ആ ഇഷ്ടം കൂടി കൂടി പിരിയാൻ പറ്റാത്ത വിധത്തിലായി. തന്റെ ജീവതത്തിൽ…

ദൈവത്തിന്റെ വികൃതി

Story written by Anitha Anu

==============

“പ്രഭാകരാ ഒന്നും പറയണ്ട..ഞാൻ ഇതിന് സമ്മതിക്കില്ല, ഞങ്ങൾക്ക് ആണായിട്ടും പെണ്ണായിട്ടും അവൻ മാത്രമെ ഉള്ളു.. ” പ്രഭാവതിയമ്മ ഇളയ സഹോദരൻ പ്രഭാകരൻ നായരോട് പറഞ്ഞു.

“നിങ്ങൾ എന്താണ് ഒന്നും മിണ്ടാതെ നിൽക്കുന്നത്?.. ” അവർ ഭർത്താവിനോട് ചോദിച്ചു

“ഞാൻ എന്ത് മിണ്ടാനാണ് എല്ലാം നീ തന്നെ പറയുന്നില്ലേ..”

“ചേച്ചീ..അവൻ എന്നെ ദിവസവും വിളിച്ച് പറയും മാമ ചെന്ന് അമ്മയോട് പറ എന്റെ കാര്യം..എന്ന് പറഞ്ഞതിനാലാണ് ഞാൻ ചേച്ചിയോട് ചോദിച്ചത്.. “

“അല്ല എനിക്ക് മനസ്സിലാവുന്നില്ല..അവൾക്കെന്താ ഒരു കുറവ്?..” ഭാര്യയോട് ശ്രീനിവാസൻ ചോദിച്ചു.

“പഠിപ്പില്ലേ?.. കാണാൻ ചന്തമില്ലേ?..ആവശ്യത്തിൽ കൂടുതൽ സ്വത്തും ഉണ്ട് പിന്നെയെന്താ..”

“ഇതൊക്കെ ഉള്ളത് കൊണ്ടായോ..അവളുടെ ജാതകം ശെരിയല്ല..”

“ആരു പറഞ്ഞു നിന്നോട് ?..” ശ്രീനിവാസൻ ദേഷ്യത്തോടെ ചോദിച്ചു.

“വടക്കേതിലെ പണിക്കർ ഒരിക്കൽ പറയുകയുണ്ടായി, ആ കുടുംബത്തിൽ ആണുങ്ങൾ വാഴില്ലെന്ന്..”

“അത് സത്യമല്ലേ..മാളവികയ്ക്ക് അഞ്ച് വയസ്സുള്ളപ്പോഴാ അവളുടെ അച്ഛൻ മരിച്ചത്. അതെ പോലെ തന്നെയല്ലേ മാളവികയുടെ അമ്മ ശാരുവിന് മുന്നോ, നാലോ വയസ്സുള്ളപ്പഴാ അവളുടെ അച്ഛനും മരിച്ചത്, എല്ലാം പെട്ടന്നുള്ള മരണം. അവൾക്കും ഇതേ ഗതി തന്നെയാവും..ശാപം കിട്ടിയ തറവാടാണ്..”

ശ്രീനിവാസന് ചോദിക്കണമെന്നുണ്ടായിരുന്നു “നിനക്ക് പത്തു വയസുള്ളപ്പോൾ നിന്റെ അച്ഛൻ മരിച്ചു പോയിരുന്നല്ലോ എന്ന്..” അയാൾ ആ ചോദ്യം വിഴുങ്ങി, വെറുതെ എന്തിന് മുഷിയണം…

ആങ്ങളയും പെങ്ങളും കൂടി എന്താന്ന് വെച്ചാൽ തീരുമാനിക്കട്ടെ..അയാൾ മനസ്സിൻ പറഞ്ഞു കൊണ്ട് അവിടെനിന്ന് എഴുന്നേറ്റ് പോയി.

പ്രവീൺ ആകെ ധർമ്മസങ്കടത്തിലായി..മാളുനെ മറക്കാൻ അവന് ആവുമായിരുന്നില്ല. ഹൈസ്കൂൾ മുതൽ തുടങ്ങിയ ഇഷ്ടമാണ്, ആ ഇഷ്ടം കൂടി കൂടി പിരിയാൻ പറ്റാത്ത വിധത്തിലായി. തന്റെ ജീവതത്തിൽ ഒരു പെണ്ണ് ഉണ്ടങ്കിൽ അത് മാളു മാത്രമായിരിക്കും അവളെയാണ് വേണ്ടന്ന് വെക്കാൻ പറയുന്നത് ?.. മറക്കാൻ പറയുന്നത് ?

മാളവികക്കും ഇതേ അവസ്ഥ തന്നെ..ജീവിക്കുന്നെങ്കിൽ പ്രവീണിന്റെ കൂടെ മാത്രം. എന്തെല്ലാം സ്വപ്നങ്ങളാണ് അവർ പങ്ക് വെച്ചിരിക്കുന്നത്..ഒരു ദിവസം പോലും രണ്ട് പേർക്കും കാണാതിരിക്കാൻ പറ്റില്ല. രാവിലെ പ്രവീൺ ബേങ്കിൽ പോകുമ്പോൾ അവൾ വീടിന്റെ പടിപ്പുരയിൽ വന്നു നിൽക്കും, വൈകിട്ടും അവൾ അവിടെ തന്നെ നിൽക്കുന്നുണ്ടാവും. അവൾ ഇന്റർവ്യൂവിന് പോകുമ്പോൾ കൂട്ട് പോകുന്നതും പ്രവീൺ തന്നെയാണ്. അമ്പലക്കുളത്തിലെ കൽപ്പടവുകളിൽ അവർ കോറിയിട്ട അക്ഷരങ്ങൾക്കും. കുളത്തിലെ ആമ്പൽ പൂക്കൾക്കും അവരുടെ പ്രണയത്തിന്റെ ആഴം എന്തെന്ന് അറിയാം.

സ്കൂളിലേക്കുള്ള യാത്രയിൽ അവന്റെ വികൃതിത്തരത്തിനെല്ലാം കൂട്ട് നിന്നവൾ, തോട്ടിലെ ആമ്പൽ പറിച്ചു അവൾക്ക് സമ്മാനിച്ചും, മാവിൽ കയറി മാങ്ങ പറിച്ചും, അവൾക്കായി കൊണ്ടുവന്ന ഉപ്പിലിട്ട നെല്ലിക്ക അവൾ തിന്നുന്നതും നോക്കി നിന്നും, സ്കുളിൽ ക്ലാസ് തുടങ്ങാൻ ബെല്ലടിച്ചതിന് ശേഷം എത്തുന്ന ഇവരെ എത്രയോ ദിവസങ്ങളിൽ ക്ലാസ്സിന് പുറത്ത് നിർത്തിയിട്ടുണ്ട്. അവളുടെ നക്ഷത്രം പോലുള്ള കണ്ണിൽ നിന്ന് പളുങ്ക് മണികൾ ഉതിരുന്ന പോലെ കണ്ണീർ തുള്ളികൾ ഒഴുകുമ്പോൾ അവന്റെ നെഞ്ച് പിടക്കുമായിരുന്നു. ഇനിയാവർത്തിക്കില്ലന്ന് പറഞ്ഞു അവളുടെ കൈയ്യിൽ സത്യം ചെയ്തവൻ, ആ അവനെങ്ങിനെയാണ് അവന്റെ പ്രാണനിൽ ചേർന്നുപോയ മാളുവിനെ മറക്കുക?..

കുറച്ച് ദിവസം ലീവ് എടുത്തു പ്രവീൺ വീട്ടിൽ ഇരുന്നു, അമ്മയോട് തരം കിട്ടുമ്പോഴോക്കെ പറഞ്ഞു കൊണ്ടേയിരിക്കും മാളുവിനെപ്പറ്റി, പ്രഭാവതിയമ്മ കേട്ടതായി ഭാവിച്ചില്ല..

“അവളെ കല്യാണം കഴിക്കാൻ പറ്റിയില്ലെങ്കിൽ മറ്റ് ഒരു കല്യാണം എന്റെ ജീവിതത്തിൽ ഉണ്ടാകില്ല ഈ കാര്യത്തിൽ അമ്മ എന്നെ നിർബ്ബന്ധിക്കരുത്..” പ്രവീണിൻ്റെ നിലപാട് പ്രഭാവതിയമ്മയെ ഒന്നു ഞെട്ടിപ്പിച്ചു കളഞ്ഞു.

“നോക്കാം..” എന്നവർ മനസ്സിൽ പിറുപിറുത്തു.

രണ്ട് മുന്നു മാസം കഴിഞ്ഞപ്പോൾ അവർ സഹോദരനെ വിളിപ്പിച്ചു രണ്ടുപേരും കൂടി അലോചിച്ചു ഒരു വഴി കണ്ടെത്തി. പ്രവീൺ ജോലി സംബന്ധമായി ഒരു ടൂർ കഴിഞ്ഞു വരുമ്പോൾ അമ്മ കിടക്കുന്നു അമ്മാമ ഉണ്ട് വീട്ടിൽ, അച്ഛൻ മാത്രം ഉണ്ടായിരുന്നില്ല. അവനാകെ പരിഭ്രാന്തനായി

“അമ്മക്ക് എന്ത് പറ്റി അമ്മാമേ.?.”

“തല കറങ്ങിവീണതാ.. “

“അയ്യോ എന്നിട്ട്.!! ഡോക്ടറെ കാണിച്ചോ?.. “

“കാണിച്ചു നീ ഇങ്ങ് വാ.. ” പ്രഭാകരൻ നായർ അവനെ വിളിച്ചു മാറ്റി നിറുത്തി

“ചേച്ചിക്ക്‌ ബി.പി കൂടുതലാണ്. ഹാർട്ടിന് ചെറിയ പ്രശ്നവുമുണ്ട്, ടെൻഷൻ ഒന്നും ഉണ്ടാവാൻ പാടില്ലാന്നാ പറഞ്ഞത്.. “

ഇ.സി.ജി എടുത്തതിൻ്റെ കവർ ചൂണ്ടി കാണിച്ചു കൊടുത്തിട്ട് പറഞ്ഞു..

“ഇത് ഒക്കെ എടുത്തു രാവിലെ.. “

അവന് അകെ വിഷമമായി

“അച്ചൻ എവിടെ ?.. “

“അവന്റെ പെങ്ങളുടെ മകൻ ഇല്ലേ ഡോക്ടർ യദു..അവനെ കാണാൻ പോയതാണ് നിന്റെ അമ്മയുടെ കാര്യം സംസാരിക്കാൻ. “

അവൻ അമ്മയുടെ അരികിൽ തന്നെ ഇരുന്നു

” മോനു നീ വല്ലതും കഴിച്ചിട്ട് പോയി കിടക്കു, അമ്മക്ക് ഒന്നുമില്ലടാ..”

അവർ ആരോടെന്നില്ലാതെ പറഞ്ഞു “എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ എൻ്റെ മോന് ആരുണ്ട്..”

പിന്നിടുള്ള ദിവസങ്ങളിലും അവൻ കേൾക്കാൻ വേണ്ടി പ്രഭാവതിയമ്മ പറഞ്ഞു കൊണ്ടെയിരുന്നു..

“ഇവൻ്റെ കല്യാണം കഴിഞ്ഞു കാണണമെന്നായിരുന്നു അത് കാണാൻ യോഗമില്ലല്ലോ ഭഗവതി.. ” അതും പാഞ്ഞവർ കരയും.

“മോനെ നീ അമ്മയെ സങ്കടപെടുത്താതെ നിന്നെ ഓർത്തു അവൾ ഈ സ്ഥിതിയിലായി നീയവളുടെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുത്തേക്കു.. ” പ്രഭാകരൻ നായർ പറഞ്ഞു.

അവൻ ആകെ ധർമ്മസങ്കടത്തിലായി. ഇല്ല..അവന്റെ മാളുവിന്റെ സ്ഥാനത്ത് മറ്റ് ഒരു പെണ്ണിനെ ഓർക്കാൻ പോലും അവൻ അശക്തനായിരുന്നു.

ശ്രീനിവാസൻ ഒരു ദിവസം മകനെ വിളിച്ച് സംസാരിച്ചു

“മോനെ, അച്ഛന് നിന്നെ മനസ്സിലാകും..പക്ഷേ..ഈ കല്യാണത്തിന് നിന്റെ അമ്മ ഒരിക്കലും സമ്മതിക്കില്ല, അവളെ ധിക്കരിച്ചു കൊണ്ട് നിനക്ക് മാളവികയെ കല്യാണം കഴിച്ച് കൊണ്ടുവരാൻ പറ്റുമോ?.. നീ ആലോചിക്കു…നിന്റെ അമ്മയുടെ അസുഖത്തെപ്പറ്റിയും..ഇനി എല്ലാം നിന്റെ ഇഷ്ടം.. “

പ്രവീൺ എന്ത് പറയണമെന്നറിയാതെ തരിച്ചു നിന്നു പോയി. പിറ്റേന്ന് വൈകിട്ട് അവൻ മാളുവിനെ കാണാൻ പോയി, അവളുടെ അരികിലായി അവൻ ഇരുന്നു. അവന്റ ആ മുഖഭാവം കണ്ടപ്പോഴെ മാളവികയുടെ ഉള്ളിൽ ഒരാന്തൽ ഉണ്ടായി അവന്റെ മൗനം അവളിൽ സംശയത്തിന്റെ വിത്തുകൾ പാകി.

“പ്രവീ..എന്താ പറ്റിയത്?..”

“നിന്റെ ഈ ഇരിപ്പ് കാണുമ്പോൾ എന്റെ നെഞ്ച് പിടയുന്നു..നീ എന്തെങ്കിലുമൊന്ന് പറ..”

അവൻ മുഖം തിരിച്ച് അവളുടെnകണ്ണിലേക്ക് നോക്കി പെട്ടന്ന് നോട്ടം പിൻവലിച്ചു

“മാളു എന്നോട് ക്ഷമിക്കു…എനിക്ക് ഒന്നുകിൽ അമ്മയെ നഷ്ടപെടുത്തണം ഇല്ലങ്കിൽ നിന്നെ നഷ്ടപ്പെടുത്തണം, രണ്ടു നഷ്ടവും എനിക്ക് ഒരു പോലെയാണ് മാളു.. “

അവളുടെ ശരീരം ആകെ വിറകൊണ്ടു. അവൻ എന്താണ് പറഞ്ഞു കൊണ്ടുവരുന്നത് എന്ന് അവൾക്ക് മനസ്സിലായി, അവൾ മെല്ലെ എഴുന്നേറ്റു. കാലുകൾക്ക് ഭാരം കൂടിയത് പോലെ, ഓരോ ചുവടു വെക്കാൻ കാലുകൾ പൊങ്ങുന്നില്ലെന്ന് തോന്നൽ..എങ്ങിനെയോ അവൾ ഭാരമേറിയ കാലുകൾ വലിച്ചു വീട്ടിൽ എത്തി മുറിയിൽ കയറി കതകടച്ചു കട്ടിലിൽ വീണു.

മാളവിക പോയതൊന്നും പ്രവീൺ അറിഞ്ഞില്ലെന്ന് പറയാം അവൾ ഇരുന്ന കൽപ്പടവിൽ അവൻ കൈവിരൽ കൊണ്ട് തലോടി രണ്ടിറ്റ് കണ്ണീർ അവിടെ വീണു ചിതറി. ഇരുട്ട് കനം വെച്ചപ്പോൾ അവൻ വീട്ടിലേക്ക് നടന്നു മനസ്സില്ലാ മനസ്സോടെ..ഹൃദയം പിളരുന്ന വേദനയോടെ അവൻ അമ്മയോട് പറഞ്ഞു

“എല്ലാം നിങ്ങളുടെ ഇഷ്ടം..”

പിന്നെയെല്ലാം ധൃതിയിലായിരുന്നു നാട് അടച്ചു കല്യാണം വിളിച്ചു ഗംഭിരമായി കല്യാണം നടന്നു. മാളവിക എല്ലാം അറിയുന്നുണ്ടായിരുന്നു ആകെ തകർന്നു പോയി..കരയാൻ പോലും ആകാതെ അവൾ ശിലപോലെ തൻ്റെ മുറിയിൽ ഇരുന്നു.

നല്ല സുന്ദരി പെണ്ണായിരുന്നു പ്രവീണിൻ്റെ ഭാര്യ…പ്രഭാവതിയമ്മയുടെ അസുഖം എങ്ങ് പോയന്നറിയില്ല, അവർ ഓടി ചാടി നടക്കുന്നു അവർക്ക് ചെറുപ്പം വന്നത് പോലെ തോന്നി. കല്യാണം കഴിഞ്ഞു ആറ് മാസമായി എത്ര വേഗത്തിൽ ദിവസങ്ങൾ ഓടി മറഞ്ഞത്. ഒരു ദിവസം രാവിലെ ഛർദിക്കുന്നത് കണ്ടു,

“എന്ത് പറ്റി മോളു..”എന്ന് തിരക്കി പ്രഭാവതി അമ്മ. അവൾ നാണത്താൽ ഒന്ന് ചിരിച്ചു..അപ്പോൾ അവർക്കു കാര്യം പിടികിട്ടി. അവർ സന്തോഷത്താൽ ചേർത്തു പിടിച്ചു നെറുകയിൽ ഉമ്മവച്ചു. അവർ ഉടനെ സഹോദരനെ വിളിച്ചു വിവരം പറഞ്ഞു.

പ്രവീണിന്റെ ഭാര്യ നന്ദനയോട് അവർ പറഞ്ഞു..

“നീ അവനെ വിളിക്കു എന്നിട്ട് വിവരം പറയ് നേരത്തെ ഒന്ന് വരാനും പറയൂ.. “

അവൾ പ്രവീണിനെ വിളച്ചു വിവരം പറഞ്ഞു. അവന് അതിയായ സന്തോഷം തോന്നി. പ്രവീൺ അന്ന് ഓഫിസിൽ നിന്ന് വേഗം ഇറങ്ങി. അവന്റെ മനസ്സ് പഴയ ഒരോ ഓർമ്മകളിലേക്ക് പോയി, എത്രയൊക്കെ ശ്രമിച്ചിട്ടും അവന് മാളവികയെ മറക്കാൻ കഴിഞ്ഞിരുന്നില്ല അവളുടെ ഓർമ്മകൾ അവനിൽ നിന്ന് അകന്നു പോകുന്നുമുണ്ടായിരുന്നില്ല. പെൺ കുഞ്ഞാണെങ്കിൽ “മാളവിക” എന്ന പേരിടണം എന്നവൻ ചിന്തിച്ചു.

നാല് മണിക്ക് ഇറങ്ങിയ ആൾ ആറ് മണിയായിട്ടും കാണുന്നില്ല, പ്രവീണിന്റെ ഭാര്യ നന്ദന പ്രവിയെ പല തവണ വിളിച്ചു..ഫോൺ സിച്ചോഫ്, അവൾക്ക് ആധിയായി പ്രഭാവതിയമ്മയോട് പ്രവിയേട്ടൻ ഇപ്പോ എത്തും എന്ന് പറഞ്ഞവൾ സമാധാനിപ്പിച്ചു.

ഓടി കിതച്ച് പ്രഭാകരൻ നായർ എത്തി, കൂടെ മകനും വേറെ ചില ആളുകളും..നന്ദനക്കും പ്രഭാവതിയമ്മയ്ക്കും ഒന്നും മനസ്സിലായില്ല

“ഓപ്പോളെ നമ്മുടെ പ്രവി.. ” അത്രയുമെ പ്രഭാകരൻ നായർ പറഞ്ഞുള്ളു.

അയൽക്കാർ അന്യോന്യം വിശദീകരിക്കുന്നുണ്ടായിരുന്നു

“പ്രവീണിന്റെ വണ്ടി ഒരു ബസ്സുമായി ഇടിച്ചു..സംഭവസ്ഥലത്തു വെച്ചെ ആള് പോയി, ബസ്സിൻ്റെ അടിയിൽ പെട്ടു പോയിരുന്നു..”

മുഴുവനും കേൾക്കാൻ കഴിയാതെ പലരും കാത് പൊത്തി തൻ്റെ ഭാര്യ ഗർഭിണിയാണെന്ന് അറിഞ്ഞ സന്തോഷത്തിൽ അവൻ പറന്നു വരികയായിരുന്നു. പ്രഭാവതിയമ്മ നന്ദനയുടെ വയറിലേക്ക് നോക്കി പൊട്ടിക്കരഞ്ഞു

“എന്റെ മോനെ.. “

അച്ചനെ കാണാൻ യോഗമില്ലാത്ത ഒരു കുഞ്ഞു അവിടെ വളരുന്നു…

ശുഭം.

✍️അനിത പൈക്കാട്ട്