മഞ്ഞുരുകുമ്പോൾ….
Story written by Arun Nair
===============
ഫേസ്ബുക്കിൽ കൂടി പരിചയപ്പെട്ടു വിവാഹം ചെയ്ത ശേഷം ഭർത്താവിന്റെയൊപ്പം വീട്ടിലേക്കു കയറി ചെന്നപ്പോൾ ഭർത്താവിന്റെ അമ്മയുടെയും അച്ഛന്റെയും മുഖം കടന്നൽ കുത്തിയത് പോലെ വീർത്തു ഇരിക്കുക ആയിരുന്നു…….
അതു കണ്ടപ്പോൾ എന്റെ മുഖവും ബലൂൺ ഊതി വീർപ്പിക്കും പോലെ വീർത്തു വന്നു…എങ്കിലും എന്റെ അവസ്ഥ കൊണ്ട് ഞാൻ അദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും സന്തോഷം നിറഞ്ഞതല്ലാത്ത മുഖം കണ്ടിട്ടും അദേഹത്തിന്റെ കൂടെ അകത്തേക്ക് കയറി പോയി….
“”എടോ അമ്മു താൻ എന്തിനാ ഇങ്ങനെ വീർത്തു പൊട്ടാറായി ഇരിക്കുന്നത്…ഞാൻ തന്നോട് നേരത്തെ തന്നെ പറഞ്ഞതല്ലേ ഇന്ന് ഇങ്ങനെയൊക്കെ ഉണ്ടാകുമെന്നു….ഒന്നുമില്ലെങ്കിലും അവരുമൊരു അച്ഛനുമമ്മയും അല്ലേ…അവർക്കും ഉണ്ടാകില്ലെടോ ദുഃഖം…എന്തായാലും ഇറങ്ങി പോകാൻ പറഞ്ഞില്ലല്ലോ അതുതന്നെ ഭാഗ്യം…. “”
മുറിയിലേക്ക് കയറി വാതിൽ അടച്ചതും അരുണേട്ടൻ ബലൂൺ പോലെ വീർത്ത എന്റെ കവിളിൽ കുത്തി പിടിച്ചു ചോദിച്ചു…
“”ഒന്നുമില്ല അരുണേട്ടാ….ഞാൻ വെറുതേ…എനിക്കു കുഴപ്പമൊന്നുമില്ല…അരുണേട്ടൻ പറഞ്ഞത് പോലെ നാളെ മുതൽ ആണെങ്കിലും എന്നെ അവർ സ്നേഹിച്ചാൽ മതിയായിരുന്നു…””
“”അതൊക്കെ നടക്കുമടോ…എനിക്കു അറിയാവുന്നതല്ലേ എന്റെ വീട്ടുകാരെ…വെറും പാവമാണവർ…പെട്ടെന്ന് ഇങ്ങനെ കണ്ടതിന്റെ വിഷമം കാണിക്കുകയാണ്…പിന്നെ അവരൊക്കെ പഴയ ആൾകാരല്ലേ…ഫേസ്ബുക് എന്താണെന്ന് പോലുമവർക്കറിയില്ല…അവരുടെ വിചാരം നമുക്കു പരസ്പരം ഒന്നുമറിയില്ല എന്നാണ്…നമുക്കല്ലേ അറിയു ശരീരം ഒഴികെ ബാക്കി എല്ലാം നമ്മൾ അതിലൂടെ കൈമാറിയിട്ടു ഉണ്ടെന്നു…ശരീരം ഞാൻ ഇന്നത്തെ സ്പെഷ്യൽ ദിവസത്തിന് വേണ്ടി മാറ്റി വച്ചതാണ് കേട്ടോ അമ്മു….””
അരുണേട്ടൻ എന്റെ കവിളിൽ രണ്ടു കയ്യും പിടിച്ചു കൊണ്ട് എന്റെ മുഖം ഉയർത്തി കൊണ്ട് പറഞ്ഞു….
“”ആയിക്കോട്ടെ അരുണേട്ടാ…മതി ഇങ്ങനെ ഉള്ള സംസാരം അമ്മയും അച്ഛനും വല്ലോം കേട്ടോണ്ട് വന്നാൽ പിന്നെ അതുമതി ഞാൻ മോശമാണെന്നു കരുതാൻ…എന്റെ അവസ്ഥ കുറച്ചെങ്കിലും നല്ലതായിരുന്നെങ്കിൽ ഞാനിങ്ങനെ ഇറങ്ങി വരില്ലായിരുന്നു അരുണേട്ടാ….””
“”അതൊക്കെ പോട്ടെ അമ്മു…നീ ചുമ്മാ കരഞ്ഞു ഇന്നത്തെ നമ്മുടെ സന്തോഷം കളയരുത്…വാ നമുക്കു ആഹാരം കഴിച്ചു കിടക്കാം…..””
ആഹാരം കഴിച്ചിട്ട് ആദ്യരാത്രി ആഘോഷിക്കും മുൻപ് തന്നെ അരുണേട്ടൻ എന്നോട് അമ്മയെ നാളെ തന്നെ കയ്യിൽ എടുത്തോണം പറഞ്ഞു…അതിനുള്ള വഴിയും കുറച്ചൊക്കെ പറഞ്ഞു തന്നു…ഞാൻ പരമാവധി ശ്രമിക്കാമെന്നും പറഞ്ഞു…
,,,,രാവിലെ തന്നെ അരുണേട്ടൻ ജോലിക്ക് പോയി…അതു കഴിഞ്ഞപ്പോൾ ഞാൻ അമ്മയുടെ അടുത്തേക്ക് ചെന്നു…പക്ഷേ എന്റെ പ്രതീക്ഷകളൊക്കെ തെറ്റിച്ചു അമ്മ എന്നെ ഒഴിവാക്കി മാറി പോയി……..
“”അമ്മേ….എന്നോട് ക്ഷമിക്കുമോ…??? എന്റെ അവസ്ഥ അത്രയും മോശമായിരുന്നത് കൊണ്ട് ഇറങ്ങി വന്നതാണ്…എനിക്കു അരുണേട്ടനെ അത്രക്കും ഇഷ്ടവുമാണ്…അമ്മയുടെയും അച്ഛന്റെയും കാര്യങ്ങൾ നോക്കണമെന്ന് മാത്രമാണ് അരുണേട്ടൻ എന്നോട് പറഞ്ഞിട്ടുള്ളത്…എന്നോടുള്ള ദേഷ്യം അദ്ദേഹത്തോട് എങ്കിലും കാണിക്കരുതേ അമ്മേ….. “”
ഞാൻ അമ്മയുടെ കാലിൽ വീണു കരഞ്ഞു പറഞ്ഞു
“”അമ്മയോട് സ്നേഹമുള്ള ഒരു മകൻ….”” പുച്ഛഭാവത്തിൽ അമ്മയെന്നെ നോക്കി….എന്നിട്ടു തുടർന്നു….
“”അവന്റെയൊരു സെലെക്ഷൻ…നീ കൂടുതലൊന്നും എന്നെകൊണ്ട് പറയിക്കരുത്…പിന്നെ ഞാനൊന്നും പറയുന്നില്ല നിന്നോട്…എനിക്കു എന്തായാലും നിന്നേ അങ്ങനെ കാണാൻ കഴിയില്ല…എന്റെ പെണ്മക്കളെ രണ്ടു പേരെയും ഞാൻ നല്ല രീതിയിലാണ് കെട്ടിച്ചു വിട്ടത്…അപ്പോൾ ആ എനിക്ക് എന്റെ മോന്റെ പെണ്ണിനെ കുറിച്ചും കുറച്ചു മോഹങ്ങൾ ഒക്കെ ഉണ്ടാവില്ലേ…ആ മോഹങ്ങളാണ് നിന്നേ കണ്ടതോടെ പോയത്….. “”
“”അമ്മേ,,,എന്റെ രണ്ടാനച്ഛൻ എന്നോട് മോശമായി പെരുമാറാൻ തുടങ്ങിയതുകൊണ്ടാണ് ഞാൻ ഇറങ്ങി വന്നത്…അമ്മേ,,,എന്നെയൊരു വേലക്കാരി ആയെങ്കിലും കണ്ടു കൂടെ….. “”
“”നിന്റെ കഥ ഞാൻ ചോദിച്ചില്ലല്ലോ…എനിക്കു ഒട്ടു അറിയുകയും വേണ്ട…പിന്നെ നീ എന്റെ വേലക്കാരി ആകുകയൊന്നും വേണ്ട,,പക്ഷേ നിന്റെയും നിന്റെ ഭർത്താവിന്റെയും കാര്യങ്ങളെല്ലാം നോക്കണം…എന്റെയും അച്ഛന്റെയും കാര്യത്തിൽ ഇടപെടുക ഒന്നും വേണ്ടെന്നു അർത്ഥം…ഇപ്പോൾ എന്റെ മുൻപിൽ നിന്നും പോ നീ…നിന്നേ കാണുമ്പോൾ എന്റെ ദേഷ്യം കൂടുന്നു…. “”
അരുണേട്ടനും ഞാനും ഒരുപാട് ശ്രമിച്ചു, എങ്കിലും അമ്മയുടെയും അച്ഛന്റെയും സ്വഭാവത്തിന് ഒരു മാറ്റവും ഉണ്ടായില്ല…എന്തിനധികം പറയുന്നു എനിക്കും അരുണേട്ടനും ഒരു കുഞ്ഞു ഉണ്ടായിട്ടു പോലും അമ്മയും അച്ഛനും ഞങ്ങളോടും കുഞ്ഞിനോടും ഒരു പരിഗണനയും കാണിച്ചില്ല…അരുണേട്ടന്റെ ചേച്ചിമാരും പിള്ളേരും വരുമ്പോൾ അവരുടെ കുഞ്ഞുങ്ങളെ ലാളിക്കുന്നതു കാണുമ്പോൾ എന്റെ ഉള്ളു കണ്ണീരാൽ പലവട്ടം നിറഞ്ഞു പോയിട്ടുണ്ട്…..
എന്റെ കുഞ്ഞിന് മാത്രം അങ്ങനെയൊരു ഭാഗ്യമില്ലല്ലോ ദൈവമേ…ഞാനും അരുണേട്ടനും ചെയ്ത കുറ്റത്തിന് ഞങ്ങളുടെ ഒന്നുമറിയാൻ വയ്യാത്ത കുഞ്ഞിനെ പോലും ഒഴിവാക്കുന്നതോർക്കുമ്പോൾ,,,,കുഞ്ഞിനെ മാറോടു ചേർത്ത് ഒരുപാട് തവണ ഞാൻ ക്ഷമ ചോദിച്ചിട്ടുണ്ട്….
അങ്ങനെ ആ വീട്ടിൽ രണ്ടു അടുക്കളയായി പരസ്പരം മിണ്ടാതെ ഞങ്ങൾ ജീവിച്ചു പോകുന്നതിന്റെ ഇടയിൽ അമ്മയൊന്നു കുളിമുറിയിൽ വീണു…പെട്ടെന്നു വീണു പോയതുകൊണ്ട് എല്ലാവരും കാൽ വഴുതി വീണതാണ് കരുതിയിരിക്കുമ്പോൾ ആശുപത്രിയിലെ ഡോക്ടർ പറഞ്ഞു ഒരു കാലു തളർന്നു പോയതാണെന്ന്…കാര്യമെന്നോട് അമ്മ സ്നേഹമൊന്നും കാണിച്ചിട്ടില്ലെങ്കിലും എന്റെ അരുണേട്ടൻ പ്രണയിച്ച കാലത്ത് പറഞ്ഞത് ഞാനോർത്തു….
“”അമ്മു, എന്റെ അമ്മയെ നീ പൊന്നു പോലെ നോക്കണം…എനിക്കു വേറെ ഒന്നും വേണ്ട നിന്നിൽ നിന്നും….””
പിന്നെയൊട്ടും താമസിച്ചില്ല, ഞാൻ പെട്ടെന്ന് തന്നെ അമ്മയുടെ കാര്യങ്ങൾ നോക്കാനായി ചെന്നു…പക്ഷെ അവിടെയും എനിക്കു അവഗണന ആയിരുന്നു ഫലം…ചേച്ചിമാർ അമ്മയെ നോക്കിക്കോളും ഞാൻ വെറുതേ സ്നേഹം പിടിച്ചു പറ്റാൻ അങ്ങോട്ട് കയറി വരണമെന്നില്ല എന്നു അമ്മ തീർത്തു പറഞ്ഞു…അവഗണന കാട്ടിയെങ്കിലും എനിക്കൊരു പിണക്കവും തോന്നിയില്ല…എന്റെ അരുണേട്ടന്റെ അമ്മയല്ലേ…അദ്ദേഹത്തെ പോലെയൊരു പാവത്തിന് ജന്മം നല്കിയതല്ലേ, എന്തായാലും ഉള്ളിൽ സ്നേഹം ഉണ്ടാകും…
ആദ്യത്തെ ഒരു മാസം ചേച്ചിമാർ നോക്കി…അതിനു ശേഷം ചേച്ചിമാർക്കു അവരുടെ കാര്യങ്ങളിൽ ശ്രദ്ധിക്കാൻ വേണ്ട സമയം കിട്ടാതെ ആയപ്പോൾ അവർക്കു പതുക്കെ പതുക്കെ അമ്മയുടെ കാര്യങ്ങളൊരു ബാധ്യത ആയി തോന്നി തുടങ്ങി….അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല…കുട്ടികളുടെ കാര്യം നോക്കണ്ടേ ഭർത്താവിന്റെ കാര്യം പോട്ടെ വച്ചാലും….
ചേച്ചിമാരുടെ വരവ് നിന്നതോടെ അമ്മയുടെ കാര്യം മാത്രമല്ല അച്ഛന്റെ കാര്യവും ആകെ താറുമാറായി…പേടിച്ചു പേടിച്ചു ആണെങ്കിലും ഞാൻ വച്ചുണ്ടാക്കിയതിന്റെ പങ്കു അവർക്കു കൊടുത്തപ്പോൾ അവരുടെ വിശപ്പ് കൊണ്ടവർ കഴിച്ചപ്പോൾ അവരുടെ കണ്ണുകൾ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു…കൂടെ എന്റെയും….
ആ രണ്ടു പുണ്യ ജന്മങ്ങളുടെയും കണ്ണുകൾ തുടച്ചു കൊണ്ട് ഞാൻ അവരെയെന്റെ കുഞ്ഞിനെ പോലെ തന്നെ നോക്കി…ഇപ്പോളെനിക്ക് വീട്ടിൽ മൂന്ന് കുഞ്ഞുങ്ങൾ ഉണ്ട്, അവരുടെ മൂന്നിന്റേയും കാര്യങ്ങൾ ഭംഗി ആയി നോക്കണ്ടവൾ ഞാൻ ആണെന്നുള്ള തിരിച്ചറിവ് എന്നെ പെട്ടെന്ന് തന്നെ ചിന്തിക്കാവുന്നതിലും അപ്പുറം പക്വതയുള്ള ഒരു സ്ത്രീ ആയി മാറ്റിയിരുന്നു…
ഒരു ദിവസം അമ്മക്കു ചോറ് കൊടുത്തു കൊണ്ട് ഇരിക്കുമ്പോൾ അമ്മ എന്നോട് ചോദിച്ചു…അച്ഛൻ അമ്മയുടെ അടുത്തു ഇരുന്നു കഴിക്കുന്നുണ്ടായിരുന്നു…….
“”മോളെ അമ്മു…എങ്ങനെയാ എന്റെ മോൾക്ക് ഞങ്ങളെ സ്നേഹിക്കാൻ കഴിയുന്നത്…ഒരിക്കൽ പോലും ഞങ്ങൾ നിന്നേ സ്നേഹിച്ചിട്ടില്ലല്ലോ…എന്തിനാണ് ഇത്രയും കാരുണ്യം ഞങ്ങളോട് കാണിക്കുന്നത്…….”” അത്രയും പറഞ്ഞു കഴിഞ്ഞപ്പോൾ ആ കണ്ണുകൾ നിറഞ്ഞൊഴുകുക ആയിരുന്നു….
ഞാൻ വെളിയിലേക്കു വന്ന കണ്ണുനീർ തടഞ്ഞുകൊണ്ട് പറഞ്ഞു
“”അമ്മേ എനിക്കു അറിയാം നിങ്ങളെന്നോട് കാണിച്ചില്ല എങ്കിലും ഉള്ളിൽ സ്നേഹം ഉണ്ടെന്നു…ഒന്നും ഇല്ലങ്കിലും എന്റെ അരുണേട്ടന്റെ അമ്മയും അച്ഛനുമല്ലേ….അത്രയും നല്ലൊരു മകനെ ജനിപ്പിച്ചിട്ടു ഉണ്ടെങ്കിൽ അത്രയും നല്ലവരാണ് നിങ്ങൾ…പിന്നെ എന്നെ അരുണേട്ടൻ കല്യാണം കഴിക്കുന്നതിനും, സ്നേഹിക്കുന്നതിനും മുൻപ് ഒരു കാര്യം മാത്രമേ അവശ്യപെട്ടിട്ടുള്ളു അത് എന്താണെന്നു ഞാൻ പണ്ട് പറഞ്ഞില്ലേ അമ്മേ…അമ്മയെയും അച്ഛനെയും പൊന്നു പോലെ നോക്കണമെന്ന്…അതിനു അവസരം കിട്ടിയതിപ്പോൾ ആണ്…അതുകൊണ്ട് ആ ജോലി ഞാൻ സന്തോഷത്തോടെ ചെയ്യുന്നു…ജോലി അല്ല കടമ…പിന്നെ അമ്മേ പൈസ ഒന്നുമില്ലെങ്കിലും എന്റെ അമ്മയും പറഞ്ഞു വളർത്തിയത് കല്യാണം കഴിഞ്ഞു ചെന്നാൽ, ആ വീട്ടിലെ മരുമകൾ ആയല്ല മകൾ ആയി നിന്നു അവിടുത്തെ കാര്യങ്ങൾ നോക്കി അച്ഛനെയും അമ്മയെയും നോക്കണം എന്നാണ്….. “”
അച്ഛൻ എഴുന്നേറ്റു വന്നു എന്റെ മോനെ എടുത്തുകൊണ്ട് കളിപ്പിക്കാൻ പോയി…അമ്മ അപ്പോൾ എന്റെ തലയിൽ കൈവച്ചു അനുഗ്രഹിച്ചുകൊണ്ട് പറയുന്നുണ്ടായിരുന്നു…
“”നീ ഈ വീടിന്റെ മരുമകളല്ല മകളാണ്…ഈ വീടിന്റെ ഐശ്വര്യം…ഈ വീടിന്റെ വിളക്ക്…എന്റെ മകന് ദൈവം കൊടുത്ത പുണ്യം….””
അമ്മ അതു പറയുമ്പോൾ അടക്കി വച്ചിരുന്ന കണ്ണുനീർ എന്റെ നിയന്ത്രങ്ങളെ അനുസരിക്കാതെ പുറത്തേക്കു ഒഴുകി…അമ്മയും ഞാനും കെട്ടിപിടിച്ചു ആ കട്ടിലിൽ ഇരിക്കുമ്പോൾ പുറത്തൊരാൾ ആ കാഴ്ചകൾ കണ്ടു സന്തോഷ കണ്ണുനീർ പൊഴിക്കുന്നുണ്ടായിരുന്നു…
എന്റെ അരുണേട്ടൻ…..
A story by അരുൺ നായർ
കെട്ടിച്ചുവിട്ടു കഴിഞ്ഞാൽ ആ പെണ്ണ് കയറി ചെല്ലുന്ന വീട്ടിലെ മകൾ ആയിരിക്കണം…ഇതെന്റെ വീക്ഷണമാണ്…ആ വീടിനു ഉണ്ടാവുന്ന ഉയർച്ചയിൽ ആണേലും താഴ്ചയിൽ ആണേലും വലിയൊരു പങ്കു വഹിക്കുന്നത് ഈ ചെല്ലുന്ന പെണ്ണുങ്ങൾ തന്നെയാണ്….
അഭിപ്രായം പ്രതീക്ഷിക്കുന്നു….സപ്പോർട്ടും….