എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ നിന്നൂ. പിന്നെ ധൈര്യം സംഭരിച്ചു അവളെ പിടിച്ചു ഞാൻ കട്ടിലിൽ ഇരുത്തി

മനസ്സ്…

Story written by Suja Anup

=============

“മീനു, നിനക്ക് സുഖമാണോ..?”

ഒന്നും മിണ്ടാതെ അവൾ എൻ്റെ കണ്ണുകളിലേയ്ക്ക് നോക്കി. ആ നോട്ടത്തിൽ എല്ലാം ഉണ്ടായിരുന്നൂ.

പിന്നീടൊന്നും ഞാൻ ചോദിച്ചില്ല….കാരണം അവളുടെ മനസ്സ് എനിക്ക് വായിക്കുവാൻ കഴിയും. ആ മനസ്സിൽ ആലേഖനം ചെയ്തിരിക്കുന്നതെല്ലാം അവളെക്കാളും നന്നായി എനിക്കറിയാം. അത് അവൾ പറയേണ്ട….

അവളെ വിധിക്കു വിട്ടു കൊടുത്തു കൈ മലർത്തുവാൻ എനിക്കാവില്ല. കാരണം ആ വിധി അവൾക്കായി തെരഞ്ഞെടുക്കുവാൻ അവളുടെ മാതാപിതാക്കൾക്ക് കൂട്ടുനിന്നത് ഞാനാണ്.

*****************

മീനൂട്ടി, മീനാക്ഷിയെ അങ്ങനെ വിളിക്കുവാനാണ് എന്നും ഞാൻ ഇഷ്ടപെട്ടത്. സ്‌കൂൾ കാലഘട്ടത്തിൽ തുടങ്ങിയ സൗഹ്രദം കലാലയത്തിലും തുടരുവാൻ ഞങ്ങൾക്കായി.

അപ്പയ്ക്കും അമ്മയ്ക്കും അവർ രണ്ടു പെൺകുട്ടികൾ ആയിരുന്നൂ. പൊന്നുപോലെയാണ് അവർ രണ്ടുപേരെയും മാതാപിതാക്കൾ വളർത്തിക്കൊണ്ടു വന്നത്.

ദേവയാനി, അവളുടെ ഏട്ടത്തി ഒരല്പം കുറുമ്പിയാണെന്നു പലപ്പോഴും എനിക്ക് തോന്നിയിട്ടുണ്ട്. മീനാക്ഷിക്ക് അപ്പ വാങ്ങിക്കൊടുക്കുന്ന എല്ലാ വസ്ത്രങ്ങളും ആദ്യം ഇടുന്നത് അവളായിരിക്കും. മീനാക്ഷിയെ ഉപദ്രവിക്കുന്നതിൽ പലപ്പോഴും അവൾ സന്തോഷം കണ്ടെത്തിയിരുന്നൂ…

ഒറ്റപുത്രിയായി വളർന്ന ദേവയാനിക്ക് തൻ്റെ അഞ്ചാം വയസ്സിൽ തനിക്കു സമ്മാനമായി ലഭിച്ച കുഞ്ഞനിയത്തിയെ ഉൾക്കൊള്ളുവാൻ ആയില്ല. കുട്ടിക്കാലത്തെ അനിയത്തിയുടെ മുകളിലുള്ള അവളുടെ പരാക്രമങ്ങൾ ഒരു തമാശയായി മാത്രമേ വീട്ടുകാർ കണ്ടുള്ളൂ…

ദേവയാനി ദുഖിക്കുമെന്നു കരുതി മീനാക്ഷിയെക്കാൾ പ്രാധാന്യം അപ്പയും അമ്മയും ദേവയാനിക്ക് നൽകി പോന്നൂ. അപ്പോഴെല്ലാം ഉള്ളുരുകി കരയുന്ന എൻ്റെ മീനൂട്ടിയെ ആരും കണ്ടില്ല. കാലം കടന്നു പോയികൊണ്ടിരുന്നൂ…

പെട്ടെന്നൊരു ദിവസ്സം മീനാക്ഷി ക്ലാസ്സിൽ വരാതെയായി. അവൾക്കു എന്ത് പറ്റിയെന്നറിയുവാൻ എനിക്ക് ധൃതിയായി. അവളെ തേടി ഞാൻ അവളുടെ വീട്ടിൽ ചെന്നൂ.

“അവൾ അമ്മവീട്ടിലാണ് ഇനി പഠിക്കുവാൻ വരില്ല” എന്ന ദേവയാനിയുടെ വാക്കുകൾ എന്നെ തളർത്തി.

ദേവയാനി എനിക്ക് ശരിയായ വിവരങ്ങൾ ഒന്നും തരുന്നില്ല. ഞാൻ ആകെ തളർന്നൂ..

***************

അന്നൊരു ദിവസ്സം എനിക്കൊരു ഫോൺ കാൾ വന്നൂ, മീനാക്ഷിയുടെ വീട്ടിൽ നിന്നും…

“അലീന, ഇതു ഞാനാണ് ദേവയാനി. നീ എൻ്റെ ഒപ്പം നാളെ ഒരിടം വരെ വരണം. പെട്ടെന്ന് നമുക്ക് തിരിച്ചു വരാം..”

മറുത്തെന്തെങ്കിലും പറയും മുൻപേ ദേവയാനി ഫോൺ വച്ചൂ.

പിറ്റേന്ന് എവിടേയ്ക്ക് എന്നറിയാതെ അവളോടൊപ്പം യാത്ര ചെയ്യുമ്പോൾ മനസ്സ് ആകെ കലങ്ങി മറിഞ്ഞിരുന്നൂ.

കുറച്ചു നേരം കഴിഞ്ഞപ്പോൾ ദേവയാനി പറഞ്ഞു തുടങ്ങി.

“നീ, അവളുടെ അടുത്ത കൂട്ടുകാരിയാണ്. അവളെ പറഞ്ഞു നീ പിന്തിരിപ്പിക്കണം. എല്ലാം അവൾ പറയും. ഇല്ലെങ്കിൽ അവളെയും അവനെയും ഞാൻ ബാക്കി വയ്ക്കില്ല. അതിനുശേഷം ഞങ്ങൾ കൂട്ടആ ത്മഹത്യ ചെയ്യും..”

എനിക്ക് ഒന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല. ബിരുദം അവസാന വർഷമാണ്. അവൾ എന്ത് ചെയ്തു എന്നാണ് ഇവൾ പറയുന്നത്. എൻ്റെ അറിവിൽ അവൾ ഒന്നും ചെയ്തിട്ടില്ല.

പെൺകുട്ടികൾ മാത്രം പഠിക്കുന്ന കലാലയം അവിടെ എന്ത് സംഭവിക്കുവാനാണ്…?

മീനാക്ഷിയുടെ അമ്മവീട്ടിൽ എത്തിയപ്പോൾ സമയം ഉച്ചയായി. ദേവയാനി അടച്ചിട്ടിരുന്ന ഒരു മുറിയുടെ വാതിൽ തുറന്നൂ. അവിടെ ഞാൻ കണ്ടൂ എൻ്റെ മീനാക്ഷിയെ. താഴെ വെറും നിലത്തു അവൾ ഇരിക്കുന്നൂ. ദേഹം മുഴുവൻ അടി കൊണ്ട പാടുകൾ. കവിളുകൾ ഒട്ടിയിരിക്കുന്നൂ.

ഒന്നും പറയാതെ എന്നെ അവിടെ നിർത്തി വാതിൽ പൂട്ടി ദേവയാനി പോയി..

എന്ത് ചെയ്യണം എന്നറിയാതെ ഞാൻ അവിടെ നിന്നൂ. പിന്നെ ധൈര്യം സംഭരിച്ചു അവളെ പിടിച്ചു ഞാൻ കട്ടിലിൽ ഇരുത്തി. പൊട്ടിക്കരയുന്ന അവളെ ഞാൻ ആശ്വസിപ്പിച്ചൂ…

****************

പതിയെ അവൾ പറഞ്ഞു തുടങ്ങി.

“നിനക്കോർമ്മയുണ്ടോ അലീന, നമ്മൾ അവസാന വർഷ പ്രൊജക്റ്റ് ചെയ്യുവാൻ പോയത്. അവിടെ വച്ച് ആണ് ആദ്യമായി ഞാൻ അനീഷിനെ കാണുന്നത്. നീ പോലും അറിയാതെ അവനെ ഞാൻ പ്രണയിച്ചൂ…”

“അനീഷ്..അതാരാണ്..?”

“അവിടെ കെമിസ്ട്രി ലാബിലെ സാറിൻ്റെ അസിസ്റ്റന്റ് ആയിരുന്ന ആ ക്രിസ്ത്യൻ പയ്യൻ..”

“ഫിസിക്സ് ലാബിൽ ഉണ്ടായിരുന്ന ഞാൻ അവനെ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ല. എനിക്ക് അവൻ്റെ പേര് പോലും അറിയില്ല. നീ എങ്ങനെ..?”

“നീ പനി പിടിച്ചു വരാതിരുന്ന ആ ഒരാഴ്‌ച മൊത്തം ഒറ്റയ്ക്ക് കാന്റീനിൽ ഇരിക്കുമ്പോൾ അവൻ വന്നു സംസാരിക്കുമായിരുന്നൂ. അങ്ങനെ നീ അറിയാതെ ആ സൗഹൃദം വളർന്നൂ. അവൻ എനിക്ക് ഒരു ഫോൺ തന്നിരുന്നൂ. അത് വീട്ടിൽ പിടിച്ചൂ. ദേവയാനി എന്നെ തല്ലി. ഞാൻ ആരുമറിയാതെ അവൻ്റെ കൂടെ ഇറങ്ങി പോകുവാൻ നോക്കി. അതും  ദേവയാനി എന്നെ പിടിച്ചു. ഇപ്പോൾ എനിക്ക് പുറത്തിറങ്ങുവാൻ പോലും ആകുന്നില്ല..”

“എനിക്ക് അവനെ മറക്കുവാൻ കഴിയില്ല. നീ അത് മനസ്സിലാക്കണം. നീ എന്നെ സഹായിക്കണം. എന്നും വീട്ടിൽ അവൾക്കായിരുന്നൂ മുൻഗണന. അവൾക്കു തട്ടിക്കളിക്കുവാനുള്ള ഒരു കളിപ്പാട്ടം മാത്രമായിരുന്നൂ ഞാൻ. ഒരു പ്രാവശ്യം എങ്കിലും എനിക്ക് ജയിക്കണം..”

ആ നിമിഷം എൻ്റെ മനസ്സിൽ തെളിഞ്ഞത് തൂങ്ങിയാടുന്ന മൂന്ന് ശവശരീരങ്ങൾ ആണ്….

“അലീന, നീ പറയൂ. എന്നെ നീ സഹായിക്കില്ലേ. അവനെ ഞാൻ വിവാഹം കഴിക്കും. പഠനം കഴിഞ്ഞു, ചേച്ചിയുടെ വിവാഹം കഴിയുമ്പോൾ അവൻ വന്നു എന്നെ പെണ്ണ് ചോദിക്കും..”

ഞാൻ അവളെ ആശ്വസിപ്പിച്ചൂ…

അവളെ ഞാൻ നോക്കിക്കൊള്ളാം എന്ന് വാക്ക് കൊടുത്തൂ. അവളെ തുടർന്ന് പഠിപ്പിക്കാമെന്നു അവളുടെ അപ്പ സമ്മതിച്ചൂ.

പതിയെ എല്ലാവരും ആ പഴയ കഥ മറന്നു തുടങ്ങി. അവളുടെ പരീക്ഷ കഴിയുമ്പോഴേയ്ക്കും ചേച്ചിയുടെ വിവാഹം നടത്തി. അവൾക്കായി ആലോചനകൾ തുടങ്ങി. അതെല്ലാം അവൾ വേണ്ടെന്നു വച്ചൂ.

വീണ്ടുമൊരിക്കൽ കൂടി ഞാൻ അവളുടെ വീട്ടിൽ എത്തി. അവളോട് പറയുവാനുള്ള വാചകങ്ങൾ ഞാൻ മുൻപേ കരുതി വച്ചിരുന്നൂ. അവളുടെ അപ്പ വീട്ടിൽ വന്നിരുന്നൂ. എൻ്റെ അമ്മയുടെ കാലു പിടിച്ചപേക്ഷിച്ചൂ, അവളെ തിരുത്തുവാൻ അലീനയ്ക്കു മാത്രമേ കഴിയൂ…

അനീഷിനോട് ഞാൻ സംസാരിച്ചിരുന്നൂ. അവനും അവളെ മറക്കുവാൻ പ്രയാസമാണ്. എല്ലാം എനിക്കറിയാം. പക്ഷേ..അലീനയുടെ അച്ഛന് ഞാൻ വാക്ക് കൊടുത്തിരുന്നൂ…

മിശ്രവിവാഹം മൂലമുള്ള പ്രശ്നങ്ങൾ അവളെ പറഞ്ഞു മനസ്സിലാക്കുമ്പോഴും മനസ്സിൽ ഒരു ചോദ്യം മാത്രം ബാക്കിയായി..

ഇത് അവരുടെ ജീവിതമല്ലേ. സ്നേഹിക്കുന്ന മനസ്സുകളെ വേർപിരിക്കുന്നത് തെറ്റല്ലേ. പണമോ പ്രതാപമോ ആണോ മനുഷ്യനെ നയിക്കേണ്ടത്. സ്നേഹം ഉള്ളിടത്തു എല്ലാമുണ്ട്, അവിടെ വിജയമുണ്ട്. ഭൂമിയിൽ ആകെയുള്ള ഒരു ജന്മം ആ ജന്മത്തിൽ തൻ്റെ ഇണയെ തെരഞ്ഞെടുക്കുവാനുള്ള അവകാശം മൃഗങ്ങൾക്കു പോലുമുണ്ട്, എന്തേ മനുഷ്യന് മാത്രം അവിടെയും വേലിക്കെട്ടുകൾ…

അവളോട്‌ പറയുവാൻ കരുതി വച്ചിരുന്ന വാക്കുകൾ മനസ്സിൽ നിന്നും പുറത്തേയ്ക്കു വന്നില്ല.

അവളുടെ കണ്ണുകളിൽ നോക്കാതെ ഞാൻ പറഞ്ഞു

“ഇനി ഒരിക്കലും ഞാൻ നിന്നെ കാണുവാൻ വരില്ല. നീ അവനെ മറക്കണം. ജന്മം തന്ന മാതാപിതാക്കളെ വെറുപ്പിച്ചു, അവരെ കുരുതികൊടുത്തു നിനക്കൊരു ജീവിതം വേണ്ട. നീ വീട് വിട്ടിറങ്ങുന്ന നിമിഷം നിൻ്റെ മാതാപിതാക്കൾ ആ ത്മഹത്യ ചെയ്യും. അത് ഒരു തീരാശാപമായി നിൻ്റെ മേൽ പതിയും.”

“അടുത്ത മാസം എൻ്റെ വിവാഹമാണ്. നീ വരണം. അത് കഴിഞ്ഞാൽ പിന്നെ കാണുവാൻ സാധിച്ചൂ എന്ന് വരില്ല. ഞാൻ കാനഡയ്ക്ക് പോകും. ഇടയ്ക്കു ഞാൻ വിളിക്കാം..”

***************

പിന്നീടെപ്പോഴോ ഞാൻ തിരക്കിലായി. വിവാഹം, കുട്ടികൾ അതിനിടയിൽ മനഃപൂർവം ഞാൻ നാട് മറന്നൂ, ഒപ്പം അവിടെയുള്ള സൗഹൃദങ്ങളും…

നാട്ടിൽ നിന്ന് ഒരിക്കൽ വിളിച്ചപ്പോൾ അമ്മയാണ് പറഞ്ഞത്

“മീനൂട്ടിയുടെ വിവാഹം കഴിഞ്ഞു. നിനക്കുള്ള കുറി അവളുടെ അപ്പ വീട്ടിൽ തന്നിട്ടുണ്ടായിരുന്നൂ..”

അവളെ വിളിക്കുവാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടിയില്ല. പിന്നെയും ഒരു വർഷം കഴിഞ്ഞാണ് ഞാൻ നാട്ടിൽ വന്നത്. അങ്ങനെയാണ് അവളെ തേടി ഞാൻ ആ വീട്ടിൽ എത്തിയത്..

എനിക്ക് വിശ്വസിക്കുവാൻ കഴിഞ്ഞില്ല. മീനൂട്ടിക്ക് വേണ്ടി ഞാൻ കണ്ട സ്വപ്നങ്ങൾ ഇതായിരുന്നോ. ഒരു വീട്ടിലെ അടുക്കളക്കാരിയായി കഴിയുവാനാണോ ഞാൻ അവളുടെ പ്രണയം എതിർത്തത്. ഈ മലമൂട്ടിൽ എന്താണ് അവൾ ചെയ്യുന്നത്..?”

ആദ്യത്തെ അമ്പരപ്പൊക്കെ മാറിയപ്പോൾ അവൾ പറഞ്ഞു തുടങ്ങി..

“നിനക്കറിയോ ഞാൻ നീ പറഞ്ഞത് പോലെ അവനെ മറക്കുവാൻ തീരുമാനിച്ചൂ. അവനെ വിളിച്ചു കാര്യങ്ങൾ പറഞ്ഞു. മറ്റൊരു വിവാഹം കഴിക്കുവാൻ നിർബന്ധിച്ചൂ. എൻ്റെ വിവാഹം ഉറപ്പിച്ചെന്നു കള്ളം പറഞ്ഞു. അന്ന് രാത്രി അനീഷ് ആ ത്മഹത്യ ചെയ്തു. എന്നെ തനിച്ചാക്കി അവൻ പോയി. ഞാൻ തേച്ചിട്ടു പോയത്രേ.”

“അവനോടു നുണ പറഞ്ഞിട്ടും, ഞാൻ വീട്ടിൽ ഒന്നേ ആവശ്യപ്പെട്ടുള്ളൂ, എൻ്റെ അനീഷിനെ എനിക്ക് വേണം എന്ന്. അത് അവർ സമ്മതിച്ചില്ല. ഒറ്റയ്ക്ക് പൊരുതുവാൻ ഞാൻ ശ്രമിച്ചൂ. അതിനുള്ള ത്രാണി എനിക്കില്ല.”

“പക്ഷേ, ഒന്നിനും കാത്തുനിൽക്കാതെ അവൻ പോയി. അവൻ്റെ ശരീരം അവസാനമായി ഞാൻ കണ്ടില്ല. അവൻ്റെ ഓർമ്മകൾ മതി എനിക്ക് ജീവിക്കുവാൻ…”

“എൻ്റെ മാതാപിതാക്കളെ കൂടി എനിക്ക് നഷ്ടപ്പെടുമെന്ന് തോന്നിയപ്പോൾ ഞാൻ വിവാഹത്തിന് സമ്മതിച്ചൂ. പിന്നെ ഞാൻ ഒന്നേ പറഞ്ഞുള്ളൂ. എങ്കിൽ എനിക്ക് എന്തെങ്കിലും കുറവുകൾ ഉള്ള ഒരാൾ മതി. അയാളെ നോക്കി ഞാൻ അവിടെ കഴിഞ്ഞു കൊള്ളാം. ഞാൻ തന്നെയാണ് മാട്രിമോണി സൈറ്റിൽ നിന്നും ഈ ആലോചന കണ്ടെത്തിയത്.”

“വീട്ടുകാർ ആദ്യം എതിർത്തെങ്കിലും പിന്നെ സമ്മതിച്ചൂ…വർത്തമാനം പറഞ്ഞു സമയം പോയി..”

“നീ എൻ്റെ ഭർത്താവിനെ കണ്ടില്ലല്ലോ. ഇവിടെ അടുത്തൊരു സ്‌കൂളിൽ അദ്ധ്യാപകൻ ആണ്…”

അവൾ അകത്തേയ്ക്കു എന്നെ കൂട്ടികൊണ്ടു പോയി..

അവിടെ ഞാൻ കണ്ടൂ..

എൻ്റെ മീനൂട്ടിയെ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത അവളുടെ ഭർത്താവ്. അയാൾക്ക്‌ ആരെയും കാണുവാൻ കഴിയില്ല. അന്ധൻമ്മാരുടെ വിദ്യാലയത്തിൽ പഠിപ്പിക്കുന്നൂ. അയാളുടെ ജീവിതത്തിൽ വെളിച്ചം പകരുവാൻ അവൾ കടന്നു വന്നൂ, സ്വന്തം ജീവിതത്തിലെ വെളിച്ചം വേണ്ടെന്നു വച്ച്…”

എൻ്റെ കണ്ണുകൾ നിറഞ്ഞു..

“എൻ്റെ ഈ കണ്ണുകളിൽ ഇന്നും അനീഷിനോടുള്ള പ്രണയമുണ്ട്. അത് അദ്ദേഹം ഒരിക്കലും കാണില്ല. ഈ ലോകം എന്നോട് ചെയ്ത ക്രൂരത അദ്ദേഹത്തിന് മനസ്സിലാവില്ല. എനിക്ക് ഇവിടെ സുഖമാണ്. അനീഷിൻ്റെ ലോകത്തിൽ എനിക്ക് പോകാനാവില്ല. അവനില്ലാത്ത ലോകത്തിൽ എനിക്ക് സ്വപ്നങ്ങൾ വേണ്ട, സുഖവും വേണ്ട. അവനോടു ഞാൻ ചെയ്ത തെറ്റിനുള്ള പരിഹാരമാണ് ഇനിയുള്ള എൻ്റെ ജീവിതം. ഇദ്ദേഹത്തെ ശുശ്രൂഷിച്ചു ഞാൻ കാലം കഴിക്കും.”

അവിടെ നിന്ന് ഇറങ്ങുമ്പോൾ മനസ്സിൽ കുറ്റബോധം നീറി. ഞാൻ ചെയ്തത് തെറ്റാണോ ശരിയാണോ..ഇന്നും എനിക്ക് അതിനുള്ള ഉത്തരമില്ല…

പക്ഷേ..സ്നേഹിച്ച രണ്ടു മനസ്സുകൾ രണ്ടു ലോകത്തിലിരുന്നു കണ്ണുനീർ പൊഴിക്കുന്നുണ്ട്. ഒരിക്കലും ചേരാനാകാതെ അകന്നു പോയ രണ്ടു മനസ്സുകൾ, അവരുടെ ദുഃഖം അത് ആർക്കു മനസ്സിലാകും. പണത്തിനും പ്രതാപത്തിനും ജാതിക്കും മതത്തിനുമിടയിൽ കുരുങ്ങി വേർപെട്ടുപോയ മനസ്സുകൾ. ഈ ലോകത്തിൽ അവർക്കും അവരുടെ സത്യസന്ധമായ പ്രണയത്തിനും സ്ഥാനമില്ല….

………….സുജ അനൂപ് (21.02.2020)