ഓടിച്ചെന്നു മാളു അയാളുടെ കൈയിൽ പിടിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി. ഒന്നുരണ്ടു നിമിഷം സൂക്ഷിച്ചു നോക്കിയിട്ട്…

വെള്ളാരംകല്ലുകൾ…

Story written by Neeraja S

==============

കുഞ്ഞുമാളുവിനെയും കൊണ്ട് ബീച്ചിൽ വന്നിട്ട് ഏറെനേരമായിരുന്നു. മണൽ വാരിക്കളിച്ചു മതിയാകാതെ മാളു അവിടെയെല്ലാം ഓടിനടന്നു. ചെറിയ കക്കകളും ഭംഗിയുള്ള വെള്ളാരംകല്ലുകളും പെറുക്കി ഞാനിരിക്കുന്ന സിമന്റ്‌ ബെഞ്ചിനരികിലായി കൂട്ടിവച്ചിട്ടുണ്ട്.

സ്ഥിരം പരിപാടി ആയതുകൊണ്ട് അവളുടെ സന്തോഷം നോക്കിയിരുന്നു. പോകാൻ നേരം കൂട്ടിവച്ചിരിക്കുന്നതെല്ലാം തിരികെ തിരകളിലേക്കു എറിഞ്ഞുകളയും. അടുത്തതവണ വരുമ്പോൾ കളിക്കാനായി അവയെല്ലാം കടലമ്മ തിരികെ കരയിൽ വിതറിയിടുമെന്ന് അവൾക്കറിയാം.

പെട്ടെന്നാണ് മാളു ആരുടെയോ നേർക്കു പപ്പാന്ന് വിളിച്ചുകൊണ്ടു ഓടിയത്. ഓടിച്ചെന്നു മാളു അയാളുടെ കൈയിൽ പിടിച്ചു കൊണ്ട് മുഖത്തേക്ക് നോക്കി. ഒന്നുരണ്ടു നിമിഷം സൂക്ഷിച്ചു നോക്കിയിട്ട് കൈയ്യിൽ നിന്നുള്ള പിടിവിട്ട് മാറി നിന്നു..ആ കുഞ്ഞു കണ്ണുകളിൽ വെള്ളം നിറഞ്ഞിരുന്നു.

ഓടിച്ചെന്നു മാളുവിനെ എടുത്തിട്ട് അയാളോട് സോറി പറഞ്ഞു. അപ്പോഴാണ് ശ്രദ്ധിച്ചത് അയാളുടെ മുഖത്തിന്‌ പ്രദീപിന്റെ മുഖവുമായി നല്ല സാമ്യം. വെറുതെയല്ല മാളു പിന്നാലെ ഓടിയത്.

മാളുവിനെ സമാധാനിപ്പിച്ചിട്ട് നോക്കുമ്പോൾ അയാൾ തിരിഞ്ഞു നടന്നു കഴിഞ്ഞിരുന്നു. ഉള്ളിലെ സങ്കടം പുറത്ത് കാണിക്കാതെ മാളുവിനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു. മാളു ആദ്യമായിട്ടല്ല ഇങ്ങനെ ആളുകളുടെ പിന്നാലെ ഓടുന്നത്.

ഇനി ഒരിക്കലും തിരിച്ചുവരാത്ത പപ്പ ഉടൻ വരുമെന്ന് പറഞ്ഞു പറ്റിക്കാൻ തുടങ്ങിയിട്ട് ഏറെനാളായി. മാളു ദേഷ്യത്തോടെ തുറിച്ചു നോക്കി കുറച്ചുനേരം നിന്നിട്ട് അയാൾ പോയ വഴിക്ക് പ്രതീക്ഷയോടെ നോക്കി. പിന്നെ വീണ്ടും കക്കകളും കല്ലും ശേഖരിക്കാൻ ഓടി.

ചാരുബെഞ്ചിന്റെ നേർക്കു നടക്കുമ്പോൾ കാലുകൾക്കു ബലം പോരെന്നു തോന്നി. തളർന്നിരിക്കുമ്പോൾ സങ്കടം അണപൊട്ടി ഒഴുകിയിരുന്നു. മറ്റുള്ളവർ കാണാതെ പെട്ടെന്ന് കണ്ണുനീർ തുടച്ചു.

പപ്പയും മോളും തമ്മിൽ അത്രയ്ക്ക് സ്നേഹമായിരുന്നു. താൻ ജോലിക്ക് പോകുമ്പോഴെല്ലാം കുഞ്ഞിന്റെ കാര്യങ്ങൾ നോക്കിയിരുന്നത് പ്രദീപായിരുന്നു. ചൂടുപറ്റി ഉറങ്ങിയിരുന്ന പപ്പയെ ഒരുദിനം പെട്ടെന്ന് കാണാതെയാവുക. ഏത് കുഞ്ഞാണ് സഹിക്കുക. ഉറക്കം നഷ്ടപ്പെട്ടു പപ്പയെ തേടിക്കൊണ്ടിരുന്നു രാത്രി മുഴുവൻ. പകലും വ്യത്യസ്തമായിരുന്നില്ല.

ഒരു അവധി ദിനം മകളെ തന്നെ ഏല്പിച്ചു കൂട്ടുകാരുടെ കൂടെ ഒരുചെറിയ ട്രിപ്പ്. നദിയിൽ കുളിക്കുന്നതിനിടയിൽ ആഴങ്ങളിൽ മാഞ്ഞുപോകുകയായിരുന്നു. മൂന്നാംദിനം ചെളിയിൽ പൊതിഞ്ഞ ശരീരം മുങ്ങിയെടുത്തു. തന്റെ ജീവിതമായിരുന്നു ആ ചെളിയിൽ പൊലിഞ്ഞു പോയത്.

ജോലിക്ക് പോകാതെ മുന്നോട്ട് ജീവിക്കാനാവില്ലായിരുന്നു. മാളുവിനെ ആ വർഷം സ്കൂളിൽ ചേർത്തിരുന്നു. മാളു എവിടെ പോയാലും പപ്പയെ തിരഞ്ഞു കൊണ്ടിരുന്നു. മറ്റുകുട്ടികൾ അച്ഛന്മാരുടെ കൂടെ പോകുന്നത് കാണുമ്പോൾ തുടങ്ങുന്ന ബഹളം ഏറെനേരം നീണ്ടു നിൽക്കും. ഇടയ്ക്ക് പപ്പയിനിവരില്ലെന്ന് സൂചിപ്പിച്ച ദിവസം രാത്രിമുഴുവൻ പനിച്ചുവിറച്ചു. മാളുവിന്റെ അവസ്ഥ ദിനം പ്രതി വഷളായിക്കൊണ്ടിരിക്കുന്നു. മിക്കദിവസവും പനി  കൂടാതെ ഭക്ഷണം കഴിക്കുന്നതും കുറഞ്ഞിരിക്കുന്നു.

എങ്ങനെയൊക്കെ അവളുടെ ചിന്തകൾ വഴിതിരിച്ചുവിടാൻ ശ്രമിച്ചാലും അച്ഛന്മാർ ലോകത്ത് ഉള്ളിടത്തോളം കാലം മാളു ഒന്നും മറക്കാൻ പോകുന്നില്ല.

ഇന്ന് അയാളെ കണ്ടപ്പോൾ..പ്രദീപിന്റെ നല്ല ഛായയുണ്ട് അയാൾക്ക്‌. മനഃപൂർവം മറക്കാൻ ശ്രമിക്കുന്ന കാര്യങ്ങൾ വീണ്ടും എന്തിനാണ് ദൈവം ഇങ്ങനെ ഓർമിപ്പിക്കുന്നത്.

തുടർന്നുള്ള എല്ലാ ഞായറാഴ്ചകളിലും അയാളെ കണ്ടിരുന്നു. ചിലപ്പോൾ മാളുവിനെ നോക്കിക്കൊണ്ടു ഏറെ അകലെയല്ലാതെ ഇരിക്കുന്നത് കാണാം.

ഒരുദിവസം മാളു വല്ലാതെ പേടിപ്പിച്ചു. സ്കൂളിൽ വച്ച് കുട്ടികൾ അവളുടെ അച്ഛൻ മരിച്ചുപോയെന്നും ഇനിയൊരിക്കലും മടങ്ങി വരില്ലെന്നും പറഞ്ഞു. അവിടെ തുടങ്ങിയ കരച്ചിൽ വീട്ടിൽ വന്നിട്ടും നിർത്തിയില്ല. രാത്രിയിൽ പനി കൊണ്ട് വിറച്ചു. കാറെടുത്തു ഹോസ്പിറ്റലിൽ എത്തിക്കുമ്പോൾ അവസ്ഥ വളരെ മോശമായിക്കഴിഞ്ഞിരുന്നു.

ഒരാഴ്ച ആശുപത്രിയിൽ പിന്നെ രണ്ടാഴ്ച വീട്ടിൽ വിശ്രമം. ലീവെടുത്ത് കൂടെനിന്നു. ഇനിയും ഇത്തരം അവസ്ഥകൾ വന്നാൽ എന്തു ചെയ്യുമെന്നോർത്തു ഉറക്കം നഷ്ടപ്പെട്ട രാത്രികൾ.

********************

മാളു മണലിൽ ഓടിനടന്നു കക്കകൾ പെറുക്കി ബെഞ്ചിനടുത്തായി കൂട്ടി വച്ചുകൊണ്ടിരിക്കു ന്നതും നോക്കിയിരിക്കെ ദൂരെ നിന്നും അയാൾ നടന്നു വരുന്നത് കണ്ടു. സ്ഥിരം ബെഞ്ചിനടുത്തേക്കു നടക്കുന്നതിന് പകരമായി ഞാനിരിക്കുന്നതിനടുത്തേയ്ക്കാണ് അയാൾ വന്നത്.

കഴിഞ്ഞ ആഴ്ചകളിൽ വരാതിരുന്നതിന്റെ കാരണം ചോദിച്ചുകൊണ്ട് അയാൾ അടുത്തായി ഇരുന്നു. കഥകൾ ആദ്യം മുതൽ പറയേണ്ടതായി വന്നു. അയാളുടെ കൈയിൽ മാളു ഓടി വന്നു പിടിക്കാനുള്ള കാരണവും. എല്ലാം ഒന്നൊഴിയാതെ അയാളോട് പറഞ്ഞു.  ഒപ്പം പ്രദീപുമായി  അയാൾക്കുള്ള നല്ല സാമ്യവും…

അയാൾക്കും പറയാനുണ്ടായിരുന്നു ചില കഥകൾ….അച്ഛനും അമ്മയും മരിച്ചതിനു ശേഷം ഏട്ടനും കുടുംബവും ഒറ്റപ്പെടുത്തിയതിന്റെ, നിലവിൽ വർഷങ്ങളായി ഒറ്റപ്പെട്ടു താമസിക്കുന്നതിന്റെ, വിരസമായി ജീവിതം തള്ളി നീക്കുന്നതിന്റെ കഥകൾ.

ഒന്ന് രണ്ടു ആഴ്ചകൾ പരസ്പരം സങ്കടങ്ങൾ പങ്കുവച്ച് അയാളുമായി ഒരു അടുപ്പം വന്നു കഴിഞ്ഞിരുന്നു. അഭിഷേക് എന്നായിരുന്നു അയാളുടെ പേര്. ഒരു പ്രമുഖ കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലി നോക്കുന്നു. അയാളെക്കുറിച്ചു ചെറുതായി സുഹൃത്തുക്കൾ മുഖേന അന്വേഷിച്ചു. എല്ലാവർക്കും നല്ല അഭിപ്രായം മാത്രം.

മടിച്ചു മടിച്ചാണ് അയാളോട് കാര്യങ്ങൾ പറഞ്ഞത്..തന്റെ മാളുവിന്‌ ഒരു പപ്പ വേണം. അവളുടെ മനസ്സിലെ പപ്പയുടെ രൂപത്തിന് ഉടവ് സംഭവിക്കാതെ.

അയാൾക്ക്‌ എന്തിനും സമ്മതമായിരുന്നു. ഒറ്റപ്പെടലിൽ നിന്നുമൊരു മോചനമാണ് അയാൾ ആഗ്രഹിച്ചതെങ്കിൽ മാളുവിന്റെ ചോദ്യങ്ങൾക്കുള്ള ഉത്തരമായിരുന്നു എനിക്ക് വേണ്ടത്.

പ്രദീപും മോളും തമ്മിലുള്ള ധാരാളം വീഡിയോകൾ ഉണ്ടായിരുന്നു. എല്ലാം അയാൾക്ക്‌ അയച്ചുകൊടുത്തു. നന്നായി തയ്യാറെടുപ്പ്  നടത്തിയിട്ടാവണം മോളുടെ മുന്നിലെത്താൻ എന്ന് ചട്ടം കെട്ടിയിരുന്നു. പ്രദീപിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന വസ്ത്രങ്ങൾ പെർഫ്യൂം എല്ലാം അയാൾക്ക്‌ എത്തിച്ചു കൊടുത്തു.

പ്ലാൻ ചെയ്തത് പോലെ ഓഫീസ് വിട്ടു വീട്ടിൽ വന്നപ്പോൾ പപ്പ വിളിച്ചിരുന്നുവെന്നും നാളെ മോളെക്കാണാൻ പപ്പ വരുമെന്നും കുഞ്ഞു മാളുവിനെ അറിയിച്ചു. അവൾ സന്തോഷം കൊണ്ട് വീട് മുഴുവൻ തുള്ളിച്ചാടി നടന്നു. ഉറക്കത്തിലും ഇടയ്ക്ക് ചുണ്ടുകൾ പപ്പ എന്ന് മന്ത്രിക്കുന്നുണ്ടായിരുന്നു.

പിറ്റേദിവസം രാവിലെ തന്നെ കുളിച്ചൊരുങ്ങി പപ്പയെ സ്വീകരിക്കാൻ കാത്തിരുന്നു. ദൂരെ നിന്നും അഭിഷേകിന്റെ കാർവരുന്നത് കണ്ടപ്പോൾ എന്റെ ഹൃദയം വല്ലാതെ മിടിക്കുന്നുണ്ടായിരുന്നു. പോർച്ചിൽ കാർ നിർത്തിയപ്പോൾ തന്നെ മാളു പാഞ്ഞുചെന്നു. കാറിൽനിന്നും ഇറങ്ങുന്ന അച്ഛനെ കണ്ണിമയനക്കാതെ നോക്കിനിന്നു.

ആറുമാസം കഴിഞ്ഞിരുന്നു കണ്ടിട്ട്. അഭിഷേക് ഓടിവന്ന് പ്രദീപ് ചെയ്യാറുള്ളതുപോലെ മോളെയെടുത്തു വട്ടം കറക്കി. ധാരാളം കളിപ്പാട്ടങ്ങളും ചോക്ലേറ്റ് കളും..

അഭിഷേകിന്റെ മാറ്റം കണ്ടു അമ്പരന്നുപോയി. ഒറ്റനോട്ടത്തിൽ പ്രദീപ്‌ അല്ലെന്നു ആരും പറയില്ല. ക്ലീൻഷേവ് ചെയ്ത് മുടി അല്പം നെറ്റിയിലേക്ക് ചിതറിയിട്ടിരിക്കുന്നു. ചിരിയിൽ പോലും നല്ല സാമ്യം. എപ്ലോഴും കുസൃതി നിറഞ്ഞ പ്രദീപിന്റെ കണ്ണുകൾ മാത്രം അഭിഷേകിന് പകർത്താനായില്ല.

മനസ്സിനുള്ളിൽ വലിയൊരു സങ്കടം അലയടിക്കുന്നുണ്ടായിരുന്നു. ആഗ്രഹിക്കുന്ന കാര്യങ്ങളല്ല ജീവിതത്തിൽ നടക്കുന്നത്. മാളുവിന്റെ സന്തോഷം അത് മാത്രംമതി തനിക്ക്.

മാളു അപ്പോൾ പപ്പയുടെ മുൻപിൽ പരാതിയുടെ ഒരു വലിയ ഭാണ്ഡക്കെട്ടു തുറക്കുകയായിരുന്നു. പപ്പ ആളാകെ മാറിപ്പോയല്ലോ എന്ന് പരിഭവം പറയുന്നുണ്ടായിരുന്നു. അഭിഷേക് അപ്പോൾ ജോലി സ്ഥലത്ത് അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചു മാളുമിന് മനസ്സിലാകുന്ന ഭാഷയിൽ വിവരിക്കുന്നുണ്ടായിരുന്നു.

പപ്പയും മോളും…അവരുടെ ലോകം. പതിയെ തിരിഞ്ഞു നടക്കുമ്പോൾ വലിയൊരു ഭാരം ഇറക്കി വച്ച ആശ്വാസമായിരുന്നു മനസ്സിൽ.