Written by Reshja Akhilesh
================
“നിന്റെ അച്ഛന് വയസ്സാം കാലത്ത് ഇതിന്റെ വല്ല കാര്യോം ഉണ്ടോ…”
“അതിന് എന്റെ അച്ഛന് അത്രയ്ക്കു പ്രായം ആയിട്ടൊന്നും ഇല്ലല്ലോ. അമ്പത്തിയഞ്ചു വയസ്സ് ആയിട്ടല്ലേ ഉള്ളു. അതൊക്കെ ഒരു വയസ്സാണോ…അല്ലെങ്കിലും ഇക്കാര്യത്തിന് വയസ്സ് നോക്കുന്നതെന്തിനാ…ഇത് അസൂയയാ ഭർത്താവേ…നല്ല ഒന്നാന്തരം അസൂയ…”
“ഓ അസൂയ ഇല്ലാത്തൊരു ആൾ വന്നിരിയ്ക്കുന്നു. ഒന്ന് പോടീ അവിടന്ന്…”
കെട്ട്യോന്റേം എന്റേം സംസാരം കേട്ട് ആരും തെറ്റിദ്ധരിക്കണ്ടാട്ടോ ആളൊരു തമാശ പറഞ്ഞതാ…കല്ല്യാണക്കാര്യം ഒന്നുമല്ല.അല്ല, കല്ല്യാണക്കാര്യം പറയുമ്പോൾ ആണല്ലോ സാധാരണ വയസ്സിന്റെ പ്രശ്നം എടുത്തിടുന്നത് ഇത് അതല്ല. വേറൊരു സംഗതിയാണ്, പറയാം.
അച്ഛന് ഒരു “തോണ്ടുന്ന ഫോൺ വേണം”(അമ്മ പറയുമ്പോലെ പറഞ്ഞാൽ “ചുണ്ണാമ്പ് തേയ്ക്കുന്ന”)
ഏതെങ്കിലും ഒരു ഫോൺ പോരാ…അച്ഛൻ, ഓൺലൈൻ ക്ലാസ്സിന് വേണ്ടി അനിയന് വാങ്ങി കൊടുത്ത അതേ ബ്രാന്റ്,.അതേ മോഡൽ വേണം
ഉറങ്ങുന്ന അഞ്ചാറ് മണിക്കൂർ സമയം ഒഴിച്ചു ബാക്കി എല്ലായ്പോഴും,”ഫ്രീ ഫയർ ” കളിയ്ക്കുന്ന അനിയന്റെ ഫോൺ കേടാകുന്നില്ലല്ലോ അപ്പോൾ അത് തന്നെയാണ് നല്ല ബ്രാൻഡ് എന്നാണ് അച്ഛന്റെ കണ്ടെത്തൽ.
മുൻപും സ്മാർട്ട് ഫോൺ വാങ്ങി ഉപയോഗിച്ച് പണി കിട്ടിയിട്ടുള്ളത് കൊണ്ട് അച്ഛൻ പുതിയ ഫോൺ വാങ്ങുന്ന കാര്യം പറയുമ്പോൾ തന്നെ പേടിയാണ്.
പല്ലു മുഴുവനും കൊഴിഞ്ഞു അന്ത്യശ്വാസം വലിയ്ക്കാൻ ഇരിയ്ക്കുന്ന പഴയ നോക്കിയ ഫോണെടുത്ത് കാണിച്ചു കൊണ്ട് അച്ഛന്റെ ഒരു ആത്മഗതമുണ്ട് “ആൾക്കാരുടെ ഇടയിൽ വെച്ച് കോൾ പോക്കറ്റീന്ന് ഫോൺ എടുക്കാനേ വഷളാ…പോരാത്തേന് സൗണ്ടും ഇല്ലാ…”
ഹോ…! അമ്മയ്ക്ക് പാവം തോന്നും. അവസാനം അനിയൻ മുൻകൈ എടുത്ത് ഫോൺ ഓർഡർ ചെയ്തു.
പൊതുവെ പിശുക്കനായ അച്ഛന്റെ പണം ഫ്ലിപ്കാർട്ടു കമ്പനിയ്ക്ക് അനിയൻ വീണ്ടും കൊടുപ്പിച്ചു. (നാട്ടിൽ വേറെ മൊബൈൽ ഷോപ്പ് ഇല്ലാഞ്ഞിട്ടല്ല. അനിയൻ ഓൺലൈൻ അഡിക്റ്റ് ആയിപ്പോയി…)
പുതിയ ഫോൺ എടുത്തത്തിന്റെ സന്തോഷം ഉണ്ടെങ്കിലും ആയിരങ്ങൾ കൈയ്യീന്ന് പോയതിന്റെ ചെറിയൊരു വിഷമം അച്ഛനെ അലട്ടായ്ക ഇല്ലാതില്ല.
എന്റെ കൈയ്യിലെ ഫോണിൽ ഉള്ളതിനേക്കാൾ ബാക്ക് ക്യാമറയുടെ എണ്ണം ഒന്ന് കൂടുതൽ ആണല്ലോ എന്നോർത്തപ്പോൾ എനിയ്ക്കും ഒരു നെഞ്ചു നീറ്റൽ. ഗ്യാസിന്റെ ആവും.
“ഈ വീട്ടിൽ അച്ഛൻ ഏറ്റവും നല്ല ഫോൺ ആദ്യം വാങ്ങി തന്നത് നിക്കല്ലേ… ” എന്ന് അമ്മ ചോദിച്ചപ്പോൾ നീറ്റൽ ഒന്ന് കുറഞ്ഞു.
മാസം നൂറ്റിഅൻപത് രൂപയുടെ അൺലിമിറ്റെഡ് ഓഫർ റീചാർജ് ചെയ്ത് ആയിരത്തി അഞ്ഞൂറ് രൂപയ്ക്ക് കോൾ ചെയ്ത് മൊബൈൽ കമ്പനിക്കാരെ പറ്റിയ്ക്കുന്ന അച്ഛന് ഡാറ്റ ഓഫർ കൂടി ചെയ്യേണ്ടി വരുമെന്നത് ഓർത്തപ്പോൾ വേണ്ടിയിരുന്നില്ല എന്ന് തോന്നിയിട്ടുണ്ടാകും.
“എപ്പോൾ വിളിച്ചാലും അച്ഛന്റെ ഫോൺ ബിസി ആയിരിക്കും. എം.എൽ.എമാർക്കും മന്ത്രിമാർക്കും ഇത്രേം തിരക്കുണ്ടാവില്ല ” ചേച്ചി എപ്പോഴും പറയും.
ഇപ്പോൾ കാര്യങ്ങൾ നേരെ തിരിച്ചാണ്. കൈ തട്ടി ആർക്കെങ്കിലും കാൾ പോയാലോ എന്ന് പേടിച്ചു ഫോൺ മേശയുടെ മുകളിൽ ഭദ്രമായിട്ട് വെയ്ക്കും. പഴയ പോലെയുള്ള ഫോൺ വിളികൾ കുറഞ്ഞു.
“ഹോം ” സിനിമയിലെ ഇന്ദ്രൻസിന്റെ കഥാപാത്രത്തെ പോലെ ഫേസ്ബുക്ക് ലൈവോ അതിലപ്പുറമോ ചെയ്യാൻ സാധ്യത ഉള്ളത് കൊണ്ട് (അനുഭവം) ഫേസ് ബുക്കിനെ ആദ്യമേ ഫോണിൽ നിന്നും വലിച്ചു പുറത്തേയ്ക്കിട്ടിരുന്നു. അല്ലെങ്കിലും അച്ഛന് കത്തിവെയ്ക്കാൻ നാട്ടിൽ അത്യാവശ്യം കൂട്ടുകെട്ടുകൾ ഉള്ളത് കൊണ്ട് ഫേസ്ബുക്ക് സൗഹൃദങ്ങളോട് വലിയ താല്പര്യം ഇല്ല താനും.
ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും വാട്സ്ആപ്പിൽ വോയ്‌സ് മെസ്സേജ് ഇടും..വാട്ട്‌സ്ആപ്പ് ഇറങ്ങിയ കാലം മുതൽ ഓടിക്കൊണ്ടിരിയ്ക്കുന്ന ഫോട്ടോസും ഓഡിയോസും വീഡിയോസും ഷെയർ ചെയ്യും. പേരക്കുട്ടികളുടെ ഫോട്ടോസ് എടുത്ത് ഇടയ്ക്കിടെ നോക്കും. ഉപയോഗം കഴിഞ്ഞാൽ ഒന്ന് തുടച്ച ശേഷം വീണ്ടും മേശമേൽ കൊണ്ടു വെയ്ക്കും..അതും ഫോണിന്റെ ബോക്സിനു മീതെ. കൊച്ച് കുട്ടികൾക്ക് കളിപ്പാട്ടം കിട്ടിയാൽ കുറച്ചു ദിവസത്തേയ്ക്ക് എങ്ങനെയാണോ അങ്ങനെയാണ് നമ്മുടെ അച്ഛനമ്മമാർക്ക് ഫോൺ കിട്ടിയാൽ എന്ന് തോന്നിപ്പോകും. ഒന്നും രണ്ടും വയസ്സുള്ള പേരക്കുട്ടികൾ നിസ്സാരമായി ഉപയോഗിക്കുന്ന സ്മാർട്ട് ഫോൺ എത്രയോ കരുതലോടെയാണ് അവർ ഉപയോഗിക്കുന്നത്!
എന്തായാലും അച്ഛന് ഫേസ്ബുക്ക് ഇല്ലാത്തത് നന്നായി…അല്ലെങ്കിൽ,ഒരു തലനാരിഴ പോലും നരയ്ക്കാത്ത അച്ഛന്റെ യഥാർത്ഥ പ്രായം പറഞ്ഞതിന്റെയും പിശുക്ക് കണ്ടു പിടിച്ച ആളാണെങ്കിൽ കൂടിയും പിശുക്കനെന്ന് വിളിച്ചതിന്റെയും നന്ദി അടുത്ത തവണ വീട്ടിൽ പോകുമ്പോൾ നേരിട്ട് കൈപറ്റേണ്ടി വരുമായിരുന്നു.
ഫേസ് ലോക്കും നമ്പർ ലോക്കും ഫിംഗർ പ്രിന്റും എല്ലാം സെറ്റ് ചെയ്ത് അവരെ അത് ഏൽപ്പിച്ചു കഴിഞ്ഞാലും പിന്നേയും ഒരുപാട് സംശയങ്ങൾ ഉണ്ടാകും. എത്ര പഠിപ്പിച്ചാലും മനസ്സിലാവില്ല. അല്ലെങ്കിൽ പേടി. അറിയാത്ത എന്തെങ്കിലും എടുത്താൽ ഫോൺ കേടായിപ്പോകുമോ എന്ന പേടി.
നമ്മെ പലതും പഠിപ്പിച്ചവരല്ലേ…നടക്കാനും എഴുതാനും വായിക്കാനുമെല്ലാം…നമുക്കും അവരുടെ കൊച്ചു കൊച്ചു സംശയങ്ങൾ തീർത്തു കൊടുക്കാവുന്നതല്ലേ ഉള്ളു…
എല്ലാവരുടെ വീട്ടിലും ഇങ്ങനെ ഒക്കെ തന്നെ ആയിരിക്കും അല്ലേ…കളിയാക്കാതെയും മടുപ്പ് കാണിക്കാതെയും അവരെ ഒന്ന് പരിഗണിച്ചു നോക്കൂ…
വയസ്സായെന്ന് നമ്മൾ ചിന്തിച്ചു നിർത്തുന്ന ഇടത്തു നിന്നു തുടങ്ങാനാകും അവർക്ക് ആഗ്രഹം…
~രേഷ്ജ അഖിലേഷ്