എനിക്ക് വിവാഹപ്രായം ആയിട്ടും അച്ഛനോ അമ്മയോ അതിൽ വല്യ താല്പര്യം കാണിച്ചില്ല…

ഒരു ചെറു പുഞ്ചിരിയെങ്കിലും…

Story written by Neeraja S

================

രാവിലെ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോൾ മുഖത്തേക്ക് വെറുതെ നോക്കിക്കൊണ്ടിരുന്നു…എപ്പോഴോ തല ഉയർത്തിയപ്പോൾ നോക്കുന്നത് കണ്ടിട്ടാകാം..

“കഴിക്കുന്നില്ലേ… “

“ഞാൻ പിന്നെ കഴിച്ചോളാം.. “

മറുപടിയായി ഒന്ന് മൂളി..കഴിച്ചു തീരുന്നതുവരെ നിശബ്‌ദമായി ആ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

ഓഫീസിൽ പോകുന്നതിനു മുൻപായി ഹാളിൽ ഭിത്തിയിൽ മാല ചാർത്തിയ ഫോട്ടോയ്ക്ക് മുന്നിൽ പതിവ് പോലെ കണ്ണടച്ച് അൽപനേരം നിന്നു.

ഉച്ചഭക്ഷണം റെഡിയാക്കി ബാഗിൽ നേരത്തെ തന്നെ വച്ചിരുന്നു..മേശപ്പുറത്തു നിന്നും ബാഗുമെടുത്തു പുറത്തേക്കു നടന്നു. സിറ്റ് ഔട്ടിൽ തൂണിൽ ചാരി ആ പോക്ക് നോക്കി നിന്നപ്പോൾ എന്തിനെന്നറിയാതെ ഒരു സങ്കടത്തിര ഹൃദയത്തിൽ കിടന്ന് ചുറ്റി തിരിഞ്ഞു.

സ്വയം കണ്ടെത്തിയ ജീവിതമായതുകൊണ്ട് ആരെയും പഴി പറയാൻ ആവില്ലല്ലോ…

മൂന്നുമക്കളിൽ രണ്ടാം സ്ഥാനക്കാരി..മൂത്തമകൾക്കു ശേഷം ഒരു ആൺകുഞ്ഞിനെ പ്രതീക്ഷിച്ചു നോക്കിയിരുന്നവരുടെ ഇടയിലേക്ക് വന്ന ഇരുനിറക്കാരി..ഒരു അനിയൻ കൂടി പിറന്നതോടെ എവിടെയും മൂന്നാം സ്ഥാനം..

‘അച്ഛനും അമ്മയും വെളുത്തിട്ടാണല്ലോ നീ മാത്രം എന്താ കളർ കുറഞ്ഞു പോയത്’ എന്ന ചോദ്യം പലതവണ കേട്ട് മടുത്തു..

ചേച്ചിയുടെ കല്യാണം നാട്ടുകാരെ മുഴുവൻ വിളിച്ച് ആർഭാടമായി നടത്തി..സർക്കാർ ജോലിക്കാരൻ വേണമെന്ന് അച്ഛന് വാശി ആയിരുന്നു.

ചേച്ചിയുടെ കല്യാണം നടത്തിയതോടെ അച്ഛൻ വലിയ കടക്കാരനായി. എനിക്ക് വിവാഹപ്രായം ആയിട്ടും അച്ഛനോ അമ്മയോ അതിൽ വല്യ താല്പര്യം കാണിച്ചില്ല..ഒരു കല്യാണം നടത്തിയതിന്റെ ബാധ്യത ഇപ്പോഴും നിലനിൽക്കുന്നത് കൊണ്ടാവാം..

എങ്കിലും വിവാഹ ആലോചനകൾ വന്നു കൊണ്ടിരുന്നു..വരന്റെ കാര്യത്തിൽ ഡിമാൻഡ് ഒന്നും ഇല്ലായിരുന്നു അച്ഛനും അമ്മയ്ക്കും…

പല ഇടങ്ങളിൽ നിന്നുമുള്ള മാറ്റിനിർത്തലുകൾ എന്നെ ശരിക്കും ഒരു വാശിക്കാരിയാക്കി മാറ്റിയിരുന്നു. കൊക്കിലൊതുങ്ങുന്നത് എന്ന് കരുതിയ ആലോചനകൾ എല്ലാം ഇഷ്ടപ്പെട്ടില്ല എന്ന ഒറ്റ വാക്കിൽ തള്ളിക്കളഞ്ഞു.

ആയിടയ്ക്കാണ് ഫേസ്ബുക്കിൽ നേരിട്ട് പരിചയം ഇല്ലാത്ത ഒരു ഫ്രണ്ടിന്റെ ഒരു പോസ്റ്റ്‌ കണ്ടത്..ഒരു സുന്ദരനും സുന്ദരിയും നടുക്ക് ഒരു പൊടി സുന്ദരിയും..കെട്ടിപ്പിടിച്ചിരിക്കുന്ന പ്രൊഫൈൽ..

ഇടയ്ക്കെപ്പോഴോ അവർക്കു അസുഖമാണെന്ന് കാണിച്ചു കൊണ്ടുള്ള പോസ്റ്റ്‌ കണ്ടിരുന്നു..ക്യാൻസർ കാർന്നു തിന്നുമ്പോഴും ചിരിച്ചു കൊണ്ടുള്ള ഫോട്ടോസ് അവർ ഷെയർ ചെയ്യുമായിരുന്നു…

അന്ന് അവർ ഇട്ടിരുന്ന പോസ്റ്റിനു ഒരു പ്രത്യേകത ഉണ്ടായിരുന്നു..

“പ്രിയരേ..നിങ്ങൾക്ക് അറിയാവുന്നതു പോലെ സുന്ദരമായ ഈ ഭൂമിയിലെ എന്റെ ജീവിതം അവസാനിക്കാറായിരിക്കുന്നു. ഞാൻ പോയാലും എന്റെ പ്രിയപ്പെട്ടവർ വിഷമിക്കരുത്..ഇപ്പോൾ ഈ പോസ്റ്റ്‌ ഇടുന്നത് ഒരു പ്രത്യേക ആവശ്യവുമായിട്ടാണ്.. “

“ഞാൻ പോയാലും എന്റെ മോളെയും അവളുടെ അച്ഛനെയും പൊന്നുപോലെ നോക്കാൻ ഒരാൾ വേണം..ബാധ്യതകൾ ഇല്ലാത്ത..എന്റെ കുഞ്ഞിനെ സ്വന്തം അമ്മ സ്നേഹിക്കുന്നതു പോലെ സ്നേഹിച്ചു വളർത്താൻ..സാധിക്കുന്ന ഒരാൾ..നിങ്ങളിൽ ആരെങ്കിലും അല്ലെങ്കിൽ നിങ്ങൾക്ക് അറിയാവുന്ന ആരെങ്കിലും എന്റെ ആവശ്യത്തിന് മാച്ച് ആകും എങ്കിൽ ഇൻബോക്സിൽ ബന്ധപ്പെടുക… “

“എത്രയും പെട്ടെന്ന് വേണം…കാരണം ഇനിയുള്ള ജീവിതനിമിഷങ്ങൾ എത്രയാണെന്ന് എനിക്കറിയില്ല..  “

കണ്ണുനീരോടെയാണ് ആ പോസ്റ്റ്‌ വായിച്ചു തീർത്തത്. പെട്ടെന്നാണ് ഒരു ചിന്ത ഉള്ളിലേക്ക് വന്നത്..എന്തുകൊണ്ട് തനിക്ക് ആ റോൾ സ്വീകരിച്ചു കൂടാ..

ആരോടും അഭിപ്രായം ചോദിക്കാൻ നിന്നില്ല..താല്പര്യം ഉണ്ടെന്നു കാണിച്ചു അവർക്കു മെസ്സേജ് ചെയ്തു..ഉടൻ തന്നെ മറുപടി വന്നു..പിറ്റേദിവസം കാണാം എന്നും..ചെല്ലേണ്ട സ്ഥലവും..

അതുകഴിഞ്ഞു ആലോചിച്ചപ്പോഴാണ് എടുത്തു ചട്ടം ആയോ എന്നൊരു തോന്നൽ…

വിഷമിച്ചിരിക്കുമ്പോഴാണ് അമ്മ അടുത്ത് വന്നു നിന്നു പരുങ്ങിയത്..

“മോളെ..നാളെ ഒരു കൂട്ടർ വരുന്നുണ്ട്…പ്രായം അല്പം കൂടുതൽ ആണ്. അവർക്കു സ്ത്രീധനം ഒന്നും വേണ്ട എന്നാണ് പറഞ്ഞത്.. “

പെട്ടെന്ന് ദേഷ്യം വന്നു..

“നാളെ എനിക്ക് ഒരു സ്ഥലം വരെ പോകണം..വേറൊരു ദിവസം വരാൻ പറയൂ.. “

പറഞ്ഞു സ്ഥലത്ത് പറഞ്ഞ സമയത്തുതന്നെ ചെന്നു..പുഞ്ചിരിയോടെ ക്യാൻസർ കാർന്നു തിന്ന ഒരു രൂപം സ്വീകരിച്ചു…

അങ്ങോട്ടും ഇങ്ങോട്ടും ഏറെ നേരം സംസാരിച്ചു കഴിഞ്ഞപ്പോൾ വല്ലാത്ത ഒരു ആത്മ ബന്ധം തോന്നി..പാവം സ്ത്രീ..ഭർത്താവിനോടും മകളോടും ഉള്ള സ്നേഹം അവരെ ആകെ തളർത്തിയിരുന്നു..

ഒരു കുറവും കൂടാതെ താൻ പൊന്നുപോലെ നോക്കാം എന്ന് പറഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ രണ്ടു കുഞ്ഞു നക്ഷത്രങ്ങൾ തിളങ്ങി..സ്നേഹത്തോടെ കെട്ടിപ്പിടിച്ചു വിതുമ്പി കരഞ്ഞു.

ഏറെ താമസിയാതെ അവർ മരിച്ചു..അവസാന ആഗ്രഹമായിട്ട് ഭർത്താവിനോട് ആവശ്യപ്പെട്ടത്  തന്നെ വിവാഹം കഴിക്കാൻ ആയിരുന്നു..ഉറപ്പു മേടിച്ചിട്ടാണ് അവർ കണ്ണടച്ചത്. തന്റെ ഒക്കത്തിരുന്ന രണ്ടു വയസ്സുകാരിയുടെ മുഖത്തായിരുന്നു അവരുടെ കണ്ണുകൾ അവസാനമായി തങ്ങിനിന്നത്.

തന്റെ വാശിക്ക് മുന്നിൽ എല്ലാവരും മുട്ടുമടക്കി..ഒരുരൂപ പോലും മുടക്കാതെ താൻ ഒഴിവായതിൽ ചിലപ്പോൾ അവർ സന്തോഷിച്ചു കാണും.

താലികെട്ടി ഭാര്യ ആക്കിയെങ്കിലും ഒരിക്കൽ പോലും ഭാര്യയുടെ അവകാശങ്ങൾ ലഭിച്ചില്ല..എന്തുകൊണ്ടോ തനിക്കു അതിൽ പരാതിയും ഇല്ലായിരുന്നു..അദ്ദേഹത്തിന് ഭാര്യയോട് ഉണ്ടായിരുന്ന സ്നേഹം തനിക്കു അറിയാവുന്നതാണ്..ഒരിക്കലും ആ സ്ഥാനത്തു തന്നെ കാണാനാവില്ല.

മറ്റുള്ളവരുടെ മനസ്സുകൾ പഠിച്ചാൽ മനസ്സിലാക്കിയാൽ പിന്നെ അതനുസരിച്ചു ജീവിക്കാൻ പറ്റും..

അന്നത്തെ രണ്ടു വയസ്സുകാരി ഇപ്പോൾ സ്കൂളിൽ പോയി തുടങ്ങിയിരിക്കുന്നു. അവൾ കൂടെ ഉണ്ടായിരുന്നപ്പോൾ ഒരിക്കലും ഒറ്റപ്പെടൽ തോന്നിയിരുന്നില്ല..പക്ഷെ ഇപ്പോൾ ചിന്തിക്കാൻ ധാരാളം സമയമുണ്ട്.

ചില ആഗ്രഹങ്ങൾ ഇടയ്ക്ക് തലപൊക്കി തുടങ്ങിയിരിക്കുന്നു..കാർ പോർച്ചിൽ ഒരു ബുള്ളറ്റ് ഇരിപ്പുണ്ട്..പൊടി തൂത്തു തുടച്ചു വയ്ക്കുമ്പോഴെല്ലാം ഒരുദിവസം അദേഹത്തിന്റെ പിറകിൽ ഇരുന്നു ആ ബുള്ളറ്റിൽ ഇരുന്നു പോകുന്നത് ഭാവനയിൽ കാണാറുണ്ട്..

അദേഹത്തിന്റെ മനസ്സിൽ തനിക്കുള്ള സ്ഥാനം എന്തായിരിക്കും എന്നോർത്ത് വ്യാകുലപ്പെടാറുണ്ട്..ചെറിയ ഒരു കോണിലെങ്കിലും താൻ ഉണ്ടാകുമോ..

ചിലപ്പോഴൊക്കെ ഒരു ശൂന്യത മനസ്സിൽ വന്നു നിറയും. മരണത്തിലേക്ക്…യാത്ര പോകാൻ നേരം കൊടുത്ത വാക്കിന്റെ പുറത്തു വ്യർത്ഥമായ ജീവിതം..പരിഭവം പറയാനോ പിണങ്ങാനോ തനിക്ക്  ആരുമില്ല.

ഭാര്യയുടെ അവകാശങ്ങൾ  ആഗ്രഹിക്കുന്നില്ല..നല്ല ഒരു സുഹൃത്ത് അത് മതിയായിരുന്നു.

മോൾ സ്കൂൾ വിട്ടുവന്നപ്പോൾ പനി ഉണ്ടായിരുന്നു…അദ്ദേഹം ഓഫീസിൽ നിന്നും വന്നപ്പോൾ തന്നെ പനിയുടെ കാര്യം പറഞ്ഞു. മോൾക്ക്‌ എന്തെങ്കിലും നേരിയ അസുഖം വന്നാൽ മതി ആകെ വെപ്രാളം പിടിച്ച് തുടങ്ങും..ഡ്രസ്സ്‌ മാറാതെ പെട്ടെന്ന് തന്നെ കാർ സ്റ്റാർട്ട്‌ ചെയ്തു പോകാം എന്ന് പറഞ്ഞ് തിരക്ക് കൂട്ടി…

ആശുപത്രിയിൽ പോയിട്ട് വരുന്ന വഴിക്കാണ് മറ്റൊരു വാഹനം വണ്ടിയിൽ വന്നിടിച്ചത്..തന്റെ ഭാഗത്തേക്കാണ് വണ്ടി വരുന്നതെന്ന് കണ്ടപ്പോൾ തന്നെ മോളെ അദ്ദേഹത്തിന്റെ മടിയിലേക്കു തള്ളി നീക്കിയിരുന്നു.

ബോധം വരുമ്പോൾ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആയിരുന്നു..മരിച്ചു എന്ന് വിചാരിച്ചിടത്തു നിന്നും ഒരു തിരിച്ചു വരവ്..അങ്ങനെയാണ് നേഴ്സുന്മാർ പറഞ്ഞത്..മുറിയിലേക്ക് മാറ്റിയതിനു ശേഷം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഡിസ്ചാർജ് ആയി..

ആ ദിവസങ്ങളിലെല്ലാം സഹായത്തിനായി ഒരു സ്ത്രീയെ നിർത്തിയിരുന്നു. എന്നും അദ്ദേഹവും മോളും വരും കുറച്ചു നേരം കൂടെ ഇരുന്നിട്ട് പോകും..അമ്മ കൂടെ ഇല്ലാത്തതുകൊണ്ട് മോൾക്ക്‌ വലിയ വിഷമം ആയിരുന്നു വീട്ടിലേക്കു പോകാൻ..

കുറച്ചു ദിവസങ്ങൾക്കു ശേഷം ഡിസ്ചാർജ് ആയി വീട്ടിലേക്ക്..ഒരക്ഷരം പോലും മിണ്ടാതെ വണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ സങ്കടം വന്നു..എന്തെങ്കിലും ചോദിക്കാമായിരുന്നു..ദേഹത്തിനുള്ള വേദനയേക്കാൾ മനസ്സാണ് വേദനിക്കുന്നത് എന്ന് തോന്നി.

വീട്ടിലെത്തി താൻ ഇത്രയും നാൾ കഴിഞ്ഞിരുന്ന മുറിയിലേക്ക് നടന്നു. നേരെ പോയി കട്ടിലിൽ വീണു..കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു. അദ്ദേഹം മുറിയിലേക്ക് വന്നപ്പോൾ എഴുന്നേറ്റിരുന്നു..

“ഇനി മുതൽ ഇവിടെ ഒറ്റയ്ക്ക് കിടക്കേണ്ട..അപ്പുറത്തെ മുറിയിൽ കിടന്നാൽ മതി..”

“സാരമില്ല ഞാൻ ഇവിടെ കിടന്നോളാം.. “

“എനിക്ക് അവിടെ ഒരു സുഹൃത്തിനെ ആവശ്യമുണ്ട്..അതിനാണ് വിളിച്ചത്.. “

അദ്ദേഹം ഇറങ്ങി പോയിക്കഴിഞ്ഞാണ് മേശപ്പുറത്തു തുറന്നിരിക്കുന്ന തന്റെ ബുക്ക്‌ കണ്ടത്. സങ്കടം വരുമ്പോൾ കുത്തിക്കുറിക്കുന്ന സ്വഭാവം പണ്ടേ ഉള്ളതാണ്..തുറന്നു വച്ചിരിക്കുന്ന പേജിൽ താൻ അവസാനമായി എഴുതിയ വാക്കുകൾ..

“ഒരു സുഹൃത്തിനെ ആവശ്യമുണ്ട്…ഇനിയുള്ള ജീവിതത്തിൽ പ്രകാശം നിറയ്ക്കാൻ.. എനിക്ക് കൂട്ടായി..”

മുറിയിൽ ചെല്ലുമ്പോൾ അദ്ദേഹം മേശയിൽ  വച്ചിരിക്കുന്ന ലാപ്ടോപ്പിൽ എന്തോ ഓഫീസ് വർക്ക്‌ ചെയ്യുന്നുണ്ടായിരുന്നു..

കടന്നു ചെന്നപ്പോൾ തലയുയർത്തി നോക്കി ഒന്ന് പുഞ്ചിരിച്ചു..

പ്രണയം ഘനീഭവിച്ചു ഇരുണ്ടുപോയ കണ്ണുകളിൽ സ്നേഹത്തിന്റെ ചെറുനാളങ്ങളുണ്ടായിരുന്നു. അത് മതിയായിരുന്നു..മനസിന്റെ ഏതോകോണിൽ..പ്രകാശം തേടിയുള്ള അലച്ചിൽ അവസാനിക്കാൻ…