Story written by Reshja Akhilesh
================
“അവൾ പോയി ചാ കട്ടെ…എനിക്ക് വയ്യാ സഹിക്കാൻ. ഇവിടുന്ന് ഇറങ്ങി ഷോപ്പിൽ എത്തിയാലും എനിക്ക് ഒരു സമാധാനവും ഇല്ല…ഇങ്ങനെ തീ തിന്നു കഴിയാൻ എനിക്ക് പറ്റില്ല.”
ജീവന്റെ ഉറക്കെയുള്ള ശബ്ദം ഗേറ്റ്ന് പുറത്തു കാർ നിർത്തി ഇറങ്ങിയ ശിവരാമന്റെ കാതിൽ വീണു. ദേഷ്യമോ സങ്കടമോ ജീവനെ പ്രഹരിക്കാനുള്ള പകയോ എന്തെല്ലാമോ കൊണ്ട് അയാൾ വിറയ്ക്കുന്നുണ്ടായിരുന്നു. ഗേറ്റ് തുറന്നു മുറ്റത്തേയ്ക്ക് നടന്നതും കണ്ടത് അഴിഞ്ഞുലഞ്ഞ നീണ്ട മുടിയിഴകൾ മാടി ഒതുക്കാതെ കരഞ്ഞു വീർത്ത മുഖത്തോട് കൂടി ഉമ്മറത്തു ഇരിക്കുന്ന മകൾ ജാനകിയെ ആണ്. പ്രിയപ്പെട്ട ആരോ ഒരാളുടെ വിയോഗത്തിൽ എന്നവണ്ണം അവൾ ദുഃഖിചിരിക്കുന്നത് കണ്ടപ്പോൾ വേദനയുള്ള കാൽമുട്ടുകളെ അവഗണിച്ചു കൊണ്ട് അയാൾ ഉമ്മറത്തേയ്ക്ക് ഓടിയടുത്തു.
“ജാനി…” മുടി വകഞ്ഞു മാറ്റിക്കൊണ്ട് മകളുടെ മുഖം കൈയ്യിലെടുത്ത് അയാൾ അലിവോടെ നോക്കി.
അവൾക്ക് ഭാവവ്യത്യാസം ഒന്നും ഉണ്ടായിരുന്നില്ല. കരഞ്ഞു തോർന്ന് ചെറുതായ മിഴികൾ നിർവികാരതയോടെ ചലിച്ചതെയുള്ളൂ.
“അച്ഛനിപ്പോൾ വരാം…”
ശിവരാമൻ പണിപ്പെട്ടെഴുന്നേറ്റ് ജീവന്റെ അടുത്തേയ്ക്ക് പോയി. അകത്ത് അയൽക്കാരിയായ പ്രേമലത ചേച്ചിയോട് സംസാരിക്കുകയായിരുന്നു ജീവൻ. വീട്ടിലെ വഴക്കു കേട്ട് സമാധാനിപ്പിക്കുവാൻ വന്നത് ആണെന്ന് ശിവരാമൻ ഊഹിച്ചു. ജീവൻ ഇല്ലാത്ത സമയങ്ങളിൽ പ്രേമലതയോട് കൂട്ട് കൂടി സമയം കളയുന്നതും പ്രേമലതയോട് മകൾക്കുള്ള അടുപ്പവും എല്ലാം ശിവരാമാന് അറിയാം.
“അങ്കിൾ വന്നോ…” ശിവരാമാനെ കണ്ടതും ജീവൻ ഇരുന്നിടത്തു നിന്ന് എഴുന്നേറ്റു അടുത്തേയ്ക്ക് വന്നു.
“എന്താ മോനെ പ്രശ്നം…”
“നിങ്ങളുടെ മകൾ തന്നെയാ അങ്കിൾ പ്രശ്നം.”
“അമ്മയില്ലാതെ വളർന്ന കുട്ടിയാ…എന്ന് കരുതി അവൾ അങ്ങനെ പ്രശ്നക്കാരിയൊന്നും അല്ല…കാര്യം എന്തെന്ന് പറയ്…”
“അമ്മ ഇല്ലാതെ വളർന്നതാണ് അവളുടെ കുറവ്…അതുകൊണ്ടാണ് അവൾക്ക് എന്റെ അമ്മയുടെ വില മനസ്സിലാകാത്തത്…എന്റെ അമ്മ ഇവ്ടെ താമസിക്കുന്നത് അവൾക്ക് ഇഷ്ട്ടമല്ല…എനിക്ക് അമ്മയെ ഉപേക്ഷിച്ച് അവളെ മാത്രം മതിയെന്ന് വെച്ച് ജീവിക്കാൻ പറ്റില്ലല്ലോ.”
“അതിന് അമ്മ അനിയന്റെ കൂടെയല്ലേ…”
“അമ്മ ഇങ്ങോട്ട് വരാൻ തീരുമാനിച്ചു.”
“അതെയോ…അതെന്തു പറ്റി? ഇവ്ടെ ജാനിയുടെ ഉപദ്രവം സഹിക്കുന്നില്ല എന്ന് പറഞ്ഞു വലിയ കോലാഹലം ഉണ്ടാക്കിയിട്ട് പോയതല്ലേ…”
“അമ്മയ്ക്ക് ഇങ്ങോട്ട് വരാൻ തോന്നി.വരണ്ടെന്ന് പറയാൻ പറ്റുമോ”
“ഇല്ലാ…അമ്മ ഇങ്ങോട്ട് വരണ്ട എന്നാണോ ജാനി പറയുന്നത്…”
“അത് മാത്രമല്ല…അമ്മയ്ക്ക് ഞങ്ങളുടെ തറവാട് വീട് പുതുക്കി പണിയണം എന്നുണ്ട്…അതിന് കുറച്ചു കാശ് വേണം.അതിനീ വീടിന്റെ ആധാരം കുറച്ചു നാളത്തേയ്ക്ക് പണയം വെയ്ക്കാൻ ചോദിച്ചിട്ടുണ്ട്.”
“തറവാട് വീട് എന്തിനാ ഇപ്പൊ പുതുക്കി പണിയുന്നത്…അത് പുതുക്കി പണിയണം എന്ന് പറഞ്ഞിട്ടല്ലേ ഒരിക്കൽ ജാനിയുടെ ആഭരണങ്ങൾ പണയം വെച്ച് നിന്റെ അമ്മ കാശ് എടുത്തത്…അത് എന്നിട്ട് ഇളയ മകന് വീട് വെയ്ക്കുവാൻ കൊടുത്തു.സ്വർണ്ണം തിരിച്ചു ചോദിച്ചപ്പോൾ എന്റെ മകളോട് വഴക്കിട്ടു.പകരം നീ അവൾക്ക് വാങ്ങിച്ചു കൊടുത്തു എന്നത് ശരി തന്നെ…അത് എല്ലാം പോകട്ടെ…എല്ലാവർക്കും താമസിക്കാൻ വീട് ഉള്ളപ്പോൾ തറവാട് പുതുക്കി പണിയുന്നത് എന്തിനാ…ഈ വീട് കൂടി പണയം വെച്ചിട്ട് കളിക്കണോ…”
“അത് അമ്മയുടെ ആഗ്രഹമാണ്. എനിക്ക് അതിൽ എതിര് നിൽക്കാൻ പറ്റില്ല…”
“കഷ്ട്ടം തന്നെ…അമ്മയായാലും ഭാര്യ ആയാലും അനാവശ്യ ധൂർത്ത് തടയണം. ഒരിക്കൽ ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ച വെള്ളം കണ്ടാൽ പോലും പേടിക്കും എന്നൊരു ചൊല്ലുണ്ട്…നിന്റെ കാര്യത്തിൽ അതും ഇല്ലാ…”
“അമ്മയുടെ ആഗ്രഹം എനിക്ക് സാധിച്ചു കൊടുത്തേ പറ്റു.അമ്മയെ അനിയൻ കൈയ്യൊഴിഞ്ഞ മട്ടാണ്…ഇനി ഞാൻ കൂടി…അത് അമ്മയ്ക്ക് താങ്ങാൻ ആവില്ല…ആധാരം ഞാൻ അമ്മയ്ക്ക് കൊടുക്കാൻ തന്നെ തീരുമാനിച്ചു.അതിന്റെ പേരിൽ അങ്കിളിന്റെ മകൾ എന്റെമ്മയെ വിളിച്ചു വഴക്കിട്ടു.അതു ചോദ്യം ചെയ്തതിന്റെ പേരിൽ എനിക്ക് അവളോട് സ്നേഹം ഇല്ലെന്ന് പറഞ്ഞു ചാകാൻ നിൽക്കാ…എനിക്ക് അവളെക്കാൾ വലുത് എന്റെ അമ്മയാണെന്ന് പറഞ്ഞതിനാ വാശി കാണിച്ചിരിക്കുന്നത്…ഇങ്ങനെയുള്ള ഇവളെ ഇവിടെ ഒറ്റയ്ക്കാക്കി ഞാൻ എങ്ങനെ ഷോപ്പിൽ പോകും അങ്കിൾ തന്നെ പറയ്…”
അമ്മയോടുള്ള സ്നേഹം കൊണ്ട് പലതും മനപ്പൂർവം വിസ്മരിക്കുന്ന മരുമകനെ എങ്ങനെ പറഞ്ഞു മനസ്സിലാക്കുമെന്നറിയാതെ ആ പിതാവ് വിയർത്തു. മകൾക്ക് ഭർത്താവിനോടുള്ള സ്നേഹം അയാൾക്ക് തിരിച്ചില്ലല്ലോ എന്നോർത്ത് സങ്കടപ്പെട്ടു. അമ്മയില്ലാതെ വളർന്നതിന്റെ പക്വത കുറവുണ്ടെങ്കിലും ഈ കാര്യത്തിൽ അവളുടെ ഭാഗത്താണ് ന്യായമെന്ന് അയാൾ ചിന്തിച്ചു. ജാനകിയ്ക്ക് സമ്മതമെങ്കിൽ വീട്ടിലേക്ക് കൊണ്ടു പോകാൻ തന്നെയാണ് ശിവരാമൻ വന്നതും…
ജീവന്റെ കണ്ണിൽ ഒളിമങ്ങുന്ന നിസ്സംഗത ശിവരാമനിൽ വിദ്വേഷത്തെ പടർത്തി.
“ജീവാ…” ശിവരാമനും ജീവനും സംസാരിക്കുന്നതിന് ഇടയിൽ ഉമ്മറത്തേയ്ക്ക് പോയ
പ്രേമലത അകത്തേയ്ക് വെപ്രാളപ്പെട്ടു വരുന്നത് കണ്ട് ശിവരാമനും പേടിച്ചു.
“ജീവാ…ദേ ജാനകി റോട്ടിലോട്ട് ഓടി പോയിട്ടുണ്ട്…വിളിച്ചിട്ട് നിന്നില്ല…”
“ശ്ശേ…കണ്ടില്ലെ അങ്കിൾ…ആളുകളെ കൊണ്ട് പറയിപ്പിക്കാൻ…” അതും പറഞ്ഞു ജീവൻ പുറത്തേയ്ക് ഓടി. കാലിന്റെ വേദന മറന്ന് ആ പിതാവും പുറകെ പോയി.
ജീവൻ റോഡിൽ എത്തിയതും കണ്ടത് വലിയൊരു ചരക്ക് ലോറി ഇടിച്ച് ജാനകി തെറിച്ചു വീഴുന്നതാണ്.
അത് കണ്ടമാത്രയിൽ അലറി വിളിച്ച് ജീവൻ തളർന്നു വീണു. ആളുകൾ ഓടികൂടുന്നതും തൊട്ടു പുറകെ “മോളെ… “എന്ന് വിലപിച്ചു കൊണ്ടു വരുന്ന ശിവരാമനും ഒന്നും ജീവന്റെ ശ്രദ്ധയിൽ ഇല്ലായിരുന്നു.
********************
മാസങ്ങൾക്ക് ശേഷം….
“മോളെ മരുന്ന് എടുത്ത് തരട്ടെ…”
“കുറച്ചു കഴിഞ്ഞ് മതിയച്ഛാ…”
“എന്താ ന്റെ കുട്ടി ആലോചിച്ചു ഇരിക്കണേ…ജീവനെ കുറിച്ചാണോ…അന്ന് ആ അപകടം സംഭവിച്ചിട്ട് മാസങ്ങൾ കഴിഞ്ഞില്ലേ…എത്ര ദിവസങ്ങളാ എന്റെ മോള് ഐ സി യു വിൽ കിടന്നത്. മരണത്തോട് മല്ലിട്ട് മോള് അതിനുള്ളിൽ കിടക്കുമ്പോൾ ഒന്ന് ആശ്വാസിപ്പിക്കുവാൻ പോലും പുറത്തു നിന്ന് നിന്നെ ഒന്ന് കാണുവാൻ പോലും ആ ദു ഷ്ടൻ വന്നില്ലലോ മോളെ…പിന്നെയെന്തിനാ അവനെ കുറിച്ചു ആലോചിച്ചു മോള് സങ്കടപ്പെടണേ…അവന് അവന്റെ അമ്മയുണ്ട്…നിനക്കു ഈ അച്ഛനും…ആരോഗ്യം പൂർവ്വസ്ഥിതിയിൽ ആയിട്ട് വേണം ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ…മോള് അച്ഛന്റെ തീരുമാനങ്ങൾക്ക് എതിര് നിൽക്കാതിരുന്നാൽ മതി.ഇനിയും അബദ്ധങ്ങൾ ഒന്നും ചെയ്യരുത്…”
“ഇല്ല അച്ഛാ…ജീവേട്ടന് എന്നേക്കാൾ സ്നേഹം ജീവേട്ടന്റെ അമ്മയോടാണെന്ന് പറഞ്ഞതിനു ഞാൻ ചാകാൻ നിൽക്കേണ്ട കാര്യം ഒന്നും ഇല്ലായിരുന്നു. എനിക്ക് അമ്മയില്ലാത്തതിന്റെ കുറവ് നന്നായി അറിയാം…ജീവേട്ടന്റെ അമ്മയോട് എനിക്ക് ദേഷ്യമൊന്നും ഇല്ലായിരുന്നു. പക്ഷേ അവർ ഓരോ തവണ ആ വീട്ടിൽ കാല് കുത്തുമ്പോഴും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും. കറിയിൽ ഉപ്പു കൂടി, എരിവ് കുറഞ്ഞു എന്നെയൊക്കെയുള്ള പതിവ് അമ്മായിഅമ്മ പോരോക്കെ നേരിടാൻ എനിക്ക് കെൽപ്പുണ്ടായിരുന്നു. പക്ഷെ ഇത് അതിനെല്ലാം അപ്പുറമായിരുന്നു. ജീവിതം തുടങ്ങിയിട്ടേ ഉള്ളൂ അതിനുള്ളിൽ കടക്കെണിയിൽ വീഴാൻ മാത്രം എനിക്കോ ജീവേട്ടനോ ചെലവുകൾ ഉണ്ടായിരുന്നില്ല. എത്രയോ ബാങ്ക് ലോണുകൾ അമ്മ അനാവശ്യമായി എടുത്തിരിക്കുന്നു. അമ്മയെ വിഷമിപ്പിക്കാൻ വയ്യാ എന്ന് പറഞ്ഞു അതൊന്നും മക്കൾ ചോദ്യം ചെയ്യാൻ പോകാറില്ല. ആകെക്കൂടി ഞാൻ മാത്രമേ അതെല്ലാം എതിർത്തിരുന്നുള്ളു. അതിനാണ് വഴക്കിട്ടു അമ്മ ജീവേട്ടന്റെ അനിയന്റെ കൂടെ പോയത്. വിവാഹം കഴിഞ്ഞതോടെ ജീവേട്ടന്റെ അനിയന് ബോധം വന്നു തുടങ്ങി. അവിടെ വഴക്കായി. വീണ്ടും ഞങ്ങളുടെ ഇടയിലേക്ക്…വരുന്നത് കൊണ്ടൊന്നും യാതൊരു ഇഷ്ട്ടക്കേടൊന്നും ഇല്ലാ…എങ്ങനെയെങ്കിലും കടങ്ങളൊന്നും ഇല്ലാതെ കഴിഞ്ഞ് പോകുന്നത് കൂടി ഇല്ലാതാകുവാനുള്ള വരവാണെന്ന് അറിയാവുന്നത് കൊണ്ടാണ് ഞാൻ…
എല്ലാവർക്കും അവരവരുടെ അച്ഛനമ്മമാർ തന്നെ ആയിരിക്കും വലുത്. ഈ ചെറുപ്രായത്തിൽ കടക്കെണിയിൽ വീഴാൻ എനിക്ക് താല്പര്യം ഇല്ലായിരുന്നു. ഇനി അത് പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ…
ജീവേട്ടനുമായി ഒട്ടും ഒത്തു പോകാൻ കഴിയില്ലെങ്കിൽ അവസാനിപ്പിക്കേണ്ടിയിരുന്നത് സ്വന്തം ജീവനല്ല, ജീവേട്ടനുമായുള്ള ജീവിതം ആയിരുന്നു. എന്റെ പൊട്ട ബുദ്ധിയിൽ അന്നേരം അതൊന്നും വന്നില്ല…”
“ഊം…ഇപ്പോഴെങ്കിലും നല്ല ബുദ്ധി തോന്നിയല്ലോ…നാളെ നമുക്ക് ഒരിടം വരെ പോകണം.കുറേ നേർച്ചകൾ ഉണ്ട്…മോളെ അച്ഛന് തിരികെ തന്ന ദൈവങ്ങളോട് നന്ദി പറയണം.”
****************
ക്ഷേത്രങ്ങൾ പലതും കയറി ഇറങ്ങി വരുന്ന വഴിയിൽ കാറിൽ ജാനകി അച്ഛന്റെ തോളിൽ ചാഞ്ഞുറങ്ങുകയായിരുന്നു.
ബ്ലോക്കിൽ അകപ്പെട്ട വണ്ടിയിൽ പുറത്തേയ്ക്ക് കണ്ണും നട്ട് ഇരിക്കുന്ന ശിവരാമൻ മകളുടെ മുടിയിൽ തലോടി കൊണ്ടിരുന്നു. ഇഷ്ട്ട ദൈവങ്ങളെ പ്രാർത്ഥിച്ചു മനസ്സിൽ നിറഞ്ഞ സന്തോഷവും സമാധാനവും ആയി യാത്ര തുടരുന്ന ശിവരാമന്റെ കണ്ണുകളിൽ ആ കാഴ്ചയുടക്കി.
“ജീവൻ…” അയാളുടെ ചുണ്ടുകൾ പതിയെ മന്ത്രിച്ചു.
ആ കാഴ്ച മകൾ കാണാതിരിക്കുവാൻ ട്രാഫിക് ബ്ലോക്ക് പെട്ടന്ന് മാറണമെന്ന് അയാൾ പ്രാർത്ഥിച്ചു.
********************
വർഷം മൂന്നു കഴിഞ്ഞു….
“എങ്ങോട്ടാ ശിവരാമേട്ടാ ഇത്ര നേരത്തേ പോണത്…വണ്ടിയിൽ കുറേ സാധനങ്ങൾ എടുത്ത് വെയ്ക്കണത് കണ്ടല്ലോ “
കാറിൽ കയറാൻ നേരം അയലത്തെ രവിയുടെ ചോദ്യം കേട്ട് ശിവരാമൻ തിരിഞ്ഞു നിന്നു.
“ആഹ്…നാളെ എന്റെ പേരക്കുട്ടിയുടെ ഒന്നാം പിറന്നാൾ ആണ്. അവൾക്കുള്ള സമ്മാനങ്ങളാ വണ്ടിയിൽ. ഞാൻ ഇന്ന് തന്നെ ചെല്ലണം എന്ന് മരുമോന് നിർബന്ധം.”
“ശിവരാമേട്ടന്റെ ഭാഗ്യം, നല്ല സ്നേഹമുള്ള മരുമകനെ തന്നെ കിട്ടീലോ. എന്നാ പിന്നെ വൈകിയ്ക്കണ്ട…വന്നിട്ട് കാണാം “
“ശരി പോയിട്ട് വരാം.”
ശിവരാമൻ അതീവ സന്തോഷത്തോടെ ആണ് വണ്ടിയിൽ കയറിയതെങ്കിലും യാത്രയിലുടനീളം പഴയ ഓർമ്മകളിൽ ആയിരുന്നു.
അന്ന് ട്രാഫിക് ബ്ലോക്കിനിടയിൽ കണ്ട കാഴ്ച. താടിയും മുടിയും നീട്ടി വളർത്തി വികൃതമായ ചേഷ്ടകളിലൂടെ ആളുകളെ ഭയപ്പെടുത്തുന്ന ഒരു യുവാവ്. എല്ലാ വണ്ടികളിലും കൈകൊണ്ട് അടിച്ചു ഉടമസ്തരുടെ അസഭ്യവർഷം കേട്ടു കൊണ്ട് നടന്നു നീങ്ങുന്ന അയാളെ കണ്ടപ്പോൾ ജീവൻ ആണെന്ന് തിരിച്ചറിഞ്ഞിട്ടും അത് വിശ്വസിക്കാൻ സമയമെടുത്തു.
“ജാനകിയ്ക്ക് അപകടം സംഭവിച്ച സമയം തളർന്നു വീണ ജീവനെ എല്ലാവരും കൂടി ആശുപത്രിയിൽ കൊണ്ടു പോയി. ബോധം തിരിച്ചു കിട്ടിയിട്ടും ആ നടുക്കത്തിൽ നിന്ന് ജീവൻ മുക്തനായില്ല. മനപ്പൂർവം ആയിരുന്നു ഇതെല്ലാം ജാനകിയുടെ അച്ഛനിൽ നിന്ന് മറച്ചു വെച്ചത്. എന്തിന് ഇതു കൂടി പറഞ്ഞു വിഷമിപ്പിക്കണം. ഊണിലും ഉറക്കത്തിലും ജാനകിയെ പറ്റി തന്നെ ആയിരുന്നു ചിന്ത. അവൾ മരിച്ചു പോയെന്ന് തന്നെയാ അവൻ വിചാരിച്ചത്. അത്രയ്ക്കു വലിയ അപകടം ആയിരുന്നല്ലോ…ജാനകിയെ കുറിച് പറഞ്ഞു അമ്മയോട് വഴക്കിടുമായിരുന്നു. ജാനകി മരിച്ചിട്ടില്ലെന്ന് അമ്മ പറയുന്നത് വിശ്വാസം വരാതെ.
ജാനകി കുറേ കാലം അനക്കമില്ലാതെ ആശുപത്രിയിൽ കിടക്കുന്ന അവസ്ഥയിൽ ജീവനെ അങ്ങോട്ട് കൊണ്ടു പോകുന്നത് എല്ലാവർക്കും പ്രയാസം ഉള്ള കാര്യമായിരുന്നു. ജാനകിയുടെ അച്ഛൻ എങ്ങനെ പ്രതികരിയ്ക്കുമെന്ന് അറിയില്ലല്ലോ. പതിയെ ഭ്രാ ന്തിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയ മകനെ വിട്ട് അമ്മയും പോയി.”
ജീവനെ അന്വേഷിച്ചു പോയ ശിവരാമനോട് വിവരങ്ങൾ പറഞ്ഞത് പ്രേമലതയായിരുന്നു.
അമ്മയെ പ്രാണനോളം സ്നേഹിച്ച ആ മകൻ അവൻ പോലും അറിയാതെ ഉള്ളിന്റെ ഉള്ളിലെ ഭാര്യയെയും അത്ര തന്നെ സ്നേഹിച്ചിരുന്നു എന്നതായിരുന്നു ജാനകിയുടെ വേർപിരിയൽ അവനിൽ തീർത്ത ഭ്രാ ന്ത്.
രണ്ടു വർഷത്തെ ചികിത്സയ്ക്ക് ശേഷം മാത്രം മാനസിക നില മെച്ചപ്പെട്ട ജീവനെ മകൾക്കു മുൻപിൽ നിർത്തുമ്പോൾ ജീവനെ സ്വീകരിയ്ക്കണോ അവഗണിക്കണോ എന്ന തീരുമാനം പൂർണ്ണമായും മകൾക്ക് വിട്ടു കൊടുത്തു.
അവളുടെ തീരുമാനം തെറ്റിയില്ല.
പുതിയ ബന്ധങ്ങൾ കിട്ടുമ്പോൾ പഴയതിനെ തള്ളിപ്പറയുന്നവർക്കിടയിൽ ഒരു ആക്ഷേപമായിരുന്ന ജീവനെ വീണ്ടും സ്വീകരിക്കുന്നതിൽ അവൾക്ക് സന്തോഷമായിരുന്നു.
****************
ജീവനും ജാനകിയും അവരുടെ മകളുടെ കൈപിടിച്ചു കേക്ക് മുറിക്കുന്നത് നോക്കി നിൽക്കേ ശിവരാമന്റെ കണ്ണുകൾ നിറഞ്ഞു.
ഭർത്താവിന് സ്നേഹമില്ലെന്ന് കരുതി ജീവനൊടുക്കാൻ പോയ മകൾ, നഷ്ട്ടമായ ഭാര്യയെ ഓർത്ത് ഭ്രാന്തിനെ പുൽകിയ മരുമകൻ ഭാഗ്യം ഒന്ന് കൊണ്ടു മാത്രം തിരിച്ചു പിടിച്ച അവരുടെ ജീവിതത്തിലെ സന്തോഷനിമിഷങ്ങൾ ആ അച്ഛന് എന്നും ഒരു അത്ഭുതമായിരുന്നു.
എല്ലായ്പ്പോഴും ഭാഗ്യം തുണയ്ക്കണമെന്നില്ല. സ്നേഹിക്കുന്നവരെ തിരിച്ചറിഞ്ഞും അനുഭവങ്ങളിൽ നിന്ന് പാഠമുൾക്കൊണ്ടും ജീവിക്കാൻ ശ്രമിച്ചില്ലെങ്കിൽ അത് വലിയൊരു ദുരന്തമായിരിക്കുമെന്ന് അയാൾക്ക് നല്ല ബോധ്യമുണ്ടായിരുന്നു.
ഒരു വയസ്സുള്ള മകളെ കൈയ്യിലെടുത്ത് ജാനകിയെ ചേർത്ത് നിൽക്കുമ്പോൾ ശിവരാമൻ ജീവന്റെ കണ്ണിൽ കണ്ടത് ഭ്രാ ന്തിന്റെ തിളക്കമായിരുന്നു…
സ്‌നേഹമെന്ന ഭ്രാ ന്ത്…
~രേഷ്ജ അഖിലേഷ്
(നന്നായിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും അഭിപ്രായം പറയണേ…സ്നേഹം ❤️)