മടിക്കുത്ത്
എഴുത്ത്: അരവിന്ദ് മഹാദേവൻ
=================
“ഇന്നുവരെ ആര്‍ക്ക് മുന്നിലും ഗതികേടുകാരണം അഴിച്ചിട്ടില്ലാത്ത എന്റെ മടിക്കുത്ത് ഇന്നാദ്യമായി ഞാനഴിക്കുകയാണ്, അതും എന്റെ പ്രിയപ്പെട്ടവര്‍ക്ക് വേണ്ടി മാത്രം “
അരയില്‍ മുറുക്കി കെട്ടിയിരുന്ന ഉടുമുണ്ട് പറിച്ചെടുത്ത് നിലത്തൂരി വെച്ചിരുന്ന ഷര്‍ട്ടിന്റെ മുകളിലേക്കിട്ടിട്ട് അ ടിവസ്ത്രം ധരിച്ച് മാത്രം നിന്ന രാമകൃഷ്ണന് കുറച്ച് മാറി നിന്ന സുഹൃത്ത് വേലായുധനോടായി വേദനയുള്ളിലടക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“വിധി , അല്ലാതെന്ത് പറയാന്‍ , നീയീ മണ്ണെണ്ണ ശരീരത്തില്‍ മുഴുവനൊന്ന് തേച്ച് പിടിപ്പിക്ക് “
പറഞ്ഞുകൊണ്ട് വേലായുധന് മണ്ണെണ്ണക്കുപ്പി രാമകൃഷ്ണന് നേരെ എറിഞ്ഞ് കൊടുത്തു.
പ്രവാസിയായിരുന്ന രാമകൃഷ്ണന് തൊഴില്‍ മാന്ദ്യം മൂലം ജോലി നഷ്ടപ്പെട്ട് നാട്ടിലേക്ക് തിരിച്ചെത്തിയവനാണ്.
സഹോദരിമാരെ വിവാഹം കഴിപ്പിച്ചയച്ചതിന്റെ പൂര്‍ണ്ണ ചിലവും പ്രവാസിയായിരുന്ന സമയം വഹിച്ചതിനാല്‍ രാമകൃഷ്ണന് ബാങ്ക് ബാലന്സുണ്ടായില്ലെങ്കിലും ഭാര്യ ലക്ഷ്മിയെയും പതിമൂന്നും പത്തും വയസ്സ് പ്രായമുള്ള രണ്ട് പെണ്മക്കളെയും യാതൊരു ബുദ്ധിമുട്ടുമറിയിക്കാത്ത വിധത്തിലാണ് രാമകൃഷ്ണന് നോക്കിയിരുന്നത്.
ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തി കുറച്ച് നാള് കഴിഞ്ഞപ്പോഴേക്കും കടുത്ത ദാരിദ്ര്യത്തിലായി.
വിദേശത്ത് കാഷ്യറായി ജോലി നോക്കിയ രാമകൃഷ്ണനങ്ങനെ നാട്ടില്‍ കെട്ടിടനിര്‍മ്മാണത്തൊഴിലാളിയായി.
ആ ജോലിയില്‍ തീരെ പ്രാവീണ്യമില്ലാത്തതിനാല്‍ കുറഞ്ഞ ശമ്പളത്തില്‍ ഇതരസംസ്ഥാന തൊഴിലാളികളുമെത്തിയതോടെ രാമകൃഷ്ണന്റെ വഴിയടഞ്ഞു.
മൂന്ന് സഹോദരിമാരുടെ മുന്നിലും കൈ നീട്ടിയെങ്കിലും ഓരോ ന്യായം പറഞ്ഞ് എല്ലാവരും രാമകൃഷ്ണനെ വെറും കൈയ്യോടെ മടക്കി അയച്ചു.
അങ്ങനെയാണ് രാമകൃഷ്ണന് സുഹൃത്തായ വേലായുധന്റെ സഹായത്തോടെ ദിവസവും വീട്ടില്‍ വരാവുന്ന വിധത്തില്‍ അന്‍പത്തഞ്ച് കിലോമീറ്റര്‍ ദൂരെയുള്ള നഗരപ്രദേശത്ത് ജോലിക്കായെത്തുന്നത്.
വേലായുധന് നല്കിയ മണ്ണെണ്ണ ശരീരത്തില്‍ മുഴുവന്‍ തേച്ച് പിടിപ്പിച്ചിട്ട് സെപ്ടിക് ടാങ്കിന്റെ മാറ്റിയിട്ടിരിക്കുന്ന സ്ലാബില്‍ കയറി നിന്നുകൊണ്ട് മൂക്കും പൊത്തി രാമകൃഷ്ണന് കുഴിയിലേക്കെത്തി നോക്കി.
കുഴിയിലാകെ മനുഷ്യവിസര്‍ജ്ജ്യം നിറഞ്ഞ് വലിയ പുഴുക്കള്‍ ഇളകി നടക്കുന്ന കാഴ്ച വല്ലാത്തൊരു ദുര്‍ഗന്ധത്തോടെ രാമകൃഷ്ണന്റെ ദൃഷ്ടിയില് പതിഞ്ഞു.
“രാമകൃഷ്ണാ സൂക്ഷിച്ച് , നാറ്റമൊന്നും കാര്യമാക്കണ്ട , ആദ്യായിട്ടാണ് പിന്നീടത് ശീലമാകും ” വേലായുധന് പിന്നില്‍ നിന്നും വിളിച്ച് പറഞ്ഞു.
പാട കയറിത്തുടങ്ങിയ കണ്ണുകളോടെ രാമകൃഷ്ണന് വിസര്‍ജ്ജ്യം കൊട്ടയിലേക്ക് കോരിത്തുടങ്ങി.
വൈകുന്നേരത്തിനുള്ളില്‍ സെപ്ടിക് ടാങ്ക് പൂര്‍ണ്ണമായും വൃത്തിയായി.
രാമകൃഷ്ണന്റെ കൈയ്യില്‍ അഞ്ഞൂറിന്റെ നാല് നോട്ടുകളും എത്തി.
“ദുര്‍ഗന്ധവും ചൊറിച്ചിലും അവഗണിച്ചാല്‍ ഈ തൊഴിലിന് നല്ല ശമ്പളമാണല്ലോ , എന്നും ഉണ്ടായാല്‍ മതിയായിരുന്നു ” തിരിച്ച് വീട്ടിലേക്കുള്ള യാത്രയ്ക്കിടയില്‍ രാമകൃഷ്ണന് മനസ്സിലോര്‍ത്തു.
രാത്രി എട്ടരമണി കഴിഞ്ഞപ്പോള്‍ മക്കള്‍ക്ക് വലിയ പലഹാരപ്പൊതിയുമായി രാമകൃഷ്ണന് വീട്ടിലെത്തി .
“അമ്മേ അച്ഛന് വന്നു “
ഇളയ മകളായ രശ്മി പൂമുഖത്തെത്തിയ രാമകൃഷ്ണനെ കണ്ട് ഉറക്കെ വിളിച്ച് പറഞ്ഞുകൊണ്ട് പുറത്തെക്കോടി .
ടിവിയില്‍ വാര്‍ത്ത കാണുകയായിരുന്ന ലക്ഷ്മി ടിവി ഓഫ് ചെയ്തുകൊണ്ട് കസേരയില്‍ നിന്നും എഴുന്നേറ്റു .
“അച്ഛനെന്താ ഇത്ര വൈകിയത് “
പലഹാരങ്ങളടങ്ങിയ കവറും വാങ്ങി അകത്തേക്ക് നടക്കുന്നതിനിടയില്‍ രശ്മി തിരക്കി.
“ജോലി ഒരുപാട് ദൂരെയാണ് മോളെ , ഇനി മുതല്‍ എന്നും ഈ സമയത്തേ അച്ഛന് വരാന്‍ പറ്റുള്ളൂ “
മകളെ ചേര്‍ത്ത് പിടിച്ചുകൊണ്ട് രാമകൃഷ്ണന് പറഞ്ഞു.
“അയ്യേ അച്ഛന്റെ മേത്താകെ അപ്പടി നാറ്റമാ “
രാമകൃഷ്ണന്റെ ശരീരത്തില്‍ നിന്നും മണ്ണെണ്ണയുടെയും വിസര്ജ്ജ്യത്തിന്റെയും ചെറിയ തോതിലുള്ള ഗന്ധം മൂക്കില്‍ കിട്ടിയ രശ്മി മുഖം ചുളിച്ചുകൊണ്ട് അയാളില്‍ നിന്നും കുതറി മാറി.
“സര്‍വ്വീസ് സെന്ററിലെ ജോലിയല്ലേ മോളേ , വണ്ടികളുടെ ഓയിലും മറ്റുമൊക്കെ ദേഹത്ത് വീഴും , അതിന്റെ നാറ്റമാ “
മകളുടെ പെരുമാറ്റം കണ്ട് രാമകൃഷ്ണന്റെ ഹൃദയം പളുങ്ക് പാത്രം പോലെ പൊട്ടിച്ചിതറി.
“ഏയ് ഇത് അതൊന്നുമല്ല വേറെന്തോ നാറ്റാ “
രശ്മി മൂക്ക് വട്ടംകൂട്ടിപ്പിടിച്ചുകൊണ്ട് വീണ്ടും ശ്വസിച്ചു.
“അച്ഛ നാളെയെനിക്ക് നൂറ് രൂപ തരണം മറക്കരുത് കേട്ടോ , എക്സിബിഷന് ഞാനും പങ്കെടുക്കുന്നുണ്ട് “
ഹാളിലെ ഒച്ചപ്പാടുകേട്ട് അകത്തെ മുറിയിലിരുന്ന് പഠിക്കുകയായിരുന്ന രാമകൃഷ്ണന്റെ മൂത്ത മകള്‍ രേവതി അങ്ങോട്ടേക്കെത്തി.
“അച്ഛന് കുളി കഴിഞ്ഞ് വന്നിട്ട് സംസാരിക്കാം മോളെ , ലക്ഷ്മീ നീ കുളിക്കാന്‍ വെള്ളമെടുത്ത് വെക്ക് “
പറഞ്ഞുകൊണ്ട് മക്കളുടെ മുഖത്തേക്ക് നോക്കാതെ രാമകൃഷ്ണന് അടുക്കള വഴി പുറത്തുള്ള ബാത്ത്റൂമിലേക്ക് നടന്നു.
“ഏട്ടനിന്ന് കുടിച്ചോ “
തോര്‍ത്തുമായി രാമകൃഷ്ണന്റെ പുറകിലെത്തിയ ലക്ഷ്മി സംശയത്തോടെ ചോദിച്ചു.
“ഉം , കുറച്ച് കുടിച്ചിരുന്നു , നിനക്ക് മനസ്സിലായല്ലേ “
ഷര്‍ട്ടൂരി അഴയിലേക്കിട്ടുകൊണ്ട് രാമകൃഷ്ണന് ലക്ഷ്മിയെ നോക്കി.
“ഇന്നും ഇന്നലെയുമായല്ലല്ലോ ഞാനേട്ടനെ കാണുന്നത് , പതിവില്ലാത്ത ശീലങ്ങളൊക്കെ വെറുതെ എന്തിനാണേട്ടാ ” ലക്ഷ്മി വിഷമ ഭാവത്തില്‍ ചോദിച്ചു.
“നീയിങ്ങ് അടുത്ത് വന്നേ “
ലക്ഷ്മിയെ അടുത്തേക്ക് വിളിച്ചുകൊണ്ട് മക്കള്‍ കേള്‍ക്കാതെ തന്റെ ജോലിയെന്താണെന്ന വിവരം രാമകൃഷ്ണന് വെളിപ്പെടുത്തി .
“എന്തിനാ ഏട്ടാ ഇത്ര ബുദ്ധിമുട്ടി , ഏട്ടന് വശമില്ലാത്ത കാര്യങ്ങളല്ലേ ഇതൊക്കെ “
രാമകൃഷ്ണന് പറഞ്ഞത് കേട്ട് കണ്ണ് നിറഞ്ഞ ലക്ഷ്മി അയാളുടെ മാറിലേക്ക് തലചായ്ച്ച് തൊണ്ടയിടറിക്കൊണ്ട് ചോദിച്ചു.
“നീ വിളിച്ച് കൂവി പിള്ളേരെ അറിയിക്കണ്ട , അവരിതറിയരുത് , കുടിച്ച് പോയത് ഇതുകൊണ്ടാണ് , എന്തായാലും അളവിലധികം ഞാന്‍ കഴിക്കില്ല പോരേ “
രാമകൃഷ്ണന് ഒച്ച താഴ്ത്തി പറഞ്ഞുകൊണ്ട് ലക്ഷ്മിയെ തന്നില്‍ നിന്നും അടര്‍ത്തി മാറ്റി.
“കുടിച്ചൂന്ന് കരുതി കുറ്റമൊന്നും പറഞ്ഞില്ലല്ലോ ഞാന്‍ , ഏട്ടന് അനാവശ്യമായി ഒന്നും ചെയ്യില്ലെന്ന് നല്ലത് പോലെ എനിക്കറിയാം , എന്നാലും പറയുവാ ഈ ജോലി വേണ്ട ഏട്ടാ, വേറെന്തേലും നോക്കിയാല്‍ പോരേ “
ലക്ഷ്മിയുടെ ശബ്ദത്തില്‍ ഹൃദയവേദന കലര്‍ന്നിരുന്നു.
“എന്റെ പൊന്ന് ലക്ഷ്മീ ദിവസം രണ്ടായിരം രൂപയാ ഇതിനുള്ള കൂലി, പിന്നെങ്ങനെ വേണ്ടെന്ന് വെക്കും ? മാസം നാലായിരത്തിയിരുന്നൂറ് രൂപ ലോണടയ്ക്കണം, വീട്ടുചിലവ് , മക്കളുടെ കാര്യം, എല്ലാം നോക്കണ്ടേ ?എനിക്ക് കുറച്ചിലോ അറപ്പോ ഒന്നുമില്ല , നമ്മള് ബുദ്ധിമുട്ടില്ലാതെ ജീവിച്ചാല്‍ മതിയെന്നേയുള്ളൂ..തിരിച്ചൊന്നും പറയാന്‍ നില്കണ്ട നല്ല വിശപ്പുണ്ട് നീ പോയി ചോറെടുത്ത് വെക്ക് “
രാമകൃഷ്ണന് ലക്ഷ്മിയെ ഉന്തി തള്ളി അകത്തേക്ക് വിട്ടിട്ട് കുളിമുറിയിലേക്ക് കയറി.
****************
കുറച്ച് നാളുകള്‍ക്ക് ശേഷം ജോലിയില്ലാതിരുന്ന ഒരു ദിവസം വൈകുന്നേരം പൂമുഖത്ത് പത്രവും വായിച്ച് കസേരയിലിരുന്ന രാമകൃഷ്ണന്റെ മുന്നിലേക്ക് കടന്നല് കുത്തിയത് പോലെയുള്ള മുഖങ്ങളുമായി രേവതിയും രശ്മിയും സ്കൂളില്‍ നിന്നും മടങ്ങിയെത്തി.
അച്ഛനെ കണ്ടതും യാതൊന്നും മിണ്ടാതെ ബാഗ് നിലത്തേക്ക് വലിച്ചെറിയും പോലെയിട്ടിട്ട് മുഖത്തേക്ക് പോലും നോക്കാതെ രേവതി വീടിനുള്ളിലേക്ക് കയറിപ്പോയി.
“അച്ഛന്റെ മേത്തൂന്ന് വന്ന നാറ്റം എന്തിന്റെയാന്നാ പറഞ്ഞത് “
കുഞ്ഞുമിഴികളില്‍ കോപക്കനലോടെ ഒരു ചോദ്യവും ചോദിച്ച് രശ്മി തലവെട്ടിച്ചുകൊണ്ട് രശ്മിയുടെ പുറകെ അകത്തേക്ക് പോയി.
എന്താണ് സംഗതിയെന്നറിയാതെ പരിഭ്രമത്തോടെ രാമകൃഷ്ണന് ഹാളിലേക്കെത്തി.
ടൈനിംഗ് ടേബിളില്‍ മുഖം പൂഴ്ത്തിയിരുന്ന് പൊട്ടിക്കരയുകയായിരുന്നു രേവതി.
കാര്യമെന്താണെന്നറിയാതെ ലക്ഷ്മി അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുമുണ്ട്.
“എന്താ ഏട്ടാ ഇത് ? കുട്ടികള്‍ക്കെന്താ പറ്റിയത് ” ലക്ഷ്മി ഒന്നും മനസ്സിലാകാതെ രാമകൃഷ്ണനെ നോക്കി.
“അച്ഛന്, അച്ഛനാ എല്ലാത്തിനും കാരണം ” രശ്മി ദേഷ്യത്തോടെ രാമകൃഷ്ണന് നേരെ വിരല്‍ ചൂണ്ടിക്കൊണ്ട് പറഞ്ഞു.
“കൈ താഴ്ത്തെടീ , നീ ആരുടെ നേരെയാ വിരല്‍ ചൂണ്ടുന്നത് ? അച്ഛന് നിങ്ങളെ എന്ത് ചെയ്തെന്നാ “
രശ്മിയുടെ പെരുമാറ്റത്തില്‍ അരിശം വന്ന ലക്ഷ്മി രശ്മിയുടെ കൈത്തണ്ടയില്‍ വേദനിക്കുന്ന രീതിയില്‍ തല്ലുകൊടുത്തുകൊണ്ട് ചോദിച്ചു.
“അച്ഛന് നമ്മളെ പറ്റിക്കുവാരുന്നമ്മേ , സര്‍വ്വീസ് സെന്ററിലാണ് ജോലിയെന്ന് പറഞ്ഞിട്ട് ക ക്കൂസ് കുഴിയിലെ വേസ്റ്റ് വാരാനാ പോകുന്നത് , എന്റെ ക്ലാസ്സിലെ വരുണ്‍ അവന്റെ അമ്മാവന്റെ വീട്ടില്‍ വെച്ച് ക ക്കൂസ് കുഴി വൃത്തിയാക്കുന്ന അച്ഛനെ കണ്ടു , അവനത് ക്ലാസ്സില്‍ മുഴുവന്‍ പറഞ്ഞു , എല്ലാവരും എന്നെ ക ക്കൂസെന്നും സെ പ്ടിക് ടാങ്കെന്നുമാ അതിന് ശേഷം വിളിക്കാന്‍ തുടങ്ങിയത്…” രേവതി ഏങ്ങലടിച്ചുകൊണ്ട് ലക്ഷ്മിയെ കെട്ടിപ്പിടിച്ചു.
മകള്‍ പറഞ്ഞത് കേട്ട് തളര്‍ന്ന് പോയ രാമകൃഷ്ണന് ചുവരിലൂടെ ചാരി നിലത്തേക്കിരുന്ന് പോയി.
“അച്ഛനിനി ആ ജോലിക്കൊന്നും പോകില്ല മോളേ “
രേവതിയോട് എന്ത് പറയണമെന്നറിയാതെ വിക്കി വിക്കി ലക്ഷ്മി പറഞ്ഞൊപ്പിച്ചു.
“ഇനി പോയാലും പോയില്ലെങ്കിലും എന്താ അമ്മേ, എനിക്ക് വീഴേണ്ട പേര് വീണ് കഴിഞ്ഞല്ലോ “
പതിമൂന്നുകാരിയേക്കാള് പക്വതയുള്ള വാക്കുകളോടെ രേവതി വീണ്ടും ഏങ്ങലടിച്ചു.
അന്നത്തെ ദിവസം ആ വീട്ടില്‍ ശ്മശാനമൂകതയായിരുന്നു.
“ഏട്ടാ കുട്ടികള്‍ക്ക് നാണക്കേടുണ്ടാക്കുന്ന ഒന്നും നമുക്ക് വേണ്ട , ഏട്ടനിനി ആ പണിക്ക് പോകണ്ട “
പിറ്റേ ദിവസം രാവിലെ ജോലിക്ക് പോകാനായിറങ്ങിയ രാമകൃഷ്ണനെ തടഞ്ഞുകൊണ്ട് ലക്ഷ്മി പറഞ്ഞു.
“ഇന്നും കൂടിയേ പോകുന്നുള്ളെടീ, അല്ലെങ്കില്‍ വേലായുധന് വല്ലാതെ ദേഷ്യപ്പെടും , കാരണം പെട്ടെന്നൊന്നും ഈ ജോലിക്കങ്ങനെ വേറെ ആളെ കിട്ടില്ല , നേരം വൈകി ഞാന്‍ പോയിട്ട് വരാം ” രാമകൃഷ്ണന് നിവര്‍ത്തികേട് വെളിപ്പെടുത്തിക്കൊണ്ട് ജോലി സ്ഥലത്തേക്ക് യാത്ര തിരിച്ചു.
പതിവുപോലെ ഉടുമുണ്ടുരിഞ്ഞ് അ ടിവസ്ത്രത്തോടെ വി സര്ജ്ജ്യം നിറഞ്ഞ ആഴമുള്ള കുഴിയുടെ മുന്നില്‍ നില്കുമ്പോള് ” സെ പ്ടിക് ടാങ്ക് സെ പ്ടിക് ടാങ്ക് ” എന്ന വിളിയോടെ വിദ്യാര്‍ത്ഥികള്‍ തന്റെ മക്കളെ കളിയാക്കിക്കൊണ്ട് പുറകെ നടക്കുന്ന ദൃശ്യം രാമകൃഷ്ണന്റെ മുന്നില്‍ തെളിഞ്ഞ് വന്നു.
അന്നാദ്യമായി രാമകൃഷ്ണന്റെ കാലൊന്നിടറി.
മണിക്കൂറുകള്‍ നീണ്ടുനിന്ന രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ രാമകൃഷ്ണന്റെ ശരീരം വി സര്ജ്ജ്യം നിറഞ്ഞ കുഴിയില്‍ നിന്നും കരയ്ക്കെത്തിച്ചപ്പോള്‍ ആ ശരീരത്തില്‍ ജീവന്റെ ശേഷിപ്പുകളുണ്ടായിരുന്നില്ല..
രാമകൃഷ്ണന്റെ മരണത്തിന് ശേഷം ഇരുട്ടിലായി പോയ കുടുംബം കരകയറ്റാനും , ബാധ്യതകള്‍ തീര്‍ക്കാനും ചെറിയ ജോലി പോരാതെ വന്നപ്പോള്‍ ലക്ഷ്മിയും മടിക്കുത്തഴിച്ച് തുടങ്ങി…
~അരവിന്ദ് മഹാദേവൻ