വീട്ടിലെ ദാരിദ്ര്യത്തിന് പരിഹാരം അച്ഛൻ കണ്ടെത്തിയതും തന്റെയും അനിയത്തിയുടെയും പഠനത്തിനുള്ള ചെലവുകൾക്കുള്ള തുക കണ്ടെത്തിയതും ചായ വില്പനയിലൂടെയാണ്…

മധുരമായ പ്രതികാരം…

എഴുത്ത്: നിഷ പിള്ള

=============

കശുവണ്ടിയാപ്പീസിന്റെ മുന്നിലെ ആലിന്റെ മറവിലേക്കു അരുൺ മാറി നിന്നു. പോക്കുവെയിൽ മുഖത്തടിച്ചു കണ്ണ് മഞ്ഞളിച്ചു തുടങ്ങിയത് കൊണ്ടല്ല അവൻ മാറി നിന്നത്. അത് വഴി കടന്നു പോയ ബസിൽ നിന്നൊളിക്കാനാണ്, അതിൽ നിറയെ കോളേജ് പിള്ളേരാണ് .കൂടെ പഠിച്ച പലരുമുണ്ടാകും. അവൻ അവിടെ ചായ വിൽക്കുന്നത് അവർ കാണണ്ട. അച്ഛനാണ് പതിവ് ചായ വിൽപ്പനക്കാരൻ. അച്ഛൻ്റെ കുഞ്ഞമ്മേടെ ഭർത്താവിന്റെ മരണത്തിനു പോയത് കൊണ്ടാണ്  ഇന്ന് അരുണിനെ വില്പനയ്ക്ക് നിർത്തിയത്. വീട്ടിലെ ദാരിദ്ര്യത്തിന് പരിഹാരം അച്ഛൻ കണ്ടെത്തിയതും തന്റെയും അനിയത്തിയുടെയും പഠനത്തിനുള്ള ചെലവുകൾക്കുള്ള തുക കണ്ടെത്തിയതും ചായ വില്പനയിലൂടെയാണ്.

“ടാ ചെക്കാ, ആപ്പീസുകാരെല്ലാം എന്റെ അടുത്തൂന്നാ എന്നും ചായ കുടിക്കുന്നെ, ആർക്കും ചായ കിട്ടാതെ വരരുത്. നല്ല മത്സരമുള്ള ഫീൽഡാണ്, അല്ലെങ്കിൽ നാളെ വേറെ വല്ലവനും ചായയും കൊണ്ട് വരും. അവരു പുറത്തേക്കിറങ്ങുമ്പോഴേ നോക്കി നിന്നു ചായ കൊടുത്തേക്കണം. മിണ്ടാതെ നിൽക്കരുത്, ചിരിച്ചു കൊണ്ട് സംസാരിച്ചു വടയും കൂടി വിറ്റു തീർക്കണം. പിന്നെ എല്ലാം നിന്റെ മിടുക്കാ, നാലക്ഷരം പഠിച്ചു പോയെന്നു വച്ച് ഇതിലൊന്നും നാണക്കേട് തോന്നേണ്ട. പൈസക്ക് പൈസ തന്നെ വേണം.”

“ഞാൻ നോക്കി കൊള്ളാം, അച്ഛൻ പോയി വാ “

അവൻ കശുവണ്ടിയാപ്പീസിലെ ചേച്ചിമാർക്കെല്ലാം ചായയും വടയും കൊടുത്തു. പൈസ വാങ്ങി എണ്ണി വച്ചപ്പോൾ കച്ചവടം മോശമല്ലെന്നു തോന്നി. പിന്നെ ഇടക്കിടെ ഫ്രീ കിട്ടുമ്പോളൊക്കെ അച്ഛനെ സഹായിക്കണമെന്ന് തോന്നി. റബ്ബർ വെട്ടാനും, തൈകൾ നടാനുമൊക്കെ കൂടെ കൂടി. ആഴ്ചയിൽ മൂന്നു ദിവസം കോളേജിൽ ഗസ്റ്റ് ലക്ച്ചറായി പോകുന്നുണ്ട്. പൈസ ഉണ്ടാക്കാനായുള്ള മോഹമായി ചെറിയ ജോലികളുമായി അച്ഛൻ്റെ കൂടെ കൂടി.

അന്നത്തെ ദിവസം അച്ഛൻ റബ്ബർ തൈ നടാൻ ദൂരെ ഒരു സ്ഥലത്താണ് അവനുമായി പോയത്. പെട്ടി ഓട്ടോയിൽ തൈകളുമായി ചെന്നിറങ്ങിയത് വലിയ ഒരു തറവാട്ടിലായിരുന്നു. തൈകൾ നടാൻ അച്ഛൻ ഞായറാഴ്ചകൾ ആണ് തെരഞ്ഞെടുക്കുന്നത്. ഉച്ചയായപ്പോഴേക്കും ജോലി കഴിഞ്ഞു. അച്ഛൻ കൂലി വാങ്ങാൻ പോയപ്പോൾ അവൻ ഓട്ടോയിൽ ചാരി നിന്നു.വീടിന്റെ ഗേറ്റ് കടന്നു വന്ന ഒരു കാർ അവന്റെ മുന്നിൽ വന്നു ചവിട്ടി നിർത്തി. തലയുയർത്തി നോക്കിയപ്പോൾ യോഹന്നാൻ സാറാണ്.തന്റെ കോളേജിലെ കണക്കു മാഷ്.

“നീയെന്താടാ ഇവിടെ ?പണിയൊന്നുമായില്ലേ.”

“നാഷണൽ കോളേജിൽ ഗസ്റ്റ് അദ്ധ്യാപകനായി പോകുന്നുണ്ട് മാഷെ. ഇപ്പോൾ അപ്പന്റെ കൂടെ ..”

“ഉം ,താൻ ഇടയ്ക്കു വീട്ടിൽ വന്നെന്നെ ഒന്ന് കാണണം”

മാഷ് കാർ നിർത്തി വീട്ടിൽ കയറി..വീടുടമസ്ഥനും മാഷും അടുത്ത സുഹൃത്തുക്കളാണ്..വളരെ പരുക്കനായ പ്രകൃതമാണ് മാഷിന്…സ്നേഹം പുറത്തു കാണിക്കില്ല. പക്ഷെ മാഷ് പഠിപ്പിച്ച കണക്കു ആരും പെട്ടെന്ന് മറക്കില്ല. അദ്ധ്യാപനമാണ് മാഷിന്റെ ജീവവായു. അപ്പനോടൊത്തു ഓട്ടോയിൽ യാത്ര ചെയ്യുമ്പോൾ അവന്റെ മനസ് പരുക്കനായ അച്ഛനെയും പരുക്കനായ മാഷിനെയും താരതമ്യം ചെയ്യുകയായിരുന്നു.

രണ്ടു ദിവസം കഴിഞ്ഞൊരു വൈകുന്നേരം അവൻ യോഹന്നാൻ മാഷിന്റെ വീട്ടിലെത്തി. പത്തു മിനിട്ടു പുറത്തു നിർത്തിയതിനു ശേഷമാണ് മാഷ് അകത്തേക്ക് വിളിച്ചത്. മാഷിന്റെ മുന്നിൽ നിൽക്കാനേ തരമുണ്ടായിരുന്നുള്ളു. ഇരിക്കാൻ പറഞ്ഞില്ല

“എന്താടോ,താൻ ഒക്കെ എന്തിനാ പഠിച്ചത്? എന്തെങ്കിലും ജോലിക്കു ശ്രമിക്കടെ.”

“ടെസ്റ്റുകളൊക്കെ മുറക്ക് എഴുതുന്നുണ്ട് മാഷെ. പക്ഷെ ഒന്നും കിട്ടുന്നില്ല.”

“വേണമെന്ന് വിചാരിച്ചു ശ്രമിക്കണം. ഇത് പലവള്ളത്തിൽ കാലിട്ടല്ലേ നിന്റെ സഞ്ചാരം..എടോ പണം ഏതു തെണ്ടിക്കും ഉണ്ടാക്കാം,.പക്ഷെ പദവി അതെല്ലാർക്കും കിട്ടില്ല..അത് ആത്മാർഥമായി ആഗ്രഹിച്ചു ശ്രമിച്ചു നേടേണ്ടതാണ്..അതിനു നല്ല ചങ്കൂറ്റം വേണം.തന്നെയൊക്കെ പഠിപ്പിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ.”

”   “

“ഇറങ്ങി പോടോ “

അരുൺ തലകുനിച്ചു നിന്ന് മാഷിന്  മുൻപിൽ. നെഞ്ച് വിങ്ങി പൊട്ടുന്നു. കണ്ണുകൾ അവന്റെ കൺട്രോളിൽ അല്ല, അത് നിറഞ്ഞു ഒഴുകുകയാണ്. കണ്ണീരിൽ അവനു തൊട്ടുമുന്നിലെ ദൃശ്യങ്ങൾ പോലും കാണാൻ പറ്റാതായി. അവൻ ആ നിമിഷം മരിച്ചെങ്കിൽ എന്ന് ആഗ്രഹിച്ചു. ഇത്രയും അപഹാസ്യനായി അവൻ നിന്നിട്ടില്ല.

അവിടെ നിന്ന് ഇറങ്ങി നടക്കുമ്പോൾ വാശിയായിരുന്നു..പിന്നെ എഴുതിയ എല്ലാ ടെസ്റ്റുകളും അവൻ പാസ്സായി. ആദ്യം പോലീസിലും പിന്നെ വില്ലേജിലും ഹൈ സ്കൂൾ മാഷ് ആയും ഒക്കെ ജോലിക്കു കയറി..അതൊന്നും അവനെ തൃപ്തിപെടുത്തിയില്ല.

നല്ല പദവി വേണം..ആരും ബഹുമാനിക്കുന്ന പദവി. അവന്റെ പ്രണയിനിയായ ദിവ്യയോട് പോലും അവൻ വെളിപ്പെടുത്താത്ത അവന്റെ ആഗ്രഹം.

രാഷ്ട്രീയക്കാരനായ അവളുടെ അച്ഛന് അവരുടെ വിവാഹത്തിൽ ഒരു താല്പര്യവുമില്ല. അവനാണെകിൽ ഒരു വീട് സ്വന്തമാക്കിയിട്ടേ കല്യാണം പോലും ഉള്ളു എന്ന് വച്ചിരിക്കുകയാണ്. ജീവിതം ഒരു രഹസ്യ പ്രതികാരത്തിന് വേണ്ടി മാറ്റി വച്ചിരിക്കുകയാണ്. കോളേജ് ലെക്ച്ചർ പോസ്റ്റിനു വേണ്ടിയുള്ള പരീക്ഷ ജയിച്ചപ്പോൾ, മുൻ റാങ്ക് ആയിട്ടു പോലും അവനു കേരളത്തിന്റെ വടക്കേയറ്റത്താണ് നിയമനം കിട്ടിയത്.

ആദ്യമായി ദിവ്യ വഴി അവളുടെ അച്ഛനോട് ഒരു ശുപാർശക്ക് അഭ്യർത്ഥിച്ചു. പോസ്റ്റിങ്ങ് വന്നപ്പോൾ “വൈദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ” ഒന്ന് തന്നെയാണെന്ന അവസ്ഥയിലെത്തി. അവനു പോസ്റ്റിങ്ങ് കിട്ടിയത് അവൻ പഠിച്ച അവന്റെ തന്നെ കോളജിൽ. യോഹന്നാൻ മാഷ് ഇരിക്കുന്ന അതെ സ്റ്റാഫ് റൂമിൽ ഇനി അവനുമിരിക്കും. ഇതിൽ കൂടുതൽ എന്ത് പ്രതികാരമാണ് മാഷിനോട് വീട്ടേണ്ടത്.

ഗസറ്റഡ് പദവിയുള്ള ജോലി, നല്ല ശമ്പളം. ഇനി വീടും കല്യാണവും ഒക്കെ എളുപ്പമായി. ഇനിയെങ്കിലും തന്റെ അച്ഛന് റസ്റ്റ് ചെയ്യാൻ സാധിക്കണം. ആ ആഗ്രഹത്തോടെയാണ് അവൻ കോളേജിന്റെ പടി കയറിയത്. ഓഫീസിൽ ചെന്ന് ജോയിൻ ചെയ്തു നേരെ സ്റ്റാഫ്‌റൂമിലേക്കു പോയി. യോഹന്നാൻ മാഷ് ഉണ്ടായില്ല. എല്ലാവരും അവനോടു സ്നേഹത്തോടെ പരിചയത്തോടെ പെരുമാറി. യോഹന്നാൻ മാഷിന്റെ അടുത്ത സീറ്റ് അവനു വേണ്ടി തയാറാക്കിയിരുന്നു. മാഷിന്റെ അടുത്ത സുഹൃത്തായ തന്റെ പഴയ അദ്ധ്യാപകനായ ഗോപൻ മാഷിനോട് അവൻ ചോദിച്ചു.

“മാഷ് ഇന്ന് വന്നില്ലേ.”

“മാഷ് ഒരു മാസത്തെ ലീവിലാണെടോ, മാഷ് കീമോ കഴിഞ്ഞു റെസ്റ്റിലാണ്. നേരത്തെ കണ്ടു പിടിച്ചത് ഭാഗ്യം. വൻകുടലിൽ ആയിരുന്നു. ഇനിയൊന്നും പേടിക്കാനില്ല എന്നാ ഡോക്ടർ പറഞ്ഞത്.”

“ഉം”

“മാഷിന്റെ ഭയങ്കരമായ ഒരു ആഗ്രഹമായിരുന്നു തന്റെ ആദ്യ പോസ്റ്റിങ്ങ് ഇവിടെയാകണമെന്ന്. അതെന്തായാലും സാധിച്ചു. ദിവ്യയുടെ അച്ഛൻ ഒരു കള്ളകളി കളിച്ചു തന്നെ കാസർഗോഡേക്ക് തട്ടിയതാ. മാഷ് സമയത്തു ഇടപെട്ടത് കൊണ്ടാണ് ഇവിടെ പോസ്റ്റിങ്ങ് കിട്ടിയത്. എന്തായാലും നന്നായി. താനൊക്കെ പഠിച്ച സമയത്തു തന്നെ മാഷിന്റെ അഭിമാനമായിരുന്നു. ഇനിയിപ്പോൾ മാഷിനെന്നും താൻ കൂട്ടുണ്ടല്ലോ.”

അവന്റെ കണ്ണ് നിറഞ്ഞു അപമാനം കൊണ്ടല്ല അഭിമാനം കൊണ്ടാണ്, മാഷിന്റെ ശിഷ്യനായതിലുള്ള അഭിമാനം.

“മാഷ് ഒരിക്കൽ പറഞ്ഞിരുന്നു തന്നെ അപമാനിച്ച കാര്യം, തനിക്കു വാശി വരാൻ വേണ്ടിയാണെന്ന്. മാഷിന് പേടിയായിരുന്നു ഒരു പക്ഷെ താൻ അപ്പന്റെ പാതയെങ്ങാനും പിന്തുടർന്നാലോയെന്ന്, അന്നൊക്കെ മാഷിനെ സപ്പോർട്ട് ചെയ്തത് തന്റെ അപ്പനായിരുന്നു. താൻ ഇന്ന് ഈ സീറ്റിലിരിക്കുന്നതിനു കാരണം അവർ രണ്ടു പേരുമാണ്.അല്ലാതെ ദിവ്യയോ അവളുടെ അപ്പനോ അല്ല .”

ഗോപൻ മാഷ് ക്ലാസ്സിലേക്ക് പോയപ്പോൾ അവൻ അവിടെ തനിച്ചായി. അവനു യോഹന്നാൻ മാഷിന്റെ സീറ്റിലേക്ക് നോക്കാൻ ഒരുൾപ്രേരണയുണ്ടായി. മാഷ് അവിടെയിരുന്നു തന്നെ നോക്കി പുഞ്ചിരിക്കുന്ന പോലെയവന് തോന്നി.

✍️നിശീഥിനി