അഴിച്ചിട്ട നീണ്ടു ചുരുണ്ട മുടിയിഴകൾ അവളെ ഒന്നു കൂടി സുന്ദരിയാക്കിയിട്ടുണ്ട്…പക്ഷേ ഞാനെന്ന കാമുകന്…

എന്റെ…എന്റേത് മാത്രേം…

Story written by Lis Lona

=============

പോക്കറ്റിലെ വൈബ്രേറ്റ് മോഡിൽ കിടക്കുന്ന ഫോൺ കുറെ നേരമായി നിർത്താതെ ശല്യം ചെയ്യുന്നു…ഹോ ഇവളെ കൊണ്ട് ഞാൻ തോറ്റു , ഇതടക്കം പത്തു തവണയായി ശ്രീദേവിയുടെ ഫോൺ.

ഒടുവിൽ കൂടെയുള്ളവരോട് ക്ഷമ പറഞ് ഫോണെടുത്തു പുറത്തേക്ക് നടന്നു…മീറ്റിങ് തീരും മുൻപേ…

“ന്റെ മണിക്കുട്ടി…നിന്നോട് പറഞ്ഞില്ലേ അങ്ങട് വിളിക്കും ന്ന്…രണ്ടു തവണ പറഞ്ഞാൽ മനസ്സിലാവില്ലേ നിനക്ക്”

പരാമാവധി പഞ്ചാര കലക്കി പറഞ്ഞില്ലെങ്കിൽ പിന്നെ ഇതുമതി പിണങ്ങാൻ…മൂക്കത്താണ് ശുണ്ഠി. കുടുംബക്കാർക്കും നാട്ടുകാർക്കും  മുഴുവൻ അറിയാം ജിതേഷിന്റെ പെണ്ണാണ് മണിക്കുട്ടിയെന്ന്…അഞ്ചു കൊല്ലമായുള്ള പ്രണയം…

കല്യാണത്തിനു മാസമൊന്നു തികച്ചില്ല  അതിന്റെ തിരക്കുകൾക്കിടയിൽ പലപ്പോഴായി പലതും മറന്നു പോകുന്നു..എന്നാലും ഫോൺ എടുക്കാനൊന്ന്  വൈകിയാൽ ആദ്യം ചോദിക്ക്യാ എന്നെ ഇഷ്ടമില്ലാലെ എന്നാണ്…

“ജിത്തേട്ടൻ മറന്നു ലെ എന്നോട് ഈ പാർക്കിൽ വന്നിരിക്കാൻ പറഞ്ഞത്…ഒരു മണിക്കൂറാവാൻ പോവാ ഞാനിവിടെ എത്തിയിട്ട് ..”

ഭഗവാനേ!!! ചതിച്ചു ….വാക്കുകൾ കിട്ടാതെ ഞാൻ തപ്പിത്തടഞ്ഞു നിന്നു…നേരിടാൻ പോകുന്ന പരാതിപെട്ടിയുടെ വലിപ്പം തലയിൽ ക ത്തി…

പെട്ടെന്ന് എത്തിപ്പെട്ട ഒരു കസ്റ്റമറെ  ഒഴിവാക്കാൻ കഴിഞ്ഞില്ല , അതിനിടയിൽ ഇവളോട് പാർക്കിൽ കാത്തിരിക്കാൻ പറഞ്ഞത് വിട്ടുപോയി. ഇനി ഉരുണ്ടുകളി തന്നെ രക്ഷ…

“ഞാൻ വരുന്ന വഴിയാണ്. ഒരഞ്ചു മിനിറ്റ്‌ ഇപ്പൊ എത്തും, ബൈക്കിൽ ഫോൺ എടുക്കാൻ പറ്റണ്ടേ ന്റെ മോളേ “

എങ്ങനെയൊക്കെയോ കസ്റ്റമറെ ഒഴിവാക്കി ഞാൻ നൂറിൽ പറന്നു..പാർക്കിലേക്ക് ഓടിക്കയറുമ്പോൾ ദൂരെ നിന്നേ കാണാം മൊബൈലിൽ തെരുപ്പിടിച്ചു  വയലറ്റുപൂക്കൾ നിറഞ്ഞ മന്ദാരമരത്തിനു കീഴെ അപ്പോൾ പൊഴിഞ്ഞൊരു  മന്ദാരപ്പൂ പോലെ അവളിരിക്കുന്നത്…

ഇഷ്ടം കൊണ്ടാണ് ശുണ്ഠിയെന്നറിയാം അതിനു പലപ്പോഴും കാരണം എന്റെ  ഒടുക്കത്തെ മറവിയും…എത്രെയൊക്കെ ദേക്ഷ്യം കാണിച്ചാലും പ്രാണനാണിവൾ..

ഈ സുന്ദരിപെണ്ണില്ലാതെ ഒരു നിമിഷം ജീവിക്കാനാവില്ല…എന്റടുത്തു  മാത്രേ ഈ കുറുമ്പുള്ളു, മറ്റുള്ളവരുടെ മുൻപിൽ എത്രെ പക്വതയോടെയാണ്  അവൾ പെരുമാറുന്നതെന്ന് എനിക്കത്ഭുതം തോന്നിയിട്ടുണ്ട്…

“വന്നോ!!! നല്ലയാളാ എന്തോരം നേരായി ഞാനിവിടെ ഇരിക്കണു…ന്റെ വേരിറങ്ങിയിട്ടുണ്ടാവും….വായിച്ച ബുക്കന്നെ വീണ്ടും വീണ്ടും വായിച്ചിട്ട് “

ഹാവു സമാധാനമായി അരിശത്തിലല്ല പരിഭവമേ ആയുള്ളൂ..ഞാനൊന്നു ചിരിച്ചു ആശ്വാസത്തോടെ

“എന്തേ കാണണം ന്നു പറഞ്ഞത് ശ്രീക്കുട്ടൻ അറിഞ്ഞാ വഴക്ക് പറയും ഇനി സ്വർണ്ണമെടുക്കാൻ  പോകുമ്പോൾ കണ്ടാ മതീന്നാ അവന്റെ ഓർഡർ “

കണ്ടിട്ട് ഒരു പത്തുദിവസമെങ്കിലും ആയിട്ടുണ്ട് , ഫോൺ വിളി എപ്പോഴുമുണ്ടെങ്കിലും കാണാതിരിക്കാൻ പറ്റുന്നില്ല…അതിപ്പോ പറഞ്ഞാ അവളെന്നെ കളിയാക്കും….ജാഡക്കാരി !!

ഞാനൊരു  മാത്ര നിശബ്ദനായി. പലപ്പോഴും തോന്നിയിട്ടുണ്ട് എനിക്കാണോ പൈങ്കിളി പ്രേമമെന്ന് .

മണിക്കുട്ടിയെ കാണുന്നതിനും മുൻപും എത്രെയോ തവണ ഇവിടെ വന്നിരിക്കുന്നു…അന്നും ഈ വസന്തവും നിറയെ പൂത്ത വാകയും മന്ദാരപൂക്കളുമുണ്ടായിരുന്നു….അന്നൊന്നും ചിത്രശലഭങ്ങൾ ഇത്രേ ഭംഗിയിൽ  പറന്നിട്ടില്ല…പക്ഷേ ഇപ്പോൾ , ഈ പെണ്ണ് കൂടെയുള്ളപ്പോൾ  കാണുന്നതെന്തിനും ഒരു വല്ലാത്ത വശ്യതയാണ് .

“കാര്യായിട്ട് ഒന്നൂല്ല്യാ…ന്നാലും ഒരു കുഞ്ഞു കാര്യം…വാ നമുക്ക് നടക്കാം “

പതിയെ നടക്കുന്നതിനിടയിൽ എന്റെ നോട്ടം അവളിലെത്തി , ഒരു കുഞ്ഞുപൊട്ടും ചന്ദനക്കുറിയുമല്ലാതെ ഒരലങ്കാരവും ആ മുഖത്തില്ല എങ്കിലും എന്തൊരു ഐശ്വര്യമാണെന്റെ പെണ്ണിന്…

“മുടി ഒന്നൊതുക്കി കെട്ടി വച്ചൂടെ നിനക്ക് , കോളേജിൽ വരുമ്പോഴെങ്കിലും….തെയ്യത്തിന് അഴിച്ചിട്ട പോലെ”

അഴിച്ചിട്ട നീണ്ടു ചുരുണ്ട മുടിയിഴകൾ അവളെ ഒന്നു കൂടി സുന്ദരിയാക്കിയിട്ടുണ്ട്…പക്ഷേ ഞാനെന്ന കാമുകന് ഇവൾ എന്റേത് മാത്രമെന്ന അസൂയയാണ്. അവളുടെ മൂക്കിൻത്തുമ്പിലേക്ക് അരിശം കുങ്കുമരാശിയോടെ ഇരച്ചു കയറുന്നത് കാണാൻ വേണ്ടിയാണത് പറഞ്ഞത്..പക്ഷേ ഇന്ന് കക്ഷി വേറെന്തോ ചിന്തയിലാണ്…  

“രാവിലെ ഉണങ്ങിയില്ലാരുന്നു മുടി അതാ അങ്ങനെയിട്ടേ”

അലസമായി അവളുത്തരം തന്നപ്പോൾ ഞാനുമൊന്നും  മിണ്ടിയില്ല

ദേവസ്വം വക കോളേജായതുകൊണ്ട്  കഴിയുന്ന ദിവസത്തിലെല്ലാം ആള് അമ്പലത്തിൽ കയറി തൊഴുതിട്ടേ ക്‌ളാസിൽ കയറുള്ളൂ..

“അതേ ഞാൻ പോയിവന്നിട്ട്  തുണിയും സ്വർണവും എടുക്കാം കേട്ടോ…ഞാൻ നിന്റെ അച്ഛനോട് വിളിച്ചു പറഞ്ഞിട്ടുണ്ട് , നിന്നോട് നേരിട്ട് പറയാം ന്നു കരുതി  അതാ വരാൻ പറഞ്ഞേ….ഇനി ന്റെ കുട്ടി  സ്റ്റാൻഡ് വിട്ടോ”

അവൾക്കറിയാമായിരുന്നു  എനിക്കൊരു മൂന്നു ദിവസത്തെ ട്രെയ്നിങ് ഉണ്ട് ചെന്നൈയിൽ…

അൽപനേരം കൂടി അവളോടൊത്തിരുന്ന നിമിഷങ്ങൾ നേരം പോയതറിഞ്ഞില്ല…

തലയൊന്നാട്ടി കണ്ണുകളിൽ സ്നേഹം നിറച്ചവൾ യാത്ര പറയുമ്പോൾ കണ്ടു കയ്യിൽ പിടിച്ചിരിക്കുന്ന കല്യാണക്കുറി…ജിതേഷ് വെഡ്സ് ശ്രീദേവി…

അവളെ പറഞ്ഞു വിട്ട് ഞാനും മടങ്ങി , കടന്നുവരാൻ പോകുന്ന മണിക്കൂറുകളിൽ  രണ്ടാളുടെയും ജീവിതം  തന്നെ മാറ്റി മറിക്കാനുള്ള  വഴിത്തിരിവുമായി വിധി കാത്തിരിക്കുന്നതറിയാതെ…

പിറ്റേന്ന് കോളേജിൽ പോയ അവളെ  ഓഫിസിൽ നിന്നും ഓടിയിറങ്ങി കാണാൻ പോയത് നെഞ്ചിടിപ്പോടെയാണ്…ചെവിയിലപ്പോഴും ശ്രീക്കുട്ടന്റെ നിലവിളി മുഴങ്ങുന്നുണ്ടായിരുന്നു. പറഞ്ഞു മുഴുവനാക്കാതെ കരഞ്ഞു കൊണ്ടാണ് അവൻ ഫോൺ കട്ടാക്കിയത്…

മണിക്കുട്ടിയുടെ കൂട്ടുകാരിക്കായി അവളുടെ നിരാശാകാമുകൻ ഒരുക്കിയെറിഞ്ഞ ആസിഡ് ബൾബ് ലക്‌ഷ്യം തെറ്റി മണിക്കുട്ടിയുടെ മുഖത്തും തലയിലുമായാണ്  വന്നു വീണത്….

മാസങ്ങളോളം പിന്നെ ഹോസ്പിറ്റലും മരുന്നുകളും… 

പകലുകളിൽ തുണക്കു ചെന്നിരിക്കുമ്പോളും മിണ്ടാനും പറയാനും ഒന്നും തന്നെയില്ലാതെ  ഞാൻ അവൾക്കു കൂടെയിരിക്കും…മൗനത്തേക്കാൾ മനോഹരമായൊരു ഭാഷയില്ലല്ലോ  പ്രണയം കൈമാറാനായി..

ബാൻഡേജ് അഴിച്ചു കളഞ്ഞ ദിവസം….എന്റെയമ്മയും അച്ഛനും അവളെ കാണാൻ വരേണ്ടിയിരുന്നില്ലെന്നു തോന്നിപോയ നിമിഷങ്ങൾ…

ആ മുഖം കണ്ടതും ഓക്കാനത്തോടെ ബാത്റൂമിലേക്ക് അമ്മയോടിപ്പോയതും അവളെന്നെ നോക്കി. കണ്ണാടിക്ക് വേണ്ടിയുള്ള അവളുടെ വാശിയിൽ തോറ്റു കൊടുക്കാനെ തരമുണ്ടായിരുന്നുള്ളു…

അതിലേക്കുറ്റു നോക്കിയ ആ കണ്ണുകളിലുണ്ടായിരുന്നു…കരിഞ്ഞു തുടങ്ങിയ മുഖത്തെ മുറിവിനേക്കാൾ ഭയാനകമാണ്  അവളുടെ മനസിനേറ്റ മുറിവെന്ന്.

ഒരിറ്റു കണ്ണീരു പോലും പൊഴിയാത്ത അവളുടെ ഇരിപ്പ് ഞാൻ പേടിയോടെയാണ് നോക്കിയത്…അവളുടെ അമ്മയും വേവലാതിയോടെ എന്നെ നോക്കുന്നുണ്ടായിരുന്നു…

അന്നെന്റെ മുഖത്തു  പോലും നോക്കാതെയാണവൾ പറഞ്ഞത് ഞാനിനി അവിടേക്ക് ചെല്ലരുതെന്ന്…ഹോസ്പിറ്റലിൽ പിന്നീടാ മുറി എനിക്ക് വേണ്ടി തുറന്നില്ല ..

പലപ്പോഴും അവളുടെ വീട്ടുപടിക്കൽ പോയി തുറക്കാത്ത ഗേറ്റിനു മുൻപിൽ ഒരു ഭ്രാ ന്തനെപ്പോലെ കാത്തു നിന്നു..

വീട്ടിലുള്ളവരുടെ കണ്ണിലെല്ലാം  എന്റെ ജോലികളഞ്ഞുള്ള ഇരിപ്പും , താടിയും മുടിയും വളർത്തിയുള്ള നടപ്പും പരിഹാസം നിറച്ചു …

“ഒന്നുല്ലെങ്കിലും കൂടെകൊണ്ടു നടക്കാൻ പറ്റുമോ അവളെ നിനക്ക്…മുഖം കാണുമ്പോ തന്നെ പേടിയാകും മുടിയെല്ലാം പോയി …” ചേച്ചിമാരുടെ ഒത്താശയിൽ അളിയന്മാരുടെ ഉപദേശം വേറെയും….

ആരെന്തു പറഞ്ഞാലും ഇനി അവളില്ലാതെ എനിക്കിനി മുന്നോട്ട് പോകാൻ കഴിയില്ല എന്നുറപ്പായ രാത്രി….ഒരു ധൈര്യത്തിന് വേണ്ടി അന്ന് വരെ മ ദ്യപിക്കാത്ത ഞാൻ മൂക്കറ്റം കുടിച്ചു കൊണ്ട് നേരെ ചെന്നു അവളുടെ വീട്ടിലേക്ക്…

പുറത്തെ ബഹളം കേട്ട് ഉമ്മറത്തെ ലൈറ്റുകളെല്ലാം തെളിഞ്ഞിരുന്നു പക്ഷേ ആരും പുറത്തു വന്നില്ല ..

സമയമെന്തായെന്നോ , എന്തെല്ലാമാണ് വിളിച്ചു പറഞ്ഞെതെന്നോ  ഒരോർമയും ഇല്ല…സാക്ഷികളായി തെരുവുനായ്ക്കൾ മാത്രം ഓരിയിട്ടു കൊണ്ടിരുന്നു .

എപ്പോഴോ കണ്ണു തുറക്കുമ്പോൾ ഞാനെന്റെ വീട്ടിലായിരുന്നു. ശ്രീക്കുട്ടൻ കാൽക്കലിരിപ്പുണ്ട് …

“ജിതേഷേട്ടാ ഏട്ടനിങ്ങനെ നശിക്കുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നുണ്ട്…പക്ഷേ എന്നേക്കാൾ സങ്കടത്തിൽ ഇതെല്ലാം കണ്ട് അവിടൊരാൾ ഇടനെഞ്ച് പിടഞ്ഞിരിപ്പുണ്ട് എന്നാലുമവൾ മടങ്ങി വരില്ല ആ മുഖവുമായി…അതിനു വേണ്ടി ശ്രെമിക്കണ്ട”

അവൻ പറഞ്ഞു നിർത്തുമ്പോഴേക്കും ഞാൻ ചോദിച്ചു

“കഴിഞ്ഞോ!! നീ ചെന്നു പറഞ്ഞേക്ക് നിന്റെ പെങ്ങളോട് ഞാൻ സ്നേഹിച്ചത് അവളുടെ തൊലിവെളുപ്പോ സൗന്ദര്യമോ അല്ലെന്ന്..ഇനി ഞാനവളെ ബുദ്ധിമുട്ടിക്കാനായി വരില്ല പക്ഷേ എന്റെ  ജീവിതത്തിലൊരു പെണ്ണുണ്ടെങ്കിൽ അതവളാ…അവൾ  മാത്രേം “

പിന്നീട് ഞാനവിടെ പോകുകയോ അവരെ ബുദ്ധിമുട്ടിക്കുകയോ ചെയ്തില്ല. അവളെയൊന്നു കാണാൻ പോലും ഞാൻ ശ്രമിച്ചില്ല എന്നതാണ് സത്യം…

അവളെകുറിച്ചുള്ള ഓർമകൾ പോലും മലമുകളിലെ മഴസംഗീതം പോലെ മനോഹരമായിരുന്നു. അത് മതിയായിരുന്നു എന്റെ മുന്നോട്ടുള്ള ജീവിതത്തിന്…

തറവാട് നിലനിർത്താൻ ഞാൻ കല്യാണം കഴിച്ചേ തീരുന്നുള്ള അമ്മയുടെ കണ്ണുനീർ ഞാൻ കണ്ടില്ലെന്നു നടിച്ചു , അമ്മയെന്നെ തോൽപിക്കാൻ ഒരു മുഴം കയറിൽ തൂങ്ങുമെന്നു വെല്ലുവിളിച്ചിട്ടും എന്റെ മനസ്സ് മാറിയില്ല..

പറഞ്ഞു പറഞ്ഞവസാനം ആഗ്രഹങ്ങളെല്ലാം മനസ്സിൽ കുഴിച്ചുമൂടി അമ്മ യാത്രയായി…എന്നെയും അച്ഛനെയും തനിച്ചാക്കി…

*****************

കിടപ്പിലായ അച്ഛന്  കഞ്ഞി കോരിക്കൊടുക്കുന്നതിനിടയിൽ ഞാൻ കൊടുത്തോളാം എന്നു പറഞ്ഞു കൊണ്ട് എന്റെ കയ്യിലെ പാത്രം തട്ടിപ്പറിക്കുന്ന എന്റെ പെണ്ണിനെ ഞാൻ നോക്കി…

പുറമെയുള്ള വി രൂപത എന്റെ കണ്ണിൽപെട്ടതേയില്ല…..ആ കണ്ണുകളിലെ സ്നേഹം മാത്രേം മിന്നാമിനുങ്ങുകളെ പോലെ തെളിഞ്ഞു കാണാം.

എന്റെ പെണ്ണ്…ഒക്കത്തു കയ്യും കുത്തി എന്റെ തലമുറകൾക്ക് ജൻമം നൽകാനായി എടുത്താൽ പൊങ്ങാത്ത വയറും പിടിച്ചു നിൽക്കുന്ന അവൾ‌…

നമ്മുടെ കുഞ്ഞിന് എന്റെ മുഖം കാണുമ്പോൾ പേടിയാവില്ലേ ജിത്തേട്ടാ എന്ന അവളുടെ ചോദ്യത്തിന് അവളെ ചേർത്തുപിടിച്ചു നെറ്റിയിലൊരുമ്മ കൊടുത്തു ഞാൻ പറയും….

“നമ്മുടെ എന്നല്ല മോളെ…ഈ ലോകത്തിലെ സകല കുഞ്ഞുങ്ങൾക്കും അവരുടെ അമ്മയാണ് ലോകത്തിലേക്കും വലിയ സുന്ദരി …”

പറഞ്ഞു കഴിയുമ്പോൾ എന്തിനെന്നറിയാതെ എന്റെ കണ്ണുകൾ നിറഞ്ഞു തൂവും…

എന്തിനാണെന്ന് പോലും അറിയാതെ  എന്റെ മണിക്കുട്ടിയെപോലെ എത്രെയോ പേര് ഇന്നും വേദനയനുഭവിച്ചു കഴിയുന്നു…

പുറമെയുള്ള സൗന്ദര്യമേ  കാട്ടാളന്മാരേ നിങ്ങൾക്ക് നശിപ്പിക്കാൻ കഴിയുകയുള്ളു…..ശരീരസൗന്ദര്യമോ മുഖസൗന്ദര്യമോ പോയാലും ഇനിയും ഞങ്ങൾ ജീവിക്കുമെന്ന ആത്മവിശ്വാസത്തിന്റെ ഭംഗിക്ക് ഒരു കുഞ്ഞു പോറലേല്പിക്കാൻ പോലും ഇനിയുമൊരു പത്തു ജന്മം കൂടി നിങ്ങൾ ജനിക്കണം….

~ലിസ് ലോന