ശമ്പളം
Story written by Praveen Chandran
=============
“പറ്റ് ഇത്തിരി കൂടുതലായിട്ടോ ദേവൂ…ഇനിയും കടം തരാൻ പറ്റില്ലാട്ടോ”
പലചരക്ക് കടക്കാരൻ വറീതിന്റെ നോട്ടം പറ്റു പുസ്തകത്തിലേക്കായിരുന്നില്ലെന്ന് അവൾക്ക് മനസ്സിലായി…
“ഏട്ടൻ പൈസ അയച്ചിട്ടു മുന്നുമാസമായി. ശമ്പളം കിട്ടിയിട്ടില്ലാന്നാ പറഞ്ഞേ…”
“എന്നാപിന്നെ ഇങ്ങോട്ട് പോന്നു കൂടെ..എന്തിനാ അവിടെ കടിച്ച് തൂങ്ങി നിൽക്കുന്നത്.”
അതിനുത്തരം പറയാതെ അവൾ തിരിച്ചു നടന്നു..പിന്നിൽ നിന്ന് അയാളെന്തോ പിറുപിറുക്കുന്നുണ്ടായിരുന്നു…
എത്രയെന്ന് വച്ചാ ഇത് സഹിക്കാ..മക്കളുടെ ഫീസടക്കാൻ പോലും പൈസ തികയുന്നില്ല…
കഴിഞ്ഞ തവണ വിളിച്ചപ്പോൾ താൻ ഓർമ്മിപ്പിച്ചതും കൂടെയാണ്…എന്നിട്ടും…
അവൾക്ക് അവനോട് ദേഷ്യം തോന്നിത്തുടങ്ങിയിരുന്നു..
അവൾ വീട്ടിലെത്തിയതും അവന്റെ കോൾ വന്നതും ഒരുമിച്ചായിരുന്നു…
മനസ്സിലുളള ദേഷ്യം മറച്ചു വയ്ക്കാതെ അവൾ പറഞ്ഞു..
“ഹലോ..ഏട്ടാ ഇനി എനിക്ക് വയ്യാട്ടോ ഇങ്ങനെ നാണം കെടാൻ…പൈസ ഇല്ലാതെ എങ്ങിനെ ജീവിക്കാനാ ഏട്ടാ..എന്തെങ്കിലും വഴി കണ്ടേ പറ്റൂ..വേറെ ജോലി നോക്കിക്കൂടെ..ഇങ്ങനെ ഉത്തരവാദിത്വം ഇല്ലാതായാ എങ്ങനാ..ഞാനും മക്കളും ഇവിടെങ്ങനാ കഴിയുന്നതെന്നു വച്ചാ”
അവൾക്ക് സങ്കടം അടക്കാനായില്ല…
മറുതലക്കൽ നിന്ന് ശബ്ദമൊന്നും കേൾക്കാതെയായപ്പോൾ അവൾക്ക് ആധിയായി…
“ഏട്ടാ..എന്താ ഒന്നും മിണ്ടാത്തത്..ഏട്ടാ”
“ഹലോ ഞാൻ സുധീഷിന്റെ കൂട്ടുകാരനാ..സുധീഷിന് ഇന്നലെ ഒരു നെഞ്ചുവേദന വന്നു..പേടിക്കാനൊന്നുമില്ല..ഐ.സി.യൂലാണ് രണ്ടു ദിവസത്തിനകം ഡിസ്ച്ചാർജ് ആകും”
കണ്ണിൽ ഇരുട്ടുകയറുന്നപോലെ തോന്നി അവൾക്ക്..
“ഏട്ടന് ഒന്ന് ഫോൺ കൊടുക്കാമോ?” അവളുടെ സ്വരം ഇടറിയിരുന്നു..
“ഇപ്പോ പറ്റില്ല..മിക്കതും നാളെ രാവിലെ വിളിക്കാൻ പറ്റും..ഞാൻ പറയാം..ശരി എന്നാ”
അവൾക്കെന്തൊക്കെയോ ചോദിക്കണമെന്നുണ്ടായിരുന്നു പക്ഷെ അതിനു മുമ്പേ ഫോൺ കട്ടായിരുന്നു…
അവളുടെ സമാധാനമെല്ലാം അതോടെ തീർന്നിരുന്നു..എന്ത് ചെയ്യണമെന്നറിയാതെ അവൾ കുഴങ്ങി..
പ്രേമ വിവാഹമായത് കൊണ്ട് വീട്ടുകാരുടെ സഹായവും അവൾക്ക് പ്രതീക്ഷിക്കാനില്ലായിരുന്നു..അല്ലെങ്കിൽത്തന്നെ സഹായം ചോദിച്ചപ്പോഴൊക്കെ അവിടന്ന് ആട്ടിയിറക്കയിട്ടുളളതാണ്…കണ്ണുളളപ്പോ കണ്ണിന്റെ വിലയറിയില്ല എന്നു പറയുന്നത് ശരിയാ…ഏട്ടൻ എത്ര തവണ തന്നോടു ചോദിച്ചതാ ഇവിടെ ശരിയാവുന്നില്ല നാട്ടിലേക്ക് പോരട്ടെ എന്ന്..
പക്ഷെ താനാ പറഞ്ഞത് ഇവിടെ വന്നിട്ടെന്ത് ചെയ്യാനാ..രണ്ടു പെൺകുട്ടികളാ കുറച്ചു കാലം കൂടെ പിടിച്ചു നിൽക്കാൻ…
പാവം ആ മനസ്സ് വേദനിച്ചിട്ടുണ്ടാവും അതാ ഇങ്ങനെയൊക്കെ സംഭവിച്ചത്…
“ദൈവമേ ഒന്നും വരുത്താതെ ഞങ്ങക്കു തിരിച്ചു തരണേ” ആ രാത്രി മുഴുവൻ അവൾ ഹൃദയം നൊന്തു പ്രാർത്ഥിച്ചു…
പിറ്റെ ദിവസം രാവിലെ മുതൽ അവൾ ഫോണിൽ കണ്ണും നട്ടിരിക്കുകയായിരുന്നു…വൈകും തോറും അവൾക്ക് ആധി കൂടി കൂടി വന്നു…
അവസാനം പത്തുമണിയോടെ ഫോൺ റിംഗ് ചെയ്തു…
ആകാംഷയോടെയും അതിലധികം ഭയത്തോടെയുമാണ് അവൾ ഫോൺ എടുത്തത്…
“ഹലോ..ദേവൂ” ആ സ്വരം കേട്ടതും അവൾക്ക് പിടിച്ചു നിൽക്കാനായില്ല..ആ കണ്ണുകൾ നിറഞ്ഞൊഴുകി..
“ഏട്ടാ..”
“എന്താ ദേവൂട്ട്യേ ഇത്..കുട്ടികളെപ്പോലെ..എനിക്കൊന്നുമില്ലാട്ടോ..”
“ഞാനെത്ര വിഷമിച്ചൂന്നറിയോ ഏട്ടാ..ഒരു നിമിഷം ഞാനൊറ്റക്കായ പോലെ തോന്നി…” അതു പറയുമ്പോൾ അവളുടെ തൊണ്ടയിടറിയിരുന്നു…
“പേടിക്കണ്ടാട്ടോ..ഞാനുണ്ട് കൂടെ..അങ്ങനെ നിങ്ങളെ വിട്ട് എനിക്ക് പോകാൻ പറ്റോ? ഇപ്പോ സമാധാനമായില്ലേ?..”
അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു..
“ഏട്ടാ..ഇങ്ങു പോന്നേക്ക്..നമുക്കുളളത് കൊണ്ട് ജീവിക്കാം..നമുക്ക് നമ്മുടെ ഈ ആൽമരവും പുഴയും പാടവും ഒക്കെയായി അങ്ങിനെ കഴിഞ്ഞാ മതി..ഏട്ടനെന്റെ അരികിലുണ്ടെങ്കിൽ അതു തന്നെയാണ് ഏറ്റവും വലിയ ആശ്വാസം…”
അവൻ അതിനുത്തരമൊന്നും പറഞ്ഞില്ല…
കാരണം തന്റെ ജോലി എന്നേ നഷ്ട്ടപ്പെട്ടതാണ്..അവൾ വിഷമിക്കരുതെന്നു കരുതിയാണ് ഇതുവരെ ഒന്നും അറിയിക്കാതിരുന്നത്..സുഹൃത്തുക്കളുടെ കടാക്ഷം കൊണ്ടാണ് ഇത്രകാലം കഴിഞ്ഞു കൂടിയത് തന്നെ..
പുതിയൊരു ജോലിക്കുവേണ്ടി അലഞ്ഞുതിരിഞ്ഞ് മടുത്തപ്പോഴാണ് നാട്ടിലേക്ക് വരാനുളള ആഗ്രഹം അവളോട് അവതരിപ്പിച്ചത്…കുടുംബത്തിന്റെ ഭാവിയെക്കരുതിയാണെങ്കിലും അന്നവൾ പറഞ്ഞത് തന്റെ ചങ്കിലാണ് കൊണ്ടത്…ഇന്നിപ്പോ തനിക്കിങ്ങനെയൊരു അവസ്ഥ വരേണ്ടിവന്നു അവൾക്കെല്ലാം മനസ്സിലാവാൻ…അവന്റെ കണ്ണിൽ നനവു പടർന്നു..
“ശരി…രണ്ടു ദിവത്തിനകം ഡിസ്ചാർജ് ആകും..എന്റെ വിസ എന്തായാലും കഴിഞ്ഞു..ഞാൻ ഉടനെ വരാം..എനിക്കും നിങ്ങളെക്കാണാൻ കൊതിയായി തുടങ്ങി ദേവൂ..”
അതു കേട്ടതും അവൾക്ക് ആശ്വാസമായി. നിറകണ്ണുകൾ കൈകൊണ്ട് തുടച്ചുകൊണ്ട് അവൾ പറഞ്ഞു…
“വേഗം വന്നോളോട്ടാ ഏട്ടാ…ഞാൻ കാത്തിരിക്കും”…
പ്രവാസികളുടെ വിഷമങ്ങൾ അങ്ങനെയാണ് പലപ്പോഴും സത്യം തിരിച്ചറിയാൻ വൈകും…സ്വന്തം സന്തോഷങ്ങൾ ത്യജിച്ച് മറ്റുളളവരുടെ സന്തോഷത്തിനു വേണ്ടി ജീവിക്കുന്നവരാണ് എല്ലാ പ്രവാസികളും..
~പ്രവീൺ ചന്ദ്രൻ