എഴുത്ത്: സൂര്യകാന്തി
==============
സീൻ ഒന്ന് : എന്റെ വാവ..
“വാവേ..?”
ഷിബുവിന്റെ വിളിയിൽ ശ്രീജയൊന്നു ഞെട്ടി..
“ഇതെന്നാ പറ്റിയതാ മോളുടെ കൈയിൽ..?”
പതിവ് പോലെ, ബീച്ചിൽ ആളൊഴിഞ്ഞയിടത്ത് ചേർന്നിരിക്കവേ, കയ്യിലെ നീളത്തിലുള്ള നേർത്തൊരു പോറലിൽ വിരലോടിച്ചു കൊണ്ടുള്ള പ്രിയതമന്റെ ഉത്കണ്ഠയോടുള്ള ചോദ്യത്തിൽ ശ്രീജയുടെ കണ്ണുകൾ നിറഞ്ഞു പോയി…
ഇല്ല..ആരും തന്നെ ഇത്രയേറെ സ്നേഹിച്ചിട്ടില്ല..എന്തൊരു കരുതലാണ് എന്റെ ചേട്ടായിയ്ക്ക്..താനൊരു ഭാഗ്യവതി തന്നെ..
‘അത് അടുക്കളയിൽ ജോലിക്കിടയിൽ എന്തോ പറ്റിയതാണ് ചേട്ടായി.. “
“ഹും..അല്ലേലും ഈ വാവയ്ക്ക് ഒരു ശ്രെദ്ധയുമില്ല..ഓരോന്ന് വരുത്തി വെയ്ക്കും..”
ഷിബുവിന്റെ സ്നേഹം തുളുമ്പുന്ന ശാസനയിൽ ഒന്ന് പകച്ചെങ്കിലും മനസ്സ് നിറഞ്ഞു ശ്രീജ പറഞ്ഞു..
“അത് ചെറിയൊരു പോറലല്ലേ ചേട്ടായി, കരിഞ്ഞു തുടങ്ങി..”
“ഹും, നിനക്കങ്ങനെ പറയാം..എന്റെ വാവേടെ ദേഹത്ത് ഒരു പോറൽ പോലുമേൽക്കുന്നത് എനിയ്ക്ക് സഹിയ്ക്കത്തില്ല..”
ഷിബുവിന്റെ ഗദ്ഗദം അവളെ പുളകം കൊള്ളിച്ചു..
ഭാഗ്യവതി…
ഇങ്ങനൊരു പുരുഷനെ ആരാണ് ആഗ്രഹിക്കാത്തത്…?
നിറമിഴികളോടെ ശ്രീജ ഷിബുവിനെ കെട്ടിപിടിച്ചു..
പതിയെ പ്രണയം വിവാഹത്തിൽ എത്തിനിന്നു…
****************
സീൻ രണ്ട് :വർഷങ്ങൾ പോയതറിയാതെ…
“ചേട്ടായി..”
അടുക്കളയിൽ നിന്നും ശ്രീജയുടെ അലർച്ച കേട്ടാണ് മൊബൈലിൽ അർമ്മാദിച്ചു കൊണ്ടിരുന്ന ഷിബു മുഖമുയർത്തിയത്..
“ഇവളെന്തിനാണോ ഈ കിടന്ന് അലറുന്നത്..പിള്ളേരൊക്കെ ഇപ്പോ എഴുന്നേൽക്കും..”
മനസ്സില്ലാമനസ്സോടെ,മൊബൈൽ താഴെ വെച്ച് എഴുന്നേറ്റു,അടുക്കളയിലേയ്ക്ക് നടക്കുന്നതിനിടെ ഷിബു പിറുപിറുത്തു..
പച്ചക്കറി നുറുക്കുന്ന ക ത്തിയും താഴെയിട്ട് ചോ രയൊഴുകുന്ന വിരലും നീട്ടി പിടിച്ചു ശ്രീജ നിന്ന് കരയുന്നു….
ചുണ്ടൊന്ന് കോട്ടി, ഫ്രിഡ്ജ് തുറന്നു ഒരു ഐസ് ക്യൂബ് എടുത്തു,.ശ്രീജയെ പിടിച്ചു സിങ്കിന്റെ അരികിൽ കൊണ്ടു നിർത്തിയിട്ട് ഐസ് കഷ്ണം അവളുടെ കയ്യിലേയ്ക്ക് വെച്ച് കൊടുത്തു ഷിബു….
“ദേണ്ടെ,,ഇതങ്ങു ചേർത്ത് വെച്ചാൽ, ചോര നിക്കും..എന്നിട്ട് ഒരു ബാൻഡ് എയ്ഡ് എടുത്തു ഒട്ടിച്ചേച്ചാൽ മതി.. “
കൂൾ കൂളായി പറഞ്ഞിട്ട് തിരിഞ്ഞു നടക്കുന്നതിനിടെ ഷിബു പിറുപിറുക്കുന്നുണ്ടായിരുന്നു…
“ഒരു കാര്യവും ഒറ്റയ്ക്ക് ചെയ്യാൻ അറിയത്തില്ല, വെറുതെ മനുഷ്യനെ മിനക്കെടുത്താനായിട്ട്….”
ശ്രീജയുടെ കണ്ണുകൾ എന്തിനോ നിറഞ്ഞു..ഒഴുകി പോവുന്ന ചോ രയിൽ നോക്കി അവളങ്ങനെ നിന്നു…
~സൂര്യകാന്തി (ജിഷ രഹീഷ് ) 💕