ഋതു…
Story written by Sai Bro
=============
2/4/2017
ഒരു കൂക്കിവിളിയും പെൺകുട്ടികളുടെ കുണുങ്ങി ചിരിയും കേട്ടിട്ടാണ് കിടക്കപ്പായയിൽനിന്നും കണ്ണും തിരുമ്മി എണീറ്റത്.
ആരിത്..എന്ന് മനസ്സിൽ പ്രാകികൊണ്ട് ഉടുമുണ്ട് തപ്പിപിടിച്ചെടുത്ത് അരയിൽചുറ്റി ശബ്ദം കേൾക്കുന്നിടത്തേക്ക് ചെന്നപ്പോൾ അതാ നിക്കുന്നു ഒരു ബറ്റാലിയൻ പെൺപിള്ളേർ എന്റെ വീടിന്റെ തെക്കേത്തൊടിയിൽ…
കുലച്ചുനിൽക്കുന്ന ചെങ്കദളി വാഴയുടെ പിന്നിൽ ഒളിച്ചിരുന്ന് ഞാൻ അവറ്റകളെ സസൂക്ഷ്മം നിരീക്ഷിച്ചു..
ഇതുവരെ കാണാത്ത മുഖങ്ങൾ…പരിഷ്കാരികൾ ആണെന്ന് തോന്നുന്നു, എല്ലാവരും ജീൻസും ഷർട്ടുമാണ് വേഷം…
പിന്നീട് നോക്കിയപ്പോൾ അവരിൽ ഒരുത്തി താഴെ നിന്നും ഒരു കല്ലെടുക്കുന്നത് കണ്ടു,…
പിന്നീടുള്ള കാര്യങ്ങൾ ഞാനൊരു ഞെട്ടലോടെയാണ് കണ്ടത്…
ഞാൻ ആറ്റുനോറ്റു ഓമനിച്ചുവളർത്തിയ ഒട്ടുമാവിൽ ആദ്യമായി കായ്ച മാങ്ങകളെ അവൾ നിഷ്കരുണം എറിഞ്ഞു വീഴ്ത്തുന്നു…
ആ പിശാ ശിനു ഒടുക്കത്തെ ഉന്നം തന്നെ. ഓരോ ഏറിനും ചറപറാ മാങ്ങകൾ ചിതറിവീഴുന്നു…
ആർപ്പ് വിളിച്ചുകൊണ്ട് അവർ എന്റെ മാങ്ങകളെ കൈക്കലാക്കുന്നു…
ഇതൊക്കെകണ്ടു രക്തം തിളച്ച ഞാൻ ദേഷ്യം തീർക്കാനായി തൊട്ടടുത്ത് നിന്ന വാഴപിണ്ടിയിൽ ഒന്നമർത്തി കടിച്ചു…
വേദനകടിച്ചമർത്തിയ ആ വാഴ പിണ്ടിനീര് ഗുമ ഗുമാ പുറത്തേക്ക് ഉത്പാദിപ്പിച്ചു…
എന്നോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന ഭാവത്തിൽ ഞാൻ ആ വാഴയെനോക്കി ഒരു പുച്ഛച്ചിരി ചിരിച്ചു…
ഇതൊക്കെ നടക്കുമ്പോഴേക്കും പെൺപടകൾ മാവിൻ ചോട്ടിൽ നിന്നും അപ്രത്യക്ഷമായിരുന്നു…
“അങ്ങാടിയിൽ തോറ്റതിന് അമ്മയോട് ” എന്ന പഴഞ്ചൊല്ല് ശരിവെച്ചുകൊണ്ട് ഞാനോടി അമ്മക്കരുകിലെത്തി…
അമ്മേ…ആ പെൺപിള്ളേർ എന്റെ മാവിൽ കല്ലെറിയുന്നത് അമ്മ കണ്ടില്ലേ..?
ആരോട് ചോയ്ച്ചിട്ടാ അവറ്റകൾ അത് ചെയ്തത് ?
അമ്മ കണ്ടില്ലേ ഇതൊന്നും ?
എന്റെ മൂന്ന് ചോദ്യങ്ങൾക്ക് അമ്മ ഒരൊറ്റ ഉത്തരത്തിൽ മറുപടി നൽകി…
വാഴച്ചോട്ടിൽ ഒളിഞ്ഞിരുന്നു കാണുന്നുണ്ടാരുന്നല്ലോ എല്ലാം…ചോയ്ക്കാൻ പാടില്ലാരുന്നോ നിനക്ക്.. ?
അതുപിന്നെ ഞാൻ…ഞാനാ വാഴ കുലച്ചോ എന്ന് നോക്കാൻ പോയതാ…
എന്നെക്കണ്ടതും അവറ്റകൾ എങ്ങോട്ടോ ഓടി മറഞ്ഞു…ഇല്ലെങ്ങിൽ കാണാർന്നു…
ഡാ, അവര് അപ്പുറത്തെ വീട്ടിലെ നീതുന്റെ ക്ലാസ്സിൽ പഠിക്കുന്ന പിള്ളേരാ…നമ്മുടെ അമ്പലത്തിലെ ഉത്സവത്തിന് നീതു ക്ഷണിച്ചിട്ട് വന്നിരിക്കുന്നവരാ അവർ…ഒരാഴ്ച ഇവിടെ കാണൂത്രെ..
അത് ശരി, നഗരവാസികൾ ആണല്ലേ അവറ്റകൾ…വെറുതേ അല്ല ഈ കുഗ്രാമത്തിൽ ജീൻസും വലിച്ചുകേറ്റി നടക്കുന്നേ…
അത്രയും മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ അടുക്കളയിൽനിന്ന് സ്ഥലം കാലിയാക്കി
വാഴകൾക്ക് വെള്ളം നനക്കുന്നതിനിടയിൽ ഞാൻ നീതുവിന്റെ വീട്ടിലേക്ക് ഒന്നെത്തിച്ചു നോക്കി..
പരിഷ്കാരി പെൺപടകൾ മുൻവശത്തു തന്നെയുണ്ട്…
പെട്ടെന്നാണ് ഒട്ടുമാവിന് കല്ലെറിഞ്ഞ ആ ഭീ കരിയുടെ നോട്ടം അപ്രതീക്ഷിതമായി എന്നിലേക്ക് പതിഞ്ഞത്…
പെട്ടെന്ന് ഞാൻ നോട്ടം വാഴക്കുലയിലേക്ക് മാറ്റി…
അവറ്റകൾ അവിടിരുന്നു എന്നെനോക്കി എന്തോ കുശുകുശുക്കുന്നുണ്ടെന്ന് മനസിലാക്കിയ ഞാൻ പെട്ടെന്ന് തന്നെ വാഴത്തോപ്പിൽ നിന്നും വീടിനുള്ളിലേക്ക് പലായനം ചെയ്തു…
ഉത്സവം തുടങ്ങി മൂന്നാമ്പക്കം, നട്ടുച്ച നേരത്ത് തണല് തേടി ഞാൻ ഒട്ടുമാവിൻ ചോട്ടിലെത്തി…
ഇലകൾ തിങ്ങി നിറഞ്ഞു നിൽക്കുന്ന മാവിൻ ചോട്ടിൽ ഇളംകാറ്റും ഏറ്റ് അങ്ങനെ കുത്തിയിരുന്നപ്പോൾ കണ്ണുകൾ അറിയാതെ അടഞ്ഞുപോയി…
പെട്ടെന്നാണ് മരത്തിന്റെ ചില്ലകൾ ഞെരിയുന്ന ശബ്ദം കേട്ട് കണ്ണ് തുറന്നത്…
ചാടിപിടഞ്ഞു എണീറ്റു മരത്തിനു മുകളിലേക്ക് നോക്കിയപ്പോൾ ചില്ലകൾക്കിടയിൽ കയ്യിൽ മാങ്ങയുമേന്തി ഇരിക്കുന്നു ആ ഭീ കരി…!!
അന്ന് കല്ലെറിഞ്ഞു മാങ്ങ വീഴ്ത്തിയവൾ, ഇന്നവൾ മാവിന്റെ മോളിൽ കേറി ഇരുന്ന് മാങ്ങ തിന്നുന്നു…
ഇത്തവണ ഞാൻ വെറുതെ ഇരുന്നില്ല, അവളെ നോക്കി ഞാൻ അലറി…
ഇറങ്ങെടീ താഴെ…
മാവിൻ ചില്ലകൾക്കിടയിലൂടെ നൂണ്ട് താഴെ എത്തിയപ്പോഴാണ് ഞാനവളെ ശരിക്കും കാണുന്നത്…
ഒട്ടും എണ്ണമയമില്ലാത്ത മുടിയിഴകൾ തലയുടെ ഉച്ചിയിൽ കെട്ടിവെച്ചിരിക്കുന്നു…കയ്യിലോ കാതിലോ ഒരു ആഭരണം പോലുമില്ല…
ഒറ്റനോട്ടത്തിൽ കണ്ടാൽ ഒരു കുളിക്കാത്തവൾ ലുക്ക്…
വെടിപ്പും വൃത്തീം ഇല്ലാത്ത വർഗം ആണെന്ന് തോനുന്നു, ഞാൻ മനസ്സിൽ പറഞ്ഞു…
എന്നെനോക്കി അവൾ ഒരു വളിച്ചചിരി പാസാക്കിയപ്പോൾ ഞാനൊന്ന് ശ്രദ്ധിച്ചു…
ചിരിക്കുമ്പോൾ ആ കവിളിൽ വിരിയുന്ന വലിയ നുണക്കുഴികൾ…
ഏതൊരാണും അറിയാതെ നോക്കിപ്പോകും…
മനസിനെ സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാൻ അവളെ നോക്കി പരുഷമായി ചോദിച്ചു…
തന്റെ പേരെന്താ ?
ഋതു…
മാനത്തോട്ടു നോക്കി അവൾ മറുപടി നൽകി…
നീ ആരോട് ചോദിച്ചിട്ടാ ഈ മാവിൽ കല്ലെറിഞ്ഞതും, മാങ്ങ പൊട്ടിക്കാൻ മരത്തിൽ കയറിയതും ?
മാങ്ങ കണ്ടു, പൊട്ടിച്ചു..
അവൾ വീണ്ടും അലസമായി മറുപടി നൽകി
ആഹാ, എന്നാൽ ആ തെങ്ങിന്റെ മണ്ടയിൽ കുറേ തേങ്ങാ നില്പുണ്ട്. നീയൊന്ന് പൊട്ടിച്ചേ…
ഞാൻ പറഞ്ഞതുകേട്ട ഋതു ആദ്യം തെങ്ങിലേക്കും പിന്നേ എന്നെയും ഒന്ന് നോക്കി..
തീരെ പ്രതീക്ഷിക്കാത്തതായിരുന്നു അവളുടെ അടുത്ത നീക്കം…
ഋതു ഒരു അണ്ണാനെ പോലെ തെങ്ങിൽ പറ്റിപിടിച്ചു കേറാൻ തുടങ്ങി…
ഡീ, നീ എന്തൂട്ടാ കാട്ടണേ, ഇറങ്ങെടി താഴേക്ക്…
ഞാൻ താഴെ നിന്ന് വിളിച്ചു പറയുന്നതൊന്നും അവൾ ശ്രദ്ധിക്കുന്നില്ല…പിന്നേം അള്ളിപ്പിടിച്ചു മുകളിലോട്ട് തന്നെ..
ഇത് കുരിശായല്ലോ ദേവ്യേ എന്ന് പറഞ്ഞു ചുറ്റും നോക്കിയപ്പോൾ അപ്പുറത്തെ പറമ്പിൽ നീതു നിൽകുന്നത് കണ്ടു…
നീതു, ഒന്ന് ഇറക്കിക്കൊണ്ട് പോടീ ഈ മാരണത്തെ…
എന്റെ ദയനീയമായ അലറൽ കേട്ടാണ് നീതു അങ്ങോട്ടേക്ക് ഓടിവന്നത്…
ഋതു, ഒന്ന് താഴേക്ക് ഇറങ്ങിവായോ പ്ലീസ്..
അയാളോട് സോറി പറയാൻ പറ..എന്നാൽ ഞാനിറങ്ങാം…
നീതുവിന്റെ കെഞ്ചൽ കേട്ട് ഋതു തെങ്ങിന്റെ മുകളിൽ ഇരുന്ന് വിളിച്ചു പറഞ്ഞു…
മനസ്സിൽ നുരഞ്ഞുപൊങ്ങിയ ദേഷ്യത്തെ സ്വയം നിയന്ത്രിച്ചു ഞാൻ തെങ്ങിൻ മുകളിരിക്കുന്ന ഋതുവിനെ നോക്കി സോറി പറഞ്ഞു…
തെങ്ങിൻ തടിയിലൂടെ താഴേക്ക് ഊർന്നിറങ്ങിയ ഋതു വിജയീഭാവത്തിൽ എന്നെനോക്കി ചിരിച്ചുകൊണ്ട് നടന്നകന്നു…
ഉള്ളിൽ ദേഷ്യം നുരയുമ്പോഴും ചിരിച്ചപ്പോൾ ആ മുഖത്തു വിരിഞ്ഞ നുണക്കുഴി നോക്കി ഞാൻ മതിമറന്നു നിന്നു..
ചേട്ടാ, വേറൊന്നും കരുതരുത്..ഒരു പ്രത്യേക സ്വഭാവക്കാരിയാ ഋതു..ഇത്തിരി വാശി കൂടുതലാണെന്നേ ഒള്ളൂ , അവൾ പാവം കുട്ടിയാ..
നീതു കൂട്ടുകാരിക്ക് വേണ്ടി വക്കാലത്ത് പറയാനെത്തി..
ഉവ്വാ, ചൂരലുകൊണ്ട് ച ന്തിക്ക് അടി കിട്ടാത്തതിന്റെ കുഴപ്പാ ആ പെണ്ണിന്..
ഞാനല്പം ദേഷ്യത്തിൽ പറഞ്ഞു…
ങേ..ഇതുതന്നെ ആണല്ലോ ചേട്ടനെപ്പറ്റി ഋതു പറഞ്ഞതും…
നീതു ആശ്ചര്യം തുടിക്കുന്ന സ്വരത്തിൽ പറഞ്ഞു..
എന്നെപ്പറ്റിയോ… ?
അവൾ എന്താ എന്നെക്കുറിച്ച് പറഞ്ഞത്.. ?
എനിക്ക് ആകാംക്ഷ അടക്കാനായില്ല..
പത്ത് മുപ്പത് വയസായിട്ടും കല്യാണം കഴിക്കാതെ അമ്മയെ വിഷമിപ്പിക്കുന്ന ചേട്ടന്റെ മൂട്ടിൽ ചൂരലിനടിക്കണം എന്ന് ഋതു ഇന്നലെ പറഞ്ഞെ ഒള്ളു..
അതും പറഞ്ഞു ചിരിച്ചു നീതു വീട്ടിലേക്ക് ഓടി..
ഞാൻ അറിയാതെ മൂടൊന്ന് തടവി..
ആ മരംകേറി പെണ്ണ് എന്റെ മൂട്ടിൽ അടിക്കോ ഇനി..
പറയാൻ പറ്റില്ല, അവളായതുകൊണ്ട് അതും ചെയ്യും…
പിറ്റേ ദിവസം പകൽ അമ്പലത്തിൽ കറങ്ങിനടന്നു വൈകീട്ട് വീട്ടിൽ തിരിച്ചെത്തി റൂമിൽ കേറിയ ഞാൻ ഒന്ന് ഞെട്ടി..
മേശപ്പുറത് അടക്കി വെച്ചിരുന്ന പുസ്തകങ്ങൾ ആരോ വാരി വലിച്ചിട്ടിരിക്കുന്നു..
സൂക്ഷിച്ചു നോക്കിയപ്പോൾ അതിൽ നിന്നും എനിക്കേറ്റവും ഇഷ്ടപെട്ട നോവൽ നഷ്ടപ്പെട്ടതായും മനസിലായി…
അമ്മയോട് തിരക്കിയപ്പോഴാണ് കാര്യങ്ങൾ മനസിലായത്…അന്ന് പകൽ ഋതു വീട്ടിലേക്ക് വന്നിരുന്നു..
ചേട്ടന്ടെ കയ്യിൽ കുറേ ബുക്സ് ഉണ്ടെന്ന് നീതു പറഞ്ഞല്ലോ എന്നുപറഞ്ഞു അവൾ എന്റെ റൂമിലേക്ക് കയറുന്നതായി കണ്ടെന്ന് അമ്മ പറഞ്ഞു …
അതൊരു പാവം പെണ്ണാ…നീയിനി ഇതും പറഞ്ഞു അതിനോട് തല്ലുകൂടാനൊന്നും പോകേണ്ട..
ഋതുവിന് വേണ്ടി അമ്മയുടെ ശുപാർശ…
പുസ്തകം കാണാതായതിനെ കുറിച്ച് ഞാൻ ഋതുവിനോട് ചോദിക്കാനേ പോയില്ല…
പക്ഷെ രണ്ട് ദിവസമായി ഋതു എന്നെ എവിടെ വെച്ച് കണ്ടാലും ഒന്ന് കണ്ണിറുക്കി കാണിക്കുന്നു..
ആ കവിളിലെ നുണക്കുഴിയിലേക്ക് അവളറിയാതെ ഒന്ന് ശ്രദ്ധിക്കും എന്നല്ലാതെ ഞാനവളെ മൈൻഡ് ചെയ്യാനേ പോയില്ല..
അങ്ങനെ ഉത്സവ ദിവസം വന്നെത്തി..
നാട് മുഴുവൻ ഉത്സവലഹരിയിൽ ആറാടുമ്പോൾ ഞങ്ങൾ കുറച്ചു കൂട്ടുകാർ വീട്ടിലെ ഒട്ടുമാവിൻ ചുവട്ടിൽ ഒത്തുകൂടി..
ഒന്ന് മിനുങ്ങാൻ…
അരണ്ട വെളിച്ചത്തിൽ തണുത്ത ബി യർ ബോട്ടിൽ തുറന്ന് നുരയുന്ന ല ഹരിയെ രണ്ടുകവിൽ നുകർന്നപ്പോൾ ഏപ്രിൽ മാസത്തിലെ കനത്ത ചൂട് ശരീരം വിട്ടൊഴിഞ്ഞു പോയപോലെ തോന്നി…
മനസിലും ശരീരത്തിലും ബി യറിന്റെ തണുപ്പ് പടർന്നു തുടങ്ങിയപ്പോഴാണ് മതിലിനു അപ്പുറത്ത് നിന്നും ഒരു ശബ്ദം കേട്ടപോലെ തോന്നിയത്…
ഞാനൊന്ന് ചെവി വട്ടംപിടിച്ചു.
ശൂ…ശൂ…
ശരിയാണ് അപ്പുറത്തുനിന്നും ആരോ വിളിക്കുന്നുണ്ട്..
ആരെയും അറിയിക്കാതെ മതിലിനടുത്തേക്ക് പതുക്കെ നടന്നടുത്തപ്പോൾ ഒരു തല അപ്പുറത്ത് നിന്നും ഉയർന്നു വന്നു…
ഋതു…
ചേട്ടായി, ഇച്ചിരി ബി യർ തരോ.. ?
ഉള്ളിൽ ഒന്ന് ഞെട്ടിയെങ്കിലും അല്പനേരത്തേക്ക് ഞാനൊന്നും മറുപടി പറഞ്ഞില്ല..
കൂട്ടുകാരേ കാണിക്കാതെ ഒരു കുപ്പി ബി യർ എടുത്ത് ഞാൻ വീണ്ടും മതിലിനടുത്തെത്തി..
ബി യറിന് വേണ്ടി ഋതു കൈ നീട്ടിയപ്പോൾ ഞാൻ പറഞ്ഞു..
വാ തുറക്ക്, ഞാൻ ഒഴിച്ച് തരാം..
ഒരു മതിലിന് അപ്പുറവും ഇപ്പുറവുമായി ഞാനും ഋതുവും..
ഇപ്പുറത്തുനിന്നു ഞാനവളുടെ വായിലേക്ക് ബി.യർ ഒഴിച്ച് കൊടുത്തു..
കുപ്പി പകുതിയായപ്പോൾ ഞാനൊന്നു നിർത്തി..
ഋതു ഒന്ന് ചീറിക്കൊണ്ട് ചുണ്ട് അമർത്തി തുടച്ചു..
ചേട്ടായി നിങ്ങള് മുത്താണ്, മുത്ത്ചി പ്പിയാണ്..
മതിലിൽ പിടിച്ചു ആടികൊണ്ട് അവൾ പറയുന്നുണ്ടായിരുന്നു..
ആണോ..നന്ദി ഋതു,..
ഞാൻ മറുപടി നൽകി..
തീരെ പ്രതീക്ഷിക്കാത്തതായിരുന്നു അടുത്ത നിമിഷം സംഭവിച്ചത്…
ഏന്തിവലിഞ്ഞു മതിലിന് മുകളിലേക്ക് മുഖം കൊണ്ടുവന്ന ഋതു അവളുടെ ചുണ്ടുകൾ എന്റെ കവിളിൽ അമർത്തി..
വാടിയ ചെമ്പകപ്പൂവിന്റെ ഗന്ധം അന്തരീക്ഷത്തിൽ പടർന്നു..
തണുത്ത ബി.യർ ഉള്ളിൽ നുരയുമ്പോഴും ഞാനൊന്ന് വിയർത്തു..അവളുടെ ചുണ്ടുകൾ അമർന്ന കവിൾത്തടത്തിൽ അറിയാതൊന്ന് വിരലോടിച്ചു..
മറ്റൊന്നും പറയാതെ തുള്ളിച്ചാടി പോകുന്ന ആ മരംകേറി പെണ്ണിനെ ഞാൻ അത്ഭുതത്തോടെ നോക്കിനിന്നു..
പ്രതീക്ഷിക്കാത്ത കാര്യങ്ങൾ പ്രവർത്തിക്കുന്ന പെൺകുട്ടി..
ഞാൻ മനസ്സിൽ ഉരുവിട്ടു..
ഉത്സവം കഴിഞ്ഞു പിറ്റേന്ന് രാവിലെ തന്നെ നീതുവിന്റെ കൂട്ടുകാരികൾ തിരിച്ചു പോകാനൊരുങ്ങി
അവർ എല്ലാവരും വീട്ടിൽ വന്ന് അമ്മയോട് യാത്ര പറഞ്ഞപ്പോൾ ഋതുവിനെ മാത്രം ആ കൂട്ടത്തിൽ കണ്ടില്ല..
ഇന്നലത്തെ സംഭവങ്ങൾ ഓർത്ത് എന്നെ അഭിമുഖീകരിക്കാനുള്ള ബുദ്ധിമുട്ടുകൊണ്ട് ആയിരിക്കണം ഋതു ഇങ്ങോട്ട് വരാഞ്ഞത്..ഞാൻ മനസിൽ ഓർത്തു.
എല്ലാവരും കാറിൽ കയറുമ്പോഴും എന്റെ കണ്ണുകൾ അവർക്കിടയിൽ ഋതുവിനെ തിരഞ്ഞു…
അല്ലെങ്ങിൽ വേണ്ട, അവൾ പോകുന്നത് എനിക്ക് കാണേണ്ട..
മനസ്സിൽ ഉയരുന്ന അസ്വസ്ഥതയെ കുടഞ്ഞെറിയാൻ ശ്രമിച്ചുകൊണ്ട് ഞാൻ റൂമിലേക്ക് കയറി..
പെട്ടെന്ന് രണ്ട് കൈകൾ എന്നെ പിറകിലൂടെ വരിഞ്ഞു മുറുക്കി…
ആദ്യത്തെ ഞെട്ടലിനു ശേഷം ഞാനൊന്ന് ശ്വാസം വലിച്ചു വിട്ടു…
വാടിയ ചെമ്പകപൂവിന്റെ ഗന്ധം, എനിക്ക് ചുറ്റും ഒഴുകി പരക്കുന്നു…
ഋതു..
അവളാണ് പിറകിൽ എന്നോട് ചേർന്ന് നിൽക്കുന്നതെന്ന് ഞാനറിഞ്ഞു..
എനിക്ക് മാത്രം കേൾക്കാവുന്ന ശബ്ദത്തിൽ അവൾ പിറുപിറുത്തു..
പേരറിയാത്തൊരിഷ്ടം എനിക്ക് നിങ്ങളോട് തോന്നിപോയി…ഇന്നലെ അബോധാവസ്ഥയിൽ പോലും ഞാനത് സൂചിപ്പിച്ചു…
പക്ഷെ ഈ മരംകേറി പെണ്ണ് ചേട്ടായിക്ക് ചേരില്ല അല്ലേ.. ?
അനുവാദം ചോദിക്കാതെ ഇവിടെനിന്നെടുത്ത പുസ്തകം തിരികെ വെച്ചിട്ടുണ്ട്..
അത്രയും പറഞ്ഞപ്പോഴേക്കും ഒരേങ്ങൽ അവളിൽ നിന്നും പുറത്തേക്ക് വന്നു…പെട്ടെന്ന് തന്നെ അവളത് കടിച്ചമർത്തി…
ഷർട്ടിന്റെ പിറകുവശം നനയുന്നത് പോലെ തോന്നിയപ്പോഴാണ്, എന്നെ ചുറ്റിയിരുന്ന ഋതുവിന്റെ കൈകളിൽ പിടിച്ചു അവളെ എന്റെ മുന്നിലേക്ക് നിർത്തിയത്…
കണ്ണുകൾ ചുവന്നു വീർത്തിരിക്കുന്നു..
മറ്റെങ്ങോട്ടോ അലക്ഷ്യമായി മിഴികളൂന്നി നിൽക്കുന്ന ഋതുവിനെ ഞാൻ എന്റെ മുഖത്തിനു നേരെ ബലമായി പിടിച്ചു നിർത്തി..
ഈ വിഷു കഴിയുമ്പോൾ ഞാനൊരു താലിമാല പണിയിക്കട്ടെ ഈ മരംകേറി പെണ്ണിന്റെ കഴുത്തിൽ ചാർത്തി തരാൻ..?
ഋതുവിന്റെ മുഖത്തുണ്ടായിരുന്ന സങ്കടം നാണം കലർന്ന പുഞ്ചിരിക്ക് വഴിമാറി കൊടുക്കുന്നത് ഞാൻ ശ്രദ്ധിച്ചു കൊണ്ടിരുന്നു..
തുടുത്ത കവിളിൽ നുണക്കുഴി വിരിയിച്ചുകൊണ്ട് ഋതു ഒന്ന് പുഞ്ചിരിച്ചു, കണിക്കൊന്ന പൂത്തുനില്കുന്നതുപോലെ അഴകേറിയ പുഞ്ചിരി.
~Sai Bro..