ഒരു മിനിറ്റ് പോലും ഇരിക്കാതെയുള്ള ഓട്ടമായിരുന്നു ഇന്നലെ രാത്രി മുഴുവൻ…ഇന്നലെയെന്നല്ല നൈറ്റ്….

_upscale

മതിപ്പില്ലാത്ത മാലാഖമാർ…

Story written by Lis Lona

==============

“ചേച്ചി എഴുതി കഴിഞ്ഞോ “

തിരക്കിട്ട് നഴ്സസ് റെക്കോർഡ് എഴുതുന്നതിനിടയിൽ ഞാൻ മുഖം തിരിച്ചു നോക്കി സോണിയയെ…

പാവം നാളെ മനസമ്മതമാണ്. ഇന്ന് നൈറ്റ് തീർന്നിട്ട് വേണം അതിനുള്ള ഒരുക്കങ്ങൾ നടത്താൻ…

അവളെന്റെ കൂടെ ഈ ICU വിൽ ജോലിക്ക് കയറിയിട്ട് ഏഴു മാസം ആകുന്നു.

ഒരു മിനിറ്റ് പോലും ഇരിക്കാതെയുള്ള ഓട്ടമായിരുന്നു ഇന്നലെ രാത്രി മുഴുവൻ…ഇന്നലെയെന്നല്ല നൈറ്റ് ഡ്യൂട്ടി തുടങ്ങിയ അന്ന് മുതലേ ഇങ്ങനാണ്…

ഈ നിമിഷം വരെ ജോലികാര്യമല്ലാതെ ഒരു വിശേഷവും അവളോട് ചോദിയ്ക്കാൻ പറ്റിയില്ല, രാത്രി മുഴുവൻ ഒരേ സ്ഥലത്തു നിന്നിട്ടും…

വൈകീട്ട് വന്നു കയറി ഓവർ കേൾക്കുമ്പോളേ അറിയാമായിരുന്നു  ഇന്നും തിരക്ക് തന്നെ എന്ന്, എന്നാലും മുഖത്തു ഒരു പരാതിയോ ക്ഷീണമോ കാണിക്കാൻ പാടില്ല അതാണ് നിയമം…

ആകെ ഉള്ള പതിനാല്  രോഗികളിൽ മൂന്നു പേര് വെന്റിലേറ്ററിലാണ്…

ഇന്ന് രാവിലെ ഓവർ കൊടുത്തു പോകുമ്പോൾ അത് നാലായിരുന്നു. അതിലുണ്ടായിരുന്ന ഒരു മുഖം ഇപ്പോൾ ശാന്തമായി ഉറങ്ങുകയാണ് യന്ത്രങ്ങളുടെ ബീപ്പ് ശബ്ദമൊന്നും ഇല്ലാതെ…ആരും ശല്യപ്പെടുത്താതെ…..

ബില്ലടച്ച രസീത് കാണിച്ചപ്പോൾ  ബോഡി വിട്ടു കൊടുത്തു….

പത്തൊൻപത് വയസ്സ് മാത്രേം പ്രായമുള്ള അവനെ കണ്ടപ്പോൾ അതേ പ്രായമുള്ള അനിയനെ ആണ് ഓർമ്മ വന്നത് നെഞ്ചിലെ നീറ്റൽ കണ്ണുനീർ മഴയായി പുറത്തെത്തും മുൻപേ കർത്തവ്യ ബോധം ഉണർന്നു…

മലേറിയ…ഒന്നും ചെയ്യാനില്ല തലച്ചോറ് സുല്ലിട്ടു കഴിഞ്ഞു ….വെന്റിലെറ്ററിന്റെ താങ്ങാത്ത ബില്ലടയ്ക്കാൻ വഴിയില്ല വീട്ടുകാർക്ക്…

നാലുദിവസത്തിനുള്ളിൽ വിൽക്കാനിനി ഒന്നും ബാക്കിയില്ല അവരുടെ കയ്യിൽ…

ഇനിയൊന്നും ചെയ്യാനില്ല എന്നു പറയുന്ന ഡോക്ടറെ നിർന്നിമേഷനായി നോക്കി നിക്കുന്ന അച്ഛന്റെ മുഖത്തേക്ക്, അറിയാതെ പോലും നോട്ടം പോവാതിരിക്കാനായി ഞാൻ അവന്റെ ഫയലിൽ കണ്ണോടിച്ചു കൊണ്ടിരുന്നു…

പുറത്തേക്ക് പോകാനായി വാതിൽ തുറന്നു കൊടുക്കുമ്പോൾ എന്റെ മനസ്സിൽ ആ നാല് ദിവസം കൊണ്ട് അവന്റെ അച്ഛനും അമ്മയും പറഞ്ഞു കേട്ട അവന്റെ സ്വപ്‌നങ്ങൾ ആയിരുന്നു..

ഇന്നലെ നഴ്സസ് ഓവറിൽ അവനു പേരുണ്ടായിരുന്നു ഇന്ന് അത് ബോഡി ആണ്…

ഭൂമിയിലെ മാലാഖക്ക് വികാരങ്ങളോ വിഷമങ്ങളോ ഉണ്ടാകാം അതിപ്പോ സ്വന്തമൊരാൾ ആയാൽ പോലും കാണിക്കാൻ  പാടില്ല, ഇതെല്ലാം ഇങ്ങിനെയാണെന്ന്  അറിഞ്ഞെടുത്ത പ്രൊഫഷനാണു…

ഓരോ രോഗിക്കരികിലും പോയി ഓവർ എടുക്കുമ്പോൾ ഡ്യൂട്ടിക്കാരിലൊരാൾ പോയി രോഗിയെ സസൂക്ഷ്മം പരിശോധിക്കണം ശരീരത്തിൽ എവിടെങ്കിലും പൊട്ടിയിട്ടുണ്ടോ, കഴുത്തിലെ സെൻട്രൽ ലൈൻ ബ്ലോക്കുണ്ടോ, കത്തീറ്റർ ശരിക്കാണോ, ഞരമ്പിലേക്കുള്ള സൂചിക്ക് സ്ഥാനചലനം വന്നോ, കയ്യിൽ കാണുന്ന നീര് എത്രെ നേരം മുതലുണ്ട് അങ്ങനെ  കുറെ കാര്യങ്ങൾ…

ഓരോരുത്തരെയും ചെന്നു നോക്കി അവർക്കു ബോധമുണ്ടെങ്കിലും ഇല്ലെങ്കിലും വിശ്ശേഷം പറഞ് ഒരു രാത്രി തുടങ്ങും…ഡ്യൂട്ടി തുടങ്ങുമ്പോൾ തിരക്കില്ല എങ്കിൽ…

മിക്കവാറും പേർക്ക് മൂക്കിൽ ട്യൂബ് ഇട്ടതു കൊണ്ട് ജ്യൂസോ മിക്സിയിലടിച്ച കഞ്ഞിവെള്ളമോ അളവനുസരിച്ചു ട്യൂബിലൂടെ കൊടുക്കണം…

ചിലപ്പോൾ ഇതു കൊടുക്കാൻ ചെല്ലുമ്പോളാവും ട്യൂബ് ബ്ലോക്ക് അല്ലെങ്കിൽ പകൽ ഡ്യൂട്ടിയിലെ തിരക്കിൽ മാറ്റാൻ സാധിക്കാത്തോണ്ട് രാത്രിയിലുള്ളവർക്ക്  വച്ചിരിക്കുകയാണ് ആ പണി എന്നറിയുക….

അപ്പോൾ പിന്നെ അത് മാറ്റി, കൊടുക്കാനുള്ള മരുന്നടക്കം പൊടിച്ചു അതിലൂടെ കൊടുത്തു കൊണ്ടിരിക്കുമ്പോ അറിയാം ഇവിടെ തന്നെ നിന്നാൽ പണികൾ തീരില്ല…

ഡ്യൂട്ടിക്ക് ആളും കുറവാണു , ആരും ലീവെടുത്തതല്ല “കുറച്ചു സ്റ്റാഫ്,കൂടുതൽ ജോലി…ശമ്പളം ചോദിക്കുകയെ ചെയ്യരുത് ” അതാണ് ഹോസ്പിറ്റലിന്റെ പോളിസി

ഇതിനിടക്ക് മണിക്കൂറിൽ എത്രെ മൂത്രം പോയി എന്നു നോക്കേണ്ട രോഗികളെ പോയിനോക്കി അതൊഴിവാക്കി , മരുന്ന് കൊടുക്കേണ്ടവർക്ക് അത് കൊടുത്ത്‌ , ബെഡ് സോർ ഉള്ളവർക്ക് പൊസിഷൻ മാറ്റി കിടത്തി ,IV ഫ്ലൂയിഡ് ഉള്ളവരെ പറഞ്ഞ അളവിൽ തന്നെയാണോ പോകുന്നത് പോകുന്ന ലൈനിന് കുഴപ്പമൊന്നും ഇല്ലല്ലോ എന്നുറപ്പു വരുത്തി ശ്വാസം വിടും…

നോക്കിയെടുത്ത കാര്യങ്ങളൊക്കെ വള്ളി പുള്ളി വിടാതെ ഡ്യൂട്ടി ഡോക്ടറെ വിളിച്ചറിയിക്കണം

ഒന്ന് സമാധാനമാകുന്ന ഈ സമയം നോക്കിയിരിക്കും പോലായിരിക്കും  ഒരാൾ മ ലവി സർജനം നടത്തുന്നത് ആ സമയത്തു ഒരു അറ്റെൻഡറിനെ തപ്പിയിട്ടും കാര്യമില്ല നൈറ്റിൽ ചിലപ്പോ രണ്ടു സ്ഥലത്തേക്കു കൂടി ഒരാളാവും ആയ…

പിന്നെ പെട്ടെന്ന് രോഗിക്ക് ഡയപ്പെർ മാറ്റി കൊടുത്ത്‌ അടുത്ത ജോലിയിലേക്ക് ഒരു നിമിഷം പോലും നിക്കാത്ത ഓട്ടമാണ്.

അതിനിടയിൽ ചില രോഗികൾ വേദന സഹിക്കാൻ കഴിയാതെയോ രക്തത്തിൽ സോഡിയത്തിന്റെ അളവ്  കുറഞ്ഞിട്ടോ അടുത്തേക്ക് ചെല്ലുന്നവരെ ത ന്തക്കും ത ള്ളക്കും വിളിക്കുന്നത് കേൾക്കാം.പല്ലിളിച്ചു കൊണ്ട് അത് കേട്ടു കൊണ്ട് നിക്കുന്ന നഴ്സിനെയും കാണാം…

ഇതെല്ലാം കഴിഞ്ഞാൽ തുടങ്ങുകയാണ് ലോഡിങ് തൊഴിലാളികളെ തോല്പിക്കുന്ന നഴ്സിന്റെ പെർഫോമൻസ്….

ഈർക്കിൽ പോലെ ഇരിക്കുന്ന നേഴ്സ്മാര്  രോഗികളെ മറിച്ചും തിരിച്ചും കിടത്തി ബാക് കെയർ കൊടുക്കൽ എന്ന ജംബോ സർക്കസ്…

രോഗികളെ ചരിച്ചു കിടത്തിയും കമിഴ്ത്തി കിടത്തിയും ,കത്തീറ്റർ കെയർ കൊടുത്തും ഡയപ്പെർ മാറ്റിയും ഒക്കെ കഴിഞ്ഞാൽ പിന്നെ എല്ലാരും നിൽക്കുന്നത്  വില്ലു പോലെ വളഞ്ഞു നെറ്റിയിൽ വിയർപ്പു തുള്ളികളോടെ…

പെട്ടെന്ന് ഒരു രോഗിയുടെ ശ്വാസോച്ഛാസത്തിൽ എന്തെങ്കിലും വ്യത്യാസം വന്ന് കണ്ടിഷൻ മാറിയാൽ ജോലിയുടെ ഒഴുക്ക് മാറും…

എന്ത് ചെയ്തും ആ രോഗിയെ ജീവിതത്തിലേക്ക് മടക്കി കൊണ്ട് വരാനായി ഓടുന്ന ഓട്ടമുണ്ടല്ലോ അത് വരെയുള്ള ക്ഷീണമോ തളർച്ചയോ അറിയില്ല…

ഡ്യൂട്ടി ഡോക്ടർക്ക് ഒപ്പം  CPR കൊടുക്കാനും അതിനിടക്ക് ഡോക്ടർ പറഞ്ഞോ പറയുന്നതിനു മുൻപ്  തന്നെയോ ഓടിപോയി എമർജൻസി മെഡിസിൻ അളവ് തെറ്റാതെ എടുക്കാനും ഒക്കെ കഴിവും വകതിരിവും കാണിച്ചാലും ചീത്ത മാത്രം ബാക്കിയുണ്ടാവും…

സമയം കടന്നു പോയാലും ഭക്ഷണത്തിന്റെ ഓർമ്മ പോലും ചിലപ്പോ വരില്ല , വിശപ്പ് തോന്നിയാലും ചെയ്തു തീർക്കാനുള്ള ജോലികളാവും തലയിൽ…

വല്ലപ്പോളും സമയം കിട്ടി ഉണ്ണാമെന്നു കരുതി പാത്രം തുറന്നാൽ ഒന്നുകിൽ തണുത്തു വിറങ്ങലിച്ചതോ അതുമല്ലെങ്കിൽ കേടായി പോയതോ ആയ ഭക്ഷണം

അല്ലെങ്കിലും പുലർച്ചെ രണ്ടുമണിക്കോ മൂന്നു മണിക്കോ ആര് കഴിക്കാൻ….

ഇതിനിടക്ക് സീരിയസ് ആയി വരുന്ന പുതിയ രോഗികളുടെ എല്ലാ കാര്യവും തിരക്കിട്ടു ഓടിനടന്നു ചെയ്തതിനു ശേഷമായിരിക്കും ഓർമ്മ വരുക ഗ്ലൗസ് ഇട്ടിരുന്നില്ല എന്ന്…

ഓ നഴ്സല്ലേ ഒന്നും വരില്ലായിരിക്കും നമ്മള് സൂപ്പർ മാന്റെ സ്വന്തം ആളാണല്ലോ !!!!!മറന്നു പോയി

നേരം വെളുക്കാൻ തുടങ്ങി  ഇനിയും  കിടക്കുന്നേയുള്ളു ജോലികൾ , ഈ കാണുന്ന രോഗികൾക്ക് മുഴുവൻ സ്പോഞ്ജ് ബാത്ത് കൊടുത്ത്‌ ബെഡ്ഷീറ്റും ഗൗണും മാറ്റി കൊടുക്കണം…

രാവിലെ കൊടുക്കാനുള്ള രക്തത്തിന്റെയും മൂ ത്രത്തിന്റെയും സാമ്പിളുകൾ ശേഖരിച് ലാബിൽ കൊടുക്കണം. ഒരെണ്ണമെങ്ങാനും വിട്ടു പോയാൽ ഡോക്ടറുടെ വായിൽ നിന്ന് ഡേ ഡ്യൂട്ടിക്കാർക്കും അതിന്റെ പത്തിരട്ടി ഞങ്ങൾക്കും കിട്ടും…

ഇതെല്ലാം ചെയ്തത് പകൽ ഡ്യൂട്ടിക്ക് വരുന്നവർ, വരുന്നതിനു മുൻപേ എല്ലാവരുടെയും പ്രേഷറും പനിയും ഒക്കെ നോക്കി രാത്രി നടന്നത് മുഴുവൻ വള്ളി പുള്ളി വിടാതെ എഴുതി വക്കണം…

എഴുത്തു ആധാരമെഴുത്തിനെ തോല്പിക്കുന്നതാണെങ്കിലും ഞങ്ങൾ ചെയ്തു എന്നു തെളിയിക്കാൻ അതേ ഉള്ളൂ വഴി…

ഇതിനിടയിൽ അകത്തു കിടക്കുന്നവരുടെ ബന്ധുക്കൾ മനഃസമാധാനമില്ലാതെ വന്നു ബെല്ലടിക്കും, വിവരമറിയിക്കാൻ വൈകിയാൽ പണിയൊന്നുമെടുക്കാതെ ഉറങ്ങുകയാണോ എന്ന രീതിയിലാകും നോട്ടം…

ചിലർക്ക് നഴ്സല്ലേ ഒന്നു രണ്ടു വട്ടം ശ്രമിച്ചാൽ വീഴും എന്ന ചിന്തയും…

അച്ഛനും അമ്മയും കയ്യിലെടുക്കും മുൻപേ നഴ്സിന്റെ കയ്യിലാണല്ലോ ഇവരൊക്കെ ഇരുന്നത് എന്നു മനപ്പൂർവം മറക്കുന്നതാവും അല്ലേ…

എല്ലാം ഓർത്തിരുന്നു എഴുതി തീർക്കാൻ വൈകി, വേഗം എഴുതുന്നതിനിടയിൽ മൂന്നാലു ദിവസമായി ശല്യം ചെയ്യുന്ന തോളെല്ലിന്റെ വേദന വന്നു ഓർമിപ്പിച്ചു ഞാനിവിടുണ്ടേ എന്ന്…

എഴുതി തീർത്തില്ലെങ്കിൽ ഇൻചാർജിന്റെ വക ഭരണി പാട്ടു കേട്ടേ പറ്റൂ…

നൈറ്റ് ഒന്നു തീർന്നാൽ ഒരു ദിവസം മുഴുവൻ ഉറങ്ങി തീർക്കണോ അതോ ഡോക്ടറെ കാണിക്കാൻ പോകണോ…

എഴുതി കഴിഞ്ഞില്ല അതിനും മുൻപേ സോണിയ വന്ന് ഷോൾഡറിൽ തട്ടി…

വേദന കൊണ്ട് പുളയുന്നതിനിടയിൽ ഓർത്തു ഹെഡ് ഇഞ്ചുറിക്കാരന് ഒടുക്കത്തെ ആരോഗ്യമായിരുന്നല്ലോ എന്നു…

കാലിലെ കെട്ടഴിഞ്ഞു പോയപ്പോൾ, തലക്ക് പരുക്ക് പറ്റിയ ഒരു രോഗി ബോധമില്ലാതെ തന്ന ചവിട്ട് ഇരിക്കട്ടെ ഈ നൈറ്റ് ഡ്യൂട്ടിയുടെ ഓർമ്മക്ക് …..

ചില വേദനകൾ ഇങ്ങനെയൊക്കെ സഹിക്കാൻ പറ്റാത്തതാണെങ്കിലും ഇഷ്ടമാണ് ഈ ജോലി. തുച്ഛശമ്പളമാണെങ്കിലും ഇതല്ലാതെ വേറൊന്നും ചെയ്യാനില്ല…

വീട്ടിൽ കിണറു വൃത്തിയാക്കാൻ വന്ന ബംഗാളി പറഞ്ഞ കൂലി കേട്ടിട്ട് ഇനി അത് നോക്കിയാലോ എന്നു വരെ ചിന്ത പോയി…

ഡ്യൂട്ടി കഴിഞ്ഞു ചെന്നു കുളിച്ചു കാലു നിവർത്തി കിടക്കുമ്പോളുള്ള സുഖം……..എന്തൊക്കെ ചെയ്താലും മതിപ്പില്ലാത്ത ജന്മങ്ങളാണല്ലോ എന്നോർക്കുമ്പോൾ പൊയ്‌പോവും…

~ലിസ് ലോന

International Nurses Day