധ്യതകളുമില്ലാത്ത ഒരു പുതു പ്രണയത്തിന്റെ വഴിത്താരയിൽ വസന്തകാലം തീർക്കാനായി അതുവരെയും ഒതുക്കിവച്ച ഇഷ്ടങ്ങളത്രയും ഞാനവൾക്ക് പകുത്തു നൽകി…

ആർത്തലച്ചു വന്ന വേനൽമഴ പെയ്തു തീരാനായ നേരം കണ്ണിലൊളിപ്പിച്ച നൂറിഷ്ടങ്ങളുടെ തിളക്കം മറക്കാനായവൾ കണ്ണുകൾ പാതി അടച്ചെന്നെ വരിഞ്ഞു മുറുക്കിയതും ഞാനവളിലേക്ക് പെയ്തിറങ്ങി തളർന്നു വീണു….

അല്പം കഴിഞ്ഞു നീയെന്ന വാക്കിൽ എനിക്കിനിയും അലിഞ്ഞില്ലാതാകണമെന്ന പ്രതീക്ഷ നൽകാനായി ഞാനവളുടെ കഴുത്തിൽ ഉമ്മ വച്ചിട്ടും അവളിലൊരു അനക്കവുമില്ല…

അതുവരെയും പ്രണയജ്വരത്താൽ ചുട്ടുപൊള്ളിയ ആ മേനിയാകെ തണുപ്പ് പടരാൻ തുടങ്ങിയിരിക്കുന്നു…അപ്പോഴും കണ്ണുകൾ പാതിയടഞ്ഞ നിലയിൽ അവളെന്നേയും നോക്കി…പൂർണന ഗ്ന യായി…

വിളിച്ചു വരുത്തിയ പ്രണയമവൾ ആഘോഷിച്ചപ്പോൾ വിളിക്കാതെ വന്ന മരണമവളെ ഒരു യാത്രാമൊഴി പോലും പറയാനിട നൽകാതെ ചേർത്ത് പിടിച്ചെന്ന നടുക്കത്തിന്റെ മരവിപ്പിൽ മുന്നോട്ടുള്ള ശൂന്യതയിലേക്ക് നോക്കി ഞാൻ തരിച്ചിരുന്നു…..

ബാക്കി ഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….