മനസ്സ്
എഴുത്ത്: ആഷാ പ്രജീഷ്
==============
“ഇന്നും അയാളെ കാണാൻ പറ്റുമെന്ന് തോന്നുന്നില്ല…ഇതിപ്പോ എത്രാമത്തെ തവണയായി ഇങ്ങനെ…”
പ്രകാശൻ അക്ഷമാനായി പോക്കറ്റിൽ കിടക്കുന്ന മൊബൈൽ എടുത്തു സമയം നോക്കി.
“എനിക്കറിയാം ചേട്ടായി, വല്യച്ഛന് ഞങ്ങളോടുള്ള ദേഷ്യം ഒരിക്കലും മാറില്ല…ഇതിപ്പോ എന്റെ അമ്മുചേച്ചിടെ കാര്യല്ലേ..അതുകൊണ്ടാണ് ഞാൻ…”
സങ്കടം നിഴലിക്കുന്ന മുഖത്തോടെ ബൈക്കിൽ ചാരിനിൽക്കുന്ന അനൂപിനെ കണ്ടപ്പോൾ മനസ്സിൽ ദിവകരേട്ടനോടെ വല്ലാത്ത സങ്കടം തോന്നി…
“നീ ചെല്ല്…ഇതങ്ങനെ വിട്ടാൽ പറ്റില്ലാലോ…എനിക്കെന്താ ചെയ്യാൻ പറ്റുകന്നു നോക്കാം…”
സമാധാനവാക്കുകൾ പറഞ്ഞു അവനെ പറഞ്ഞയക്കുമ്പോൾ ഇനി എന്തുവേണം എന്നൊരു രൂപം മനസിലില്ലായിരുന്നു എനിക്ക്…
അവൻ ബസ് കയറി പോകുമ്പോൾ പ്രതീക്ഷയോടെ എന്നെ തിരിഞ്ഞു നോക്കി…
പാവം പയ്യൻ!!!
ബൈക്ക് സ്റ്റാർട്ട് ആക്കി ഓടിച്ചു പോകുമ്പോൾ മനസ്സുനിറയെ അവനായിരിന്നു..അനൂപ് എന്ന ഇരുപത്തിമൂന്നുകാരൻ..മനുഷ്യൻ മണ്ണിനും പെണ്ണിനും വേണ്ടി ബന്ധങ്ങൾ തന്നെ മറക്കുമെന്നത് അനൂപിന്റെ വല്യച്ഛന്റെ കാര്യത്തിൽ സത്യമാണ്..എന്നാലും ഇത്രക്ക് ദുഷ്‌ടനാകാൻ പാടുണ്ടോ ആളുകൾ…
പെട്ടന്നാണ് അവന്റെ മനസ്സിൽ ദേഷ്യം നുരപൊന്തിയത്..ഇതങ്ങനെ വിട്ടാൽ പറ്റില്ലാലോ…എന്തൊക്കെയോ മനസിലുറച്ചു അയാൾ ദിവകരന്റെ വീട് ലക്ഷ്യമാക്കി വണ്ടി വിട്ടു. തുറന്നു കിടക്കുന്ന ഗേറ്റ് കടന്നു അകത്തേക്ക് ചെന്നതും കണ്ടു. സിടൗട്ടിൽ പാത്രം വായിച്ചു കൊണ്ടിരിക്കുന്ന ദിവാകരേട്ടനെ…
“ഹാ..പ്രകാശനോ…എന്താടാ ഈ വഴിയൊക്കെ..പഞ്ചായത്തിൽ നിന്നും സഹായത്തിനൊന്നും ഞാൻ അപേക്ഷിച്ചിരുന്നുല്ലല്ലോ???
അഹങ്കാരം മുറ്റിയ അയാളുടെ വാക്കുകൾ പ്രകാശനെ ശുണ്ഠി പിടിപ്പിച്ചെങ്കിലും അയാൾ സ്വയം നിയന്ത്രിച്ചു…
“”ചേട്ടൻ ആ ചെക്കന്റെ സ്ഥലം അങ്ങ് എടുത്തോ..എന്നിട്ട് അവനു ന്യായമായ ഒരു വില കൊടുക്ക്…പ്രകാശൻ വളച്ചു കെട്ടില്ലാതെ കാര്യത്തിലേക്ക് കടന്നു.
“എന്താ പ്രകാശ..നീയിപ്പോൾ പഞ്ചായത്ത് മെമ്പർ പണിയൊക്കെ നിർത്തി ബ്രോക്കർ പണി തുടങ്ങിയോ???
അയാളുടെ പരിഹാസം നിറഞ്ഞ ചിരി..നന്നേ ദേഷ്യം വന്നു അയാൾക്ക്…
“ചേട്ടന് കാര്യങ്ങളൊക്കെ അറിയാല്ലോ..മനുഷ്യൻ ഇത്രയ്ക്കു ദുഷ്ടാനവരുത്..അനൂപ് ചേട്ടന്റെ അനുജന്റെ മകനല്ലേ..ആ അഞ്ചു സെന്റ് പുരയിടത്തിനു വേണ്ടി ചേട്ടൻ കുറെ വഴക്കുണ്ടാക്കിയതല്ലേ അവരോട്..അവനിപ്പോ അത് തരാൻ തയ്യാറാണ്..ആ പെങ്കൊച്ചിന്റെ കല്യാണത്തിന് വേണ്ടിയല്ലേ…”
“നീയെന്നെ കൊണ്ടു കൂടുതൽ പറയിക്കല്ലേ പ്രകാശ…വർഷം കൊറേയായി ഞാനാ വീടും സ്ഥലവും തരാൻ അവനോടും അവന്റെ അപ്പനോടും പറയുന്നു..ന്യായമായ വിലയും കൊടുക്കാന്നു പറഞ്ഞതാണ്…അപ്പോഴൊക്കെ അവനു വാശി..ചേട്ടന് നാലു പുത്തനുണ്ടായതില് അവനു അസൂയ….ആ സ്ഥലം കൂടെ കിട്ടിയാൽ എനിക്ക് എന്റെ സ്ഥലത്തേക്ക് വഴി വീതി കൂട്ടി ഒറ്റ പ്ലോട്ട് ആക്കാരുന്നു..അപ്പൊ ചേട്ടൻ നന്നായി പോയാലോ എന്ന് കരുതി അവൻ തന്നില്ല…എന്നിട്ടെന്തായി…കിഡ്നിക്ക് അസൂഖം വന്നു കുറെ നരകിച്ചല്ലേ അവൻ ചത്തെ…”
“എന്റെ പോന്നു ചേട്ടാ…രോഗം വന്നു മരിച്ചത് ചേട്ടന്റെ അനുജനല്ലേ..ഇങ്ങനെയൊക്കെ പറയാവോ?
“ദണ്ണമൊണ്ടെടാ…അത്രക്ക് കഷ്ടപ്പെടുത്തീട്ടുണ്ട് എന്നെ..ബിസിനസ് നശിച്ചു കടം കേറി കേസിൽ കിടന്നപ്പോ അവൻ കുറെ പരിഹസിച്ചതാണ്. കൂടപ്പിറപ്പാണെന്നുള്ള ദയ ഒന്നും എന്നോട് കാട്ടിയിട്ടില്ല.
എന്നിട്ട് കേസ് ജയിച്ചു എനിക്ക് കുറച്ചു കാശുണ്ടായപ്പോ അവനു കണ്ണിൽ കടി. എന്റെ മോൾടെ കല്യാണത്തിന് ഞാൻ പോയി വിളിച്ചതാണ് എന്നിട്ട് അവൻ വന്നോ?? അവനു വാശി.ആ സ്ഥലം നല്ല വില കൊടുത്തു ഞാൻ വാങ്ങിയേനെ..ആ പൈസ കൂടാതെ അവന്റെ ഓപ്പറേഷനും ചികിത്സക്കും പിന്നേം പണം കൊടുത്ത് സഹായിച്ചേനെ..അപ്പൊ നീയൊക്കെ കൂടി കമ്മിറ്റി ഉണ്ടാക്കി നാടുമൊത്തം നടന്നു പിരിവ് നടത്തി ഓപ്പറേഷൻ നടത്തിയില്ലേ..ആ വകയിൽ നിനക്കും കിട്ടി കാണില്ലേ നല്ലൊരു തുക…”
ദിവാകരൻ ദേഷ്യത്താൽ കൈയിലിരിക്കുന്ന പത്രം ടീപോയിയുടെ മേലേക്ക് എറഞ്ഞു.
“ദൈവദോഷം പറയരുതേ ചേട്ടാ….രോഗം വന്നു ചികിത്സിക്കാൻ നിവർത്തിയില്ലാതെ വലയുന്ന പാവങ്ങൾക്ക് ഒരു കൈ സഹായം…അതാണ് ഈ സന്നദ്ധസംഘടനകളിൽ നിന്നൊക്കെ ഉദ്ദേശിക്കുന്നെ. അല്ലാതെ അതിൽ നിന്ന് പണമുണ്ടാക്കി ജീവിക്കണ്ട ആവശ്യം ഇല്ല എനിക്ക്..പാവപെട്ടവനു ഒരു കൈത്താങ്ങു..”
പ്രകാശന്റെ വാക്കുകളിൽ പിന്നെയും ദിവകാരനോടുള്ള ദേഷ്യം നിറഞ്ഞു നിന്നു..
“നീ താങ്ങിക്കോടാ ഉവ്വേ???.ഈ ഒരു കാര്യം ചെയ്യൂ..ഇപ്പൊ ആ പെണ്ണിന്റെ കല്യാണത്തിന് കൂടെ ഒരു ബക്കറ്റ് പിരിവ് നടത്ത്..അപ്പൊ പിന്നെ ആ കിടപ്പാടം വിൽക്കേണ്ടി വരില്ലല്ലോ..അല്ല പിന്നെ..
അവിടെ നിന്ന് മടങ്ങുമ്പോൾ അയാളെ ചെന്നു കാണേണ്ടിയിരുന്നില്ല എന്നു തോന്നി പ്രകാശന്..ചെറുപ്പത്തിലേ അമ്മ മരിച്ച അനൂപിന് ആകെയുള്ളത് ഒരേട്ടത്തിയാണ്..അച്ഛന് രോഗം വന്നപ്പോൾ പോലും കിടപ്പാടം വിൽക്കാതെ പിടിച്ചു നിന്നതാണ് പാവം..കിഡ്നി രോഗം വന്നു അച്ഛനും പോയതോടെ ഏട്ടത്തിക്കു വേണ്ടി ജീവിക്കുന്ന പാവമൊരു പയ്യൻ..ഇപ്പൊ നല്ലൊരു ആലോചന ആ പെൺകുട്ടിക്ക് വന്നിട്ടുണ്ട്..അതിനു വേണ്ടിയാണു ആകെയുള്ള കിടപ്പാടം വിൽക്കാൻ നോക്കുന്നെ…ഏതൊരാള് വന്നു സ്ഥലം നോക്കിയാലും എന്തെങ്കിലും ഉടക്ക് വച്ചു ദിവകാരൻ ആ കച്ചോടം മുടക്കും..എന്നാൽ ന്യായമായ വിലകൊടുത്തു അയാളോട് മേടിക്കാൻ പറഞ്ഞാൽ ഇപ്പൊ അതിനും തയ്യാറല്ല. ഒരു തരം വാശി…
ബൈക്ക് സ്റ്റാർട്ട് ആക്കി പുറത്തേക്കിറങ്ങിയപ്പോഴാണ് ശ്രീമോനെ കണ്ടത്..ദിവാകരേട്ടന്റെ മകൻ!! ഒരു പാവം പയ്യനാണ് അത്..അച്ഛന്റെ ദുഷ്ടതയൊന്നും അവനില്ല..അത് മാത്രമല്ല അവൻ ജന്മനാ ഒരു ഹൃദ്രോഗിയാണ്..
“ഞാൻ പറഞ്ഞതാണ് ഏട്ടാ..അച്ഛന് വാശിയാണ്. ചോദിച്ച സമയത്തൊക്കെ കൊച്ചച്ചൻ സ്ഥലം നൽകാൻ തയ്യാറായില്ല. ഇപ്പോൾ മേടിക്കാമെന്ന് വച്ചാൽ അച്ഛന്റെ കൈയിൽ പണമില്ല. എന്റെ ചികിത്സക്കായി അത്രയും തുക ചിലവാക്കുന്നുണ്ട്. എന്നാലും ആ സ്ഥലത്തോടുള്ള പൂതി വിട്ടിട്ടില്ല. അതാണ് കച്ചോടം മുടക്കുന്നെ..ഞാനെന്ത് ചെയ്യാനാണ്…
അവന്റെ വാക്കുകളിൽ നിരാശ..അവനോടൊന്നും പറയാൻ തോന്നിയില്ല..മിഷ്യന്റെ സഹായത്തോടെ ഹൃദയമിടിപ്പ് നിയത്രിച്ചു കൊണ്ടു പോകുന്ന അവസ്ഥ. ഇത്തരത്തിൽ രോഗം കൊണ്ടു വലയുന്ന ഒരു മകനുള്ള ആളുടെ നാവിൽ നിന്ന് വന്ന വാക്കുകൾ..പ്രകാശനു അയാളുടെ വിവരക്കേടോർത്ത് അയാളോട് സഹതാപം തോന്നി..
ഇയാളുടെ ദുഷ്ടതയുടെ ഫലം ആ പാവം പയ്യൻ അനുഭവിക്കാൻ ഇടവരരുതേ ദൈവമേ…
മടങ്ങി പോയപ്പോൾ അയാൾ ചിന്തിച്ചത് അതാണ്..
*******************
“എടാ നീ എവിടെയാ? വേഗം ഇങ്ങു വന്നേ..ഞാനീ പഞ്ചായത്തിന്റെ ഫ്രണ്ടിൽ ഉണ്ട് ..പോരുമ്പോ ആധാരത്തിന്റെ കോപ്പിയും എടുത്തോ?? ഒരു ചെറിയ പാർട്ടി വന്നു പെട്ടിട്ടുണ്ട്.നീ വേഗം വാ..
ഫോണിൽ അവനെ വിളിച്ചു പറഞ്ഞിട്ട് അയാൾ ദേവസിചേട്ടനെ നോക്കി.
“എന്റെ ചേട്ടാ.. നിങ്ങൾ അത്ര വലിയ കമ്മീഷൻ ഒന്നും പ്രതീക്ഷിക്കരുത്..അയ്യോ പാവങ്ങളാണ്..കച്ചോടം നടന്നാൽ കിട്ടുന്നത് മേടിച്ചു മിണ്ടാതെ പൊയ്ക്കോളണം കേട്ടല്ലോ..
“എന്റെ കൊച്ചേ നീ പറഞ്ഞാൽ ഈ ദേവസിക്ക് അത് മതി..
വെറ്റിലകറ പുരണ്ട പല്ലുകൾ കാണിച്ചു അയാൾ വെളുക്കേ ചിരിച്ചു.
സമയം ഇഴഞ്ഞു നീങ്ങി..സമയം വൈകുന്നത്തോടെ ദേവസി ആസ്വസ്ഥനായി…
“ഇതെന്താ ഫോൺ സ്വിച്ച് ഓഫ്..ഇപ്പോൾ വരാമെന്ന് പറഞ്ഞവനാണ് ആളിതെവിടെ പോയി…??
പ്രകാശനു ദേഷ്യം വരുന്നുണ്ടായിരുന്നു..കുറച്ചു സമയം കൂടി അനൂപിനെ കാത്തിട്ട് ദേവസിയെ മടക്കി അയച്ചു അയാൾ..
“അല്ലെങ്കിലും ഇവന്മാർക്കൊക്കെ വേണ്ടി സമയം കളയുന്ന എന്നെ പറഞ്ഞാൽ മതിയല്ലോ എന്ന് പറഞ്ഞു അയാൾ സമീപത്തെ വക്കച്ചായന്റെ ചായ കടയിലേക്ക് ചെന്നു…
*********************
ഹൃദയം മാറ്റിവയ്ക്കണമെന്നു തീർത്തു പറഞ്ഞിട്ട് ഇപ്പോൾ മൂന്നു മാസം കഴിഞ്ഞു..മൃതുസഞ്ച്ചീവനിയിൽ പണമടച്ചു രജിസ്റ്റർ ചെയ്യുകയും ചെയ്തു.എപ്പോഴാണ് ഹാർട്ട് കിട്ടുന്നത് അപ്പോൾ ഓപ്പറേഷന് റെഡിയാകണം..എന്നാലിപ്പോ രണ്ടു ദിവസമായി ചെറിയ ശ്വാസം മുട്ട്..ഹോസ്പിറ്റലിൽ അഡ്മിറ്റ് ആക്കിയപ്പോഴേക്ക് ശ്രീമോന്റെ അവസ്ഥ കുറച്ചു മോശമായി..പെട്ടന്നാണ് ICU വിലേക്കു മാറ്റിയത്..
എത്രയും വേഗം ഹാർട്ട് കിട്ടിയില്ലെങ്കിൽ ജീവൻ രക്ഷിക്കാൻ പറ്റില്ലെന്ന് പറഞ്ഞപ്പോൾ ദിവകാരനും ഭാര്യയും വല്ലാതെ തളർന്നു പോയി..
കൈയിലുള്ള പണമത്രയും കൊടുത്താലും ഒരു ഹാർട്ട് കിട്ടാതെ മകന്റെ ജീവൻ പിടിച്ചു നിർത്താൻ പറ്റില്ല എന്ന അവസ്ഥ.
**********************
എടാ പ്രകാശ..ആ ചെറുക്കൻ നിന്നെ കാണാൻ കൂട്ടുകാരന്റെ വണ്ടിയെടുത്തു വന്നതാണ്…ഹെൽമെറ്റ് ഇല്ലാരുന്നു..തലക്കാണ് പരിക്ക്. ഹോസ്പിറ്റലിൽ കൊണ്ടു പോയിട്ടുണ്ട്..ജീവൻ പോയെന്നാണ് കേട്ടത്…
വക്കച്ചായൻ നൽകിയ ചായ ഊതി കുടിച്ചു കൊണ്ടിരുന്നപ്പോഴാണ് ആ കാൾ വന്നത്..ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്ക് ശരീരം തളരുന്ന പോലെത്തോന്നി പ്രകാശനു…അവിടെ കൂടിയിരിക്കുന്ന ആളുകളെ കണ്ടപ്പോൾ അയാൾക്ക് കാര്യം മനസിലായി…
ദൈവമേ…നീ ഇത്രക്ക് ക്രൂരനോ???അയാൾ ശരീരം തളർന്നു ഭിത്തിയിൽ ചാരി നിന്നു..
“എന്റെ മോനെ..!!! എന്നൊരു അലറി കരച്ചിൽ കേട്ടാണ് അയാൾ അങ്ങോട്ട് നോക്കിയത്..
ദൂരെ നിന്ന് ICU ലക്ഷ്യമാക്കി പാഞ്ഞു വരുന്ന ആളെ കണ്ടതും പ്രകാശനു സങ്കടം സഹിക്ക വയ്യാതായി…
അമ്മു!!! അനൂപിന്റെ ചേച്ചി!!!
ലോകത്ത് അവൾക്കു ആകെയുള്ള കൂടപ്പിറപ്പിന്റെ മരണവാർത്ത അറിഞ്ഞു ഓടി വരുന്നതാണ്..
കരഞ്ഞു കൊണ്ടു തന്റെ മുന്നിൽ തളർന്നു വീണ അവളെ അവൻ കൈകളാൽ കോരിയെടുത്തു ഞെഞ്ചോട് ചേർത്തു..ആരോരുമില്ലാത്ത ആ പാവം പെണ്ണിനെ കൈവിട്ടു കളയാൻ തോന്നതത് പോലെ…
**********************
“മോനെ….എനിക്ക് തെറ്റ് പറ്റിപോയെടാ..ആരോടൊക്കെയോ ഉള്ള വാശിയിൽ ആയിരുന്നു ജീവിതം ഇതേ വരെ..ഇപ്പൊ അവസാനം എന്റെ മകന്റെ ജീവൻ നിലനിൽക്കുന്നത്……ഞാൻ ചെയ്ത തെറ്റിന്..ഞാൻ ചെയ്ത ദ്രോഹത്തിന് ഞാൻ ആരോടെ മാപ്പ് ചോദിക്കും ഇനി…
“വേണ്ട ചേട്ടാ.. കൂടുതൽ ഒന്നും പറയണ്ട..ആ കൊച്ചന്റെ ജീവൻ പോയപ്പോ അത് നിങ്ങളുടെ മകനെങ്കിലും ഉപകാരപ്പെട്ടല്ലോ…
തന്റെ കൈകളിൽ കൂട്ടിപിടിച്ചു വിങ്ങി പൊട്ടിയിരുന്ന ദിവകാരനെ മറികടന്നു അയാൾ പുറത്തേക്ക് പോയി…അപ്പോൾ പ്രകാശന്റെ മനസ്സിൽ തന്റെ ഞെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞ അമ്മുവിന്റെ മുഖമായിരുന്നു…
പഠിക്കുന്ന കാലം തൊട്ടേ അവളോടൊരു ഇഷ്ടം ഉണ്ടായിരുന്നു..പഠിത്തമൊക്കെ കഴിഞ്ഞപ്പോ ഇഷ്ടം കൂടി കൂടി വന്നു..മനസിൽ ഇച്ചിരി രാഷ്ട്രീയ കടന്നു കയറിയതോടെ അതായി ചിന്ത..അതിനിടക്ക് മനസിലെ ഇഷ്ടം തുറന്നു പറയാൻ തോന്നിയില്ല..ഇപ്പോഴും ആരോടും പറയാതെ അതങ്ങനെ മനസ്സിൽ കൊണ്ടു നടക്കുകയാണ്..നന്നായി പഠിക്കുന്ന പെണ്ണ്..അവൾക്ക് നല്ലൊരു ബന്ധം കിട്ടട്ടെ എന്ന് കരുതി മനസ്സിൽ തോന്നിയ ഇഷ്ടം അവിടെ തന്നെ കുഴിച്ചു മൂടി..പിന്നെ അവൾക്കു നല്ലൊരു ജീവിതം ഉണ്ടായിട്ട് മതി തനിക്കെരു വിവാഹം എന്ന ചിന്തയായിരുന്നു..ഇപ്പൊ ആരോരും ഇല്ലാതായിരിക്കുന്നു പാവത്തിന്..ഇനിയും അവളെ വിഷമിപ്പിക്കാൻ വിടാൻ വയ്യ..കൂടെ കൂട്ടണം.. ഇഷ്ടമാണെങ്കിൽ..ഒറ്റക്കാകി കളയരുത്…അയാൾ മനസിലുറച്ചു…
~ആഷ്