ഭാര്യയാണെന്റെ മാലാഖ…
Story written by Shaan Kabeer
============
“സോറി, ഞങ്ങൾ മാക്സിമം നോക്കി പക്ഷേ കുട്ടിയെ രക്ഷിക്കാനായില്ല, അമ്മ സേഫാണ്”
പന്ത്രണ്ട് വർഷത്തെ കാത്തിരിപ്പിനോടുവിലാണ് മീനാക്ഷി ഗർഭിണിയാവുന്നത്. അതുവരെ മ ച്ചിയെന്നും, അമ്മയാവാൻ ഭാഗ്യം ഇല്ലാത്തവളെന്നും, ശാപം കിട്ടിയ സ്ത്രീയെന്നുമൊക്കെ പ്രത്യക്ഷമായും പരോക്ഷമായും കുറേ കുത്തുവാക്കുകളും പരിഹാസങ്ങളും മീനുട്ടി കേട്ടിട്ടുണ്ട്.
താൻ ഗർഭിണിയാണ് എന്നറിഞ്ഞ നിമിഷം അവൾ ആദ്യം പോയത് കണ്ണാടിക്ക് മുന്നിലേക്കായിരുന്നു, കണ്ണാടിയുടെ മുന്നിൽ നിന്നവൾ പൊട്ടിക്കരഞ്ഞ് സ്വയം ഉച്ചത്തിൽ പറഞ്ഞു
“ഞാൻ ശാപം കിട്ടിയ പെണ്ണല്ല, എനിക്കും അമ്മയാവാൻ പറ്റും…എനിക്കും കുഞ്ഞിനെ മു ലയൂട്ടാൻ സാധിക്കും”
പക്ഷേ എട്ടാം മാസത്തിൽ വേദന വന്ന് ഹോസ്പിറ്റലിൽ കൊണ്ടുപോയപ്പോൾ അവളുടെ പ്രതീക്ഷകൾ അസ്തമിച്ചു. തന്റെ വയറ്റിൽ വളർന്ന് ചോരകട്ടയായി പുറത്തേക്ക് വന്ന കുഞ്ഞിനെ അവസാനമായി കണ്ടപ്പോൾ മീനുട്ടിയുടെ കണ്ണിൽ നിന്നും ഒരിറ്റ് കണ്ണീർതുള്ളി പോലും വന്നില്ല, ഇനി കരയാൻ അവളിൽ കണ്ണുനീരില്ലായിരുന്നു.
അവളെ വീണ്ടും പഴയ മീനൂട്ടിയായി ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാൻ രാജീവ് ഒരുപാട് ശ്രമിച്ചു. മീനൂട്ടിയെ ജീവനായിരുന്നു അവന്. വീട്ടുകാർ പലതവണ പറഞ്ഞിട്ടും മീനൂട്ടിയെ ഒഴിവാക്കാതെ കൂടുതൽ കൂടുതൽ പ്രണയിച്ച് സ്നേഹിച്ച് കെയർ ചെയ്ത് അവൻ പ്രണയം കൊണ്ട് പൂന്തോട്ടം നിർമിച്ചു, മനോഹരമായ പ്രണയം നിറഞ്ഞൊഴുകുന്ന റോസാപൂവിൻ പൂന്തോട്ടം.
ഒരിക്കൽ രാജീവിനെ നോക്കി മീനൂട്ടി അപേക്ഷിച്ചു
“ന്തിനാ ന്റെ രാജീവേട്ടാ എന്നെയിങ്ങനെ സ്നേഹിക്കുന്നെ. ഞാൻ ഈ സ്നേഹം അർഹിക്കുന്നുണ്ടോ”
രാജീവ് അവളെ നോക്കി എന്നിട്ട് കയ്യിൽ പിടിച്ച് തന്നിലേക്ക് അടുപ്പിച്ചു
“തന്റെ കുഞ്ഞിന് ജന്മം നൽകുന്ന പെണ്ണിനെ മാത്രമേ ഒരു പുരുഷൻ സ്നേഹിക്കാൻ പാടൊള്ളൂ എന്ന് നിയമമുണ്ടോ…? അതെന്താ അമ്മയാവാൻ പറ്റാത്ത സ്ത്രീകളൊന്നും പെണ്ണല്ലേ…?”
ഒന്ന് നിറുത്തിയിട്ട് രാജീവ് അവളുടെ ചെവിയിലേക്ക് പറ്റിപിടിച്ചിരിക്കുന്ന മുടി മെല്ലെ മാറ്റിയിട്ട് മീനൂട്ടിയുടെ പിൻകഴുത്തിൽ മെല്ലെ ചുംബിച്ചു
“എനിക്ക് നിന്നോട് മുടിഞ്ഞ പ്രണയമാണ് മീനൂട്ടി, അടങ്ങാത്ത പ്രണയം. എനിക്ക് നീയും നിനക്ക് ഞാനും കുട്ടികളാണ്, നമുക്കിങ്ങനെ ചെറിയ ചെറിയ പിണക്കങ്ങളും, പ്രണയങ്ങളുമായി കിളവനും കിളവിയുമായി ജീവിച്ച് വടിയൊക്കെ കുത്തി നടന്ന്, ഒടുവിൽ ഒന്നിച്ച് മരിക്കാന്നെ”
മീനാക്ഷിയെ ശക്തമായി രാജീവ് തന്നിലേക്ക് അടുപ്പിച്ചു, അവൾ മെല്ലെ കുതറിമാറി രാജീവിനെ നോക്കി
“അതല്ല ഏട്ടാ, വീട്ടുകാർ പറയുന്നപോലെ അമ്മയാവാൻ ഭാഗ്യമില്ലാത്ത എന്നെ ഒഴിവാക്കിയിട്ട്…വേറെ…ഒരു…പെണ്ണിനെ…”
അവളുടെ വാക്കുകൾ മുറിഞ്ഞു. രാജീവ് അവളുടെ കണ്ണിലേക്ക് നോക്കി, മീനൂട്ടിയുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു…
“ടീ, ന്നാ ഞാൻ വേറെ കല്യാണം കഴിക്കട്ടെ, നല്ല സുന്ദരിയായ ഒരു പെണ്ണിനെ…ഹോ!!!ആലോചിക്കുമ്പോൾ തന്നെ എന്തോ പോലെ, എനിക്ക് ഇപ്പൊ തന്നെ കെട്ടാൻ തോന്നാ”
മീനൂട്ടി രാജീവിനെ നോക്കി
“വേണ്ടാ, കെട്ടേണ്ട”
രാജീവ് പൊട്ടിച്ചിരിച്ച് അവളെ പൊക്കിയെടുത്ത് കാറിൽ കയറ്റി. പോകുന്ന വഴി ഹോട്ടലിൽ നിന്നും കുറച്ച് പാർസൽ വാങ്ങി മീനൂട്ടിയുടെ കയ്യിൽ കൊടുത്തു
“ഇതാർക്കാ ഏട്ടാ”
“അതൊക്കെ പറയാം”
കാർ കുറച്ച് ദൂരംകൂടെ മുന്നോട്ട് പോയി. പെട്ടന്ന് റോഡിന്റെ ഒരു ഭാഗത്ത് കാർ നിറുത്തിയിട്ട് രാജീവ് മീനൂട്ടിയോട് ഒരു പാർസൽ പൊതി എടുക്കാൻ ആവശ്യപ്പെട്ടു. അവള്‍ അതനുസരിച്ചു. തൊട്ടടുത്തുള്ള മാലിന്യകൂമ്പാരത്തിൽ നിന്നും പഴകി ചീഞ്ഞ് നാറുന്ന ഭക്ഷണാവശിഷ്ടങ്ങൾ ആർത്തിയോടെ കഴിക്കുന്ന ഒരു കുട്ടിയെ ചൂണ്ടിക്കാണിച്ചു കൊണ്ട് രാജീവ് മീനൂട്ടിയെ നോക്കി
“മീനൂട്ടി, ഈ ആഹാരം ആ കുട്ടിക്ക് കൊണ്ട് കൊടുക്കൂ”
ആഹാരത്തിന്റെ പൊതി കുട്ടിക്ക് കൊടുത്തപ്പോൾ ആ കുട്ടിയുടെ മുഖത്ത് കണ്ട സന്തോഷം, തിളക്കം മീനൂട്ടിക്ക് ഒരു പ്രത്യേകതരം അനുഭവം സമ്മാനിച്ചു. ആഹാരത്തിന്റെ പൊതിയും കൊണ്ട് പുഞ്ചിരിച്ച മുഖത്തോടെ തന്റെ കുഞ്ഞനിയത്തിയുടെ അടുത്തേക്ക് ആ കുട്ടി ഓടിപോവുന്നത് മീനൂട്ടി നോക്കി നിന്നു.
രാജീവ് ശേഷിക്കുന്ന ആഹാര പൊതികളും മീനൂട്ടിയുടെ കയ്യില്‍ കൊടുത്തു. അവൾ അത് റോഡിലൂടെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന, ഭിക്ഷയെടുക്കുന്ന കുട്ടികൾക്ക് നൽകി. ആ കുട്ടികളുടെയെല്ലാം മുഖത്ത് കണ്ട സന്തോഷം ജീവിതത്തില്‍ താന്‍ ഇതുവരെ അനുഭവിക്കാത്ത, എന്ത് പേരിട്ട് വിളിക്കണം എന്നറിയാത്ത ഒരു വികാരം അവളിലൂടെ കടന്നുപോയി.
വീണ്ടും രാജീവും മീനൂട്ടിയും കാറില്‍ കയറി. കാർ സ്റ്റാര്‍ട്ട് ചെയ്ത് രാജീവ് മീനൂട്ടിയെ നോക്കി
“ഇനിമുതൽ ഇവരാണ് നമ്മുടെ മക്കൾ, ആഴ്ചയില്‍ ഒരിക്കല്‍ നമ്മള്‍ വരും ആഹാരങ്ങളും വസ്ത്രങ്ങളുമായി നമ്മുടെ മക്കളെ കാണാന്‍”
രാജീവ് മീനൂട്ടിയുടെ കയ്യില്‍ മുറുക്കി പിടിച്ചു
“മക്കളുണ്ടാകില്ല എന്ന പേരും പറഞ്ഞ് നിന്നെ ഉപേക്ഷിച്ചു പോവാന്‍ എനിക്ക് ഒരിക്കലും സാധിക്കില്ല. നീയില്ലാതെ എന്റെ തലമുറക്ക് ഒരിക്കലും പൂര്‍ണത കൈവരികയും ഇല്ല. നിന്നിലൂടെ ഞാന്‍ കാണുന്നതെല്ലാം എന്റെ തലമുറകളാണ്. കാരണം നിന്നെ എനിക്ക് അത്രക്ക് ഇഷ്ടാണ്”
~ഷാൻ കബീർ