പക്ഷെ എൻജിനീയറിംഗ് കഴിഞ്ഞു എന്നല്ലാതെ സ്വന്തമായി ഒരു വരുമാനം പോലും എനിക്കില്ല. തന്നെയുമല്ല കഴിഞ്ഞ രണ്ട് വർഷമായി…

ലോറിഡ്രൈവർ…

Story written by Praveen Chandran

===============

“ഡാ മതിയെടാ എത്ര നാളെന്ന് വച്ചാ ഇങ്ങനെ അവളെ നോക്കി വെളളമിറക്കിയിരിക്കുന്നത്?..”

അജീഷിന്റെ ആ ചോദ്യം എന്നെ വല്ലാത്തൊരു ആശങ്കയിലാഴ്ത്തി…

അതിൽ കാര്യവുമുണ്ട്..കാരണം ഒരു പാട് നാളായി അമ്പലമുറ്റത്തെ ആലിൻ തറയിലിരുന്ന് നിമ്യയെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട്..

സ്കൂളിൽ പഠിക്കുമ്പോ മുതൽക്ക് മനസ്സിൽ കൂടുകൂട്ടിയതാണവൾ..പിന്നീട് ഞാൻ വളരുന്നോടൊപ്പം അവളോടുളള എന്റെ സ്നേഹവും വളർന്നു കൊണ്ടിരുന്നു…പല തവണ ഇഷ്ടം തുറന്ന് പറയണമെന്ന് കരുതിയതാണെങ്കിലും എന്തോ എനിക്കതിന് കഴിഞ്ഞിരുന്നില്ല…

ഇപ്പോ അവളുടെ വീട്ടിൽ കല്ല്യാണാലോചനകൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്..സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലായിരുന്നത് കൊണ്ടാണ് അവളുടെ കല്ല്യാണം ഇങ്ങനെ നീണ്ട് പോകുന്നത്…

“എടാ നീ ഒരു കാര്യം ചെയ്യ്..അവളുടെ വീട്ടിൽ പോയി കല്ല്യാണം ആലോചിക്ക്..അവളുടെ അച്ഛൻ അവളെ കെട്ടിച്ചു വിടാൻ നിവൃത്തിയില്ലാ തെ വിഷമിക്കുകയാണ്..ഈ സമയത്താണെങ്കിൽ വല്ലാത്ത പിടിയും വലിയൊന്നുമില്ലാതെ അയാൾ സമ്മതിച്ചേക്കും” അജീഷ് ആ പറഞ്ഞതിൽ അല്പം കാരൃമുണ്ടെന്ന് എനിക്ക് തോന്നി..

പക്ഷെ എൻജിനീയറിംഗ് കഴിഞ്ഞു എന്നല്ലാതെ സ്വന്തമായി ഒരു വരുമാനം പോലും എനിക്കില്ല..തന്നെയുമല്ല കഴിഞ്ഞ രണ്ട് വർഷമായി ഒരു ജോലിക്ക് വേണ്ടി അലയുകയാണ്..

“എടാ അതെങ്ങനെ..പറയാനായി ഒരു ജോലിപോലുമില്ലാതെ എങ്ങനെയാ പെണ്ണ് ചോദിക്കുന്നത്?”

“അത് കുഴപ്പമില്ലെടാ..നിന്റെ വീട്ടിൽ അത്ര ബുദ്ധിമുട്ടൊന്നുമില്ലല്ലോ..നീ ധൈരൃമായിച്ചെന്ന് ചോദിക്ക്”

അവന്റെ ആ പ്രോത്സാഹനമാണ് എന്നെ അവളുടെ വീട്ടിലെത്തിച്ചത്..

വീടിന്റെ കോലം കണ്ടാലറിയാം എത്രമാത്രം കഷ്ടപ്പാടിലാണ് അവർ കഴിയുന്നതെന്ന്..

കയ്യിലൊരു കപ്പ് കട്ടൻ ചായയുമായി പ്രത്യേകിച്ചൊരു ഒരുക്കവും കൂടാതെത്തന്നെ അവളെന്റെ മുന്നിൽ വന്ന് നിന്നു..

ഞാനവളെ നോക്കി ഒന്ന് പുഞ്ചിരിച്ചെങ്കിലും മൗനമായിരുന്നു മറുപടി..

“ഞങ്ങളുടെ സ്ഥിതി വളരെ മോശമാണ്..അത്കൊണ്ട് ചിലപ്പോ നിങ്ങളാഗ്രഹിക്കുന്ന തരത്തിലൊന്നും പൊന്നോ പണമോ നൽകാനുളള ശേഷി ഞങ്ങൾക്കില്ല..ഞങ്ങൾക്കാകെയുളള സമ്പാദ്യം ഈ വീടാണ്..അത് അവളുടെ പേരിൽ തന്നാൽ അവൾക്ക് താഴെയുളള ഒന്നിനെക്കൂടെ ഞങ്ങക്ക് പറഞ്ഞ് വിടണം..”

ആ അച്ഛന്റെ തൊണ്ട ഇടറി…

“പൊന്നും പണവും മോഹിച്ചല്ല ഞാനിവിടെ വന്നത്..എനിക്ക് നിമ്യെയ ചെറുപ്പം മുതൽക്കേ ഇഷ്ടമാണ്..ആ ഇഷ്ടമാണ് എന്നെ ഇവിടെ എത്തിച്ചത്..എനിക്ക് തന്നേക്ക് പൊന്ന് പോലെ ഞാൻ നോക്കിക്കൊളളാം”

എന്റെ ആ മറുപടി പ്രതീക്ഷിക്കാത്തത് കൊണ്ടാവണം ആ അച്ഛന്റെ കണ്ണുകൾ നിറഞ്ഞത്..

അവൾ പക്ഷെ എന്നെത്തന്നെ നോക്കി നിന്നതേയുളളൂ..

“ആട്ടെ മോനെന്താ ചെയ്യുന്നത് ഇപ്പോൾ?”

അച്ഛന്റെ ആ ചോദ്യം എന്നെ ഒന്നുലച്ചുവെങ്കിലും പതറാതെ ഞാൻ പറഞ്ഞു..

“എൻജിനീയറിംഗ് കഴിഞ്ഞു..ജോലി നോക്കുന്നുണ്ട്..മനസ്സിനിണങ്ങിയ ഒന്ന് കിട്ടുന്നില്ല..പിന്നെ എന്റെ ജോലികൊണ്ട് കുടുംബം കഴിയേണ്ട ഒരവസ്ഥ എന്റെ വീട്ടിലില്ലതാനും”

ഞാനത് പറഞ്ഞതും അദ്ദേഹത്തിന്റെ മുഖത്തെ തെളിച്ചം മങ്ങിയതും ഒരുമിച്ചായിരുന്നു..

“മോൻ ക്ഷമിക്കണം..ഒരു ജോലിയും ഇല്ലാതെ നടക്കുന്ന ഒരാൾക്ക് എന്റെ മകളെ കൈ പിടിച്ചേൽപ്പിക്കാൻ എനിക്കൽപ്പം ബുദ്ധിമുട്ടുണ്ട്”

ഞാനാകെ നിരാശനായി..അച്ഛൻ അകത്തേക്ക് പോയതും അവളെന്റെ അരികിലേക്ക് വന്നു..

“നിങ്ങളെന്നെ ആൽത്തറയിലിരുന്ന് നോക്കുന്നത് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്..പക്ഷെ അപ്പോഴൊന്നും നിങ്ങളോട് തോന്നാത്ത ഒരു ബഹുമാനം നിങ്ങൾ നേരത്തെ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ എനിക്ക് തോന്നിയിരുന്നു..പക്ഷെ ഒരു ജോലിപോലും സമ്പാദിക്കാതെയാണ് നിങ്ങളിവിടെ വന്നതെന്നറിഞ്ഞപ്പോൾ അതും പോയി..”

ഞാനാകെ ചൂളിപ്പോയിരുന്നു..

“അത് ഞാൻ ഇത്രയും പഠിച്ചതല്ലേ?എങ്ങിനാ കണ്ട പണിക്കൊക്കെ പോകാൻ പറ്റാ?..നല്ലൊരു ജോലി കിട്ടിയാൽ എല്ലാം ശരിയാവില്ലേ?”

“ഹും..പണി ചെയ്യാൻ മടിയുളള എല്ലാവരും പറയുന്ന മുടന്തൻ ന്യായങ്ങൾ..ഏതു ജോലിക്കും അതിന്റേതായ അന്തസ്സുണ്ട്..അത് ചെയ്യാനുളള മനസ്സുണ്ടാവണം അത്ര മാത്രം..ആദ്യം അതുണ്ടാക്കാൻ നോക്ക്..എന്നിട്ടാവാം പെണ്ണു കെട്ടുന്നത്”

അതും പറഞ്ഞ് അവൾ അകത്തേക്ക് കയറി പോകുന്നത് ഞാൻ വിഷമത്തോടെ നോക്കി നിന്നു..

ഇത്രയും ഞാൻ പ്രതീക്ഷിച്ചതല്ല..നിരാശയോടെ അവിടെ നിന്നിറങ്ങി നേരെ ആലിൻചുവട്ടിൽ പോയി നിവർന്നു കിടന്നു..മനസ്സിൽ ഒരുപാട് ചിന്തകൾ തളം കെട്ടി നിന്നിരുന്നു..

“നീയെന്താടാ ഇവിടെ കിടക്കുന്നത്?” അജീഷിന്റെ ആ ചോദ്യം എന്നെ ചിന്തകളിൽ നിന്നുണർത്തി..ഞാനുണ്ടായ കാരൃമെല്ലാം അവനോട് പറഞ്ഞു..

“ഉം..അപ്പോ ഒരു ജോലിയാണ് പ്രശ്നം?”

“അതെടാ..ഞാൻ അവരെ വിലകുറച്ചു കണ്ടു..ജോലിയില്ലെങ്കിൽ ആണുങ്ങൾക്ക് ഒരു വിലയുമില്ലെന്ന് എനിക്കിന്ന് മനസ്സിലായി..ഞാനവിടെ പോകാൻ പാടില്ലായിരുന്നു”

“പോട്ടെടാ..നീ വിഷമിക്കാതെ..നിനക്ക് എന്റെ കൂടെ കൂടാമോ..എളുപ്പമുളള പണിയൊന്നുമല്ല ലോറി ഡ്രൈവിംഗ്..മിക്കതും ലോംഗ് ആയിരിക്കും പക്ഷെ നല്ല വരുമാനമുണ്ടാക്കാം..എന്നാലും നീ ഇത്ര പഠിച്ചിട്ട്? അല്ലേൽ വേണ്ടടാ..അത് ശരിയാവില്ല… “

അവൻ ആ പറഞ്ഞത് എന്നെ സംബന്ധിച്ചിടത്തോളം ഒരു പിടിവളളിയായിരുന്നു..

“ഞാൻ റെഡിയാണ്..”

അവിട്ന്നങ്ങോട്ട് ആറുമാസങ്ങൾ..ആദ്യമാദ്യം കുറച്ച് ബുദ്ധിമുട്ട് തോന്നിയിരുന്നെങ്കിലും പിന്നീട് ഡ്രൈവിംഗ് എനിക്കൊരു ഹരമായിമാറി…

അങ്ങനെ ഒരു ദിവസം..ലോറിയുമായി ഗോഡൗണിലേക്ക് പോകവെ ഞാനവളെ വീണ്ടും കണ്ടു..വണ്ടി ഒതുക്കി ഞാനവളുടെ അടുത്തേക്ക് നടന്നു..

ആശ്ചര്യത്തോടെ അവളെന്നെത്തന്നെ നോക്കുന്നുണ്ടായിരുന്നു…

“ഹലോ..ഞാൻ ശല്ലൃപെടുത്താൻ വന്നതല്ലാട്ടോ..തന്നോട് നന്ദി പറയാൻ വന്നതാ എന്നെ ജീവിക്കാൻ പഠിപ്പിച്ചതിന്.. “

“ആഹാ..അത് കൊളളാലോ..എന്തായാലും നന്നായി..ഇനി ആരുടേയും മുന്നിൽ തലകുനിക്കേണ്ടി വരില്ലല്ലോ..?”

ഞാനൊന്ന് ചിരിച്ചു..എന്തോ പറയണമെന്ന് ഞാനോർത്തെങ്കിലും അപ്പോഴത്തെ ടെൻഷനിൽ ഞാനത് മറന്ന് പോയിരുന്നു..

“എന്നാ ഞാൻ പോട്ടെ..നേരം വൈകി”

“അപ്പോഴേക്കും തിരക്കായോ..പിന്നെ ഒരു കാരൃം ചോദിച്ചോട്ടെ..എന്തെങ്കിലും ഒരു ജോലി എന്ന നിലയ്ക്കാണ് ഞാൻ ഡ്രൈവിംഗ് പണി തിരഞ്ഞെടുത്തത്..പക്ഷെ ഇപ്പോ എനിക്കിതൊരു ഹരമാണ്..അത്യാവശ്യം ജീവിക്കാനുളള നല്ലൊരു വക ഞാനുണ്ടാക്കുന്നുമുണ്ട്..ഒരു ഡ്രൈവറെ കെട്ടാൻ തനിക്ക് കുറച്ചിലൊന്നുമില്ലെങ്കിൽ ഞാൻ വീട്ടിലോട്ട് വന്നോട്ടെ പെണ്ണു ചോദിക്കാൻ?”

അവളെന്നെ തുറിച്ചൊന്ന് നോക്കി..

“ഞാനാദ്യം വിചാരിച്ചു എന്നെ കല്ല്യാണം കഴിക്കാൻ വേണ്ടി തൽക്കാലത്തിന് ഒപ്പിച്ച ജോലിയാണ് എന്ന്. ഇപ്പൊ എനിക്ക് മനസ്സിലായി അതല്ലാന്ന്..ഒരു പെണ്ണിന് ഏറ്റവും വേണ്ടത് എന്തു ജോലിയും ചെയ്ത് തന്നെ പോറ്റാൻ  മനസ്സുറപ്പുളള ഒരാളെയാണ്..ആ അർത്ഥത്തിൽ നിങ്ങളെന്റെ മനസ്സ് കീഴടക്കിക്കളഞ്ഞു..”

എന്റെ മനസ്സിൽ മഞ്ഞുതുളളി വീണപോലെ ഒരു സുഖം..

“ഞാൻ നാളെത്തന്നെ വരാം വീട്ടിലോട്ട്..”

അവൾ നാണത്തോടെ എന്നെനോക്കി പുഞ്ചിരിച്ചു..

“വരുന്നോ?..ലോറിയിൽ സ്ഥലമുണ്ട്..ഞാൻ കൊണ്ടു വിടാം”

“അയ്യെടാ..ഞാൻ വരുന്നുണ്ട്..എന്റെ വല്ലൃ ആഗ്രഹായിരുന്നു ലോറിയിൽ കയറി കുറേ സ്ഥലങ്ങൾ കറങ്ങണമെന്നുളളത്..കല്ല്യാണം കഴിയട്ടേട്ടോ”

അവൾ യാത്ര പറഞ്ഞ് പോകുന്നത് നോക്കി ഞാൻ വണ്ടിയിൽത്തന്നെ ഇരുന്നു…

കെട്ടാണെങ്കിൽ ഇങ്ങനത്തെ മനസ്സുളള ഒരു പെണ്ണിനെത്തന്നെ കെട്ടണം..ഞാനോർത്തു..

~പ്രവീൺ ചന്ദ്രൻ