കാര്യങ്ങൾ മനസ്സിലാക്കുന്ന പ്രായം ആയപ്പോൾ അവളോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട് എല്ലാം കേട്ട് കഴിഞ്ഞ്…

_upscale

കാത്തിരിപ്പ്…

എഴുത്ത്: ശ്യാം കല്ലുകുഴിയിൽ

==============

“ശ്യാമേ…….”

രാവിലെ തന്നെ ആ നീട്ടിയുള്ള വിളിയും കേട്ടാണ് കണ്ണ് തുറന്ന്. ഞായറാഴ്ച ആയിട്ട് കുറച്ച് നേരം ഉറങ്ങാം എന്ന് കരുതുമ്പോൾ ആരാ ഇതിപ്പോ രാവിലെ തന്നെ എന്ന ചിന്തയുമായാണ് വാതിൽ തുറന്ന് ഉമ്മറത്തേക്ക് ഇറങ്ങിയത്…

മുറ്റത്ത് നിൽക്കുന്ന, വെള്ള ഷർട്ടും മുണ്ടും ധരിച്ച ആളിനെ കണ്ടപ്പോൾ ഒരു നിമിഷം അത് മനോഹരേട്ടൻ ആണോ എന്നുപോലും സംശയിച്ചു, ഇതിന് മുന്നേ ആളിനെ ഇതുപോലെ വെള്ള മുണ്ടും ഷർട്ടും ധരിച്ചു കണ്ടിട്ടില്ല, എപ്പോ കണ്ടാലും നരച്ച ഒരു കാവി മുണ്ടാകും വേഷം, അതിലേറെ എന്നെ അത്ഭുതപ്പെടുത്തിയത് അദ്ദേഹം എന്റെ പേരെടുത്ത് വിളിച്ചപ്പോഴാണ്, അയൽവക്കം ആണേലും ഇടയ്ക്ക് കാണുമ്പോൾ കൈമാറാറുള്ള ചിരി അല്ലാതെ ഒരു വാക്ക് പോലും രണ്ടാളും പരസ്‌പരം സംസാരിച്ചിട്ടില്ല….

“നിനക്ക് പറ്റുമെങ്കിൽ ഒരു ഓട്ടം പോകാൻ വരുമോ…”

എപ്പോഴുമുള്ള ആ ചിരിയോടെ മനോഹരേട്ടൻ ശബ്ദം താഴ്ത്തി ചോദിച്ചപ്പോഴാണ് ഞാൻ ചിന്തയിൽ നിന്ന് ഉണർന്നത്…

“ഇന്നൊരു കല്യാണം ഉണ്ടായിരുന്നേ, ഞായറാഴ്ച ആയത് കൊണ്ടാകും ഒരു മണിക്കൂർ നിന്നിട്ടും ഒരു ബസ്സ് പോലും ഇല്ല, നീ ഞായറാഴ്ച എന്നും തമാസിച്ചല്ലേ ഉണരാറുള്ളൂ, അത് കൊണ്ട് വേറെ ഒന്ന് രണ്ട് വണ്ടി നോക്കി, ഞായറാഴ്ച ആയത് കൊണ്ട് വരാൻ ആർക്കും താൽപ്പര്യം ഇല്ല….” അത് പറഞ്ഞ് അദ്ദേഹം ദയനീയമായിയാണ് എന്നെ നോക്കിയത്…

“അതിനെന്താ ചേട്ടാ ഞാൻ വരാല്ലോ…”

ഞാൻ അത് പറഞ്ഞപ്പോ അദ്ദേഹത്തിന്റെ മുഖത്ത് ആശ്വാസത്തിന്റെ പുഞ്ചിരി വിടർന്നു…

“എന്ന ഒന്ന് വേഗം ആയിക്കോട്ടെ, അല്ലേ മുഹൂർത്തത്തിന് എത്താൻ പറ്റില്ല…” അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് ഇതുവരെ കാണാത്ത ഒരു സന്തോഷം ഞാൻ കണ്ടിരുന്നു…

“ഒരഞ്ച് മിന്നിറ്റ്, ചേട്ടൻ കയറി ഇരിക്ക്…”

ഞാൻ അത് പറഞ്ഞ് പല്ല് തേയ്ക്കാനും കുളിക്കാനുമായി പോകുമ്പോഴും അദ്ദേഹം മുറ്റത്ത് കൂടി അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു…

പല്ല് തേയ്ക്കുമ്പോഴും കുളിക്കുമ്പോഴും എന്റെ ചിന്ത അദ്ദേഹം ഇത്രെയും ധൃതി കാട്ടാൻ വേണ്ടി ഇതിപ്പോ ആരുടെ കല്യാണം ആയിരിക്കും എന്നാണ്..

ഈ നാട്ടിൽ വന്ന് താമസം ആക്കിയ കാലം തൊട്ട് കാണുന്നതാണ് മനോഹരേട്ടനെ, ആരോടും അധികം സംസാരിക്കാത്ത,മുഖത്ത് എപ്പോഴും പിഞ്ചിരി സൂക്ഷിക്കുന്ന മനുഷ്യൻ, കണ്ട നാൾ മുതൽ എന്നും അദ്ദേഹം ആ വീട്ടിൽ തനിച്ചാണ് താമസം, കവലയിൽ തന്നെയുള്ള ഒരു സ്ഥാപനത്തിൽ സെക്യൂരിറ്റി ആയിട്ടാണ് അദ്ദേഹം ജോലി ചെയ്യുന്നത്…

എന്നും അതിരാവിലെ എഴുന്നേറ്റ് ആഹാരം വയ്ക്കുകയും,ജോലിക്ക് പോകുമ്പോൾ അത് ഒരു പ്ലാസ്റ്റിക് നൂല് കൊണ്ട് നെയ്ത സഞ്ചിയിൽ കൊണ്ട് പോകുന്നതും കാണാം..

ഇടയ്ക്ക് ആ വീട്ടിൽ ഒരു പെൺകുട്ടി വരാറുണ്ട്, അവൾ വരുന്ന ദിവസങ്ങൾ മാത്രമാകും അദ്ദേഹം അവധി എടുക്കുന്നത്, അന്ന് മാത്രമാണ് ആ വീട്ടിൽ നിന്ന് അദ്ദേഹത്തിന്റെ ശബ്ദം പുറത്തേക്ക് കേൾക്കുന്നതും, അല്ലെ തന്നെ ഒറ്റയ്ക്ക് ആ വീട്ടിൽ ആരോട് സംസാരിക്കാനാണ്, പിന്നെയും കടന്ന് വന്ന ചിന്തകൾക്ക് അവധി നൽകിയാണ് ഞാൻ കുളിച്ചു കയറി വസ്ത്രങ്ങൾ മാറി ഓട്ടോയുടെ താക്കോലുമായി ഇറങ്ങിയത്…

ഞാൻ ഇറങ്ങുമ്പോഴും അദ്ദേഹം മുറ്റത്ത് കൂടി നടക്കുക ആയിരുന്നു. എന്നെ കണ്ടപ്പോൾ വേഗം ഓട്ടോയിൽ കയറി ഇരുന്നു…

അദ്ദേഹം പറഞ്ഞ സ്ഥലത്തേക്ക് വണ്ടി ഓടിക്കുമ്പോഴും  ഞാൻ കണ്ണാടിയിലൂടെ അദ്ദേഹത്തെ നോക്കിയിരുന്നു, ഇടയ്ക്ക് ഇടയ്ക്ക് കയ്യിൽ കെട്ടിയിരുന്ന പഴയ വാച്ച് മുഖത്തേക്ക് അടുപ്പിച്ചു നോക്കുകയും പിന്നെ പുറത്തേക്ക് നോക്കിയിരിക്കുകയും ചെയ്യുന്നുണ്ട്…

അലങ്കരിച്ച വല്യ ഓഡിറ്റോറിയത്തിന്റെ മുന്നിൽ വണ്ടി നിർത്തുമ്പോൾ ഒന്നും മിണ്ടാതെ അദ്ദേഹം ഇറങ്ങി ഉള്ളിലേക്ക് വേഗത്തിൽ നടക്കുകയായിരുന്നു. വണ്ടി പാർക്ക് ചെയ്ത് ഓഡിറ്റോറിയത്തിന്റെ പുറത്ത് വച്ചേക്കുന്ന വല്യ സ്ക്രീനിൽ കല്യണവേഷത്തിൽ നിൽക്കുന്ന പെണ്ണിനെ കണ്ടപ്പോഴാണ് അദ്ദേഹം ഇത്ര ധൃതിപിടിച്ചു വന്നത് എന്തിനാണെന്ന് മനസ്സിലായത്, അദ്ദേഹത്തിന്റെ വീട്ടിൽ വരാറുള്ള അദ്ദേഹം ഏറെ സന്തോഷിക്കുന്ന നിമിഷങ്ങൾ നൽകുന്ന ആ പെണ്ണ് തന്നെയായിരുന്നു കല്യണവേഷത്തിൽ…

ഓഡിറ്റോറിയത്തിലേക്ക് കയറുമ്പോൾ ഉള്ളിലെ കസേരകൾ നിറഞ്ഞ് വാതിലിന് ചുറ്റും ആൾക്കാർ കൂട്ടം കൂടി മണ്ഡപത്തിലേക്ക് നോക്കി നിൽക്കുകയായിരുന്നു. മുന്നിലുള്ള വാതിലിൽ കൂടി നിൽക്കുന്നവർക്ക് ഇടയിൽ നിന്ന് മനോഹരേട്ടന്റെ മുഖവും ഞാൻ കണ്ടിരുന്നു…

ഉള്ളിൽ താലി കെട്ടാനുള്ള സമയം ആകുമ്പോൾ മനോഹരേട്ടൻ മണ്ഡപത്തിലേക്ക് നോക്കി കൈകൾ കൂപ്പി നിൽക്കുകയായിരുന്നു, ആ മുഖത്ത് ഒരേ സമയം സന്തോഷവും ഒപ്പം കണ്ണിൽ നിന്ന് കണ്ണുനീരും ഒഴുകുന്നത് ഞാൻ കണ്ടു, ഒഴുകി വന്ന കണ്ണുനീർ മുണ്ടിന്റെ തുമ്പ് കൊണ്ട് ഒപ്പിയെടുത്ത് അദ്ദേഹം കല്യാണ മണ്ഡപത്തിലേക്ക് നോക്കി നിന്നു….

താലികെട്ട് കഴിഞ്ഞ് എല്ലാവരും സദ്യയ്ക്ക് പോകുമ്പോൾ വാതിലും ചാരി അദ്ദേഹം അവിടെ തന്നെ നിന്നു. ചെറുക്കന്റെയും പെണ്ണിന്റെയും കൂട്ടുകാർ ചേർന്ന് ഫോട്ടോ എടുക്കുമ്പോഴും, ഡാൻസ് കളിക്കുമ്പോഴും അദ്ദേഹത്തിന്റെ മുഖത്ത് ചിരിയും സന്തോഷവും വന്ന് പൊയ്ക്കൊണ്ടേയിരുന്നു…

“നി വാ ആഹാരം കഴിക്കാം…”

ഞാൻ മനോഹരേട്ടനെ നോക്കി നിൽക്കുന്നത്  കണ്ടപ്പോഴാണ് അദ്ദേഹം എന്റെ അടുക്കൽ വന്ന് അത് പറഞ്ഞത്. താൽപ്പര്യം ഇല്ലാഞ്ഞിട്ട് കൂടി അദ്ദേഹം സന്തോഷത്തോടെ വിളിക്കുമ്പോൾ കൂടെ പോകുകയായിരുന്നു…

സദ്യയ്ക്ക് മുന്നിൽ ഇരുന്ന് രണ്ട് മൂന്ന് പിടി ചോറ്‌വാരി കഴിച്ചിട്ട് അദ്ദേഹം എഴുന്നേറ്റപ്പോൾ  ഞാനും പുറകെ എഴുന്നേറ്റു. കൈ കഴുകി അദ്ദേഹം ഓട്ടോയിൽ പോയി ഇരുന്നപ്പോൾ ഞാനും വന്നിരുന്നു…

“പോകാം….”

ഞാനത് പറയുമ്പോൾ അദ്ദേഹം ഒന്ന് മൂളിയതെ ഉണ്ടായിരുന്നുള്ളൂ. ഓഡിറ്റോറിയത്തിൽ നിന്ന് വണ്ടി പുറത്തേക്ക് ഇറങ്ങി റോഡിൽ കയറുന്നത് വരെ അദ്ദേഹം ഇടയ്ക്ക് ഇടയ്ക്ക് പുറകിലേക്ക് തല തിരിച്ച് നോക്കിക്കൊണ്ടിരുന്നു. പിന്നെ ഒരു ദീർഘ നിശ്വാസത്തോടെ സീറ്റിലേക്ക് മലർന്ന് കണ്ണുകൾ അടച്ചിരുന്നു….

“ആ കുട്ടിയല്ലേ ഇടയ്ക്ക് വീട്ടിൽ വരാറുള്ളത്…”

ഏറെ നേരത്തെ നിശബ്ദതയ്ക്ക് ശേഷമാണ് ഞാനത് ചോദിച്ചത്, അതിനും അദ്ദേഹം ഒന്ന് മൂളിയാതെ ഉള്ളൂ…

“അത്…. ചേട്ടന്റെ ആരാ….”

പിന്നെയും കുറച്ചു സമയം കഴിഞ്ഞാണ് ഞാൻ മടിച്ചു മടിച്ചു ചോദിച്ചത്…

“അത് എന്റെ മോളാണ്..മാലിനിയുടെ മോൾ അപ്പോൾ എന്റെയും മോളാണ്…അല്ലേ…”

അദ്ദേഹം അത് പറയുമ്പോൾ സംശയതോടെയാണ് ഞാൻ തിരിഞ്ഞു നോക്കിയത് അപ്പോഴും അദ്ദേഹം കണ്ണുകൾ അടച്ച് സീറ്റിൽ ചാരി ഇരിക്കുകയായിരുന്നു…

“പണ്ട് ഞാൻ ഇങ്ങനെ ഒന്നും അല്ലായിരുന്നു ശ്യാമേ…നാട്ടിൽ അത്യാവശ്യം രാഷ്ട്രീയവും, അതിന്റെ പേരിൽ ഉള്ള ചിലറ കയ്യങ്കളിയും ആയി ജീവിക്കുന്ന കാലത്താണ് മാലിനിയെ ആദ്യമായി കാണുന്നത്…”

ഒരു കഥയെന്നോണം മനോഹരേട്ടൻ പറഞ്ഞു തുടങ്ങുമ്പോൾ ഞാനും അതിന് ചെവി കൂർപ്പിച്ചിരിന്നു…

“നീണ്ട മുടി പിന്നിയിട്ട്, തുമ്പിൽ ഒരു ചെറിയ പൂവും, നെറ്റിയിൽ ചന്ദന കുറിയും തൊട്ട് നടന്ന് വരുന്ന മാലിനിയെ കാണാൻ തന്നെ പ്രത്യേക ഐശ്വര്യമായിരുന്നു. ആരുടെയും മുഖത്ത് നോക്കാതെ തല കുമ്പിട്ട് നടക്കുന്ന അവളെ നോക്കാത്തതായി അന്ന് ആരും ഉണ്ടായിരുന്നില്ല…

അവളുടെ ഒരു നോട്ടത്തിനും ചിരിക്കുമായി കാത്തിരുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു, ഇടയ്ക്ക് എപ്പോഴോ ഞാനും കണ്ടു ഇടങ്കണ്ണിട്ട് എന്നെ നോക്കുന്ന അവളെ, അപ്പോൾ ആ മുഖത്ത് വിരിയുന്ന ചിരിയും…”

അത് പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്ത് വിരിയുന്ന ചിരി കണ്ണാടിയിൽ കൂടി ഞാനും കണ്ടു…

“ആ ഒരു നോട്ടം മാത്രമായിരുന്നു ഞാനും കൊതിച്ചത്. അവളെ കാണാൻ വേണ്ടി മാത്രമുള്ള പുലരികൾ ആയിരുന്നു പിന്നെ അങ്ങോട്ടുള്ള എല്ലാം, പരസ്പരം ഒന്നും മിണ്ടാതെ കണ്ണുകൾ കൊണ്ട് ഞങ്ങൾ ഒരുപാട് കഥകൾ പറഞ്ഞിരുന്നു…

പിന്നെ ആരൊക്കെയോ പറഞ്ഞുപരത്തി ഞാനും അവളും തമ്മിൽ പ്രണയത്തിലാണെന്ന്, അത് അറിഞ്ഞപ്പോൾ തന്നെ അവളുടെ പഠിപ്പും നിർത്തി വീട്ടിൽ നിന്ന് പുറത്ത് ഇറങ്ങാൻ പറ്റാതെയും ആക്കി. എന്നോടുള്ള ദേഷ്യത്തിലാണ് പെട്ടെന്ന് തന്നെ അവളുടെ വിവാഹം ഉറപ്പിച്ചതും…

അവളെ പോയി വിളിച്ചിറക്കി കൊണ്ട് വരണം എന്നൊക്കെ ഉണ്ടായിരുന്നു എനിക്ക്, പക്ഷെ എനിക്ക് ഉറപ്പായിരുന്നു അവൾ വീട്ടുകാരെ പിണക്കി ഇറങ്ങി വരില്ലെന്ന്, അല്ലെ തന്നെ അവളെ വിളിച്ചു കൊണ്ട് വരാൻ എന്ത് യോഗ്യതയാണ് എനിക്ക് ഉണ്ടായിരുന്നത്, ജോലിയും കൂലിയും ഇല്ലാതെ ആർക്കൊക്കെയോ വേണ്ടി തല്ലും വഴക്കും ഉണ്ടാക്കി നടക്കുന്ന എനിക്ക് ഒരിക്കലും വിധിച്ചതല്ലായിരുന്നു അവൾ….”

അത് പറഞ്ഞ് ഒരു ദീർഘനിശ്വാസത്തോടെ അദ്ദേഹം വീണ്ടും സീറ്റിൽ മലർന്നിരുന്നു..

“കല്യാണമൊക്കെ ഭംഗിയായി തന്നെ നടന്നു, ഞാൻ പോകുന്ന വഴി വക്കിൽ തന്നെ ആയിരുന്നു അവളെ കെട്ടിക്കൊണ്ടു വന്ന വീടും, പിന്നെ ആ വഴി പോകുമ്പോൾ ഞാൻ തല ഉയർത്തി നോക്കാറില്ലായിരുന്നു…

അവൻ നല്ലവൻ തന്നെ ആയിരുന്നു, മോൾ ജനിച്ച ശേഷമാണ്‌ അവൻ  അവളെ ഉപദ്രവിച്ച് തുടങ്ങിയത്, പലപ്പോഴും ഞാൻ വഴിയിലൂടെ പോകുമ്പോഴാണ് ഉപദ്രവം, പലതും ഞാൻ  കണ്ടില്ല കേട്ടില്ല എന്ന് നടിച്ച് നടന്നിരുന്നു…

അന്നൊരു വൈകുന്നേരം ഞാൻ വീട്ടിലേക്ക് പോകുമ്പോൾ അവൻ ഒരു കയ്യിൽ ആ പിഞ്ചു കുഞ്ഞിനെ കഴുത്തിന് പിടിച്ച് ഉയർത്തി നിൽക്കുകയായിരുന്നു, അവന്റെ കാൽ ചുവട്ടിൽ കരഞ്ഞ് വിളിച്ച് മാലിനിയും….ആ നിമിഷം എന്റെ നിയന്ത്രണം ആകെ കൈവിട്ട് പോയി ശ്യാമേ…ഓടി ചെന്ന് അവന്റെ കയ്യിൽ നിന്ന് കുട്ടിയെ വാങ്ങി അവന്റെ നെഞ്ചിന് ചവിട്ടി, ചവിട്ട് കൊണ്ടവൻ താഴെ വീണു…

പിന്നെ അവൻ എന്നെയും മാലിനിയെയും ചേർത്ത് എന്തൊക്കെയോ പറഞ്ഞു, ആ കുട്ടി എന്റെ ആണെന്ന് പോലും പറഞ്ഞു, അവനെ കൊ.ല്ലാനുള്ള ദേഷ്യത്തോടെയാണ് തറയിൽ കിടന്ന അവന്റെ നെഞ്ചിൽ കയറി ഇരുന്ന് കഴുത്തിൽ കൈ വച്ചത്….

‘ഞാനും മോളും എങ്ങനെ എങ്കിലും ഒന്ന് ജീവിച്ചോട്ടെ ഒന്ന് ഇറങ്ങി പോകാവോ….’

ഞാൻ ഏറെ സ്നേഹിച്ചവൾ എന്നോട് ആദ്യമായി പറഞ്ഞത് അതാണ്, അത് അവളുടെ നിസ്സഹായാവസ്ഥ കൊണ്ടാണെന്ന് എനിക്കറിയാം, എന്നാലും ഒരു കു.റ്റവാളിയെ പോലെ ഞാൻ ആ വീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ അയാൾ അവളെ വീണ്ടും തല്ലുന്ന ശബ്ദം കേട്ടെങ്കിലും അവളിൽ നിന്ന് ഒരു ശബ്ദം പോലും പുറത്ത് വന്നിരുന്നില്ല….”

അത് പറഞ്ഞ് കഴിഞ്ഞ് ഏറെ നേരം മനോഹരേട്ടൻ ഒന്നും മിണ്ടിയിരുന്നില്ല…

“പിന്നെ ആ നാട്ടിൽ നിൽക്കാൻ തോന്നിയില്ല, ഒരു കണക്കിന് ഒളിച്ചോട്ടം ആയിരുന്നു, ആരോരും അറിയാത്ത ഒരു നാട്ടിൽ ആരാലും അറിയപ്പെടാത്തവൻ  ആയി ജീവിക്കുക, അങ്ങനെയാണ് ഈ നാട്ടിൽ എത്തിയത്‌…

അവിടുന്ന് നാടു വിട്ടെങ്കിലും അവളുടെ കാര്യങ്ങൾ എല്ലാം തിരക്കുന്നുണ്ടായിരുന്നു, ആ സംഭവത്തിന് ശേഷം ആ ബന്ധം പിരിഞ്ഞു അവൾ, പിന്നെ മോളേയും കൊണ്ട് തനിച്ചുള്ള ജീവിതം, അവൾ അറിയാതെ പലയിടത്തും വച്ച് അവളെയും മോളേയും മറഞ്ഞു നിന്ന് ഞാൻ നോക്കി കണ്ടിട്ടുണ്ട്…അവരുടെ സന്തോഷത്തിൽ ഞാനും സന്തോഷിച്ചിട്ടുണ്ട്…

ഇടയ്ക്കൊക്കെ മോളെ കാണാനും പോകാറുണ്ടായിരുന്നു, കാര്യങ്ങൾ മനസ്സിലാക്കുന്ന പ്രായം ആയപ്പോൾ അവളോട് ഞാൻ കാര്യങ്ങൾ ഒക്കെ പറഞ്ഞിട്ടുണ്ട് എല്ലാം കേട്ട് കഴിഞ്ഞ് അവൾ എന്നോട് ഒരു കാര്യം ചോദിച്ചു…”

അദ്ദേഹം അത് പറഞ്ഞ് അൽപ്പനേരം മിണ്ടാതെ ഇരിക്കുമ്പോൾ സംശയത്തോടെ ഞാൻ തിരിഞ്ഞ് ആ മുഖത്തേക്ക് നോക്കി അപ്പോൾ ആ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു…

“അവൾ എന്നോട് ചോദിക്കുകയാ ഞാൻ അച്ഛാ എന്ന് വിളിച്ചോട്ടെ എന്ന്, അതിൽപ്പരം എന്ത് സന്തോഷമാണ് ശ്യാമേ എനിക്ക് കിട്ടാൻ ഉള്ളത്…അതേടോ അവൾ എന്റെ സ്വന്തം മോള് തന്നെയാണ്…”

നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ടാണ് അദ്ദേഹം അത് പറഞ്ഞത്…

“മാലിനി,  അവളെ അഭിമുഖീകരിക്കാൻ എനിക്ക് ഇന്നും പേടിയാണ് ശ്യാമേ…പക്ഷെ ഒരുനാൾ അവൾ എന്റെയാകും, എന്റെ ഉള്ളിലെ സ്‌നേഹം മൊത്തമായി അവൾക്ക് പകർന്ന് നൽകാൻ കഴിയും ആ ദിവസത്തിനുള്ള കാത്തിരിപ്പിലാണിന്നും ഞാൻ…

മോൾ ഒരുപാട് നിർബന്ധിച്ചതാണ് എന്നെയും അവളെയും, ഒന്ന് പരസ്പരം കണ്ട് സംസാരിക്കാൻ, ഒരുപക്ഷേ ആ സംസാരത്തിൽ ഉള്ളിൽ ഉള്ള സ്നേഹം എല്ലാം പുറത്ത് വന്നേക്കാം, എങ്കിലും എനിക്കറിയാം മാലിനിയെ, അവൾ ജീവിക്കുന്നത് തന്നെ മോൾക്ക് വേണ്ടിയാണ് അത് കൊണ്ട് തന്നെ എത്രയൊക്കെ ഇഷ്ടം ഉണ്ടേലും ഞാനെന്നല്ല മറ്റൊരു പുരുഷനും അവളുടെ ജീവിതത്തിൽ സ്ഥാനം കാണില്ല…

എത്ര നാൾ വേണമെങ്കിലും, എത്ര വർഷം വേണമെങ്കിലും ഞാൻ അവൾക്കായി കാത്തിരിക്കും, അല്ലേലും ജീവിതത്തിൽ ഒരാൾ വരുന്നതും പ്രതീക്ഷിച്ചിരിക്കാൻ, വരുമ്പോൾ അതുവരെ ഉള്ള വിശേഷങ്ങൾ മൊത്തം പറയാൻ, അവരത് ഏറെ ഇഷ്ടത്തോട്ടെ കെട്ടിരിക്കുന്നത് കാണാൻ അതൊക്കെ ഒരു വല്ലാത്ത സുഖം തന്നെയാകും അല്ലെ ശ്യാമേ…..”

പിന്നെയും ചിരിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞു നിർത്തുമ്പോൾ ഞങ്ങൾ തിരികെ വീട് എത്തിയിരുന്നു…

“അല്ല ശ്യാമും ഈ അന്യ നാട്ടിൽ  വന്ന് തനിച്ചു കിടക്കുന്നതിന്റെ പിന്നിൽ ഇതുപോലെ വല്ല ഒളിച്ചോട്ടവും ഉണ്ടോ…”

തോളിൽ തട്ടി ചിരിച്ചുകൊണ്ടാണ് അദ്ദേഹം ചോദിച്ചത്…

“ഒളിച്ചോട്ടം ഇല്ല പക്ഷെ ഒരു കാത്തിരിപ്പ് ഉണ്ട്, ഇന്ന് അല്ലേൽ നാളെ സ്വപ്നം കണ്ടത് നടക്കും എന്നുള്ള ഒരു കാത്തിരിപ്പ്…”

“കാത്തിരിപ്പ് സുഖം തന്നെയാണ് ശ്യാമേ, വർഷങ്ങൾ ഒരുപാട് കൊഴിഞ്ഞു പോകുമ്പോൾ ആ കാത്തിരിപ്പിനും അർത്ഥം ഇല്ലാതെ പോകരുത്…”

അത് പറഞ്ഞ് അദ്ദേഹം പോക്കറ്റിൽ നിന്ന് പൈസ എടുത്ത് എനിക്ക് നേരെ നീട്ടി…

“ആ പൈസ കയ്യിൽ ഇരിക്കട്ടെ ഞാൻ വാങ്ങിക്കോളം….”

ഞാനത് സന്തോഷത്തോടെ നിരസിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അതിന് സമ്മതിച്ചില്ല…

“നാളെ ഞാനങ്ങു തട്ടി പോയാൽ പിന്നെ നി ആരോട് പോയി ചോദിക്കും പൈസ, അതോണ്ട് കയ്യോടെ വച്ചേരേ…”

അത് പറഞ്ഞ് അദ്ദേഹം പൈസ പോക്കറ്റിൽ വച്ച് വീട്ടിലേക്ക് നടന്നു, തിരികെ ഞാൻ എന്റെ വീട്ടിലേക്കും…

പിറ്റേന്ന് രാവിലെ ആ വീട്ടിൽ നിന്ന് അനക്കം ഒന്നും കേട്ടില്ല, രാത്രി തെളിയിച്ചിട്ട ലൈറ്റ് പോലും അണയ്ക്കാതെ കിടക്കുന്നത് കണ്ടപ്പോഴാണ് ഒന്ന് പോയി നോക്കാൻ തോന്നിയത്…

ഉമ്മറത്ത് ചെന്ന് വാതിൽ തട്ടി വിളിച്ചെങ്കിലും അനക്കം ഒന്നും ഉണ്ടായിരുന്നില്ല, അടുക്കള വശത്തേക് എത്തുമ്പോഴാണ് പകുതി അടുക്കള വാതിലിന് അകത്തും പകുതി പുറത്തുമായി കമഴ്ന്ന് കിടക്കുന്ന മനോഹരേട്ടനെ കാണുന്നത്, ഇന്നലെ ഇട്ടിരുന്ന അതേ വെള്ള ഷർട്ടും മുണ്ടും തന്നെയാണ് വേഷം…

ഓടി ചെന്ന് തട്ടി വിളിച്ചെങ്കിലും അനക്കം ഒന്നും ഉണ്ടായിരുന്നില്ല, മനോഹരേട്ടനെ മലർത്തി കിടത്തുമ്പോഴേക്കും ഞാനറിഞ്ഞിരുന്നു ആ ശരീരം തണുത്ത് മരവിച്ചിരുന്ന കാര്യം…

ആ നാട്ടിൽ അദ്ദേഹം അപരിചിതൻ ആയിരുന്നിട്ട് കൂടി അറിഞ്ഞുംകേട്ടും ആരൊക്കെയോ ആ വീട്ടിൽ വന്നിരുന്നു, ആരും അല്ലായിരുന്നിട്ട് കൂടിയും അദ്ദേഹത്തെ അവസാനമായി കുളുപ്പിച്ചു കിടത്താൻ ഞാൻ തന്നെ മുന്നിട്ടിറങ്ങി…

ആ സ്ത്രീയുടെയോ മോളുടെയോ നമ്പർ കിട്ടുമെന്ന പ്രതീക്ഷയിൽ തന്നെയാണ് ആ പഴയ മൊബൈലിൽ നോക്കിയത്, മോൾ എന്നെഴുതിയ ഒറ്റ ഫോൺ നമ്പർ മാത്രമേ അതിൽ സേവ് ആക്കിയിട്ടുണ്ടായിരുന്നുള്ളൂ, അതിലേക്ക് കാൾ ബട്ടൻ അമർത്തുമ്പോൾ ഈ വാർത്ത എങ്ങനെ പറയണം എന്നറിയാതെ ഞാനും വിയർത്തിരുന്നു….

മൂന്ന് നാല് ബെല്ലടിച്ചു കഴിഞ്ഞിട്ടാണ് മറുവശത്ത് നിന്ന് കാൾ അറ്റൻഡ് ചെയ്തത്…

“ഹലോ….”

മറുവശത്ത് നിന്ന് നേർത്ത ശബ്ദം കേട്ടപ്പോൾ വാക്ക് കിട്ടാതെ ഒരു വിറയലാണ് ആദ്യം വന്നത്…

“ഞാൻ മനോഹരേട്ടന്റെ ഒരു സുഹൃത്താണേ…രാത്രി എപ്പോഴോ അദ്ദേഹം…വീട്ടിൽ ആരെയും കാണാത്തത് കൊണ്ട് രാവിലെ തിരഞ്ഞപ്പോഴാണ് അറിഞ്ഞത്……”

പകുതി മുറിഞ്ഞ വാക്കുകൾ കൊണ്ട് ഞാൻ പറഞ്ഞൊപ്പിക്കുമ്പോൾ മറു തലയിൽ നിന്ന് ശ്വാസനിശ്വാസത്തിന്റെ നേർത്ത ശബ്ദം മാത്രമേ കേൾക്കുന്നുണ്ടായിരുന്നുള്ളൂ…

“ആരാ അമ്മേ… അത്….”

മറുതലയിൽ നിന്ന് അത് കേട്ടപ്പോൾ ഒന്നും പറയാൻ കഴിയാതെ ഞാൻ കാൾ കട്ട് ചെയ്തു. അതേ അത് അവർ തന്നെയാകും, ഏറെ പ്രതീക്ഷയോടെ വർഷങ്ങൾക്ക് ശേഷം അദ്ദേഹത്തിന്റെ ശബ്ദം കേൾക്കാൻ കൊതിച്ച് എടുത്തതാകും ആ കാൾ, ഒരുപക്ഷേ അദ്ദേഹം ആഗ്രഹിച്ചതും ഈ ഒരു നിമിഷത്തിനുവേണ്ടിയാകും…പക്ഷെ ആ വാർത്ത അവരെ തന്നെ അറിയിക്കേണ്ടി വന്നല്ലോ എന്ന സങ്കടത്തിലായിരുന്നു ഞാൻ…

ഒരുപാട് വൈകാതെ തന്നെ ആ സ്ത്രീയും മോളും ഭർത്താവും ആ വീട്ടിൽ എത്തി. കരഞ്ഞുകൊണ്ട് ആ മോൾ ഓടി വന്ന് അദ്ദേഹത്തിന്റെ അരികിൽ ഇരുന്നെങ്കിലും ആ സ്ത്രീ മെല്ലെ തല കുമ്പിട്ട് ആരെയും നോക്കാതെയാണ് ഉമ്മറത്തേക്ക് വന്നത്…

മരിച്ചു മരവിച്ചു കിടക്കുന്ന അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഭിത്തിയും ചാരി അവർ നിന്നു, ആ കണ്ണുകളിൽ നിന്ന് കണ്ണു നീർ വന്നിരുന്നില്ല, അവർ സാരി തുമ്പ് കടിച്ചു പിടിച്ച് അദ്ദേഹത്തെ തന്നെ നോക്കി നിന്നു…

മനോഹരേട്ടാ നിങ്ങൾ ആഗ്രഹിച്ചത് പോലെ നിങ്ങളെ കാണാൻ നിങ്ങളുടെ മാലിനി എത്തിയിരിക്കുന്നു, ഏറെ വർഷത്തെ നിങ്ങളുടെ കാത്തിരിപ്പിന് വിരാമം ആയിരിക്കുന്നു, ഒന്ന് എഴുന്നേറ്റ് നോക്ക്, പറയാൻ ബാക്കി വച്ച ആ പ്രണയം ഇനിയെങ്കിലും മനസ്സ് തുറന്ന് പറയ്, ഇനിയും നിങ്ങളെ  തനിച്ചാക്കി പോകല്ലേ എന്ന് പറയ്…എന്നൊക്കെ ഒരുപാട് തവണ ഞാൻ മനസ്സിൽ പറയുന്നുണ്ടായിരുന്നു…

അതൊക്കെ മനസ്സിൽ പറയുമ്പോൾ എന്റെ ആരും അല്ലാഞ്ഞിട്ടും എന്തെന്നില്ലാത്ത ഒഴുകി വരുന്ന കണ്ണീർ തടച്ച് ആ സ്ത്രീയെ നോക്കുമ്പോൾ അവർ അത് പോലെ തന്നെ അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ ഒരു തുള്ളി കണ്ണുനീർ പൊഴിക്കാതെ ഭിത്തിയും ചാരി നിൽക്കുകയായിരുന്നു…

അദ്ദേഹത്തെ പോലെ അവരും കാത്തിരുന്നിട്ടുണ്ടാകും എല്ലാ ചുമതലകളും തീർത്ത് അദ്ദേഹത്തിന്റെ മാത്രമാകാൻ, ഇതുവരെ പുറത്ത് കാണിക്കാത്ത ആ സ്‌നേഹം മതിവരുവോളം അദ്ദേഹത്തിന് പകർന്ന് നൽകാൻ, ആ സ്നേഹം പുറത്ത് കാണിക്കാൻ പറ്റാത്തത് കൊണ്ടാകും, അവരുടെ ഉള്ളിലെ കരച്ചിലും പുറത്ത് വരാതെ ഇരുന്നത്…

വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ, വിധി അവർക്ക് കരുതി വച്ചിരുന്നത് മറ്റൊന്നായിരുന്നു…

✍️ശ്യാം….