സഹദേവന്റെ പഴയ കാമുകിയുടെ സമ്മാനം, അയാളുടെ കൈ കൊണ്ട് തന്നെ നശിപ്പിക്കപ്പെട്ടതിന്റെ സന്തോഷം…

ദേഷ്യം…

Story written by Jisha Raheesh

==========

‘പ്ടും…’

വീണ്ടും എന്തോ വീണുടയുന്ന ശബ്ദം കേട്ടതും വസുമതി കണ്ണുകൾ ഇറുകെയടച്ചു..ചുണ്ടൊന്ന് കൂർപ്പിച്ചു..

“കാ ലമാ ടൻ ഇനിയെന്താണോ ഉടച്ചത്…?”

വസുമതി ബെഡ്റൂം ആകമാനം മനസ്സിലേക്കൊന്ന് ആവാഹിച്ചു..

“ഉടയുന്നതൊന്നും ഇനിയവിടെ ബാക്കിയില്ലല്ലോ…?”

“ന്റെ ദേവി, ആ മൂലയ്ക്ക് ഇരുന്ന സ്റ്റാച്ച്യു ആണോ ഇനി അങ്ങേര് എടുത്തെറിഞ്ഞത്..?”

ആകാംക്ഷ സഹിയ്ക്കാൻ വയ്യാതെ വസുമതി വാതിൽക്കൽ വന്നു എത്തി നോക്കി..

പത്തു പതിനഞ്ചു കഷ്ണങ്ങളായി ചിതറിക്കിടക്കുന്ന പ്രതിമ കണ്ടതും ഒന്ന് ഞെട്ടിയെങ്കിലും വസുമതിയുടെ മനസ്സൊന്നു കുളിരണിഞ്ഞു..

കല്യാണത്തിന് അങ്ങേരുടെ മുൻ കാമുകി കൊടുത്തതാണ്..അത് കാമുകിയായിരുന്നുവെന്ന് വസുമതി അറിയാൻ ഇച്ചിരി വൈകിപ്പോയത് കൊണ്ടാണ് അതിന് അവിടെ സ്ഥാനം കിട്ടിയതും..

നല്ല ഭംഗിയുള്ള യുവമിഥുനങ്ങളുടെ, അത്യാവശ്യം വലിപ്പമുള്ള പ്രതിമ ആയത് കൊണ്ട്, അതവിടെ നിന്നും മാറ്റാൻ സഹദേവൻ സമ്മതിച്ചില്ല…അത് കാണുമ്പോഴൊക്കെ മനസ്സിൽ ഉണ്ടാവുന്ന കുത്തൽ വസുമതി അടക്കി നിർത്തി..

എങ്കിലും ചില സന്ദർഭങ്ങളിൽ അതെടുത്തു സഹദേവന്റെ തലമണ്ടയ്ക്ക് ഒന്ന് കൊടുക്കാനും അവൾക്ക് തോന്നാറുണ്ട്..

സുമുഖനും സുശീലനും മറ്റു ദുശീലങ്ങളൊന്നും ഇല്ലാത്തവനുമായ സഹദേവന് ഒരേയൊരു ദുർഗ്ഗുണമേയുണ്ടായിരുന്നുള്ളൂ…

വല്ലാണ്ടങ്ങ് കലി കയറിയാൽ, കണ്മുന്നിൽ കാണുന്നത് എറിഞ്ഞു പൊട്ടിക്കും..

ആദ്യമാദ്യം ഇത് കണ്ടു ഭയപ്പെട്ട വസുമതി പിന്നെയങ്ങു ബുദ്ധിമതിയായി..പൊട്ടുന്നതും തന്റേതുമായ, സാധനങ്ങളൊക്കെ സഹദേവന്റെ കണ്ണിൽ പെടുന്നയിടത്തു നിന്നും അവൾ മാറ്റി വെച്ചു..

എന്നാലും ചിലപ്പോൾ എന്തെങ്കിലുമൊക്കെ സഹദേവന്റെ കയ്യിൽ തടയും..പക്ഷെ അതങ്ങ് എറിഞ്ഞു കഴിഞ്ഞാൽ, അല്ലെങ്കിൽ പൊട്ടിച്ചു കഴിഞ്ഞാൽ സഹദേവന്റെ കലിയും തീരും….

അത് കഴിഞ്ഞാൽ, അഞ്ച് മിനിറ്റ് തികച്ചും വേണ്ട സഹദേവന്റെ കലിയടങ്ങാൻ..

ആ സമയത്ത് നിയന്ത്രിക്കാൻ ചെല്ലെ രുതെന്ന് വസുമതി പഠിച്ചതിന്റെ സ്മാരകമായി അവളുടെ നെറ്റിയിൽ ഒരു പാടുമുണ്ട്…

വാരിവലിച്ചിട്ട സാധനങ്ങളൊക്കെ എടുത്തു വെച്ചു, വലിച്ചെറിഞ്ഞ സാധനങ്ങൾ യഥാസ്ഥാനത്ത് എടുത്തു വെച്ച്, ഇനി എന്തെങ്കിലും പൊട്ടിച്ചിതറിയിട്ടുണ്ടെങ്കിൽ, ചൂലുമായി വന്നു അതൊക്കെ പെറുക്കി കൂട്ടി, തികഞ്ഞ മര്യാദരാമനായി പുറത്തേയ്ക്ക് വരുന്ന സഹദേവനെ കാണുമ്പോൾ ചിലപ്പോഴെങ്കിലും വസുമതിയ്ക്ക് ചിരിയും വരാറുണ്ട്…

പതിവ് പോലെ, പെറുക്കി കൂട്ടിയ പ്രതിമക്കഷ്ണങ്ങൾ എടുത്തു പുറത്തേയ്ക്ക് നടക്കുന്നതിനിടയിൽ സഹദേവൻ വസുമതിയെ ഒന്ന് പാളി നോക്കി…

തന്നാൽ കഴിയുന്ന രീതിയിൽ ഒക്കെ നോക്കിയിട്ടും, ബെഡ്‌റൂമിൽ നിന്നും പുറത്ത് കടത്താൻ പറ്റാത്തിരുന്ന, സഹദേവന്റെ പഴയ കാമുകിയുടെ സമ്മാനം, അയാളുടെ കൈ കൊണ്ട് തന്നെ നശിപ്പിക്കപ്പെട്ടതിന്റെ സന്തോഷം, വസുമതി പാൽപ്പായസം തന്നെ വെച്ചുണ്ടാക്കി ആഘോഷിച്ചു..

“ഹും..ഗൾഫുകാരനെ കണ്ടപ്പോൾ അങ്ങേരെ തേച്ച് പോയവളാ കല്യാണത്തിന്റന്ന് ഒരു ഒണക്കപ്രതിമയുമായി വന്നത്..അത് കണ്ടു ചിരിച്ചോണ്ട്, ഒലിപ്പിച്ചു നിന്ന്, അതും വാങ്ങി അങ്ങേര് ബെഡ്‌റൂമിൽ കൊണ്ട് വെച്ചേക്കുന്നു….”

പൊട്ടുന്നതും നുറുങ്ങുന്നതുമായതൊന്നും വീട്ടിൽ കൺവെട്ടത്ത് വെയ്ക്കാൻ കഴിഞ്ഞില്ലെങ്കിലും, സഹദേവന്റെ സ്നേഹത്തിൽ, വസുമതിയും ആകെയുള്ള ആ ദുശീലം ക്ഷമിക്കാൻ തയ്യാറായി..

സഹദേവൻ താണ്ഡവം തുടങ്ങിയാൽ, ആദ്യം തന്നെ അടുക്കളയിലേക്കുള്ള വാതിൽ വസുമതി അടച്ചിടാറാണ് പതിവ്..

ദേഷ്യവുമായി സഹദേവന് അടുക്കളയിൽ മാത്രം പ്രവേശനമില്ല..

അങ്ങനെയിരിക്കെയാണ്,ഒരു സിനിമയിൽ (മ്യാവൂ )സൗബിൻ ഷഹീറിനോട്‌, വല്ലാതെ ദേഷ്യം വരുമ്പോൾ, കുറച്ചു പ്ലേറ്റുകൾ എറിഞ്ഞു പൊട്ടിച്ചാൽ, അല്പം സമാധാനം കിട്ടുമെന്ന് യോഗഗുരു ഉപദേശിക്കുന്നതും, സൗബിൻ അത് പോലെ പ്ലേറ്റുകൾ എറിഞ്ഞുടച്ചു ദേഷ്യം തീർക്കുന്നതും സഹദേവൻ കാണുന്നത്..

സിനിമ കാണുന്നതിനിടയിൽ, അർത്ഥഗർഭമായി തന്നെ നോക്കിയ സഹദേവനോടായി, വസുമതി അമർത്തിയൊന്ന് മൂളി..

അന്നൊരു ദിവസം,.സഹദേവൻ പുറത്തേക്കിറങ്ങാൻ തുടങ്ങുമ്പോൾ വസുമതി കുളിയ്ക്കാൻ കയറിയിരുന്നു..

ബൈക്കിന്റെ താക്കോൽ സാധാരണ വെയ്ക്കുന്നിടത്ത് എവിടെയും കണ്ടില്ല..എല്ലായിടത്തും നോക്കിയെങ്കിലും താക്കോൽ കിട്ടിയില്ല..

സ്വാഭാവികമായും സഹദേവന്റെ മനസ്സിൽ കുറ്റം വസുമതിയുടേതായി..

“ഈ വീട്ടിൽ ഒരു സാധനം വെച്ചാൽ വെച്ചയിടത്ത് കാണില്ല..അവൾ എങ്ങോട്ടെങ്കിലും മാറ്റി വെച്ചിട്ടുണ്ടാവും..”

‘വസുമതി എന്തിന് വണ്ടിയുടെ താക്കോൽ എടുക്കണം ‘ എന്ന ലോജിക്കിനൊന്നും അപ്പോൾ സഹദേവന്റെ മനസ്സിൽ പ്രസക്തിയില്ല…

കുളി കഴിഞ്ഞിറങ്ങുമ്പോഴാണ് ‘ച്ലും,ച്ലും ‘ എന്നൊരു ശബ്ദം വസുമതിയുടെ ചെവികളിൽ എത്തിയത്…

“ന്റെ ദേവി..അങ്ങേര് അടുക്കളയിൽ കയറിയോ..? “

ഒറ്റക്കുതിപ്പിന് അടുക്കളവാതിൽക്കൽ എത്തിയ വസുമതി, അവിടെ കണ്ട ഹൃദയഭേദകമായ കാഴ്ചയിൽ സപ്തനാഡികളും തളർന്നു നിന്നു..

ചില്ലലമാരയിൽ നിന്നും പുറത്തെടുക്കാൻ പോലും വസുമതി മടിയ്ക്കുന്ന, ഇത് വരെ ഉപയോഗിച്ചിട്ടില്ലാത്ത ഡിന്നർ സെറ്റ്…

പൊട്ടിച്ചിതറിയത് വസുമതിയുടെ ഹൃദയമായിരുന്നു..മിക്ക വീടുകളിലെയും സമ്പാദ്യമായ, ഒരിക്കലും ഉപയോഗിക്കപ്പെടാൻ ഭാഗ്യമില്ലാതെ, ചില്ലുകൂട്ടിൽ കിടക്കുന്ന അനേകമനേകം ഡിന്നർ സെറ്റുകളുടെയും ചില്ലു പാത്രങ്ങളുടെയും കമനീയ ശേഖരം വസുമതിയ്ക്കുമുണ്ടായിരുന്നു..സഹദേവനെ പേടിച്ചു എല്ലാം അടുക്കളയിലാണ് സൂക്ഷിക്കാറുള്ളത്..

ഭദ്രകാ ളിയെ പോലെ നിൽക്കുന്ന വസുമതിയെ കണ്ടതും, സഹദേവന്റെ ദേഷ്യം അപ്പോൾ തന്നെ പെട്ടിയും കിടക്കയുമെടുത്ത് സ്കൂട്ടായി..

വസു ഭദ്രകാളിയായി ഉറഞ്ഞു തുള്ളുന്നതിനു മുൻപേ, സഹദേവൻ എല്ലാം തൂത്തു വാരിയെടുത്ത് പുറത്തു കൊണ്ട് പോയി കളഞ്ഞു..

തിരികെ അകത്തേയ്ക്ക് കയറും മുൻപേയാണ്, വെറുതെയൊന്ന് പോക്കറ്റിൽ കയ്യിട്ടത്..

അതാ, പോക്കറ്റിൽ നിന്നും വിരലിൽ തൂങ്ങി പൊങ്ങി വരുന്നു, കാണാതെ പോയ താക്കോൽ..

ഇനിയും വസുമതിയെ നേരിടാൻ ധൈര്യമില്ലാതെ, അപ്പോൾ തന്നെ ബൈക്കും സ്റ്റാർട്ട്‌ ചെയ്തു പുറത്തേയ്ക്ക് പോയി സഹദേവൻ..

വസുമതി മറ്റെന്തും സഹിയ്ക്കുമായിരുന്നു..പൊന്നു പോലെ സൂക്ഷിച്ച തന്റെ ചില്ലു പാത്രങ്ങൾ…

രാത്രിയിൽ തിരികെ എത്തിയ സഹദേവന്റെ കയ്യിലെ കവറുകളിൽ, ഐസ് ക്രീമിനും പലഹാരങ്ങൾക്കുമൊപ്പം നല്ലൊരു സാരിയും ഉണ്ടായിരുന്നു…

പക്ഷെ സഹദേവൻ പ്രതീക്ഷിച്ചത് പോലെയൊന്നും സംഭവിച്ചില്ല..വസുമതി ശാന്തയായിരുന്നു..ഒരുപക്ഷെ പതിവിലും അധികം..

ഒന്നും സംഭവിക്കാത്തത് പോലെ പെരുമാറുന്ന വസുമതിയെ കണ്ടപ്പോൾ, സമാധാനമായെങ്കിലും ചെറിയൊരു പേടിയും സഹദേവന്റെ ഉള്ളിൽ ഉണ്ടായിരുന്നു..

രാവിലെ കുളിച്ചു പ്രാതലൊക്കെ കഴിച്ചു, ജോലിയ്ക്ക് പോവാനായി വേഷം മാറാൻ, സഹദേവൻ മുറിയിലെത്തി…

“വസൂ…”

പ്രേ തത്തെ കണ്ടത് പോലുള്ള സഹദേവന്റെ വിളി കേട്ടതും,അത് പ്രതീക്ഷിച്ചത് പോലെ വസുമതി മുറിയിലെത്തി..

കീറിപ്പറിഞ്ഞ ഷർട്ടുകളും കയ്യിൽ പിടിച്ചു അന്തം വിട്ട് നിൽക്കുന്ന സഹദേവനെ വസുമതി കണ്ടു.…

എലി കരണ്ടത് പോലെ,തലങ്ങും വിലങ്ങും വെട്ടി കീറിയിരിക്കുന്നു സഹദേവന്റെ ഷർട്ടുകൾ..

സഹദേവന് ഏറ്റവും ഇഷ്ടപ്പെട്ട, ‘അതിട്ടാൽ തനിയ്ക്ക് നല്ല കോൺഫിഡൻസ് ആണെന്ന് ‘ പറയുന്ന നീല ഷർട്ട് ഉൾപ്പെടെ നല്ല ഷർട്ടുകളെല്ലാം ഉപയോഗശൂന്യമായിരുന്നു..

ഒന്നും മനസ്സിലാകാതെ, കയ്യിലെ ഷർട്ടിലേയ്ക്കും വസുമതിയേയും മാറി മാറി നോക്കുന്ന സഹദേവനെ കണ്ടു വസുമതി വിടർന്നൊന്ന് ചിരിച്ചു..

പിന്നെ ഒരു ചിരിയോടെ സഹദേവന്റെ നെഞ്ചിലേയ്ക്ക് അങ്ങ് ചേർന്ന് നിന്നു…ആകെയുണ്ടായിരുന്ന അഞ്ചാറ് രോമങ്ങളിൽ വിരലോടിച്ചു കൊണ്ട് മൊഴിഞ്ഞു..

“അതില്ലേ സഹുവേട്ടാ…ഏട്ടൻ പറയാറില്ലേ, ഏട്ടന്റെ ദേഷ്യം വെറും അഞ്ച് മിനിറ്റ് കൊണ്ട് തീരുമെന്ന്, അപ്പോൾ എന്തെങ്കിലും പൊട്ടിച്ചു കഴിഞ്ഞാൽ ഒരു സമാധാനമാണെന്ന്..ഇന്നലെയാണ് എനിക്കും അത് ശരിക്കും മനസ്സിലായത്..”

ഇവളെന്ത് തേങ്ങയാണ് ഈ പറയുന്നതെന്ന ഭാവത്തിൽ നോക്കിയ സഹദേവനെ നോക്കി വസുമതി ഒന്ന് കുണുങ്ങി..

“ഇന്നാള് ഞാനൊരു ഹിന്ദി സിനിമ കണ്ടായിരുന്നേ..അതിലൊരു പെണ്ണ് അവക്കടെ കെട്ട്യോനോട് ദേഷ്യം പിടിച്ചപ്പോൾ, അയാളുടെ ഡ്രസ്സെല്ലാമെടുത്തു പറച്ചു ചീന്തി കത്തിച്ചു കളഞ്ഞു..എന്നിട്ടവള് പറയുവാ..ഇപ്പൊ നല്ല സമാധാനം തോന്നുന്നുണ്ടെന്ന്..”

സഹദേവൻ വായും പൊളിച്ചു വസുവിനെ നോക്കി..

“അന്നേ ഞാനത് ചെയ്തു നോക്കണമെന്ന് കരുതിയതാ..ഏട്ടന് മാത്രം പോരാലോ സമാധാനം..സത്യം പറയുവാ സഹുവേട്ടാ ആ ഷർട്ട് ഒക്കെ കീറിയപ്പോ എന്തൊരു സമാധാനം..”

സഹദേവനിൽ നിന്നും ശബ്ദമൊന്നും വന്നില്ല..തലയ്ക്കടിയേറ്റത് പോലെ നിൽക്കുന്ന സഹദേവനെ നോക്കി വസുമതി മനോഹരമായി ഒന്ന് ചിരിച്ചു..

“ന്നാലും ഞാനൊരു ദുഷ്ടയൊന്നുമല്ലാട്ടോ…സഹുവേട്ടന് ഇടാൻ ഒന്ന് രണ്ടു ഷർട്ട് ഞാൻ മാറ്റിവെച്ചിട്ടുണ്ട്..”

സഹുവേട്ടന്റെ നെഞ്ചിൽ പതിയെ ഒന്ന് തള്ളിക്കൊണ്ട് വസു കൈ ചൂണ്ടിയിടത്തേയ്ക്ക് നോക്കിയ സഹു കണ്ടു..

കളർ പോയി, ഇനി ഇടാൻ കൊള്ളില്ലെന്നും പറഞ്ഞു, താൻ മാറ്റി വെച്ച പഴയ രണ്ടു ഷർട്ടുകൾ….

“സഹുവേട്ടാ..നോക്കി നിൽക്കാതെ വേഗം റെഡിയാവ്..”

അതും പറഞ്ഞു തിരിഞ്ഞു നടക്കുന്ന വസുമതിയെ ദയനീയമായി നോക്കി നിന്നു സഹു…

“ന്നാലും വസൂ..ന്റെ ആ നീല ഷർട്ട്..”

അടുക്കളയിൽ എത്തിയ വസുമതിയുടെ കണ്ണുകൾ ചില്ലലമാരയിൽ ഒഴിഞ്ഞു കിടക്കുന്നയിടത്തെത്തി..

പക…അത് വീട്ടാനുള്ളതാണ്..

“മറ്റെന്തും ഈ വസു സഹിയ്ക്കും..കയ്യിൽ പോലും എടുക്കാതെ കൊണ്ട് നടന്ന എന്റെ പാത്രങ്ങൾ.. “

പിന്നെ ദേഷ്യം അടക്കാനാവാതെ വരുമ്പോൾ, എന്തെങ്കിലും എടുത്തെറിയാനായി, കൈ തരിയ്ക്കുമ്പോഴൊക്കെ, എലി കരണ്ടത് പോലെ തലങ്ങും വിലങ്ങും വെട്ടിയിട്ട ഷർട്ടിന്റെ കഷ്ണങ്ങൾ,.സഹദേവന്റെ ഉള്ളിൽ തെളിയും..

കണ്ണൊന്നു ഇറുക്കെയടച്ചു, മുഷ്ടിയൊന്നു ചുരുട്ടി,.സഹദേവൻ ദേഷ്യം നിയന്ത്രിക്കും….

നരച്ച രണ്ടു ഷർട്ടുമിട്ട്, ദിവസങ്ങളോളം ജോലിയ്ക്ക് പോവേണ്ടി വന്ന ദിനങ്ങൾ സഹദേവന്റെ ഓർമ്മയിലുണ്ടല്ലോ….

~സൂര്യകാന്തി ? ( ജിഷ രഹീഷ് )