ഒരു പഴഞ്ചൻ കഥ….
Story written by Saji Thaiparambu
=================
കല്യാണം കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷമാണ്, ഓഫീസിൽ പോയി തുടങ്ങിയത്.
രാവിലെ വീട്ടിൽ നിന്നിറങ്ങിയപ്പോഴെ അവള് പറഞ്ഞു ചെന്നിട്ട് വിളിക്കണേന്ന്.
ഞാൻ പറഞ്ഞു ,ഹേയ് അതൊന്നും നടക്കില്ല. ഓഫീസിലെ ഫോണിൻ നിന്ന് വിളിച്ചാൽ എല്ലാരും കൂടി എന്നെ കളിയാക്കി കൊല്ലും എന്ന്.
അങ്ങനെ അവളോട് പറഞ്ഞെങ്കിലും അറ്റന്റൻസ് ഒപ്പിട്ട് കഴിഞ്ഞപ്പോൾ മുതൽ വല്ലാത്ത ഒരു വീർപ്പുമുട്ടൽ എന്തോ ഒന്ന് മിസ്സ് ചെയ്യുന്ന പോലെ
സീറ്റിൽ നിന്നെഴുന്നേറ്റ് ഫോണിരിക്കുന്ന ക്യാബിനിൽ വന്ന് നോക്കിയപ്പോൾ പ്യൂൺ ഷാജി അതിന്റെ ചുവട്ടിലിരിപ്പുണ്ട്.
അവന്റെ മുന്നിൽ നിന്ന് വീട്ടിലേക്ക് വിളിക്കാൻ ചമ്മലായത് കൊണ്ട് ഒരു ബുദ്ധി പ്രയോഗിച്ചു.
”ഷാജീ…മുകളിൽ സൂപ്രണ്ടിന്റെ മുറിയിലെ ടേബിളിൽ ഒരു ബ്രൗൺ ഫയൽ ഇരിപ്പുണ്ട്, ഒന്നിങ്ങെടുത്തോണ്ട് വാ”
വീട്ടീന്ന് പിണങ്ങി വന്നിട്ടാണോ, മുകളിലേക്കുള്ള പടികൾ കയറുന്ന ബുദ്ധിമുട്ട് കൊണ്ടാണോ എന്തോ?ഷാജി വാടിയ മുഖവുമായാണ്, എഴുന്നേറ്റ് പോയത്
വീട്ടിലെ ലാന്റ് ഫോണിലേക്ക് ഡയൽ ചെയ്തപ്പോൾ എന്താന്നറിയില്ല, പതിവില്ലാത്ത ഒരു തണുപ്പ് കൈകൾക്കുണ്ടായിരുന്നു.
ഉമ്മയാണ് ഫോൺ അറ്റന്റ് ചെയ്തത്.
“ഉമ്മാ…റസീലയ്ക്ക് ഫോൺ കൊടുക്ക് “
“ആഹ്, ശരി മോനേ “
“ഇക്കാ….ഞാനോർത്തു നിങ്ങളിനി വിളിക്കില്ലായിരിയ്ക്കുമെന്ന് “
അവളുടെ ശബ്ദത്തിൽ അടക്കാനാവാത്ത സന്തോഷം ഞാൻ തിരിച്ചറിഞ്ഞു
കുറച്ച് നേരത്തെ സംസാരം കഴിഞ്ഞപ്പോൾ കോണിപ്പടിയിൽ പദചലനം കേട്ടു
ഷാജി, താഴെയെത്തുന്നതിന് മുൻപ് അസംതൃപ്തിയോടെ ഫോൺ കട്ട് ചെയ്യേണ്ടി വന്നു
സാധാരണ ഓഫീസിൽ നിന്ന് വരുന്ന വഴി കൂട്ടുകാരെ കണ്ടിട്ടേ, ഞാൻ വീട്ടിലേക്ക് ചെല്ലാറുള്ളു.
ഇപ്പോൾ പക്ഷേ, അവരെയൊന്നും കാണാൻ നില്ക്കാതെ, നേരെ ശ്രീമതിയുടെ അടുത്തേക്ക് ഓടിയെത്താൻ മനസ്സ് വെമ്പൽ കൊണ്ടു.
രാവിലെ പോയപ്പോൾ കണ്ട വേഷമല്ല വൈകിട്ട് വീണ്ടുമവൾ കുളിച്ചിട്ട്, പുതിയ ചുരിദാർ കട്ട്നൈറ്റിയൊക്കെ അണിഞ്ഞൊണ് നില്പ്.
മുറിയിലേക്ക് കയറിയതും ആവേശത്തോടെ അവളെ കെട്ടിപ്പിടിച്ചൊരു ഉമ്മ കൊടുത്തു.
“അയ്യേ…ഇക്കാ വിടൂ, ഉമ്മാ എങ്ങാനും കാണും “
അവൾ, കുതറി മാറിയിട്ട് അടുക്കളയിൽ പോയി ചായ എടുത്തോണ്ട് തന്നു.
അപ്പോഴേക്കും ഫോൺ ബെല്ലടിക്കാൻ തുടങ്ങി.
“മോനേ…നിന്റെ കൂട്ടുകാരനാ, നീ ഫുട് ബോള് കളിക്കാൻ ചെല്ലുന്നില്ലേ എന്ന് “
അപ്പുറത്ത് ഉമ്മാ, വിളിച്ച് ചോദിച്ചു.
“ഇല്ലുമ്മാ ഇന്ന് നല്ല ശരീരം വേദന അവര് കളിച്ചോളാൻ പറ”
റസീലയുടെ അടുത്ത് നിന്ന് പോകാൻ മടിയായത് കൊണ്ട് ഒരു കള്ളം പറഞ്ഞു.
ദിവസങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു.
മധുവിധു എന്നെ മത്ത് പിടിപ്പിച്ചിരുന്നു.
ഓഫിസ് വിട്ട് വീട്ടിൽ വന്നാൽ ഞാൻ മുറിയടച്ച്, ഏറെ സമയവും റസീലയോടൊപ്പം ചെലവഴിച്ചു.
പൊട്ടക്കിണറ്റിലെ തവളയായി മാറുകയായിരുന്നു ഞാൻ.
ഞാനും അവളും മാത്രമുള്ള ഒരു ചെറിയ ലോകത്തിൽ മറ്റൊന്നുമറിയാതെ ഞാൻ സന്തോഷവാനായി കഴിഞ്ഞു.
ഒരു ദിവസം ഞങ്ങൾ മണിയറയിൽ ഇരിക്കുമ്പോൾ, ഹാളിലിരിക്കുന്ന
ലാൻറ് ഫോൺ നിർത്താതെ ബെല്ലടിച്ച് കൊണ്ടിരിക്കുന്നു.
“ഈ ഉമ്മ എവിടെ പോയി കിടക്കുവാ?
രസച്ചരട് മുറിഞ്ഞതിന്റെ നീരസത്തിൽ ഞാൻ കട്ടിലിൽ നിന്നെഴുന്നേറ്റ് പോയി ഫോൺ അറ്റൻറ് ചെയ്തു.
”മോനേ ഇത് ഞാനാ, നീ എപ്പോഴെങ്കിലും ഉമ്മയെ അന്വേഷിക്കുമെന്ന് കരുതി, രാവിലെ മുതൽ ഞാനിവിടെ ശരണാലയത്തിൽ വന്ന് നില്ക്കുവാ, ഇനിയും നിന്റെ ശബ്ദം കേൾക്കാഞ്ഞിട്ട് ഉമ്മാക്ക് വയ്യെടാ..അത് കൊണ്ടാ ഞാൻ വിളിച്ചേ,
മോൻ വല്ലതും കഴിച്ചോ ,അവള് വച്ചുണ്ടാക്കി തരുമെന്നറിയാം, എന്നാലും ഉമ്മാക്ക് ഒരു ബേജാറ് അതാ ചോദിച്ചേ “
അത് കേട്ട് ഞാൻ പകച്ചുപോയി
“ഉമ്മാ..നിങ്ങള് എന്തിനാ ശരണാലയത്തിൽ പോയത് “
“അത് മോനെ..ഉമ്മാക്ക് അവിടെ നിന്നപ്പോൾ വീണ്ടും ഞാൻ അനാഥയായി പോയ പോലെ തോന്നി. പണ്ട് നിന്റെ ബാപ്പ ഇവിടുന്ന് എന്നെ, നിക്കാഹ് കഴിച്ചോണ്ട് വന്നപ്പാഴാ, ഞാൻ ഒറ്റയ്ക്കല്ല എനിക്കൊരു കൂട്ട് ഉണ്ടെന്ന് തോന്നിയത്, പിന്നീട് അദ്ദേഹം നമ്മളെ വിട്ട് പിരിഞ്ഞപ്പോഴും നീയായിരുന്നു എന്റെ ഏക ആശ്വാസം. നീയും ഞാനും മാത്രമായ ലോകത്തേക്ക് മറ്റൊരാൾ കടന്ന് വരുമ്പോൾ നിനക്ക് എന്നോട് ഉള്ള സ്നേഹത്തിന് കുറവുണ്ടാകുമെന്ന് ഞാൻ ഭയന്നിരുന്നു. എങ്കിലും നിന്റെ വിവാഹത്തോടെ എനിക്ക് ഇനിയും ഒരുപാട് ബന്ധുക്കളുണ്ടാവുമല്ലോ എന്ന സന്തോഷത്തിലായിരുന്നു ഞാൻ, പക്ഷേ, ഞാൻ പേടിച്ചതിലും കൂടുതൽ നീയെന്നിൽ നിന്നകന്ന് പോയി, നീ ഓഫീസിൽ നിന്ന് വരുമ്പോൾ പതിവ് പോലെ എന്നും ഞാൻ പടി വാതില്ക്കൽ ഉണ്ടായിരുന്നു, പക്ഷേ നിന്റെ ഭാര്യയുടെ പുറകിലായി നിന്ന എന്നെ നീ ഒരിക്കൽ പോലും ശ്രദ്ധിച്ചില്ല.
കല്യാണത്തിന് മുമ്പ് കൃത്യമായി എന്റെ കയ്യിൽ ശബ്ബളം ഏല്പിച്ചിരുന്നത് കൊണ്ട് ഇപ്രാവശ്യവും, ശബ്ബളവുമായി എന്റെയടുത്തേക്ക് വരുമെന്ന് ഞാൻ പ്രതീക്ഷിച്ചു.
അപ്പോഴെങ്കിലും നിന്നെ വിളിച്ച് അടുത്ത് ഇരുത്തണമെന്നും നിന്നെ എന്റെ മടിയിൽ കിടത്തി തലയിൽ മസാജ് ചെയ്ത് തരണമെന്നും, കുറേ കാര്യങ്ങൾ നിന്നോടും പറയണമെന്നുമൊക്കെ ഞാൻ കരുതി .
പക്ഷേ , നീ റസീലയെ വിളിച്ച് ശബ്ബളം അവളെ ഏല്പിക്കുമ്പോൾ, ഉമ്മ, അവിടെയൊരു അധികപ്പെറ്റാണെന്ന് തോന്നി മോനെ വീണ്ടും ഞാൻ അനാഥയായത് പോലെ “
പറഞ്ഞ് തീരുന്നതിന് മുമ്പേ ഒരു പൊട്ടിക്കരച്ചിലോടെ അപ്പുറത്ത് ഫോൺ കട്ടായി
എല്ലാം കേട്ട് തരിച്ച് നില്ക്കുകയായിരുന്നു ഞാൻ
റബ്ബേ ഞാൻ എത്ര പാപിയാണ്, എന്റെ ജീവിതത്തിൽ പുതിയൊരാൾ വന്നപ്പോൾ ഞാനെന്റെ പെറ്റുമ്മയെ മറന്നല്ലോ? ശരിയാണ് ,ഉമ്മ പറഞ്ഞത്. അവളോടുള്ള അതിരറ്റ പ്രണയത്താൽ ഞാൻ ഉമ്മയെ കുറിച്ചന്വേഷിച്ചതേയില്ല, ബാപ്പ മരിച്ചതിന് ശേഷം മറ്റൊരു സുഖജീവിതം തേടി പോകാതെ ,എത്ര കഷ്ടപ്പെട്ടാണ് ഉമ്മ എന്നെ വളർത്തിയത്.
അതൊന്നും ഞാനോർത്തില്ലല്ലോ
“റസീല…ഞാനിപ്പോൾ വരാം”
ബൈക്കുമെടുത്തു കൊണ്ട് പിന്നെയൊരു പാച്ചിലായിരുന്നു, ശരണാലയത്തിലേക്ക്,
ഇനിയൊരിക്കലും എൻറുമ്മയെ ഞാൻ അനാഥയാക്കില്ല, എന്ന് സത്യം ചെയ്ത് കൂട്ടികൊണ്ട് വരാൻ.
NB : ഓരോ ആൺമക്കളോടും പറയാനുളളത്, ഭാര്യയെ സ്നേഹിക്കുന്നതിനൊപ്പം ഉമ്മയെയും സ്നേഹിക്കുക.
രണ്ട് പേരും നിങ്ങളെ ഒരു പോലെ ആശ്രയിക്കുന്നവരാണ്, എന്ന് എപ്പോഴും ഓർമ്മിക്കുക.
~സജി തൈപറമ്പ്