കല്യാണത്തിന് ശേഷം നാട്ടിലെ ആഘോഷങ്ങൾക്കൊന്നും അധികം പോകാതെ രാജി സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു…

Story written by Sajitha Thottanchery

===============

ആർപ്പുവിളികളുടെയും ചെണ്ടമേളത്തിന്റെയും കുമ്മാട്ടിപ്പാട്ടിന്റെയും ആരവങ്ങൾ കേട്ട്  കഴിഞ്ഞകാലത്തിന്റെ ഓർമ്മകളെ താലോലിച്ചുകൊണ്ട് ഇരിക്കുകയായിരുന്നു രാജി.

“രാജീ.നീ വരുന്നില്ലേ അമ്പലപ്പറമ്പിലേക്ക്” അടുത്ത വീട്ടിലെ ജയയുടെ വിളി കേട്ടാണ് രാജി ഓർമകളിൽ നിന്നുണർന്നത്.

“ഞാനില്ല, നീ പൊയ്‌ക്കോ, എന്തോ വരാൻ തോന്നുന്നില്ല”

“എന്താണ് പെണ്ണെ…ഏത് നേരവും ഇങ്ങനെ അടുക്കളയിൽ കിടന്നാൽ മതിയോ, ഇങ്ങനുള്ള രസങ്ങളും വേണ്ടേ” ശാസന പോലെ ജയ പറഞ്ഞു.

ഒന്ന് ചിരിച്ചതല്ലാതെ രാജി അതിനു മറുപടിയൊന്നും പറഞ്ഞില്ല. നിർബന്ധിച്ചിട്ട് കാര്യമില്ലെന്നു അറിയാവുന്നതിനാൽ ജയ പിന്നീടൊന്നും പറയാതെ പോയി.

കല്യാണത്തിന് ശേഷം നാട്ടിലെ ആഘോഷങ്ങൾക്കൊന്നും അധികം പോകാതെ രാജി സ്വയം ഒതുങ്ങിക്കൂടുകയായിരുന്നു. ഉത്സപ്പറമ്പിലും ഇത് പോലെ പത്തു പേര് കൂടുന്നിടത്തൊക്കെ ചെന്ന് നില്ക്കാൻ അവൾക്ക് വല്ലാത്ത ബുദ്ധിമുട്ടായിരുന്നു. കാരണം ഭർത്താവ് മധു തന്നെ. ആളുകൾക്കിടയിൽ കുടിച്ചു തലകുത്തി മറിയുന്ന ഭർത്താവ്, അറിയുന്നവരുടെ സഹതാപം നിറഞ്ഞ നോട്ടം, അതെല്ലാം രാജിയ്ക്ക് അംഗീകരിക്കാൻ ബുദ്ധിമുട്ടായിരുന്നു.

“വീട്ടിലെ എന്ത് കാര്യത്തിനാ ഞാൻ കുറവ് വരുത്തിയിട്ടുള്ളത്. നിനക്കിവിടെ എന്തിന്റെ കുറവാ…ഓ പിന്നെ ഇതൊക്കെ ലോകത്തു പതിവാ. അവൾ വല്യേ ഒരു രാജകുമാരി വന്നേക്കാണ്.” ഇതിനെ പറ്റി സംസാരിക്കാൻ പോയാൽ അയാളുടെ മറുപടി ഇതാണ്.

തിരിച്ചു പറഞ്ഞാൽ വഴക്കായിപ്പോയാലോ എന്ന് ഭയന്ന് അവൾ ഒന്നും മിണ്ടില്ല. വീട്ടിലെ എല്ലാ കാര്യങ്ങളും ഭംഗിയായി ചെയ്യുന്നുണ്ട് അയാൾ. ഇല്ലാത്തത് സമാധാനം മാത്രമാണ്..അയാളുടെ അഭിപായത്തിൽ അത് വല്യേ ഒരു കാര്യമല്ല. ഭാര്യ വീട്ടിൽ നിന്നും പുറത്തിറങ്ങാത്തത്തിൽ അയാൾക്ക് പരാതിയുമില്ല, എന്ത് കൊണ്ടാണെന്നു ചോദിക്കാറുമില്ല.

“അമ്മേ…..” മകളായ നാലാം ക്ലാസ്സുകാരി അഞ്ജിമ കരഞ്ഞു വിളിച്ചു വന്നപ്പോൾ എവിടെയെങ്കിലും വീണിട്ടോ മറ്റോ ആകുമെന്നാണ് രാജി കരുതിയത്.

“എന്താ അഞ്ജുട്ടി എന്ത് പറ്റി…എന്തിനാ കരയുന്നെ?” മകളെ മടിയിൽ ഇരുത്തി ചോദിച്ചു.

“അത് അമ്മാ….അച്ഛൻ അവിടെ മുണ്ടൊന്നും ഇല്ലാതെ നിന്ന് ഡാൻസ് ചെയ്യുവാ. എന്റെ കൂട്ടുകാരൊക്കെ എന്നെ കളിയാക്കി ചിരിച്ചു..ഞാൻ പോകുന്നില്ല അങ്ങോട്ട്..കഴിഞ്ഞ ഉത്‌സവത്തിന്റെ അന്നും അച്ഛൻ ഇങ്ങനെ തന്നെ ആയിരുന്നു. എന്റെ കൂട്ടുകാരുടെ അച്ഛന്മാർ ആരും ഇങ്ങനല്ല. എന്റെ അച്ഛൻ മാത്രം എന്താ ഇങ്ങനെ?”

വിതുമ്പലോടെ അഞ്ജുട്ടി അത്രേം പറഞ്ഞപ്പോൾ രാജിയ്ക്ക് സങ്കടം വന്നു..മകളെ നെഞ്ചോട് ചേർത്ത് സാരമില്ലെന്ന് പറഞ്ഞു നെറുകയിൽ ഉമ്മ വച്ചു അവൾ. രാത്രി ഏറെ വൈകിയാണ് മധു വന്നത്. മുറ്റത്തു നിന്നും ചവിട്ടു കയറാൻ പോലും വയ്യാത്ത അവസ്ഥയിൽ ആയിരുന്നു അയാൾ.

പിറ്റേന്ന് ഉറക്കം ഉണർന്നു പ്രത്യേകിച്ച് ഒന്നും സംഭവിക്കാത്ത മട്ടിൽ അയാൾ കുളിച്ചു ചായ കുടിക്കാനിരുന്നു.

“മോൾ കഴിച്ചോടീ?” കഴിക്കുന്നതിനു മുന്നേ രാജിയോട് ചോദിച്ചു.

“ഇല്ല…ഇന്നലെ രാത്രി മുതൽ ഒന്നും കഴിച്ചിട്ടില്ല.” ഭാവ വ്യത്യാസം ഒന്നുമില്ലാതെ രാജി പറഞ്ഞു.

“അതെന്താ” മധുവിന്റെ ആ ചോദ്യത്തിന് രാജി പ്രത്യേകിച്ച് മറുപടി ഒന്നും പറഞ്ഞില്ല.

അവളുടെ മറുപടി കിട്ടാതായപ്പോൾ മധു ഉമ്മറത്തു തൂണും ചാരി ഇരിക്കുന്ന മോളുടെ അടുത്തു ചെന്നിരുന്നു. മധുവിനെ കണ്ടപ്പോൾ മോൾ ദേഷ്യത്തോടെ മുഖം തിരിച്ചു.

“അച്ഛേടെ മോളെന്താ ഇന്നലെ ഒന്നും കഴിക്കാതിരുന്നേ?” അവളുടെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു അയാൾ ചോദിച്ചു.

അച്ഛന്റെ കൈ തട്ടിമാറ്റി അവൾ അവിടന്ന് എഴുന്നേറ്റ് അമ്മയുടെ പുറകിൽ പോയി നിന്നു.

“വാ…അച്ഛൻ മോൾക്ക് വായിൽ തരാം.” രാജിയുടെ പുറകിൽ നിൽക്കുന്ന മോളെ കൈ പിടിച്ചു വലിച്ചു മധു പറഞ്ഞു.

“എനിക്ക് വേണ്ട, ഇന്നലെ അച്ഛൻ കാരണം എന്റെ കൂട്ടുകാരൊക്കെ കളിയാക്കി. ഓണക്കളി ഒന്നും കാണാതെയാ ഞാൻ വന്നേ. എനിക്ക് ചോറും വേണ്ട ഒന്നും വേണ്ട.”.മുഖം വീർപ്പിച്ചു കൊണ്ട് അവൾ പറഞ്ഞു.

“അമ്മ പറഞ്ഞു തന്നതാണോ. അമ്മയ്ക്ക് വട്ടാ…മോളുസ് ഇങ്ങു വാ…നമുക്ക് പുറത്തു പോയി ഐസ്ക്രീമും മുട്ടായീം ഒക്കെ വാങ്ങാം.” മകളെ അനുനയിപ്പിക്കാൻ മധു ശ്രമം നടത്തി.

“എനിക്ക് വേണ്ട. എല്ലാരുടേം അച്ഛനും അമ്മേം ഒരുമിച്ചാ വരുന്നേ എല്ലാ പരിപാടിയ്ക്കും..എന്റെ മാത്രം ഇങ്ങനെ, ഇനി ഞാനും ഇങ്ങോട്ടും പോകില്ല. അമ്മേടെ കൂടെ ഇവിടെ ഇരിക്കുവാ, അച്ഛൻ എന്നോട് മിണ്ടണ്ട.” പരാതികൾക്കൊപ്പം കരയാൻ തുടങ്ങി അഞ്ജുട്ടി.

മധുവിന്റെ കണ്ണുകളും നിറയാൻ തുടങ്ങി. രാജി പലപ്പോഴും പറയുമ്പോൾ താൻ അത് വിലക്കെടുക്കാറില്ലെന്നു സങ്കടത്തോടെ മധു ഓർത്തു. ഇപ്പൊ മോളുടെ കണ്ണ് നിറയുന്നത് കണ്ടപ്പോൾ സഹിക്കാനാവുന്നില്ല. എന്തൊക്കെ ചെയ്തു കൊടുത്താലും അവർ ആഗ്രഹിക്കുന്നത് താൻ ഇത് വരെ ചെയ്തു കൊടുക്കാത്ത ഈ കൊച്ചു കൊച്ചു ആഗ്രഹങ്ങൾ ആണല്ലോ എന്ന് ഓർത്തപ്പോൾ അയാൾക്ക് അറിയാതെ കണ്ണ് നിറഞ്ഞു പോയി.

“ഇല്ലെടാ…അച്ഛൻ ഇനി അങ്ങനൊന്നും ചെയ്യില്ല. അച്ഛന്റെ പൊന്നു മോളാണ് സത്യം. ഇനി എല്ലാ ആഘോഷങ്ങൾക്കും അച്ഛനും അമ്മേം മോളും കൂടിയ പോകുന്നെ. നമ്മളെ കളിയാക്കിയവരുടെ മുന്നിലോക്കെ നമുക്ക് കാണിച്ചു കൊടുക്കണം.” മധു മകളെ ചേർത്ത് പിടിച്ചു പറഞ്ഞു

“സത്യാണോ അച്ഛാ…മോളെ പറ്റിക്കല്ലലോ” ഉണ്ടക്കണ്ണുകൾ വിടർത്തി മോൾ ചോദിച്ചു.

“അതേടാ” രാജിയെയും മോളെയും ചേർത്ത് പിടിച്ചു അയാൾ സത്യം ചെയ്തു

ആ വാക്കുകൾ രാജിയുടെയും മനസ്സിൽ കുളിർമഴ പെയ്യിക്കുകയായിരുന്നു…..

~സജിത