റെനിച്ചേട്ടന്റെ വീട്ടുകാരുടെ മുന്നിൽ ഞാൻ നാണം കെട്ടു പപ്പ കാരണം, പപ്പ എന്ത് പണിയാ ഈ കാണിക്കുന്നേ…

ഒരു പ്രവാസിയുടെ ജീവിതം.

Story written by Anitha Anu

==========

“നീ വീണ്ടും ഇങ്ങോട്ട് വരുന്നു എന്ന് കേട്ടല്ലോ ജോർജേ”

ബഷീർക്കയുടെ ചോദ്യത്തിന് ഞാൻ ഒന്നു മൂളിയതേ ഉള്ളു…

“ഈ വരുന്ന ഇരുപത്തേഴ്‌നു ഞാൻ അവിടെ എത്തും ബഷീർക്ക..എല്ലാം വന്നിട്ട് പറയാം, ശെരി വെക്കട്ടെ.”

ഞാൻ ഫോൺ ഓഫാക്കി കുറേ സമയം  പുറത്തെ ചവിട്ടുപടിയിൽ ഇരുന്നു, ഇനി തിരിച്ചു വരില്ല എന്ന് പറഞ്ഞിട്ട് തന്നെയാണ് ഞാൻ പ്രാവാസി ജീവിതം മതിയാക്കി വന്നത്. ഇരുപത്തിയഞ്ച്‌ വയസ്സിലാണ് വിദേശത്ത് പോയത്, നീണ്ട ഇരുപത്തേഴ് വർഷം അവിടെ കിടന്ന് കഷ്ടപ്പെട്ടു ജീവിതത്തിന്റെ നല്ല പ്രായം ഹോമിച്ചു. എല്ലാ പ്രവാസികളുടെയും കാര്യം ഇത് തന്നെയാണ്.

“അല്ല നിങ്ങൾ ഇവിടെ ഇരിക്കുകയാന്നോ. കടയിൽ പോകാൻ പറഞ്ഞിട്ട് എത്ര നേരമായി  ഞാൻ ഇവിടെ കിടന്ന് കഷ്ടപ്പെടുന്നത് കാണുന്നില്ലേ നിങ്ങൾ, ഒരു കൈ സഹായിച്ചാ- ലെന്തോന്നാ മനുഷ്യാ.. “

ഭാര്യയുടെ പതിവ് വഴക്ക് തുടങ്ങി, വേഗം സഞ്ചിയുമെടുത്ത് പുറത്ത് ഇറങ്ങി. എന്റെ ഭാര്യക്ക് എന്നോടുള്ള സ്നേഹമൊക്കെ എങ്ങോട്ട് പോയി, എത്ര വേഗമാണ് അവളുടെ സ്വഭാവം മാറിയത്..

“കഷ്ടപ്പാടെങ്കിൽ നിങ്ങൾ ഇങ്ങു പോന്നോളു എന്ന് പറയും, പിന്നെ കൂട്ടി ചേർക്കും അവിടെയാകുമ്പോൾ ആരും കടം ചോദിച്ചാൽ തരും, പിന്നെ ഇവിടെ വന്നിട്ട് എന്താക്കാനാണ്  ഇപ്പഴാണെങ്കിൽ കാര്യങ്ങൾ നേരെ ചൊവ്വേ നടക്കുന്നുണ്ട്, മക്കൾക്ക് നല്ല വിദ്യാഭ്യാസം കിട്ടുന്നുണ്ടല്ലോ അവിടം വിട്ട് വന്നാൽ മക്കൾക്ക് ഇത്ര നല്ല സ്കൂളിൽ പഠിക്കാൻ പറ്റോ?. എങ്ങിനെയെങ്കിലും കുറച്ചു കാലം കൂടി നിൽക്കു”

“എനിക്ക് സങ്കടമില്ലാന്നാണോ നിങ്ങളുടെ വിചാരം പിന്നെ എല്ലാം സഹിക്കുക തന്നെ മക്കളെ ഓർത്തു…”

എനിക്ക് വല്ലതും പറയാൻ അവസരം തരാതെ അവളുടെ പ്രശ്നങ്ങൾ പറഞ്ഞു ഫോൺ വെക്കും, നടക്കുമ്പോൾ കിതപ്പ് വരുന്നു എന്താണോ ഏന്തോ? ഗൾഫ്കാർക്ക് അവസാനം കിട്ടുന്നത് കുറേ രോഗങ്ങളാണ് അതാണ് സ്വന്തമായിട്ടുള്ള മുതല്…

കടയിൽ നിന്ന് സാധനങ്ങൾ എല്ലാം വാങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങുമ്പോഴാണ് മൂത്ത മകൾ ആൻസിയുടെ വിളി..

“പപ്പയെവിടെയാ”

“ഞാൻ കടയിൽ പോയേക്കുവാ മോളേ, ഞങ്ങൾ അങ്ങോട്ട് വരുന്നുണ്ട് താറാവും, നല്ല മീനും ഒക്കെ വാങ്ങണെ പപ്പാ..സന്ധ്യക്ക് മുന്നേ ഞങ്ങൾ അവിടെ എത്തും മമ്മിയോട് പറഞ്ഞേക്കൂ”

“ആ മോളെ..”

അത് അവൾ മുഴുവൻ കേട്ടോ എന്നറിയില്ല ഫോൺ കട്ടായി, കട്ടാക്കിയതാവും വീണ്ടും വീട്ടിൽ പോയിട്ട് വരാൻ ഒന്നും വയ്യ, ജിൻസിയോട് ചോദിക്കട്ടെ എന്ത് വേണമെന്ന്…അല്ലേ പിന്നെ അവളുടെ പിറുപിറുക്കൽ കേൾക്കേണ്ടി വരും, ഫോൺ എടുത്തു ജിൻസിയെ വിളിച്ചു.

“ഹലോ.. എടി ആൻസി മോൾ വിളിച്ചു, അവളും കെട്ടിയോനും വരുന്നുണ്ട്. താറാവും നല്ല മീനും വാങ്ങാൻ പറഞ്ഞു..”

“ആന്നോ പെണ്ണ് വരുന്നുണ്ടോ?.. അവളുടെ സ്വരത്തിൽ സന്തോഷം നിറയുന്നത് കണ്ടു.

“എങ്കിൽ വാങ്ങിക്കോളു, പിന്നെ കുറച്ചു ചെമ്മിനും വാങ്ങിക്കോളു പിന്നെ പെറോട്ടയും കുറച്ചു വാങ്ങിയേരേ..” അവൾ വീണ്ടും ഓരോ സാധനത്തിനായി പറഞ്ഞു കൊണ്ടേയിരുന്നു..

“ശെരി ശെരി ഞാൻ ഫോൺ വെക്കുകയാണേ” ആശ്വാസത്തോടെ ഫോൺ കീശയിൽ വെച്ചു.

“പപ്പയെന്തെ ഇവിടെ നിൽക്കുന്നേ?..” മുന്നിൽ ഇളയ മകൾ പ്രിൻസി സ്കൂട്ടിയിൽ.

“മോളു പപ്പ മമ്മിക്ക് ഫോൺ ചെയ്യുകയായിരുന്നു”.. ഞാൻ അവളോട് കാര്യങ്ങളെല്ലാം വിശദീകരിച്ചു..

“ഈ സഞ്ചി വണ്ടിയിൽ വെക്കട്ടെ പപ്പ മാർക്കറ്റിൽ പോയി വരാം..എന്നാ മോളു ചെല്ലു..”

അവളെ കണ്ടത് നന്നായി സഞ്ചിയും തൂക്കി നടക്കണ്ടല്ലോ, മാർക്കറ്റിൽ നിന്ന് പറഞ്ഞ സാധനങ്ങൾ എല്ലാം വാങ്ങി വീട്ടിൽ എത്തി ജിൻസിയെ ഏൽപ്പിച്ചു തിരികെ നടക്കാൻ തുടങ്ങുമ്പോൾ..

“അല്ല എവിടെ പോന്നു…എന്നെ ഒന്ന് സഹായിക്കു മനുഷ്യാ..എല്ലാം ഒന്ന് ഉണ്ടാക്കി എടുക്കണ്ടെ..”

“നീ ആദ്യം ഒരു ഗ്ലാസ് ചായ എടുക്കു,..”

അതും പറഞ്ഞു സഞ്ചിയിലെ സാധനങ്ങൾ എല്ലാം മേശപ്പുറത്ത് എടുത്തു വച്ചു. ആൻസിയും ഭർത്താവും വരുമ്പോൾ ഏഴ് മണി കഴിഞ്ഞു, അമ്മക്കും മൂത്ത മകൾക്കും എന്നും സ്വകാര്യം പറച്ചിലുതന്നെയാണ്, രാത്രി പ്രാർത്ഥന കഴിഞ്ഞു അത്താഴം കഴിച്ചു എല്ലാരും കിടന്നു.

ഞാൻ സിറ്റൗട്ടിൽ പോയി ഇരുന്നു ഇനി കൃത്യ- മായിട്ട് പറഞ്ഞാൽ പതിനാല് ദിവസമെ ഉള്ളു ഞാൻ എന്റെ വീട്ടിൽ.. അത് കഴിഞ്ഞു വീണ്ടും ഒരു തിരിച്ചു പോക്ക് ഞാൻ ആഗ്രഹിച്ചിരുന്നില്ല ഉള്ളിൽ ഒരു വല്ലാത്ത നോവ് പടർന്നു. സാഹചര്യങ്ങളാണല്ലോ എല്ലാം ചെയ്യിക്കുന്നുത്. ഗൾഫിൽ നിന്ന് വരുന്നതിന്റെ തലേ രാത്രി സാധനങ്ങൾ എല്ലാം പാക്ക് ചെയ്തു എല്ലാരോടും യാത്ര പറഞ്ഞു. ഇനി ഒരു കണ്ടുമുട്ടൽ ഉണ്ടാവില്ലന്ന് മനസ്സിൽ ഞാൻ മന്ത്രിച്ചു യാത്ര പറഞ്ഞു പിരിഞ്ഞു.

ഇരുമ്പു കട്ടിലിൽ ചെന്ന് കിടക്കുമ്പോൾ ആദ്യമായി കട്ടിലിനോടും ഒരു ഇഷ്ടം തോന്നി..

ഏഴ് വർഷമായി ഈ  മുറിയിലെ ഈ കട്ടിൽ എന്റെ ഭാരം ചുമക്കുന്നു, ഇനി ഇതിന് മറ്റ് ഒരവകാശി വരും. ഇവിടെ ജോലിക്ക് വന്ന ശേഷം മുന്നാമത്തെ താമസ സ്ഥലമാണിത്.

നാട്ടിൽ വരുന്നതിന് മറ്റ് ഒരു കാരണവും ഉണ്ട് ആൻസിയുടെ കല്യാണവും ഉണ്ട്, അത് കഴിഞ്ഞാൽ പിന്നെ രണ്ട് മൂന്ന് കൊല്ലം കഴിഞ്ഞിട്ടെ പ്രിൻസിയുടെ നടത്തേണ്ടതുള്ളു. അവൾക്ക് ജോലി കിട്ടിയതെ ഉണ്ടായിരുന്നുള്ളു ഒരു ബാങ്കിൽ, മൂത്തവൾക്ക് ഒരു ഐടി കമ്പനിയിലും. മൂത്തവളെ കല്യാണം കഴിപ്പിച്ചയച്ചാൽ അവിടെ ചെറിയ കച്ചവടം തുടങ്ങാം അത് മതിയാകും എനിക്കും ജിൻസിക്കും കഴിയാൻ, ഇളയവൾക്ക് വേണ്ടിയും കുറച്ച് കാശ് കരുതിയിട്ടുണ്ട് അത് മതി. ഇനിയും ഇങ്ങനെ അധ്വാനിക്കാൻ വയ്യ നേരാവണ്ണം ഉറങ്ങിയിട്ടും ഒരു നല്ല ഭക്ഷണം കഴിച്ചിട്ടും നാൾ എത്രയായി..നാട്ടിൽ വന്നാലോ തിരക്കോട് തിരക്ക് ഭാര്യക്ക് ഒരുമിച്ചു കുടുംബ വീട്ടിൽ പോകണം, മക്കൾക്കാണെങ്കിൽ എവിടെയെങ്കിലും യാത്ര പോകണം, എല്ലയിടത്തും പോയി വന്നു കഴിഞ്ഞാൽ തിരിച്ചു വരണ്ട ദിവസമായി അതും തിരക്ക് തന്നെ. നേരാം വണ്ണം ഉറങ്ങിയോ അതും ഇല്ലാ..മക്കൾ കെട്ടിപ്പിടിച്ചു കിടക്കുമ്പോൾ ഭാര്യ വീർത്ത മുഖവുമായി തിരിഞ്ഞു കിടക്കും മക്കൾ ഉറങ്ങിയാൽ മെല്ലെ എഴുന്നേറ്റു അവളുടെ അടുത്തു ചെന്ന് കിടന്നു അവളുടെ പിണക്കം തീർക്കും, വീണ്ടും ഒരു മടങ്ങി പോക്ക് മതിയായി നാട്ടിലേക്ക് തിരിച്ചു പോകണം..എന്ന ചിന്ത മാത്രമെ ഉണ്ടായിരുന്നുള്ളു
ആൻസിയുടെ കല്യാണ ശേഷമാണ് ഞാൻ പറഞ്ഞത് ഇനി തിരിച്ചു പോണില്ലെന്ന് ആദ്യം ഞെട്ടിയത് ഭാര്യയായിരുന്നു

“എന്താ പറയുന്നെ രണ്ടാമത് ഒരു കൊച്ചും കൂടിയുണ്ടേ അതിനെയും ഒരാളുടെ കൂടെ പറഞ്ഞയക്കണ്ടേ.. “

“അയക്കാമെടി കുറച്ചു കാശ് ഉണ്ട് അതിന് മാറ്റി വെച്ചിട്ടുണ്ട്, പിന്നെ അവൾക്ക് ജോലിയുണ്ടല്ലോ. കുറച്ച് കാശ് അവളും ഉണ്ടാക്കുമല്ലോ രണ്ട് വർഷം കഴിഞ്ഞിട്ട് നോക്കിയാപ്പോരെ കല്യാണം ജിൻസി..”

വീർത്ത മുഖം കണ്ടപ്പോളെ മനസ്സിൽ ഒരു ആശങ്കയുണ്ടായതാണ് പിന്നെ ജിൻസിയുടെ മുഖം തെളിഞ്ഞിട്ടില്ല, വെറുതെയിരുന്നിട്ട് വല്ല അസുഖവും പിടിക്കും മനുഷ്യ എന്ന് ഇടക്ക് ഇടക്ക് അവൾ പിറുപിറുത്തു കൊണ്ടിരിക്കും.

വീട്ടിനടുത്തു കടകൾ ചിലത് ഒക്കെ കണ്ടു വെച്ചു അവിടെ ഒരു പലചരക്ക് കട തുടങ്ങാം എന്ന് കരുതി അപ്പോഴാ ഒരു കൂട്ടുകാരൻ പറഞ്ഞത്, നീ എന്റെ കടയിൽ നിക്കടാ കുറച്ച് നാൾ അത് കഴിഞ്ഞു നമുക്ക് രണ്ടാൾക്കും കൂടി അവിടെ റെഡിമെയ്ഡ് ഷോപ്പ് തുടങ്ങാം അതാ നല്ലതെന്ന് തോന്നി; അവന്റെ തുണിക്കടയിൽ പോയി തുടങ്ങി, അതോടെ തുടങ്ങി പ്രശ്നം.

“നാണം കെടുത്താൻ നടക്കുന്നു വല്ലവന്റെയും കടയിൽ ജോലിക്ക് പോകുന്നു എന്റെ ആങ്ങളമാർ അറിഞ്ഞാൽ എന്താ സ്ഥിതി”..

ജിൻസിയുടെ പരാതികൾ നീളുകയല്ലാതെ ഒരവസാനം ഉണ്ടായിരുന്നില്ല, ഒരു ഗൾഫുകാരനെയാണ് അവൾ കല്യാണം കഴിച്ചത് അപ്പോ അവളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഗൾഫുകാരനായ അച്ഛനെയാണ് മക്കൾക്കുമിഷ്ടം, മൂത്തവൾ വന്നിട്ട് മുഖം വിർപ്പിച്ചിരിക്കുന്നു എന്ത് ചോദിച്ചിട്ടും മറുപടിയില്ല പിന്നെ ഒരു പൊട്ടിത്തെറിയായിരുന്നു

“റെനിച്ചേട്ടന്റെ വീട്ടുകാരുടെ മുന്നിൽ ഞാൻ നാണം കെട്ടു പപ്പ കാരണം; പപ്പ എന്ത് പണിയാ ഈ കാണിക്കുന്നേ..”

അവളോട് ഞാൻ കാര്യങ്ങൾ പറഞ്ഞു ഒരു റെഡിമെയിഡ് ഷോപ്പ് തുറക്കാൻ ഞാനും കൂട്ടുകാരനും കൂടെ പരിപാടിയിട്ടിട്ടുണ്ട് അത് വരെ അവന്റെ കടയിൽ നിന്ന് എല്ലാം പടിച്ചെടുക്കുകയും ചെയ്യാം ബിസിനസ്സിനെ പറ്റി.

“പപ്പക്ക് തനിച്ചു ചെയ്യാൻ മേലെ ബിസിനസ്സ് എന്തിനാ മറ്റുള്ളവരെ കൂട്ടുപിടിക്കുന്നത് “

“അതിന് അത്ര മാത്രം കാശ് പപ്പയുടെ കൈയ്യിൽ ഇല്ല..”

“പിന്നെയെന്തിനാ പപ്പ ഇത്ര പെട്ടന്ന് ഗൾഫിലെ ജോലി വിട്ടത്, കുറച്ചു കൂടെ നിൽക്കാമായിരുന്നില്ലേ..”  ഇളയ മകളുടെ വകയായിരുന്നു ആ ചോദ്യം

“ഗൾഫിലെ ജോലി കളഞ്ഞിട്ട് വരെണ്ട വല്ല കാര്യമുണ്ടോ?. അതിന് മാത്രം പ്രായമായോ..” ഭാര്യയുടെ പരാതി.

ഇവർ മൂന്നു പേരും തനിക്ക് ചുറ്റും നിന്ന് അമ്പുകൾ എയ്ത് വിടുകയാണ് അത് തറച്ചു രക്തം പൊടിയുന്നത് അവർ അറിയുന്നില്ല. തനിക്ക് വേണ്ടി പരിച ഉയർത്താൻ ആരുമില്ലാതായി.

എന്റെ അമ്മച്ചി…ഞാൻ അമ്മച്ചിയെ ഓർത്തു അവിടെ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് നടന്നു..എന്ത് പറഞ്ഞാലും മുഖവും വീർപ്പിച്ച് നടക്കും ജിൻസിയുടെ വാക്കുകൾ കാതിൽ എത്തി എന്റെ കുഞ്ഞു തളരല്ലെ അമ്മച്ചിയില്ലേ മോന്..അമ്മയുടെ സ്വരം കേൾക്കുന്നു. ഒരു ചെറുകാറ്റ് വന്നു എന്നെ തലോടി കടന്നുപോയി അമ്മച്ചിയുടെ മണമായിരുന്നു ആ കാറ്റിന്…

ബീച്ചിൽ പോയി കുറേ സമയം ഇരുന്നു, രാത്രിയാണ് തിരിച്ചു വീട്ടിൽ പോയത് ഒന്നും കഴിക്കാൻ  തോന്നിയില്ല ആരും വിളിച്ചുമില്ല ഭക്ഷണം മേശപ്പുറത്ത് എടുത്തു വെച്ചിട്ടുണ്ടായിരുന്നു.

അന്ന് രാത്രി പലതും ആലോചിച്ചു ഉറപ്പിച്ചു ഇനി അവിടെക്ക് ജോലിക്ക് പോകണ്ട, ചെറിയ ഒരു കട തുടങ്ങാമെന്ന് തീരുമാനിച്ചു. ആദ്യം കണ്ടു വെച്ച കടയുടമയെ ചെന്നു കണ്ടു കാര്യങ്ങൾ പറഞ്ഞു, കട തുറന്നു കാണിച്ചു തന്നു കടക്ക് ചില പണികൾ ഒക്കെയുണ്ട് പലചരക്ക് കടയുടെ സൗകര്യത്തിന് അത് അത്യാവശ്യമാണ്. ഈ കാര്യം ജിൻസിയോട് പറഞ്ഞു അവൾ പിണക്കത്തിൽ തന്നെയായിരുന്നു  പ്രതികരണം ഒന്നും ഉണ്ടായില്ല.

രണ്ട് ദിവസം കഴിഞ്ഞു ഒരു സ്നേഹിതനെ വിളിച്ചു കട തുറന്നു കാണിച്ചു കൊടുത്തു, ചെയ്യാനുള്ള പണിയെപ്പറ്റി പറഞ്ഞു അടുത്ത ആഴ്ച പണി തുടങ്ങാമെന്നും പറഞ്ഞു. കടയുടമയുടെ അടുത്തു പോയി വാടകയും അഡ്വാൻസിന്റെ കാര്യത്തിലും തീരുമാനമാക്കി.

അന്ന് വൈകുന്നേരം ആൻസി വന്നു, ഭർത്താവ് ഇല്ലായിരുന്നു പരിഭവമൊന്നുമില്ലായിരുന്നു അവൾക്ക്, റെനി ബോംബയിൽ പോയിരിക്കുന്നു രണ്ട് ദിവസം ഇവിടെ നിൽക്കാമെന്ന് കരുതി എന്ന് അവൾ പറഞ്ഞു. പഴയ സ്നേഹമൊക്കെ തന്നെയായിരുന്നു..

വീട് വീണ്ടും ഉണർന്നു, രാത്രി അത്താഴം കഴിക്കാൻ ഇരുന്നപ്പോൾ പഴയ ചിരിയും കളിയും തിരിച്ചു വന്നു, വീട് വീണ്ടും പഴയപടിയായി ഈ ശാന്തത എന്നെ കുരുക്കാനുള്ള തന്ത്രമാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല, ഭാര്യയും മക്കളും പഴയത് പോലെ എന്നെ സ്നേഹിക്കാൻ തുടങ്ങിയതായി ഞാൻ കരുതി.

ജിൻസിയാണ് തുടക്കമിട്ടത് നിനക്ക് ചോദിക്കരുതോ നിന്റെ പപ്പയോട്, എന്തിനാണ് എന്നെ കൂട്ട് പിടിക്കുന്നത് ഞാൻ ചോറുരുള കൈയിൽ പിടിച്ചു അവളെ നോക്കി എന്തോ കുരുക്ക് ആണെന്ന് ഞാൻ ഊഹിച്ചു അതെ അത് തന്നെയായിരുന്നു.

“പപ്പ എനിക്ക് കുറച്ച് കാശ് വേണം കുറച്ച് സ്ഥലം മേടിക്കാനാണ്, റെനിയുടെ അളിയൻ ഒരു സ്ഥലം വാങ്ങാൻ തീരുമാനിച്ചു അതിനോട് ചേർന്നു കുറച്ച് സ്ഥലം കൂടെ കൊടുക്കുന്നുണ്ട്, അത് വാങ്ങണമെന്ന് റെനി പറയുകയുണ്ടായി ചെറിയ പൈസക്ക് കിട്ടും ഞങ്ങളുടെ കൈയിലുള്ള പൈസ തികയില്ല കുറച്ച് കുറവുണ്ട്.. പപ്പ തരും എന്ന് പറഞ്ഞിട്ടാണ് ഞാൻ ഇവിടെക്ക് വന്നത്…”

“എന്റെ കൈയിൽ എവിടെ കാശ് മോളെ പപ്പ ഒരു കട തുടങ്ങാൻ പോകുകയല്ലേ അടുത്ത ആഴ്ച അതിന്റെ പണി തുടങ്ങും..”

“ഇത് നല്ല കഥ അവൾക്ക് ഒരാവശ്യം വന്നാൽ നിങ്ങളല്ലെ കൊടുക്കണ്ടത് എന്നിട്ട് ആണോ ഈ പറയുന്നേ.. ” എന്ന് ജിൻസി

“എടി എന്റെ കൈയിൽ ഇല്ലല്ലോ.. “

“കട തുടങ്ങാൻ കാശ് ഉണ്ട് അല്ലേ ?.. ” ജിൻസി എടുത്തു ചോദിച്ചു

“എടി നമുക്ക് ജീവിക്കണ്ടേ..”

“ജീവിക്കണം അത് അറിഞ്ഞിട്ടാണോ നല്ലൊരു ജോലി വിട്ടിട്ട് ഇങ്ങോട്ട് പോന്നത്?..ഇപ്പോ മനസ്സിലായോ ഞാൻ എന്തെങ്കിലും പറഞ്ഞാൽ കുറ്റമായി, ദേഷ്യമായി..ഞാൻ ഒന്നും പറയുന്നില്ല..” ജീൻസി എഴുന്നേറ്റു പോയി.

രാത്രി കിടന്നിട്ടു ഉറക്കം വന്നില്ല എന്താ ചെയ്യണ്ടത്?.. ഞാൻ കാശ് കൊടുത്തില്ലേൽ പ്രശ്നം തന്നെയാണ് ഞാൻ ഒരു തീരുമാനത്തിലെത്തി. രാവിലെയായപ്പോൾ ആൻസിയെ വിളിച്ചു

” മോളെ ആൻസി.. “

ആരുടെയും മറുവിളി കേട്ടില്ല എഴുന്നേറ്റു അവളുടെ മുറിയിലേക്ക് ചെന്നു അമ്മയും മക്കളും ഒരേ കിടപ്പ് തന്നെ സമരം തുടങ്ങിയെന്ന് മനസ്സിലായി.

” മോളെ കാശ് പപ്പ തരാം മോളു റെഡിയായിട്ട് വാ..പപ്പയുടെ കൂടെ ഒന്ന് ബേങ്ക് വരെ വരേണ്ടി വരും..”

അതും പറഞ്ഞു ഞാൻ വേഗം മുറിക്ക് പുറത്തി ഇറങ്ങി എന്ത് ചെയ്യണം മനസ്സ് വല്ലാതെ വീങ്ങുന്നുണ്ടായിരുന്നു വെറുതെ പുറത്തേക്ക് നടന്നു, ഓരോന്ന് ഓർത്തു നടന്നു..

ആദ്യമായി ഗൾഫിൽ പോയത്..അമ്മച്ചിക്ക് ഒട്ടും താൽപര്യമില്ലായിരുന്നു ഗൾഫിൽ പോകുന്നതിനോട് ഒറ്റമോനെ പിരിയുന്നതിനുള്ള സങ്കടം അപ്പച്ചനും അങ്ങനെ തന്നെ ഉണ്ടായിരുന്നു പുറത്ത് പ്രകടിപ്പിച്ചില്ല എന്ന് മാത്രം. എന്തൊക്കെ സ്വപ്നങ്ങളുമായാണ്

മണലാരണ്യത്തിൽ ചെന്ന്ത് ചില സമയത്ത് എല്ലാം നിറുത്തി തിരിച്ചു പോയാലോ എന്ന് പലവട്ടം തോന്നിട്ടുണ്ട്. എത്തിപ്പെട്ട് പോയില്ലേ, തുഴഞ്ഞ് മുന്നോട്ട് നീങ്ങുക തന്നെ. വീട് എന്ന സ്വപ്നം സാധിച്ചെടുത്തു അതിനിടയിൽ വിവാഹവും. ഓരോ വരവിലും തിരിച്ചു പോകുമ്പോൾ തന്നെ ചുറ്റിവരിഞ്ഞു കരഞ്ഞവൾ തന്റെ ഭാര്യ, പിന്നെ മക്കൾ അതേറ്റെടുത്തു പിന്നെ പിന്നെ അവരും ആ ചടങ്ങ് നിറുത്തി, പക്ഷേ അമ്മച്ചി മാത്രം കെട്ടിപിടിച്ചും തന്നെ ഉമ്മ വെച്ചും തലോടിയും കരച്ചിലടക്കി യാത്ര അയക്കും. അപ്പച്ചന്റ കണ്ണിൽ നിന്ന് രണ്ടിറ്റ് കണ്ണീർ വീഴാതിരിക്കില്ല അപ്പച്ചൻ എന്നെ യാത്ര അയച്ച നാൾ വരെ പലതും ചിന്തിച്ചു നടന്നു നടന്നു എത്തിയത് അമ്മച്ചിയുടെയും അപ്പന്റെയും കുഴിമാടത്തിനരികൽ, കുറച്ച് നേരം അവിടെ നിന്ന് എന്റെ സങ്കടങ്ങൾ എല്ലാം പറഞ്ഞു  പ്രാർത്ഥിച്ചു വീട്ടിലേക്ക് മടങ്ങി.

കുളിച്ചു ഭക്ഷണം കഴിച്ചു ആൻസിയെയും കൂട്ടി ബേങ്കിൽ പോയി ആവൾ ആവശ്യപെട്ടതുക എടുത്തു കൊടുത്തു അവളെ വീട്ടിലേക്ക് പറഞ്ഞയച്ചു ഇനിയെന്ത് ചെയ്യും കച്ചവടം തുടങ്ങാൻ കാശില്ല രണ്ട് മുന്നു മാസം കഴിയാനുള്ള കാശ് മാത്രമെ ഉള്ളു.. എന്ത് ചെയ്യണമെന്ന് ഒരു പിടിയുമില്ല ടൗണിൽ കൂടി നടക്കുമ്പോൾ പഴയ കൂട്ടുകാരനെ കണ്ടു കുറേ നേരം സംസാരിച്ചിരുന്നു, അവൻ നിർബ്ബദ്ധിച്ചപ്പോൾ ബാറിൽ പോയി മ ദ്യപിച്ചു നന്നായിട്ടു തന്നെ അകത്താക്കി. ആരോടോ ഉള്ള പ്രതിക്ഷേധം പോലെ…

അവിടെ നിന്ന് നേരെ കടൽക്കരയിൽ പോയി വെയിലാറിവരുന്നതെ ഉണ്ടായിരുന്നുള്ളു സന്ധ്യവരെ അവിടെ ഇരുന്നു. ഫോൺ സ്വിച്ച് ഓഫാക്കി വെച്ചിട്ടുണ്ടായിരുന്നു. പിന്നീട് നേരെ വീട്ടിലേക്ക് ചെന്നു ജിൻസി മുഖം വീർപ്പിച്ചു ഉമ്മറത്തു തന്നെ നിൽപ്പുണ്ടായിരുന്നു അവളെ ശ്രദ്ധിക്കാതെ ഉമ്മറത്തു നിന്നു വിട്ടിനുള്ളിൽ കടക്കുമ്പോൾ അവൾ എന്ത് ഒക്കെയാ വിളിച്ചു പറയുന്നുണ്ടായിരുന്നു ഒന്നും ശ്രദ്ധിക്കാൻ പോയില്ല മുറിയിൽ പോയി കിടന്നു പെട്ടന്നു തന്നെ ഉറങ്ങിപ്പോയി.

രാവിലെ ഉണർന്നപ്പോൾ പുതിയ തീരുമാനത്തിലെത്തി വീണ്ടും തിരിച്ചു പോകുക അല്ലാതെ ഒരു രക്ഷയുമില്ല. ഇവിടെ നിന്നിട്ട് ഇനിയെന്ത് കാര്യം ആകെയുള്ള ഇനി സമ്പാദ്യം എന്ന് പറയാൻ കുറച്ച് അസുഖങ്ങൾ തട്ടിപ്പോയാൽ മതിയായിരുന്നു എന്ന് പോലും ആഗ്രഹിച്ചു പോകുന്നു.

പിന്നെ എല്ലാം പെട്ടന്നായിരുന്നു കമ്പനിയിൽ വീണ്ടും ജോലിക്ക് അപേക്ഷിച്ചു കിട്ടുമെന്ന് ഉറപ്പുണ്ടായിരുന്നു തിരിച്ചു പോകാനുള്ള ഒരുക്കത്തിലാണ് ഞാൻ പോകുന്നതിന്റെ തലേ ദിവസമെ ഞാൻ എന്റെ ഭാര്യയോടും മക്കളോടും പറയുകയുള്ളു എന്ന് തീരുമാനിച്ചു അവർ വിചാരിച്ച പോലെ തന്നെ കാര്യം നടക്കുമല്ലോ അവർ സന്തോഷിക്കട്ടെ അതാണല്ലോ ഒരു ഭർത്താവിന്റെയും..
ഒരച്ഛന്റെയും കടമ..

ശുഭം…

~അനിത പൈക്കാട്ട്