ഫെയ്സ്ബുക്ക് ചാറ്റിൽ വന്ന അജുവിന്റെ ആ മെസ്സേജിന് എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങി…

ഒരുപാട് ഇഷ്ട്ടത്തോടെ…

Story written by Praveen Chandran

==============

“ഹായ്..എന്തേ രേഷ്മ മറുപടി പറഞ്ഞില്ല!?”

ഫെയ്സ്ബുക്ക് ചാറ്റിൽ വന്ന അജുവിന്റെ ആ മെസ്സേജിന് എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ കുഴങ്ങി…

ഫെയ്സ്ബുക്ക് വഴിയാണ് ഞാനവനെ  പരിചയപ്പെടുന്നത്..അവന്റെ എഴുത്തുകളാണ് എന്നെ അവനിലേക്കാകർഷിച്ചത്..ആളുകളെ മനസ്സ് കീഴടക്കാനുളള എന്തോ ഒന്ന് ആ തൂലികയ്ക്കുണ്ടെന്ന് എനിക്ക് തോന്നി…അതുകൊണ്ടുത്തന്നെയാണ് ഞാനവന് ഫ്രണ്ട് റിക്ക്വസ്റ്റ് അയച്ചതും…

അതിനുശേഷം ഒരുപാട് തവണ ഞങ്ങൾ ആശയവിനിമയം നടത്തി..ഒരേ കാഴ്ച്ചപ്പാടുളള വ്യക്തികളായതുകൊണ്ടാവാം ഞങ്ങൾ കൂടുതൽ അടുത്തത്…

ജീവിതത്തെ കുറിച്ചുളള അവന്റെ വീക്ഷണങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചിരുന്നു…

ഓരോ ദിവസം കഴിയുംതോറും ഞങ്ങളുടെ സുഹൃത്ത് ബന്ധം കൂടുതൽ ദൃഢമായിക്കൊണ്ടിരുന്നു..

എന്തും തുറന്ന് പറയാവുന്ന ഒരു സുഹൃത്ത് അതായിരുന്നു എനിക്കവൻ…

എന്നെ സംബന്ധിച്ചിടത്തോളം അവൻ  വലിയൊരാശ്വാസമായിരുന്നു…

കഷ്ടതകളും വിഷമങ്ങളും മാത്രം കണ്ടുവളർന്ന എനിക്ക് ഒരു പുതിയ ജീവൻ തന്നത് അവനായിരുന്നു…

അങ്ങിനെയിരിക്കെയാണ് ഒരു ദിവസം രാത്രി വന്ന അവന്റെ ആ മെസ്സേജ് ഞങ്ങളുടെ ബന്ധത്തെയാകെ ആടിയുലച്ചത്…

“രേഷ്മ…എനിക്ക് തന്നെ ഇഷ്ടമാണ്…”

ഒരു നിമിഷം ഞാൻ ശങ്കിച്ചെങ്കിലും അവന്റെ സ്ഥിരം തമാശകളിലൊന്നാവാം അത് എന്ന് കരുതി ഞാൻ ഇങ്ങനെ ചോദിച്ചു..

“എന്താ മാഷേ കളിയാക്കുകയാണോ?”

“അല്ലെടോ..താനില്ലാതെ എനിക്ക് ഇനി പറ്റുമെന്ന് തോന്നുന്നില്ല..അത്രക്ക് ഇഷ്ടപ്പെട്ടുപോയി..”

തിരിച്ച് എന്ത് മറുപടി പറയണമെന്നറിയാതെ ഞാൻ അല്പനേരമിരുന്നു…

എനിക്കും അവനോട് ഒരു ഇഷ്ടം തോന്നിയിരുന്നു..പക്ഷെ…..

“എന്തെങ്കിലും പറയൂ രേഷ്മ..എന്നെ ഇഷ്ടമല്ലേ?

ഇൻബോക്സിൽ വീണ്ടും അവന്റെ മെസ്സേജുകൾ നിറഞ്ഞുകൊണ്ടിരുന്നു…

ഞാൻ അതിനൊന്നിനും മറുപടി കൊടുത്തതേയില്ല…

എന്തോ കുറ്റബോധം എന്നെ പിടികൂടിയിരുന്നു..

ദിവസങ്ങൾ കടന്നുപോയ്ക്കൊണ്ടിരുന്നു…

അവന്റെ മെസ്സേജ് ഇപ്പോൾ തീരെ വരാതായിരിക്കുന്നു..

പക്ഷെ എന്നും ഞാൻ ഇൻബോക്സ് പരിശോധിക്കുമായിരുന്നു..

മനസ്സിന്റെ വേദന ഞാൻ കടിച്ചമർത്തിക്കൊണ്ടിരുന്നു…

അവസാനം ഞാൻ ആ സത്യം തിരിച്ചറിയുകയായിരുന്നു..

അവന്റെ മനസ്സ് എന്നിൽ നിന്നും അകന്നിരിക്കുന്നു..എനിക്ക് എന്തെന്നില്ലാത്ത ഒരാശ്വാസം തോന്നി…എന്റെ തീരുമാനം ഒരു കുടുംബത്തെ രക്ഷിച്ചിരിക്കുന്നു…

രണ്ടുമാസത്തിനുശേഷം ഒരു ദിവസം…

മെസ്സേജ് ടൂൺ കേട്ടാണ് ഞാൻ ഇൻബോക്സ് തുറന്നു നോക്കിയത്…

“താങ്ക്യൂ രേഷ്മ…എന്റെ ഭർത്താവിനെ എനിക്ക് തിരിച്ചു തന്നതിന്…എനിക്ക് ഇപ്പോൾ അദ്ദേഹത്തെ മനസ്സിലാക്കാൻ പറ്റും..തെറ്റ് എന്റെ ഭാഗത്തായിരുന്നു..അദ്ദേഹത്തിന്റെ ഇഷ്ടങ്ങൾ മനസ്സിലാക്കാൻ ഞാൻ ശ്രമിച്ചില്ല..നീയാണ് അതെനിക്ക് മനസ്സിലാക്കിത്തന്നത്..താങ്ക്യൂ വെരിമച്ച്”

ഒരു നിമിഷം എന്റെ  ചിന്ത പുറകിലേക്ക് പോയി…

അജുവിനെ പരിചയപ്പെട്ടത് മുതൽ താൻ അറിയാനാഗ്രഹിച്ചിരുന്നത് അവന്റെ ഭാര്യയെക്കുറിച്ചായിരുന്നു..ആ സ്ത്രീ എത്ര ഭാഗ്യവതിയായിരിക്കും എന്നറിയാനുളള ആകാംക്ഷയായിരുന്നു അതിനു പിന്നിൽ. പക്ഷെ അവന് അവരോടെന്തോ ദേഷ്യമുളളത് പോലെയായിരുന്നു സംസാരം…

“ഡൈവോഴ്സ് ആകാൻ പോകുകയാണ് അത്ര അറിഞ്ഞാ മതി” എന്നാണ് അവൻ അവസാനമായി അവരെപ്പറ്റി പറഞ്ഞത്…

പക്ഷെ അവരെക്കുറിച്ച് കൂടുതൽ അറിയണമെന്ന് തോന്നിയത് എന്നെ ഇഷ്ടമാണെന്നുളള അവന്റെ മെസ്സേജ് കണ്ടത് മുതൽക്കാണ്…

മറുപടി പറയുന്നതിന് മുമ്പ് അവരുടെ അവസ്ഥ കൂടെ ഒന്നറിയണമെന്ന് തോന്നി…ഉടൻത്തന്നെ അവർക്ക് ഫേയ്സ്ബുക്ക് റിക്ക്വസ്റ്റ് അയച്ചു…

നടന്നകാര്യങ്ങളൊക്കെ അവരെ അറിയിച്ചു..അതിനു ശേഷം അവരുമായി കൂടുതൽ അടുത്തു..

അപ്പോഴാണ് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞത് അവർ അവനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന്..ചെറിയൊരു  ഈഗോ പ്രശ്നമാണ് അവർക്കിടയിൽ വില്ലനായിരുന്നത്…അന്ന് അവർ ഒരു പാട് കരഞ്ഞു…

ഇനി ഞാനൊരിക്കലും നിങ്ങൾക്കിടയിൽ വരില്ലെന്ന് പറഞ്ഞാണ് അന്ന് ആ സംസാരം അവസാനിപ്പിച്ചത്…

നാളുകൾക്ക് ശേഷം അവരുടെ ആ മെസ്സേജ് കണ്ടപ്പോൾ എനിക്ക് വല്ലാത്ത സന്തോഷം തോന്നി..

എന്റെ  തീരുമാനം ഒരു കുടുംബത്തെ രക്ഷിച്ചിരിക്കുന്നു…അതിന് വേണ്ടിയല്ലേ എന്റെ ഇഷ്ടം പോലും ഞാൻ മാറ്റിവച്ചത്…

ചില ഇഷ്ടങ്ങളങ്ങനാ നമ്മെവിട്ടുപോകുമ്പോഴാണ് നമ്മളെ അത് എത്രമാത്രം സ്വാധീനിച്ചിരുന്നു എന്നു മനസ്സിലാവുക…

~പ്രവീൺ ചന്ദ്രൻ