പ്രകൃതിവിരുദ്ധൻ
Story written by Sai Bro
===============
ഡാ പ്രകൃതിവിരുദ്ധാ, മാനത്തോട്ട് നോക്ക്യേ ഒരു മഴക്കുള്ള കോളുണ്ട്..നീയാ കണ്ടംചാടി വീട്ടിലേക്കോടിക്കോ മുത്തേ…
വരണ്ടുണങ്ങിയ പാടത്തു കാൽപന്ത് കളിക്കിടെ കൂട്ടുകാരിലൊരുത്തൻ എന്നെനോക്കി അത് വിളിച്ചു കൂവിയപ്പോഴാണ് ഞാൻ മാനത്തോട്ട് നോക്കിയത്…
ശരിയാണ്, ആകാശത്തിന്റെ നിറവും ഭാവവും പെട്ടെന്ന് മാറിയിരിക്കുന്നു..തണുത്ത കാറ്റും വീശുന്നുണ്ട്..എവിടെയോ ഒരു ഇടിമുഴക്കം കേൾക്കുന്നുണ്ടോ.. ?
മുണ്ടും മാടികുത്തി കണ്ടംചാടി വീട്ടിലേക്കോടുമ്പോൾ വരാൻപോകുന്ന മഴയെയും ഇടിവെട്ടിനെയും ഞാൻ മനസ്സാലെ ശപിക്കുകയായിരുന്നു…
എനിക്ക് മഴയെ പേടിയായിരുന്നു, മഴക്കൊപ്പം വരുന്ന ഇടിമിന്നലിനെ അതിലേറെ പേടി..
കുഞ്ഞുന്നാളിൽ മഴയെയും ഇടിമിന്നലിനെയും ഭയന്നു ഞാൻ വാവിട്ടു കരയുമ്പോൾ അമ്മ മാറോടുചേർത്ത് പിടിച്ചു ആശ്വസിപ്പിക്കുമായിരുന്നു.
വളർന്നു വലുതായി കഴിഞ്ഞപ്പോഴും എന്റെ മഴപ്പേടി മാറിയില്ല…
മഴയും ഇടിമിന്നലും ഉള്ള രാത്രികളിൽ പുതപ്പുമെടുത്തു ഞാൻ അമ്മകിടക്കുന്ന പുല്പായക്കരുകിലെത്തും….
“പോ.ത്തുപോലെ വലുതായിട്ടും ചെറുക്കാനിപ്പോഴും മഴ പെയ്താൽ പേടിച്ചു പായേല് മുള്ളും “
അമ്മയുടെ പിറുപിറുക്കൽ കേട്ടില്ലായെന്നു നടിച്ചു ഞാൻ പതിയെ പുതപ്പിനടിയിലേക്ക് മുഖം ഒളിപ്പിക്കും.,
അമ്മയുടെ മുടിയിഴകിൽ നിന്നുയരുന്ന കാച്ചിയ എണ്ണയുടെ ഗന്ധം ആസ്വദിച്ചു അങ്ങിനെ കിടക്കും..
ഇതേ മഴപ്പേടിയാണ് എനിക്ക് “പ്രകൃതിവിരുദ്ധൻ ” എന്നുള്ള ഇരട്ടപ്പേര് സമ്മാനിച്ചതും…
പ്ലസ് ടു കഴിഞ്ഞുള്ള അവധിക്കാലത്തായിരുന്നു ആ സംഭവം നടന്നത്..
ലാലേട്ടന്റെ ദൃശ്യം സിനിമ തകർത്തോടുന്ന സമയം..
ഞാനും എന്റെ കൂട്ടുകാരനും കൂടി വീടിനടുത്തുള്ള തിയേറ്ററിൽ “ദൃശ്യം” സെക്കന്റ് ഷോ കണ്ടു തിരിച്ചു വരുന്ന വഴിക്ക് ഓർക്കാപ്പുറത് ഒരു ഇടിമുഴങ്ങി…!
ഇടിവെട്ടിയത് ആകാശത്തായിരുന്നെങ്കിലും അതിന്റെ പ്രതിധ്വനികൾ മുഴങ്ങിയത് എന്റെ ചങ്കിലായിരുന്നു..
പേടിച്ചു മുട്ടുകാൽ കൂട്ടിയിടിക്കുന്ന സമയത്ത് വീണ്ടും വരുകയായിരുന്നു ചറപറാ ഇടിമിന്നൽ.. ഒപ്പം തുള്ളിക്കൊരു കുടംപോലെ മഴയും..
മഴകൊള്ളാതിരിക്കാൻ ഞങ്ങൾ അടച്ചിട്ട പീടികയുടെ വരാന്തയിൽ കയറികൂടി..
ആർത്തലച്ചു പെയ്യുന്ന മഴയെ ആസ്വദിച്ചു അവൻ എന്തൊക്കെയോ പറയുമ്പോൾ പേടികൊണ്ട് ഉള്ള് കിടുങ്ങി ഞാൻ അവന്റെ പിറകിലേക്ക് ചേർന്ന് നിന്നു..
അടുത്ത ഇടിമിന്നൽ കണ്ടു ഭയന്നു വിറച്ചു ഞാനവനെ കെട്ടിപിടിച്ചു..
അവിടെ തുടങ്ങിയതാണ് എന്റെ കഷ്ടകാലം.. !
മഴയുള്ള പാതിരാത്രിക്ക് സ്വന്തം കൂട്ടുകാരനെ കേറിപിടിച്ച ഞാൻ “പ്രകൃതി വിരുദ്ധൻ” ആയി… !
ആ കഥ നാട്ടുകാർക്കിടയിലും കൂട്ടുകാർക്കിടയിലും പൊടിപ്പും തൊങ്ങലും വെച്ച് വളരെ വേഗം പ്രചരിച്ചു..
എന്തിനു പറയുന്നു, എന്റെ സ്വന്തം പേര് ഞാൻതന്നെ ഇപ്പോൾ മറന്നുതുടങ്ങി..
“പ്രകൃതിവിരുദ്ധൻ” അതാണ് ഞാനിപ്പോൾ..
എന്റെ ഇരട്ടപേരിനൊപ്പം മഴയോടുള്ള എന്റെ പേടിയും കൂട്ടുകാർക്കിടയിൽ പരന്നു..
താപ്പ് കിട്ടുമ്പോഴൊക്ക അതു പറഞ്ഞ് അവരെന്നെ കണക്കിന് പരിഹസിച്ചു…
ഞാനെന്റെ എല്ലാ സങ്കടങ്ങളും അമ്മയോട് പറയുമായിരുന്നു…
കണ്ണും നിറച്ചു വിങ്ങിപ്പൊട്ടി നിൽക്കുന്ന എന്റെ തോളിൽ തട്ടീട്ട് അമ്മ പറയും…
നീയൊരു ആൺകുട്ടി അല്ലേടാ, വെല്ലോരും വല്ലതും പറയണകേട്ടു ഇങ്ങനെ സങ്കടപ്പെട്ട് കരയരുത്…കയ്യും കാലും കഴുകി വരുമ്പോഴേക്കും അമ്മ ചിരട്ടപുട്ടും കടലക്കറിയും ഉണ്ടാക്കി തരാം…
അതേ… എന്റെ എല്ലാ സങ്കടങ്ങളും ആകുലതകളും അമ്മയുടെ ആ ചിരട്ടപുട്ടിനു മുൻപിൽ തകർന്നടിയുമായിരുന്നു.
ആധി ഒഴിഞ്ഞ മനസ്സുമായി മകൻ പുട്ടും കടലക്കറിയും വയറുനിറയെ കഴിക്കുന്നത് കാണുമ്പോൾ ആ അമ്മയുടെ മനസും നിറഞ്ഞിരിക്കണം..
പക്ഷെ മകന്റെ ഭാവിജീവിതത്തെ കുറിച്ചോർത്തുള്ള ആശങ്ക കൊണ്ടായിരിക്കണം ഡിഗ്രീ പൂർത്തിയായ ഉടനെ എന്നെ മംഗലാപുരത്തുള്ള അമ്മാവന്റെ അടുത്തേക്ക് നാടുകടത്തിയത്…
മംഗലാപുരത്തേക്കു പോകുന്ന മാങ്ങലോറിയിൽ കൂനികൂടിയിരിക്കെ എന്റെ മനസ്സ് നീറികൊണ്ടിരുന്നത് അമ്മയെക്കുറിച്ചു ഓർത്ത് മാത്രമായിരുന്നു…
ജനിച്ചനാൾമുതൽ അമ്മയെ പിരിഞ്ഞിരുന്നിട്ടില്ല ഇതുവരെ…
അടുക്കളയിൽ പാത്രങ്ങളോടും, അടുപ്പിൽ കത്താത്ത പച്ചവിറകിനോടും, ഉമ്മറത്ത് പായയിൽ ഉണക്കാൻ ഇട്ടിരിക്കുന്ന നെല്ല് കൊത്താൻ വരുന്ന കാക്കകളോടും കിളികളോടും, നാവുകൊണ്ട് പടപൊരുതുന്ന എന്റെ അമ്മ മംഗലാപുരത്തേക്കുള്ള എന്റെ യാത്ര കാണാനുള്ള ശക്തിയില്ലാതെ അടുക്കളയിൽ എവിടെയോ ഇരുന്ന് കണ്ണീർവാർക്കുന്നത് അകക്കണ്ണിൽ ഞാൻ കാണുന്നുണ്ടായിരുന്നു…
മംഗലാപുരം…. !
തുളുവും കന്നഡയും കൊങ്കിണിയും അപൂർവമായി മലയാളവും സംസാരിക്കുന്ന ആ നാട്ടിൽ ശരിക്കും ഞാനൊറ്റപെട്ടു…
ഒരു തീരപ്രദേശത്തായിരുന്നു അമ്മാവന്റെ വീട്..
വീടിനോട് ചേർന്നുള്ള ഒരു ചെറിയ റൂമിൽ സ്വർണപ്പണി സ്വന്തമായി നടത്തുന്ന അമ്മാവൻ കഠിനാധ്വാനി ആയിരുന്നു..
അമ്മായിയും മക്കളും ആയിരുന്നു അവിടുത്തെ പണിക്കാർ…
ഞാനെത്തിയതിനുശേഷം പ്രതിഫലം വാങ്ങാത്ത ഒരു പണിക്കാരനെക്കൂടി അമ്മാവനുകിട്ടി…
നീണ്ട ആറു വർഷം… !
അതിനിടയിൽ ഒരിക്കൽപോലും ഞാൻ ഞാൻ നാട്ടിലേക്ക് മടങ്ങുന്നതിനെക്കുറിച്ചു ചിന്തിച്ചിരുന്നില്ല…
ഇടക്ക് വരുന്ന അമ്മയുടെ ഫോൺകാളിലൂടെ മാത്രമായിരുന്നു ഞാൻ ആ നാളുകളിൽ നാടുമായുള്ള ബന്ധം നിലനിന്നിരുന്നത്..
തിരമാലകൾ അലയടിക്കുന്ന ശബ്ദം ഉറക്കത്തെ അലോസരപ്പെടുത്താതിരിക്കാൻ തലവഴി മൂടിപ്പുതച്ചു കിടക്കുന്ന രാത്രികളിൽ, ഒരു ദുഃസ്വപ്നം പോലെ ആ വിളി എന്റെ ചെവിയിൽ മുഴങ്ങുമായിരുന്നു…
“പ്രകൃതിവിരുദ്ധൻ”
അങ്ങനിരിക്കെ ഒരൂസം അപ്രതീക്ഷിതമായി നാട്ടിൽനിന്നു അമ്മയുടെ കാൾ വന്നു..
എനിക്ക് വിവാഹപ്രായം ആയെന്ന് അമ്മക്ക് വെളിപാടുണ്ടായിപോലും..
ഏതൊക്കെയോ മൂന്നാൻമാരെ കണ്ട് അമ്മ എനിക്കൊരു പെണ്ണിനെ കണ്ടെത്തിയെന്ന്…
സുന്ദരികുട്ടിയാണത്രെ… !
അന്ന് പണിതീർത്ത അഞ്ചുപവന്റെ സ്വർണമാല അമ്മാവനെ ഏല്പിച്ചു നാട്ടിലേക്കുള്ള യാത്രക്ക് വേണ്ടി ബാഗ് ഒരുക്കുമ്പോൾ പിറകിൽ പിറകിൽ നിന്നും അമ്മായിയുടെ മുരടനക്കം കേട്ടു..
“ഇത് കഴുത്തിലിട്ടുവേണം നാട്ടിലേക്ക് പോകാൻ..”
അതുപറഞ്ഞു അഞ്ചുപവന്റെ സ്വർണമാല കൈവെള്ളയിൽ വെച്ച് തരുമ്പോൾ അമ്മായിയുടെ മുഖം നിറയെ പുഞ്ചിരിയായിരുന്നു..
കയ്യിൽ കിടന്നു മിന്നുന്ന പൊന്നിനെ നോക്കി ഞാൻ അത്ഭുതം പൂണ്ട് നിൽക്കുമ്പോൾ അമ്മായി ചെവിയിൽ മറ്റൊരു രഹസ്യംകൂടി പറഞ്ഞുതന്നു..
കല്യാണച്ചിലവ് അലോയ്‌ച്ചു വിഷമിക്കണ്ട..നിന്റെ ആറുവർഷത്തെ ജോലിയുടെ പ്രതിഫലം ഓരോമാസവും കൃത്യമായി നിന്റെ അമ്മയുടെ അടുക്കൽ എത്തിക്കുന്നുണ്ടായിരുന്നു അമ്മാവൻ..
അതേ…!
ആറുവർഷത്തിനു ശേഷമുള്ള ആ ദിവസം വേണ്ടിവന്നു ഒറ്റമുറിയിൽ കൂനികൂടിയിരുന്നു പണിയെടുക്കുന്ന അമ്മാവന്റെ മനസ്സ് എന്തായിരുന്നു എന്ന് എനിക്ക് മനസ്സിലാകാൻ… !
“പ്രകൃതിവിരുദ്ധൻ എന്ന ഇരട്ടപ്പേരുള്ള ആ പഴയ ഞാനല്ല ഇപ്പോഴത്തെ ഈ ഞാൻ “
നാട്ടിലേക്കുള്ള യാത്രക്കിടയിൽ ഞാനത് മനസ്സിൽ പല ആവർത്തി ഉരുവിട്ടുകൊണ്ടിരുന്നു…
ഞാൻ നാട്ടിലെത്തുമ്പോഴേക്കും അമ്മ ആ പെൺകുട്ടിയുടെ വീട്ടുകാർക്ക് വാക്ക് കൊടുത്തിരുന്നു…
പെണ്ണിന്റെ കഴുത്തിൽ താലി ചാർത്തുക എന്നൊരു ചടങ്ങ് മാത്രമേ എനിക്ക് ചെയ്യാനുണ്ടായുള്ളു…!
വിവാഹത്തീയതി വരെ നിശ്ചയിച്ചെങ്കിലും ചെറുക്കനും പെണ്ണും ഇതുവരെ നേരിട്ട് കണ്ടിട്ടില്ലല്ലോ എന്ന് പറഞ്ഞ് അമ്മ സങ്കടിപ്പിച്ചതായിരുന്നു അവളുടെ വീടിനടുത്തുള്ള അമ്പലത്തിവെച്ചുള്ള ഞങ്ങളുടെ ആദ്യത്തെ കണ്ടുമുട്ടൽ…
ഒറ്റനോട്ടത്തിൽ തന്നെ അവളെ എനിക്കിഷ്ടമായി..അമ്മ പറഞ്ഞപോലെ തന്നെ സുന്ദരികുട്ടി…
എന്താ പേര്… ?
അമ്പലഭിത്തിയിലെ പായൽ നഖത്താൽ ചുരണ്ടിയെടുത്തു ഞാനത് ചോയ്ച്ചപ്പോൾ അവൾ പുഞ്ചിരിച്ചു കൊണ്ട് മറുപടി നൽകി…
“പ്രകൃതി “
തലച്ചോറിൽ അമിട്ട് പൊട്ടിയതുപോലെ….
ഞാൻ ഒന്നൂടെ കണ്ണ് ചിമ്മി തുറന്നു..
പിന്നെ അവൾ ചിരിച്ചതും കൊഞ്ചിയതും സംസാരിച്ചതും ഒന്നും എനിക്കോർമ്മയില്ല..
“പ്രകൃതി…. പ്രകൃതി… പ്രകൃതി… “
ആ പേര് എന്റെ ത ലയോട്ടിയുടെ ഭിത്തികളിൽ ആഞ്ഞു പ്രഹരിച്ചു കൊണ്ടിരുന്നു…
“പ്രകൃതിവിരുദ്ധന്റെ ഭാര്യയുടെ പേര് പ്രകൃതി.. ഹഹ “
വിവാഹസദ്യയും കഴിഞ്ഞു പായസംപുരണ്ട വിരലുകൾ നക്കി ഇളിച്ചുകൊണ്ട് കൂട്ടുകാർ അത് പറയുന്നത് എന്റെ അകക്കണ്ണിൽ മിന്നിമാഞ്ഞു…
ഞാനേറെ തർക്കിച്ചു നോക്കിയെങ്കിലും അമ്മയുടെ തീരുമാനത്തിൽനിന്നും ഒരിഞ്ചു പോലും അമ്മ പിറകോട്ടു നീങ്ങിയില്ല..
അവൾക്ക് എന്താടാ ഒരു കുറവ്.. ?
അമ്മയുടെ ചോദ്യത്തിന് മുൻപിൽ എനിക്ക് മറുപടിയില്ലായിരുന്നു..
അങ്ങനെ അത് സംഭവിച്ചു… !
പ്രകൃതിവിരുദ്ധൻ എന്ന വിളിപേരുള്ള എനിക്ക് പ്രകൃതി എന്ന സുന്ദരിപെണ്ണ് ഭാര്യയായി വന്നു…
വായാടിയായ നവവധു ആദ്യരാത്രിയിൽ തന്നെ എന്നോടത് ചോദിച്ചു.. ?
ചേട്ടൻ പ്രകൃതിവിരുദ്ധനാണോ.. ?
ആ ഒരൊറ്റ ചോദ്യം… !
അതിന്റെ ഭവിഷ്യത്തു വളരെ വലുതായിരുന്നു എന്ന് പിന്നീടവൾക്കു മനസിലായി..
ആദ്യരാത്രിയിൽ തന്നെ ഞങ്ങൾക്കിടയിൽ ഒരു ചൈനീസ് വന്മതിൽ ഞാൻ പടുത്തുയർത്തി..
പിന്നാമ്പുറത്തു കിടന്നിരുന്ന പഴയൊരു കട്ടിൽ നിരക്കി നിരക്കി റൂമിലേക്ക് കയറ്റി റൂമിനുള്ളിൽ ഞാനെന്റെ കിടപ്പ് അതിലേക്ക് മാറ്റി..
എന്റെ പെരുമാറ്റം കണ്ടു പരിഭ്രമിച്ച പ്രകൃതി അന്നുരാത്രി എന്റെ കാലിൽ വീണ് കെഞ്ചി..
അറിയാതെ പറഞ്ഞ അബദ്ധത്തിന് നൂറാവർത്തി മാപ്പപേക്ഷിച്ചു..
പക്ഷെ ആദ്യരാത്രിയിൽ തന്നെ ഭർത്താവിനെ അവഹേളിച്ച ഭാര്യയോട് പൊറുക്കാൻ ഞാൻ തയ്യാറായില്ല..
ഞാനിത്രമാത്രം അവളോടായി ഉരുവിട്ടു..
“കടക്കു പുറത്ത് “
കാര്യങ്ങളെല്ലാം അവൾ അമ്മയോട് പറഞ്ഞിരിക്കണം, ഞങ്ങളെ ഒരുമിപ്പിക്കാൻ അമ്മ പരമാവധി ശ്രമിച്ചു..
പക്ഷെ പ്രകൃതിയിൽ നിന്ന് ഞാൻ അകന്നു പൊയ്ക്കൊണ്ടേയിരുന്നു, കാരണമേതുമില്ലാതെ….
അങ്ങനിരിക്കെ അമ്മക്ക് പെട്ടെന്നൊരു ദീനം വന്നു..
വീട്ടിലെ എല്ലാ കാര്യങ്ങളും ഒറ്റക്ക് നോക്കിനടത്തിയിരുന്ന അമ്മ ഒരുദിവസം കൊണ്ട് മുറിയിലെ കട്ടിലിൽ കിടപ്പായി..
വീട്ടിൽ ഞാൻ ഇല്ലാത്തപ്പോഴും ഉള്ളപ്പോഴും അമ്മക്കരുകിൽ ഒരു നിഴൽപോലെ പ്രകൃതിയെ കാണുമായിരുന്നു..
ഞങ്ങളുടെ അകൽച്ചയിൽ അമ്മക്ക് വലിയ മനോവിഷമം ഉണ്ടായിരിക്കണം..അമ്മ പ്രകൃതിയുടെ കൈപിടിച്ച് കണ്ണ് നിറച്ചു കിടക്കുന്ന കാഴ്ച്ച പലതവണ കണ്ടിട്ടും ഞാൻ കാണാതെ നടന്നു..
കിടപ്പിലായി മൂന്നാമ്പക്കം,..
ആരെയും അറിയിക്കാതെ, ബുദ്ധിമുട്ടിക്കാതെ, എന്നെ ഒറ്റക്കാക്കി അമ്മ ഈ ഭൂമി വിട്ടു പോയി.
ചടങ്ങുകളെല്ലാം കഴിഞ്ഞു സ്വന്തക്കാരും ബന്ധുക്കാരും പോയപ്പോൾ വീട്ടിൽ ഒരു ശൂന്യത നിറഞ്ഞു..
അടുക്കളയിലെ പാത്രങ്ങളും അടുപ്പിലെ കത്താത്ത പച്ചവിറകും ഒന്ന് നെടുവീർപ്പിട്ടതുപോലെ..
ഉമ്മറത്തു പായയിൽ ഉണക്കാനിട്ടിരിക്കുന്ന നെല്ലിൽ വന്നിരുന്ന കാക്ക തിണ്ണയിൽ ഇരുന്ന എന്നെ തല ചെരിച്ചൊന്നു നോക്കി, അമ്മയുടെ ശകാരം പ്രതീക്ഷിച്ചിട്ടെന്നവണ്ണം…
അമ്മയുടെ മുടിയിൽനിന്നും ഉയരുന്ന കാച്ചിയ എണ്ണയുടെ ഗന്ധം അമ്മയുടെ ഓർമ്മകൾക്കൊപ്പം എന്നെ ചുറ്റിപറ്റി നിന്നു…
പ്രകൃതി ഒന്നിനോടും പരിഭവമില്ലാതെ അടുക്കള ഭരണം ഏറ്റെടുത്തു..എനിക്ക് വെച്ച് വിളമ്പി തന്നു…
ഞങ്ങൾ തമ്മിലുള്ള സംസാരം നന്നേ കുറഞ്ഞുവന്നു..
അന്ന് തുലാവർഷത്തിന്ടെ തുടക്കമായിരിക്കണം പാതിരാത്രിയിൽ ഭൂമിയെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ഒരു ഇടി മുഴങ്ങി…
ആ ഇടി എന്റെ കട്ടിലിനടിയിൽ ആണോ വെട്ടിയത് എന്ന തോന്നലിൽ ഞാനൊന്ന് തുള്ളി വിറച്ചു..
പിന്നെയും പിന്നെയും ഇടി മുഴങ്ങുന്നു,..
ചൂളംവിളിച്ചു വന്ന കാറ്റിന് പിറകെ ആർത്തലച്ചുകൊണ്ട് മഴയുമെത്തി….
പേടികൊണ്ട് നെഞ്ച് പടപടാ ഇടിക്കുന്നു…എത്ര നിയന്ത്രിച്ചിട്ടും കാൽമുട്ടുകൾ കൂട്ടിയിടിക്കുന്നു…
മഴപെയുന്നു, വാതിൽ തുറക്ക് അമ്മേ എന്ന് വിളിച്ചു ഓടിച്ചെല്ലാൻ ഇന്ന് എനിക്കാരുമില്ല എന്ന ഓർമയിൽ ഹൃദയം നീറികൊണ്ടിരിക്കെ തലയിൽ ഒരു തലോടൽ ഏറ്റപോലെ…
അല്ല, തോന്നലല്ല തന്നെയാരോ നെഞ്ചോട് ചേർത്തുപിടിച്ചിട്ടുണ്ട്, ചുമലിൽ മൃദുവായി തഴുകുന്നുണ്ട്….
കാച്ചിയ എണ്ണയുടെ ഗന്ധം ചുറ്റിനും പരക്കുന്നു…
അമ്മയുടെ സാന്നിധ്യം പോലെ…
പക്ഷെ ഇതെങ്ങനെ എന്ന് ചിന്തിക്കുമ്പോഴേക്കും നെറ്റിയിൽ ഒരു മൃദു ചുംബനചൂട് അനുഭവപെട്ടു…
പ്രകൃതി…. !
ഞാനവളുടെ കരങ്ങൾക്കുള്ളിലാണ് സുരക്ഷിതനായിരിക്കുന്നത് എന്ന തിരിച്ചറിവ് വന്നപ്പോൾ എന്റെ ചെവിക്കരുകിൽ ഒരു പതിഞ്ഞ സ്വരം കേട്ടു..
ഏട്ടന് മഴയും ഇടിയും പേടിയാണെന്ന് അമ്മ എന്നോട് പറഞ്ഞിരുന്നു,..
ഏട്ടനൊപ്പം എന്നും ഉണ്ടാകുമെന്ന് അമ്മക്ക് ഞാൻ ഉറപ്പും കൊടുത്തിരുന്നു..ഇനി എന്റെ ഏട്ടൻ പേടിക്കണ്ടാട്ടൊ…ഏതു പേമാരി വന്നാലും ഞാൻ ഉണ്ടല്ലോ കൂടെ…
ഒരു തേങ്ങലോടെ ഞാനെന്തോ പറയാനാഞ്ഞതും അത് തടസ്സപെടുത്തികൊണ്ട് പ്രകൃതിയുടെ ചുണ്ടുകൾ എന്റെ ചുണ്ടുകൾക്കുമേൽ ചൂടോടെ അമർന്നിരുന്നു.
രാവിലെ ആവി പറക്കുന്ന ചിരട്ടപുട്ടും ചൂട് കടലക്കറിയും കുഴച്ചു ഉരുള ഉരുട്ടി കഴിക്കുമ്പോൾ അവൾ വന്നു ചെവിയിലൊരു രഹസ്യം ചോദിച്ചു… ?
ഇങ്ങള് ഇപ്പൊ പ്രകൃതിവിരുദ്ധനാണോ..?
ഒട്ടും പതർച്ചയില്ലാതെ അപ്പൊത്തന്നെ ഞാനതിനു മറുപടിയും നൽകി…
പ്രകൃതി വിരുദ്ധനല്ല, ഞാനിപ്പോ പ്രകൃതിസ്നേഹിയാണ് ഭാര്യേ….
~Sai Bro