മാനസയെയും കൊണ്ട് ചെക്കപ്പിന് പോകാനൊരുങ്ങുകയായിരുന്നു യശോദ…
ഇത്രയും ദിവസമായിട്ടും അവളെന്തെങ്കിലും സംസാരിക്കുകയോ ഒന്ന് കരയുകയോ പോലും ചെയ്തിട്ടില്ല…നിർബന്ധിച്ചാൽ കുറച്ച് ആഹാരം കഴിക്കും..പിന്നെയും ഒരേയിരിപ്പാണ്…അവളുടെ മനസ്സൊന്നു ശാന്തമായിട്ട് എന്താണ് നടന്നതെന്ന് ചോദിക്കാമെന്നു വച്ചു…അവരും പ്രദീപും ഹാളിലേക്ക് പ്രവേശിച്ചത് ഒരേ സമയത്താണ്…മാനസയെ കണ്ടതും പ്രദീപിന്റെ മുഖമിരുണ്ടു…യശോദ നോക്കിയപ്പോൾ മാനസ തലകുനിച്ചു നില്കുകയാണ്…അവൻ പുറത്തേക്ക് നടക്കാൻ തുനിയവേ അവർ വിളിച്ചു…
“കണ്ണാ…”
അവൻ തിരിഞ്ഞു നോക്കി…
“ഹോസ്പിറ്റലിൽ പോണം…നജീബിന്റെ കാർ വരാൻ പറഞ്ഞിട്ടുണ്ട്…”
“അതിന്?”
“നിന്റെ കൈയിൽ കാശ് ഉണ്ടോ?എനിക്ക് പെൻഷൻ ഇതുവരെ വന്നില്ല..”
ചിറ്റയെ ഒന്ന് രൂക്ഷമായി നോക്കി അവൻ പുറത്തിറങ്ങി…മാനസ തിരിച്ചു റൂമിലേക്ക് കയറാൻ ഭാവിച്ചു…
“എവിടേക്കാ? കാശില്ലെന്ന് ഞാൻ ചുമ്മാ പറഞ്ഞതാ…അവന്റെ മനസ്സിൽ എന്താണെന്നറിയാൻ…കുറ്റം പറയാനാവില്ല..ഓമനിച്ചു വളർത്തിയ പെങ്ങൾ അത്രേം വല്യ ഉപകാരമാണല്ലോ ചെയ്തു കൊടുത്തത്….”
അവൾ ഒന്നും മിണ്ടാതെ തലകുനിച്ചു നിന്നതേയുള്ളൂ….
“ഞാൻ പ്രസവിച്ചില്ലെങ്കിലും എന്റെ മോളെ പോലെ തന്നെയല്ലേ നിന്നെയൊക്കെ വളർത്തിയത്? എന്തെങ്കിലും ഒരു കുറവ് വരുത്തിയിട്ടുണ്ടോ? എന്നിട്ടും….ആരോടെങ്കിലും ഒരാളോട് പറഞ്ഞൂടായിരുന്നോ നിനക്ക്? ജാതിയും മതവും ഒന്നും നോക്കാതെ ഞങ്ങൾ നടത്തി തരുമായിരുന്നല്ലോ….?”
“പറഞ്ഞിരുന്നു…” ആദ്യമായി മാനസ ശബ്ദിച്ചു…
“ആരോട്?” അമ്പരപ്പോടെ യശോദ അവളെ നോക്കി….
“വിവേകേട്ടനോട്…”
യശോദ ശരിക്കും ഞെട്ടി…അവർ അവളെ കസേരയിൽ പിടിച്ചിരുത്തി….
“പറ വാവേ…എന്താ സംഭവിച്ചത്..ഒന്ന് തുറന്ന് പറഞ്ഞിട്ട് കരയുകയെങ്കിലും ചെയ്യ്..ഇങ്ങനെ അടക്കിപ്പിടിച്ചാൽ നിന്റെ കുഞ്ഞിനെ വരെ ബാധിക്കും….”
മാനസ മെല്ലെ അവരുടെ ചുമലിലേക്ക് ചാഞ്ഞു….കഴിഞ്ഞു പോയ കാലം മനസ്സിലേക്ക് കടന്നെത്തുകയാണ്….
*****************
“നീ എത്ര ഭാഗ്യം ചെയ്തവളാണ്….” മാനസയുടെ കുട്ടിക്കാലം മുതൽക്കുള്ള കഥകൾ കേട്ട് റെജി പറഞ്ഞു..
“ഇത്രേം സ്നേഹമുള്ള ഒരേട്ടനെ തനിക്കു കിട്ടിയില്ലേ…? “
“സത്യം…പാവമാ എന്റെട്ടൻ…എനിക്ക് വേണ്ടി എന്തും ചെയ്യും…”
“നമ്മുടെ കാര്യം അറിഞ്ഞാൽ ഏട്ടൻ സമ്മതിക്കുമോ?”
“അതെന്താ റെജി അങ്ങനെ ചോദിച്ചത്?”
“ഞാനൊരു ക്രിസ്ത്യൻ….പോരാഞ്ഞിട്ട് അനാഥനും..” അവൻ വിഷമത്തോടെ പറഞ്ഞു…അവൾ റെജിയുടെ കയ്യിൽ പിടിച്ചു….
“ആരുമില്ലാത്തവരുടെ സങ്കടം വേറാരേക്കാളും എന്റെ ഏട്ടന് അറിയാം…പിന്നെ മതം…അതൊരിക്കലും ഏട്ടൻ കാര്യമാക്കിയെടുക്കില്ല..പക്ഷേ ഇപ്പൊ എനിക്ക് നമ്മുടെ കാര്യം പറയാൻ പറ്റില്ല..ആദ്യം കോഴ്സ് കഴിഞ്ഞ് ജോലി…അതിന് ശേഷം പറയാം….”
“അത് മതി…ഒരു വീട് വയ്ക്കണം… മുറ്റം നിറയെ പൂച്ചെടികൾ ഉള്ള, ഒരു കൊച്ചു വീട്….”
“ഏട്ടന്റെ അടുത്ത് തന്നെ വേണം….എനിക്കപ്പോഴും കാണാല്ലോ..”
“അത് പ്രത്യേകം പറയണോ..ഏറ്റു…പക്ഷേ ആദ്യം ഏട്ടന് ഒരു ജീവിതം ഉണ്ടാക്കണ്ടേ…നിനക്ക് വേണ്ടി ഇത്രേം നാൾ കഷ്ടപ്പെട്ടതല്ലേ…ഒരു നല്ല പെൺകുട്ടിയെ കണ്ടെത്തി ഏട്ടനോടൊപ്പം ചേർത്തു വയ്ക്കണം…”
അവൾ ശരിയെന്നു തലയാട്ടി…സൗഹൃദത്തിൽ ആരംഭിച്ചു പ്രണയത്തിലെത്തി നിൽക്കുന്ന ഒരു ബന്ധമായിരുന്നു അത്..മാനസയെ കുറിച്ച് എല്ലാം അവനറിയാം..മാനസയുടെ കുട്ടിത്തം നിറഞ്ഞ പെരുമാറ്റമാണ് അവനെ ആകർഷിച്ചത്..ഒരു നിബന്ധനകളും വയ്ക്കാതെ ഒരിക്കൽ പോലും വഴക്കിടാതെ , അവളുടെ സ്വപ്നങ്ങളെ ബഹുമാനിക്കുന്ന റെജിയെ അവൾക്കും പ്രാണനായിരുന്നു…ആരെയും വേദനിപ്പിക്കാതെ ഒന്നിച്ചു ജീവിക്കണം എന്നതായിരുന്നു രണ്ടുപേരും എടുത്ത തീരുമാനം…പക്ഷേ പെട്ടെന്നായിരുന്നു എല്ലാം മാറി മറിഞ്ഞത്…
ചിറ്റയുടെ ആവശ്യപ്രകാരം നാട്ടിൽ പോയി വന്നതിനു ശേഷം അവൾ അസ്വസ്ഥയായിരുന്നു…
“എന്തു പറ്റിയെടീ..? “
“റെജീ…ഒരു പ്രശ്നമുണ്ട്…”
“എന്താ?”
“ഒരു പ്രപ്പോസൽ…മലേഷ്യയിൽ ഡോക്ടറാണ്…ചിറ്റ അതുമായി മുന്നോട്ട് പോകാനാ പരിപാടി…”
അവന്റെ മുഖം വാടുന്നത് മാനസ കണ്ടു…
“നീ വിഷമിക്കല്ലേ…എനിക്ക് ഒരു വഴി പറഞ്ഞു താ…”
“നിനക്ക് ഏട്ടനെ വിളിച്ചു കാര്യം പറഞ്ഞൂടെ…”?
“ഞാനത് ആലോചിച്ചതാടാ…പക്ഷേ അതിലൊരു കുഴപ്പമുണ്ട്…ഒരു മാറ്റക്കല്യാണമാണ് അവർ ഉദ്ദേശിക്കുന്നത്…വിവേകേട്ടന്റെ അനിയത്തി വിനീതയെ പ്രദീപേട്ടന് ആലോചിക്കുന്നു…ടീച്ചറാ ആള്…എന്റെ കുടുംബകഥയൊക്കെ അറിഞ്ഞോണ്ട് വന്ന ബന്ധം….”
റെജി ഒന്നും മിണ്ടാതെ വിദൂരതയിലേക്ക് നോക്കി നിന്നു..
“നീ എന്തെങ്കിലും പറയെടാ…”
“ഞാനെന്ത് പറയാൻ…? നമുക്ക് രജിസ്റ്റർ മാര്യേജ് ചെയ്യമെന്നു ഞാനൊരിക്കലും പറയില്ല…കാരണം അത് നിന്റെ ഏട്ടനെയും ചിറ്റയെയും ഒരുപാട് വേദനിപ്പിക്കും.. പിന്നെയുള്ള വഴി ഏട്ടനോട് തുറന്നു പറയുക എന്നതാണ്..പക്ഷെ അതോടെ ഏട്ടന്റെ വിവാഹം മുടങ്ങും…അവസാനം ഒരൊറ്റ മാർഗമേ ഉള്ളൂ…”
അവൾ അവനെ നോക്കി…
“വീട്ടുകാർ തീരുമാനിച്ച വിവാഹത്തിന് നീ സമ്മതിച്ചോ…അതാ നല്ലത്…”
മാനസയുടെ മുഖം ചുവന്നു..ദേഷ്യവും സങ്കടവും കൊണ്ട് ചുണ്ടുകൾ വിറച്ചു….
“നീ എന്നെ അങ്ങനെയാ കണ്ടത് അല്ലേ?”
“ഞാനെന്തു പറയാനാടീ? ഒരു അനാഥന് വേണ്ടി നിന്റെ വീട്ടുകാരെ സങ്കടപ്പെടുത്തണമെന്നോ?ഞാനൊരിക്കലും അങ്ങനെ പറയില്ല…ബന്ധങ്ങളുടെ വില അതില്ലാത്തവന് മാത്രമേ അറിയൂ..”
മാനസ എഴുന്നേറ്റു…..
“റെജീ…ഞാൻ പോകുവാ…ഇപ്പൊ സംസാരിച്ചാൽ എന്റെ നിയന്ത്രണം വിടും…വല്ലതും വിളിച്ചു പറഞ്ഞാൽ നിനക്ക് വിഷമമാകും….അതോണ്ട് നമുക്ക് പിന്നെ സംസാരിക്കാം…ഇന്നിനി എന്നെ വിളിക്കണ്ട..നാളെയല്ലേ ഹോസ്പിറ്റലിൽ പോകേണ്ടത്? രാവിലെ കാണാം…”
അവൾ തിരിഞ്ഞു നടന്നു…ഇടയ്ക്കിടെയുള്ള അവന്റെ ക്ഷീണവും തലകറക്കവും ഡോക്ടറെ കാണിക്കാൻ പോകാൻ അവൾ ഒരുപാട് നിർബന്ധിച്ചിട്ടാണ് അവൻ സമ്മതിച്ചത്….
അന്ന് രാത്രി റെജി അവളെ ഫോൺ ചെയ്തില്ല…അവൾ ചെയ്യരുത് എന്ന് പറയുന്ന ഒരു കാര്യവും അവൻ ചെയ്യാറില്ല..അവന്റെ ശബ്ദം കേൾക്കാഞ്ഞിട്ട് വിഷമമുണ്ടായെങ്കിലും മനസ്സ് കലങ്ങിയിരുന്നതിനാൽ അവൾ വേണ്ടായെന്നു വച്ചു….
പിറ്റേ ദിവസം രാവിലെ അവൾ റെജിയെ വിളിച്ചു…റിങ് ചെയ്യുന്നതല്ലാതെ എടുക്കുന്നില്ല..ഡോക്ടറുടെ അടുത്തേക്കുള്ള ബൈക്ക് യാത്രയിലാവും എന്ന് കരുതി അവൾ പിന്നെ വിളിച്ചില്ല…
ഡ്രസ്സ് ചേഞ്ച് ചെയ്തു ഓട്ടോ പിടിച്ച് അവളും മുകുന്ദാ ഹോസ്പിറ്റലിലേക്ക് പോയി…അവിടെത്തി വിളിച്ചപ്പോഴും ഫോൺ എടുക്കുന്നില്ല…ഒന്നര മണിക്കൂറോളം കാത്തിരുന്നിട്ടും അവൻ എടുക്കാഞ്ഞപ്പോൾ അവൾ റെജി താമസിക്കുന്ന വാടകവീട്ടിലേക്ക് പോയി…
ഓട്ടോയ്ക്ക് കാശു കൊടുത്ത് ഗേറ്റ് തുറന്ന് അവൾ മുറ്റത്തേക്ക് കയറിയപ്പോൾ റെജിയുടെ കൂടെ താമസിക്കുന്ന പാലക്കാട്ടുകാരൻ സന്തോഷ് ബൈക്ക് സ്റ്റാർട്ട് ചെയ്യുകയായിരുന്നു..ഒരു റെസ്റ്റോറന്റിൽ ഡെലിവറി ബോയ് ആണ് സന്തോഷ്….മാനസ ഒന്ന് ചിരിച്ചു…പക്ഷെ അവന്റെ മുഖം പ്രസന്നമല്ലായിരുന്നു…
“റെജിയില്ലേ സന്തോഷേട്ടാ…? എത്ര നേരമായി അവനെ വിളിക്കുന്നതെന്നറിയോ? ഇന്ന് ഹോസ്പിറ്റലിൽ പോകേണ്ട ദിവസമാ…”
അവൾ പരിഭവിച്ചു..
“അത്…മാനസാ….” സന്തോഷ് ഒന്ന് പരുങ്ങി..എന്നിട്ട് ബൈക്കിൽ നിന്നിറങ്ങി..
“ഇന്നലെ തന്നെ ഹോസ്പിറ്റലിൽ പോയി “
“ങേ…ഇന്നലെ രാവിലെ അവനും ഞാനും കണ്ടതാണല്ലോ… ഒന്നും പറഞ്ഞില്ല…”
“നിന്നെ കണ്ടിട്ട് ഇങ്ങോട്ട് വന്നതാ…അപ്പുറത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ ഞാൻ വിളിച്ചു പറഞ്ഞു…അവിടെ പോയതാ അവൻ..പെട്ടെന്ന് അവിടെ കുഴഞ്ഞു വീണു…എല്ലാരും കൂടെ അപ്പുറത്തെ ക്ലിനികിൽ കൊണ്ടുപോയി…പരിചയക്കാരനായത് കൊണ്ട് എന്നെ വിളിച്ചറിയിച്ചു..ഞാൻ ഓടി വന്നു. അപ്പൊ ഡോക്ടറു പറഞ്ഞു വേറെന്തൊക്കെയോ പ്രശ്നം ഉണ്ട്, നേരെ മുകുന്ദ ഹോസ്പിറ്റലിലേക്ക് പൊയ്ക്കോന്ന്…അങ്ങനെ അവനേം കൂട്ടി ഞാൻ പോയി… “
“എന്നിട്ട്…?” അവൾ പരിഭ്രമത്തോടെ ചോദിച്ചു..
എന്തു പറയണമെന്നറിയാതെ സന്തോഷ് കുഴങ്ങുന്നത് കണ്ടപ്പോൾ അവളുടെ മനസ്സിൽ വെള്ളിടി വെട്ടി….
“അവൻ അകത്തു കിടക്കുന്നുണ്ട്…നീ സംസാരിക്ക്…”
സന്തോഷ് പെട്ടെന്ന് തന്നെ ബൈക്കിൽ കേറി പുറത്തേക്ക് പോയി…എന്തോ വലിയ ദുരന്തം തനിക്ക് നേരെ വരുന്നത് അവളറിഞ്ഞു…
അകത്തു കയറിയപ്പോൾ റെജി കട്ടിലിൽ കണ്ണടച്ച് കിടക്കുകയാണ്…മാനസ മെല്ലെ അവന്റെയരികിൽ ഇരുന്നു..വിളറിയ ആ മുഖത്ത് മെല്ലെ തലോടി..തണുത്ത കരസ്പർശമേറ്റതോടെ അവൻ കണ്ണു തുറന്നു…ഒന്ന് ചിരിച്ചു…തളർന്ന ചിരി…..
“എന്താടാ പറ്റിയെ?”
“ഒന്നുമില്ലെടീ…ഒന്ന് തല കറങ്ങി…”
“റെജീ.. കള്ളം പറയരുത്…സന്തോഷേട്ടന്റെ മുഖം കണ്ടാലറിയാം എന്തോ പ്രശ്നമുണ്ടെന്ന്…പറയെടാ…വെറുതെ എന്നെ ടെൻഷനാക്കരുത്…”
അവൻ കൈയെത്തിച്ചു മേശമേലിരുന്ന മെഡിക്കൽറിപ്പോർട്ടുകൾ എടുത്ത് അവൾക്ക് നേരെ നീട്ടി…ആശങ്കയോടെ അവൾ അതിലൂടെ കണ്ണുകൾ ഓടിച്ചു…
“ഇത്….!!!!” ഞെട്ടലോടെ, അവിശ്വസനീയതയോടെ മാനസ അവനെ നോക്കി…
“അതേ…നീ എന്നോ കടന്ന് കൂടിയ ഹൃദയത്തിന്റെ ആയുസ് കുറഞ്ഞു വരികയാണ്…എപ്പോ വേണമെങ്കിലും നിലച്ചേക്കാം…” അവന്റെ പുഞ്ചിരിയിൽ വേദന കലർന്നു….
ചലനമറ്റിരിക്കുകയാണ് മാനസ..തലച്ചോറിലൂടെ ഒരു തീവണ്ടി കുതിച്ചു പായുന്നത് പോലെ അവൾക്കനുഭവപ്പെട്ടു..കണ്ണുനീർ തുള്ളികൾ താഴേക്ക് പതിച്ചു…
“ഏയ്..സങ്കടപ്പെടാതെടോ…ഇനിയുള്ള ഓരോ നാളുകളും എനിക്ക് വിലപ്പെട്ടതാണ്..അതാ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടർ പറഞ്ഞിട്ടും സന്തോഷേട്ടന്റെ കാല് പിടിച്ചു ഇങ്ങോട്ട് വന്നത്…അതോണ്ട് നീ കരയരുത്…”
“എണീക്ക് റെജീ…നമുക്ക് വേറെ ഹോസ്പിറ്റലിൽ പോയി നോക്കാം…ചിലപ്പോൾ ഡോക്ടർക്ക് തെറ്റു പറ്റിയതാവും…” അവൾ അവന്റെ കയ്യിൽ പിടിച്ചു വലിച്ചു…
“ആർക്ക്..ഡോക്ടർ മഹേന്ദ്ര ഭട്ടിനോ??അദ്ദേഹത്തെക്കാൾ മികച്ച കാർഡിയോളജിസ്റ്റ് മംഗലാപുരത്തു വേറില്ല..ഹൃദയം മടിപിടിച്ചിരിക്കുന്നതിനാലാ ഇടയ്ക്ക് ഈ തലകറക്കം വരുന്നേ…സാരമില്ല എന്തായാലും കുറച്ചു നാൾ കൂടെ ഞാൻ ഉണ്ടാവും…”
മാനസ പൊട്ടിക്കരച്ചിലോടെ അവന്റെ നെഞ്ചിൽ വീണു….കണ്ണീരിന്റെ നനവും ചൂടും അവനു അനുഭവപ്പെട്ടു..
“സാരമില്ലെടോ…കരയണ്ട…നിന്നോട് പറയേണ്ട എന്ന് കരുതിയതാ….നീയിങ്ങോട്ട് കേറി വരുന്നത് ഞാൻ പ്രതീക്ഷിച്ചില്ല…”
“എനിക്ക് നിന്നെ വേണം റെജീ….” അവൾ ഏങ്ങികരഞ്ഞു. ആശ്വസിപ്പിക്കാനുള്ള ശ്രമങ്ങൾ വിഫലമായതോടെ അവൻ മാനസയെ ചുറ്റിപ്പിടിച്ചു..മെല്ലെ മുടിയിലൂടെ വിരലോടിച്ചു…
***************
“മാനസാ…ഞാൻ നാളെ നൈറ്റ് മലേഷ്യക്ക് പോകും…”
ദീർഘനേരത്തെ മൗനത്തിനു ശേഷം വിവേക് പറഞ്ഞു തുടങ്ങി. റെസ്റ്റോറന്റിലെ ടേബിലിനിരുവശവും അവർ ഇരിപ്പ് തുടങ്ങിയിട്ട് നേരം കുറെയായി..മുന്നിൽ വച്ച കോഫി തണുത്തു കഴിഞ്ഞു…
“ഫോണിലൂടെ സംസാരിച്ചാൽ ഒരു സുഖം കിട്ടില്ല.അതാ നേരിൽ കാണണമെന്ന് പറഞ്ഞത്..തന്നോട് അന്ന് ചോദിച്ചത് ആവർത്തിക്കുകയാ..എന്നെ വിവാഹം കഴിക്കാൻ തനിക്കു സമ്മതമാണോ?”
അവൾ അത് കേട്ടില്ല…മനസ്സിൽ റെജിയുടെ തളർന്ന മുഖമായിരുന്നു…ഹോസ്പിറ്റലിൽ അഡ്മിറ്റ് ആവമെന്ന് എത്ര പറഞ്ഞിട്ടും അവൻ കേൾക്കുന്നില്ല…ചികിത്സകൾക്ക് ഇനിയൊന്നും ചെയ്യാനില്ല എന്നറിഞ്ഞത് കൊണ്ടാവും….
“മാനസാ…” വിവേക് സ്വരം കടുപ്പിച്ചു വിളിച്ചപ്പോൾ അവളൊന്ന് ഞെട്ടി…
“എന്താ?”
“താനേത് ലോകത്താ? ഞാനിത്രേം നേരം പറഞ്ഞതൊന്നും കേട്ടില്ലേ?”
“സോറി..ഞാൻ വേറെ….അത് വിട്..വിവേകേട്ടൻ എന്താ ചോദിച്ചത്?”
“തനിക്ക് ഈ വിവാഹത്തിന് സമ്മതമല്ലേ എന്ന്?”.
“വിവേകേട്ടാ…എനിക്ക് കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.. ദേഷ്യമൊന്നും തോന്നരുത്…”
“പറഞ്ഞോടോ…സംസാരിക്കാനല്ലേ നമ്മൾ ഇവിടിരിക്കുന്നത്…എന്തു വേണമെങ്കിലും പറഞ്ഞോ…”
അവൾ മുന്നോട്ട് ആഞ്ഞിരുന്നു….റെജിയോടുള്ള തന്റെ പ്രണയത്തെക്കുറിച്ചും അവന്റെ അസുഖത്തെക്കുറിച്ചുമെല്ലാം അവൾ തുറന്നു പറഞ്ഞു…അതിന്റെയവസാനം അവൾ കരഞ്ഞു പോയി..
“എന്നോട് ക്ഷമിക്കണം…അവനെ മാത്രമേ ഞാൻ ഭർത്താവിന്റെ സ്ഥാനത്തു കണ്ടിട്ടുള്ളൂ…പക്ഷേ വിധി ക്രൂ രത കാട്ടി..കുറച്ചു നാൾ കൂടിയെങ്കിലും അവന്റെ ജീവിതം നീട്ടി കിട്ടണേ എന്ന പ്രാർത്ഥന മാത്രമേ ഇപ്പൊ മനസ്സിലുള്ളൂ….വിവാഹത്തെകുറിച്ച് ചിന്തിക്കാനുള്ള ഒരു അവസ്ഥയിലല്ല ഞാൻ..പക്ഷേ ഇതൊന്നും ആരോടും പറയാനും പറ്റില്ല..ഏട്ടന്റെയും വിനീതചേച്ചിയുടെയും വിവാഹം നടക്കണം..എന്റെ പേരിൽ അത് മുടങ്ങരുത്…”
അവൾ കൈകൂപ്പി…മനസ്സിലെ നഷ്ടബോധം പുറത്തു കാണിക്കാതെ വിവേക് ഒന്ന് പുഞ്ചിരിച്ചു…
“ഏയ്…സാരമില്ലെടോ….അത് പോട്ടെ,…വേറെ എവിടെങ്കിലും കൊണ്ടു പോയാൽ അവൻ രക്ഷപ്പെടുമോ?”
മാനസ കണ്ണുകൾ തുടച്ചു..
“ഞാൻ ഡോക്ടറോട് സംസാരിച്ചതാ…കുറേ കാലം മുൻപ് ആയിരുന്നെങ്കിൽ ഒരു ട്രാൻസ്പ്ലാന്റേഷൻ ആലോചിക്കാമായിരുന്നു..പക്ഷേ ഇപ്പൊ അതിനും വഴിയില്ല…”
വിവേക് കൈകൾ നെഞ്ചിൽ കെട്ടി..
“ഒന്ന് ചോദിച്ചോട്ടെ, മാനസ…എപ്പോൾ വേണമെങ്കിലും മരിച്ചു പോകാവുന്ന ഒരാൾക് വേണ്ടി താൻ ജീവിതം സാക്രിഫൈസ് ചെയ്യുന്നത് മണ്ടത്തരമല്ലേ…?..അത് മാത്രമല്ല…തന്റെ ഏട്ടൻ ഇതിനു സമ്മതിക്കുമോ? പുള്ളിയെ ഇതൊക്കെ എത്ര വേദനിപ്പിക്കും എന്നു ചിന്തിച്ചോ?”
“ത്യാഗമൊന്നുമല്ല…എനിക്ക് അവനോട് തോന്നിയ പ്രണയത്തിനു വേറെയും കാരണമുണ്ട്…മറ്റാർക്കും മനസ്സിലാവാത്ത കാരണം…അതെന്റെ ഏട്ടന് മനസ്സിലാവും..പക്ഷെ ഞാനിത് പറഞ്ഞാൽ ഏട്ടന്റെ വിവാഹവും മുടങ്ങും..അങ്ങനെ സംഭവിക്കരുതേ എന്നപേക്ഷിക്കാനാ ഞാൻ വിവേകേട്ടനെ കാണാൻ വന്നത്…”
വിവേക് കുറച്ചു നേരം ഒന്നും മിണ്ടിയില്ല..അവന്റെ മനസ്സിൽ ഒത്തിരി ചിന്തകൾ ഓടിക്കൊണ്ടിരുന്നു…
“ശരി…സമ്മതിച്ചു…ഞാൻ പിന്മാറാം…പക്ഷേ ഒന്നുണ്ട്…താനിത് പ്രദീപേട്ടനോട് പറയരുത്..ഞാൻ സംസാരിച്ചോളാം..കാരണം ഇതിൽ എന്റെ അനിയത്തി കൂടെ ഉൾപ്പെട്ടിട്ടുണ്ട്..തന്റെ ഏട്ടന്റെ കൂടെയുള്ള ജീവിതം അവൾ സ്വപ്നം കാണാൻ തുടങ്ങിക്കഴിഞ്ഞു…അവളെ വേദനിപ്പിക്കാൻ എനിക്ക് കഴിയില്ല…നമ്മുടെ കല്യാണം നടക്കരുത് ,അവരുടേത് നടക്കണം…വല്ലാത്ത കുഴപ്പം പിടിച്ച കേസാണിത്…ബട്ട് പ്രശ്നമില്ല…ഞാൻ എന്തേലും കള്ളം പറഞ്ഞോളാം.. തനിക്കു വേണ്ടിയല്ലേ..”
മാനസ നന്ദിയോടെ അവനെ നോക്കി…
“എന്നാൽ നമുക്ക് പിരിയാം…പേടിക്കണ്ട..എല്ലാം ശരിയാകും..തത്കാലം വേറാരും ഒന്നും അറിയണ്ട…എനിക്ക് കുറച്ചു സമയം താ…”
വിവേക് പുറത്തേക്ക് നടന്നു…
പിന്നീടുള്ള ദിവസങ്ങളിൽ അവൾക്കു ഒന്നിലും മനസ്സ് കേന്ദ്രീകരിക്കാൻ കഴിഞ്ഞില്ല…റെജി വഴക്കു പറഞ്ഞതിനാൽ മാത്രം ക്ലാസിൽ പോയി…പക്ഷേ രാവിലെയും വൈകിട്ടും അവന്റെ വാടക വീട്ടിൽ വരും….റസ്റ്റ് എടുക്കാൻ അവൾ പറഞ്ഞെങ്കിലും അത്യാവശ്യം വീട്ടു ജോലികൾ അവൻ ചെയ്യും..വൈകിട്ട് അവളുടെ കൂടെ നടക്കാനും പോകും..
ഒരു നാൾ ഹോസ്പിറ്റലിൽ ചെക്കപ്പിന് പോയി വന്നതേ ഉണ്ടായിരുന്നുള്ളൂ,….
കട്ടിലിൽ വെറുതെ ചാരിയിരിക്കുകയായിരുന്നു റെജി..അവൾ അരികിലിരുന്നു അന്ന് വാങ്ങിയ മരുന്നുകൾ തരം തിരിച്ചു വയ്ക്കുകയാണ്..
“നീ വീട്ടിലേക്ക് വിളിച്ചോടീ,.?”
“ആ..വിളിച്ചു…ഇനി രാത്രി ഏട്ടനെ വിളിക്കണം…”
“നീയെനിക്ക് ഒരുപകാരം ചെയ്യുമോ?”
“എന്താടാ..? പറ… ചെയ്യാം…”
“ഞാൻ മരിച്ചു കഴിഞ്ഞാൽ നീ നിൻറെ ഏട്ടനോട് പറയണം, നേരിൽ കണ്ടിട്ടില്ലെങ്കിലും എനിക്ക് അദ്ദേഹത്തെ ഒത്തിരി ഇഷ്ടമായിരുന്നെന്ന്..”
മാനസ അവന്റെ വായ പൊത്തി….റെജി അവളുടെ കൈ എടുത്തു മാറ്റി…
“ഏട്ടനെ വേദനിപ്പിക്കേണ്ട…നീ വിവാഹത്തിന് സമ്മതിച്ചോ…എനിക്ക് വേണ്ടി ജീവിതം പാഴാക്കരുത്..ഞാൻ പോയാലും മറക്കാതിരുന്നാൽ മതി…” അവന്റെ ശബ്ദമിടറി…മാനസ നിറകണ്ണുകളോടെ അവന്റെ കവിളുകളിൽ കരതലമമർത്തി…മെല്ലെ നെറ്റിയിൽ ചും ബിച്ചു… കണ്ണുകളിൽ…നാ സികത്തുമ്പിൽ… പിന്നെ അധരങ്ങൾ തമ്മിൽ ചേർന്നു…
പിടയുന്ന ഹൃദയവുംമരണസന്നമായ മറ്റൊരു ഹൃദയവും പരസ്പരം വേദനകൾ കൈമാറി…ഭാവിയെ കുറിച്ചോ, ചുറ്റുമുള്ളതിനെ കുറിച്ചോ ഒന്നും ആലോചിക്കാതെ അവർ ഒന്നാവുകയായിരുന്നു…..
വ ന്യമായ സ്നേഹപ്രകടനങ്ങളുടെ ആവേശമടങ്ങിയപ്പോൾ റെജി നെറ്റിയിൽ ആഞ്ഞിടിച്ചു….
“ഞാനോ ചാകാൻ പോവുകയാ…നിന്റെ ജീവിതം കൂടി നശിപ്പിച്ചില്ലേ….? എന്ത് പാപിയാ ഞാൻ ….”
മാനസ കാൽമുട്ടുകളിൽ മുഖം പൂഴ്ത്തിയിരിക്കുകയായിരുന്നു….അവൻ അവളുടെ തല പിടിച്ചുയർത്തി…കണ്ണുകളിൽ ഒരു വല്ലാത്ത നിർവികാരത…
“മാപ്പ്….” അവൻ പറഞ്ഞു…
“എന്തിന്? എന്റെ സമ്മതത്തോടെയല്ലേ?”
“അതല്ലെടീ…എനിക്ക് പ്രശ്നമില്ല..എപ്പോ വേണേലും മരിക്കാൻ പോകുന്ന ഒരുത്തൻ..പക്ഷേ നീ…നിന്റെ വീട്ടുകാർ…അവരുടെ പ്രതീക്ഷകൾ….”
“അറിയാം റെജീ…ഞാൻ ചെയ്തത് തെറ്റു തന്നെയാ…മാപ്പർഹിക്കാത്ത തെറ്റ്…വരാനുള്ളതിനെ കുറിച്ച് ഞാനിനി ചിന്തിക്കുന്നില്ല…എന്നെങ്കിലും എന്റെ ഏട്ടൻ എന്നെ മനസ്സിലാക്കും…അതുവരെയുള്ളതൊക്കെ ഞാൻ അനുഭവിച്ചോളാം…നിന്റെ കൂടെയുള്ള ദിവസങ്ങൾ എനിക്ക് വിലപ്പെട്ടതാണ്…മറ്റൊന്നും ഞാനിപ്പോ ആലോചിക്കില്ല….”
റെജി അവളെ നെഞ്ചോട് ചേർത്തു….അതൊരു ശരിയായിരുന്നു…അവർക്ക് മാത്രം മനസ്സിലാകുന്ന ശരി….തന്റെ വിധി ഒന്ന് തിരുത്തിയെഴുതിക്കൂടെ എന്നവൻ ദൈവത്തോട് യാചിച്ചു….
***************
കയ്യിലിരുന്ന പ്രഗ്നൻസി ടെസ്റ്റ് കിറ്റ് വിറകൊള്ളുന്നത് മാനസ അറിഞ്ഞു….സംശയം തെറ്റിയില്ല..റെജിയുടെ ജീവൻ തന്റെ ഉദരത്തിൽ വളരുന്നുണ്ട്…
തളർച്ച കൂടിയതിനാൽ റെജിയെ മുകുന്ദ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയിരുന്നു..അവൾ ഫോണെടുത്തു വിവേകിനെ വിളിച്ചു….
“പറ മാനസാ… റെജിയുടെ അവസ്ഥ എന്താ?”
“വിവേകേട്ടൻ എന്റെ കാര്യം സംസാരിച്ചിരുന്നോ?” അവന്റെ ചോദ്യം കേൾക്കാത്ത പോലെ അവൾ ചോദിച്ചു…
“എടോ, അന്നെ പറഞ്ഞിരുന്നില്ലേ അങ്ങനെ പെട്ടെന്ന് അവതരിപ്പിക്കാൻ പറ്റില്ല…കുറച്ചു സമയം വേണം….ആരെയും വേദനിപ്പിക്കരുതല്ലോ…”
“സമയം മാത്രമാണ് ഇല്ലാത്തത് വിവേകേട്ടാ…ഞാൻ പ്രഗ്നന്റ് ആണ്….”
“വാട്ട്??” അവന്റെ ഞെട്ടൽ അവൾക്കു വ്യക്തമായി കേൾക്കാമായിരുന്നു…
“സത്യമാണ്….”
കുറെ സമയത്തെ നിശബ്ദത….
“സോറി മാനസാ…എന്റെ തെറ്റാണു..എനിക്ക് തന്നെ അത്രക്ക് ഇഷ്ടമായിരുന്നു…അവൻ മരിച്ചാൽ തന്നെ എനിക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചു…അതുകൊണ്ടാ ഞാൻ ഈ കാര്യം ആരോടും പറയാതിരുന്നത്… “
അവൾക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല….
“സന്തോഷം വിവേകേട്ടാ…എന്നെ മനസ്സിലാക്കുന്ന ഒരാളാണെന്നു കരുതിയാ സഹായം ചോദിച്ചത്…വിശ്വസിച്ചു പോയി…എന്റെ ഏട്ടനോട് തുറന്ന് പറഞ്ഞാൽ മതിയാരുന്നു…സാരമില്ല…പിന്നെ, അവൻ മരിച്ചാലും ആ സ്ഥാനത്തേക്ക് വിവേകേട്ടന് വരാൻ പറ്റില്ല…സ്നേഹമെന്നതിനു അങ്ങനെ ഒരു കുഴപ്പമുണ്ട്…. “
അവൾ ഫോൺ കട്ട് ചെയ്തു….അത് വഴി വന്ന ഓട്ടോയ്ക്ക് കൈ കാണിച്ചു….
“മുകുന്ദ ഹോസ്പിറ്റൽ….”
ഡ്രൈവർ തലയാട്ടികൊണ്ട് ഓട്ടോ മുന്നോട്ടെടുത്തു….വിവേക് സമയം ചോദിച്ചത് റെജി മരിക്കുവാൻ വേണ്ടിയാണെന്ന് ഓർത്തതോടെ അവൾ കരഞ്ഞു പോയി…ഡ്രൈവർ ഗ്ലാസിലൂടെ അത് ശ്രദ്ധിക്കുന്നത് കണ്ടപ്പോൾ അവൾ കണ്ണുകൾ തുടച്ചു പുറത്തേക്ക് നോക്കി..പക്ഷേ മനസ്സിൽ ഒരു കരച്ചിൽ പേമാരിയായി പെയ്തിറങ്ങുകയായിരുന്നു….
തുടരും