അനന്തരം…
Story written by Reshja Akhilesh
=============
“പെണ്ണുങ്ങളായാൽ ഇത്രേം അഹങ്കാരം പാടില്ല. അയാൾ വന്നപ്പോ വാതിലടച്ചു അകത്തേയ്ക്ക് പോകണമായിരുന്നോ. കയറിയിരിക്കാൻ പറഞ്ഞു രണ്ടു നല്ല വാക്ക് പറയാർന്നില്ലേ…ഇതൊരു നല്ല അവസരം ആയിരുന്നു “
മുറുക്കി ചുവന്ന വായ് കോട്ടിക്കൊണ്ട് കല്ല്യാണി പറഞ്ഞു.
“ഛെ…ഞാൻ അന്നേരം ഇവിടെ ഉണ്ടായില്ലല്ലോ…” നിലത്തു ഉഴഞ്ഞു കിടക്കുന്ന മുണ്ടെടുത്ത് മടക്കിക്കുത്തി ബാലൻ നിരാശയോടെ പറഞ്ഞു.
“ദാ വരുന്നുണ്ട്…ചോദിക്ക് അവളോട് ” അതും പറഞ്ഞു കല്ല്യാണി മുറിയക്കത്തേയ്ക്ക് വലിഞ്ഞു.
“ടീ…ഇന്ന് ഇവിടെ ആരാ വന്നേ?..”
ഉണങ്ങിയ തുണികൾ മുറ്റത്തു നിന്നെടുത്തു മടക്കികൊണ്ട് വരുന്ന ഭാര്യ കാർത്തികയോട് ബാലൻ ചോദിച്ചു.
“ആരും വന്നില്ലല്ലോ…”
“നുണ പറയണ്ട ഞാൻ അറിഞ്ഞു. നിന്റെ അച്ഛൻ വന്നിരുന്നു അല്ലേ…എന്താ ഉണ്ടായത്?”
“ഓഹ്…അത്…ത ന്തപ്പിടി എന്നായിരുന്നല്ലോ രണ്ടീസം മുൻപ് വരെയും വിളിച്ചേർന്നേ…ഇപ്പൊ എന്ത് പറ്റി?”
“വന്നിരുന്നോ ഇല്ലയോ…അതാ ചോദിച്ചേ…”
“വന്നു…പോയി “
“നീ അയാളെ പുറത്തു നിർത്തി കാണാൻ കൂട്ടാക്കാതെ വാതിലടച്ചു എന്നാണല്ലോ കേട്ടത്?”
“എവിടന്നു കേട്ടു? അമ്മ പറഞ്ഞു അല്ലേ…എല്ലാം അറിഞ്ഞിട്ടും പിന്നെന്തിനാ മനുഷ്യ എന്നോട് ചോദിക്കണേ…”
“എടീ… നിന്റച്ഛൻ വന്നിട്ട് കയറി ഇരിക്കാൻ പറയാഞ്ഞതെന്താ…”
“എനിക്ക് മനസ്സിലായിരുന്നു. അതിന് നിങ്ങൾക്കും നിങ്ങടെ അമ്മയ്ക്കും എന്താ…എന്റെ അച്ഛനല്ലേ…ഇത്രയും കൊല്ലം എന്നെ ആ അച്ഛന്റെ പേരും പറഞ്ഞല്ലേ പരിഹസിച്ചിരുന്നത്…ഇപ്പൊ എന്താ എനിക്ക് ഇല്ലാത്ത ഒരു സ്നേഹം നിങ്ങൾക്ക്…”
“ഫ് ഭാ…വല്ലാണ്ട് നാവാടണ്ട…മാറങ്ങിട്ട്…” ബാലൻ അവളെ തള്ളിയിട്ട് മുറ്റത്തേക്കിറങ്ങി.
കല്ല്യാണി മുറിയിലിരുന്നു പിറുപിറുത്തു.
കാർത്തിക ഒരു പുച്ഛച്ചിരിയാലേ മടക്കിക്കൊണ്ടിരുന്ന തുണികളും കൊണ്ട് അലമാരയ്ക്കടുത്തേയ്ക്ക് പോയി.
തുണികൾ അലമാരയിൽ വെച്ച ശേഷം അവൾ താഴത്തെ കള്ളിയിലുള്ള ഒരു പഴയ ആൽബം കയ്യിലെടുത്തു.
അച്ഛനും അമ്മയും അവളും കൂടിയുള്ള ഒരു പഴയ ചിത്രം അതിൽ ഉണ്ടായിരുന്നു. നിറം ഇളകിയതും മങ്ങിയതും ആയ ഒരു ഫോട്ടോ. അതായിരുന്നു അവൾക്കു അച്ഛന്റെ ഓർമ്മ.
“അച്ഛന് ഇന്നാണോ ഈ മകളെ കാണാൻ നേരമായത്? ഈ മുപ്പതു വർഷങ്ങൾക്കിടയിൽ തിരക്കൊഴിഞ്ഞത് ഇന്നാണോ? അമ്മ എന്നെ ഗർഭിണി ആയിരിക്കുമ്പോഴല്ലേ അച്ഛൻ അമ്മയെ വീട്ടിൽ നിന്നും ഇറക്കി വിട്ടത്…എന്നെയും ഒക്കത്തു വെച്ച് അച്ഛന്റെ തറവാട്ടിലേക്ക് എത്ര തവണ അമ്മ കടന്നു വന്നിട്ടുണ്ട്…തിരിച്ചു വിളിക്കുമെന്ന പ്രതീക്ഷയറ്റ് തിരികെ കണ്ണീരുമായി മടങ്ങിയിട്ടുണ്ട്?വീട്ടുകാരുടെ നിർബന്ധത്തിൽ ഒരു കറുത്ത പെണ്ണിനെ കല്യാണം കഴിച്ചു അവൾക് ഒരു കുഞ്ഞിനേയും സമ്മാനിച്ച ശേഷമാണോ അവൾ പോരാ എന്നു തോന്നിയത്…ഓർമ്മയിൽ അതൊന്നും ഇല്ല. അമ്മ പറഞ്ഞ അറിവ് മാത്രം. പക്ഷേ മറ്റൊരു കുഞ്ഞു മോളെയും വെളുത്തു മെലിഞ്ഞ ഒരു സ്ത്രീയെയും കൊണ്ട് അച്ഛൻ പോകുന്നത് ഒരിക്കൽ ഞാൻ കണ്ടിരുന്നു. അച്ഛന്റെ രണ്ടാം ഭാര്യയും മകളും ആയിരുന്നുവെന്ന് അമ്മ പറഞ്ഞറിഞ്ഞു. അമ്മയ്ക്ക് ആ കാഴച്ചയിൽ നിസ്സംഗത മാത്രായിരുന്നു. പക്ഷേ അച്ഛന്റെ വാത്സല്യം ആദ്യം അനുഭവിക്കേണ്ടിയിരുന്ന ഞാൻ അച്ഛൻ മറ്റൊരു കുഞ്ഞിനെ ഓമനിക്കുന്നത് കണ്ടു നിന്നത് എന്തു മാത്രം സങ്കടത്തോടെ ആയിരുന്നുവെന്നോ…നമ്മളെ വേണ്ടാത്തവരെ നമുക്കും വേണ്ടെന്ന് അമ്മ പറഞ്ഞു. അത് ഉൾക്കൊള്ളാൻ ഒരുപാട് സമയമെടുത്തു. ഒടുവിൽ എന്റെ കല്ല്യാണം ഉറപ്പിച്ചപ്പോൾ അച്ഛന്റെ സ്ഥാനത്തു നിന്നു കൈപ്പിടിച്ചു നൽകാൻ മാത്രമെങ്കിലും ഒന്ന് വരുമെന്ന് വെറുതെ കൊതിച്ചിരുന്നു. ഒന്നിനുമല്ല…എനിക്കും ഒരു അച്ഛനുണ്ടെന്ന് ഒരു ഗമയോടെ പറയാൻ…അതും നടന്നില്ല. അങ്ങനെ ഒരച്ഛന്റെ വാത്സല്യവും സാമിപ്യവും കരുതലും ആവശ്യമായിരുന്നപ്പോഴൊന്നും എനിക്ക് അത് കിട്ടിയിട്ടില്ല…പിന്നെന്തേ ഇപ്പൊ…
ഹും…അതും അറിയാം…ചന്തം നോക്കി തിരഞ്ഞെടുത്ത ഭാര്യ വയസ്സാം കാലത്തു ഉപേക്ഷിച്ചു പോയി. അച്ഛന്റെ ആയുസ്സിലെ മുഴുവൻ സ്നേഹവും സമ്പാദ്യവും അനുഭവിച്ചു നല്ല നിലയിൽ എത്തിയപ്പോൾ മകളും കൈയ്യൊഴിഞ്ഞു. പണ്ട് നിങ്ങൾ എന്നോട് കാണിച്ച അവഗണന ചിലപ്പോൾ എനിക്ക് ക്ഷമിക്കാൻ കഴിയുമായിരിക്കും പക്ഷേ ഒറ്റയ്ക്ക് എന്നെ നോക്കി വളർത്തിയ എന്റെ അമ്മയുടെ ആത്മാവിന് അപ്പോൾ എന്താണ് പിന്നെ വില? കരുതൽ ഉള്ള ഒരു അച്ഛൻ എനിക്ക് ഉണ്ടായിരുന്നവെങ്കിൽ ഇപ്പോൾ ഈ വീട്ടിൽ എനിക്ക് സഹിച്ചും മടുത്തും കഴിയേണ്ടി വരുമായിരുന്നില്ല. ഭർത്താവിന്റെ ദൂഷ്യസ്വഭാവങ്ങൾ സഹിച്ചേ പറ്റു എന്ന അവസ്ഥ നിങ്ങൾ ഒരാൾ കാരണം ആയിരുന്നു. ചെന്നു കയറാൻ ഒരിടമില്ലാത്ത അവസ്ഥ. അമ്മയുടെ സമ്പാദ്യമെല്ലാം സ്ത്രീധനമെന്ന പേരിൽ എന്നേ തിന്നു മുടിച്ചു…ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട് എന്തെല്ലാം സഹിച്ചുവെന്നോ…
അതുമാത്രമോ അമ്മയെപ്പോലെ കെട്ടിച്ചു വീട്ടിടത്തു വാഴാത്തവൾ ആണെന്ന് ഒളിഞ്ഞും തെളിഞ്ഞും പരിഹാസങ്ങളും… “
ചുട്ട് പൊള്ളുന്ന ഓർമ്മകൾ അയവിറക്കുമ്പോഴും ഒരു തുള്ളി കണ്ണു നീര് പോലും വന്നില്ല.
“കാർത്തികേ…കാർത്തികേ…”
അപ്പുറത്തെ വീട്ടിലെ അമ്പിളിചേച്ചിയാണ് വിളിക്കുന്നത്. ആൽബം പഴയ പടി വെച്ച് അവൾ പൂമുഖത്തേയ്ക്ക് ചെന്നു.
“എന്താ ചേച്ചി…”
“ഞാൻ വെറുതെ വന്നതാ…ഉണ്ടു കഴിഞ്ഞപ്പോ ഉറക്കം വരുന്നുണ്ട്…പകൽ കിടന്നുറങ്ങിയാ രാത്രി തീരെ ഉറങ്ങില്ല…അതാ നിന്നോട് വർത്തമാനം പറഞ്ഞിരിക്കാം എന്ന് വെച്ച് വന്നത്…”
“ആ…അതിനെന്താ…പണ്യോൾ കഴിഞ്ഞു…തുണികൾ മടക്കി വെയ്ക്കായിരുന്നു…”
“ആ…കല്ല്യാണ്യേടത്തിയും ബാലനും?..”
“ബാലേട്ടൻ ഓട്ടോർഷട്ത്ത്ട്ട് പോകുന്ന ശബ്ദം കേട്ടു…ഇനി ഓട്ടം കഴിഞ്ഞേ വരൂ…അമ്മ ഈ നേരായാൽ കിഴക്കേലെ അമ്പ്രാള്ടെ വീട്ടില് പോവുലോ…അങ്ങട്ട് പോയി…”
“ഉം…അപ്പോ നീ ഒറ്റയ്ക്കു ഉള്ളൂലേ…നീയെന്താ പെണ്ണേ നിന്റച്ഛൻ വന്നപ്പോൾ ഇടഞ്ഞു നിന്നത്…”
“ചേച്ചിയ്ക്കും അതെ ചോദിക്കാൻ ഉള്ളുലെ…”
“നിനക്കറിയാലോ കാർത്തികേ…എന്റെ അമ്മ വീടിനടുത്താ നിന്റെ അച്ഛന്റെ തറവാട്ന്ന്…അതോണ്ട് എനിക്കറിയാം അങ്ങേര്ടെ അവസ്ഥ…വല്ല്യേ കഷ്ട്ട…കാര്യായിട്ട് വയ്യായ്ക ഒന്നുല്ല…പക്ഷേ പ്രായം ആയ ആളല്ലേ…സഹായത്തിനു ആളൊക്കെ ഉണ്ട്…ന്നാലും ഒറ്റയ്ക്ക്…”
“അതെ ഒറ്റക്കാവണം…എന്നാലേ അച്ഛന്റെ കർമ്മഫലം അനുഭവിക്കാൻ പറ്റൂ…”
“ശരിയാ തെറ്റ് പറ്റി…അത് തന്നെയാണല്ലോ നിയും ഇപ്പൊ ചെയ്യുന്നത്…പ്രതികാരം…ഇത്രയും ദുഷ്ട്ടകൂട്ടങ്ങള്ടെ കൂടെ കഴിഞ്ഞു നിയും അങ്ങനെ ആയോ? അവര് പോലും അച്ഛന്റെ കാര്യത്തിൽ കനിവ് കാണിക്കാൻ തയ്യാറായി…ന്നിട്ട്…”
“ഞാനിപ്പോൾ കാണിച്ചതാണ് ചേച്ചി അച്ഛനോടുള്ള ഏറ്റവും വലിയ കാരുണ്യം. ചേച്ചിയ്ക്ക് അറിയോ…അച്ഛന്റെ മുഴുവൻ സ്വത്തും പോയിട്ടില്ല…ഇപ്പോഴും കുറച്ചൊക്കെ ബാക്കിണ്ട്…അത് എഴുതി വാങ്ങിക്കാൻ വേണ്ടിയാ അമ്മേം മോനും എന്റെ അച്ഛനോട് അലിവ് കാണിക്കുന്നത്…എന്റെ അമ്മേടെ ചോ ര കുറേ ഊറ്റിയതാ രണ്ടും…ഇനി അച്ഛന്റെ സ്വത്തും കൈക്കലാക്കണം. കെട്ടിക്കൊണ്ട് വന്ന പെണ്ണിനെ നോക്കാത്തവനാണോ ചേച്ചി പെണ്ണിന്റെ അച്ഛനെ നോക്കണേ…”
“ഈശ്വരാ…അങ്ങനേം ഒരു വശം ഉണ്ടല്ലേ…ഞാൻ അത് ആലോചിച്ചു കൂടിയില്ല…അപ്പോൾ നീയെടുത്ത തീരുമാനം ശരിയാ…”
******************
ഒന്ന് രണ്ടു മാസങ്ങൾക്കു ശേഷം. ഒരു രാത്രിയിൽ.
“എടീ…വൃത്തി ക്കെ ട്ടവളെ…നിന്നു മുതലക്കണ്ണീർ ഒഴുക്കാതെ സത്യം പറയെടി…”
മ ദ്യപിച്ച് വന്ന ബാലൻ കാർത്തികയുടെ മുടിക്കെട്ടു പിടിച്ചു വലിച്ചു അവളെ ആ ക്രമിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വഴിയിലെവിടെയോ നഷ്ട്ടപ്പെട്ടു പോയ പണം കാർത്തിക എടുത്തതാണെന്ന് ആരോപിച്ചായിരുന്നു ആക്രമണം. പുറകിൽ നിന്ന് ഏഷണി കൂട്ടാൻ കല്ല്യാണിയും. അയൽക്കാരെല്ലാവരും എത്തി നോക്കുന്നതതല്ലാതെ അങ്ങോട്ട് ചെന്നില്ല. അത് പതിവായിരുന്നുവല്ലോ.
മുറ്റത്തു നിർത്തിയിട്ടിരിക്കുന്ന ഓട്ടോയിൽ നിന്നും വലിയ ഇരുമ്പ് ദണ്ഡ് എടുത്ത് കൊണ്ട് വരുന്നത് കണ്ടതും അവൾ നന്നേ പേടിച്ചു പോയിരുന്നു. അയാൾ തലയിൽ അടിക്കാൻ ഓങ്ങിയതേ അവൾ കണ്ടുള്ളു. അവിടെ ഒരു അലർച്ച മുഴങ്ങി. അത് അവളുടെത് ആയിരുന്നില്ല. ബാലന്റെ ശബ്ദമായിരുന്നു. തലയ്ക്കടിയേറ്റ് വീഴുന്ന ബാലന് പുറകിൽ അയാൾ ആയിരുന്നു. ഒരു വിറകു കഷ്ണവും കൊണ്ട് നിൽക്കുന്ന അവളുടെ അച്ഛൻ.
“എന്റെ മോനെ കൊ ന്നല്ലോടി ത ന്തേം മോളും കൂടെ…നാട്ടരേ ഓടി വായോ…”
കല്ല്യാണിയുടെ വികലമായ ഒച്ച അവിടെ മുഴങ്ങി. അവർ മകന്റെ അടുത്തിരുന്നു അവന്റെ തല മടിയിൽ കയറ്റി വെച്ചിരുന്നു ഉച്ചത്തിൽ കരയാൻ ആരംഭിച്ചു.
“ചത്തിട്ടുണ്ടാകില്ല…സമയമെടുക്കും…ഇവനെപ്പോലുള്ളവർ അത്ര പെട്ടന്ന് ചാകില്ലല്ലോ…മോളെ…അച്ചൻ ഇത്രയും കാലം മോളെ അവഗണിച്ചു. ഈ കിടക്കുന്ന ദ്രോഹി ഇനിയും എന്റെ മോളെ കൊ ല്ലാകൊ ല ചെയ്യാൻ അച്ഛൻ സമ്മതിക്കില്ല…ഒരു തരത്തിൽ പറഞ്ഞാൽ ഞാൻ തന്നെയാ മോൾടെ ഈ അവസ്ഥയ്ക്കു കാരണം…അമ്പിളി എന്നോട് എല്ലാം പറഞ്ഞു…അവളാ ഈ ബഹളം എന്നേ വിളിച്ചു അറിയിച്ചത്…എന്നോട് ക്ഷമിക്കണം എന്ന് പറയാനുള്ള യോഗ്യത എനിക്കില്ല…ന്നാലും പറയുവാ…മോള് അച്ഛന്റെ കൂടെ വീട്ടിലേക്കു വരണം…അല്ല…അച്ഛൻ ചിലപ്പോ നേരെ ജയിലിലോട്ടാവും…അവസാനം ആയിട്ട് ഒരു ആഗ്രഹമേ ഉള്ളൂ…അച്ഛൻ മോൾക്കായി കുറച്ചു സമ്പാദ്യം നീക്കി വെച്ചിട്ടുണ്ട്…അത് സ്വീകരിക്കണം…നിന്റെ അവകാശമാണത്…അതെങ്കിലും എനിക്ക് വേണ്ടി…”
അല്പസമയത്തിനു ശേഷം വിലങ്ങണിഞ്ഞു പോകുന്ന ആ വൃദ്ധന്റെ യാചനാപൂർവ്വമുള്ള നോട്ടത്തിനു മുൻപിൽ അവൾക്കു അധികം പിടിച്ചു നിൽക്കാനായില്ല.
മക്കളുടെയും കൊച്ചു മക്കളുടെയും സ്നേഹവും പരിചരണവും ലഭിക്കേണ്ട നാളുകൾ ആ വൃദ്ധൻ ജയിൽ മതിൽക്കെട്ടിനുള്ളിൽ തീർത്തു.
മകൾ തന്റെ വീട്ടിൽ സുരക്ഷിതയായി കഴിയുന്നു എന്നുള്ള ഒരേ ഒരു ആശ്വാസം മാത്രമായിരുന്നു അവസാന കാലങ്ങൾ ഇരുമ്പഴിക്കുള്ളിൽ കഴിയുമ്പോൾ അയാൾക്കുണ്ടായിരുന്നത്.
കാർത്തിക സ്വീകരിച്ച അച്ഛന്റെ സമ്പാദ്യം അവൾ തന്റെ അമ്മയുടെ പേരിൽ ചിലവഴിക്കുവാനായിരുന്നു തീരുമാനിച്ചത്. ഒരു ആയുഷ്ക്കാലം മുഴുവൻ അപവാദങ്ങളും അവഗനണയും പരിഹാസവും മാത്രം സഹിച്ച അമ്മയുടെ പേരിൽ ഒത്തിരി നല്ല ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ അവൾക്ക് സന്തോഷമായിരുന്നു. അമ്മയുടെ പേര് നന്ദിയോടെ ഓർക്കുന്ന മുഖങ്ങൾ കണ്ടു അമ്മയുടെ ആത്മാവ് സന്തോഷിക്കുന്നത് അവൾ സ്വപ്നം കണ്ടു.
ചില തെറ്റുകൾ പിന്നീട് തിരുത്താൻ കഴിഞ്ഞെന്നു വരില്ല. കാലാന്തരത്തിൽ അവയെല്ലാം നമ്മെ വേട്ടയാടിക്കൊണ്ടിരിക്കും. നൽകേണ്ട സ്നേഹവും കരുതലും അതാതു സമയത്തു നൽകിയില്ല എന്നുണ്ടെങ്കിൽ…അനന്തരം നാം ചെയ്യുന്ന പ്രായശ്ചിത്തങ്ങൾ കൊണ്ടൊന്നും ഫലമുണ്ടകണമെന്നില്ല.
~രേഷ്ജ അഖിലേഷ്