പത്താംക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയുടെ അച്ഛൻ ആയതുകൊണ്ടാവാം ഒരു പിടച്ചിൽ…

_upscale

കടലിനെ ശാന്തമാക്കുന്നവർ…

Story written by Neeraja S

==============

ഓഫീസിലെ തിരക്കുകൾക്കിടയിൽ അല്പം വിശ്രമം. കസേരയിൽ പിന്നിലേക്ക് ചാഞ്ഞിരുന്ന് പോക്കറ്റിൽനിന്നും ഫോണെടുത്തു. വാട്സ്ആപ്പും മെസ്സെഞ്ചറും കഴിഞ്ഞാണ് ഫേസ്ബുക്കിലേക്ക് കാലെടുത്തു വച്ചത്.

അതിൽ തോണ്ടിക്കൊണ്ടിരുന്നാൽ സമയം പോകുന്നതറിയില്ല. പക്ഷെ ഒന്നിനും ഉത്സാഹം തോന്നുന്നില്ല. രാവിലെ പത്രത്തിൽ വായിച്ചത് മനസ്സിൽ നിന്നിതുവരെ മാഞ്ഞു പോയിട്ടില്ല. സോഷ്യൽമീഡിയ വഴി പ്രണയം നടിച്ചൊരുവൻ പതിനഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പലർക്കും വി റ്റ കഥ. പൊടിപ്പും തൊങ്ങലും വച്ചു പത്രക്കാർ ആഘോഷിച്ചിട്ടുണ്ട്.

ആ കുഞ്ഞിന്റെ വിധി ഇനി എന്താകും…പത്താംക്ലാസിൽ പഠിക്കുന്ന പതിനഞ്ചുകാരിയുടെ അച്ഛൻ ആയതുകൊണ്ടാവാം ഒരു പിടച്ചിൽ..ഓരോ ദിവസവും മകൾ ഉറങ്ങിക്കഴിയുമ്പോൾ പോയി നോക്കി നിൽക്കാറുണ്ട്. ശാന്തമായി ഉറങ്ങുന്നത് കാണുമ്പോൾ ഒരാശ്വാസം.

മകൻ എട്ടാംക്ലാസ്സിലാണ്..അവനോട് എപ്പോഴും ശ്രദ്ധിക്കാൻ പറഞ്ഞേല്പിച്ചിട്ടുണ്ട്. പോകുന്നതും വരുന്നതും ഒന്നിച്ചാണ്..അടുത്ത വർഷം പ്ലസ്ടു കുറച്ചു ദൂരെയുള്ള സ്കൂളിൽ ചേർക്കണം. ഓർത്തിട്ട് ഇപ്പോൾ തന്നെ ഒരു വിറയൽ…

തന്റെ ആവലാതി ആരോടാണ് പറയുക. ഭാര്യയോട് പറഞ്ഞാൽ അവൾ ഒന്നുകൂടി പേടിക്കും. കാലം മാറി പോയിരിക്കുന്നു. മക്കൾ പോയിട്ട് തിരികെ വരുന്നതുവരെ നെഞ്ചിൽ തീയുമായി ഇരിക്കുന്ന അമ്മമാർ.

പെട്ടെന്നാണൊരു കാര്യം ഓർമ്മ വന്നത്. ഫോണെടുത്തു മുഖപുസ്തകത്തിൽ മകളുടെ പ്രൊഫൈൽ സെർച്ച്‌ ചെയ്തെടുത്തു. താൻ അവളുടെ ഫ്രണ്ട് അല്ലാത്തതുകൊണ്ടാകാം  ഫ്രണ്ട്ലിസ്റ്റിൽ തന്റെ പേരില്ല.

ഇട്ടിരിക്കുന്ന പോസ്റ്റുകളും അതിനു വന്നിരിക്കുന്ന കമന്റുകളും ഓടിച്ചു നോക്കി. എല്ലാം സാധാരണ പോലെ…സ്പെഷ്യലായി ഒന്നും ശ്രദ്ധയിൽ പെട്ടില്ല. സ്കൂളുവിട്ടു വന്നാൽപ്പിന്നെ ഭാര്യയുടെ ഫോൺ  മക്കളുടെ കയ്യിലാണ്. പ്രൊജക്റ്റ്‌ എഴുതാനും മറ്റും ഫോണിന്റെ സഹായം വേണം പോലും.

രണ്ടുപേർക്കും മുഖപുസ്തകത്തിൽ അക്കൗണ്ട് ഉണ്ട്‌. ബൈക്ക് ഭ്രാന്തനായ മകന്റെ പ്രൊഫൈലിൽ മുഴുവൻ വിവിധ തരം ബൈക്കുകളുടെ പടമാണ്. അവനിലും ഒരു കണ്ണുവയ്‌ക്കേണ്ട പ്രായം ആയിരിക്കുന്നു. സൂക്ഷിച്ചാൽ ദുഖിക്കേണ്ടന്നല്ലേ പറയുന്നത്..

അമ്മുവിനെ പ്ലസ്ടുവിനു ചേർത്തിട്ട് വരുന്ന വഴിക്ക് പുതിയൊരു ഫോൺ വാങ്ങി നൽകി. കൂടെ ഉപദേശം കൊടുക്കാനും മറന്നില്ല. ഇന്നത്തെ ലോകത്തെക്കുറിച്ചും ചതിക്കുഴികളെക്കുറിച്ചും. മനസ്സിലാക്കിയോ ആവോ..

പുതിയ ഫോണിൽ മുഖപുസ്തകത്തിലിടുന്ന  ആദ്യപോസ്റ്റാണ്..കൂടുതൽ ലൈക്കും കമന്റും കിട്ടുന്ന ഒന്നാവണമത്..മുൻപെവിടെയോ വായിച്ച കുറച്ചു വാക്കുകൾ മനസ്സിലേക്കോടിയെത്തി.

“ഈ ചെറിയ ജീവിതത്തിൽ എന്തെങ്കിലും ഒന്നിനോടു പ്രണയത്തിലാകേണ്ടിയിരിക്കുന്നു. പുസ്തകങ്ങളോട്, പഠനത്തോട്, ജീവിതത്തോട്,  സംഗീതത്തോട്. എന്തെങ്കിലും ഒന്നിനെ ആഴത്തിൽ പ്രണയിക്കാതെ ഒരാൾക്കും നീണ്ടുനിൽക്കുന്ന സന്തോഷം കണ്ടെത്താൻ സാധിക്കില്ലെന്ന്  തോന്നുന്നു”

പോസ്റ്റ്‌ ചെയ്തുകഴിഞ്ഞു..താഴെ വരുന്ന കമന്റുകൾ…ഒരുമണിക്കൂറിനുള്ളിൽ  നൂറെണ്ണം കവിഞ്ഞിരിക്കുന്നു..സന്തോഷംകൊണ്ട് മുഖം വികസിച്ചു. പതിയെ ഓരോന്നിനായി മറുപടി ടൈപ്പ്‌ ചെയ്തു തുടങ്ങി…

കമന്റുകൾക്കെല്ലാം മറുപടി കൊടുത്തു കൊണ്ടിരുന്നപ്പോഴാണ് ഒരു മെസ്സഞ്ചർ  നോട്ടിഫിക്കേഷൻ..എടുത്തു നോക്കി.

“ഹായ് അമ്മുക്കുട്ടി…ഇപ്പോഴിട്ട പോസ്റ്റ്‌ സൂപ്പർ എനിക്ക് ഒത്തിരി ഇഷ്ടമായി കെട്ടോ.. “

പേര് നോക്കി ‘ജഗൻ നാരായണൻ’

“Thank you.. ” എന്ന് മാത്രം ടൈപ്പ് ചെയ്തയച്ചു. പിന്നെ മറുപടിയൊന്നും കണ്ടില്ല.

അടുത്ത ദിവസത്തെ പോസ്റ്റിനും ജഗന്റെ വകയായി ഇൻബോക്സിൽ അനുമോദനങ്ങൾ  എത്തി. പതിയെ പതിയെ നല്ല കൂട്ടുകാരായി.

പരസ്പരം പരിചയപ്പെട്ടു. താൻ പ്ലസ്ടുവിനാണ് പഠിക്കുന്നതെന്നു പറഞ്ഞപ്പോൾ ജഗന്  സന്തോഷം ആയി. കുറെ ഉപദേശങ്ങൾ പുറകെ വന്നു. പതിയെ പതിയെ ജഗൻ അമ്മുവിന്റെ ജീവിതത്തിന്റെ ഒരു ഭാഗമായി മാറി..തന്നെ ഒരു നല്ല ഏട്ടനായി കാണണമെന്ന് ജഗൻ എപ്പോഴും ഓർമിപ്പിച്ചിരുന്നു.

അനിയത്തി ഇല്ലാത്ത തനിക്കു കിട്ടിയ ഭാഗ്യമാണ് അമ്മുവെന്ന് ജഗൻ എപ്പോഴും പറയുമായിരുന്നു. തമാശ പറയുകയും എന്തിനും അഭിപ്രായം പറഞ്ഞ് കൂടെ നിൽക്കുകയും ചെയ്യുന്ന ജഗൻ അമ്മുവിന്റെ ജീവിതത്തിനു വർണ്ണങ്ങൾ പകർന്നു.

അമ്മു പുതിയ സൗഹൃദത്തിന്റെ തണലിൽ സന്തോഷത്തോടെയിരുന്നു.  ഭൂമിയിലുള്ള സകല കാര്യങ്ങളെക്കുറിച്ചും അവർ ചർച്ച ചെയ്തു. അമ്മയോട് പിണങ്ങുമ്പോൾ പോയി മിണ്ടാനുള്ള സൂത്രവഴി ജഗന്റെ കൈയിൽ ഉണ്ടായിരുന്നു. പഠനത്തിലും സഹായം ചെയ്യുന്നതിൽ ജഗന് ഒരു മടിയും ഇല്ലായിരുന്നു.

പുതിയ ഡ്രസ്സ്‌ എടുക്കാനും ടൂറിനു പോകാൻ അനുവാദം കിട്ടാനുമൊക്കെ അച്ഛന്റെ അടുത്തു സംസാരിക്കേണ്ടത് എങ്ങനെയെന്നു ജഗൻ പറഞ്ഞ് പഠിപ്പിച്ചിരുന്നു.

അങ്ങനെ ആദ്യമായി ആ വർഷം സ്കൂളിൽ നിന്നും ടൂർ പോയി. ഇതിനു മുൻപൊരിക്കലും അച്ഛൻ.സമ്മതിച്ചിട്ടില്ല. ജഗനോടുള്ള ബഹുമാനവും സ്നേഹവും കൂടിക്കൂടി വന്നു.

എപ്പോഴും അനിയത്തിക്കുട്ടി എന്ന് വിളിച്ചു കൂടെ നിന്നെങ്കിലും അമ്മുക്കുട്ടിയ്ക്ക്  വെറുമൊരു ഏട്ടൻ മാത്രമായിരുന്നില്ല ജഗൻ..ആരൊക്കെയോ ആയിരുന്നു.

അമ്മു നല്ല മാർക്കോടെ പ്ലസ്ടു പാസ്സായി. അച്ഛൻ പല കോഴ്സുകളെക്കുറിച്ചും അഭിപ്രായം പറഞ്ഞെങ്കിലും ജഗന്റെ നിർദേശപ്രകാരം ബികോമിന് ചേർന്നു.

അമ്മുക്കുട്ടിയുടെ ജീവിതത്തിന്  തണലായി ജഗൻ നിലകൊണ്ടു..പഠനം തീരുന്നതിനുമുൻപ് വിവാഹാലോചനകൾ വന്നു തുടങ്ങിയിരുന്നു. അച്ഛന് എങ്ങനെയെങ്കിലും ഒരാളുടെ കൈയിൽ ഏല്പിക്കാൻ തിടുക്കമായിരുന്നു. റിട്ടയർ  ആകുന്നതിനു മുൻപ് അമ്മുവിന്റെ വിവാഹം നടത്തണം എന്നൊരാഗ്രഹം…

വിവാഹത്തെക്കുറിച്ചു ആലോചിക്കുമ്പോഴെല്ലാം ജഗൻ എന്ന വ്യക്തിയായിരുന്നു അമ്മുവിന്റെ മനസ്സിൽ.. ഒരു നാൾ തുറന്നു പറയുക തന്നെ ചെയ്തു.

“അമ്മുക്കുട്ടി എന്നോട് പിണങ്ങില്ലെങ്കിൽ ഒരു കാര്യം പറയാം.. ഏട്ടൻ എന്ന സ്ഥാനം മാത്രം ഞാൻ ആഗ്രഹിച്ചിട്ടുള്ളൂ. ആ സ്ഥാനം മതി എനിക്ക്.. “

“എന്റെ വിവാഹം കഴിഞ്ഞതാണ്..കുട്ടികളും ഉണ്ട്‌. അമ്മുക്കുട്ടിയോടു ഒരു അനിയത്തി എന്നതിലുപരിയായി ഞാൻ ഇതുവരെ പെരുമാറിയിട്ടുണ്ടോ..? “

“ഇതുവരെ നമ്മൾ നല്ല കൂട്ടുകാർ ആയിരുന്നു..ഇനിയും അങ്ങനെ തന്നെ മതി.. “

അമ്മു ഒരു ഞെട്ടലിൽ തരിച്ചിരുന്നു…ശരിയാണ് അത്തരം കാര്യങ്ങൾ  സംസാരിച്ചിരുന്നില്ല. പരസ്പരം വേരുകൾ തിരയില്ലെന്ന ഉറപ്പോടു കൂടിയാണ് സൗഹൃദം തുടങ്ങിയത്. നല്ലൊരു സൗഹൃദം അതിനപ്പുറമൊരു സംസാരവും തങ്ങളുടെ ഇടയിൽ ഉണ്ടായിട്ടില്ല.

എങ്കിലും ചെറിയൊരു നീറ്റൽ…ഏറെനാൾ കൂടെ ഉണ്ടായിരുന്ന ഒരാൾ തുടർന്നുള്ള ജീവിതത്തിലും തുണയാകണം എന്നൊരാഗ്രഹം. പക്ഷെ സൗഹൃദത്തിന്റെ പെരുമഴക്കാലം കഴിഞ്ഞിരിക്കുന്നു. ഇനി ഓർമകളുടെ ചെറിയ ചാറ്റൽമഴ മാത്രം.

അച്ഛന്റെ ആഗ്രഹം പോലെ കാര്യങ്ങൾ നടന്നു. അച്ഛൻ കണ്ടെത്തിയ വരൻ. കൂടെ ജോലി ചെയ്യുന്ന പയ്യൻ. അച്ഛന് ഒത്തിരി ഇഷ്ടമായി അതുമാത്രം അമ്മുക്കുട്ടിയും നോക്കിയുള്ളൂ.

വിവാഹത്തിന് വരണമെന്ന് അമ്മുക്കുട്ടി നിർബന്ധിച്ചു വിളിച്ചെങ്കിലും ജഗൻ വന്നില്ല. ഭാര്യ ഹോസ്പിറ്റലിൽ ആണെന്നുള്ള ഒരു മെസ്സേജ് ഒപ്പം വിവാഹമംഗളാശംസകളും…

***************

മകളുടെ കല്യാണമായിരുന്നു ഇന്നലെ അതും സഹപ്രവർത്തകനുമായിട്ട്. വിവാഹത്തിനുമുൻപ് കൂടുതൽ ദിവസം ലീവെടുത്തു. കല്യാണം കഴിഞ്ഞാൽപ്പിന്നെ ഒത്തിരി തിരക്കുണ്ടാവില്ലല്ലോ.

“സാർ രാവിലെ തന്നെ വന്നോ…എന്തായാലും മിടുക്കനാ കെട്ടോ…നമ്മുടെ മാനേജർ സാറിനെ തന്നെ അടിച്ചു മാറ്റിയല്ലോ.. ” പ്യൂൺ വാസുവേട്ടനാണ്..

“എന്താ വാസുവേട്ടാ..അസൂയയ്ക്കു മരുന്നില്ല കെട്ടോ..കഷണ്ടിക്കു വരെ മരുന്നായി.. “

ചിരിയോടെ സീറ്റിൽ ഇരിക്കുമ്പോൾ ഓർത്തു…ശരിയാണ് മകളെ സ്നേഹിക്കുന്ന ഏതൊരച്ഛനും ചെയ്യുന്നതാണ് താനും ചെയ്തത്..കൂടെ ജോലി ചെയ്യുന്ന ആളാകുമ്പോൾ..സ്വഭാവം ഏറെക്കുറെ മനസിലാക്കാം.

അല്പം നേരത്തെ വന്നതുകൊണ്ട് ബാക്കിയുള്ള വരുടെ സീറ്റുകൾ കാലിയാണ്. ഫോണെടുത്തു പതിയെ കസേരയിലേക്ക് ചാഞ്ഞു.

മുഖപുസ്തകത്തിൽ മകളുടെ വിവാഹത്തിന്റെ കുറച്ചു ഫോട്ടോസ് അപ്‌ലോഡ് ചെയ്തു. നോട്ടിഫിക്കേഷൻ ഒന്നോടിച്ചു നോക്കി. മുഖപുസ്തകത്തിലെ സ്വന്തം അക്കൗണ്ടിൽ നിന്നും ലോഗ്ഔട്ട്‌ ചെയ്തു..മറ്റൊരു അക്കൗണ്ടിൽ ലോഗിൻ ചെയ്തു.

‘ജഗൻ നാരായണൻ’

പ്രൊഫൈലിൽ കള്ളച്ചിരിയോടെ മോഹൻലാൽ. സെറ്റിംഗ്സ് എടുത്ത് അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ഇനി തനിക്കീ അക്കൗണ്ടിന്റെ ആവശ്യമില്ല. മടുത്തുപോയൊരു സൗഹൃദത്തിന്റെ ശുഭപര്യവസാനം.

പുഞ്ചിരിയോടെ കസേരയിലേക്ക് ചായുമ്പോൾ തലേദിവസം ഭാര്യ പറഞ്ഞത് ഓർമ്മയിലേക്കോടി വന്നു.

“അച്ഛൻ ആണത്രേ…അച്ഛൻ…മകളുടെ കാര്യത്തിൽ എന്തെങ്കിലും ശ്രദ്ധയുണ്ടായിരുന്നോ. കണ്ണിലെണ്ണയൊഴിച്ചു ബാക്കിയുള്ളവർ നോക്കിയതുകൊണ്ടു രക്ഷപെട്ടു. “

(കഥയല്ല ജീവിതം. പരീക്ഷണം അരുത്)