മിഴി
Story written by Aparna Dwithy
===============
ഒരു ട്രെയിൻ യാത്രയിലാണ് തനിക്കാ ബാഗ് ലഭിച്ചത് അന്നു മുതൽ മിഴി തന്റെ ഉറക്കം കെടുത്തിയിരിക്കുന്നു. പണമൊന്നും ആ ബാഗിൽ ഉണ്ടായിരുന്നില്ലെങ്കിലും അതിലും വിലമതിക്കുന്ന ചിലതായിരുന്നു അതിനകത്ത്. ഒന്ന് മിഴിയുടെ പേർസണൽ ഡയറിയും പിന്നെ തന്റെ കൈപ്പടയിൽ എഴുതി പൂർത്തിയാക്കിയ ഒരു നോവലും.
എങ്ങനെയെങ്കിലും അവളെ കണ്ടുപിടിക്കണം.
അനന്ദു അവളുടെ ബാഗിൽ നിന്നും വീണ്ടും ആ ഡയറി കയ്യിലെടുത്തു. ആദ്യ പേജിൽ തന്നെ മനോഹരമായ രണ്ടു മിഴികളുടെ ചിത്രം വരച്ചിരിക്കുന്നു. താഴെ ഭംഗിയായി “മിഴി ” എഴുതിയിരിക്കുന്നു. ആദ്യത്തെ കുറച്ചു പേജുകൾ ശൂന്യമായിരുന്നു. ശേഷം അവൾ അവളെ കുറിച്ചു ചെറുതായി എഴുതിയിരിക്കുന്നു. ചെറുപ്പത്തിലെ അമ്മ മരിച്ച കുട്ടി. അച്ഛൻ വീണ്ടും വിവാഹം ചെയ്തതോടെ അവളുടെ കഷ്ടകാലം ആരംഭിച്ചു. ഇരുപത്തിരണ്ടു വർഷങ്ങൾ അവൾ അനുഭവിച്ച കഷ്ടപ്പാടുകളും, പീ ഡനങ്ങളും അവളാ രണ്ടു പേജിൽ എഴുതി ഒതുക്കിയിരിക്കുന്നു.
പേജുകൾ വീണ്ടും മറിക്കുമ്പോൾ അവളെ കുറിച്ചു കൂടുതൽ അറിഞ്ഞു തുടങ്ങി. സ്കോളർഷിപ്പ് കിട്ടിയ പണം കൊണ്ട് തന്റെ പി ജി കോഴ്സ് പൂർത്തിയാക്കിയപ്പോൾ ആണ് ചെറിയമ്മ ഒരു കല്യാണലോചന കൊണ്ടു വന്നത്. ചെറിയമ്മയുടെ തന്നെ ബന്ധത്തിലുള്ള ഒരു നാല്പതു വയസ്സുകാരൻ. അയാളുടെ രണ്ടാം വിവാഹമാണ്, ഭാര്യ അഞ്ചു വർഷം മുൻപ് മരിച്ചുപോയത്രെ. കല്യാണത്തിന്റെ ചിലവുകൾ അയാൾ തന്നെ വഹിക്കും.
“ഞാൻ അയാളെ വിവാഹം ചെയ്താൽ ചെറിയമ്മയുടെ മകളുടെ, എന്റെ അനിയത്തിയുടെ ഭാവി സുരക്ഷിതമാവും. കോടീശ്വരനായ അയാൾ അവളുടെ പഠനത്തിന്റെ ചിലവും, വിവാഹത്തിന്റെ ചിലവും ഒക്കെ ഏറ്റെടുക്കും “
മിഴിയുടെ വരികളിൽ നിന്നും വ്യക്തമാണ് അവളുടെ അരക്ഷിതാവസ്ഥ.
തന്റെ എതിർപ്പുകൾക്ക് യാതൊരു വിലയും കല്പിക്കാതായപ്പോൾ അവൾ വീടുവിട്ടിറങ്ങാൻ തീരുമാനിച്ചു . അവളുടെ ഒരു സുഹൃത്ത് താമസിക്കുന്ന ഹോസ്റ്റലിലേക്ക്. അവിടെ ചെന്ന് ഒരു ജോലി കണ്ടുപിടിക്കണം അതായിരുന്നു അവളുടെ ലക്ഷ്യം. ഒരുപക്ഷേ ആ യാത്രയിലായിരിക്കാം അവളുടെ ഈ ബാഗ് നഷ്ടപ്പെട്ടതും. കാരണം, ആ യാത്ര വരെ മാത്രമേ അവൾ എഴുതിയിട്ടുള്ളു തുടർന്നുള്ള പേജുകൾ ശൂന്യമായിരുന്നു.
അനന്ദു വെറുതെ പേജുകൾ മറിച്ചുകൊണ്ടിരുന്നു…അവസാന പേജിൽ, “ഇരുട്ട് മൂടിയ തന്റെ ജീവിതത്തിലേക്ക് വെളിച്ചവുമായി ഒരാൾ വന്നിരുന്നെങ്കിൽ…. ” എഴുതിയിരിക്കുന്നു.
ആ ആൾ താനായിരുന്നെങ്കിൽ എന്ന് അനന്ദു വെറുതെ ഒന്ന് ആഗ്രഹിച്ചു.
അവൻ ആ ഡയറി അടച്ചു വെച്ചു. പെട്ടന്നായിരുന്നു അതിന്റെ കവറിന്റെ ഇടയിലൂടെ ഒരു പെൺകുട്ടിയുടെ ഫോട്ടോ പുറത്തേക്കു വന്നത്. അവനാ ഫോട്ടോ കയ്യിലെടുത്തു ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ…
“അപ്പോ ഇതാണ് മിഴി ” അവൻ തന്നോട് തന്നെ പറഞ്ഞു. പേരുപോലെ തന്നെ ആരെയും ആകർഷിക്കുന്ന കണ്ണുകളായിരുന്നു അവളുടേത്.
“എന്താ അനന്തൂട്ടാ രണ്ടീസായല്ലോ ഈ ഡയറീടെ പിറകെ ” പെട്ടന്നായിരുന്നു അനന്തുന്റെ അമ്മ കടന്നുവന്നത്.
‘ഒന്നൂല്ല അമ്മ. ഇത് വായിച്ചപ്പോൾ മുതൽ മിഴിയെ കാണാൻ ഒരാഗ്രഹം. അവളിപ്പോ എവിടെയാണോ ആവോ. ഒരു ജോലി കിട്ടിക്കാണുവോ? ‘
“ആവോ, പാവം കുട്ടി ” അമ്മ ആ ഡയറി വെറുതെ മറിച്ചു നോക്കി.
പെട്ടന്ന് എന്തോ കണ്ടുപിടിച്ച പോലെ അമ്മ ഒന്ന് നിന്നു.
“മോനേ ദേ ഇതിൽ അവളുടെ കൂട്ടുകാരീടെ ഹോസ്റ്റലിന്റെ പേരുണ്ട്. പിന്നെ കൂട്ടുകാരി ജോലി ചെയ്യണ സ്ഥലവും എഴുതീട്ടുണ്ട്. അപ്പോ ആ സ്ഥലത്തു തന്നാവും ഹോസ്റ്റലും. നീ അതുവഴി ഒന്ന് അന്വേഷിച്ചു നോക്കിക്കേ “
അവൻ ആ ഡയറി പിടിച്ചു വാങ്ങി. അതു വായിച്ചതും അവന്റെ മുഖത്തു ഒരു തെളിച്ചം വന്നു.
‘എന്നാ നാളെ തന്നെ പോകാം. അല്ലേ അമ്മ? ‘ അവൻ ആവേശത്തോടെ പറഞ്ഞു.
അപ്പോളേക്കും അമ്മ അവളുടെ നോവലിലെ താഴുകളിലൂടെ കണ്ണോടിക്കുകയായിരുന്നു.
“വേണ്ട. ഇപ്പോ നീ ഈ പുസ്തകം ആ കുട്ടിക്ക് കൊടുത്തിട്ട് ഒരു കാര്യോം ഇല്ല. അതിനെ ഒരുവിധത്തിലും സഹായിക്കാൻ നമ്മുക്ക് പറ്റില്ല പക്ഷേ… “
അനന്ദു ബാക്കി കേൾക്കാനെന്നോണം അമ്മയുടെ മുഖത്തേക്ക് നോക്കി.
“നീ ഇതു നോക്കിക്കേ ” അവർ ആ പുസ്തകം അവന്റെ നേർക്കു നീട്ടി.
“ജീവിതത്തിൽ ഒരുപാടൊന്നും ആഗ്രഹിച്ചിട്ടില്ല. ആഗ്രഹിച്ചതൊന്നും നടന്നിട്ടുമില്ല. എന്നെങ്കിലും വെളിച്ചം കാണുമെന്ന പ്രതീക്ഷയിൽ എഴുതി തുടങ്ങുന്നു. “
ആദ്യ പേജിൽ ഇങ്ങനെ എഴുതിയിരിക്കുന്നു….
“ഈ ഒരു ആഗ്രഹം ഒരുപക്ഷേ നമ്മളെകൊണ്ട് സാധിച്ചു കൊടുക്കാൻ പറ്റും. ഞാൻ പറഞ്ഞത് മനസ്സിലായോ “
അനന്ദു സന്തോഷത്തോടെ അമ്മേ നോക്കി തലകുലുക്കി
*******************
ട്രെയിൻ ഇറങ്ങി അവൻ ആവേശത്തോടെ നടന്നു. തന്റെ കാത്തിരിപ്പിനു വിരാമമായി ഇന്ന് താൻ മിഴിയെ നേരിൽ കാണാൻ പോകുന്നു. ഒരുപക്ഷേ അവൾ ആ ഹോസ്റ്റലിൽ തന്നെ ഉണ്ടാവുമോ? അതോ അവളുടെ ചെറിയമ്മ അവളെ കണ്ടുപിടിച്ചു കൂട്ടികൊണ്ടുപോയി കാണുമോ? ഈയൊരു സംശയവും അവനെ അലട്ടിക്കൊണ്ടിരുന്നു.
ഗൂഗിൾ മാപ്പിൽ ആ ഹോസ്റ്റലിന്റെ പേരടിച്ചു ഡിസ്റ്റൻസ് ഒന്നൂടെ നോക്കി. ഹോ താൻ അടുത്തെത്തി കഴിഞ്ഞു.
ദൂരെ ആ ഹോസ്റ്റലിന്റെ ബോർഡ് കണ്ടപ്പോൾ അവന്റെ മനസ്സിൽ ആനന്ദം അലയടിച്ചു. നടത്തം കുറച്ചു വേഗത്തിലാക്കി. ഗേറ്റ് തുറന്ന് അകത്തു കടന്നതും അവൻ ചുറ്റിലും നോക്കി.
“ആരാ എന്ത് വേണം ” ഒരു സ്ത്രീശബ്ദം. അവൻ തിരിഞ്ഞു നോക്കി. ഇവരായിരിക്കണം വാർഡൻ.
‘ഞാൻ ഇവിടെ താമസിക്കുന്ന ഒരാളെ അന്വേഷിച്ചു വന്നതാണ്. ‘
“ആരെ? “
‘മിഴി’
“ആ ഒരു പേരിൽ ഇവിടെ ആരുമില്ലല്ലോ”
ഒരു നിമിഷത്തേക്ക് അനന്ദുവിന്റെ സകല പ്രതീക്ഷകളും അസ്തമിച്ചു.
‘ജോലി അന്വേഷിച്ചു വന്നതാണ് ആ കുട്ടി ഇവിടെ ‘
“ഇവിടെ പഠനത്തിനായും ജോലി ആവിശ്യത്തിനായും വരുന്ന ഒരുപാട് കുട്ടികളുണ്ട്. പക്ഷെ നിങ്ങൾ പറഞ്ഞ പേരിൽ ഇവിടെ ആരുമില്ല ” അവർ ഉറപ്പിച്ചു പറഞ്ഞു.
തിരിഞ്ഞു നടക്കാൻ തുടങ്ങുമ്പോൾ അവസാന പ്രതീക്ഷയെന്നോണം അവൻ തന്റെ കയ്യിലുള്ള ഫോട്ടോ എടുത്ത് അവർക്ക് നേരെ നീട്ടി.
‘ഈ കുട്ടീ? ‘
“ഇത് കൃഷ്ണയല്ലേ? “
‘ങേ ‘ അനന്ദു ഒന്ന് ഞെട്ടി. ഇനി ഇത് മിഴിയുടെ കൂട്ടുകാരിയുടെ ഫോട്ടോ ആയിരിക്കുമോ.
‘ഈ കുട്ടിയെ ഒന്ന് കാണാൻ പറ്റുവോ? ‘
“ഇവൾ ഇവിടുന്ന് പോയിട്ട് ഒരാഴ്ചയായി “
‘എനി കോൺടാക്ട് ഡീറ്റെയിൽസ്? ഒരു അത്യാവിശ്യത്തിനാണ്. ഞാൻ ഒരുപാട് ദൂരെ നിന്നും വരുവാണ്. പ്ലീസ് ‘ അവൻ അവരോട് അപേക്ഷ സ്വരത്തിൽ പറഞ്ഞു.
അവരൊന്നു ആലോചിച്ചു അകത്തേക്ക് പോയി ഒരു രജിസ്റ്ററുമായി വന്നു.
“ആ കുട്ടിക്ക് ഫോൺ ഒന്നുമില്ല പിന്നെ ഒരു എമർജൻസി കോൺടാക്ട് നമ്പർ തന്നിട്ടുണ്ട് അത് വേണമെങ്കിൽ നോട്ട് ചെയ്തോളു “
എങ്ങനെയെങ്കിലും മിഴിയെ കണ്ടുപിടിച്ചേ മടങ്ങി പോകൂ. അവൻ തിടുക്കപ്പെട്ട് ആ നമ്പർ എഴുതിയെടുത്തു അവരോട് നന്ദി പറഞ്ഞിറങ്ങി.
ഗേറ്റ് കടന്നതും അവൻ ആ നമ്പറിലേക്ക് വിളിച്ചു.
“ഹലോ ” ഒരു പെൺകുട്ടി ഫോണെടുത്തു
‘ഹലോ ഞാൻ….മിഴി….. ‘ അവൻ എന്ത് പറയണമെന്നറിയാതെ പരുങ്ങി.
“മിഴിയോ? നിങ്ങളാരാണ് “
‘ഞാൻ കൃഷ്ണയെ അന്വേഷിച്ചു വന്നതാണ്. ഹോസ്റ്റലിൽ ചെന്നപ്പോൾ ഈ നമ്പർ തന്നു. കൃഷ്ണയെ ഒന്ന് കാണാൻ പറ്റുമോ? ‘
“നിങ്ങൾ ആരാണെന്ന് പറയൂ “
‘കൃഷ്ണയുടെ ഒരു ഡയറി കളഞ്ഞു കിട്ടി. അത് തിരിച്ചേല്പിക്കാൻ വന്നതാണ്. ‘
“ഒരു നിമിഷം ഞാൻ കൃഷ്ണയോട് സംസാരിച്ചു തിരിച്ചു വിളിക്കാം ” അവൾ ഫോൺ കട്ട് ചെയ്തു.
അനന്ദുവിനു ആകെ നിരാശയായി. അവസാന ശ്രമമാണിത്. ഇനി മിഴിയെ കണ്ടുപിടിക്കാൻ യാതൊരു തെളിവും ഇല്ല. കൃഷ്ണ തന്നെയാണോ മിഴി?അതല്ലെങ്കിൽ കൃഷ്ണയിലൂടെ മാത്രമേ തനിക്കിനി മിഴിയിൽ എത്താൻ പറ്റൂ.
ഒരു അഞ്ചു മിനിറ്റിനു ശേഷം ആ നമ്പറിൽ നിന്നും അനന്തുവിനു ഫോൺ വന്നു.
ഒരു ഓഫീസ് അഡ്രസ്സ് കൊടുത്തതിനു ശേഷം അവനോട് അവിടേക്ക് വരാൻ ആവശ്യപെട്ടു.
തെല്ലൊരാശ്വാസത്തോടെ അനന്ദു ഒരു ഓട്ടോ പിടിച്ചു ആ ഓഫീസിലേക്ക് എത്തി ഒന്നൂടെ ആ നമ്പറിലേക്ക് വിളിച്ചു.
സെക്യൂരിറ്റി അവനോട് വെയ്റ്റിംഗ് റൂമിലേക്ക് ഇരിക്കാൻ ആവശ്യപ്പെട്ടു.
ഒരു രണ്ടു മിനിട്ടിനു ശേഷം ഒരു പെൺകുട്ടി അവിടേക്ക് കടന്നു വന്നു. അവന്റെ ഫോട്ടോയിൽ ഉള്ള അതെ രൂപം. അവളുടെ കഴുത്തിലുള്ള ഐഡി കാർഡിൽ കൃഷ്ണപ്രിയ എന്നെഴുതിയിരിക്കുന്നു.
പക്ഷെ താൻ അന്വേഷിക്കുന്ന മിഴി ഇതുതന്നെയാവുമോ?
“ഹായ്, നിങ്ങളാണോ ഫോൺ ചെയ്തത്”
അവൻ ഒന്നും മിണ്ടാത്തെ അവളെ തന്നെ നോക്കി, അറിയാതെ ആ ബാഗ് അവൾക്കു നേരെ നീട്ടി.
“താങ്ക്സ് ” അവൾ അതുവാങ്ങി തുറന്നു.
‘മിഴീ….. ‘ അവൻ അറിയാതെ വിളിച്ചു.
അവൾ ഒരു നിമിഷത്തേക്ക് പകച്ചു നിന്നു. ആ ബാഗ് നെഞ്ചോട് ചേർത്ത് അവനെ നോക്കി.
‘താൻ അല്ലേ മിഴി?
അവളുടെ കണ്ണുകൾ നിറഞ്ഞു. ചുണ്ടുകൾ വിറച്ചു.
”അല്ല “
‘പിന്നെ?’
‘അവൾ എവിടെയാണ്? അവളെ കാണാനാണ് ഞാൻ വന്നത്. പ്ലീസ് എനിക്കൊന്ന് കണ്ടാൽ മതി ‘
“അവളെ കാണാൻ പറ്റില്ല “
‘പ്ലീസ് കൃഷ്ണ.’ അവൻ ഇവിടെവരെ എത്തിയ കാര്യങ്ങൾ അവളോട് വിവരിച്ചു.
‘പ്ലീസ് കൃഷ്ണ എന്നെ സഹായിക്കണം ‘
“എനിക്കെന്നല്ല ആർക്കും നിങ്ങളെ സഹായിക്കാൻ പറ്റില്ല ” എല്ലാം കേട്ടുകഴിഞ്ഞു അവൾ പറഞ്ഞു..
“മിഴി മരിച്ചു “
ഒരു ഇടിമുഴുക്കം പോലെ ആ വാക്കുകൾ അവന്റെ കാതുകളിൽ അലയടിച്ചു.
“ആത്‍ മഹ ത്യ ആയിരുന്നു. ആ ട്രെയിനിൽ കയറിയത് വരെയുള്ള കാര്യങ്ങൾ ശരിയാണ്. പക്ഷെ അതറിഞ്ഞു അവളുടെ അച്ഛൻ വന്നു ആ ട്രെയിനിൽ നിന്നും അവളെ വലിച്ചിറക്കി കൊണ്ടുപോയി ഒരു മുറിയിൽ അടച്ചിട്ടു. അവർ അവളെ ഒരുപാട് ഉപദ്രവിച്ചു, പട്ടിണിക്കിട്ടു. അവസാനം അവൾ….ഒരു കയറിൽ തന്റെ ജീവിതം അവസാനിപ്പിച്ചു “
എല്ലാം കേട്ട് അനന്തു തളർന്നിരുന്നു. കൃഷ്ണ ആ ബാഗ് അനന്തുവിനു തന്നെ തിരികെ നൽകി തിരിഞ്ഞു നടന്നു.
അതിൽ നിന്നും അവൻ മിഴിക്കായ് ഒരുക്കിയ സമ്മാനം പുറത്തെടുത്തു. ഭംഗിയുള്ള രണ്ടു കണ്ണുകളുടെ പുറംചട്ടയുള്ള അവളുടെ ആദ്യ പുസ്തകം.
“നിന്റെ ജീവിതത്തിലേക്ക് വെളിച്ചമേകാൻ ഞാൻ വന്നിരിക്കുന്നു ” തന്റെ കൈപ്പടയിൽ എഴുതിയ വരികളിലേക്ക് അവന്റെ കണ്ണുനീർ ഇറ്റു വീണു….. !
~അപർണ ദ്വിതി