അമ്മയ്ക്കും വേണ്ടേ, ഒരിക്കലെങ്കിലും അച്ഛന്റെ മുന്നിൽ ആത്മവിശ്വാസത്തോടെ പിടിച്ച് നില്ക്കാനുള്ള ഒരു കച്ചിത്തുരുമ്പ്…

Story written by Saji Thaiparambu

===========

“എന്താ അമ്മേ ഇന്നും അച്ഛനുമായിട്ട് പിണങ്ങിയോ ?”

കരഞ്ഞ് വീർത്ത മുഖവും കൈയ്യിൽ ഒരു തലയിണയുമായി മുറിയിലേക്ക് വന്ന രജനിയോട് ദേവിക ചോദിച്ചു.

“എനിക്ക് വയ്യ മോളെ..ഞാൻ മടുത്തു, ക്ഷമിച്ച് ക്ഷമിച്ച് ക്ഷമയുടെ നെല്ലിപ്പലക വരെ കണ്ടു “

അമ്മയും അച്ഛനുമായിട്ടുള്ള വഴക്ക് ഇതാദ്യമല്ല, ഇതിന് മുമ്പും പല പ്രാവശ്യം രണ്ട് പേരും തമ്മിൽ വഴക്കിട്ടിട്ട്, അമ്മ തന്റെയടുത്ത് വന്ന് കിടന്നിട്ടുണ്ട്.

പണ്ട്, പത്താം ക്ളാസ്സിൽ പഠിച്ചിരുന്ന കാലത്ത്, അമ്മ ഒരാളുമായി ഇഷ്ടത്തിലായിരുന്നു, എന്ന കാര്യം പാവം അമ്മ അച്ചനോടൊരിക്കൽ പറഞ്ഞു പോയി. അതിൽ പിന്നെയാണ്, അച്ഛന് അമ്മയെ സംശയം തോന്നിതുടങ്ങിയത്, എന്ന് ദേവിക ഓർത്തു.

ഇതിങ്ങനെ വിട്ടാൽ പറ്റില്ല, എന്തെങ്കിലും ഒരു മാർഗ്ഗം കണ്ടെത്തിയേ പറ്റു, ഇല്ലങ്കിൽ ഇതിനിടയിൽ കിടന്ന് താനാണ് ഉരുകുന്നത്.

പരസ്പരം പോരടിക്കുന്ന മാതാപിതാക്കൾ അവരുടെ മക്കളുടെ നിസ്സഹായതയെ കുറിച്ച് ചിന്തിക്കുന്നില്ലല്ലോ?

വർഷങ്ങൾക്ക് മുൻപ് നടന്ന ഇൻസിഡൻറിന്റെ പേരിൽ അമ്മയെ പീ ഡിപ്പിക്കുമ്പോൾ അച്ഛൻ പെർഫെക്ടാണെന്ന ആത്മവിശ്വാസമാണച്ഛന്.

പകരം അച്ഛനെ എതിർത്ത് തോല്പിക്കാനുള്ള റിമാർക്കുകളൊന്നുമില്ലാത്തതാണ് അമ്മയുടെ പരാജയം.

അമ്മയ്ക്കും വേണ്ടേ, ഒരിക്കലെങ്കിലും അച്ഛന്റെ മുന്നിൽ ആത്മവിശ്വാസത്തോടെ പിടിച്ച് നില്ക്കാനുള്ള ഒരു കച്ചിത്തുരുമ്പ്.

ഇനി മുതൽ തന്റെ ശ്രമം അതിന് വേണ്ടിയുള്ളതാവണം.

ദേവിക അതിനുള്ള തന്ത്രങ്ങൾ മെനഞ്ഞു

അവൾ അമ്മയോട് തന്റെ ഐഡിയ.വെളിപ്പെടുത്തിയിട്ട് പുതിയൊരു സിം കാർഡ് സ്വന്തമാക്കി, അമ്മയുടെ ഫോണിൽ ഇട്ടിട്ട്, ശ്യാമ എന്ന പേരിൽ പുതിയ FB അക്കൗണ്ട് ഓപ്പൺ ചെയ്തു.

അച്ഛന്റെ പേര് സെർച്ച് ചെയ്ത് ഫ്രെണ്ട് റിക്വസ്റ്റ് അയച്ചു.

നിമിഷങ്ങൾക്കകം റിക്വസ്റ്റ് അക്സപ്റ്റ് ചെയ്തു.

തുടക്കം സക്സസായ സന്തോഷത്തിൽ ദേവിക ജോലി ആരംഭിച്ചു.

രഘുനാഥ് എന്ന അച്ഛന്റെ മെസ്സഞ്ചറിൽ അവൾ ഒരു ഹായ് പറഞ്ഞു.

“ഹായ് ,.സുഖമാണോ ,.എവിടെയാ വീട്?

അച്ഛന്റെ പ്രതികരണം കണ്ട് തന്റെ ജോലി എളുപ്പമായെന്ന് ദേവിക മനസ്സിലോർത്തു.

“സുഖമായിരിക്കുന്നു. ഞാൻ കുറച്ച് ദൂരെയാ, സാറിന്റെ വീടെവിടെയാ?

”ഞാൻ കൊച്ചിയിലാ മറൈൻ ഡൈവിനടുത്ത് ഒരു ഫ്ളാറ്റിലാ”

”എന്റമ്മേ..അച്ഛൻ ഇത്രയും വലിയ തള്ളായിരുന്നോ, എന്നാ വിടലാ ഇത് ”

ദേവിക തിരിഞ്ഞ് അമ്മയെ നോക്കി.

എന്നിട്ട് വിണ്ടും മെസ്സഞ്ചറിലെ ചാറ്റ് ബോക്സിൽ വിരൽ കൊണ്ടെഴുതി.

”ഞാനും എറണാകുളത്ത് തന്നെയാ, ഡിഗ്രി ഫൈനൽ ഇയർ പഠിക്കുന്നു, സാർ ബാച്ച്ലർ ആണോ?

“പിന്നേ…എനിക്ക് മുപ്പത് വയസ്സേ ആയിട്ടുള്ളു, മനസ്സിനിണങ്ങിയ ഒരാളെ കണ്ടാൽ കല്യാണം കഴിക്കണം, അങ്ങനൊരാളെ ഇത് വരെ കണ്ട് കിട്ടിയിട്ടില്ല.”

“സാറിന് എന്നെ കണ്ടിട്ട് ഇഷ്ടമായോ?എന്നെ പോലെ ഒരാളാണോ സാറിന്റെ മനസ്സിലുള്ളത് ”

ദേവിക ടൈപ്പ് ചെയ്തിട്ട് വീണ്ടും അമ്മയെ നോക്കി.

അവർ നിർനിമേഷയായി ഇരിക്കുകയായിരുന്നു.

“തന്നെ പോലെ ഒരാളാണെങ്കിൽ എന്നെ വിവാഹം കഴിക്കാൻ താൻ തയ്യാറാണോ?”

അപ്രതീക്ഷിതമായിട്ടുള്ള അച്ഛന്റെ ചോദ്യം കേട്ട് ദേവിക അമ്പരന്നു.

”ഹായ് പറഞ്ഞ് വന്നപ്പോഴെ..എനിക്ക് തോന്നിയിരുന്നു, ഇങ്ങനെയൊക്കെയുള്ള ചോദ്യങ്ങളുണ്ടാവുമെന്ന് ,മോളെ..നീ ഡിഗ്രിക്ക് പഠിക്കുന്ന വിവരമുള്ള പെണ്ണല്ലേ? നിന്റെ വീട്ടുകാർ നിന്നെ ഒരു പാട് പ്രതീക്ഷയോടയല്ലേ വളർത്തുന്നത്, പോയിരുന്ന് രണ്ടക്ഷരം പഠിക്കാൻ നോക്ക്. നിന്നെപ്പോലെ ഒരു മകളുടെ അച്ഛനാണ് ഞാനും, മനസ്സിലായോ?”

അച്ഛന്റെ മറുപടി കണ്ട് ദേവികയും അമ്മയും ഇളിഭ്യരായി.

“ഒരു രക്ഷയുമില്ലമ്മേ അച്ഛൻ വെറും മാസ്സല്ല, കൊല മാസ്സാണ് “

തങ്ങളുടെ പദ്ധതി പാളിയതോർത്ത് വ്യസനിച്ചിരിക്കുമ്പോഴാണ് വാതിൽക്കൽ അച്ഛൻ വന്നു നില്ക്കുന്നത് ദേവിക കണ്ടത്.

”എന്താ അച്ഛാ..അച്ചനിത് വരെ ഉറങ്ങിയില്ലേ?”

“എന്താ..ഇനി എന്നെ ഉറക്കി കിടത്തിയിട്ട് രണ്ട് പേർക്കും കൂടി എന്തെങ്കിലും ഒപ്പിക്കാനുണ്ടോ?

അത് കേട്ട് അമ്മയും മോളും ഒരു പോലെ നടുങ്ങി

അച്ഛനെല്ലാം അറിഞ്ഞിരിക്കുന്നു.

“എന്റെ മോളെ..നിന്റമ്മയ്ക്ക് ഭ്രാ ന്താണ്, അവളുടെ വാക്ക് കേട്ട് നീ ഓരോ ബുദ്ധിമോശം കാണിക്കാൻ നില്ക്കല്ലേ, മൂക്കത്ത് ശുണ്ഠിയുള്ളവളാനിന്റെയമ്മ, അതറിഞ്ഞ് കൊണ്ട് തന്നെ, അവളെ കൊണ്ട് ശുണ്ഠി പിടിപ്പിക്കാൻ വേണ്ടിയാ, ഞാൻ ഇടയ്ക്കിടെ അവളുടെ പത്താം ക്ളാസ്സ് പ്രണയത്തെക്കുറിച്ച് ചോദിക്കുന്നത്, അപ്പോൾ അവളുടെ മുഖം ചുവക്കുന്നതും എന്നോട് പോരടിക്കുന്നതുമൊക്കെ ഞാൻ നന്നായി ആസ്വദിക്കാറുണ്ട്. ഒരിക്കൽ പോലും ഞാനത് ഗൗരവമായി എടുത്തിട്ടില്ല. നിനക്കറിയുമോ?നിന്റമ്മയെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നുണ്ടെന്ന്, ആഹ്, അതറിയണമെങ്കിൽ മോളും ,ഇത് പോലെ കല്യാണം കഴിക്കണം”

“സോറി അച്ഛാ..ഞാനിതൊന്നുമറിയാതെ അച്ഛനെ വെറുതെ തെറ്റിദ്ധരിച്ചു. അല്ല അച്ഛ്ൻ ഞങ്ങളുടെ പ്ളാനൊക്കെ എങ്ങനറിഞ്ഞു. “

“ഹ ഹ ഹ നിങ്ങളത് ചർച്ച ചെയ്യുമ്പോൾ ഞാൻ, ഫ്രിഡ്ജിൽ നിന്ന് തണുത്ത വെള്ളമെടുക്കാൻ ഈ വഴി പോയിരുന്നു. അപ്പോൾ കേട്ടതാ”

“ഓഹ് അച്ഛന്റെയൊരു കാര്യം “

ദേവിക അച്ഛ്നെ പുകഴ്ത്തി.

“ഹലോ മാഡം.. മര്യാദയ്ക്ക് എന്റെ കൂടെ വന്ന് കിടന്നോ, ആ കൊച്ചിന് എക്സാമുള്ളതാ അതവിടെ ഇരുന്ന് പഠിച്ചോട്ടെ”

രജനിയെ നോക്കി, ഒരു കള്ളച്ചിരിയോടെ പറഞ്ഞിട്ട് രഘുനാഥ് സ്വന്തം മുറിയിലേക്ക് പോയി.

~സജിമോൻ തൈപറമ്പ്