Story written by Reshja Akhilesh
=============
അടുക്കള പുറത്ത് അമ്മിത്തറയുടെ ഓരം പറ്റി താടിയ്ക്ക് കൈയ്യും കൊടുത്തിരിക്കുന്ന കുഞ്ഞിപ്പെണ്ണിനെ കണ്ടപ്പോൾ അരുണയ്ക്ക് ചിരിയാണ് വന്നത്. അച്ഛന്റെ മോള് തന്നെ.
“അമ്മേടെ കുഞ്ഞി ഇവ്ടെ വന്നിരിയ്ക്കാ? അമ്മ കുഞ്ഞിയ്ക്ക് ഇഷ്ടപ്പെട്ട ഒരു സാധനം ഉണ്ടാക്കീണ്ട് വേം വാ കഴിക്കണ്ടേ…”
“ബിര്യാണി ആണൊമ്മേ…”
കുഞ്ഞിയുടെ ഉത്സാഹത്തോടെയുള്ള ചോദ്യം അരുണയുടെ ചുണ്ടിലെ ചിരി മായ്ച്ചു കളഞ്ഞു.
“അല്ലേടാ…വേറെ…”
“വേറെന്താ…അവില് നനച്ചതാ?”
“അമ്പടാ കണ്ടു പിടിച്ചല്ലോ…”
“അത് തന്ന്യല്ലെ അമ്മ എന്നും സ്പെഷ്യലാന്ന് പറഞ്ഞിട്ട് ഉണ്ടാക്കാ. കഴിച്ചു മടുത്തു.” കുഞ്ഞിയുടെ മുഖത്ത് പരിഭവം.
“ഇപ്പൊ ഇത് വന്നു കഴിക്കു കുഞ്ഞി…”
അവില് നനച്ചതിനു റേഷൻ കിട്ടുന്ന പഞ്ചസാരയും മുറ്റത്തെ ആകെയുള്ള ഒരു തെങ്ങിൽ നിന്നും വീഴുന്ന തേങ്ങയും കുമാരേട്ടന്റെ പീടികയിൽ നിന്ന് കടം പറഞ്ഞു വാങ്ങുന്ന ഒരു പാക്കറ്റ് അവലിന്റെയും ചിലവല്ലേ ഉള്ളൂ കുഞ്ഞി…
“നാളെ ഉറപ്പായിട്ടും അമ്മ വേറെ എന്തേലും ഉണ്ടാക്കി തരോ…”
കുഞ്ഞിയ്ക്ക് ഈ കാര്യത്തിൽ മാത്രം അവളുടെ അമ്മയെ വിശ്വാസമില്ല. കൊതിയോടെ അമ്മയോട് എന്തെങ്കിലും പലഹാരം ഉണ്ടാക്കി തരാൻ പറഞ്ഞാൽ ഈയിടെ പറഞ്ഞു പറ്റിക്കാറാണ് പതിവ്.
“ഉണ്ടാക്കി താരാട്ടോ…” മകളോട് കളവ് പറയുന്നത് ശീലമായത് കൊണ്ടാകാം കുറ്റബോധം തീരെ ഇല്ലായിരുന്നു അരുണയിൽ.
“ഊം…”
അമ്മയുടെ ഉറപ്പിന്മേൽ കുഞ്ഞി അകത്തേയ്ക്ക് പോയി.
അന്തിമയങ്ങി തുടങ്ങിയ നേരം.തൊട്ടപ്പുറത്തെ വീട്ടിൽ അടുക്കള വശത്ത് പകൽ പോലെ വെളിച്ചം പരന്നു. കുട്ടികളും അവരുടെ അച്ഛനമ്മമാരും കൂടി പുതിയ പാചക പരീക്ഷണത്തിനുള്ള ഒരുക്കമാണെന്ന് തോന്നുന്നു. തൂവൽ കളഞ്ഞു വൃത്തിയാക്കിയ കോഴിയെ കൂട്ടത്തിൽ ചെറിയ പയ്യൻ കൈയ്യിൽ എടുത്ത് കറക്കുന്നത് കാണാം. മഹാമാരി വന്നതിൽ പിന്നെയാണ് വീട്ടിലിരിക്കാനും ഒന്നിച്ചു സമയം ചിലവിടാനും അപ്പുറത്തെ വീട്ടുകാർക്ക് കഴിഞ്ഞതെന്ന് അവൾ ഓർമ്മിച്ചു.
“അമ്മേ…അപ്പുറത്തെ ആഷി പറയാ അവള്ടെ പപ്പ കോഴിയെ കമ്പിയിൽ കോർത്തിട്ട് ചു ട്ടു കൊടുക്കാറുണ്ടെന്ന് നല്ല രുചിയാത്രെ…പിന്നെ അവള്ടെ മമ്മി ഐസ്ക്രീംമും പിസ്സയും ഉണ്ടാക്കി കൊടുക്കാറുണ്ടത്രേ…അമ്മയ്ക്ക് കുഞ്ഞിയ്ക്ക് ഇടയ്ക്ക് അതൊക്കെ ഉണ്ടാക്കി തന്നൂടെ…” രണ്ടു ദിവസം മുൻപ് മോള് ചോദിച്ചപ്പോ എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.
സിമ്മെന്റിനും കമ്പിയ്ക്കും വില കൂടിയെന്ന് പറഞ്ഞു പണിയില്ലാതെയായ കെട്ടിടം തൊഴിലാളി ആയ അച്ഛൻ കുഞ്ഞിയ്ക്ക് ഇതെല്ലാം എങ്ങനെ സാധിച്ചു തരുമെന്ന് ചോദിച്ചാൽ കുഞ്ഞിയുടെ മനസ്സ് നൊന്താലോ എന്ന് കരുതി…
അമ്മിത്തറയിൽ കമഴ്ത്തി വെച്ചിരിക്കുന്നു മീൻ ചട്ടിയിലേക്ക് നോട്ടം പാളി. പുറമേ പൂപ്പൽ പിടിച്ചിരിക്കുന്നു. എത്ര നാളായി അത് ഉപയോഗിച്ചിട്ട്! അയൽപ്പാക്കത്തെ ആരവങ്ങൾ കുഞ്ഞിയുടെ ശ്രദ്ധയിൽപ്പെടരുതേ എന്ന് അവൾ ആഗ്രഹിച്ചു. കുട്ടികളുടെ മനസ്സല്ലേ…കോറോണയും ദാരിദ്ര്യവും പറഞ്ഞത് കൊണ്ടു മാത്രം കുഞ്ഞു മോഹങ്ങൾക്ക് തടയിടനാകുമോ?
“അരുണേ…”
രഗേഷേട്ടൻ ഇത്രേം നേരത്തേ വന്നോ…കുറേ നാള് കൂടി ഇന്നാണ് രഗേഷ് പണിക്ക് പോയത്. ബസ് ഓടി തുടങ്ങിയിട്ടില്ലാത്തതിനാൽ പഴയൊരു തുരുമ്പു പിടിച്ച സൈക്കിൾ ഒരു പരിചയക്കാരന്റെ അടുക്കൽ നിന്നും കടം വാങ്ങി ചവിട്ടിക്കൊണ്ടാണ് രാവിലെ പോയത്. ദൂരം ഏറെ ഉണ്ടെങ്കിലും ഒരു ദിവസത്തെയെങ്കിലും കൂലി ആ മൂന്ന് വയറുകൾക്ക് അത്യാവശ്യമായിരുന്നു.
രഗേഷ് കൊണ്ടു വന്ന പൊതിയിൽ കുറച്ചു പച്ചക്കറിയും മീനും ഉണ്ടായിരുന്നു. പൊതികൾ അരുണയ്ക്ക് കൊടുത്ത് രഗേഷ് കുളിച്ചു വന്നു.
മൂളിക്കൊണ്ട് ചുറ്റും പറക്കുന്ന കൊതുകുകളെ പായിച്ചു അരുണ മീൻ വൃത്തിയാക്കുന്നതും നോക്കി കുഞ്ഞിയും രാഗേഷും അടുക്കള വശത്ത് ഇരുന്നു.
അയൽപ്പക്കത്തെ വലിയ വീടിന് പുറകു വശത്തെ ബഹളങ്ങൾ മൂവരുടെയും കാതുകളിൽ പതിച്ചതേയില്ലായിരുന്നു അന്നേരം.
രാവിലെ മുതലുള്ള കുഞ്ഞു കുഞ്ഞു കാര്യങ്ങൾ പറഞ്ഞും കേട്ടും മൂവരും അവരുടെ കൊച്ചു ലോകത്തായിരുന്നു. മങ്ങിയതെങ്കിലും മഞ്ഞ നിറമുള്ള ബൾബിനു താഴെ, ഇനിയെന്ന് പണിയുണ്ടാകുമെന്നും കൂലി കിട്ടുമെന്നും ഉള്ള ചൂട് പിടിച്ച ചിന്തകളെ മനപ്പൂർവം മറന്ന് ആ നിമിഷങ്ങളെ താലോലിച്ചുകൊണ്ട് അവർ.
~രേഷ്ജ അഖിലേഷ്