Story written by Saji Thaiparambu
===============
“നിങ്ങൾ എന്തോന്നാ മനുഷ്യാ..അപ്പുറത്തേക്ക് നോക്കിനിൽക്കുന്നത്”
“എടീ..ഞാൻ ആ ലതയുടെ വയറ് നോക്കുവായിരുന്നു, താഴോട്ട് നന്നായി ഇടിഞ്ഞിട്ടുണ്ട്”
“അയ്യേ..നിങ്ങൾക്ക് നാണമില്ലേ , കഴിഞ്ഞ ദിവസം എന്റെ വയറ് നോക്കി, നിറച്ചു ചുണങ്ങും പുള്ളിയും ആണെന്ന് പറഞ്ഞപ്പോഴേ, എനിക്ക് സംശയമുണ്ടായിരുന്നു, ഇനി കണ്ടവളുമാരുടെ വയറും നോക്കി നടക്കുമെന്ന്”
“എടി പോ.ത്തേ..ഞാൻ പറഞ്ഞത് അവരുടെ വീട്ടിലേക്ക് വലിച്ചിരിക്കുന്ന സർവീസ് വയറിന്റെ കാര്യമാണ്”
“ഓഹ് അതായിരുന്നോ, ഞാൻ വെറുതെ തെറ്റിദ്ധരിച്ചു”
“നിങ്ങൾക്കൊക്കെ എന്തും ആകാമല്ലോ, പാവം ഞങ്ങൾ ആണുങ്ങൾ ഭാര്യയുടെ കുത്തുവാക്ക് കേൾക്കാൻ വിധിക്കപ്പെട്ടവർ”
സിമ്പതി കിട്ടാൻ പഞ്ച്ഡയലോഗ് അടിച്ച അശോകന്റെ നേരെ പുച്ഛത്തോടെ യുള്ള ഗോഷ്ടി കാണിച്ചുകൊണ്ട് ആശ അടുക്കളയിലേക്ക് പോയി.
അശോകൻ ഒരിക്കൽകൂടി മതിലിനപ്പുറത്തേക്ക് എത്തിനോക്കി, ഇനി, ആശ പറഞ്ഞത്പോലെ ലതയുടെ വയറെങ്ങാനും കാണാൻ പറ്റിയാലോ ?
ഛെ! ഇവള്മാർക്ക് പണ്ടത്തെപ്പോലെ പോലെ സാരി ഉടുത്താൽ പോരായിരുന്നോ ഈ നൈറ്റി കണ്ടുപിടിച്ചവനെ തല്ലിക്കൊല്ലണം
നിരാശയോടെ അശോകൻ പിറുപിറുത്തു.
ലതയുടെ ഭർത്താവ് സുദേവൻ ഗൾഫിൽ പോയതിനുശേഷം അവളുടെ ശരീരം ഒന്ന് പു ഷ്ടി പിടിച്ചിട്ടുണ്ട്.
അശോകൻ അവളെ അടിമുടി നോക്കി ഒന്ന് വിലയിരുത്തി.
“അല്ല ,ആ വയറൊന്ന് പൊക്കി കെട്ടാൻ വയ്യായിരുന്നോ? അവിടെ കുട്ടികളൊക്കെ ഉള്ളതല്ലേ? വല്ല അപകടവും പറ്റിയാലോ ?
ആശ അകത്ത് ആണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം അശോകൻ ലതയോട് വിളിച്ചുചോദിച്ചു.
“ആഹ്, ഞാനത് കണ്ടായിരുന്നു. എന്ത് ചെയ്യാനാ സുധിയേട്ടൻ ഇല്ലാത്തതുകൊണ്ട് ഒന്നും നടക്കുന്നില്ല”
അവൾ ആ പറഞ്ഞതിൽ ഒരു ദ്വയാർത്ഥമില്ലേ?
അശോകന് ആവേശമായി.
“ഓ, അതിന് സുദേവൻ വരുന്നതുവരെ കാത്തിരിക്കേണ്ട കാര്യമൊന്നുമില്ല ഞാൻ ഇന്ന് ഫ്രീയാ, ഒരു ഏണി എടുത്ത് ആ വീടിൻറെ ചുമരിൽ ചാരി വെക്ക്, ഞാൻ വന്ന് പൊക്കി കെട്ടിതരാം”
അതു കേട്ടതും കഴുകി കൊണ്ടിരുന്ന തുണി വെള്ളത്തിലേക്ക് തന്നെ ഇട്ട്, ലത വേഗം പോയി തൊഴുത്തിൽ ഇരുന്ന മുളയേണി എടുത്തോണ്ടു വീടിന്റെ ചുമരിൽ ചാരി വച്ചു.
ഈ ഏണിയിൽ ചവിട്ടി വേണം അവളുടെ മനസ്സിനകത്തേക്ക് കയറാൻ എന്ന് ചിന്തിച്ചുകൊണ്ട് അശോകൻ മതിലിന് അപ്പുറത്തേക്ക് എടുത്തുചാടി.
“ഏണിയുടെ ചുവട്ടിൽ ഒന്ന് പിടിച്ചേക്കണേ?”
ഒരു അഭ്യാസിയെ പോലെ മുണ്ടും മടക്കിക്കുത്തി ഏണിയിൽ ചാടി കയറുമ്പോൾ താഴെ നിന്ന ലതയോട് അശോകൻ വിളിച്ച്പറഞ്ഞു.
“ഉം, അശോകേട്ടൻ ധൈര്യമായി കയറിക്കോ, താഴെ ഞാൻ മുറുക്കി പിടിച്ചു കൊള്ളാം”
കറിക്കുള്ള മീൻ വെട്ടിയതിനു ശേഷം മത്തിയുടെ തലയും കു ടലും അടുക്കളവാതിലിൽ കൂടി പുറത്തേക്ക് കളയാൻ വന്ന ആശ അപ്പുറത്തെ കാഴ്ചകണ്ട് ഞെട്ടി.
മുണ്ടുമടക്കിക്കുത്തി ഏണിയുടെ മുകളിൽ നിൽക്കുന്ന അശോകനെയും മുകളിലേക്ക് നോക്കി നില്ക്കുന്ന ലതയെയും കണ്ടപ്പോൾ ആശയ്ക്ക് അരിശം വന്നു.
“അശോകേട്ടാ..ഈ നടുവേദനയുള്ള നിങ്ങളാണോ ഏണിയുടെ മുകളിൽ കയറി നിൽക്കുന്നത്, ഇങ്ങോട്ട് ഇറങ്ങി വരുന്നുണ്ടോ? ഇല്ലെങ്കിൽ ഞാൻ ദേ, ഈ കല്ലെടുത്തെറിഞ്ഞു വീഴ്ത്തും കെട്ടാ”
ലതയുടെ മുന്നിൽ വെച്ച് തനിക്ക് നടുവേദന ആണെന്ന് പറഞ്ഞു നാണംകെടുത്തിയ ആശയോട് അശോകന് അമർഷം തോന്നി.
“ഓ, അത് ഇന്നലെ ഫാൻ തുടയ്ക്കാനായിട്ട് നിന്നെയും പൊക്കിയെടുത്തു കൊണ്ട് കുറച്ചു നേരം നിന്നില്ലേ? അതിൻറെ ആയിരുന്നു, ഇപ്പോൾ ദേ ഞാൻ ഫുൾ ഫിറ്റാ, കണ്ടോ?
അശോകൻ രണ്ട് കൈകളും വിട്ട് ഏണിയിൽ ഫ്രീയായി നിന്നു.
ഈ സമയം ഏണിയിൽ പിടിച്ചുനിന്ന ലതയുടെ കയ്യിൽ ഒരു കാക്ക പറന്ന് വന്ന് അ പ്പിയിട്ടു.
“അയ്യേ ഈ നശിച്ച കാക്കയുടെ ഒരു കാര്യം”
ഏണിയിൽ, നിന്നും പിടി വിട്ട ലത, കൈ കഴുകാനായി പോയി.
ലതയുടെ പിടിവിട്ടപ്പോൾ കയ്യാലപ്പുറത്തെ തേങ്ങ പോലെ അങ്ങോട്ടോ ഇങ്ങോട്ടോ എന്ന് പറഞ്ഞിരുന്ന ഏണി, അശോകനെയും കൊണ്ട് നിലംപതിച്ചു.
“എന്റമ്മേ.. എന്റെ നടുവൊടിഞ്ഞേ..എടീ ആശേ, ഒന്ന് ഓടി വാടി,”
“ങ്ഹാ, നിങ്ങക്ക് അങ്ങനെ തന്നെ വേണം. സ്വന്തം പറമ്പിലെ തെങ്ങിൽ കയറി തേങ്ങയിടാതെ അന്യൻെറ കൗങ്ങിലെ അടയ്ക്ക പറിക്കാൻ ശ്രമിച്ചാൽ ഇങ്ങനെയിരിക്കും, ഒറ്റയ്ക്കങ്ങ് അനുഭവിച്ചോ”
ആശ, എന്നോ കരുതിവച്ച കുത്ത് വാക്ക് എടുത്ത്, വീണ് കിടന്ന അശോകന്റെ നെഞ്ചിലേക്ക് തൊടുത്തു.
~സജിമോൻ തൈപറമ്പ്