ആദ്യം ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം കണ്ടപ്പോൾ തന്നെ വീട്ടുകാർ എതിർത്തതാണ്. ഇങ്ങനെ പോയാൽ ഇത് ശരി ആവില്ലെന്ന്…

കല്യാണ തലേന്ന്…

Story written by Arun Nair

==============

ഇന്നലെ രാത്രിയിൽ അർച്ചന വിളിച്ചപ്പോളാണ് ഞാനാ കാര്യം അറിഞ്ഞത്….വിപിന് എന്നോടു  സ്നേഹം ആണെന്ന്…അവൻ നാളെ വീട്ടിൽ വരുമ്പോൾ പ്രശ്നം ഉണ്ടാക്കുമെന്ന്…അവനു ഞാൻ ഇല്ലാതെ ജീവിക്കാൻ കഴിയില്ലെന്ന്…..

നാളെ എൻ്റെ കല്യാണത്തിന്റെ തലേ ദിവസമാണ്….കുടുംബക്കാർ എല്ലാമുണ്ടാകും….എന്നിട്ടും അവൻ നാളെ തന്നെ എന്തിനു തിരഞ്ഞെടുത്തു എന്നുള്ള ചോദ്യത്തിന് അർച്ചന പറഞ്ഞത്….നാളെ ആകുമ്പോൾ എല്ലാവരും ഉണ്ടാകുമല്ലോ…അപ്പോൾ തന്നെ ഒന്നുകിൽ വിവാഹം ഉറപ്പിക്കാം….അല്ലങ്കിൽ അവൻ മരിക്കും…അതാണത്രേ അവന്റെ മനസ്സിൽ….

ദൈവമേ, ഞാൻ ഇനി എന്ത് ചെയ്യും….??? വിപിൻ,,,ഞാൻ സഹോദര തുല്യൻ ആയി സ്നേഹിച്ച എന്റെ കൂട്ടുകാരൻ…അവനു ഒരുപാട് സ്വാതന്ത്ര്യം കൊടുത്തിട്ടുണ്ട് ഞാൻ, അതൊക്കെ എൻ്റെ തെറ്റു തന്നെയാണ്…

കോളേജിൽ ഫസ്റ്റ് ഇയർ ചേർന്നപ്പോൾ ആദ്യം പരിചയപ്പെട്ടത് അവനെയാണ്..അതുവരെ ആണുങ്ങളോട് അധികം മിണ്ടാതെ ഇരുന്ന ഞാൻ അവന്റെ അടുത്തു മാത്രം നല്ലതു പോലെയടുത്തു…..ഇപ്പോൾ മൂന്ന് വർഷം കഴിഞ്ഞു ഇതുവരെ അവന്റെയുള്ളിൽ ഇങ്ങനെയൊരു മോഹം ഉള്ളതായി തോന്നിയിട്ടില്ല…എപ്പോളും മര്യാദ ഉണ്ടായിരുന്നു ഒരുപാട് അടുപ്പം ഉണ്ടായിരുന്നിട്ടു കൂടി….

വീട്ടിൽ പറഞ്ഞാലും പ്രശ്നമാകും…ആദ്യം ഞങ്ങൾ തമ്മിലുള്ള ബന്ധത്തിന്റെ ആഴം കണ്ടപ്പോൾ തന്നെ വീട്ടുകാർ എതിർത്തതാണ്….ഇങ്ങനെ പോയാൽ ഇത് ശരി ആവില്ലെന്ന് താകീതും തന്നതാണ്….അന്നേരം നിങ്ങളൊക്കെ പഴഞ്ചൻ ആയതു കൊണ്ട് തോന്നുന്നത് ആണെന്നും പറഞ്ഞു ഞാനവരെ കളിയാക്കി….ഇപ്പോൾ ആകെ പുലിവാലായി…

ദൈവമേ,,,എന്നാലും വിപിൻ…ഞാൻ എൻ്റെ സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ല അവനെന്നോടു  ഇങ്ങനെ ഉണ്ടാകുമെന്നു….ഈ ലോകത്ത് വേറെ ആണുങ്ങളെല്ലാം ഇല്ലാതായാൽ  പോലും എനിക്കു  അങ്ങനെ അവനെ കാണാൻ കഴിയില്ല…സഹോദരനായി കണ്ടവന്റെ കൂടെ കിടക്കുന്നതിലും നല്ലത് മരിക്കുന്നതാണ്…അല്ലങ്കിൽ ഞാൻ എന്തിനാണ് മരിക്കുന്നത്…ഒന്നുകിൽ അവനെ പറഞ്ഞു മനസിലാക്കാം..അല്ലങ്കിൽ മനസ്സുകൊണ്ടാണെങ്കിലും  തെറ്റു ചെയ്തത് അവനല്ലേ…

ഇങ്ങനെയോരോ ചിന്തകളെന്നെ  ഉറക്കത്തിലേക്കു കൊണ്ട് പോയി….

പതിവുപോലെ സൂര്യൻ ഉദിച്ചു കഴിഞ്ഞാണ് ഞാനെഴുന്നേറ്റത്….ഉണർന്നിട്ടും എഴുന്നേൽക്കാൻ എനിക്ക് മടിയായിരുന്നു….എന്റെയുള്ളിൽ മുഴുവൻ കൂട്ടുകാരുമൊത്തു വരുന്ന വിപിൻ മാത്രമായിരുന്നു….അർച്ചന പറഞ്ഞത് കുറെ അവന്മാർ അവനെ സപ്പോർട്ട് ചെയ്‌ത്  കൂടെ കൂടിയിട്ടുണ്ടെന്നാണ്…അതായത് രണ്ടും കല്പിച്ചുള്ള വരവാണ്….

“”മോളെ നാളെ മുതൽ ഇങ്ങനെ കിടന്നു ഉറങ്ങാൻ പറ്റില്ലല്ലോ….”” എന്നുള്ള അമ്മയുടെ ചോദ്യം കേട്ടാണ് ഞാനെന്റെ  ചിന്തയിൽ നിന്നും മോചിത ആയതു….

“”പിന്നെ ഞാൻ ഉറങ്ങും…ഞാനതു രാജീവേട്ടനോട് ഇപ്പോൾ തന്നെ പറഞ്ഞിട്ടുണ്ട്…എനിക്ക് ഒരുപാട് നേരത്തെയൊന്നും എഴുന്നേൽക്കാൻ  വയ്യെന്ന്….സമ്മതിച്ചിട്ടുമുണ്ട് രാജീവേട്ടൻ….. “‘

ഞാൻ കിടന്നുകൊണ്ടു തന്നെയമ്മക്ക് മറുപടി കൊടുത്തു…

“”അതൊക്കെ ഇപ്പൊ സമ്മതിക്കും…കുറച്ചു കഴിയട്ടെ അപ്പോൾ കാണാം…. “”

“”അമ്മ ചുമ്മാ ഓരോന്നും പറഞ്ഞു പേടിപ്പിക്കാതെ….അല്ലങ്കിൽ തന്നെ ഇവിടെ മനുഷ്യന് സ്വസ്ഥതയില്ല…. “”

“”സ്വസ്ഥതയൊക്കെ കിട്ടിക്കോളും നീ ഇപ്പോൾ കുളിച്ചു അമ്പലത്തിൽ പോകാൻ നോക്ക്….. “”

അമ്മ എനിക്കു അന്ത്യശാസനം നൽകി…പെട്ടെന്ന് തന്നെ ഞാനെഴുന്നേറ്റു അമ്പലത്തിൽ പോകാനായി റെഡിയായി…അമ്പലത്തിൽ പോകും വഴി എൻ്റെ ചിന്ത രാജീവേട്ടന്റെ കാര്യം ആയിരുന്നു…സുന്ദരൻ മാത്രം അല്ല ഒരു നല്ല മനുഷ്യൻ കൂടിയാണ് എൻ്റെ രാജീവേട്ടൻ…എനിക്ക് ദൈവം തന്ന ഭാഗ്യം…നല്ല ജോലിയും ഉണ്ട്….അദേഹത്തൊടെല്ലാം ഇപ്പോൾ തന്നെ തുറന്നു പറഞ്ഞാലോ…അല്ലങ്കിൽ വേണ്ട വിപിൻ വന്നു എന്താണ് ചെയ്യുന്നതെന്ന് നോക്കാം…

വീട്ടിൽ തിരിച്ചു എത്തിയപ്പോൾ തൊട്ടു എനിക്ക് കൂട്ടുകാർ വരുന്നതിന്റെ ടെൻഷൻ ആയിരുന്നു….

ഒരു പത്തു മണി കഴിഞ്ഞപ്പോൾ തൊട്ടു ഓരോരോ ബന്ധുക്കൾ എത്തി തുടങ്ങി…ഏകദേശം മൂന്ന് മണി ആയതോടെ എൻ്റെ വീട് കല്യാണത്തിന് വന്ന ആൾക്കാരെ കൊണ്ട് നിറഞ്ഞു കഴിഞ്ഞിരുന്നു….ഇനി വേണം ഞാൻ അവൻ വരുമ്പോൾ ഫേസ് ചെയ്യാൻ….എനിക്ക് എന്നോട് തന്നെ ദേഷ്യം തോന്നി…വേണ്ടായിരുന്നു, ഇങ്ങനെ ഒരു സൗഹൃദം…അവൻ എന്നെ തെറ്റിദ്ദരിക്കുമെന്നു  വിശ്വസിക്കാൻ പറ്റുന്നില്ല…..

ഒരു നാല് നാലര  മണി ആയപ്പോൾ  കോളേജിൽ പഠിച്ച  കൂട്ടുകാർ എല്ലാവരും കൂടി ഒരുമിച്ചു വന്നു…അതിൽ വിപിനും കൂട്ടുകാരും കൂടി എന്തൊക്കെയോ മാറി നിന്ന് സംസാരിക്കുന്നുണ്ട്….

അവർ എനിക്ക് കൊണ്ട് വന്ന സമ്മാനം തന്നു….ആ സമയമൊക്കെ ഞാൻ വിപിനെ നോക്കുക ആയിരുന്നു…അല്ലങ്കിൽ ഓടി അടുത്തു വരുന്നവനാണ്, മാറി നില്കുന്നത് കണ്ടില്ലേ…എൻ്റെ കല്യാണത്തിന് എൻ്റെ സഹോദരന്റെ കൂടെ ഓടി നടന്നു എല്ലാം ചെയ്യണ്ടവൻ….എൻ്റെ കല്യാണം മുടക്കി, എന്നെ സ്വന്തം ആക്കാൻ ഉള്ള വഴി ആലോചിക്കുന്നു…കഷ്ടം തന്നെ  മൊയലാളി കഷ്ടം തന്നെ…

കുറച്ചു കഴിഞ്ഞു എല്ലാവരും കൂടി നിന്നപ്പോൾ പെട്ടെന്ന് വിപിൻ കയറി വന്നു പുറകെ അവന്റെ കൂട്ടുകാരന്മാരും…..

“”അതെ എനിക്ക് സ്നേഹയെ ഇഷ്ടമാണ്…അവളില്ലാതെ  ജീവിക്കാൻ പറ്റില്ല…ഇവിടെ കൂടി നിൽക്കുന്ന എല്ലാവരും കാണാൻ ഞാൻ കുറച്ചു ഫോട്ടോസ് തരാം…ഇതിൽ ഞങ്ങൾ ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോസ് ഉണ്ട്….നിങ്ങള്ക്ക് ഓരോരുത്തർക്കും വേണമെങ്കിൽ പരിശോധിക്കാം…. “”

വിപിൻ വന്നു എനിക്കു ചിന്തിക്കാവുന്നതിന്റെയും അപ്പുറമുള്ള കാര്യങ്ങളാണ് പറഞ്ഞതും കാണിച്ചതും…..

“”വിപിനെ നീ എന്തൊക്കെ അനാവശ്യം ആണെടാ പറയുന്നത്…. “” ഞാൻ ഇത്തിരി ദേഷ്യത്തോടെ ചോദിച്ചു….

“”അതേടി നിനക്ക് ഇപ്പോളെല്ലാം അനാവശ്യമായി തോന്നും…അത് നിന്റെ കുറ്റം അല്ല നിന്റെ വർഗ്ഗത്തിന്റെ കുറ്റം ആണെടി….നീ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞില്ലായെങ്കിൽ ഞാൻ ഇവിടെ വച്ചു വിഷം കഴിക്കും….”” എന്നും പറഞ്ഞു അവൻ ഒരു കുപ്പി കയ്യിൽ എടുത്തു

പെട്ടെന്നെന്റെ അച്ഛനും ചേട്ടനും കൂടി അവനെ തല്ലാൻ വന്നു….അവന്റെ കൂട്ടുകാർ എല്ലാം അവനെ വളഞ്ഞു നിന്ന് സംരക്ഷിച്ചു…..

“”ചുമ്മാ ഇവിടെ കിടന്നു പ്രശ്നം ഉണ്ടാകരുത്…”” ചേട്ടൻ പറഞ്ഞു.

“”അവളുടെ ഭാവി തകർക്കരുതെടാ മോനെ….”” അച്ഛൻ അവനോടു പറഞ്ഞു..

ഞാനങ്ങു കരഞ്ഞു പോകും എന്നുള്ള അവസ്ഥയിലായി….

വന്ന ബന്ധുക്കളിൽ പകുതി പേര് അവന്റെ പക്ഷത്തായി…ഒരു കൊച്ചു പയ്യനെ ചതിച്ചിട്ടു വേണോ ഇവൾക്ക് ഒക്കെ ജീവിതം തുടങ്ങാൻ എന്നായിരുന്നു അവരുടെ ഭാഷ്യം….

പെട്ടെന്ന് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട്  വിപിനും കൂട്ടുകാരും  കൂടെയെന്റെ  സഹപാഠികൾ മുഴുവനും ചിരിച്ചു…എന്നിട്ടു കൂടി നിന്നവരോടായി വിപിൻ പറഞ്ഞു…..

“”ഞാൻ ഇവിടെ പറഞ്ഞതൊക്കെ സത്യമാണ്. എനിക്ക് സ്നേഹയെ ഇഷ്ടമാണ്…പക്ഷെ അതെന്റെ  സഹോദരിയെ പോലെ…ഇവൾ ഇല്ലാതെ ജീവിക്കാൻ വയ്യ…അതും പറഞ്ഞത് സത്യമാണ്…സഹോദരി ആയി ജീവിതം മുഴുവൻ വേണം…രാജീവ്‌ അളിയനുമായി  ഞാനിപ്പോൾ  തന്നെ കമ്പനിയായി…പിന്നെ ഫോട്ടോസ് അതീലോകത്ത് വേറെ ആരുടെ തോളിൽ ചാരി അവളിരിക്കുന്നതിനേക്കാൾ  സുരക്ഷിതയാണ്  അവൾ എൻ്റെ തോളിൽ…ഇത് ഞങ്ങളുടെ ഒരു നാടകമായിരുന്നു..ഈ നാടകത്തിൽ ഞങ്ങളോട് സഹകരിച്ച സ്നേഹയുടെ അച്ഛനും അമ്മയ്ക്കും ചേട്ടനും പ്രത്യേകം നന്ദി അറിയിക്കുന്നു…. “”

വിപിൻ ഇത്രയും പറഞ്ഞതും ഞാൻ  വിപിനെ തല്ലാൻ ഇട്ടു ഓടിക്കുക ആയിരുന്നു.

“”ഇന്ന് നിന്നെ കൊ ല്ലുമെടാ ഞാൻ… “”

“”അങ്ങനെ ടെൻഷൻ ഒന്നുമടിക്കാതെ  സുഖിച്ചു നീയിപ്പോൾ കല്യാണം കഴിക്കണ്ടടി”” പറഞ്ഞു വിപിൻ ഓടി. കൂട്ടുകാർ എല്ലാം പുറകെയും….

അച്ഛന്റെയും അമ്മയുടെയും സഹോദരന്റെയും ചിരിയിൽ വന്ന ബന്ധുക്കളും ഒത്തു ചേർന്നു…..

കാപട്യമില്ലാത്ത നിഷ്കളങ്കമായ  പുതു തലമുറയുടെ സൗഹൃദങ്ങളെ പുകഴ്ത്തി കൊണ്ട്….

A story by അരുൺ നായർ

എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട് പുതുലമുറയിലെ പിള്ളേർ വർഗം തിരിക്കാതെ കാണിക്കുന്ന സൗഹൃദം നമുക്കൊന്നും ലഭിച്ചിട്ടില്ലെന്ന്…ഭാഗ്യത്തിന് അതിൽ അസൂയ ഉണ്ടാകുന്നില്ല അല്ലങ്കിൽ ഞാനുമൊരു കുറ്റം കണ്ടുപിടിക്കൽ വിദ്വാൻ ആയേനെ…നമ്മുടെ കുറ്റമോ അവരുടെ ഗുണമോ അല്ല അത് കാലത്തിന്റെ വളർച്ചയാണ്….