ബൈക്കിൽ അവനെയും ചേർന്നിരുന്ന് യാത്ര പോകുമ്പോഴൊക്കെയും ഇങ്ങനെ സംസാരം പതിവാണ്…

_upscale _blur

കാലം…

Story written by Reshja Akhilesh

==============

“അവര് മുറ്റത്തു തന്നെ നിൽക്കാ മോള് എന്താ ഒന്നും മിണ്ടാത്തെ “

ഗീതു ആ ചോദ്യം കേട്ടത് പോലും ഇല്ല.

ഗീതുവിനോട് ഇനിയൊന്നും പറഞ്ഞിട്ട് കാര്യമില്ലെന്ന് അവർക്കു മനസ്സിലായി. അവർ ഉമ്മറം ലക്ഷ്യമാക്കി നടന്നു. അയൽ വാസിയായ രാഗിണി ആയിരുന്നു അത്.

****************

“ഒന്നൂടെ ചേർന്നിരിക്കെന്റെ പെണ്ണേ. നീയിങ്ങനെ മഴ നനഞ്ഞു പോയിട്ടുണ്ടോ?”

“ഏയ്യ് ഇല്ലാ. അല്ല, നമ്മളിതെങ്ങോട്ടാ പോണേ “

“ബീച്ചിലേക്…നിനക്കിഷ്ട്ടല്ലേ “

“ഇഷ്ട്ടം തന്നെയാ…മഴ കൊണ്ടു മൂന്നാൾക്കും പനി പിടിച്ചാലോ “

“മൂന്നാളോ…ഓഓഓഓ…നമ്മുടെ  വാവ…പനിയൊന്നും പിടിക്കില്ല. നീയല്ലേ ബീച്ചിൽ പോവാൻ ആഗ്രഹം പറഞ്ഞെ…ഇന്ന് ആണെങ്കിൽ എല്ലാം കൊണ്ടും പറ്റിയ സമയാ…സൺ‌ഡേ ആയോണ്ട് സുബി ഫുൾ ഫിറ്റായിട്ട് വീട്ടിൽ കിടക്കാ…പിന്നെ മഴേം…അതോണ്ടല്ലേ ബൈക്ക് തന്നത് അവൻ.”

“ആരുടേം ബൈക്ക് വാങ്ങണ്ടാർന്നു…”

“സ്വന്തം ആയിട്ട് ഒന്ന് വാങ്ങണം ഗീതു…ഇനിയിപ്പോ ആകെ ചെലവ് അല്ലേ…നിന്നെ മാസാമാസം ചെക്കപ്പിന് കൊണ്ടോണം, നിന്റെ ആഗ്രഹങ്ങൾ സാധിച്ചു തരണം…ഡെലിവറി ടെ ചെലവ് അത് കഴിഞ്ഞു കുട്ടീടെ പേരിടൽ…അങ്ങനെ എന്തെല്ലാം കഴിഞ്ഞാ ഒന്ന് ഫ്രീ ആവുന്നേ…”

“ഹാ…ഇങ്ങനെ ചെലവാക്കിയ എങ്ങനെയാ വണ്ടി എടുക്കാ…ഇത്തിരി പിശുക്കെല്ലാം വേണ്ടേ മിസ്റ്റർ ഹർഷൻ?”

“ജീവിക്കുമ്പോൾ അടിച്ചു പൊളിച്ചു ജീവിക്കണം ഗീതു. അതാ എന്റെ പോളിസി.”

“ഹും ആയിക്കോട്ടെ…”

ബൈക്കിൽ അവനെയും ചേർന്നിരുന്ന് യാത്ര പോകുമ്പോഴൊക്കെയും ഇങ്ങനെ സംസാരം പതിവാണ്. അധികം താമസിയാതെ അവൻ ഒരു ബൈക്ക് സ്വന്തമാക്കി. പുതിയതല്ല പഴയത്. അതുവരെ  കൂട്ടുകാരുടെ കൈയ്യും കാലും പിടിച്ചു വേണമായിരുന്നു ബൈക്കിൽ എങ്ങോട്ടെങ്കിലും പോകാൻ.

സെക്കന്റ്‌ഹാൻഡ്  ആണെങ്കിലും ആ വണ്ടിയിൽ  ഒരുമിച്ചിരുന്നു പോകുമ്പോൾ എന്തൊരു സന്തോഷമായിരുന്നു! അനാഥാലയത്തിന്റെ നാലു കോണുകളിൽ ഇട്ടാവട്ടത്തിൽ ഒതുങ്ങി കഴിഞ്ഞിരുന്ന എനിക്ക് ആ വണ്ടിയിൽ അവന്റെ പുറകിലിരുന്നു പോകുന്ന സ്ഥലങ്ങളെല്ലാം  വലിയ യാത്രകളുടെ പ്രതീതി ആയിരുന്നു.

ബീച്ചിലും പാർക്കിലും അമ്പലങ്ങളിലും സിനിമയ്ക്കും വേലയ്ക്കും പൂരത്തിനും അങ്ങനെ ഒരുപാട് യാത്രകൾ. കുഞ്ഞു കുറുമ്പി ദിയമോളെയും കൊണ്ടു അവളെ സന്തോഷിപ്പിക്കാനായി പോയ വഴികൾ.

പുറകിലൂടെ കയ്യിട്ടു വയറിൽ ചുറ്റിപ്പിടിച്ചു ഓരോ സ്വപ്നങ്ങളും പരിഭവങ്ങളും പങ്കുവെച്ച് പോകാൻ വലിയ ഇഷ്ട്ടായിരുന്നു.

പുറത്തു ബൈക്ക് സ്റ്റാർട്ട്‌ ചെയ്യുന്ന ശബ്ദം കേട്ട് ഭ്രാന്തിയെപ്പോലെ അവൾ ഓടി. രാഗിണി നേരത്തേ പറഞ്ഞ ആ ഫിനാൻസുകാർ ആയിരുന്നു അത്.

ഓടിച്ചെന്ന് ബൈക്കിന്റെ ഹാൻഡിൽ പിടിച്ചു. അതിൽ ഇരുന്ന ആൾ ക്ഷമയോടെ, അവൾ മാറിനിൽക്കുന്നത് വരെ വണ്ടി എടുത്തു പോയില്ല.

“ഇത്‌…ഇത്‌ ഞാൻ എടുത്തോട്ടെ…”

അവൾ സ്റ്റാർട്ട്‌ ചെയ്തു വരച്ചിരിക്കുന്ന ബൈക്കിൽ ഇരിക്കുന്ന ചാവിയുടെ മേൽ കൊരുത്തിട്ട കീചെയിൻ തൊട്ടു കാണിച്ചു പറഞ്ഞു.

അയാൾ മുറ്റത്തു നിൽക്കുന്ന ഹർഷന്റെ അനിയനെ ഒന്ന് നോക്കി.

“ഗീതു…നിനക്കെന്തിനാ ആ കീചെയിൻ…മാറി നിൽക്ക്…”

ഹർഷന്റെ രണ്ടു വയസ്സ് ഇളയ അനിയനാണ് ഹരീഷ്. ഇളയതാണെങ്കിലും ഹർഷനെക്കാൾ കാര്യപ്രാപ്തി ഉള്ളവനാണ്. അവന്റെ  വാക്കുകൾക്ക് ഗീതു മറുപടി പറഞ്ഞില്ല. അവനെ ദഹിപ്പിക്കും വിധം ഒരു നോട്ടം. ചുണ്ടിൽ ചൂണ്ടു വിരൽ ചേർത്ത് മിണ്ടരുതെന്ന് ഒരു മുന്നറിയിപ്പും.

“ദാ പെങ്ങളെ…” ആയാൾ കീ ചെയിൻ ഊരി അവൾക്കു നൽകി.അവൾ അത് വലതു കൈ കൊണ്ട് മുറുകെ പിടിച്ചു. വണ്ടിയിൽ ഒന്ന് കൂടെ തഴുകി അവൾ തിരിഞ്ഞു നടന്നു.

തീരെ കനമില്ലാത്ത ഹൃദയചിഹ്നത്തിന്റെ മാതൃകയിൽ ഹർഷൻ, ഗീതു, ദിയ എന്നെഴുതിയ ഒരു കീചെയിൻ. ഒരിക്കൽ നാട്ടിലെ ഏതോ ഒരുത്സവത്തിന് വാങ്ങിച്ചതായിരുന്നു അത്. അവൾ ഉമ്മറത്തേയ്ക്ക് കയറി.

“ഇനി ഇവളും മോളും എങ്ങോട്ടാ പോവാ…”

ആരാണ് ചോദിച്ചതെന്ന് വ്യക്തമായില്ല. പക്ഷേ ചോദ്യം ചോദിച്ച ആൾ ഉത്തരം പ്രതീക്ഷിച്ചത് ഹർഷന്റെ അമ്മയുടെയും അനിയന്റെയും പക്കൽ നിന്നായിരുന്നു.

അവരാരും കേട്ട ഭാവം ഇല്ലായിരുന്നു.

“ഏട്ടന് ജീവിക്കാൻ അറിയില്ലായിരുന്നു…അല്ലെങ്കിൽ ഈ വാടക വീട് മാറേണ്ട സമയം കഴിഞ്ഞില്ലേ…എല്ലാവരും ഓരോ കുഞ്ഞുകുട്ടി പരാതികളുമായി കഴിയുന്നവരല്ലേ…ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത നിസ്സഹായാവസ്ഥയിൽ ആയിപ്പോയില്ലേ…പ്രാത്ഥിക്കാന്നല്ലാണ്ട് എന്താ ചെയ്യാ…” ഹരീഷിന്റെ വേദാന്തം കേട്ടതും ഗീതുവിന് ദേഷ്യം പിടിച്ചു നിർത്താനായില്ല

“നിർത്തെടാ…ഹർഷേട്ടന്റെ  അനിയനാണെങ്കിലും പ്രായം ബഹുമാനിച്ചു ഏട്ടൻ എന്നേ വിളിച്ചിട്ടുള്ളു…ആ നാവുകൊണ്ട് എടാ എന്നു വിളിപ്പിച്ചത് നീ തന്നെയാ…ശരിയാ നിന്റെ ഏട്ടന് ജീവിക്കാൻ അറിയില്ലായിരുന്നു. നീ ക ള്ളുകുടിച്ചും ദൂരെ ഓരോ സ്ഥലങ്ങളിൽ ടൂർ പോകുമ്പോഴും ഹർഷേട്ടൻ  നിന്നെക്കുറിച്ചാ പറഞ്ഞിരുന്നത്…നീയിങ്ങനെ പോയാൽ എങ്ങനെ ജീവിക്കുമെന്ന്…ഹർഷേട്ടന് തെറ്റി…നിയാണ് ജീവിക്കാൻ പഠിച്ചവൻ…ഇപ്പൊ ഫിനാൻസ്കാര് കൊണ്ട് പോയ് വണ്ടിയില്ലേ…അത് ആർക്കു വേണ്ടിയാടാ പണയം വെച്ചത്…നിനക്കു ഒരാവശ്യം വന്നപ്പോൾ കാല് പിടിച്ചു പണയം വെപ്പിച്ചു കാശു കൊണ്ട് പോയതല്ലെടാ നീ…ആ കാശു മതിയായിരുന്നു എന്റെ ഹർഷേട്ടന്റെ  ജീവൻ രക്ഷിക്കാൻ…അപകടം പറ്റി ആശുപത്രിയിൽ കിടന്നപ്പോൾ അഞ്ചു പൈസ മുടക്കാൻ നീ തയ്യാറായോ…എന്നിട്ടിപ്പോ കവല പ്രസംഗം നടത്തുന്നു…ഇറങ്ങിക്കോണം ഇപ്പോ…നന്ദിയില്ലാത്ത കൂട്ടങ്ങൾ…നാട്ടുകാരെ ബോധിപ്പിക്കാനുള്ള ചടങ്ങ് കഴിഞ്ഞു…ഞാനും മോളും എങ്ങോട്ട് പോകുമെന്നോർത്ത് ആരും സങ്കടപ്പെടേണ്ട…ജീവിച്ചോളാം എങ്ങനെയെങ്കിലും…ഇനി അതിന് കഴിഞ്ഞില്ലെങ്കിലും നിങ്ങളുടെ മുൻപിലേക്ക് വരില്ല. അത് തന്നെയാവും ഹർഷേട്ടന്റെ ആത്മാവും ആഗ്രഹിക്കുന്നത്. “

അവൾ അകത്തേയ്ക്ക് കടന്നു വാതിൽ കൊട്ടിയടച്ചു. ആ വീടിനുള്ളിൽ എരിഞ്ഞു തീർന്ന ചന്ദനത്തിരിയുടെ മണമായിരുന്നു. ഉറങ്ങികിടക്കുന്ന മകളെ കാണുമ്പോൾ അവളുടെ സങ്കടം കൂടിയതെ ഉള്ളൂ.

*************

വർഷങ്ങൾക്കു  ശേഷം…

“ഗീതുചേച്ചി… സഹായിക്കണം…”

“കരയണ്ട…ഞാൻ നിന്റെ ഭർത്താവിനെപ്പോലെ അത്ര ദുഷ്ടയല്ല.ഒരു ജീവൻ രക്ഷിക്കാൻ വേണ്ടിയല്ലേ…പണം ഞാൻ അക്കൗണ്ടിൽ ഇട്ടേക്കാം.”

“ചേച്ചിയെ ദൈവം രക്ഷിക്കും. അങ്ങേരുടെ സ്വാർത്ഥതയ്ക്കു കിട്ടിയ ശിക്ഷയാ ഇത്‌…ഈ എത്രയും പെട്ടന്ന് ഈ ഒരു സർജ്ജറി കൂടി കഴിഞ്ഞാലേ എന്തെങ്കിലും ഒരു ഒരു പ്രതീക്ഷ വെയ്ക്കാൻ പറ്റൂന്ന ഡോക്ടർ പറഞ്ഞത്…”

“പേടിക്കണ്ട…ഞാനും പ്രാർത്ഥിക്കാം…അയാളെ ഓർത്തല്ല. നിന്റെ ഈ അവസ്ഥ കാണുമ്പോൾ എനിക്ക് കുറച്ചു വർഷങ്ങൾക്കു മുൻപത്തെ എന്നെ തന്നെയാ ഓർമ്മ വരുന്നത്. അന്ന് ഹർഷേട്ടൻ  ആ ഇൻഷുറൻസ് എടുത്തത് ഞാൻ പോലും അറിഞ്ഞിരുന്നില്ല. അലമാരയിൽ നിന്നു ഒട്ടും പ്രതീക്ഷിക്കാതെ ആയിരുന്നു അതിന്റെ കടലാസുകൾ കിട്ടിയത്…മരണശേഷവും മോളെയും എന്നെയും കൈവിട്ടില്ല ഹർഷേട്ടൻ. അന്ന് കിട്ടിയ പണം കൊണ്ടാന്ന് ഒരു ചെറിയ തയ്യൽകട തുടങ്ങാൻ തീരുമാനിച്ചത്…അനാഥാലയത്തിൽ വെച്ച് ഒരു കൈത്തൊഴിൽ പഠിച്ചത് ആദ്യമായിട്ട് ഉപകാരപ്പെട്ടു. അവിടെ നിന്നും പല പരീക്ഷണങ്ങൾ…ഇപ്പൊ അത്ര വലുതൊന്നും അല്ലെങ്കിലും പത്തിരുപതു ജീവനക്കാരെയും കൂടി ഒരു സംരംഭം തുടങ്ങാനും കഴിഞ്ഞു. എല്ലാം കണ്ട് ഹർഷേട്ടൻ സന്തോഷിക്കുന്നുണ്ടാകും ഉറപ്പാ. എന്നിട്ട് ഇങ്ങനെ ഒരു സഹായംbചെയ്തില്ലെങ്കിൽ ഹർഷേട്ടൻ എന്നോട് പരിഭവിക്കും…”

“പോട്ടേ ചേച്ചി…കൂട്ടിനു മക്കളെ ഇരുത്തിയിട്ടാ പോന്നത്… “

“ഇനി വല്ല ആവശ്യവും ഉണ്ടെങ്കിൽ വരണ്ട കേട്ടോ…ഫോൺ വിളിച്ചാൽ മതി…ഞാൻ അങ്ങോട്ട്‌ വരാം. മടിയൊന്നും വിചാരിക്കണ്ട…എന്നെക്കൊണ്ട് ആവുന്നത് പോലെ ഞാൻ സഹായിക്കാം.”

ഹരീഷിന്റെ ഭാര്യ യാത്ര പറഞ്ഞിറങ്ങി. ഗീതു വീടിന്റെ കാർപോചിലേക്ക് നടന്നു. ടാർപോളിൻ കൊണ്ട് മൂടിയിട്ടിരുന്ന ബൈക്കിന് മുകളിൽ കൈവെച്ചു അവൾ ഒരു ദീർഘ നിശ്വാസം വിട്ടു. ഇൻഷുറൻസ് കിട്ടിയപ്പോൾ അവൾ ആദ്യം തിരിച്ചെടുത്തത് ആ വണ്ടിയായിരുന്നു. മൂവരുടെയും സ്വപ്നങ്ങൾക്ക് ചിറകു വിരിച്ച ആ പഴയ ഹീറോ.

“കാലത്തിനു എന്തൊരു ഓർമ്മയാണല്ലേ ഹർഷേട്ടാ…മനുഷ്യരേക്കാൾ പകയുണ്ടെന്നു തോന്നും.രക്ഷപ്പെടട്ടെ…മറ്റുള്ളവരെ പറ്റിച്ചും വെട്ടിച്ചും ജീവിക്കുന്നതല്ല ജീവിതമെന്നു തിരിച്ചറിയട്ടെ അല്ലേ…മറ്റുള്ളവരെ ദ്രോഹിച്ചു വാരിക്കൂട്ടുന്നതെല്ലാം അവസാനം ഏതെങ്കിലും ആശുപത്രികിടക്കയിൽ  ചൊരിയേണ്ടി വരും.

പക്ഷേ എനിക്ക് ഹാർഷേട്ടനെ മാത്രം മനസ്സിലാകുന്നില്ല…ദൈവത്തിനു ഏറ്റവും പ്രിയപ്പെട്ടവരെ ആദ്യം വിളിക്കുമെന്ന് പറയും പോലെ ആവുമല്ലേ…അതോ നമ്മുടെ കുഞ്ഞു കുടുംബത്തിന്റെ സന്തോഷം കണ്ട് അസൂയ തോന്നിയിട്ടോ…അതിനും ഉത്തരം ഇല്ലല്ലേ…കാലം ചില ഉത്തരങ്ങൾ  തരും…അതിനേക്കാൾ ഏറെ ചോദ്യങ്ങളും…ഉത്തരമില്ലാത്ത കുറേ ചോദ്യങ്ങൾ…”

അവൾ ആ പഴയ വണ്ടിയും ചാരി കുറേ നേരം നിന്നു. പഴയ ഓർമ്മകളിലേക്ക് ഊളിയിട്ടു. കാലത്തിനു മായ്ക്കാൻ കഴിയാതെ പോയ അവരുടെ നല്ല നിമിഷങ്ങളിലേക്ക്…

~രേഷ്ജ അഖിലേഷ്