ഒരു ദിവസം കിടപ്പറയിൽ വച്ചുള്ള മധുര സംഭാഷണത്തിനിടയിലാണ് താനാ പഴയ രഹസ്യം അദ്ദേഹത്തോട് തുറന്ന് പറഞ്ഞത്…

Story written by Saji Thaiparambu

=============

വൈകിട്ട് അടുക്കളജോലി കഴിഞ്ഞ് കുളിക്കാനായി ബാത്റൂമിലേക്ക് കയറുമ്പോഴാണ് ഗേറ്റ് കടന്ന് ഗിരിയേട്ടന്റെ ബൈക്ക് മുറ്റത്തേക്ക് വന്ന ശബ്ദം കേട്ടത്.

“അമ്മേ….ദാ അച്ഛൻ വന്നു “

ഇളയവൾ ശ്യാമ വിളിച്ച് പറഞ്ഞു.

മുൻപായിരുന്നെങ്കിൽ കുളിക്കാൻ നില്ക്കാതെ വേഗമിറങ്ങി ചെന്ന് അദ്ദേഹത്തിന് ചായയിട്ട് കൊടുത്തിട്ട് അരികിലിരുന്ന് വിശേഷങ്ങൾ പങ്ക് വയ്ക്കുമായിരുന്നു, ഇപ്പോൾ അങ്ങനൊന്ന് ഇല്ലാതായിട്ട് ഏതാണ്ട് ഒരാഴ്ചയോളമായി..

എല്ലാം തന്റെ തെറ്റ് തന്നെയാണ്. തിരയിളക്കമില്ലാതെ നിർബാധം ഒഴുകുന്ന അരുവി പോലെയായിരുന്നു തങ്ങളുടെ ദാമ്പത്യം. ആ ദാമ്പത്യ വല്ലരിയിൽ വിരിഞ്ഞ രണ്ട് കുസുമങ്ങളായിരുന്നു തന്റെ രണ്ട് പെൺമക്കൾ ശാലുവും ശ്യാമയും.

ഒരു ദിവസം കിടപ്പറയിൽ വച്ചുള്ള മധുര സംഭാഷണത്തിനിടയിലാണ് താനാ പഴയ രഹസ്യം അദ്ദേഹത്തോട് തുറന്ന് പറഞ്ഞത്.

എന്ത് കൊണ്ട് ഇത്രനാളും തന്നിൽ നിന്ന് ഇത് മറച്ചു വച്ചു എന്നായിരുന്നു ആദ്യ ചോദ്യം

“അതിന് സീരിയസ്സായിട്ടൊന്നുമില്ലാരുന്നല്ലോ ഏട്ടാ, കോളേജിൽ പഠിക്കുന്ന കാലത്ത് കൂടെ പഠിച്ചവൻ എന്നോട് പ്രണയമാണെന്ന് പറഞ്ഞിരുന്നു. അന്ന് ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. പക്ഷേ എനിക്കയാളെ ഇഷ്ടമായിരുന്നു, പിറ്റേന്ന് അത് തുറന്ന് പറയാൻ ഒരുങ്ങിയതുമാണ്. എന്ത് കൊണ്ടോ അയാൾ പിന്നീട് കോളേജിലേക്ക് വന്നിട്ടില്ല, അതോടെ എന്റെ മനസ്സിൽ നിന്നും അത് പൂർണ്ണമായി മാഞ്ഞ് പോകുകയും ചെയ്തിരുന്നു.”

പക്ഷേ ഗിരിയേട്ടൻ അത് ചെവിക്കൊണ്ടില്ല.

അവിചാരിതമായാണ് ആ പഴയ സഹപാഠിയെ ടിവിയിലെ വാർത്താ ചാനലിൽ റീഡറായി കാണുന്നത്..

പഴയ താടിയും ചുരുണ്ടതലമുടിയുമൊക്കെ, അങ്ങിങ്ങ് നരച്ചിട്ടുണ്ടെന്നല്ലാതെ ബാക്കിയൊക്കെ  അതേപോല തന്നെ…

വർഷങ്ങൾക്ക് ശേഷം അയാളെ കണ്ടപ്പോഴുണ്ടായ പലതരം വികാരങ്ങൾ മനസ്സിനുണ്ടാക്കിയ വീർപ്പ് മുട്ടൽ…അതിൽ നിന്നൊരു മോചനത്തിനായാണ് അദ്ദേഹത്തോട് തുറന്ന് സംസാരിച്ചത്.

അത് പക്ഷേ അദ്ദേഹത്തിന്റെ മനസ്സിൽ തന്നോട് ഇത്രയും വലിയ അകൽച്ചുണ്ടാക്കുമെന്ന് കരുതിയില്ല.

ഇപ്പോൾ തന്നോട് ഒന്നും സംസാരിക്കാറില്ല, ജോലി കഴിഞ്ഞ് വന്നാൽ നേരെ ടിവിയുടെ മുന്നിൽ അഭയം പ്രാപിക്കും. ആദ്യ ദിവസങ്ങളിലൊക്കെ കിടപ്പറയിൽ താനുറങ്ങാതെ അദ്ദേഹത്തെ കാത്തിരിക്കുമായിരുന്നു..

ഒടുവിൽ താൻ ഉറങ്ങിയിട്ടേ അദ്ദേഹം വരൂ എന്ന് ഉറപ്പായപ്പോഴാണ് പിന്നെ താനും പ്രതികരിച്ച് തുടങ്ങിയത്.

തന്റെ കിടപ്പ് മക്കളുടെ മുറിയിലെ ദിവാൻ കോട്ടിലേക്ക് മാറ്റിയത് അദ്ദേഹത്തിന്റെ മനസ്സ് മാറ്റാൻ വേണ്ടിയായിരുന്നു. പക്ഷേ ആ ശ്രമവും വിഫലമായി.

ചിന്തകൾക്ക് ചൂട് പിടിച്ചപ്പോൾ രമ, ഷവർ തുറന്ന് പെയ്തിറങ്ങുന്ന തണുത്ത ജലധാരയിലേക്ക് ഇറങ്ങി നിന്നു.

ചൂട് പിടിച്ച ശരീരം നന്നായി തണുത്തെങ്കിലും മനസ്സിന്റെ പുകച്ചിൽ മാറിയിട്ടില്ലായിരുന്നു.

കുളി കഴിഞ്ഞ് നനഞ്ഞ ശരീരം തുടച്ചിട്ട്, നൈറ്റിയെടുത്ത് ധരിക്കുമ്പോഴാണ് ഇത് അദ്ദേഹം വിഷുവിന് ഇഷ്ടപ്പെട്ട് എടുത്ത് തന്നതാണല്ലോ എന്ന് ഓർത്തത്.

വിഷുവിന്, കുട്ടികൾ പുറത്ത് പടക്കം പൊട്ടിക്കുമ്പോൾ അകത്ത്, താൻ അദ്ദേഹത്തിന്റെ കരവലയത്തിലായിരുന്നു എന്ന് ലജ്ജയോടെ അവളോർത്തു.

ഉള്ളിൽ കിനിഞ്ഞിറങ്ങിയ അയാളോടുള്ള പ്രണയം അത് വരെയുണ്ടായിരുന്ന പിണക്കത്തെ അലിയിച്ച് കളയുന്നതായിരുന്നു.

കുളിമുറിയിൽ നിന്നിറങ്ങി ഹാളിലേക്ക് വന്നപ്പോൾ ടി വി ഓൺ ചെയ്തിട്ടില്ല, അദ്ദേഹത്തെയും അവിടെങ്ങും കാണുന്നില്ല.

ഉദ്യോഗത്തോടെ കിടപ്പ് മുറിയിലേക്ക് നോക്കിയപ്പോൾ അവിടെ കട്ടിലിൽ കിടപ്പുണ്ട്.

എന്ത് പറ്റിയതാവും? ഇത് പതിവില്ലാത്തതാണല്ലോ, ഈശ്വരാ എന്തെങ്കിലും വയ്യായ്കയുണ്ടോ?

ഉള്ളിലൊരു നൊമ്പരം പോലെ.

പിണക്കമായത് കൊണ്ട് തന്നോട് എന്തായാലും തുറന്ന് പറയില്ല. എന്ന് വച്ച് തനിക്ക് സമാധാനത്തോടെ ഇരിക്കാൻ പറ്റുമോ ?

കൈയ്യിലിരുന്ന മുഷിഞ്ഞ തുണി വാഷിങ്ങ് മെഷീനിലേക്കിട്ട്, രമ വേഗം മുറിക്കുള്ളിലേക്ക് കടന്ന് ചെന്നു.

കണ്ണടച്ച് കിടക്കുന്ന, അദ്ദേഹത്തിന്റെ അരികിൽ ചെന്ന് മടിച്ച് മടിച്ച് ആ നെറ്റിയിൽ അവൾ കരതലം വച്ച് നോക്കി.

തണുത്ത സ്പർശനമേറ്റപ്പോൾ അയാൾ മെല്ലെ മിഴികൾ തുറന്നു. ആ കണ്ണുകൾ അപ്പോൾ വല്ലാതെ തിളങ്ങിയിരുന്നു.

“പനിയൊന്നുമില്ലല്ലോ ? പിന്നെന്തു പറ്റീ, എന്താ കിടക്കുന്നത് ” ജിജ്ഞാസ കലശലായപ്പോൾ അവൾ തുറന്ന് ചോദിച്ചു.

പെട്ടെന്ന് അയാൾ ചാടിയെഴുന്നേറ്റ് അവളെ വാരിപ്പുണർന്നു.

“എനിക്കൊന്നുമില്ലെടാ..കുറച്ച് ദിവസം നിന്നോട് പിണങ്ങി നിന്നപ്പോൾ എന്റെ ബി പി ഒന്ന് കൂടിയതാ, ഇപ്പോൾ നീ അടുത്ത് വന്ന് എന്നെക്കുറിച്ച് ഉത്ക്കണ്ഠപ്പെട്ടപ്പോൾ എന്റെ എല്ലാ അസുഖങ്ങളും മാറി…സോറി ഡാ”

അയാൾ വികാരാർദ്രനായി

“എന്തിനാ സോറി പറയുന്നേ? ഞാനല്ലേ വേദനിപ്പിച്ചേ?” അവളുടെ കണ്ണുകളും ഈറനണിഞ്ഞു.

”ഹയ്യേ…ഇവിടെ, രണ്ട് പെൺ കുട്ടികളുള്ള കാര്യം, അച്ഛനും അമ്മയും മറന്ന് പോയോ”

ശാലുവും ശ്യാമയും ഓടി വന്ന് രണ്ട് പേരുടെയും ഇടയിലേക്ക് കയറി.

ആറേഴ് ദിവസങ്ങളായി ഉറങ്ങിക്കിടന്ന വീട്, വീണ്ടും പൊട്ടിച്ചിരികൾ കൊണ്ട് മുഖരിതമായി…

~സജിമോൻ തൈപറമ്പ്